മലയാളം

ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ച

4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

ഉള്ളടക്കം

മനസ്സിലാക്കൽ സംശയമകറ്റുന്നു

ഉയിർപ്പുകാലത്തിലെ മൂന്നാം ഞായർ (വർഷം A)

“എന്നാൽ ഇസ്രായേലിനെ വീണ്ടെടുക്കാനിരിക്കുന്നവൻ അവനായിരിക്കുമെന്നു ഞങ്ങൾ പ്രത്യാശിച്ചിരുന്നു; ഇതിനെല്ലാം പുറമേ, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്. എന്നാൽ ഞങ്ങളുടെ കൂട്ടത്തിലെ ചില സ്ത്രീകൾ ഞങ്ങളെ വിസ്മയിപ്പിച്ചിരിക്കുന്നു: അവർ അതിരാവിലെ കല്ലറയിൽ ചെന്നപ്പോൾ അവന്റെ ശരീരം കണ്ടില്ല; അവൻ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ച മാലാഖമാരുടെ ദർശനം തങ്ങൾക്കുണ്ടായെന്ന് അവർ മടങ്ങിവന്നു പറഞ്ഞു.” ലൂക്കാ 24:21–23

നമ്മുടെ കർത്താവ് മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ദിവസം, അവിടുത്തെ അനുഗമിച്ചിരുന്ന സ്ത്രീകളിൽ ചിലർ യേശുവിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാൻ കല്ലറയിലേക്കു പോയപ്പോൾ കല്ലറ ശൂന്യമായിരിക്കുന്നതായി കണ്ടു. ഒരു മാലാഖ യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് അവരോടു സംസാരിച്ചു. തുടർന്ന് ഈ സ്ത്രീകൾ തങ്ങൾ കണ്ടതു ശിഷ്യന്മാരെ അറിയിക്കാൻ പോയി. ശിഷ്യന്മാരുടെ പ്രതികരണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “എന്നാൽ അവരുടെ വാക്കുകൾ അസംബന്ധമായി തോന്നിയതിനാൽ അവർ ആ സ്ത്രീകളെ വിശ്വസിച്ചില്ല.”

അന്നുതന്നെ പിന്നീട്, സംശയിച്ചിരുന്ന ആ ശിഷ്യന്മാരിൽ രണ്ടുപേർ എമ്മാവൂസ് പട്ടണത്തിലേക്കു കാൽനടയായി പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ, യേശുവിനു സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകൾ തങ്ങളോടു പറഞ്ഞതിനെക്കുറിച്ചും അവർ “സംസാരിക്കുകയും തർക്കിക്കുകയും” ചെയ്തുകൊണ്ടിരുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർ വളരെ ആശയക്കുഴപ്പത്തിലും നിരാശയിലുമായിരുന്നെന്ന് അവരുടെ വാക്കുകളിൽനിന്നു വ്യക്തമാണ്. നമ്മുടെ കർത്താവിന്റെ പരസ്യശുശ്രൂഷയുടെ കാലത്ത് അവർ അവിടുത്തെ കണ്ടുമുട്ടിയിരുന്നു. അവിടുത്തെ ശക്തമായ പ്രബോധനങ്ങൾ അവർ ശ്രവിച്ചിരുന്നു. അവിടുത്തെ അത്ഭുതങ്ങൾക്ക് അവർ സാക്ഷികളായിരുന്നു. അവിടുന്നാണ് മിശിഹാ എന്ന് അവർ പ്രത്യാശിച്ചിരുന്നു. എന്നാൽ പിന്നീട് അവിടുന്ന് പിടിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും അടിക്കപ്പെടുന്നതും ക്രൂശിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അവർ കണ്ടു. യേശുവിന്റെ മരണം അവരെ ആഴത്തിൽ ഉലയ്ക്കുകയും അവിടുത്തിലുള്ള തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇടയാക്കുകയും ചെയ്തു. അവിടുന്ന് ഉയിർത്തെഴുന്നേറ്റുവെന്നു കേട്ടിട്ടും അവർക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ നിരാശയും ആശയക്കുഴപ്പവും സംശയവും നിറഞ്ഞവരായി അവർ എമ്മാവൂസിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്തു.

ഈ ശിഷ്യന്മാർ നടന്നുപോകുമ്പോൾ നമ്മുടെ കർത്താവ് അവർക്ക് പ്രത്യക്ഷനായി. എന്നാൽ ഉത്ഥിതരൂപത്തിൽ അവർ അവിടുത്തെ തിരിച്ചറിഞ്ഞില്ല. അവർ തങ്ങളുടെ ആശയക്കുഴപ്പം അവിടുത്തോട് പങ്കുവച്ചു. ഒടുവിൽ യേശു അവരോടു പറഞ്ഞു: “എത്ര ഭോഷന്മാരാണ് നിങ്ങൾ! പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ നിങ്ങളുടെ ഹൃദയം എത്ര മന്ദമാണ്! ക്രിസ്തു ഇവയെല്ലാം സഹിച്ച് തന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നില്ലേ?” തുടർന്ന് യേശു അവർക്ക് വിശുദ്ധലിഖിതങ്ങൾ വിശദീകരിച്ചുകൊടുത്തപ്പോൾ, കൂടുതൽ കേൾക്കാൻ അവർ ആഗ്രഹിച്ചു. തങ്ങളോടൊപ്പം താമസിക്കാൻ അവർ ഈ അപരിചിതനോട് അപേക്ഷിച്ചു; അവിടുന്ന് അങ്ങനെ ചെയ്തു. അന്നു വൈകുന്നേരം യേശു അവരോടൊപ്പം അപ്പം മുറിച്ചു. കൂദാശാപരമായ ആ പ്രവൃത്തിയിൽ അവർ അവിടുത്തെ തിരിച്ചറിഞ്ഞു; അതിനുശേഷം അവിടുന്ന് അവരുടെ ദൃഷ്ടിയിൽനിന്ന് അപ്രത്യക്ഷനായി.

ഈ ശിഷ്യന്മാരിൽ നാം നമ്മെത്തന്നെ കാണണം. നമ്മെ നിരുത്സാഹത്തിലേക്കു നയിച്ചേക്കാവുന്ന അനേകം കാര്യങ്ങൾ ജീവിതത്തിലുണ്ട്. ദൈവഹിതം അനുസരിക്കാൻ നാം പരിശ്രമിക്കുമ്പോഴും കാര്യങ്ങൾ നാം പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ലെന്നു കാണുമ്പോൾ, സംശയിക്കാനുള്ള പ്രലോഭനം ഉണ്ടാകുന്നു. എന്തുകൊണ്ടാണത്? സംശയത്തിന്റെ കാരണം എന്താണ്? മറ്റെന്തിനെക്കാളുമുപരി, നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ പരിപൂർണമായ പദ്ധതി മനസ്സിലാക്കുന്നതിൽ നമുക്കുണ്ടാകുന്ന പരാജയത്തിൽനിന്നാണ് സംശയങ്ങളും നിരുത്സാഹവും ഉളവാകുന്നത്.

എമ്മാവൂസിലേക്കുള്ള വഴിയിൽ യേശു വിശദീകരിച്ചുകൊടുത്തതെല്ലാം ഈ ശിഷ്യന്മാർ ആദ്യംമുതലേ മനസ്സിലാക്കിയിരുന്നെങ്കിൽ, അവർ നിരാശരാകുമായിരുന്നില്ല. അവർക്ക് പ്രത്യാശ നഷ്ടപ്പെടുമായിരുന്നില്ല. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. ജീവിതത്തിൽ നമുക്ക് പ്രത്യാശ നഷ്ടപ്പെടാൻ തുടങ്ങുമ്പോൾ, അതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതത്തിനായുള്ള ദൈവികപദ്ധതി ശരിയായി മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നതാണ്. തന്റെ മഹത്ത്വത്തിനായി ദൈവം ചില കാര്യങ്ങൾ അനുവദിക്കുന്നുവെന്ന് കാണാൻ നമുക്കു കഴിഞ്ഞിട്ടില്ല. അവിടുത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും ആഴപ്പെടുത്താൻ അവിടുന്ന് ചില ക്ലേശങ്ങൾ അനുവദിക്കുന്നു. എല്ലാറ്റിലും അവിടുത്തെ അനുവദിക്കുന്ന തിരുഹിതം കാണാൻ നമുക്കു കഴിയാതെ വരുമ്പോൾ, നാം നിരുത്സാഹിതരും ആശയക്കുഴപ്പത്തിലകപ്പെട്ടവരുമാകും.

ഇന്ന് ഈ രണ്ടു ശിഷ്യന്മാരെക്കുറിച്ച് ധ്യാനിക്കുക. നമ്മുടെ കർത്താവിന്റെ പരസ്യശുശ്രൂഷാകാലത്ത് അവിടുത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനും അവിടുത്തെ അത്ഭുതങ്ങൾ കാണാനും പ്രബോധനങ്ങൾ കേൾക്കാനുമുള്ള അതുല്യമായ ഭാഗ്യം അവർക്കുണ്ടായിരുന്നു. എന്നാൽ കുരിശിന്റെ വേള വന്നപ്പോൾ അവർ സംശയിക്കുകയും നിരാശരാകുകയും ചെയ്തു. സമാനമായ പ്രലോഭനങ്ങളിൽ നിങ്ങൾ വീഴുന്ന ഏതെങ്കിലും വഴികൾ വെളിപ്പെടുത്തുന്ന സാക്ഷികളാകാൻ ഈ ശിഷ്യന്മാരെ അനുവദിക്കുക. ദൈവത്തിലും നിങ്ങളുടെ ജീവിതത്തിനായുള്ള അവിടുത്തെ പദ്ധതിയിലും നിങ്ങൾക്ക് പരിപൂർണമായ പ്രത്യാശയുണ്ടോ? അതോ, നിങ്ങൾ സഹിക്കുന്ന വിവിധ കുരിശുകൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും സംശയത്തിലേക്കു നയിക്കാനും നിങ്ങൾ അനുവദിക്കുന്നുണ്ടോ? പ്രാർഥനയിലൂടെ നിങ്ങൾക്കു പ്രത്യക്ഷനാകാനും തന്റെ പരിപൂർണമായ പദ്ധതി നിങ്ങൾക്കു വെളിപ്പെടുത്തിത്തരാനും നമ്മുടെ കർത്താവിനെ അനുവദിക്കുക. സംശയത്തിലേക്കു നയിക്കുന്ന നിങ്ങളുടെ എല്ലാ പ്രലോഭനങ്ങളെയും ദൈവത്തിന്റെ ജ്ഞാനം അകറ്റി, അവയ്ക്കു പകരം ആശ്രയവും പ്രത്യാശയും നൽകുമെന്ന് വിശ്വസിച്ചുകൊണ്ട്, ഗ്രഹണശക്തിയുടെ ദാനത്തിനായി ഹൃദയം തുറക്കുക.

പരിപൂർണ ജ്ഞാനത്തിന്റെ കർത്താവേ, എന്റെ ജീവിതത്തിനായുള്ള അങ്ങയുടെ പദ്ധതി പരിപൂർണവും സങ്കല്പിക്കാവുന്നതിലും മഹത്ത്വപൂർണവുമാണ്. പലപ്പോഴും അങ്ങയുടെ തിരുഹിതം മനസ്സിലാക്കാൻ എനിക്കു കഴിയാതെ വരുകയും ഞാൻ ആശയക്കുഴപ്പത്തിലും സംശയത്തിലും വീഴുകയും ചെയ്യുന്നു. അങ്ങയുടെ സത്യം സ്വീകരിക്കാൻ എന്റെ മനസ്സ് തുറക്കണമേ. അങ്ങയുടെ കാഴ്ചപ്പാടിൽ എല്ലാം കാണാൻ എന്നെ സഹായിക്കണമേ; അങ്ങനെ ഞാൻ എപ്പോഴും അങ്ങയിൽ പ്രത്യാശയും ആശ്രയവും വച്ച് നടക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഉള്ളിൽനിന്നുള്ള ആത്മീയ ജ്ഞാനം

ഉയിർപ്പുകാലത്തിലെ മൂന്നാം ഞായർ (വർഷം B)

“നിങ്ങൾ എന്തിന് അസ്വസ്ഥരാകുന്നു? നിങ്ങളുടെ ഹൃദയങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നതെന്തുകൊണ്ട്? എന്റെ കൈകളും കാലുകളും നോക്കൂ; ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ; എനിക്കുള്ളതായി നിങ്ങൾ കാണുന്ന മാംസവും അസ്ഥികളും പ്രേതത്തിനില്ലല്ലോ.” ലൂക്കാ 24:38–39

യേശു നിങ്ങൾക്കു പ്രത്യക്ഷനായെന്നു സങ്കല്പിക്കുക. അവിടുന്ന് തന്റെ കൈകളിലെയും കാലുകളിലെയും മുറിവുകൾ കാണിച്ചുതരുകയും വിശ്വസിക്കാനായി തന്നെ സ്പർശിക്കാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്താലോ? നിങ്ങൾ വിശ്വസിക്കുമോ? മിക്കവാറും, ഒരു പരിധിവരെ നിങ്ങൾ വിശ്വസിക്കും. ഈ ശിഷ്യന്മാർക്ക് സംഭവിച്ചതുപോലെ, ജീവിതത്തെ മാറ്റിമറിക്കാവുന്ന ഒരു അനുഭവത്തിന്റെ തുടക്കമായിരിക്കും അത്. നമ്മുടെ കർത്താവ് ശിഷ്യന്മാർക്കു പ്രത്യക്ഷനായത്, ആശയക്കുഴപ്പവും സംശയവും നിറഞ്ഞവരായിരുന്ന അവരെ ആനന്ദവും തീക്ഷ്ണതയും നിറഞ്ഞവരാക്കി മാറ്റി. ഒടുവിൽ, അവിടുത്തെ മരണത്തിനും ഉത്ഥാനത്തിനും സാക്ഷികളായി അവർ യേശുവിനെക്കുറിച്ചു പ്രസംഗിക്കാൻ പുറപ്പെടുമായിരുന്നു. ധൈര്യത്തോടെയും, തങ്ങളെ ശ്രവിക്കുന്ന എല്ലാവരും യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ച് അവിടുത്തിലേക്കു തിരിയണമെന്ന ആഗ്രഹത്തോടെയുമായിരുന്നു അവർ അങ്ങനെ ചെയ്യുക.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ ഒന്നാം വായനയിൽ, വിശുദ്ധ പത്രോസ് ഇതുതന്നെ ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ദേവാലയത്തിന്റെ കവാടത്തിൽ കാലുകൾക്ക് സ്വാധീനമില്ലാത്ത ഒരാളെ സുഖപ്പെടുത്തിയശേഷം, അത്ഭുതത്തോടെ ഒരു ജനക്കൂട്ടം അവിടെ വന്നുകൂടി. പത്രോസ് അവരോട് യേശുവിനെക്കുറിച്ചു പ്രസംഗിച്ചു. അദ്ദേഹം തന്റെ പ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു: “തന്റെ ക്രിസ്തു പീഡകൾ സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും നാവിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചത് അവിടുന്ന് ഇപ്രകാരം പൂർത്തിയാക്കി. അതിനാൽ, നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുവിൻ.”

നമ്മുടെ കർത്താവിന്റെ ശിഷ്യന്മാർക്കു നൽകപ്പെട്ട അതേ ദൗത്യമാണ് ഇന്ന് നമ്മെയും ഏല്പിച്ചിരിക്കുന്നത്. അവർ പ്രസംഗിച്ച അതേ തീക്ഷ്ണതയോടും ധൈര്യത്തോടും ഉറച്ച ബോധ്യത്തോടുംകൂടി നാമും പ്രസംഗിക്കണം. ആദ്യം, പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള യേശുവിന്റെ വിജയത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന അതേ ഉറപ്പ് നമുക്കും ഉണ്ടാകണം. എല്ലാ പാപങ്ങളിൽനിന്നും നാം പിന്തിരിയുകയും ജീവിതത്തിന്റെ പൂർണത ക്രിസ്തുയേശുവിൽ മാത്രമേ കണ്ടെത്താനാകൂ എന്നു വിശ്വസിക്കുകയും വേണം. അതിനുശേഷം, നമ്മുടെ അസ്തിത്വത്തിന്റെ മുഴുവൻ ശക്തിയോടുംകൂടി ഈ വിശ്വാസത്തിന്റെ പ്രഘോഷണത്തിനായി നമ്മെത്തന്നെ സമർപ്പിക്കണം.

ലോകരക്ഷകനായ യേശുവിൽ നിങ്ങൾ എത്ര ആഴത്തിൽ വിശ്വസിക്കുന്നു എന്നു ചിന്തിച്ചുകൊണ്ട് ആരംഭിക്കുക. യേശു നേരിട്ട് നിങ്ങൾക്കു പ്രത്യക്ഷപ്പെട്ടാൽ അവിടുത്തിലുള്ള നിങ്ങളുടെ വിശ്വാസം കൂടുതൽ ആഴപ്പെടുമെന്നു തോന്നിയേക്കാം. എന്നാൽ ആദ്യശിഷ്യർക്കു വിശ്വാസബോധ്യം ലഭിച്ചതിന്റെ മുഖ്യകാരണം യേശുവിന്റെ ശാരീരികമായ പ്രത്യക്ഷപ്പെടലുകളായിരുന്നില്ല എന്നതാണ് സത്യം. മറിച്ച്, അവരുടെ മനസ്സുകളെ ആത്മീയമായി സ്പർശിച്ചതിലൂടെയാണ് പ്രധാനമായും ഈ ദാനം അവർക്കു ലഭിച്ചത്. ശിഷ്യർക്കു ശാരീരികമായി പ്രത്യക്ഷപ്പെട്ടശേഷം യേശു “തിരുവെഴുത്തുകൾ മനസ്സിലാക്കാൻ അവരുടെ മനസ്സു തുറന്നു” എന്നു നാം വായിക്കുന്നു. മറ്റെന്തിനെക്കാളും അവർക്കു ബോധ്യം നൽകിയതു ഇതായിരുന്നു—ഗ്രഹണശക്തിയെന്ന ആത്മീയദാനം. യേശുവിന്റെ ആദ്യ അനുയായികൾക്കു നൽകപ്പെട്ടതുപോലെതന്നെ, ഇന്ന് ഈ ദാനം നിങ്ങൾക്കും നൽകപ്പെടുന്നു.

ഗ്രഹണശക്തിയെന്ന ആത്മീയദാനം ദൈവത്തിന്റെ സത്തതന്നെ നമുക്കു വെളിപ്പെടുത്തുന്ന ഒരു ദാനമാണെന്ന് വിശുദ്ധ തോമസ് അക്വിനാസ് വിശദീകരിക്കുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെക്കാൾ വളരെ ആഴമുള്ള അറിവാണിതെന്ന് അദ്ദേഹം പറയുന്നു. അതിനാൽ, നമ്മുടെ കണ്ണുകൾകൊണ്ട് എന്തെങ്കിലും കാണുന്നതോ അതിനെ സ്പർശിക്കുന്നതോ കേൾക്കുന്നതോ മാത്രം, ഗ്രഹണശക്തിയെന്ന ആത്മീയദാനത്തിലൂടെ ലഭിക്കുന്ന അറിവിനോളം ബോധ്യം നൽകുന്നില്ല. ഗ്രഹണശക്തിയുടെ ദാനം “ഉള്ളിൽ വായിക്കാനും” ഒരു കാര്യത്തിന്റെ സത്തയിലേക്കുതന്നെ ആഴ്ന്നിറങ്ങാനും നമ്മെ പ്രാപ്തരാക്കുന്നു. അതുകൊണ്ട്, യേശുവിന്റെ ശാരീരികമായ പ്രത്യക്ഷപ്പെടൽ വിശ്വാസത്തിലേക്കുള്ള ആദ്യപടിയായിരുന്നിരിക്കാം. എന്നാൽ ഇതേ ശിഷ്യർ തങ്ങളുടെ ആത്മാവിനുള്ളിൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടുകയും അവിടുത്തെ ഉത്ഥാനത്തിന്റെ സത്തതന്നെ ആന്തരികമായി ഗ്രഹിക്കുകയും ചെയ്തപ്പോഴാണ് അവർ എന്നെന്നേക്കുമായി മാറിയത്. ഈ വിധത്തിലുള്ള അറിവിനു മാത്രമേ, പുറപ്പെട്ടുചെന്ന് രക്ഷയുടെ സന്ദേശം പ്രഘോഷിക്കാൻ അവർക്കു ബോധ്യം നൽകാൻ കഴിഞ്ഞുള്ളൂ.

യേശുവിനെക്കുറിച്ച് നിങ്ങൾക്കുള്ള അറിവിനെയും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ ഉത്ഥാനശക്തിയെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ? ഈ ആന്തരികമായ അറിവ് നിങ്ങൾ ഗ്രഹിക്കുകയും നിങ്ങളുടെ മനസ്സ് തുറക്കപ്പെടുകയും ചെയ്തിട്ടുണ്ടോ? നമ്മുടെ കർത്താവിനെ ശ്രദ്ധയോടെ ശ്രവിക്കുക—കാതുകൾകൊണ്ടു മാത്രമല്ല, മുഖ്യമായും നിങ്ങളുടെ ആത്മാവുകൊണ്ട്. അവിടെയാണ്, നിങ്ങളുടെ ഉള്ളിലാണ്, ആദ്യശിഷ്യരെപ്പോലെ നിങ്ങളും ക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും അറിയാനും അവയിൽ വിശ്വസിക്കാനും ഇടയാകുന്നത്. അങ്ങനെ ഈ സത്യങ്ങൾ മറ്റുള്ളവരോടു പ്രഘോഷിക്കാൻ ശക്തി പ്രാപിച്ച് നിങ്ങൾക്കു പുറപ്പെടാൻ കഴിയും.

അങ്ങയെ വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങ് ശിഷ്യർക്കു ശാരീരികമായി മാത്രമല്ല, ആത്മീയമായും അങ്ങയെ കാണിച്ചുകൊടുത്തു; അവരുടെ ഉള്ളിൽ അങ്ങയുടെ സത്തതന്നെ വെളിപ്പെടുത്തി. പ്രിയ കർത്താവേ, ഈ ദാനം എനിക്കും നൽകണമേ. അങ്ങയെ അറിയാനും പൂർണ്ണഹൃദയത്തോടെ അങ്ങയിൽ വിശ്വസിക്കാനും എനിക്കു കഴിയുമാറാകട്ടെ. അങ്ങനെ ഞാൻ ചെയ്യുമ്പോൾ, മറ്റുള്ളവർക്കായി അങ്ങയുടെ കരുണയുടെ ഉപകരണമായി എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നൂറ്റിയമ്പത്തിമൂന്ന് വലിയ മത്സ്യങ്ങൾ

ഉയിർപ്പുകാലം മൂന്നാം ഞായർ (വർഷം C)

നേരം പുലർന്നപ്പോൾ യേശു കരയിൽ നിൽക്കുന്നുണ്ടായിരുന്നു; എന്നാൽ അത് യേശുവാണെന്നു ശിഷ്യർ തിരിച്ചറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, കഴിക്കാൻ എന്തെങ്കിലും കിട്ടിയോ?” “ഇല്ല” എന്ന് അവർ അവിടുത്തോടു മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് അവരോടു പറഞ്ഞു: “വള്ളത്തിന്റെ വലതുവശത്തു വലയിടുവിൻ; നിങ്ങൾക്ക് എന്തെങ്കിലും കിട്ടും.” അവർ വലയിട്ടു; മത്സ്യങ്ങളുടെ പെരുപ്പം നിമിത്തം അവർക്കു വല വലിച്ചുകയറ്റാൻ കഴിഞ്ഞില്ല. യോഹന്നാൻ 21:4–6

സുവിശേഷങ്ങളിൽ ആദ്യമായി വിവരിക്കുന്ന അത്ഭുതകരമായ മീൻപിടിത്തം ഓർക്കുക. ലൂക്കാ 5:1–7-ൽ, കരയിൽനിന്ന് അൽപം അകലെയുണ്ടായിരുന്ന പത്രോസിന്റെ വള്ളത്തിലിരുന്നുകൊണ്ട് യേശു കരയിലുള്ള ജനങ്ങളോടു പ്രസംഗിക്കുകയായിരുന്നു. പ്രസംഗിച്ചശേഷം യേശു പത്രോസിനോടു പറഞ്ഞു: “ആഴത്തിലേക്കു നീക്കി മീൻപിടിക്കാൻ നിങ്ങളുടെ വലകൾ താഴ്ത്തുവിൻ.” പത്രോസ് അങ്ങനെ ചെയ്തു. അപ്പോൾ വളരെയധികം മത്സ്യങ്ങൾ ലഭിച്ചതിനാൽ അവ വലിച്ചുകയറ്റാൻ അപ്പസ്തോലന്മാർക്കു സഹായം ആവശ്യമായി വന്നു.

ആദ്യത്തെ ആ അത്ഭുതകരമായ മീൻപിടിത്തത്തിന് ഏകദേശം മൂന്നു വർഷത്തിനുശേഷം, ഇന്നത്തെ സുവിശേഷത്തിൽ യേശു കരയിൽനിന്നു ശിഷ്യർക്കു പ്രത്യക്ഷപ്പെടുകയും “വള്ളത്തിന്റെ വലതുവശത്തു” വലയിടാൻ അവരോടു നിർദേശിക്കുകയും ചെയ്തു. അവർ അങ്ങനെ ചെയ്ത് 153 വലിയ മത്സ്യങ്ങളെ പിടിച്ചു. ഈ രണ്ടു ഭാഗങ്ങളെക്കുറിച്ചു വ്യാഖ്യാനിക്കുമ്പോൾ, ആദ്യത്തെ അത്ഭുതകരമായ മീൻപിടിത്തം സകല ജനങ്ങളോടും സുവിശേഷം പ്രസംഗിക്കപ്പെടുമെന്നതിന്റെ അടയാളമായിരുന്നുവെന്ന് വിശുദ്ധ അഗസ്തീനോസ് പഠിപ്പിക്കുന്നു. “നിങ്ങളുടെ വലകൾ താഴ്ത്തുവിൻ” എന്നു മാത്രം യേശു പറയുന്നതാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാൽ ഉത്ഥാനത്തിനുശേഷം, “വലതുവശത്തു” വലയിടാൻ യേശു ശിഷ്യരോടു പ്രത്യേകം പറയുന്നു. അവിടുത്തെ വലതുവശത്തു നിൽക്കുകയും ഇടതുവശത്തുള്ള ശിക്ഷാവിധിക്കു വിധേയരായവരിൽനിന്നു വേർതിരിക്കപ്പെടുകയും ചെയ്യുന്നവർക്കാണ് ഇപ്പോൾ കൃപ നൽകപ്പെടുന്നത് എന്നു സൂചിപ്പിക്കാനാണിത്. അങ്ങനെ, ഈ രണ്ടാമത്തെ അത്ഭുതകരമായ മീൻപിടിത്തം നല്ലവരും ദുഷ്ടരും വിധിക്കപ്പെടുന്ന യുഗാന്തത്തെ പ്രതീകപ്പെടുത്തുന്നു.

വള്ളത്തിന്റെ വലതുവശത്തുനിന്നു പിടിച്ച 153 വലിയ മത്സ്യങ്ങൾ, പത്തു കൽപനകൾ അനുസരിക്കുക മാത്രമല്ല, കൃപയാൽ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണെന്നും വിശുദ്ധ അഗസ്തീനോസ് ചൂണ്ടിക്കാട്ടുന്നു. 10 + 7 = 17 ആണെന്നും, 1 മുതൽ 17 വരെയുള്ള എല്ലാ സംഖ്യകളും കൂട്ടിയാൽ 153 ലഭിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അങ്ങനെ, ഈ 153 മത്സ്യങ്ങൾ അവിടുത്തെ കൃപാദാനം സ്വീകരിക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്യുന്ന എല്ലാവരെയും പ്രതിനിധീകരിക്കുന്നു. വള്ളം സഭയെ പ്രതിനിധീകരിക്കുന്നു; ക്രിസ്തു തന്റെ സഭയിലൂടെയാണ് രക്ഷയുടെ ദാനം നൽകുന്നത്.

വിശുദ്ധ അഗസ്തീനോസിന്റെ വ്യാഖ്യാനത്തിൽനിന്ന് നാം ഉൾക്കൊള്ളേണ്ട വ്യക്തമായ ഒരു സന്ദേശമിതാണ്: കൃപയും കരുണയും എല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെടുന്നു; എന്നാൽ എല്ലാവരും അവ സ്വീകരിക്കുന്നില്ല. നമ്മുടെ ജീവിതാവസാനത്തിലും ലോകാവസാനത്തിലും വിധി നടക്കും. കൃപയുടെയും കരുണയുടെയും വാഗ്ദാനത്തോടു പ്രതികരിക്കുകയും തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ജീവിതം ക്രിസ്തുവിനു സമർപ്പിക്കുകയും ചെയ്തവർ ഉത്ഥാനത്തിൽ നിത്യമായി പങ്കുചേരും. എന്നാൽ അവിടുത്തെ കല്പനകൾ അനുസരിക്കാൻ വിസമ്മതിക്കുകയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ രൂപാന്തരപ്പെടുത്തുന്ന ശക്തിക്കു നേരെ തങ്ങളെത്തന്നെ അടച്ചുകളയുകയും ചെയ്തവർ നിത്യാനന്ദങ്ങളിൽനിന്ന് വേർപെടുത്തപ്പെടും.

നരകത്തിന്റെ യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നത് സുഖകരമല്ല; എങ്കിലും അവഗണിക്കരുതാത്ത ഒരു സന്ദേശമാണത്. അത് യാഥാർഥ്യത്തെക്കുറിച്ചുള്ള സന്ദേശമാണ്; അതിനാൽ നരകം നമ്മിൽ ആർക്കും സംഭവിക്കാവുന്ന ഒരു സാധ്യതയാണ്. അതുകൊണ്ട് ഈ ആത്മീയസത്യം ഇടയ്ക്കിടെ നമ്മെത്തന്നെ ഓർമിപ്പിക്കേണ്ടത് പ്രധാനമാണ്. വള്ളത്തിന്റെ വലതുവശത്ത് കണ്ടെത്തിയ ആ 153 വലിയ മത്സ്യങ്ങളിൽ നിങ്ങളും ഉൾപ്പെടുന്നുണ്ടോ? വള്ളത്തിലെ ശിഷ്യന്മാർ പ്രതിനിധാനം ചെയ്യുന്ന, സഭയിലെ ക്രിസ്തുശുശ്രൂഷകരെ പ്രസംഗത്തിലൂടെയും കൂദാശകളിലൂടെയും നിങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ആ ചോദ്യത്തിന് നാമെല്ലാവരും ഉടനെ “അതെ” എന്ന് ഉത്തരം പറഞ്ഞേക്കാമെങ്കിലും, രക്ഷയ്ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തിയും ആവശ്യമാണെന്ന വസ്തുത നാം ഒരിക്കലും ശ്രദ്ധിക്കാതിരിക്കരുത്. ക്രിസ്തുയേശുവിന്റെ കല്പനകൾ അനുസരിച്ചുകൊണ്ട് അവിടുത്തെ സ്വീകരിക്കുകയും സഭയിലൂടെ പകർന്നുനൽകപ്പെടുന്ന പരിശുദ്ധാത്മാവിന്റെ രൂപാന്തരപ്പെടുത്തുന്ന ശക്തിയാൽ ജീവിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ഈ ഉത്ഥാനവിവരണത്തിലെ പ്രതീകങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സുവിശേഷം നിങ്ങൾക്കും യഥാർഥത്തിൽ അറിയിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുക. സഭ പ്രഘോഷിക്കുന്ന ദൈവവചനം നിങ്ങൾ ശ്രവിച്ചിട്ടുണ്ടോ? കൂദാശകളിലൂടെ ലഭിക്കുന്ന കൃപയിൽ നിങ്ങൾ മുഴുകുന്നുണ്ടോ? പത്തു കല്പനകൾ നിങ്ങൾ വിശ്വസ്തതയോടെ അനുസരിക്കുന്നുണ്ടോ? പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾക്കായി നിങ്ങൾ നിരന്തരം ഹൃദയം തുറക്കുന്നുണ്ടോ? “വലതുവശത്തു” നിന്ന് പിടിക്കപ്പെട്ട ആ മത്സ്യങ്ങളിൽ ഉൾപ്പെടാൻ പരിശ്രമിക്കുക. നരകം യാഥാർഥ്യമാണെന്നും അത് നിങ്ങൾക്കും സംഭവിക്കാവുന്നതാണെന്നും ഒരിക്കലും സംശയിക്കരുത്. അതുകൊണ്ട് ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്. അങ്ങനെ നിങ്ങൾ അവിടുത്തെ കൃപയിൽ ഉറച്ചുനിൽക്കുകയും ഒരുനാൾ അവിടുത്തെ ഉത്ഥാനത്തിൽ പങ്കുചേരുകയും ചെയ്യും.

ഉത്ഥിതനായ എന്റെ കർത്താവേ, അങ്ങയുടെ കൃപയും കരുണയും അങ്ങ് എല്ലാവർക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്; എന്നാൽ എല്ലാവരും അതിനോടു പ്രതികരിച്ചിട്ടില്ല. അങ്ങയുടെ ക്ഷണത്തോട് നിരന്തരം പ്രതികരിക്കുന്നവരിൽ എപ്പോഴും ഞാനും ഉൾപ്പെടണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, എന്റെ പാപത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. സ്നേഹത്തിന്റെ അങ്ങയുടെ കല്പനകളോടു വിശ്വസ്തത പുലർത്താനും രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ ആത്മാവിൽ അനുദിനം മുഴുകാനും എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു.


നിത്യതയ്ക്കായുള്ള ആഹാരം

ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച

“റബ്ബീ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്?” യേശു അവരോട് ഉത്തരം പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടി അധ്വാനിക്കുവിൻ. മനുഷ്യപുത്രൻ അതു നിങ്ങൾക്കു നൽകും.” യോഹന്നാൻ 6:25–27

ജീവിതത്തിൽ നിങ്ങൾ എന്തിനുവേണ്ടിയാണ് അധ്വാനിക്കുന്നത്? ഒടുവിൽ നശിച്ചുപോകുന്നവയ്ക്കുവേണ്ടിയോ? അതോ നിത്യമായി നിലനിൽക്കുന്നവയ്ക്കുവേണ്ടിയോ? ആത്മാർഥമായി ഉത്തരം നൽകേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യമാണിത്. നിത്യതയെ സംബന്ധിച്ചിടത്തോളം തീരെ വിലയില്ലാത്ത കാര്യങ്ങൾക്കായി നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും ചെലവഴിച്ചുകൊണ്ടാണ് പലപ്പോഴും നാം ജീവിതത്തിന്റെ ഏറിയ പങ്കും കഴിച്ചുകൂട്ടുന്നത്.

മുകളിൽ ഉദ്ധരിച്ച സംഭാഷണത്തിന്റെ തലേദിവസം, യേശു അപ്പവും മീനും വർധിപ്പിച്ച് അയ്യായിരം കുടുംബങ്ങളെ പോഷിപ്പിച്ചിരുന്നു. അതിൽ ഏറെ മതിപ്പുതോന്നിയ ജനങ്ങൾ പിറ്റേന്ന് വീണ്ടും വിശന്നപ്പോൾ യേശുവിനെ അന്വേഷിച്ചുവന്നു; തടാകത്തിന്റെ മറുകരയിൽ അവർ അവനെ കണ്ടെത്തി. തീർച്ചയായും, യേശു ഉടൻതന്നെ സാഹചര്യം മനസ്സിലാക്കുന്നു. തന്നെ കണ്ടെത്തിയ ജനക്കൂട്ടത്തിന് നിത്യമായ ആത്മീയ ആഹാരത്തെക്കാൾ താത്പര്യം ഒരിക്കൽക്കൂടി ഭക്ഷണം കഴിക്കുന്നതിലാണെന്ന് അവൻ തിരിച്ചറിയുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന ഈ ചെറിയ പാഠം സൗമ്യമായി അവരെ പഠിപ്പിക്കാൻ യേശു ആ അവസരം ഉപയോഗിക്കുന്നു. “നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരം” ആത്യന്തികമായി യേശുവിലുള്ള വിശ്വാസമാണ്.

അപ്പവും മീനും വർധിപ്പിച്ച അത്ഭുതം നേരിൽ കണ്ടവരിൽ ഒരാളാണ് നിങ്ങളെന്ന് സങ്കല്പിക്കുക. അത് നിങ്ങളിൽ എന്തു സ്വാധീനമായിരിക്കും ചെലുത്തിയിരിക്കുക? ദൈവപുത്രനായ യേശുവിലുള്ള ആഴമേറിയ വിശ്വാസത്തിലേക്ക് അതു നിങ്ങളെ നയിക്കുമായിരുന്നോ? അതോ സൗജന്യമായി, അത്ഭുതകരമായി ലഭിച്ച ഭക്ഷണത്തിലായിരിക്കുമോ നിങ്ങൾക്ക് കൂടുതൽ മതിപ്പുതോന്നുക? ശ്രദ്ധേയമായ കാര്യം ഇതാണ്: അയ്യായിരം പേർ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് യേശു അവരെ പോഷിപ്പിക്കുന്നത്. എന്നാൽ പിറ്റേന്ന് അവർ അത് പ്രതീക്ഷിച്ചും ആഗ്രഹിച്ചും വരുമ്പോൾ അവൻ വിസമ്മതിക്കുന്നു. നിത്യമായ യാഥാർഥ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ നോക്കാൻ ജനങ്ങൾ പഠിക്കണമെന്നു യേശു ആഗ്രഹിക്കുന്നതിനാലാണ് മറ്റൊരു അത്ഭുതം പ്രവർത്തിക്കാൻ അവൻ വിസമ്മതിക്കുന്നത്.

നമ്മുടെ സ്വന്തം ജീവിതത്തിലും, കൂടുതൽ ആഴമേറിയതും നിത്യവുമായ യാഥാർഥ്യത്തിനു പ്രഥമസ്ഥാനം നൽകി ജീവിക്കുക പലപ്പോഴും പ്രയാസമാണ്. ജീവിതത്തിന്റെ ഉപരിപ്ലവവും പ്രാധാന്യം കുറഞ്ഞതുമായ വശങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക എളുപ്പമാണ്. എനിക്ക് എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം? അല്ലെങ്കിൽ ഒരു പുതിയ കാർ വാങ്ങാം? അതുമല്ലെങ്കിൽ കൂടുതൽ വിശിഷ്ടമായ ഒരു ഭക്ഷണം കഴിക്കാം? എനിക്ക് എങ്ങനെ കൂടുതൽ വിനോദം കണ്ടെത്താം? ഏതു പുതിയ വസ്ത്രമാണ് ഞാൻ വാങ്ങേണ്ടത്? ഇങ്ങനെ ആ പട്ടിക നീളുന്നു. തീർച്ചയായും ഇവയൊന്നും തിന്മയല്ല. എന്നാൽ ഇവയെല്ലാം കടന്നുപോകുന്നവയാണ്; നിത്യമായി നിലനിൽക്കുന്ന നമ്മുടെ ആത്മാവിൽ അവയ്ക്ക് സ്വാധീനമുണ്ടാകുകയില്ല. വാസ്തവത്തിൽ, ജീവിതത്തിന്റെ ഉപരിപ്ലവവും തീരെ പ്രാധാന്യമില്ലാത്തതുമായ വശങ്ങളിൽ നാം അമിതശ്രദ്ധ ചെലുത്തിയാൽ, ഏറ്റവും പ്രധാനപ്പെട്ടതിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്ന ഫലമായിരിക്കും അവയ്ക്കുണ്ടാകുക.

യേശു ഉയർത്തുന്ന ഈ വെല്ലുവിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നശിച്ചുപോകുന്നവയ്ക്കുവേണ്ടി അധ്വാനിക്കരുത്; നിത്യമായി നിലനിൽക്കുന്നവയ്ക്കുവേണ്ടി അധ്വാനിക്കുക. ജീവിതത്തിൽ നിങ്ങൾ എന്തിനാണ് മുൻഗണന നൽകുന്നതെന്ന് പരിശോധിക്കുക. നിങ്ങളുടെ ശ്രദ്ധ എവിടെയാണ്? ഓരോ ദിവസവും നിങ്ങളെ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നത് എന്താണ്? ദൈവപുത്രനിലുള്ള വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുക എന്നതായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ താത്പര്യം. നിത്യമായി നിലനിൽക്കുന്ന ഉപവി ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കട്ടെ അത്. നിങ്ങളുടെ ജീവിതത്തെയും ലക്ഷ്യങ്ങളെയും സത്യസന്ധമായി പരിശോധിക്കുമ്പോൾ ഈ ലോകത്തിലെ കാര്യങ്ങളിൽ നിങ്ങൾ അമിതമായി മുഴുകിയിരിക്കുന്നുവെന്നു കണ്ടാൽ, നമ്മുടെ കർത്താവിന്റെ ഈ വാക്കുകൾ നിങ്ങളോടു നേരിട്ടു സംസാരിക്കാൻ അനുവദിക്കുക. അങ്ങനെ നിങ്ങൾ നിത്യജീവനുവേണ്ടി സമ്പത്ത് സ്വരൂപിക്കുന്നവരാകും.

മഹത്വപൂർണനായ എന്റെ കർത്താവേ, അങ്ങാണ് നിത്യമായി നിലനിൽക്കുന്ന ആഹാരം. അങ്ങാണ് നിത്യജീവനുവേണ്ടിയുള്ള ആഹാരം. പ്രിയ കർത്താവേ, ഈ ലോകത്തിലെ കടന്നുപോകുന്നതും തീരെ പ്രാധാന്യമില്ലാത്തതുമായ കാര്യങ്ങളിൽനിന്ന് എന്റെ ദൃഷ്ടി പിൻവലിച്ച്, പകരം നിത്യമായതിലേക്കു തിരിക്കാൻ എനിക്കാവശ്യമായ ജ്ഞാനം നൽകണമേ. എന്റെ ദൃഷ്ടി അങ്ങയിൽ ഉറപ്പിച്ചുനിർത്താനും അങ്ങയിലുള്ള വിശ്വാസത്താൽ പരിപോഷിതനാകാനും എനിക്കിടയാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു.


ജീവന്റെ അപ്പം

ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ചൊവ്വാഴ്ച

അപ്പോൾ അവർ യേശുവിനോടു പറഞ്ഞു: “പ്രഭോ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ.” യേശു അവരോടു പറഞ്ഞു: “ഞാനാണ് ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.” യോഹന്നാൻ 6:34–35

നിങ്ങൾക്ക് ഇനിയൊരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ലെന്നു സങ്കല്പിക്കുക. സ്വാഭാവിക തലത്തിൽ നോക്കുമ്പോൾ ഇത് കൗതുകകരമായ ഒരു യാഥാർഥ്യമായിരിക്കും. തീർച്ചയായും, നിങ്ങൾക്ക് ഒരിക്കലും ശാരീരികമായി വിശപ്പോ ദാഹമോ അനുഭവപ്പെടുന്നില്ലെങ്കിൽ, നല്ല ഭക്ഷണപാനീയങ്ങളുടെ ആസ്വാദനസുഖവും ഒരുപക്ഷേ നിങ്ങൾക്കു ലഭിക്കുകയില്ല. അങ്ങനെയെങ്കിൽ, ഇത്തരം ആനന്ദങ്ങൾ നഷ്ടപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നതെന്തിന്?

തീർച്ചയായും, യേശു സംസാരിച്ചത് സ്വാഭാവികമായ ഭക്ഷണപാനീയങ്ങളെക്കുറിച്ചല്ല, അതിസ്വാഭാവികമായ വിശപ്പിനെയും ദാഹത്തെയും കുറിച്ചാണ്. നമുക്കു നൽകാൻ അവിടുന്ന് വന്ന ആത്മീയ ഭക്ഷണപാനീയങ്ങൾ ആത്മീയ പൂർണതയിൽ ആനന്ദിക്കാനുള്ള നമ്മുടെ കഴിവിനെ ഇല്ലാതാക്കുമെന്നല്ല അവിടുന്ന് പറഞ്ഞത്. നേരെമറിച്ച്, താൻ നൽകാനിരിക്കുന്ന ആത്മീയ ഭക്ഷണപാനീയങ്ങൾ അവസാനമില്ലാത്ത പൂർണതയും സംതൃപ്തിയും നൽകുമെന്നാണ് യേശു പറഞ്ഞത്.

ഉയിർപ്പുകാലത്തിലെ മൂന്നാം വാരമായ ഈ ആഴ്ച മുഴുവൻ യോഹന്നാന്റെ സുവിശേഷത്തിലെ 6-ാം അധ്യായത്തിന്റെ വായന തുടരും. പരമ്പരാഗതമായി “ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം” എന്നു വിളിക്കപ്പെടുന്നതാണ് ഈ അധ്യായം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. അതിവിശുദ്ധ കുർബാനയെക്കുറിച്ചുള്ള യോഹന്നാന്റെ ആഴമേറിയതും നിഗൂഢാത്മകവും ഗഹനവുമായ പ്രബോധനമാണിത്.

ആദ്യംതന്നെ, ഈ സുവിശേഷഭാഗത്തെ അതിന്റെ പശ്ചാത്തലത്തിൽ കാണുന്നത് സഹായകമാണ്. തലേദിവസം യേശു അപ്പവും മീനും വർധിപ്പിച്ച അത്ഭുതം പ്രവർത്തിച്ചുവെന്നും, അവൻ നൽകിയ ആഹാരം കഴിച്ച ജനക്കൂട്ടം ഇപ്പോൾ കൂടുതൽ ഭക്ഷണം തേടുകയാണെന്നും ഓർക്കുക. കൂടുതൽ ഭക്ഷണത്തിനായുള്ള അവരുടെ ആഗ്രഹം പ്രയോജനപ്പെടുത്തിക്കൊണ്ട് യേശു അവരെ അതിവിശുദ്ധ കുർബാനയെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുന്നു. നിങ്ങൾക്കുവേണ്ടിയും അങ്ങനെതന്നെ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു.

നിങ്ങളും ഈ രംഗത്തിലുണ്ടെന്ന് സങ്കല്പിക്കുക. എന്തിനുവേണ്ടിയാണ് നിങ്ങൾ ഏറ്റവും കൂടുതൽ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത്? ഒരുപക്ഷേ ശരീരത്തിനാവശ്യമായ ആഹാരം നിങ്ങൾക്കു ധാരാളമുണ്ടായിരിക്കാം; ഒരുപക്ഷേ ഇല്ലായിരിക്കാം. ഉണ്ടെങ്കിൽ, മറ്റെന്തിനുവേണ്ടിയാണ് നിങ്ങൾ കൊതിക്കുന്നത്? നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? ഇപ്പോൾ നിങ്ങളുടെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അവയിലൂടെ ജീവന്റെ അപ്പത്തെക്കുറിച്ച് നിങ്ങളെ പഠിപ്പിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക. “ഇവയാണ് എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ആഗ്രഹങ്ങൾ…” എന്നു നമ്മുടെ കർത്താവിനോടു പറയുന്നത് സഹായകമായേക്കാം. അതിനുശേഷം യേശു നിങ്ങളോടു പറയുന്ന ഈ വാക്കുകൾ കേൾക്കാൻ മനസ്സുതുറക്കുക: “ഇതിലും എത്രയോ അധികം നിനക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നീ യഥാർഥത്തിൽ കൊതിക്കുന്നത് എന്നെയാണ്. നീ എന്റെ അടുക്കൽ വന്നാൽ, നിന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറും; അതിലധികവും നിനക്കു ലഭിക്കും.” യോഹന്നാന്റെ സുവിശേഷത്തിലെ 6-ാം അധ്യായത്തിലുടനീളം യേശു ഈ ജനക്കൂട്ടവുമായി നടത്തിയ സംഭാഷണത്തിന്റെ സാരം ഇതാണ്.

പരിശുദ്ധ കുർബാനയ്ക്ക് നിങ്ങളുടെ അന്തരംഗത്തിന്റെ ഏറ്റവും ആഴങ്ങളിൽ സംതൃപ്തി പകരാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പലപ്പോഴും നാം അലസമായും ശ്രദ്ധ പതറിപ്പോയ മനസ്സോടെയുമാണ് ഈ കൂദാശയെ സമീപിക്കുന്നത്. അതിന്റെ ഫലമായി, അത്യഗാധമായ ഈ ആനന്ദവും സംതൃപ്തിയും നൽകുന്ന വിധത്തിൽ നമ്മുടെ കർത്താവിനെ യഥാർഥമായി സ്വീകരിക്കാൻ നമുക്കു പലപ്പോഴും കഴിയാതെപോകുന്നു.

ദിവ്യകാരുണ്യസ്വീകരണത്തോടുള്ള നിങ്ങളുടെ സമീപനത്തെക്കുറിച്ച് ഇന്നും ഈ ആഴ്ചയിലുടനീളവും ചിന്തിക്കുക. വിശുദ്ധ കുർബാന ക്രിസ്തുതന്നെയാണ്. എല്ലാ വിധത്തിലും നമ്മെ താങ്ങിനിർത്താൻ മാത്രമല്ല, സ്വർഗീയമായ പരമാനന്ദങ്ങളിലേക്ക് നമ്മെ ആകർഷിക്കാനും കഴിയുന്ന ഒരു ദാനമാണത്. യോഹന്നാന്റെ സുവിശേഷത്തിലെ ഈ വിശുദ്ധ അധ്യായത്തിലുള്ള യേശുവിന്റെ വാക്കുകൾ വിശ്വസിക്കുക. കാരണം, യേശു പറഞ്ഞതിലെല്ലാമുള്ള നിങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോൾ, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള വിധങ്ങളിൽ ഈ അമൂല്യദാനത്തിലൂടെ നിറവേറാൻ തുടങ്ങുന്നത് നിങ്ങൾ തിരിച്ചറിയും.

ദിവ്യകാരുണ്യനാഥനായ എന്റെ കർത്താവേ, അങ്ങാണ് ജീവന്റെ അപ്പം. ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നതെല്ലാം അങ്ങാണ്. പ്രിയ കർത്താവേ, പരിശുദ്ധ കുർബാനയെക്കുറിച്ച് അങ്ങ് വെളിപ്പെടുത്തിയതെല്ലാം വിശ്വസിക്കാൻ കഴിയേണ്ടതിന്, അവ ഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ. എന്റെ ദൈവമേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു.


വിശുദ്ധ ദർശനം

ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ബുധനാഴ്ച

“പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം; അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും.” യോഹന്നാൻ 6:40

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ? സംശയമില്ല, ഉത്തരം “ഉണ്ട്” എന്നായിരിക്കും. എന്നാൽ, നമ്മുടെ കർത്താവിൽ വിശ്വസിക്കുക എന്നത് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ആഴപ്പെടേണ്ട ഒന്നാണ്. അതിനാൽ, നിങ്ങൾക്ക് യേശുവിൽ വിശ്വാസമുണ്ടെങ്കിൽ, നിങ്ങളുടെ വിശ്വാസം ഇനിയും വേണ്ടത്ര ആഴപ്പെട്ടിട്ടില്ലെന്നും നിങ്ങൾക്ക് സമ്മതിക്കാനാകും. “ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം” തുടരുന്ന ഈ സുവിശേഷഭാഗത്തിൽ, രണ്ടു കാര്യങ്ങൾ ചെയ്യാൻ യേശു നമ്മെ വിളിക്കുന്നു. ഒന്നാമതായി, നാം അവിടുത്തെ കാണണം. രണ്ടാമതായി, നാം വിശ്വസിക്കണം. ആദ്യത്തേതിൽനിന്ന് നമുക്കു തുടങ്ങാം.

യേശു ആദ്യമായി ഈ വാക്കുകൾ ജനക്കൂട്ടത്തോടു പറഞ്ഞപ്പോൾ, അവിടുത്തെ ശാരീരിക സാന്നിധ്യം അവർ കണ്ടിരുന്നു. എന്നാൽ അവരിൽ പലരും ബാഹ്യരൂപത്തിനപ്പുറം കണ്ടില്ല. അവർ അവിടുത്തെ അത്ഭുതങ്ങൾ കണ്ടു, അവിടുത്തെ പ്രബോധനം കേട്ടു. എന്നാൽ നിത്യനായ പിതാവിന്റെ പുത്രനും ലോകരക്ഷകനുമായ യേശുവിന്റെ ആഴമേറിയ യാഥാർഥ്യം കണ്ടവർ വളരെ കുറച്ചുപേർ മാത്രമായിരുന്നു.

നമ്മുടെ കർത്താവിലും അവിടുത്തെ സത്തയുടെ സമ്പൂർണതയിലും നിങ്ങൾ വിശ്വസിക്കണമെങ്കിൽ, അവിടുത്തെ ആദ്യം കാണണം. നമ്മുടെ കർത്താവിനെക്കുറിച്ചുള്ള ഈ “വിശുദ്ധ ദർശനം” വളർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് പരിശുദ്ധ കുർബാനയിൽ അവിടുത്തെ ഉറ്റുനോക്കുക എന്നത്. നിങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴോ ദിവ്യകാരുണ്യാരാധനയിൽ സമയം ചെലവഴിക്കുമ്പോഴോ പരിശുദ്ധ കുർബാനയിലേക്കു നോക്കുമ്പോൾ, നിങ്ങൾ എന്താണു കാണുന്നത്? നിത്യപുത്രനെ നിങ്ങൾ കാണുന്നുണ്ടോ? അവിടുത്തെ പരിശുദ്ധ ദൈവത്വം നിങ്ങൾ കാണുന്നുണ്ടോ? നിങ്ങളുടെ ദൈവവും സകലത്തിന്റെയും കർത്താവുമായവനെ നിങ്ങൾ കാണുന്നുണ്ടോ?

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ നമ്മുടെ കർത്താവിന്റെ മുമ്പിൽ നിൽക്കുമ്പോഴോ മുട്ടുകുത്തുമ്പോഴോ നമ്മുടെ ശ്രദ്ധ എളുപ്പത്തിൽ പതറിപ്പോകാം. നമ്മുടെ മനസ്സിനെ അനുദിനജീവിതത്തിലെ മറ്റു പല കാര്യങ്ങളിലേക്കും അലയാൻ അനുവദിക്കാനും, നമുക്കു സന്നിഹിതനായിരിക്കുന്ന നിത്യനായ ദൈവപുത്രനെ കാണാതെപോകാനും എളുപ്പമാണ്.

നമ്മുടെ കർത്താവിനെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഇന്നു ചിന്തിക്കുക. നിങ്ങളുടെ വിശ്വാസം കൂടുതൽ ആഴപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ കാഴ്ചയിൽനിന്നു തുടങ്ങുക. പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ യേശുവിനെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നു പരിചിന്തിച്ചുകൊണ്ട് ആരംഭിക്കുക. ഇന്ന് വിശുദ്ധ കുർബാനയിലോ ദിവ്യകാരുണ്യാരാധനയിലോ അവിടുത്തോടൊപ്പമായിരിക്കാനുള്ള അനുഗ്രഹം നിങ്ങൾക്കു ലഭിക്കുന്നെങ്കിൽ, അവിടുത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നു പരിശോധിക്കുക. അവിടുത്തെ ഉറ്റുനോക്കുക. അവിടുത്തെ ദൈവിക സാന്നിധ്യത്തിൽ ബോധപൂർവം വിശ്വാസം ഏറ്റുപറയുക. അവിടുത്തെ ദൈവത്വവും മഹത്വവും വിശുദ്ധിയും പാവനസാന്നിധ്യവും അംഗീകരിക്കുക. ബാഹ്യരൂപത്തിനപ്പുറം നോക്കാനും അവിടുത്തെ മഹത്വം മറയ്ക്കുന്ന തിരശ്ശീല ഉയർത്താനും നിങ്ങൾക്കു കഴിയുമെങ്കിൽ, കാഴ്ചയുടെ ഈ വിശുദ്ധ ദാനം അഗാധമായ വിശ്വാസത്തിന്റെ ദാനത്തിലേക്കും നിങ്ങളെ നയിക്കും.

എന്നും സന്നിഹിതനായിരിക്കുന്ന എന്റെ കർത്താവേ, പരിശുദ്ധ കുർബാനയിൽ അങ്ങ് എന്റെ പക്കലേക്കു വരുന്ന വിധത്തെപ്രതി ഞാൻ അങ്ങയോട് ആഴമായ നന്ദി പറയുന്നു. അങ്ങയുടെ ദിവ്യസാന്നിധ്യത്തിനും മഹത്വത്തിനും ഞാൻ നന്ദി പറയുന്നു. അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപമാകുന്ന തിരശ്ശീലയ്ക്കപ്പുറം കാണാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങയുടെ ദൈവത്വം എനിക്കു കൂടുതൽ വ്യക്തമായി കാണാനാകട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ ദിവ്യസാന്നിധ്യം കാണുമ്പോൾ, കൂടുതൽ ഉറപ്പോടും വിശ്വാസത്തോടുംകൂടെ അങ്ങയിലുള്ള എന്റെ വിശ്വാസം ഏറ്റുപറയാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു.


നമ്മുടെ കർത്താവിന്റെ മാംസം

ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച

സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാണ്; ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്.” യോഹന്നാൻ 6:51

യേശുവിന്റെ വാക്കുകൾ ജനക്കൂട്ടത്തിലെ ചിലരുടെ വികാരങ്ങളെ ഇളക്കിത്തുടങ്ങി. താൻ “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം” ആണെന്ന് അവിടുന്ന് പറഞ്ഞതിനാൽ അവർ അവിടുത്തെ പരിഹസിക്കാൻ തുടങ്ങി. അങ്ങനെ, അത്ഭുതകരമായി വീണ്ടും സൗജന്യഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയോടെ യേശുവിനെ അന്വേഷിച്ചെത്തിയവരിൽ പലരും പരസ്പരം പിറുപിറുക്കുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അതിനെത്തുടർന്ന് യേശു കൂടുതൽ വ്യക്തമായും അവരെ ഞെട്ടിക്കുംവിധവും സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവിടുന്ന് ഒരു പടികൂടി കടന്ന്, താൻ “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം” ആണെന്നു മാത്രമല്ല, “എന്നേക്കും ജീവിക്കാൻ” ആഗ്രഹിക്കുന്നവർ തന്റെ “മാംസം” ഭക്ഷിക്കുകയും വേണമെന്ന് പറഞ്ഞു.

ആ ജനക്കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു പ്രസ്താവനയോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? അപ്പവും മീനും വർധിപ്പിച്ച അത്ഭുതം അടുത്തിടെ നിങ്ങളുടെ സ്വന്തം കണ്ണുകളാൽ കണ്ടിട്ടുണ്ടാകുമായിരുന്നു എന്ന കാര്യം ഓർക്കുക. അതിനാൽ, ഏറ്റവും ചുരുങ്ങിയത് യേശു അസാധാരണനായ ഒരാളാണെന്നെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകുമായിരുന്നു. എന്നാൽ, “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്” എന്ന യേശുവിന്റെ പ്രസ്താവന അന്നു നിങ്ങൾ കേട്ടിരുന്നെങ്കിൽ, അതിനോട് എങ്ങനെ പ്രതികരിക്കുമായിരുന്നു? മിക്കവാറും, പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രബോധനത്തോട് ഇപ്പോൾ നിങ്ങൾക്കുള്ള അതേ പ്രതികരണം തന്നെയായിരുന്നിരിക്കും അന്നും നിങ്ങളുടേത്.

യേശു ഇങ്ങനെ സംസാരിക്കുന്നതു കേട്ട പലരും, ഇതു പറയുന്നത് അല്പം അസാധാരണമാണെന്നു കരുതിയിരിക്കാം. ചിലർ ശക്തമായി പ്രതികരിച്ചിരിക്കാം; മറ്റുചിലർ നിസ്സംഗതയോടെയും. എന്നാൽ ചിലരുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നിരിക്കാം. പുതിയതും ഞെട്ടിക്കുന്നതുമായ ഈ വാക്കുകൾ യേശു പറയുന്നതു കേട്ടപ്പോൾ, അവിടുന്ന് ഉദ്ദേശിച്ചതെന്താണെന്നു തങ്ങൾക്കു പൂർണ്ണമായി മനസ്സിലായിട്ടില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. എങ്കിലും വിശ്വാസമെന്ന ദാനത്താൽ അവർ ആഴമായി വിശ്വസിച്ചിരിക്കാം. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവന്റെ മാംസം തങ്ങൾ ഭക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് എങ്ങനെയോ അവരുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ അവർ അറിഞ്ഞിരിക്കാം. കാരണം, അവിടുന്ന് യഥാർഥത്തിൽ ജീവന്റെ അപ്പമായിരുന്നു.

പരിശുദ്ധ കുർബാനയിൽ വിശ്വസിക്കുക—അതായത്, സ്പർശിക്കാനും കാണാനും കഴിയുന്ന തിരുവോസ്തിയുടെയും തിരുരക്തത്തിന്റെയും ഈ ദാനങ്ങൾ യഥാർഥത്തിൽ നിത്യനായ ദൈവപുത്രന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവുമാണെന്നു വിശ്വസിക്കുക—എന്നത് ആന്തരികവും നമ്മെ രൂപാന്തരപ്പെടുത്തുന്നതുമായ വിശ്വാസമെന്ന ദാനത്തിലൂടെ മാത്രമേ സാധ്യമാകൂ. മറ്റെങ്ങനെ നിങ്ങൾക്ക് ഇത്തരമൊരു പ്രബോധനം വിശ്വസിക്കാനാകും? ഇന്നത്തെ സുവിശേഷത്തിലെ ഈ വാക്കുകൾ യാഥാർഥ്യമായിത്തീർന്നിരിക്കുന്നുവെന്ന് മറ്റെങ്ങനെ നിങ്ങൾക്കു വിശ്വസിക്കാനാകും? പരിശുദ്ധ കുർബാന സ്വീകരിക്കുന്നത് നിത്യജീവനിലേക്കുള്ള വഴിയാണെന്നും മറ്റെങ്ങനെ വിശ്വസിക്കാനാകും? ഈ വിശുദ്ധ സുവിശേഷത്തിൽ നമ്മുടെ കർത്താവ് അരുളിച്ചെയ്തത് മനസ്സിലാക്കാനും അംഗീകരിക്കാനും ആഴമായി വിശ്വസിക്കാനുമുള്ള ഏക മാർഗം പരിശുദ്ധ കുർബാനയിലുള്ള വിശ്വാസമെന്ന ദാനമാണ്.

“…ഞാൻ നൽകുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണ്” എന്ന അതിവിശുദ്ധമായ ഈ വാക്കുകൾ യേശു ആദ്യമായി അരുളിച്ചെയ്യുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ വാക്കുകളെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുമ്പോൾ, നിങ്ങൾ അവ എത്ര ആഴത്തിൽ വിശ്വസിക്കുന്നുവെന്നു ചിന്തിക്കുക. പരിശുദ്ധ കുർബാനയിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ആഴമുള്ളതാണ്? ഈ വചനഭാഗത്തിന്റെ പൂർത്തീകരണമാണ് വിശുദ്ധ കുർബാന. തന്റെ വിശുദ്ധ വാക്കുകളിൽ വിശ്വസിക്കാൻ മാത്രമല്ല, നിങ്ങൾക്ക് ഒരിക്കലും സങ്കല്പിക്കാൻ കഴിയുന്നതിലുമപ്പുറമുള്ള വിധങ്ങളിൽ നിങ്ങളെ രൂപാന്തരപ്പെടുത്താൻ ഈ സത്യത്തെ അനുവദിക്കാനും നമ്മുടെ ദിവ്യനാഥൻ നിങ്ങളെ ക്ഷണിക്കുന്നു.

എന്റെ ദിവ്യകാരുണ്യനാഥാ, അങ്ങ് യഥാർത്ഥത്തിൽ ജീവന്റെ അപ്പമാണ്. അങ്ങയുടെ മാംസം ഭക്ഷിക്കുകയും അങ്ങയുടെ രക്തം പാനം ചെയ്യുകയും ചെയ്യുന്ന എല്ലാവരും നിത്യജീവൻ അവകാശമാക്കും. പ്രിയ കർത്താവേ, ഞാൻ ഇത് വിശ്വസിക്കുന്നു. അങ്ങയുടെ വിശുദ്ധജീവനിൽ എനിക്കു പങ്കുചേരാനായി എനിക്കു നൽകപ്പെട്ട അതിപരിശുദ്ധ കുർബാന, അങ്ങയുടെ ആത്മാവോടും ദൈവത്വത്തോടും കൂടിയ അങ്ങുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ നിത്യരാജ്യത്തിലെ ആനന്ദങ്ങളിലേക്ക് കൂടുതൽ പൂർണ്ണമായി ആകർഷിക്കപ്പെടേണ്ടതിന്, അതിപരിശുദ്ധ കുർബാനയിലുള്ള എന്റെ വിശ്വാസം ആഴപ്പെടുത്താൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഒരു “വിശുദ്ധ ഭയം”

ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച

“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കുള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്; അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്.” യോഹന്നാൻ 6:53–55

തത്ത്വചിന്തയുടെ തലത്തിൽ, “പരസ്പരം മത്സരിക്കുന്ന ശക്തികൾ” എന്നു തോന്നുന്ന വിവിധ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് പ്രയോജനകരമാണ്. നന്മ തിന്മയുടെ വിപരീതമായി കാണപ്പെടുന്നു. പ്രകാശം ഇരുട്ടിന്റെയും ചൂട് തണുപ്പിന്റെയും ജീവൻ മരണത്തിന്റെയും വിപരീതമായി കാണപ്പെടുന്നു. എന്നാൽ പരസ്പരം മത്സരിക്കുന്ന ശക്തികൾ എന്ന അർഥത്തിൽ അവ യഥാർഥത്തിൽ വിപരീതങ്ങളാണോ? ശ്രദ്ധാപൂർവം പരിഗണിക്കുമ്പോൾ, നന്മയും തിന്മയും, പ്രകാശവും ഇരുട്ടും, ചൂടും തണുപ്പും, ജീവനും മരണവും യഥാർഥത്തിൽ “പരസ്പരം മത്സരിക്കുന്ന ശക്തികൾ” അല്ലെന്നു വ്യക്തമാകും. മറിച്ച്, തിന്മ നന്മയുടെ അഭാവം മാത്രമാണ്; ഇരുട്ട് പ്രകാശത്തിന്റെ അഭാവവും തണുപ്പ് ചൂടിന്റെ അഭാവവും മരണം ജീവന്റെ നഷ്ടവുമാണ്. തത്ത്വചിന്താപരമായ ഈ വേർതിരിവ് ചിലർക്ക് അത്ര താത്പര്യമുണർത്തുന്നതായി തോന്നാതിരിക്കാം; മറ്റുചിലർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യാം. എങ്കിലും ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ ധ്യാനിക്കാൻ സഹായകരമായ ഒരു സത്യമാണിത്.

“മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും” ചെയ്യാതിരിക്കുന്നത് മരണത്തിലേക്കു നയിക്കുമെന്ന് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നു. മരണം ജീവന്റെ നഷ്ടമാണ്; വിശുദ്ധ കുർബാനയാകട്ടെ ജീവന്റെ ഉറവിടവും. നിങ്ങൾ തന്റെ മാംസം ഭക്ഷിക്കുകയും തന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, “നിങ്ങളിൽ ജീവനില്ല” എന്ന് യേശു പറയുന്നു.

യേശുവിന്റെ ഈ ശക്തമായ പ്രബോധനം, ഒന്നു നിൽക്കാനും പരിശുദ്ധ കുർബാനയോടുള്ള നമ്മുടെ സമീപനം പരിശോധിക്കാനും നമ്മെ പ്രേരിപ്പിക്കണം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതും നമ്മുടെ കർത്താവിനു നാം ചെയ്യുന്ന ഒരു “ഉപകാരം” ആണെന്നു കരുതുന്ന കെണിയിൽ ചിലപ്പോൾ നാം വീണുപോകാം. എന്നാൽ സത്യത്തിൽ, അത് ദൈവം നമുക്കു നൽകുന്ന ഏറ്റവും മഹത്തായ അനുഗ്രഹമാണ്. കാരണം, വിശുദ്ധ കുർബാന നിത്യജീവനിലേക്കുള്ള കവാടമാണ്. അതില്ലാതെ നമ്മിൽ ജീവനില്ല. ദൈവസാന്നിധ്യം നമുക്കു നഷ്ടമാകുന്നതിനാൽ നമ്മുടെ ആത്മാക്കൾ മരിക്കുന്നു.

പരിശുദ്ധ കുർബാന സ്വീകരിക്കാതിരിക്കുന്നതിന്റെ ദോഷഫലത്തെക്കുറിച്ചു ചിന്തിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും. കൂടുതൽ വിശ്വസ്തരാകാൻ നമ്മെത്തന്നെ പ്രേരിപ്പിക്കുന്നതിനായി, ചിലപ്പോൾ നമ്മുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിനാൽ, ദൈവപുത്രന്റെ മാംസം ഭക്ഷിക്കാതിരിക്കുന്നത് മരണത്തിലേക്കു നയിക്കുന്നു എന്ന വസ്തുതയെക്കുറിച്ചുള്ള ചിന്ത നമുക്കു വലിയ പ്രചോദനമാകണം. നമ്മുടെ ഉള്ളിലുള്ള ദൈവത്തിന്റെ ജീവദായക സാന്നിധ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു വിശുദ്ധ ഭയം അതു നമ്മിൽ നിറയ്ക്കണം. ഈ “വിശുദ്ധ ഭയം” ദൈവത്തിൽനിന്നുള്ള യഥാർഥ ദാനമാണ്; വാസ്തവത്തിൽ, പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളിൽ ഒന്നുമാണ്.

പരിശുദ്ധ കുർബാനയോടുള്ള നിങ്ങളുടെ ആന്തരിക മനോഭാവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വിശുദ്ധ കുർബാനയിലെ നിങ്ങളുടെ പങ്കാളിത്തത്തെ, നമ്മുടെ കർത്താവിനു നിങ്ങൾ ചെയ്യുന്ന ഒരു ഉപകാരമായിട്ടാണോ കൂടുതലായി കാണുന്നത്? അതോ, അത് യഥാർഥത്തിൽ എന്താണോ അങ്ങനെതന്നെ—നിത്യജീവന്റെ ജീവദായക ഉറവിടമായി—കാണുന്നുണ്ടോ? അമൂല്യമായ ഈ ദാനം യഥാർഥത്തിൽ എത്ര പ്രധാനമാണെന്നു ധ്യാനിക്കുകയും അതിവിശുദ്ധമായ ഈ ദാനത്തിൽ വിശ്വസ്തതയോടും ഭക്തിയോടുംകൂടി പങ്കുചേരാൻ നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുകയും ചെയ്യുക.

എന്റെ ദിവ്യകാരുണ്യനാഥാ, വിശ്വാസത്തോടെ അങ്ങയെ സ്വീകരിക്കുന്ന എല്ലാവർക്കും അങ്ങയുടെ മാംസവും രക്തവും യഥാർത്ഥത്തിൽ നിത്യജീവന്റെ ഉറവിടമാണ്. പ്രിയ കർത്താവേ, അതിപരിശുദ്ധ കുർബാനയാകുന്ന ഈ അമൂല്യദാനത്തിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയ്ക്കുവേണ്ടിയുള്ള അഗാധമായ വിശപ്പും ദാഹവും എന്നിൽ സദാ നിറയണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


“കഠിനവും” അഗാധവുമായ ഒരു രഹസ്യം

ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ശനിയാഴ്ച

ഇതിന്റെ ഫലമായി, അവന്റെ ശിഷ്യന്മാരിൽ പലരും തങ്ങളുടെ പഴയ ജീവിതരീതിയിലേക്കു മടങ്ങിപ്പോയി; പിന്നീടവർ അവനോടൊപ്പം നടന്നില്ല. അപ്പോൾ യേശു പന്ത്രണ്ടുപേരോടു ചോദിച്ചു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” യോഹന്നാൻ 6:66–67

ജീവന്റെ അപ്പത്തെക്കുറിച്ചുള്ള മനോഹരവും അഗാധവുമായ പ്രഭാഷണം ഇന്നത്തെ സുവിശേഷത്തോടെ അവസാനിക്കുന്നു (യോഹന്നാൻ 6:22–71 കാണുക). ഈ പ്രഭാഷണം ആദ്യംമുതൽ അവസാനംവരെ വായിക്കുമ്പോൾ, ജീവന്റെ അപ്പത്തെക്കുറിച്ച് എളുപ്പത്തിൽ സ്വീകരിക്കാവുന്ന പൊതുവായ പ്രസ്താവനകളിൽനിന്ന് കൂടുതൽ വ്യക്തവും വെല്ലുവിളിയുയർത്തുന്നതുമായ പ്രസ്താവനകളിലേക്ക് യേശു കടക്കുന്നതു ശ്രദ്ധയിൽപ്പെടും. ഇന്നത്തെ സുവിശേഷഭാഗത്തിനു തൊട്ടുമുമ്പ്, വളരെ നേരിട്ട് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അവിടുന്ന് തന്റെ പ്രബോധനം അവസാനിപ്പിക്കുന്നത്: “എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.” യേശു ഇതു പറഞ്ഞതിനുശേഷം, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്ന പലരും അവിടുത്തെ വിട്ടുപോയി; പിന്നീടൊരിക്കലും അവിടുത്തെ അനുഗമിച്ചില്ല.

പരിശുദ്ധ കുർബാനയോടു പൊതുവേ മൂന്നു തരത്തിലുള്ള മനോഭാവങ്ങളാണ് ആളുകൾക്കുള്ളത്. ഒന്ന് അഗാധമായ വിശ്വാസമാണ്. മറ്റൊന്ന് നിസ്സംഗതയാണ്. മൂന്നാമത്തേത് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന അവിശ്വാസമാണ്. ഇന്നത്തെ സുവിശേഷത്തിൽ യേശുവിനെ വിട്ടുപോയവർ അങ്ങനെ ചെയ്തത്, “ഈ വചനം കഠിനമാണ്; ആർക്കാണ് ഇതു സ്വീകരിക്കാൻ കഴിയുക?” എന്നു പറഞ്ഞുകൊണ്ടാണ്. ധ്യാനിക്കാനായി എത്രയോ പ്രധാനപ്പെട്ട ഒരു പ്രസ്താവനയും ചോദ്യവുമാണിത്!

പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനം ഒരർഥത്തിൽ കഠിനമായ വചനമാണെന്നതു സത്യമാണ്. എന്നാൽ “കഠിനം” എന്നതുകൊണ്ട് മോശമെന്നല്ല അർഥം. ദൈവത്തിൽനിന്നുള്ള ആഴമേറിയ ആന്തരിക വെളിപ്പെടുത്തലിലൂടെ ലഭിക്കുന്ന വിശ്വാസത്താൽ മാത്രമേ കുർബാനയിൽ വിശ്വസിക്കാൻ കഴിയൂ എന്ന അർഥത്തിലാണ് അതു കഠിനമാകുന്നത്. യേശുവിനെ വിട്ടുപോയവർ അവിടുത്തെ പ്രബോധനം കേട്ടെങ്കിലും, വിശ്വാസമെന്ന ദാനത്തിനുനേരെ അവരുടെ ഹൃദയങ്ങൾ അടഞ്ഞിരുന്നു. കേവലം ബുദ്ധിയുടെ തലത്തിൽ അവർ കുടുങ്ങിക്കിടന്നു. അതിനാൽ ദൈവപുത്രന്റെ മാംസരക്തങ്ങൾ ഭക്ഷിക്കുക എന്ന ആശയം അവരുടെ ഗ്രഹണശേഷിക്ക് അതീതമായിരുന്നു. അപ്പോൾ അത്തരമൊരു പ്രസ്താവന ആർക്കാണു സ്വീകരിക്കാൻ കഴിയുക? നമ്മുടെ കർത്താവ് ഉള്ളിൽ സംസാരിക്കുമ്പോൾ അവിടുത്തെ ശ്രവിക്കുന്നവർക്കു മാത്രം. ദൈവത്തിൽനിന്നു ലഭിക്കുന്ന ആ ആന്തരിക ബോധ്യത്തിനു മാത്രമേ പരിശുദ്ധ കുർബാനയുടെ സത്യാവസ്ഥയ്ക്കു തെളിവാകാൻ കഴിയൂ.

കാഴ്ചയിൽ വെറും “അപ്പവും വീഞ്ഞും” എന്നു തോന്നുന്നവ നിങ്ങൾ സ്വീകരിക്കുമ്പോൾ, യഥാർഥത്തിൽ ക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ജീവന്റെ അപ്പത്തെക്കുറിച്ചുള്ള നമ്മുടെ കർത്താവിന്റെ ഈ പ്രബോധനം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഇതു കഠിനമായ വചനവും ദുഷ്കരമായ പ്രബോധനവുമാണ്. അതുകൊണ്ടുതന്നെ ഇതിനെ വളരെ ഗൗരവത്തോടെ കാണണം. ഈ പ്രബോധനത്തെ പാടേ തള്ളിക്കളയാത്തവർക്കുപോലും അതിനോട് ഒരളവുവരെ നിസ്സംഗത പുലർത്താനുള്ള പ്രലോഭനമുണ്ട്. നമ്മുടെ കർത്താവിന്റെ ഈ സംസാരരീതി വെറുമൊരു പ്രതീകാത്മക പ്രയോഗമാണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കാം. എന്നാൽ ഈ പ്രതീകാത്മകത വെറും പ്രതീകാത്മകതയിൽ ഒതുങ്ങുന്നതല്ല. നമ്മുടെ കർത്താവ് നമുക്കു നൽകാൻ ആഗ്രഹിക്കുന്ന ദൈവികവും നിത്യവുമായ ജീവനിൽ നാം എങ്ങനെ പങ്കുചേരുന്നു എന്നതിനെക്കുറിച്ചുള്ള അഗാധവും വെല്ലുവിളിയുയർത്തുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ഒരു പ്രബോധനമാണിത്.

യേശുവിന്റെ ഈ കഠിനമായ വചനത്തിൽ നിങ്ങൾ എത്ര ആഴത്തിൽ വിശ്വസിക്കുന്നുവെന്ന് ഇന്നു ധ്യാനിക്കുക. ഇതൊരു “കഠിനമായ” വചനമാണെന്ന വസ്തുത നിങ്ങളുടെ സ്വന്തം വിശ്വാസത്തെയോ അതിന്റെ അഭാവത്തെയോ ഗൗരവമായി പരിശോധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കണം. യേശു പഠിപ്പിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്നതാണ്. അതു ജീവൻ നൽകുന്നതാണ്. അതു വ്യക്തമായി മനസ്സിലാകുമ്പോൾ, ഒന്നുകിൽ പൂർണഹൃദയത്തോടെ വിശ്വസിക്കുകയോ അല്ലെങ്കിൽ അവിശ്വാസത്തോടെ പിന്തിരിയുകയോ ചെയ്യേണ്ട വെല്ലുവിളി നിങ്ങൾ നേരിടും. പരിശുദ്ധ കുർബാനയിൽ പൂർണഹൃദയത്തോടെ വിശ്വസിക്കാൻ മനസ്സു തുറക്കുക. അപ്പോൾ വിശ്വാസത്തിന്റെ ഏറ്റവും അഗാധമായ രഹസ്യങ്ങളിലൊന്നിലാണ് നിങ്ങൾ വിശ്വസിക്കുന്നതെന്നു നിങ്ങൾ കണ്ടെത്തും.

മഹത്വപൂർണ്ണനായ എന്റെ കർത്താവേ, അതിപരിശുദ്ധ കുർബാനയെക്കുറിച്ചുള്ള അങ്ങയുടെ പ്രബോധനം മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമാണ്. ഈ അമൂല്യദാനം നമുക്ക് ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തത്ര ആഴമുള്ള ഒരു രഹസ്യമാണ്. പ്രിയ കർത്താവേ, അങ്ങയുടെ വചനങ്ങൾ ശ്രവിക്കാനും അത്യഗാധമായ വിശ്വാസത്തോടെ അവയോടു പ്രത്യുത്തരിക്കാനും കഴിയേണ്ടതിന് എന്റെ കണ്ണുകൾ തുറക്കുകയും എന്റെ മനസ്സിനോടു സംസാരിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം


4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble