4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
നാൽപതു ദിവസം = നിങ്ങളുടെ ജീവിതം മുഴുവൻ
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം A)
അക്കാലത്ത് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടുന്ന് നാൽപതു പകലും നാൽപതു രാത്രിയും ഉപവസിച്ചു; അതിനുശേഷം അവിടുത്തേക്കു വിശന്നു. മത്തായി 4:1–2
“നാൽപ്പത്” പ്രാധാന്യമുള്ള ഒരു സംഖ്യയാണ്. വിശുദ്ധഗ്രന്ഥത്തിൽ 145-ലധികം തവണ അത് ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മഹാപ്രളയകാലത്തെ മഴ നാൽപ്പതു പകലും നാൽപ്പതു രാത്രിയും നീണ്ടുനിന്നു. മോശ സീനായ് മലയിൽ കയറിയപ്പോഴെല്ലാം നാൽപ്പതു പകലും നാൽപ്പതു രാത്രിയും അവിടെ താമസിച്ചു. ഇസ്രായേൽക്കാർ നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്നു. ഉത്ഥാനത്തിനുശേഷം, സ്വർഗാരോഹണത്തിനുമുമ്പ് നാൽപ്പതു ദിവസം ഈശോ തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. ബൈബിളിലുടനീളം “നാൽപ്പത്” എന്ന സംഖ്യയ്ക്ക് ഇനിയും അനേകം ഉപയോഗങ്ങളുണ്ട്. കൗതുകകരമെന്നു പറയട്ടെ, മനുഷ്യപ്രകൃതിയിലും നാൽപ്പതിന് പ്രാധാന്യമുണ്ട്: ജനിക്കുന്നതിനുമുമ്പ് നാൽപ്പതു ആഴ്ചയാണ് നാം അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്നത്.
നമ്മുടെ കർത്താവ് ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട്, പിശാചിനാൽ പരീക്ഷിക്കപ്പെട്ട് മരുഭൂമിയിൽ ചെലവഴിച്ച നാൽപ്പതു പകലുകളെയും നാൽപ്പതു രാത്രികളെയുമാണ് നാം ഇന്ന് അനുസ്മരിക്കുന്ന “നാൽപ്പത്” സൂചിപ്പിക്കുന്നത്. പരീക്ഷണം, ശുദ്ധീകരണം, ക്ലേശം, അഥവാ മാറ്റുരയ്ക്കൽ എന്നിവയുടെ ഒരു കാലഘട്ടത്തെ പ്രതീകപ്പെടുത്താൻ നാൽപ്പത് ഉപയോഗിക്കുന്നു. അതുകൊണ്ട്, ഭൂമിയിലെ നിങ്ങളുടെ മുഴുവൻ ജീവിതത്തിന്റെയും പ്രതീകമായും അതിനെ കാണണം. മരുഭൂമിയിൽ ഈശോ നേരിട്ട പ്രലോഭനങ്ങളെക്കുറിച്ചുള്ള വിവരണത്തിൽ വിശുദ്ധ മത്തായി “നാൽപ്പതു പകലുകൾ ഒപ്പം നാൽപ്പതു രാത്രികൾ” എന്ന പ്രയോഗം പ്രത്യേകം ഉപയോഗിക്കുന്നു. ഇതിനെക്കുറിച്ചു വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ബീഡ് ചൂണ്ടിക്കാണിക്കുന്നത്, ഈ കാലഘട്ടം നമ്മുടെ മുഴുവൻ ജീവിതത്തെയും പ്രതീകപ്പെടുത്തുന്നു എന്നതു മാത്രമല്ല, “പകലുകൾ” നമുക്കു ലഭിക്കുന്ന അനേകം കൃപകളെയും അനുഗ്രഹങ്ങളെയും പ്രതിനിധീകരിക്കുമ്പോൾ, “രാത്രികൾ” നാം സഹിക്കുന്ന കുരിശുകളെ പ്രതിനിധീകരിക്കുന്നു എന്നുകൂടിയാണ്.
നോമ്പുകാലയാത്ര ആരംഭിക്കുമ്പോൾ, ഈശോ മരുഭൂമിയിൽ ചെലവഴിച്ച കാലം നൽകുന്ന പാഠങ്ങൾ നമ്മുടെ മുഴുവൻ ജീവിതത്തിലും വീണ്ടും പ്രയോഗിക്കേണ്ടത് പ്രധാനമാണ്. മുകളിൽ ഉദ്ധരിച്ച ഭാഗത്തുനിന്ന് നമുക്കു സ്വീകരിക്കാവുന്ന രണ്ടു പാഠങ്ങൾ പരിഗണിക്കാം. ഒന്നാമതായി, ഈശോ “ആത്മാവിനാൽ നയിക്കപ്പെട്ട് പിശാചിനാൽ പരീക്ഷിക്കപ്പെടാൻ മരുഭൂമിയിലേക്കു പോയി” എന്നു നാം കാണുന്നു. ഈശോ പ്രലോഭനങ്ങൾ സഹിക്കുക മാത്രമല്ല, അവയെ നേരിടുകയും ചെയ്തു എന്നാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. അവിടുന്നു പിശാചിനെ ഭയപ്പെട്ടില്ല; അവന്റെ ആക്രമണങ്ങളെയും പേടിച്ചില്ല. പകരം, ആത്മാവിനാൽ നയിക്കപ്പെട്ട് അവിടുന്ന് ആ പ്രലോഭനങ്ങളെ മനസ്സോടെ നേരിട്ടു. സ്വന്തം ജീവിതത്തിൽ അവയെ ജയിക്കാൻ മാത്രമല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാലും മുൻകൈയാലും നമ്മുടെ ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങളെയും നേരിടാൻ നമ്മെ പ്രാപ്തരാക്കാനും വേണ്ടിയായിരുന്നു അത്. പരിശുദ്ധാത്മാവു നമ്മെ നയിക്കുമ്പോൾ പ്രലോഭനങ്ങളെ നേരിട്ടും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ നാം ഒരിക്കലും ഭയപ്പെടരുത്.
രണ്ടാമത്തെ പ്രധാന പാഠം, മരുഭൂമിയിലെ ഈ കാലയളവിൽ ഈശോ സ്വമനസ്സാലെ ഉപവസിച്ചു എന്നതാണ്. ജീവിതത്തിൽ മിതത്വമെന്ന പുണ്യത്തിന്റെ പ്രാധാന്യം ഇതു വ്യക്തമാക്കുന്നു. നാൽപ്പതെന്ന ഈ കാലയളവിനെ നമ്മുടെ മുഴുവൻ ജീവിതത്തിന്റെയും പ്രതീകമായി കണ്ടാൽ, മിതത്വം എന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണമെന്നു നമുക്കു മനസ്സിലാകും. ജീവിതത്തിലെ സന്തോഷങ്ങളും അനുഗ്രഹങ്ങളും (നാൽപ്പതു പകലുകൾ) അനുഭവിക്കുമ്പോൾ നാം തീർച്ചയായും അവ ആഘോഷിക്കണം. എന്നാൽ, ഒരു പരിധിവരെ ആത്മപരിത്യാഗത്തോടെയായിരിക്കണം നാം എപ്പോഴും അതു ചെയ്യേണ്ടത്. അതായത്, ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളെ നാം തേടുന്ന മുഖ്യ സംതൃപ്തിയാക്കാൻ ഒരിക്കലും അനുവദിക്കരുത്. ആത്മീയാശ്വാസങ്ങളോടുപോലും നമുക്ക് അമിതമായ ആസക്തി ഉണ്ടാകാമെന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പഠിപ്പിക്കുന്നു. അതുപോലെ, ജീവിതത്തിലെ കുരിശുകൾ (നാൽപ്പതു രാത്രികൾ) അനുഭവിക്കുമ്പോഴും ഒരു പരിധിവരെ ആത്മപരിത്യാഗം അഭ്യസിക്കണം. അതായത്, നാം സഹിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മെ നിരുത്സാഹപ്പെടുത്താനോ ദൈവഹിതം അന്വേഷിച്ച് നിറവേറ്റുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനോ അനുവദിക്കരുത്. ഉപവാസം, അതായത് മിതത്വമെന്ന പുണ്യം നാം സ്വന്തമാക്കുന്നത്, ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിലൂടെ എപ്പോഴും നമ്മെ നയിക്കണം. ദൈവം നമുക്കു വെളിപ്പെടുത്തിയ സത്യങ്ങളിൽ ദൃഷ്ടി ഉറപ്പിക്കാനും പിശാചിന്റെ നുണകൾ തള്ളിക്കളയാനും അതു നമ്മെ സഹായിക്കണം.
ജീവിതത്തിലുടനീളം മിതത്വമെന്ന പുണ്യം ധൈര്യത്തോടെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നു ധ്യാനിക്കുക. ജീവിതത്തിലെ അനേകം ഉയർച്ചതാഴ്ചകളിലും സന്തോഷസന്താപങ്ങളിലും അനുഗ്രഹങ്ങളിലും കുരിശുകളിലും, ഓരോ സാഹചര്യത്തെയും ധൈര്യത്തോടും ആത്മനിയന്ത്രണത്തോടുംകൂടെ നേരിട്ടുകൊണ്ട്, ആത്മാവിനാൽ നയിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണം. നിങ്ങൾ സഹിക്കുന്ന കുരിശുകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നതോ ജീവിതത്തിലെ ആശ്വാസങ്ങളോട് അമിതമായി പറ്റിനിൽക്കുന്നതോ ഏതെല്ലാം വിധത്തിലാണെന്ന് ചിന്തിക്കുക. ഈശോ മരുഭൂമിയിൽ ചെലവഴിച്ച നാൽപ്പതു പകലുകളെയും രാത്രികളെയും അനുകരിച്ച്, ഈ നോമ്പുകാലത്ത് പുണ്യത്തിന്റെ പാത സ്വീകരിക്കാൻ പരിശ്രമിക്കുക.
മിതത്വവും ധൈര്യവും നിറഞ്ഞ എന്റെ കർത്താവേ, അങ്ങ് എല്ലാ പ്രലോഭനങ്ങളെയും ധൈര്യത്തോടും ശക്തിയോടുംകൂടെ നേരിട്ടു. ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിലൂടെ എങ്ങനെ മുന്നേറണമെന്ന് ഞങ്ങളെ പഠിപ്പിക്കാനായി നാൽപ്പതു പകലും നാൽപ്പതു രാത്രിയും മുഴുവൻ അങ്ങ് ഉപവസിച്ചു. മിതത്വവും ധൈര്യവും എന്ന പുണ്യങ്ങൾ എനിക്കു നൽകണമേ. എന്റെ സ്വന്തം ജീവിതത്തിന്റെ മരുഭൂമിയിലേക്ക് അങ്ങയെ അനുഗമിക്കാൻ കഴിയേണ്ടതിന് പരിശുദ്ധാത്മാവിനെ എനിക്കു പ്രദാനം ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മാലാഖമാരുടെ ശുശ്രൂഷ
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം B)
ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടുകൊണ്ട് അവിടുന്ന് നാല്പതു ദിവസം മരുഭൂമിയിൽ കഴിഞ്ഞു. അവിടുന്ന് വന്യമൃഗങ്ങളോടൊപ്പമായിരുന്നു; ദൂതന്മാർ അവിടുത്തെ ശുശ്രൂഷിച്ചു. മർക്കോസ് 1:12–13
എത്ര അത്ഭുതകരമായ ഒരു സംഭവത്തെക്കുറിച്ചാണ് നാം ഇന്നു ധ്യാനിക്കുന്നത്! മുകളിൽ ഉദ്ധരിച്ച ഭാഗത്ത്, ദൈവപുത്രനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ ഈശോ രണ്ടു വിധത്തിൽ തന്നെത്തന്നെ താഴ്ത്തി. ഒന്നാമതായി, സാത്താന്റെ പ്രലോഭനങ്ങൾ സഹിക്കാൻ അവിടുന്ന് തന്നെത്തന്നെ വിട്ടുകൊടുത്തു. രണ്ടാമതായി, അവിടുത്തെതന്നെ സൃഷ്ടികളായ നല്ല മാലാഖമാർ തന്റെ മനുഷ്യരൂപത്തിൽ തന്നെ ശുശ്രൂഷിക്കാൻ അവിടുന്ന് അനുവദിച്ചു.
ആദ്യമായി, സാത്താൻ ഒരു പതിതദൂതനാണെന്ന് ഓർക്കുക. ദൈവമാണ് അവനെ സൃഷ്ടിച്ചത്; നല്ലവനായിട്ടാണ് അവനെ സൃഷ്ടിച്ചതും. എന്നാൽ, സൃഷ്ടിക്കപ്പെട്ട ദൂതന്മാരിൽ മൂന്നിലൊരുഭാഗം ഭൂമിയിൽ അലഞ്ഞുതിരിയാൻ സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ടുവെന്ന് വെളിപാടിന്റെ പുസ്തകം (12:4) സൂചിപ്പിക്കുന്നു. ഈ ദുഷ്ടാത്മാക്കൾ പതിതദൂതന്മാരിൽ ഏറ്റവും ഉന്നതനായ സാത്താന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നു. അതിനാൽ, മുകളിൽ നൽകിയിരിക്കുന്ന ഭാഗമനുസരിച്ച്, മരുഭൂമിയിൽ യേശുവിനെ പ്രലോഭിപ്പിച്ചത് സാത്താൻതന്നെയായിരുന്നു. കൂടാതെ, തന്റെ മനുഷ്യസ്വഭാവത്തിൽ തന്നെ ശുശ്രൂഷിക്കാൻ യേശു നല്ല ദൂതന്മാരെ അനുവദിച്ചു. ഈ പ്രവൃത്തികൾ നമ്മുടെ കർത്താവിന്റെ മനുഷ്യത്വത്തിലെ എളിമ എന്ന പുണ്യത്തിന്റെ പൂർണത വെളിപ്പെടുത്തുന്നു.
വിശുദ്ധ തോമസ് അക്വീനാസിന്റെ അഭിപ്രായത്തിൽ, പ്രധാനമായും മൂന്ന് കാരണങ്ങൾക്കായാണ് ദൂതന്മാർ സൃഷ്ടിക്കപ്പെട്ടത്. ഒന്നാമത്തേത് ആരാധനയ്ക്കുവേണ്ടിയാണ്. ദൈവാരാധന ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുകയും ദൈവത്തിൽനിന്ന് ഓരോ ദൂതനിലേക്കും ഓരോ ദൂതനിൽനിന്ന് ദൈവത്തിലേക്കും പൂർണമായ സ്നേഹം പ്രവഹിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. രണ്ടാമതായി, ദൂതന്മാർ എല്ലാ കാര്യങ്ങളിലും ദൈവഹിതം നടപ്പാക്കുന്നു. പ്രകൃതിനിയമങ്ങൾ നടപ്പാക്കുന്നതും ക്രിസ്തു കുരിശിൽ നേടിത്തന്ന കൃപ പകർന്നുനൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. മൂന്നാമതായി, ദൈവം ദൂതന്മാരെ സന്ദേശവാഹകരായി ഉപയോഗിക്കുന്നു. ദൂതന്മാർ പ്രവാചകന്മാരോടും നമ്മുടെ പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും മറ്റുള്ളവരോടും സംസാരിച്ച വിവിധ രീതികൾ വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തുന്നു. നമ്മെ സംരക്ഷിക്കുക മാത്രമല്ല, ദൈവഹിതം നമ്മെ അറിയിക്കുക എന്ന ദൗത്യംകൂടിയുള്ള ഒരു പ്രത്യേക കാവൽമാലാഖ നമുക്ക് ഓരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്നുവെന്നും വിശുദ്ധ തോമസ് അക്വീനാസ് വിശ്വസിച്ചിരുന്നു.
ദൈവമെന്ന നിലയിൽ, യേശു പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം എല്ലാ ദൂതന്മാരുടെയും സ്രഷ്ടാവായിരുന്നു. മനുഷ്യനെന്ന നിലയിൽ, യേശു നല്ല ദൂതന്മാരുടെ ശുശ്രൂഷയും പതിതദൂതന്മാരുടെ ആക്രമണങ്ങളും ഏറ്റുവാങ്ങി. സൃഷ്ടികളായ ഈ ദൂതന്മാരുടെ സ്വാഭാവിക ശക്തികൾക്ക് എളിമയോടെ സ്വയം വിധേയനായിക്കൊണ്ട്, നാമും അങ്ങനെതന്നെ ചെയ്യണമെന്ന് യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു.
നല്ല ദൂതന്മാരുടെയും ദുഷ്ടദൂതന്മാരുടെയും പ്രധാന സ്വാഭാവിക ശക്തികളിലൊന്ന് സ്വാധീനം ചെലുത്താനും ചിന്തകൾ മനസ്സിൽ ഉണർത്താനുമുള്ള കഴിവാണ്. നന്മയിലേക്ക് നിങ്ങളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള ആശയങ്ങളോ (നല്ല ദൂതന്മാർ), നിങ്ങളെ വഞ്ചിച്ച് പാപത്തിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ള ആശയങ്ങളോ (ദുഷ്ടദൂതന്മാർ) നിങ്ങളുടെ ഭാവനയ്ക്കുമുമ്പിൽ അവതരിപ്പിക്കാൻ ദൂതന്മാർക്കു കഴിവുണ്ട്. ഈ ആശയവിനിമയങ്ങൾ യാഥാർഥ്യമാണ്; അവയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ആധ്യാത്മിക അഭ്യാസങ്ങൾ, എന്ന തന്റെ ഗ്രന്ഥത്തിൽ ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് ദൂതന്മാരുടെ ശുശ്രൂഷയെക്കുറിച്ച് വിശദീകരിക്കാൻ ഏറെ സമയവും ഊർജവും ചെലവഴിക്കുന്നു. പതിതദൂതന്മാരുടെ നുണകളെയും വഞ്ചനകളെയും നല്ല ദൂതന്മാർ നൽകുന്ന ആശ്വാസദായകമായ മാർഗനിർദേശങ്ങളിൽനിന്ന് എങ്ങനെ വേർതിരിച്ചറിയാമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ദൂതന്മാരിൽനിന്നുള്ള പ്രലോഭനങ്ങൾക്കും ശുശ്രൂഷയ്ക്കും യേശു സ്വയം വിധേയനായതിനെ വിവരിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം, സൃഷ്ടികളായ ഈ ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെ പല വിധത്തിൽ ശക്തമായി പിന്തുണയ്ക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഴങ്ങളിലേക്ക്: ആരാധനാക്രമവത്സരത്തിന് അനുസൃതമായി ക്രമീകരിച്ച ഇഗ്നേഷ്യൻ പാഠങ്ങളും ധ്യാനങ്ങളും എന്ന ഗ്രന്ഥം കാണുക.
നിങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ട് ദൂതന്മാരും ദുഷ്ടാത്മാക്കളും നിങ്ങളുടെ ജീവിതത്തിൽ നിരന്തരം പ്രവർത്തിക്കുന്നുവെന്ന വിസ്മയകരമായ സത്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിലെ അവരുടെ ആത്മീയ പങ്കിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, അവരെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള വിവിധ മാർഗങ്ങൾ പരിഗണിക്കുക. നിങ്ങളുടെ കാവൽമാലാഖയോടു സംസാരിക്കുക. ദൂതന്മാരിൽ ഏറ്റവും ഉന്നതരായവരുടെ മാധ്യസ്ഥ്യം അപേക്ഷിക്കുക. അവരുടെ ദൈവാരാധനയിൽ അവരോടു ചേരാൻ ശ്രമിക്കുക. അവരുടെ സംരക്ഷണത്തിനായി പ്രാർഥിക്കുക. ദൈവത്തിൽനിന്നുള്ള ഏറ്റവും ഉന്നതമായ സത്യങ്ങൾ നിങ്ങളെ അറിയിക്കാൻ അവരോട് അപേക്ഷിക്കുക. ഈ വിശുദ്ധ ദൂതന്മാരെ ശ്രദ്ധിക്കാൻ പരിശ്രമിക്കുക. അങ്ങനെ അവരുടെ സ്വരങ്ങൾ വിവേചിച്ചറിയാൻ പഠിക്കുമ്പോൾ, ദൈവത്തിൽനിന്ന് അവർ നിങ്ങൾക്കു നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിക്കാൻ നിങ്ങൾ സന്നദ്ധരായിരിക്കും.
എന്റെ കർത്താവും സകലത്തിന്റെയും സ്രഷ്ടാവുമായ അങ്ങ്, സ്നേഹത്തിന്റെയും ആരാധനയുടെയും മഹത്വപൂർണമായ ലക്ഷ്യത്തിനായി ദൂതഗണത്തെ സൃഷ്ടിച്ചു. അങ്ങയുടെ തിരുഹിതം നടപ്പാക്കാനും ഭൂമിയിലുള്ള ഞങ്ങൾക്ക് സന്ദേശങ്ങൾ നൽകാനുമുള്ള ദൗത്യവും അങ്ങ് അവർക്കു നൽകുന്നു. പതിതദൂതന്മാരുടെ വഞ്ചനകളെക്കുറിച്ചും നല്ല ദൂതന്മാരുടെ മാർഗനിർദേശങ്ങളെക്കുറിച്ചും കൂടുതൽ ബോധവാനാകാൻ എന്നെ സഹായിക്കണമേ. ദൈവത്തിന്റെ ദൂതന്മാരേ, എനിക്കുവേണ്ടി പ്രാർഥിക്കുകയും എന്നെ സംരക്ഷിക്കുകയും ദൈവത്തിന്റെ പരിപൂർണമായ തിരുഹിതത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആക്രമണത്തിലേക്ക് കടക്കുക
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം C)
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ യേശു ജോർദാനിൽനിന്നു മടങ്ങി. പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടേണ്ടതിന് ആത്മാവ് അവനെ നാല്പതു ദിവസത്തേക്ക് മരുഭൂമിയിലേക്കു നയിച്ചു. ലൂക്കാ 4:1–2
ആരെങ്കിലും ആക്രമിക്കപ്പെടുകയോ ഭീഷണി അനുഭവപ്പെടുകയോ ചെയ്താൽ, പ്രതിരോധത്തിലേക്കു തിരിയുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ശത്രുവിന്റെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടിവരുമ്പോൾ സൈനികർ മിക്കവാറും പ്രതിരോധനില സ്വീകരിക്കും. അതുപോലെ, മറ്റൊരാൾ നമ്മെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് തോന്നുമ്പോഴോ പിശാച് നമ്മെ പ്രലോഭിപ്പിക്കുമ്പോഴോ നാം പലപ്പോഴും സ്വയം പ്രതിരോധിക്കാൻ ശ്രമിക്കും. എന്നാൽ, കളികളിലും കായികമത്സരങ്ങളിലും സൈനികനടപടികളിലും പൊതുവായി പറയുന്ന ഒരു ചൊല്ലുണ്ട്: “നല്ല ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എതിരാളി ജയിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം, പിന്നോട്ടുമാറി പ്രതിരോധനില സ്വീകരിക്കുന്നതിനുപകരം ആക്രമണത്തിലേക്ക് കടക്കുക എന്നതാണ്.
പല വിധത്തിലും, മരുഭൂമിയിൽ പ്രവേശിച്ചപ്പോൾ യേശു ചെയ്തത് ഇതുതന്നെയാണ്. ദുഷ്ടൻ തന്നെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. അതിനാൽ, പ്രാർഥിക്കാനും ഉപവസിക്കാനുമായി യേശു 40 ദിവസം മരുഭൂമിയിൽ പ്രവേശിച്ചത് പിശാചിനെതിരെ ഒരുതരത്തിൽ മുൻകൈയെടുത്തുള്ള ആക്രമണമായിരുന്നു. മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനങ്ങൾ, അവിടുന്ന് സഹിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യേണ്ട ബുദ്ധിമുട്ടുകൾ എന്നതിലുപരി മറ്റൊന്നായിരുന്നു. അവയ്ക്കു വിപരീതമായ പുണ്യങ്ങൾ യേശു നേരത്തേതന്നെ സ്വീകരിച്ചിരുന്നതിനാൽ, അവ സർവോപരി ദുഷ്ടന്റെ നിഷ്ഫലമായ ആക്രമണങ്ങളായിരുന്നു.
ഏതെല്ലാം പ്രലോഭനങ്ങളും പാപങ്ങളുമാണ് നിങ്ങളുടെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഉൾപ്പെടുന്നത്? ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങൾ പരാജയം അനുഭവിക്കുന്നത്? നിങ്ങളുടെ പോരാട്ടങ്ങളെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ഏതെല്ലാം വിധത്തിലാണ് നിങ്ങൾ പ്രതിരോധനിലപാട് സ്വീകരിച്ചിരിക്കുന്നത്? പലപ്പോഴും നാം പ്രലോഭനങ്ങളെ സമീപിക്കുന്നത് തെറ്റായ രീതിയിലാണ്. നാം ചെറുത്തുനിൽക്കുകയും അവയിൽനിന്ന് സ്വയം പ്രതിരോധിക്കുകയും ചെയ്യേണ്ട ദുഷ്ടന്റെ ആക്രമണങ്ങളായി അവയെ കാണുന്നു. അത് സത്യമാണെങ്കിലും, പൂർണമായ സത്യമല്ല. നാം നേരിടുന്ന പോരാട്ടങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം, വിപരീതമായ പുണ്യം തിരഞ്ഞെടുത്തുകൊണ്ട് അവയെ നേരിട്ടും ശക്തമായും മുൻകൈയെടുത്തും നേരിടുക എന്നതാണ്; ഇതാണ് പൂർണമായ സത്യം.
മരുഭൂമിയിൽ യേശു അതിജീവിച്ച മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് ചിന്തിക്കുക: അമിതഭോജനം, വ്യർഥമഹത്വാഭിലാഷം, അത്യാഗ്രഹം. ആ 40 ദിവസത്തേക്കുള്ള യേശുവിന്റെ മരുഭൂമിപ്രവേശനം, ഈ പ്രലോഭനങ്ങൾ അവിടുത്തെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നതിനുമുമ്പുതന്നെ അവയെ തകർത്ത മാർഗമായിരുന്നു. ആ 40 ദിവസവും ആഹാരം ഉപേക്ഷിച്ച് ഉപവസിക്കാൻ സ്വമനസ്സാലെ തിരഞ്ഞെടുത്തതിലൂടെ, അമിതഭോജനത്തിനുള്ള പ്രലോഭനത്തെ യേശു നിഷ്ഫലമാക്കി. തന്റെ പിതാവിനോടൊത്ത് തനിച്ചായിരിക്കാൻ മരുഭൂമിയുടെ ഏകാന്തതയിലേക്കു പ്രവേശിക്കുന്ന എളിമ തിരഞ്ഞെടുത്തതിലൂടെ, വ്യർഥമഹത്വാഭിലാഷത്തിനുള്ള പ്രലോഭനത്തിന്റെ ശക്തി യേശു ഇല്ലാതാക്കി. ദാരിദ്ര്യവും ലാളിത്യവും നിറഞ്ഞ ജീവിതം തിരഞ്ഞെടുത്തതിലൂടെ, ഭൗമികസമ്പത്ത് അവിടുത്തേക്ക് വാഗ്ദാനം ചെയ്യപ്പെടുന്നതിനുമുമ്പുതന്നെ അതിനോടുള്ള ഏതു പ്രലോഭനത്തെയും അവിടുന്ന് അതിജീവിച്ചു.
നാൽപ്പതു ദിവസത്തെ ഈ നോമ്പുകാലയാത്ര ആരംഭിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അതിജീവിക്കേണ്ട പാപങ്ങളെയും പ്രലോഭനങ്ങളെയും കുറിച്ച് ഇന്ന് ചിന്തിക്കുക. ചില പോരാട്ടങ്ങളിൽ നിങ്ങൾ നിരന്തരം പ്രതിരോധനിലപാടിൽ തുടരുന്നുവെങ്കിൽ, പ്രത്യേകിച്ച് ചിലപ്പോഴെങ്കിലും പോരാട്ടത്തിൽ പരാജയപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ തന്ത്രം മാറ്റാനുള്ള സമയമായിരിക്കുന്നു. ഈ നോമ്പുകാലത്ത്, നിങ്ങളെ ഏറ്റവുമധികം പ്രലോഭിപ്പിക്കുന്ന പാപങ്ങൾക്കു വിപരീതമായ പുണ്യങ്ങൾ സ്വീകരിക്കുക. മുൻകൈയെടുത്തു പോരാടുന്ന മനോഭാവത്തോടെ ആ പുണ്യങ്ങൾ സ്വീകരിക്കുക. കോപത്തോടാണ് നിങ്ങൾ പോരാടുന്നതെങ്കിൽ, ദയ തിരഞ്ഞെടുക്കുക. അമിതഭോജനത്തോടാണ് നിങ്ങൾ പോരാടുന്നതെങ്കിൽ, ഉപവാസം തിരഞ്ഞെടുക്കുക. അത്യാഗ്രഹത്തോടാണ് നിങ്ങൾ പോരാടുന്നതെങ്കിൽ, ഉദാരത തിരഞ്ഞെടുക്കുക. നിങ്ങളുടെ പോരാട്ടം എന്തുതന്നെയായാലും, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള പുണ്യത്തിലേക്കു തിരിഞ്ഞ് ഈ നോമ്പുകാലത്ത് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ, പ്രലോഭനം നിങ്ങളെ തേടിവരുമ്പോൾ ദുഷ്ടനെയും അവന്റെ നുണകളെയും തള്ളിക്കളയാൻ നിങ്ങളും നന്നായി ഒരുങ്ങിയിരിക്കും.
പ്രലോഭനങ്ങൾ നേരിട്ട എന്റെ നാഥാ, എല്ലാ സദ്പുണ്യങ്ങളും തിരഞ്ഞെടുക്കുകയും അവ പരിപൂർണമായി ജീവിക്കുകയും ചെയ്തുകൊണ്ട് അങ്ങയുടെ ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങളെയും അങ്ങ് ചെറുത്തുനിന്നു. ഇപ്പോൾ എനിക്ക് ഏറ്റവും ആവശ്യമുള്ള പുണ്യങ്ങൾ ഏതൊക്കെയെന്നു തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. ഈ നോമ്പുകാലത്ത് പൂർണഹൃദയത്തോടെ അവയിലേക്കു ധാവിക്കാൻ വേണ്ട ശക്തി എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏറ്റവും അർഹത കുറഞ്ഞവർ
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ എല്ലാ ദൂതന്മാരോടുമൊത്ത് വരുമ്പോൾ, അവൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. എല്ലാ ജനതകളും അവന്റെ മുമ്പിൽ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ അവൻ അവരെ പരസ്പരം വേർതിരിക്കും.” മത്തായി 25:31–32
ധ്യാനിക്കാൻ എത്ര മഹത്തായ ഒരു ദൃശ്യം! ഈ രംഗം സങ്കൽപ്പിക്കാൻ ശ്രമിക്കുക. ഭാവിയിലെ നിർണായകമായ ഒരു നിമിഷത്തിൽ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തി, ഇപ്പോൾ “മനുഷ്യപുത്രൻ” എന്ന നിലയിൽ മനുഷ്യരൂപത്തിലും ആയിരിക്കുന്ന അവിടുന്ന്, സ്വർഗത്തിലെ എല്ലാ ദൂതന്മാരാലും വലയം ചെയ്യപ്പെട്ട് മഹത്വത്തോടെ ഭൂമിയിലേക്കു മടങ്ങിവന്ന് തന്റെ പുതിയതും മഹത്വപൂർണവുമായ സിംഹാസനത്തിൽ ഉപവിഷ്ടനാകും. ആ സിംഹാസനത്തിനു മുമ്പിൽ, എക്കാലത്തും ഉണ്ടായിട്ടുള്ള സകല ജനതകളിലെയും ഓരോ വ്യക്തിയും ഒരുമിച്ചുകൂട്ടപ്പെടും; ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് വിധിക്കപ്പെടും. നമ്മുടെ കർത്താവിനെ സേവിക്കുകയും അവിടുത്തെ സഹോദരീസഹോദരന്മാരിൽ ഏറ്റവും എളിയവരോടു കരുണയും അനുകമ്പയും കാണിക്കുകയും ചെയ്തവർ, യേശു ഇങ്ങനെ പറയുന്നതു കേൾക്കും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിൻ.” ക്രിസ്തുവിനെ സേവിക്കാതിരിക്കുകയും ഏറ്റവും എളിയവരോടു കരുണ കാണിക്കാതിരിക്കുകയും ചെയ്തവർ നിത്യശിക്ഷയിലേക്കു അയയ്ക്കപ്പെടും. യേശു അവരോടു പറയും: “ശപിക്കപ്പെട്ടവരേ, എന്നിൽനിന്ന് അകന്ന്, പിശാചിനും അവന്റെ ദൂതന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” അന്നു ഒരേയൊരു കാര്യത്തിനേ പ്രസക്തിയുണ്ടാകൂ; കാരണം, നിത്യമായ വിധി അന്ന് മാറ്റമില്ലാത്തവിധം നിർണയിക്കപ്പെടും. നിത്യജീവൻ അവകാശമാക്കാൻ നിങ്ങൾ നമ്മുടെ കർത്താവിന്റെ വലതുവശത്തു നിർത്തപ്പെടുമോ, അതോ അവിടുത്തെ ഇടതുവശത്തു നിർത്തപ്പെട്ട് നിത്യാഗ്നിയിലേക്ക് അയയ്ക്കപ്പെടുമോ എന്നതു മാത്രമായിരിക്കും അന്നു പ്രസക്തമായ കാര്യം.
ജീവിതയാത്രയിൽ ചിലപ്പോഴൊക്കെ മഹത്വപൂർണമായ ഈ ദിവസത്തെക്കുറിച്ചുള്ള ബോധം നമുക്കു നഷ്ടപ്പെട്ടുപോകാം. ദൈവത്തെയും സ്വർഗത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ, സ്വർഗം നമുക്ക് ഉറപ്പായും ലഭിക്കുമെന്ന മിഥ്യാധാരണയിൽ വീണുപോകാൻ എളുപ്പമാണ്. ദൈവം ദയയും കരുണയും ഉള്ളവനാണ്; അവിടുന്ന് നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. അതിനാൽ, സ്വർഗം ഉറപ്പാണെന്നും ഏറ്റവും ഭയങ്കരരായ മനുഷ്യർ മാത്രമേ നരകത്തിൽ എത്തുകയുള്ളൂ എന്നും നാം കരുതുന്നു. എന്നാൽ യേശു വിധിദിനത്തെ ചിത്രീകരിക്കുന്നത് ഇങ്ങനെയല്ല.
വിശന്നവർക്കും ദാഹിച്ചവർക്കും അപരിചിതർക്കും നഗ്നർക്കും രോഗികൾക്കും തടവിലായവർക്കും കരുതൽ നൽകിയതു ദൈവത്തോടു സ്നേഹം പ്രകടിപ്പിച്ചതിനു തുല്യമായിരുന്നു എന്നറിഞ്ഞ് വിധിയുടെ സമയത്ത് നീതിമാന്മാർ വിസ്മയിക്കുമെന്ന് യേശു വിശദീകരിക്കുന്നു. അതുപോലെ, ഈ മനുഷ്യരെ അവഗണിച്ചവർ, യേശുവിന്റെ സഹോദരീസഹോദരന്മാരിൽ ഏറ്റവും എളിയവരെ സ്നേഹിക്കാതിരുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നറിഞ്ഞ് വിസ്മയിക്കും. ഈ പ്രബോധനത്തെ നിസ്സാരമായി കാണരുത്. യേശു വാക്കുകൾ മയപ്പെടുത്തുന്നില്ല. അവിടുത്തെ വാക്കുകൾ തികച്ചും വ്യക്തവും അസന്ദിഗ്ധവുമാണ്.
യേശു പറയുന്ന ഈ “ഏറ്റവും എളിയവർ” നിങ്ങളുടെ ജീവിതത്തിൽ ആരൊക്കെയാണ്? വിശക്കുന്നവരും ദാഹിക്കുന്നവരും ശാരീരിക ആവശ്യങ്ങളുള്ളവർ മാത്രമല്ല; നിറവേറ്റപ്പെടേണ്ട ആത്മീയ അഭിലാഷങ്ങളുള്ളവരും അവരിൽ ഉൾപ്പെടുന്നു. ജീവിതത്തിൽ വഴിതെറ്റിപ്പോയവരും ആശയക്കുഴപ്പത്തിലായവരും ദിശാബോധം നൽകപ്പെടേണ്ടവരുമാണ് അവർ. ഏകാന്തത അനുഭവിക്കുന്നവരും എളുപ്പത്തിൽ അവഗണിക്കപ്പെടുന്നവരുമായ ആരും ആ അപരിചിതനായിരിക്കാം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരാകാം നഗ്നർ. പ്രായമായവരോ പലവിധത്തിൽ ദുരിതമനുഭവിക്കുന്നവരോ ആകാം രോഗികൾ. പാപത്തിന്റെ ബന്ധനങ്ങളിൽ കഴിയുന്നവരും മോചിതരാകാൻ സഹായം ആവശ്യമുള്ളവരും തടവിലായവരിൽ ഉൾപ്പെട്ടേക്കാം. നിങ്ങൾക്കു ചുറ്റുമുള്ളവരിൽ സന്നിഹിതനായിരിക്കുന്ന നമ്മുടെ കർത്താവിനെ അന്വേഷിക്കാൻ മറക്കരുത്.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വഴിതെറ്റിപ്പോയവരെന്നും നിങ്ങളുടെ അനുകമ്പ ഏറ്റവും അധികം ആവശ്യമുള്ളവരെന്നും തോന്നുന്നവരെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നാം അടുത്തുചെല്ലാൻ താത്പര്യപ്പെടാത്തവർക്കാണ് പലപ്പോഴും നമ്മുടെ അനുകമ്പയും കരുണയും ഏറ്റവും അധികം ആവശ്യമായിരിക്കുന്നത്. നാം വിധിക്കുകയോ കുറ്റംവിധിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവരാണ് പലപ്പോഴും ഈ “ഏറ്റവും എളിയവർ.” നിങ്ങളുടെ സ്നേഹത്തിന് ഏറ്റവും അർഹതയില്ലെന്നു തോന്നുന്ന വ്യക്തിയെ മനസ്സിൽ കൊണ്ടുവരിക. ആ വ്യക്തിയെ സ്നേഹിക്കുന്നതിലൂടെ നിങ്ങൾ തന്നെ സ്നേഹിക്കുന്നതിനായി കാത്തുകൊണ്ട് യേശു ആ വ്യക്തിയിൽ വസിക്കുന്നുണ്ടെന്ന് തിരിച്ചറിയുക.
അത്യന്തം കരുണാമയനായ കർത്താവേ, അങ്ങയുടെ അനുകമ്പ മഹത്തരമാണ്; അങ്ങയുടെ വിധി യാഥാർഥ്യവുമാണ്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അങ്ങയുടെ സർവപ്രഭാവത്തോടും മഹത്വത്തോടുംകൂടെ അങ്ങ് മടങ്ങിവരുന്ന അന്തിമവും മഹത്വപൂർണവുമായ ആ ദിവസത്തിൽ എപ്പോഴും എന്റെ മനസ്സ് ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വാക്കുകൾ ഞാൻ യഥാർഥമായി ശ്രദ്ധിക്കുകയും എല്ലാ മനുഷ്യരിലും, പ്രത്യേകിച്ച് ഏറ്റവും അധികം സഹായം ആവശ്യമുള്ളവരിൽ, അങ്ങയെ സ്നേഹിച്ചുകൊണ്ട് ആ ദിവസത്തിനായി ഒരുങ്ങുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ചൊല്ലുമ്പോൾ
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
യേശു ശിഷ്യന്മാരോടു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ അർഥമില്ലാതെ വാക്കുകൾ ഉരുവിടരുത്. അധികം വാക്കുകൾ ഉപയോഗിക്കുന്നതുകൊണ്ട് തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്നാണ് അവർ കരുതുന്നത്. നിങ്ങൾ അവരെപ്പോലെ ആകരുത്. മത്തായി 6:7–8
യേശു ചിലപ്പോഴൊക്കെ തനിയെ മാറിപ്പോയി രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചിരുന്നത് ഓർക്കുക. സ്വന്തം മാതൃകയിലൂടെ നമ്മെ പഠിപ്പിച്ചതിനാൽ, ദീർഘനേരം ആത്മാർഥമായി പ്രാർഥിക്കുന്നതിനെ യേശു അനുകൂലിക്കുന്നുവെന്നു വ്യക്തമാണ്. എന്നാൽ നമ്മുടെ കർത്താവ് രാത്രി മുഴുവൻ ചെയ്തതും, വിജാതീയർ അനേകം വാക്കുകളാൽ “അർഥമില്ലാതെ ഉരുവിടുന്നു” എന്നു പറഞ്ഞ് അവിടുന്ന് വിമർശിച്ചതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. വിജാതീയരുടെ പ്രാർഥനയെക്കുറിച്ചുള്ള ഈ വിമർശനത്തിനുശേഷം, നമ്മുടെ വ്യക്തിപരമായ പ്രാർഥനയ്ക്ക് മാതൃകയായി യേശു “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥന നൽകുന്നു.
ദൈവത്തെ ഏറെ വ്യക്തിപരമായി അഭിസംബോധന ചെയ്തുകൊണ്ടാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ആരംഭിക്കുന്നത്. അതായത്, ദൈവം സർവശക്തനായ ഒരു പ്രപഞ്ചസത്ത മാത്രമല്ല. അവിടുന്ന് നമുക്കു വ്യക്തിപരമായി ബന്ധപ്പെടാവുന്നവനും നമ്മുടെ കുടുംബബന്ധത്തിലുള്ളവനുമാണ്—അവിടുന്ന് നമ്മുടെ പിതാവാണ്. നമ്മുടെ പിതാവിന്റെ വിശുദ്ധിയും പരിശുദ്ധതയും പ്രഘോഷിച്ചുകൊണ്ട് അവിടുത്തെ ആദരിക്കാൻ നമ്മെ പഠിപ്പിച്ചുകൊണ്ട് യേശു പ്രാർഥന തുടരുന്നു. ദൈവം, ദൈവം മാത്രമാണ്, ജീവിതത്തിലെ എല്ലാ വിശുദ്ധിയുടെയും ഉറവിടമായ പരിശുദ്ധൻ. പിതാവിന്റെ വിശുദ്ധിയെ അംഗീകരിക്കുമ്പോൾ, അവിടുത്തെ രാജാവായും നാം അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിലും ലോകത്തിലും അവിടുത്തെ രാജത്വം പുലരാൻ ആഗ്രഹിക്കുകയും വേണം. അവിടുത്തെ പരിപൂർണമായ തിരുഹിതം “സ്വർഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ. നമ്മുടെ പാപങ്ങളുടെ ക്ഷമയും എല്ലാ തിന്മകളിൽനിന്നുമുള്ള സംരക്ഷണവും ഉൾപ്പെടെ, നമ്മുടെ ദൈനംദിന ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിന്റെ ഉറവിടം ദൈവമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഈ പരിപൂർണമായ പ്രാർഥന അവസാനിക്കുന്നത്.
ഈ പരിപൂർണമായ പ്രാർഥന പൂർത്തിയാക്കിയശേഷം, ഇതും മറ്റെല്ലാ പ്രാർഥനകളും ഏതു പശ്ചാത്തലത്തിൽ ചൊല്ലണമെന്നു യേശു വ്യക്തമാക്കുന്നു. അവിടുന്ന് പറയുന്നു: “നിങ്ങൾ മനുഷ്യരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ മനുഷ്യരോടു ക്ഷമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കുകയില്ല.” നമ്മെ രൂപാന്തരപ്പെടുത്താനും സ്വർഗസ്ഥനായ പിതാവിനോട് കൂടുതൽ സദൃശരാക്കാനും പ്രാർഥനയെ അനുവദിച്ചാൽ മാത്രമേ അതു ഫലപ്രദമാകൂ. അതിനാൽ, ക്ഷമയ്ക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന ഫലപ്രദമാകണമെങ്കിൽ, നാം പ്രാർഥിക്കുന്നതു ജീവിതത്തിൽ പ്രാവർത്തികമാക്കണം. ദൈവം നമ്മോടു ക്ഷമിക്കേണ്ടതിന് നാമും മറ്റുള്ളവരോടു ക്ഷമിക്കണം.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന ഈ പരിപൂർണമായ പ്രാർഥനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ പ്രാർഥന നമുക്ക് അത്രയേറെ പരിചിതമായിത്തീരുന്നതിനാൽ അതിന്റെ യഥാർഥ അർഥം ശ്രദ്ധിക്കാതെ കടന്നുപോകാം എന്നതാണ് ഒരു പ്രലോഭനം. അങ്ങനെ സംഭവിച്ചാൽ, വെറുതെ വാക്കുകൾ ഉരുവിടുന്ന വിജാതീയരെപ്പോലെയാണ് നാം അതു പ്രാർഥിക്കുന്നതെന്നു കണ്ടെത്തും. എന്നാൽ വിനയത്തോടും ആത്മാർഥതയോടുംകൂടെ ഓരോ വാക്കും മനസ്സിലാക്കി, അതിന്റെ അർഥം മനസ്സിൽ ഉൾക്കൊണ്ടു പ്രാർഥിച്ചാൽ, നമ്മുടെ പ്രാർഥന നമ്മുടെ കർത്താവിന്റെ പ്രാർഥനയോട് കൂടുതൽ സദൃശമാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ഈ പ്രാർഥനയിലെ ഓരോ വാക്കും, ഒരു സമയം ഒരു വാക്കുവീതം, വളരെ സാവധാനം ധ്യാനിക്കാൻ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് നിർദേശിക്കുന്നു. ഇന്ന് ഈ വിധത്തിൽ പ്രാർഥിക്കാൻ ശ്രമിക്കുക. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന വെറുതെയുള്ള വാക്കുരുവിടലിൽനിന്ന് സ്വർഗസ്ഥനായ പിതാവുമായുള്ള യഥാർഥ സംഭാഷണമായി മാറാൻ അനുവദിക്കുക.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിന്റെ ഏക യഥാർഥ അടയാളം
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ബുധനാഴ്ച
കൂടുതൽ ആളുകൾ വന്നുകൂടിക്കൊണ്ടിരിക്കെ, യേശു അവരോടു പറഞ്ഞു: “ഈ തലമുറ ദുഷിച്ച തലമുറയാണ്; ഇത് ഒരു അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഇതിനു നൽകപ്പെടുകയില്ല.” ലൂക്കാ 11:29
പല മനോഭാവങ്ങളുള്ള ആളുകൾ ആ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി തോന്നുന്നു. ഒന്നാമതായി, യേശുവിൽ പൂർണഹൃദയത്തോടെ വിശ്വസിച്ചവർ അവിടെയുണ്ടായിരുന്നു. ഉദാഹരണത്തിന്, പന്ത്രണ്ടുപേരും അവിടുത്തെ അനുഗമിക്കാൻ എല്ലാം ഉപേക്ഷിച്ചവരായിരുന്നു. അവിടുത്തെ അമ്മയും മറ്റു പല വിശുദ്ധ സ്ത്രീകളും അവിടുന്നിൽ വിശ്വസിക്കുകയും അവിടുത്തെ വിശ്വസ്ത അനുയായികളായിരിക്കുകയും ചെയ്തു. എന്നാൽ വളർന്നുകൊണ്ടിരുന്ന ആ ജനക്കൂട്ടത്തിൽ, യേശുവിനെ സംശയിക്കുകയും അവിടുന്ന് ആരാണെന്നതിന് ഏതെങ്കിലും വിധത്തിലുള്ള തെളിവ് ആവശ്യപ്പെടുകയും ചെയ്ത അനേകർ ഉണ്ടായിരുന്നതായും തോന്നുന്നു. അതിനാൽ അവർ സ്വർഗത്തിൽനിന്ന് ഒരു അടയാളം ആഗ്രഹിച്ചു.
യേശു ആരാണെന്നതിന് പുറമേ പ്രകടമാകുന്ന ഏതെങ്കിലും തെളിവായിരുന്നേനേ സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം. യേശു ഇതിനകം അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു എന്നതു ശരിയാണ്. എന്നാൽ അത് അവർക്കു മതിയായിരുന്നില്ലെന്നു തോന്നുന്നു. അവർ കൂടുതൽ ആഗ്രഹിച്ചു—ആ ആഗ്രഹം ഹൃദയകാഠിന്യത്തിന്റെയും വിശ്വാസക്കുറവിന്റെയും വ്യക്തമായ സൂചനയാണ്. അതിനാൽ അവർ ആഗ്രഹിച്ച അടയാളം നൽകാൻ യേശുവിനു കഴിയുമായിരുന്നില്ല; അവിടുന്ന് അതു നൽകുകയുമില്ലായിരുന്നു.
പകരം, അവർക്കു ലഭിക്കുന്ന ഏക അടയാളം യോനായുടെ അടയാളമായിരിക്കുമെന്ന് യേശു പറയുന്നു. യോനായുടെ അടയാളം അത്ര ആകർഷകമായിരുന്നില്ലെന്ന് ഓർക്കുക. യോനാ വഞ്ചിയിൽനിന്നു പുറത്തേക്ക് എറിയപ്പെട്ടു; ഒരു തിമിംഗലം അദ്ദേഹത്തെ വിഴുങ്ങി. നിനവേയുടെ തീരത്ത് ഉമിഴപ്പെട്ടതിനുമുമ്പ് അദ്ദേഹം മൂന്നു ദിവസം അതിനുള്ളിൽ കഴിഞ്ഞു.
യേശുവിന്റെ അടയാളവും ഇതുപോലെയായിരിക്കും. മതനേതാക്കളുടെയും ഭരണാധികാരികളുടെയും കൈകളാൽ അവിടുന്ന് പീഡനമനുഭവിക്കുകയും കൊല്ലപ്പെടുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും. തുടർന്ന്, മൂന്നു ദിവസം കഴിഞ്ഞ് അവിടുന്ന് ഉയിർത്തെഴുന്നേൽക്കും. എന്നാൽ, എല്ലാവർക്കും കാണാനായി പ്രകാശകിരണങ്ങളോടെ പുറത്തുവന്നുകൊണ്ടുള്ളതായിരുന്നില്ല അവിടുത്തെ ഉത്ഥാനം; മറിച്ച്, ഉത്ഥാനത്തിനുശേഷം അവിടുന്ന് പ്രത്യക്ഷപ്പെട്ടത് നേരത്തേതന്നെ വിശ്വാസം പ്രകടിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവർക്കാണ്.
ദൈവത്തിന്റെ മഹത്ത്വം ഹോളിവുഡ് ചലച്ചിത്രങ്ങളിലെന്നപോലെ ശക്തമായ പൊതുപ്രകടനങ്ങളിലൂടെ വെളിപ്പെടുത്തി വിശ്വാസസത്യങ്ങളെക്കുറിച്ച് ദൈവം നമ്മെ ബോധ്യപ്പെടുത്തുകയില്ല എന്നതാണ് നമുക്കുള്ള പാഠം. പകരം, നമുക്കു നൽകപ്പെടുന്ന “അടയാളം” ക്രിസ്തുവിനോടൊപ്പം മരിക്കാനുള്ള ക്ഷണമാണ്; അതുവഴി ഉത്ഥാനത്തിന്റെ നവജീവൻ നമുക്ക് വ്യക്തിപരമായി അനുഭവിച്ചുതുടങ്ങാൻ കഴിയും. വിശ്വാസത്തിന്റെ ഈ ദാനം ആന്തരികമാണ്; എല്ലാവർക്കും കാണാവുന്ന ബാഹ്യമായ ഒന്നല്ല. പാപത്തോടുള്ള നമ്മുടെ മരണം വ്യക്തിപരമായും ആന്തരികമായും നാം ചെയ്യുന്നതാണ്. നമുക്കു ലഭിക്കുന്ന നവജീവനാകട്ടെ, രൂപാന്തരപ്പെട്ട നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെ മാത്രമേ മറ്റുള്ളവർക്ക് കാണാൻ കഴിയൂ.
ദൈവം നിങ്ങൾക്കു നൽകിയ യഥാർഥ അടയാളത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നമ്മുടെ കർത്താവിൽനിന്ന് പ്രകടമായ ഏതെങ്കിലും അടയാളത്തിനായി കാത്തിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇനി കാത്തിരിക്കേണ്ടതില്ല. ക്രൂശിതരൂപത്തിലേക്കു നോക്കുക, യേശുവിന്റെ പീഡാനുഭവവും മരണവും കാണുക; എല്ലാ പാപത്തിനും സ്വാർഥതയ്ക്കും മരിച്ചുകൊണ്ട് അവിടുത്തെ അനുഗമിക്കാൻ തീരുമാനിക്കുക. അവിടുത്തോടൊപ്പം മരിക്കുക, അവിടുത്തോടൊപ്പം കല്ലറയിൽ പ്രവേശിക്കുക. സ്വർഗത്തിൽനിന്നുള്ള ഈ ഒരേയൊരു അടയാളത്താൽ നിങ്ങൾ രൂപാന്തരപ്പെടേണ്ടതിന്, ഈ നോമ്പുകാലത്ത് ആന്തരികമായി നവീകരിക്കപ്പെട്ടവരായി നിങ്ങളെ പുറത്തുകൊണ്ടുവരാൻ അവിടുത്തെ അനുവദിക്കുക.
ക്രൂശിതനായ എന്റെ കർത്താവേ, ഞാൻ ക്രൂശിതരൂപത്തിലേക്കു നോക്കുന്നു; അങ്ങയുടെ മരണത്തിൽ, ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തി ഞാൻ കാണുന്നു. അങ്ങയുടെ മരണം എന്റെ പാപങ്ങളുടെമേൽ വിജയം വരിക്കേണ്ടതിന്, കല്ലറയിലേക്കു വരെ അങ്ങയെ അനുഗമിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയ കർത്താവേ, അങ്ങയുടെ ഉത്ഥാനത്തിന്റെ പുതുജീവനിൽ പൂർണമായി പങ്കുചേരാൻ എനിക്കു കഴിയേണ്ടതിന്, ഈ നോമ്പുകാല യാത്രയിൽ എന്നെ സ്വതന്ത്രനാക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവഹിതത്തിനായി പ്രാർഥിക്കുക
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
“അപ്പം ചോദിക്കുമ്പോൾ മകനു കല്ലു കൊടുക്കുന്നവൻ നിങ്ങളിൽ ആരുണ്ട്? അല്ലെങ്കിൽ മീൻ ചോദിക്കുമ്പോൾ പാമ്പിനെ കൊടുക്കുന്നവൻ ആരുണ്ട്?” മത്തായി 7:9–10
ഉത്തരം വ്യക്തമായ ഒരു ചോദ്യമാണ് യേശു ഇവിടെ ചോദിക്കുന്നത്. ഭക്ഷണം ചോദിക്കുന്ന മകനോ മകൾക്കോ ഒരു മാതാവോ പിതാവോ കല്ലോ പാമ്പിനെയോ കൊടുക്കുകയില്ല. തീർച്ചയായും, അതുതന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും. യേശു തുടർന്നു പറയുന്നു: “…അപ്പോൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി നല്ല കാര്യങ്ങൾ നൽകും.”
നിങ്ങൾ ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ, നിങ്ങൾ ചോദിക്കുന്നതെന്തും നമ്മുടെ കർത്താവ് നൽകുമോ? തീർച്ചയായും ഇല്ല. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു വാതിൽ തുറക്കപ്പെടും” എന്നു യേശു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാക്കുകൾ ഇവിടെ യേശു നൽകുന്ന പ്രബോധനത്തിന്റെ മുഴുവൻ പശ്ചാത്തലത്തിലും ശ്രദ്ധാപൂർവം വായിക്കണം. നാം വിശ്വാസത്തോടെ ആത്മാർഥമായി “നല്ല കാര്യങ്ങൾ,” അതായത് നമ്മുടെ നല്ല ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്നവ, ചോദിക്കുമ്പോൾ അവിടുന്ന് നമ്മെ നിരാശരാക്കുകയില്ല എന്നതാണ് യാഥാർഥ്യം. തീർച്ചയായും, നാം യേശുവിനോട് എന്തുതന്നെ യാചിച്ചാലും അവിടുന്ന് അതു നമുക്കു നൽകുമെന്ന് ഇതിനർഥമില്ല.
നമ്മുടെ കർത്താവ് നമുക്ക് തീർച്ചയായും നൽകുന്ന ആ “നല്ല കാര്യങ്ങൾ” എന്തൊക്കെയാണ്? അവയിൽ പ്രഥമവും പ്രധാനവുമായത് നമ്മുടെ പാപങ്ങളുടെ ക്ഷമയാണ്. നമ്മുടെ നല്ലവനായ ദൈവത്തിന്റെ മുമ്പിൽ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിൽ, നാം നമ്മെത്തന്നെ എളിമപ്പെടുത്തുന്നുവെങ്കിൽ, സൗജന്യമായി നൽകപ്പെടുന്നതും നമ്മെ രൂപാന്തരപ്പെടുത്തുന്നതുമായ പാപക്ഷമയുടെ ദാനം നമുക്കു ലഭിക്കുമെന്ന് പൂർണമായി ഉറപ്പിക്കാം.
പാപങ്ങളുടെ ക്ഷമയ്ക്കുപുറമേ, ജീവിതത്തിൽ നമുക്ക് ആവശ്യമായ മറ്റു പല കാര്യങ്ങളുമുണ്ട്; നമ്മുടെ നല്ലവനായ ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തി നമുക്കു നൽകാൻ ദൈവം എപ്പോഴും ആഗ്രഹിക്കുന്നു. നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നു. എല്ലാ സുകൃതങ്ങളിലും വളരാൻ നമ്മെ സഹായിക്കാൻ അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നു. തീർച്ചയായും, നമ്മെ സ്വർഗത്തിലേക്കു നയിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. ഈ കാര്യങ്ങൾക്കായിട്ടാണ് നാം ഓരോ ദിവസവും പ്രത്യേകമായി പ്രാർഥിക്കേണ്ടത്.
എന്നാൽ ഒരു പുതിയ ജോലി, കൂടുതൽ പണം, മെച്ചപ്പെട്ട ഒരു വീട്, ഒരു പ്രത്യേക വിദ്യാലയത്തിൽ പ്രവേശനം, ശാരീരിക സൗഖ്യം തുടങ്ങിയ മറ്റു കാര്യങ്ങളുടെ കാര്യമോ? ഇവയ്ക്കും ജീവിതത്തിലെ സമാനമായ മറ്റു കാര്യങ്ങൾക്കും വേണ്ടി നാം പ്രാർഥിക്കണം; എന്നാൽ ഒരു വ്യവസ്ഥയോടെ. നമ്മുടെ ഹിതമല്ല, ദൈവത്തിന്റെ ഹിതം നിറവേറണമെന്നു പ്രാർഥിക്കുക എന്നതാണ് ആ “വ്യവസ്ഥ”. ജീവിതത്തെ അതിന്റെ സമഗ്രതയിൽ നാം കാണുന്നില്ലെന്നും, എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഏറ്റവുമധികം മഹത്ത്വം നൽകുന്നത് എന്താണെന്ന് നമുക്ക് എല്ലായ്പ്പോഴും അറിയില്ലെന്നും നാം എളിമയോടെ അംഗീകരിക്കണം. അതിനാൽ, ആ പുതിയ ജോലി നിങ്ങൾക്കു ലഭിക്കാതിരിക്കുന്നതോ, ഈ വിദ്യാലയത്തിൽ പ്രവേശനം കിട്ടാതിരിക്കുന്നതോ, ഈ രോഗംപോലും സൗഖ്യപ്പെടാതിരിക്കുന്നതോ കൂടുതൽ നല്ലതായിരിക്കാം. എന്നാൽ നമുക്ക് ഏറ്റവും നല്ലതും, ജീവിതത്തിൽ ദൈവത്തിന് ഏറ്റവുമധികം മഹത്ത്വം നൽകാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ കാര്യങ്ങൾ ദൈവം എപ്പോഴും നമുക്കു നൽകുമെന്ന് നമുക്ക് ഉറപ്പിക്കാം. നമ്മുടെ കർത്താവിന്റെ കുരിശുമരണം ഇതിന് ഉത്തമ ഉദാഹരണമാണ്. ആ പാനപാത്രം തന്നിൽനിന്ന് നീക്കണമേയെന്ന് അവിടുന്ന് പ്രാർഥിച്ചു; “എങ്കിലും എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ.” തീർച്ചയായും, കുരിശിലെ തന്റെ പുത്രന്റെ മരണത്തിന്റെ മഹത്തായ നിത്യമായ മൂല്യം പിതാവ് കാണുകയും അതിനനുസരിച്ച് അവിടുത്തെ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുകയും ചെയ്തു.
നിങ്ങൾ എങ്ങനെയാണ് പ്രാർഥിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. ഏറ്റവും നല്ലത് എന്താണെന്ന് നമ്മുടെ കർത്താവിന് അറിയാമെന്ന ബോധ്യത്തോടെ, ഫലത്തോട് ആസക്തിയില്ലാതെ നിങ്ങൾ പ്രാർഥിക്കുന്നുണ്ടോ? നിങ്ങൾക്ക് യഥാർഥത്തിൽ നല്ലത് എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്ന് എളിമയോടെ സമ്മതിക്കുന്നുണ്ടോ? അങ്ങനെയാണെന്ന് വിശ്വസിക്കുക; എല്ലാ കാര്യങ്ങളിലും ദൈവഹിതം നിറവേറാൻ പൂർണമായ വിശ്വാസത്തോടെ പ്രാർഥിക്കുക. ആ പ്രാർഥനയ്ക്ക് അവിടുന്ന് ഉത്തരം നൽകുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
അനന്തമായ ജ്ഞാനവും അറിവുമുള്ള പ്രിയ കർത്താവേ, അങ്ങയുടെ നന്മയിലും എന്നോടുള്ള കരുതലിലും എപ്പോഴും ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ആവശ്യങ്ങളിൽ അനുദിനം അങ്ങയിലേക്കു തിരിയാനും അങ്ങയുടെ പരിപൂർണമായ തിരുമനസ്സിനനുസരിച്ച് അങ്ങ് എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമെന്ന് വിശ്വസിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ എന്നിൽ പ്രവർത്തിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ക്ഷമയ്ക്കുമപ്പുറം
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
“കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ എതിരാളിയുമായി വേഗം ഒത്തുതീർപ്പിലെത്തുക. അല്ലെങ്കിൽ നിന്റെ എതിരാളി നിന്നെ ന്യായാധിപനു കൈമാറും; ന്യായാധിപൻ നിന്നെ കാവൽക്കാരനു കൈമാറുകയും നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്യും. ആമേൻ, ഞാൻ നിന്നോടു പറയുന്നു: അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർക്കുന്നതുവരെ നീ മോചിതനാകുകയില്ല.” മത്തായി 5:26
ക്രിമിനൽ കേസിനെയോ സിവിൽ കേസിനെയോ കുറിച്ചും നിയമനടപടികൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചുമുള്ള നിയമോപദേശമാണോ നമ്മുടെ കർത്താവ് ഇവിടെ നൽകിയത്? തീർച്ചയായും അല്ല. നീതിമാനായ ന്യായാധിപൻ എന്ന നിലയിലുള്ള തന്റെ ഒരു ചിത്രമാണ് അവിടുന്ന് നമ്മുടെ മുമ്പിൽ അവതരിപ്പിച്ചത്. നമ്മുടെ “എതിരാളി”യായി കാണപ്പെടാവുന്ന ആരോടും, അങ്ങനെയുള്ള എല്ലാവരോടും, കരുണ കാണിക്കാൻ അവിടുന്ന് നമ്മെ ഉദ്ബോധിപ്പിക്കുകയായിരുന്നു.
മറ്റൊരാളോടു ക്ഷമിക്കുക എന്നത് അനിവാര്യമാണ്. ക്ഷമ ഒരിക്കലും നിഷേധിക്കാനാവില്ല. എന്നാൽ വാസ്തവത്തിൽ ക്ഷമ മാത്രം മതിയാവുകയുമില്ല. അതിനുമപ്പുറത്തേക്കു പോകുന്ന അനുരഞ്ജനമായിരിക്കണം ആത്യന്തിക ലക്ഷ്യം. മുകളിൽ നൽകിയിരിക്കുന്ന സുവിശേഷഭാഗത്തിൽ, നമ്മുടെ എതിരാളികളുമായി “ഒത്തുതീർപ്പിലെത്താൻ” യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു; അതിലൂടെ അനുരഞ്ജനത്തെയാണ് അവിടുന്ന് സൂചിപ്പിക്കുന്നത്. ബൈബിളിന്റെ RSV പരിഭാഷയിൽ ഇത് ഇപ്രകാരം പറയുന്നു: “നിന്റെമേൽ കുറ്റം ആരോപിക്കുന്നവനുമായി വേഗം സൗഹൃദത്തിലാകുക…” നിങ്ങളുടെമേൽ കുറ്റം ആരോപിച്ച ഒരാളുമായി, പ്രത്യേകിച്ചും അത് വ്യാജമായ ഒരു ആരോപണമാണെങ്കിൽ, “സൗഹൃദം” വളർത്താൻ പരിശ്രമിക്കുന്നത് ആ വ്യക്തിയോടു കേവലം ക്ഷമിക്കുന്നതിനും ഏറെ അപ്പുറത്തേക്കു പോകുന്ന കാര്യമാണ്.
മറ്റൊരാളുമായി അനുരഞ്ജനത്തിലാവുകയും യഥാർഥ സൗഹൃദം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതിനർഥം, നിങ്ങൾ ക്ഷമിക്കുക മാത്രമല്ല, ആ വ്യക്തിയുമായി സ്നേഹബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യുകയും വേണം എന്നാണ്. നിങ്ങൾ ഇരുവരും നിങ്ങളുടെ പരാതിയും പരിഭവവും പിന്നിലാക്കി പുതുതായി തുടങ്ങുക എന്നാണ് അതിനർഥം. തീർച്ചയായും, അതിന് ഇരുവരും സ്നേഹത്തിൽ സഹകരിക്കേണ്ടതുണ്ട്; എന്നാൽ നിങ്ങളുടെ ഭാഗത്തുനിന്ന്, ഈ അനുരഞ്ജനം സാധ്യമാക്കാൻ നിങ്ങൾ ആത്മാർഥമായി പരിശ്രമിക്കണം എന്നാണ് അതിനർഥം.
നിങ്ങളെ വേദനിപ്പിച്ച ഒരാളെക്കുറിച്ച് ചിന്തിക്കുക; ആ വേദനയുടെ ഫലമായി ആ വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചിരിക്കുന്നു. ദൈവസന്നിധിയിൽ പ്രാർഥനാപൂർവം നിങ്ങൾ ആ വ്യക്തിയോടു ക്ഷമിച്ചിട്ടുണ്ടോ? ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുകയും അവരോടു ക്ഷമിക്കണമെന്നു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ബന്ധം നന്നാക്കാൻ സ്നേഹത്തോടെ അവരെ സമീപിക്കുക എന്ന അടുത്ത ചുവടുവയ്ക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്. ഇതിന് വലിയ എളിമ ആവശ്യമാണ്—പ്രത്യേകിച്ച്, വേദനയ്ക്കു കാരണക്കാരൻ മറ്റേ വ്യക്തിയായിരിക്കുമ്പോഴും, നിങ്ങളോടു ഖേദം പ്രകടിപ്പിച്ച് ക്ഷമ ചോദിക്കാൻ അവർ തയ്യാറായിട്ടില്ലാത്തപ്പോഴും. അവർ അങ്ങനെ ചെയ്യുന്നതുവരെ കാത്തിരിക്കരുത്. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്നും ആ മുറിവ് സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അവരെ അറിയിക്കാനുള്ള വഴികൾ തേടുക. അവരുടെ പാപം അവരുടെ മുമ്പിൽ നിരന്തരം എടുത്തുകാട്ടുകയോ പക വച്ചുപുലർത്തുകയോ ചെയ്യരുത്. സ്നേഹവും കരുണയും മാത്രം തേടുക.
ശക്തമായ വാക്കുകളോടെയാണ് യേശു ഈ ഉപദേശം അവസാനിപ്പിക്കുന്നത്. ചുരുക്കത്തിൽ, അനുരഞ്ജനത്തിലാകാനും നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനും കഴിയുന്നതെല്ലാം ചെയ്യുന്നതിൽ നിങ്ങൾ വീഴ്ച വരുത്തിയാൽ, അതിന് നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടിവരും. ആദ്യമിത് അനീതിയാണെന്നു തോന്നിയേക്കാമെങ്കിലും, തീർച്ചയായും അങ്ങനെയല്ല; കാരണം, നമ്മുടെ കർത്താവ് ഓരോ ദിവസവും നമുക്കു നൽകുന്ന കരുണയുടെ ആഴം ഇതാണ്. നമ്മുടെ പാപത്തെക്കുറിച്ച് വേണ്ടത്ര പശ്ചാത്തപിക്കാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല; എന്നിട്ടും ദൈവം നമ്മോടു ക്ഷമിക്കുകയും നമ്മെ തന്നോടു രമ്യതയിലാക്കുകയും ചെയ്യുന്നു. എത്ര വലിയ കൃപ! എന്നാൽ ഇതേ കരുണ മറ്റുള്ളവർക്കു നൽകുന്നതിൽ നാം വീഴ്ച വരുത്തിയാൽ, ഫലത്തിൽ ഈ കരുണ നമുക്കു നൽകാനുള്ള ദൈവത്തിന്റെ കഴിവിനെ നാം പരിമിതപ്പെടുത്തുകയാണ്. അപ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്വന്തം കടത്തിന്റെ “അവസാനത്തെ നാണയം” വരെ നാം തിരികെ നൽകേണ്ടിവരും.
നിങ്ങൾ പൂർണമായി അനുരഞ്ജനത്തിലാകുകയും സ്നേഹബന്ധം വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യേണ്ട ഒരാൾ ഇപ്പോൾ മനസ്സിൽ വരുന്നുണ്ടാകാം. ഇന്ന് ആ വ്യക്തിയെക്കുറിച്ച് ധ്യാനിക്കുക. ഈ കൃപയ്ക്കായി പ്രാർഥിക്കുക, അതിനായി സ്വയം സമർപ്പിക്കുക, അതിനുള്ള അവസരങ്ങൾ തേടുക. ഒട്ടും മടിക്കാതെ അങ്ങനെ ചെയ്യുക; നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടിവരുകയില്ല.
അത്യന്തം കരുണാമയനായ എന്റെ കർത്താവേ, എന്നോടു ക്ഷമിച്ചതിനും ഇത്ര പരിപൂർണ്ണമായും സമ്പൂർണ്ണമായും എന്നെ സ്നേഹിക്കുന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ മനസ്താപം അപൂർണ്ണമായിരുന്നിട്ടും എന്നോട് അനുരഞ്ജനത്തിലായതിന് നന്ദി. പ്രിയ കർത്താവേ, എന്റെ ജീവിതത്തിലുള്ള പാപിയെ സ്നേഹിക്കാൻ സദാ ആഗ്രഹിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. അങ്ങയുടെ ദൈവിക കരുണയെ അനുകരിച്ച് പരമാവധി കരുണ കാണിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സ്നേഹത്തിന്റെ പൂർണത
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ശനിയാഴ്ച
“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ദുഷ്ടരുടെയും നല്ലവരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.” മത്തായി 5:44–45
“അതിനാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ” എന്ന യേശുവിന്റെ വാക്കുകളോടെയാണ് ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു ഉന്നതമായ വിളിയാണ്! നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന പൂർണതയുടെ ഭാഗമായി, നിങ്ങളുടെ “ശത്രുക്കൾ” എന്നു നിങ്ങൾ കരുതുന്നവരെയും നിങ്ങളെ “പീഡിപ്പിക്കുന്നവരെയും” പോലും ഉദാരമായും പൂർണമായും സ്നേഹിക്കേണ്ടതുണ്ടെന്നു വ്യക്തമാണ്.
ഈ ഉന്നതമായ വിളിയെ അഭിമുഖീകരിക്കുമ്പോൾ ഉടനെയുള്ള പ്രതികരണം നിരുത്സാഹമായിരിക്കാം. ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു കൽപനയെ അഭിമുഖീകരിക്കുമ്പോൾ, ഇങ്ങനെ സ്നേഹിക്കാൻ തനിക്കു കഴിയില്ലെന്നു നിങ്ങൾക്കു തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്; പ്രത്യേകിച്ച്, മറ്റൊരാൾ നിങ്ങളെ തുടർന്നും വേദനിപ്പിക്കുമ്പോൾ. എന്നാൽ തികച്ചും സാധ്യമായ മറ്റൊരു പ്രതികരണമുണ്ട്; അതിനായിരിക്കണം നാം ലക്ഷ്യമിടേണ്ടത്. ആ പ്രതികരണം അഗാധമായ കൃതജ്ഞതയാണ്.
തന്റെ പൂർണതയുള്ള ജീവിതത്തിൽ നാമും പങ്കുചേരണമെന്നു നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു എന്നതിനെപ്രതിയാണ് നാം കൃതജ്ഞത അനുഭവിക്കാൻ സ്വയം അനുവദിക്കേണ്ടത്. ഈ ജീവിതം നയിക്കാൻ അവിടുന്ന് നമ്മോടു കൽപിക്കുന്നു എന്ന വസ്തുത, അത് തികച്ചും സാധ്യമാണെന്നും നമ്മോടു പറയുന്നു. എത്ര വലിയ ദാനം! അവിടുത്തെ സ്വന്തം ഹൃദയത്തോടെ സ്നേഹിക്കാനും അവിടുന്ന് എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന അതേ അളവിൽ സ്നേഹിക്കാനും നമ്മുടെ കർത്താവിൽനിന്നു ക്ഷണം ലഭിക്കുന്നത് എത്ര വലിയ ബഹുമതിയാണ്! സ്നേഹത്തിന്റെ ഈ തലത്തിലേക്ക് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത നമ്മുടെ ഹൃദയങ്ങളിൽനിന്ന് കർത്താവിനോടുള്ള അഗാധമായ നന്ദി ഉയരാൻ ഇടയാക്കണം.
എന്നാൽ യേശുവിന്റെ ഈ വിളിയോടുള്ള നിങ്ങളുടെ ഉടനെയുള്ള പ്രതികരണം നിരുത്സാഹമാണെങ്കിൽ, മറ്റുള്ളവരെ ഒരു പുതിയ കാഴ്ചപ്പാടോടെ നോക്കാൻ ശ്രമിക്കുക. അവരെ വിധിക്കുന്നതിൽനിന്നു പിന്തിരിയാൻ ശ്രമിക്കുക; പ്രത്യേകിച്ച്, നിങ്ങളെ ഏറ്റവും അധികം വേദനിപ്പിച്ചവരെയും ഇപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവരെയും. വിധിക്കുക എന്നതല്ല നിങ്ങളുടെ ചുമതല; സ്നേഹിക്കുകയും മറ്റുള്ളവരെ അവർ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവമക്കളായി കാണുകയും ചെയ്യുക എന്നതു മാത്രമാണ് നിങ്ങളുടെ ചുമതല. മറ്റൊരാളുടെ വേദനിപ്പിക്കുന്ന പ്രവൃത്തികളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നാൽ, കോപവികാരങ്ങൾ അനിവാര്യമായും ഉയർന്നുവരും. എന്നാൽ ഒട്ടും മടിക്കാതെ സ്നേഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളായി മാത്രം അവരെ കാണാൻ നിങ്ങൾ പരിശ്രമിച്ചാൽ, സ്നേഹവികാരങ്ങൾപോലും കൂടുതൽ എളുപ്പത്തിൽ നിങ്ങളിൽ ഉണരും. മഹത്തായ ഈ കൽപന നിറവേറ്റാൻ അതു നിങ്ങളെ സഹായിക്കും.
സ്നേഹത്തിലേക്കുള്ള ഈ ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുകയും നിങ്ങളുടെ ഹൃദയത്തിൽ കൃതജ്ഞത വളർത്താൻ പരിശ്രമിക്കുകയും ചെയ്യുക. നിങ്ങളിൽ കോപത്തിനുള്ള പ്രലോഭനം ഉണർത്തുന്നവർ ഉൾപ്പെടെ എല്ലാ മനുഷ്യരെയും അവിടുത്തെ ഹൃദയത്തോടെ സ്നേഹിക്കുന്നതിലൂടെ, അത്ഭുതകരമായ ഒരു ദാനം നിങ്ങൾക്കു നൽകാൻ കർത്താവ് ആഗ്രഹിക്കുന്നു. അവരെ സ്നേഹിക്കുക, അവരെ ദൈവമക്കളായി കാണുക, നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന പൂർണതയുടെ ഉന്നതങ്ങളിലേക്ക് നിങ്ങളെ ആകർഷിക്കാൻ ദൈവത്തെ അനുവദിക്കുക.
പരിപൂർണ്ണനായ എന്റെ കർത്താവേ, എന്റെ അനേകം പാപങ്ങൾക്കിടയിലും എന്നെ സ്നേഹിക്കുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. മറ്റുള്ളവരോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ ആഴങ്ങളിൽ പങ്കുചേരാൻ എന്നെയും വിളിക്കുന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എല്ലാവരെയും കാണുന്നതുപോലെ അവരെ കാണാനും, അങ്ങ് അവരെ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കാനും എനിക്കു കണ്ണുകൾ നൽകണമേ. കർത്താവേ, ഞാൻ അങ്ങയെ സത്യമായും സ്നേഹിക്കുന്നു. അങ്ങയെയും മറ്റുള്ളവരെയും കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
Amazon – Google Play – iTunes – Barnes and Noble

