4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
പരസ്യമായ മാനസാന്തരം
ആഗമനകാലത്തിലെ രണ്ടാം ഞായർ (വർഷം A)
ഫരിസേയരിലും സദുക്കായരിലും പലരും തന്റെ സ്നാനത്തിനായി വരുന്നതു കണ്ടപ്പോൾ അവൻ അവരോടു പറഞ്ഞു: “അണലിസന്തതികളേ! വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയതാര്? നിങ്ങളുടെ മാനസാന്തരത്തിനു തെളിവായി നല്ല ഫലം പുറപ്പെടുവിക്കുവിൻ.” മത്തായി 3:7–8
ഇത് വളരെ തീക്ഷ്ണവും അതേസമയം ഏറെ വിശുദ്ധവുമായ ഒരു കൂടിക്കാഴ്ചയായിരുന്നു. ഏറെ ജനപ്രീതിയും ആദരവും നേടിയവനും ഒരു വലിയ പ്രവാചകനായി കരുതപ്പെട്ടവനുമായ വിശുദ്ധ സ്നാപക യോഹന്നാൻ ഫരിസേയരോടും സദുക്കായരോടും കഠിനമായി സംസാരിച്ചതിനാലാണ് ഇത് തീക്ഷ്ണമായത്. “അണലിസന്തതികളേ!” എന്ന് അദ്ദേഹം പറയുന്നു. സാധാരണയായി ആരും ഫരിസേയരോടും സദുക്കായരോടും ഇങ്ങനെയായിരുന്നില്ല സംസാരിച്ചിരുന്നത്.
അതു സത്യമായിരുന്നതിനാലാണ് യോഹന്നാൻ ഇങ്ങനെ സംസാരിക്കുന്നത്. ഈ മതനേതാക്കന്മാർ ആരെയും ദൈവത്തോട് കൂടുതൽ അടുപ്പിച്ചിരുന്നില്ല. ഈ മതനേതാക്കന്മാർ എങ്ങനെയുള്ളവരായിത്തീർന്നിരുന്നു എന്നു മനസ്സിലാക്കാൻ, പിന്നീട് യേശു ഫരിസേയരോടും സദുക്കായരോടും പറയാനിരുന്ന കാര്യങ്ങളെല്ലാം ധ്യാനിച്ചാൽ മാത്രം മതി.
അതിനാൽ ഈ ഭാഗം തീർച്ചയായും തീക്ഷ്ണമാണ്. എന്നാൽ ഇത് ഏറെ വിശുദ്ധവുമാണ്. ഈ “അണലിസന്തതികൾ” ശാസിക്കപ്പെടേണ്ടിയിരുന്നതിനാലാണ് ഇതു വിശുദ്ധമായിരിക്കുന്നത്. അവർ കുറ്റപ്പെടുത്തപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്നു. അവർ താഴ്ത്തപ്പെടേണ്ടിയിരുന്നു. സ്വന്തം പാപങ്ങളെപ്രതി പരസ്യമായി ആത്മാർഥതയോടെ അനുതപിക്കുന്നതിനെക്കാൾ ഒരാളെ വിനയപ്പെടുത്തുന്ന മറ്റൊന്നുമില്ല.
യോഹന്നാൻ ആ നേതാക്കളെ പാടേ തള്ളിക്കളയുന്നില്ലെന്നു ശ്രദ്ധിക്കുക. പകരം, അവരുടെ മാനസാന്തരത്തിന്റെ “തെളിവ്” അദ്ദേഹം ആവശ്യപ്പെടുന്നു. എന്തുകൊണ്ട്? അവരുടെ അഹങ്കാരം, സ്വയം നീതിമാന്മാരെന്ന ഭാവം, കാപട്യം, പൊതുജനങ്ങളുടെ ആദരവിനോടുള്ള മോഹം, മറ്റുള്ളവരെ കുറ്റംവിധിക്കൽ തുടങ്ങിയവ ഇസ്രായേൽ ജനത്തിന് വരുത്തിവച്ച ആത്മീയ ദോഷം നിമിത്തം. അവർ വിശ്വാസത്തെ അത്രമാത്രം വികലമാക്കിയിരുന്നതിനാൽ, അവരുടെ ആത്മാക്കളുടെ നന്മയ്ക്കായി പരസ്യമായ മാനസാന്തരം ആവശ്യമായിരുന്നു. അവർ മാറിയെന്നതിന്റെ അടയാളമായി അവരുടെ ജീവിതത്തിൽനിന്ന് ആത്മാർഥമായ നല്ല ഫലങ്ങൾ പുറപ്പെടുന്നത് എല്ലാവരും കാണേണ്ടതുണ്ടായിരുന്നു. ഫരിസേയർക്കും സദുക്കായർക്കും ഇത് നിറവേറ്റാൻ പ്രയാസമുള്ള ഒരു ആവശ്യമാണെങ്കിലും, അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധിയിലേക്കുള്ള വഴി ഇതാണ്.
നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. ഫരിസേയരും സദുക്കായരും അകപ്പെട്ട അതേ കെണികളിൽ ചിലതിൽ വീഴാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിച്ചിട്ടുണ്ടെങ്കിൽ, വ്യക്തവും വിനീതവും പരസ്യവുമായ ഒരു മാറ്റം നിങ്ങൾക്കും ഏറെ പ്രയോജനം ചെയ്യും. സ്വയം നീതിമാനെന്ന ഭാവം, കുറ്റം പറയുന്ന നാവ്, “ഞാൻ നിന്നെക്കാൾ വിശുദ്ധനാണ്” എന്ന മനോഭാവം, അല്ലെങ്കിൽ മറ്റുള്ളവരെ വിധിക്കുന്ന സമീപനം എന്നിവയുമായി നിങ്ങൾ മല്ലിട്ടിട്ടുണ്ടെങ്കിൽ, വിനീതവും പരസ്യവുമായ ഒരു മാനസാന്തരം നിങ്ങൾക്ക് വളരെ ആവശ്യമായിരിക്കാം.
ഇന്ന് ഫരിസേയരെയും സദുക്കായരെയും കുറിച്ച് ചിന്തിക്കുക. അവരുടെ പാപവും യോഹന്നാൻ അവരെ “അണലികളുടെ സന്തതികളേ” എന്നു വിളിച്ചതിന്റെ കാരണവും മനസ്സിലാക്കാൻ ശ്രമിക്കുക. അവരുടെ അഹങ്കാരത്തിന്റെയും സ്വയം നീതിമാന്മാരെന്ന ഭാവത്തിന്റെയും എന്തെങ്കിലും അംശം നിങ്ങളുടെ സ്വന്തം ആത്മാവിൽ കാണുന്നുണ്ടെങ്കിൽ, സ്നാപക യോഹന്നാന്റെ ഈ ഉപദേശം നിങ്ങളോടു നേരിട്ടു പറയുന്നതുപോലെ കേൾക്കുക. “നിങ്ങളുടെ മാനസാന്തരത്തിന്റെ തെളിവായി നല്ല ഫലം പുറപ്പെടുവിക്കുവിൻ.” ഇങ്ങനെ ചെയ്യുക; യഥാർഥ എളിമ എന്ന ദാനത്തിലൂടെ ദൈവം നിങ്ങളെ സ്വതന്ത്രരാക്കും.
എളിമയുള്ള എന്റെ കർത്താവേ, വലിയ എളിമയോടും ആത്മാർഥതയോടും കൂടിയ മാനസാന്തരത്തിലേക്ക് അങ്ങ് സകലരെയും വിളിക്കുന്നുവല്ലോ. എന്റെ പാപം കാണാനും അതിനെ നേരിടുന്നതിൽനിന്ന് ഒരിക്കലും പിന്മാറാതിരിക്കാനും എന്നെ സഹായിക്കണമേ. അങ്ങനെ, ആ മാലിന്യത്തിൽനിന്ന് എന്നെ മോചിപ്പിച്ച് വിശുദ്ധിയിലേക്കുള്ള പാതയിൽ കൂടുതൽ ഉറപ്പോടെ നിലനിറുത്താൻ അങ്ങേക്കു കഴിയുമല്ലോ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മരുഭൂമിയിലേക്കുള്ള വിളി
ആഗമനകാലത്തിലെ രണ്ടാം ഞായർ (വർഷം B)
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ: ഇതാ, ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: “കർത്താവിന്റെ വഴി ഒരുക്കുവിൻ, അവിടുത്തെ പാതകൾ നേരെയാക്കുവിൻ.” മർക്കോസ് 1:1–3
വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലെ ഈ ആരംഭവാക്യങ്ങൾ വിശുദ്ധ സ്നാപക യോഹന്നാനെ നമുക്കു പരിചയപ്പെടുത്തുന്നു. മിശിഹായ്ക്കു മുമ്പേ വരുമെന്ന് ഏശയ്യാ പ്രവചിച്ചത് യോഹന്നാനെക്കുറിച്ചായിരുന്നു. ലോകരക്ഷകനുവേണ്ടി ഏറ്റവും അടുത്ത ഒരുക്കം നടത്തുന്നവനാകാനുള്ള ഉത്തരവാദിത്വവും വിശേഷാനുഗ്രഹവും യോഹന്നാനു നൽകപ്പെട്ടു.
കർത്താവിനുവേണ്ടി ഏറ്റവും നന്നായി വഴി ഒരുക്കേണ്ടത് എങ്ങനെയെന്നു യോഹന്നാനെ ഉപദേശിക്കാനുള്ള ചുമതല മിക്ക ആളുകൾക്കും ലഭിച്ചിരുന്നെങ്കിൽ, ആദ്യം ജനനേതാക്കളെയും ഭരണാധികാരികളെയും സ്വാധീനമുള്ളവരെയും സമൂഹത്തിൽ ഉന്നതസ്ഥാനമുള്ളവരെയും സമീപിച്ച് അവരുടെ പിന്തുണ നേടണമെന്ന് അവർ അദ്ദേഹത്തോടു പറയുമായിരുന്നിരിക്കാം. അക്കാലത്തെ നേതാക്കളുടെ പൂർണപിന്തുണ മിശിഹായ്ക്ക് ആവശ്യമായിരുന്നുവെന്ന് പലരും നിഗമനത്തിലെത്തുമായിരുന്നു. എന്നാൽ യോഹന്നാൻ ചെയ്തത് അതല്ലെന്നു വ്യക്തമാണ്.
പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സ്നാപക യോഹന്നാൻ നയിക്കപ്പെട്ടത് ഏറ്റവും ഉന്നതരും സമ്പന്നരുമായവരുടെ ഭവനങ്ങളിലേക്കല്ല, ഭരണാധികാരികളുടെ സദസ്സുകളിലേക്കല്ല, സിനഗോഗുകളിലേക്കോ ദേവാലയത്തിലേക്കോ അല്ല. പകരം, യോഹന്നാൻ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു. വരണ്ടതും വിജനവുമായ ആ മരുഭൂമിയിൽ, അദ്ദേഹം അനേകം ആളുകളെ തന്നിലേക്കും തന്റെ മാനസാന്തരസന്ദേശത്തിലേക്കും ആകർഷിച്ചു.
സ്നാപക യോഹന്നാന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ദൈവം ഇന്നും അനേകരെ വിളിക്കുന്നു. ചരിത്രത്തിലെ ഒരു പ്രത്യേക സമയത്ത് യഥാർഥമായ ഒരു ദൗത്യത്തിനായി അയയ്ക്കപ്പെട്ട യഥാർഥ വ്യക്തിയായിരുന്നു യോഹന്നാൻ. എങ്കിലും, അദ്ദേഹം നിറവേറ്റിയ ദൗത്യം ഇന്നും വിവിധ രീതികളിൽ നിറവേറ്റപ്പെടേണ്ടതുണ്ട്. “കർത്താവിന്റെ വഴി” ഇന്നും ഒരുക്കപ്പെടേണ്ടതുണ്ട്. അനേകരുടെ അടുക്കലേക്കു വരാൻ കർത്താവ് ഇന്നും ആഗ്രഹിക്കുന്നു; കൃപയിലൂടെയുള്ള തന്റെ നിരന്തരമായ വരവിന് വഴിയൊരുക്കാൻ അവിടുത്തേക്കു പ്രവാചകരെ ആവശ്യമുണ്ട്. നിങ്ങൾ അവരിൽ ഒരാളാണോ?
വാസ്തവത്തിൽ, ധനികരോ ദരിദ്രരോ, വിദ്യാസമ്പന്നരോ വിദ്യാഭ്യാസമില്ലാത്തവരോ, ചെറുപ്പക്കാരോ വയോധികരോ എന്നിങ്ങനെ നാം ആരായിരുന്നാലും, കൃപയിലൂടെയുള്ള തന്റെ അനുദിന വരവിനു വഴിയൊരുക്കാൻ ദൈവം നമ്മിൽ ഓരോരുത്തരെയും വിളിക്കുന്നു. ആത്മാർഥമായ മാനസാന്തരത്തിലേക്കും ജീവിതപരിവർത്തനത്തിലേക്കും മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് വഴിയൊരുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ സാക്ഷ്യത്തിലൂടെയും വാക്കുകളിലൂടെയും ദൈവം നമ്മെ വിളിക്കുന്ന മറ്റു പല മാർഗങ്ങളിലൂടെയും ഇതു സാധിക്കുന്നു. തന്റെ വേല ചെയ്യാൻ ദൈവം നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്? അവിടുന്ന് തീർച്ചയായും നിങ്ങളെ വിളിക്കുന്നുണ്ട്. ആ വിളി സ്വീകരിക്കാൻ മനസ്സുതുറന്ന് ഉദാരമായി പ്രതികരിക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ.
ക്രിസ്തുവിന്റെ വരവിനായി നിങ്ങളെയും മറ്റുള്ളവരെയും ഒരുക്കുന്നതിന് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ആ “മരുഭൂമി”യെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ആവശ്യങ്ങളുള്ള ഏതൊരു ഇടവും നമ്മുടെ കർത്താവ് ഇല്ലാത്ത ഓരോ ഇടവുമാണ് ആ മരുഭൂമി. അത് നിങ്ങളുടെ കുടുംബമോ ജോലിസ്ഥലമോ സമൂഹമോ സുഹൃത്തുക്കളുടെ ഇടമോ ദൈവകൃപയുടെ സമൃദ്ധി ഇല്ലാത്ത മറ്റേതെങ്കിലും ഇടമോ ആയിരിക്കാം. ആ മരുഭൂമികളിലേക്കു കടന്നുചെല്ലാനും ആവശ്യത്തിലിരിക്കുന്നവർക്ക് നമ്മുടെ കർത്താവിന്റെ കൃപ ഒഴുകിയെത്തുന്ന ഒരു ചാലകമാകാൻ മനസ്സുതുറക്കാനും ശ്രമിക്കുക.
കർത്താവേ, അങ്ങ് എല്ലാ ദിവസവും എന്റെയും അങ്ങയുടെ എല്ലാ മക്കളുടെയും അടുക്കലേക്കു വരാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ ദിവ്യമായ വരവിനായി എന്റെ ഹൃദയത്തെയും ആത്മാവിനെയും ഒരുക്കാൻ മാത്രമല്ല, അങ്ങയെ കണ്ടുമുട്ടാൻ മറ്റുള്ളവരെ ഒരുക്കാനും എന്നെ ഉപയോഗിക്കണമേ. വിശുദ്ധ സ്നാപക യോഹന്നാനെ അനുകരിക്കാനും കൃപയിലൂടെ അങ്ങ് അതിമഹത്വത്തോടെ വരുന്നതിനായി വഴിയൊരുക്കാനും എനിക്ക് ജ്ഞാനവും അനുകമ്പയും ഉൾക്കാഴ്ചയും ശക്തിയും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൃപയ്ക്കുള്ള തടസ്സങ്ങൾ നീക്കുക
ആഗമനകാലത്തിലെ രണ്ടാം ഞായർ (വർഷം C)
“എല്ലാ താഴ്വരകളും നികത്തപ്പെടും; എല്ലാ മലകളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞ വഴികൾ നേരെയാക്കപ്പെടും; ദുർഘടമായ പാതകൾ സുഗമമാക്കപ്പെടും. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ ദർശിക്കും.” ലൂക്കാ 3:5–6
ഏശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ വിശുദ്ധ സ്നാപക യോഹന്നാന്റെ ദൗത്യത്തെക്കുറിച്ചാണ് പറഞ്ഞത്. “കർത്താവിന്റെ വഴി ഒരുക്കുക”, “അവിടുത്തെ പാതകൾ നേരെയാക്കുക” എന്നിവയായിരുന്നു യോഹന്നാന്റെ ദൗത്യം. ഇതു പ്രവചിക്കുമ്പോൾ, യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് ഏശയ്യാ വളരെ വ്യക്തമായ ഈ ചിത്രം തുടർന്നു നൽകുന്നു. മലകളും താഴ്വരകളും നിരപ്പാക്കുകയും വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും ദുർഘടമായ ഭൂപ്രദേശം സുഗമമാക്കുകയും ചെയ്യുന്ന ഒരു ശുശ്രൂഷയായിരിക്കും അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിലേക്കുള്ള എല്ലാ തടസ്സങ്ങളും നീക്കി മിശിഹായെ കണ്ടുമുട്ടുന്നത് എളുപ്പമാക്കാനാണ് യോഹന്നാൻ വന്നത്.
യോഹന്നാൻ ഈ ദൗത്യം എങ്ങനെയാണ് പൂർത്തിയാക്കുന്നത്? വ്യാജമായ എല്ലാ ആകർഷണങ്ങളും ഇല്ലാതാകുന്ന വരണ്ടതും ശൂന്യവുമായ മരുഭൂമിയിലേക്ക് അക്കാലത്തെ ജനങ്ങളെ വിളിച്ചുകൊണ്ടാണ് അദ്ദേഹം അതു ചെയ്യുന്നത്. അവർ നേരിട്ടിരുന്ന അനേകം പാപങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും അകന്നുനിൽക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. അവരുടെ മാനസാന്തരം, ദൈവത്തിന്റെ മുമ്പിൽ തങ്ങളെത്തന്നെ താഴ്ത്തുകയും തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും ഒരു രക്ഷകനെ തങ്ങൾക്ക് ആവശ്യമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്ത ഒരു പ്രവൃത്തിയായിരുന്നു. ഈ എളിയ ഏറ്റുപറച്ചിലും തങ്ങളുടെ ജീവിതരീതി മാറ്റാനുള്ള ദൃഢനിശ്ചയവും ചേർന്ന്, കർത്താവായ ക്രിസ്തുവിലൂടെ വന്ന കൃപയും കരുണയും സ്വീകരിക്കാൻ ഓരോ ഹൃദയത്തെയും ഒരുക്കി.
ഇന്ന് ഒട്ടനേകം ആളുകൾ കൃപയ്ക്കുള്ള എണ്ണമറ്റ തടസ്സങ്ങളെ നേരിടുന്നു. ചിലർ ലൗകികസമ്പത്തും ഭൗതികസുഖങ്ങളും നൽകുന്ന സംതൃപ്തികളിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നതിനാൽ ദൈവത്തിന്റെ ആവശ്യം അവർക്കു കാര്യമായി അനുഭവപ്പെടുന്നില്ല. മറ്റു ചിലർക്കാകട്ടെ ഈ ലോകത്തിനു നൽകാനാകുന്നവയിൽ വളരെ കുറച്ചേ ഉള്ളൂവെങ്കിലും, പണത്തിനും അതു വാഗ്ദാനം ചെയ്യുന്ന ക്ഷണികമായ സുഖങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹം അവരെ കീഴടക്കിയിരിക്കുന്നു. ഇനിയും ചിലർ മറ്റു പലതരം പാപങ്ങളിലേക്കും വ്യാജസംതൃപ്തികളിലേക്കും ആകർഷിക്കപ്പെടുന്നു. എന്നാൽ ദൈവകൃപയുടെ മൃദുവായ മഴ ആഗിരണം ചെയ്യാൻ കാത്തിരിക്കുന്ന വരണ്ടതും വിജനവുമായ മരുഭൂമിപോലെയുള്ള ചിലരുമുണ്ട്. ഈ ലോകത്തിന്റെ വ്യാജവാഗ്ദാനങ്ങളിൽനിന്ന് അനാസക്തരാകാൻ പരിശ്രമിക്കുകയും കൃപയുടെ സമൃദ്ധി വരുമ്പോൾ അതു സ്വീകരിക്കാൻ ഒരുങ്ങിയിരിക്കേണ്ടതിന് “ശൂന്യരും” “വരണ്ടവരുമായി” നിലകൊള്ളുകയും ചെയ്യുന്നവരാണിവർ. ഈ വിശുദ്ധാത്മാക്കൾ മാനസാന്തരത്തിലേക്കുള്ള വിളിക്കു ചെവികൊടുക്കുകയും രക്ഷകനെ തങ്ങൾക്ക് ആവശ്യമുണ്ടെന്ന് വിനയപൂർവം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
ഈ ലോകത്തിന്റെ വ്യാജവും ക്ഷണികവുമായ എല്ലാ സംതൃപ്തികളിൽനിന്നും അനാസക്തമായി, ദൈവത്തിന്റെ കരുണയും കൃപയും മാത്രം ആഗിരണം ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന ആ വരണ്ടതും ഊഷരവുമായ മരുഭൂമിപോലെയാണോ നിങ്ങളുടെ ആത്മാവ് എന്ന് ഇന്നു ചിന്തിക്കുക. മാനസാന്തരം അനാസക്തിക്കു വഴിയൊരുക്കുന്നു; അനാസക്തി ആത്മാവിനെ ദൈവത്തിനായി ഒരുക്കുന്നു. ഒരാൾ യഥാർഥത്തിൽ അനാസക്തി കൈവരിക്കുകയും ദൈവത്തിലേക്കുള്ള അനേകം തടസ്സങ്ങളിൽനിന്ന് സ്വതന്ത്രനാകുകയും ചെയ്യുമ്പോൾ, ദൈവത്തിൽനിന്ന് നിങ്ങളുടെ ആത്മാവിലേക്കുള്ള വഴി നേരായതും എളുപ്പത്തിൽ സഞ്ചരിക്കാവുന്നതുമായിരിക്കും. നിങ്ങളുടെ ആത്മാവിനെക്കുറിച്ചും അതിൽ അനാരോഗ്യകരമായ ആസക്തികൾ എവിടെയെല്ലാം കാണുന്നുവെന്നും ഇന്നു ചിന്തിക്കുക. ദൈവത്തിന്റെ കൃപയുടെയും കരുണയുടെയും സമൃദ്ധി സ്വീകരിക്കാൻ ഏറ്റവും പൂർണമായി ഒരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടാകേണ്ടതിന് പൂർണഹൃദയത്തോടെ മാനസാന്തരപ്പെടുക.
കർത്താവേ, എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയിലേക്കു തിരിയുന്നു; ഈ ലോകത്തിലെ അനേകം നുണകളിൽനിന്നും സംതൃപ്തിയുടെ വ്യാജവാഗ്ദാനങ്ങളിൽനിന്നും ഞാൻ മാനസാന്തരപ്പെടുന്നു. വരണ്ടതും ഊഷരവുമായ മരുഭൂമിയിൽ പെയ്യുന്ന മൃദുവായ മഴപോലെ അങ്ങയെയും അങ്ങയുടെ കരുണയെയും ആഗിരണം ചെയ്യാൻ എന്റെ ആത്മാവ് കൂടുതൽ പൂർണമായി ഒരുങ്ങേണ്ടതിന്, അങ്ങയുടേതല്ലാത്ത എല്ലാറ്റിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. എന്റെ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കായി തുറന്നുതരുന്നു. വന്ന് എന്റെ ആത്മാവിനെ നിറയ്ക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അഹങ്കാരികളെയും ധിക്കാരികളെയും സ്നേഹിക്കുക
ആഗമനകാലത്തിലെ രണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ചില ആളുകൾ തളർവാതം ബാധിച്ച ഒരാളെ കിടക്കയിൽ ചുമന്നുകൊണ്ടുവന്നു. അവനെ അകത്തു കൊണ്ടുചെന്ന് അവിടുത്തെ സന്നിധിയിൽ കിടത്താൻ അവർ ശ്രമിച്ചു. എന്നാൽ ജനക്കൂട്ടം നിമിത്തം അവനെ അകത്തു കൊണ്ടുവരാൻ വഴി കാണാതെ അവർ മേൽക്കൂരയിൽ കയറി, ഓടുകൾക്കിടയിലൂടെ കിടക്കയോടെ അവനെ നടുവിലേക്ക്, യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു. ലൂക്കാ 5:18–19
തളർവാതരോഗിയുടെ വിശ്വാസനിറവുള്ള സുഹൃത്തുക്കൾ മേൽക്കൂരയിൽനിന്ന് അവനെ യേശുവിന്റെ മുമ്പിലേക്ക് താഴ്ത്തിയിറക്കുമ്പോൾ, “ഗലീലിയായിലെയും യൂദയായിലെയും എല്ലാ ഗ്രാമങ്ങളിൽനിന്നും ജറുസലെമിൽനിന്നും” വന്ന ഫരിസേയരും നിയമാധ്യാപകരും യേശുവിനു ചുറ്റും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ് (ലൂക്കാ 5:17). മതനേതാക്കൾ കൂട്ടംകൂട്ടമായാണ് വന്നത്. യഹൂദരിൽ ഏറ്റവും വിദ്യാഭ്യാസമുള്ളവരിൽപ്പെട്ട അവരും അന്നു യേശു സംസാരിക്കുന്നതു കാണാൻ ഒത്തുകൂടിയവരിലുണ്ടായിരുന്നു. അവർ വലിയ തോതിൽ യേശുവിനു ചുറ്റും കൂടിയിരുന്നതും, മേൽക്കൂര തുറക്കുക എന്ന അസാധാരണമായ നടപടി സ്വീകരിക്കാതെ യേശുവിന്റെ അടുത്തെത്താൻ തളർവാതരോഗിയുടെ സുഹൃത്തുക്കൾക്കു കഴിയാതിരുന്നതിന്റെ ഒരു കാരണമായിരുന്നു.
അപ്പോൾ, മേൽക്കൂരയിൽനിന്ന് തന്റെ മുമ്പിലേക്ക് തളർവാതരോഗിയെ താഴ്ത്തിയിറക്കുന്നതു കാണുമ്പോൾ യേശു എന്താണ് ചെയ്യുന്നത്? അവന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്ന് അവിടുന്ന് അവനോടു പറഞ്ഞു. സങ്കടകരമെന്നു പറയട്ടെ, ആ വാക്കുകൾ കേട്ട ഉടനെ ഈ മതനേതാക്കൾ തങ്ങളുടെ ഉള്ളിൽ കടുത്ത വിമർശനം ഉയർത്തി. അവർ പരസ്പരം പറഞ്ഞു: “ദൈവദൂഷണം പറയുന്ന ഇവൻ ആരാണ്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ കഴിയുക?” (ലൂക്കാ 5:21).
എന്നാൽ യേശു അവരുടെ ചിന്തകൾ അറിഞ്ഞു; ഈ മതനേതാക്കളുടെ നന്മയ്ക്കായി ഒരു കാര്യംകൂടി ചെയ്യാൻ തീരുമാനിച്ചു. തളർവാതരോഗിയുടെ പാപങ്ങൾ ക്ഷമിച്ചതിലൂടെ യേശു ആദ്യം ചെയ്തത് ആ രോഗിയുടെ നന്മയ്ക്കുവേണ്ടിയായിരുന്നു. എന്നാൽ ശ്രദ്ധേയമായ കാര്യം, ആ രോഗിയുടെ ശാരീരിക സൗഖ്യം പ്രധാനമായും അഹങ്കാരികളും സ്വയം നീതിമാന്മാരായി കരുതുന്നവരുമായ ഈ ഫരിസേയർക്കും നിയമജ്ഞർക്കും വേണ്ടിയായിരുന്നുവെന്നു തോന്നുന്നു. “ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്ന്” അവർ അറിയേണ്ടതിനാണ് യേശു ആ മനുഷ്യനെ സുഖപ്പെടുത്തുന്നത് (ലൂക്കാ 5:24). യേശു ഈ അത്ഭുതം പ്രവർത്തിച്ച ഉടനെ എല്ലാവരും “വിസ്മയഭരിതരായി” ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് സുവിശേഷം പറയുന്നു. മറ്റുള്ളവരെ വിധിച്ചിരുന്ന ആ മതനേതാക്കളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നു തോന്നുന്നു.
അപ്പോൾ ഇത് നമ്മെ എന്താണ് പഠിപ്പിക്കുന്നത്? അസാധാരണമായ അഹങ്കാരവും മറ്റുള്ളവരെ വിധിക്കുന്ന മനോഭാവവും ഉണ്ടായിരുന്നിട്ടും യേശു ഈ മതനേതാക്കളെ എത്ര ആഴമായി സ്നേഹിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു. അവരുടെ ഹൃദയം നേടാൻ അവിടുന്ന് ആഗ്രഹിച്ചു. അവർ മാനസാന്തരപ്പെടാനും തങ്ങളെത്തന്നെ താഴ്ത്താനും തന്നിലേക്കു തിരിയാനും അവിടുന്ന് ആഗ്രഹിച്ചു. തളർവാതം ബാധിച്ച്, ഇതിനകംതന്നെ തിരസ്കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരാളോട് സ്നേഹവും അനുകമ്പയും കാണിക്കുന്നത് താരതമ്യേന എളുപ്പമാണ്. എന്നാൽ അഹങ്കാരികളും ധാർഷ്ട്യമുള്ളവരുമായ ആളുകളെക്കുറിച്ചും ആഴമായി കരുതണമെങ്കിൽ അളവറ്റ സ്നേഹം ആവശ്യമാണ്.
ഈ മതനേതാക്കളോട് യേശുവിനുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ കുറ്റം കണ്ടുപിടിക്കാൻ അവർ വരുകയും അവിടുത്തെക്കുറിച്ച് തെറ്റായ വിധി പറയുകയും അവിടുത്തെ കെണിയിൽ വീഴ്ത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്തെങ്കിലും, അവരുടെ ഹൃദയം നേടാനുള്ള ശ്രമങ്ങൾ യേശു ഒരിക്കലും ഉപേക്ഷിച്ചില്ല. നമ്മുടെ കർത്താവിന്റെ ഈ കരുണയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ സ്നേഹിക്കാൻ ഏറ്റവും പ്രയാസമുള്ള വ്യക്തിയെക്കുറിച്ചും ഓർക്കുക. നമ്മുടെ ദിവ്യനാഥനെ അനുകരിച്ച് ആ വ്യക്തിയെ പൂർണഹൃദയത്തോടെ സ്നേഹിക്കാൻ വീണ്ടും പ്രതിജ്ഞയെടുക്കുക.
അത്യന്തം കരുണാമയനായ എന്റെ കർത്താവേ, മറ്റുള്ളവരോടു ക്ഷമയും കരുണയുമുള്ള ഒരു ഹൃദയം എനിക്കു നൽകണമേ. പ്രത്യേകിച്ച്, സ്നേഹിക്കാൻ എനിക്ക് ഏറ്റവും പ്രയാസം തോന്നുന്നവരെക്കുറിച്ച് ആഴമായ കരുതലുണ്ടാകാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ദൈവിക കരുണ അനുകരിച്ചുകൊണ്ട്, എല്ലാവരോടും സ്വയം മുഴുവനായി നൽകുന്ന സ്നേഹത്തോടെ പ്രവർത്തിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ; അങ്ങനെ അവർ അങ്ങയെ കൂടുതൽ ആഴത്തിൽ അറിയട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
നമ്മുടെ കർത്താവിന്റെ ആനന്ദം
ആഗമനകാലത്തിലെ രണ്ടാം വാരത്തിലെ ചൊവ്വാഴ്ച
“യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ അഭിപ്രായം എന്താണ്? ഒരാൾക്ക് നൂറ് ആടുകളുണ്ടായിരിക്കെ അവയിൽ ഒന്ന് വഴിതെറ്റിപ്പോയാൽ, തൊണ്ണൂറ്റൊമ്പതിനെയും മലകളിൽ വിട്ടിട്ട് വഴിതെറ്റിപ്പോയതിനെ അന്വേഷിച്ച് അവൻ പോകുകയില്ലേ?” മത്തായി 18:12
വഴിതെറ്റിപ്പോയ ആ ഒരാടിനെ കണ്ടെത്തുന്ന മനുഷ്യൻ “വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കാൾ അതിനെക്കുറിച്ച് കൂടുതൽ സന്തോഷിക്കുന്നു” എന്ന് ഈ സുവിശേഷഭാഗം തുടർന്നു പറയുന്നു. ഒറ്റനോട്ടത്തിൽ ഇത് അന്യായമാണെന്നു തോന്നാം. വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ചല്ലേ മുഖ്യമായും സന്തോഷിക്കേണ്ടത്? ഈ ഭാഗത്തിനു വ്യാഖ്യാനം നൽകുമ്പോൾ, വഴിതെറ്റിപ്പോയ ഒരാടിനെ അന്വേഷിച്ചുപോയ മനുഷ്യൻ ദൈവപുത്രനാണെന്ന് വിശുദ്ധ ഹിലരി വിശദീകരിക്കുന്നു. വഴിതെറ്റിയ മനുഷ്യകുലത്തെ അന്വേഷിച്ച് ഭൂമിയിലേക്ക് ഇറങ്ങിവരാൻ അവിടുന്ന് “തൊണ്ണൂറ്റൊമ്പതിനെ”, അതായത് സ്വർഗീയ ഗണങ്ങളുടെ മഹിമയെ, വിട്ടുപോന്നു. മനുഷ്യകുലം മുഴുവനുമാണ് നഷ്ടപ്പെട്ട ആ ഒരാട്. അതിൽ നാമെല്ലാവരും ഉൾപ്പെടുന്നു.
ഈ വ്യാഖ്യാനം നമുക്കു വെളിപ്പെടുത്തുന്ന ആദ്യത്തെ കാര്യം ഇതാണ്: സ്വർഗസ്ഥനായ പിതാവിൽനിന്ന് നാം ഏറെ അകന്നുപോയതിനുശേഷം, നമ്മിൽ ഓരോരുത്തരെയും അന്വേഷിച്ചുകണ്ടെത്താനുള്ള ദൗത്യവുമായാണ് ദൈവപുത്രൻ അയയ്ക്കപ്പെട്ടത്. നാം മടങ്ങിവരുന്നതും കാത്ത് പിതാവ് നിഷ്ക്രിയനായി ഇരിക്കുകയായിരുന്നില്ല. പകരം, നമ്മെ അന്വേഷിച്ചുകണ്ടെത്തി തന്റെ ദൈവിക ആട്ടിൻകൂട്ടത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള അശ്രാന്തമായ ദൗത്യവുമായി അവിടുന്ന് പുത്രനെ അയച്ചു.
ഈ ഭാഗത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മെ അന്വേഷിച്ചുവരുന്ന നമ്മുടെ കർത്താവിന്റെ തീക്ഷ്ണതയും ദൃഢനിശ്ചയവും തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നിങ്ങൾ ഇത് കാണുന്നുണ്ടോ? ദൈവത്തെ അന്വേഷിച്ചുകണ്ടെത്തേണ്ടത് മുഖ്യമായും നമ്മുടെ ഉത്തരവാദിത്വമാണെന്ന ചിന്തയുടെ കെണിയിൽ ചിലപ്പോൾ നാം അകപ്പെട്ടേക്കാം. തീർച്ചയായും നമുക്ക് ഈ ഉത്തരവാദിത്വമുണ്ടെങ്കിലും, നാം വഴിതെറ്റുമ്പോൾ നമ്മുടെ കർത്താവ് എത്ര തീക്ഷ്ണതയോടെ നമ്മെ അന്വേഷിക്കുന്നുവെന്നും നമ്മെ കണ്ടെത്താൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കുമ്പോൾ നമ്മുടെ കടമ ഏറെ എളുപ്പമായിത്തീരുന്നു. അനുദിനം നമ്മെ അന്വേഷിച്ചുകണ്ടെത്താൻ നമ്മുടെ കർത്താവ് ചെയ്തിട്ടുള്ളതെല്ലാം സ്വർഗത്തിൽവച്ചു മാത്രമേ നമുക്ക് പൂർണമായി മനസ്സിലാകൂ. എന്നാൽ ഇപ്പോൾ ഈ ആത്മീയസത്യം മനസ്സിലാക്കാൻ നാം പരിശ്രമിക്കണം; അങ്ങനെ നമ്മെ കണ്ടെത്താനുള്ള യേശുവിന്റെ അശ്രാന്തമായ അന്വേഷണത്തോട് നാം കൂടുതൽ തുറവുള്ളവരാകും.
ഈ ഭാഗം വെളിപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം, ദൈവപുത്രൻ നമ്മെ കണ്ടെത്തി നമ്മുടെ പാപത്തിൽനിന്ന് അകറ്റി കൊണ്ടുപോകുമ്പോഴെല്ലാം അവിടുത്തെ ഹൃദയത്തിലുണ്ടാകുന്ന ആനന്ദമാണ്. നമ്മോടു കോപിക്കുകയും നമ്മെ കുറ്റം വിധിക്കുകയും ചെയ്യുന്ന, വിധിക്കാൻ തിടുക്കമുള്ള ഒരു ദൈവമായി ദൈവത്തെ കാണുന്ന കെണിയിൽ പലപ്പോഴും നാം അകപ്പെട്ടേക്കാം. എന്നാൽ നാം വഴിതെറ്റുമ്പോൾ നമ്മെ കണ്ടെത്താൻ ദൈവപുത്രൻ എത്രത്തോളം പോയെന്ന് നാം മനസ്സിലാക്കുകയും, നമ്മെ കണ്ടെത്തി പാപത്തിൽനിന്ന് അകറ്റി കൊണ്ടുപോകുമ്പോൾ അവിടുത്തെ ഹൃദയത്തിലുണ്ടാകുന്ന ആനന്ദം ഗ്രഹിക്കുകയും ചെയ്താൽ, കൃപയാൽ അവിടുന്ന് നമ്മുടെ അടുക്കൽ വരുമ്പോഴെല്ലാം അവിടുത്തേക്കും അവിടുത്തെ സൗമ്യമായ ക്ഷണങ്ങൾക്കും അവിടുത്തെ കരുണാർദ്രമായ ഹൃദയത്തിനും നാം കൂടുതൽ സന്നദ്ധതയോടെ നമ്മെത്തന്നെ തുറന്നുകൊടുക്കും.
നമ്മുടെ കർത്താവ് നിങ്ങളെ വ്യക്തിപരമായി അന്വേഷിക്കുമ്പോൾ അവിടുത്തെ ഹൃദയത്തിലുള്ള വലിയ പ്രതീക്ഷയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അത് ആനന്ദത്തിനായുള്ള പ്രതീക്ഷയാണ്—നിങ്ങളെ എടുത്തുയർത്തി സൗമ്യമായി പിതാവിന്റെ അടുക്കലേക്കു തിരികെ കൊണ്ടുപോകുമ്പോൾ അവിടുത്തെ നിറയ്ക്കുന്ന ആനന്ദം. നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ ഈ ആനന്ദം സഫലമാകാൻ അനുവദിക്കുക; അങ്ങനെ ഈ ആനന്ദസമൃദ്ധിയിൽ നിങ്ങളും പങ്കുചേരും.
എന്നെ അശ്രാന്തം അന്വേഷിക്കുന്ന എന്റെ കർത്താവേ, അങ്ങയിലേക്കു കൂടുതൽ പൂർണമായി മടങ്ങിവരാൻ എന്നെ വിളിക്കുന്നതിൽ ഒരിക്കലും മടുക്കാതെ, രാവും പകലും അങ്ങ് എന്നെ അന്വേഷിക്കുന്നു. സ്നേഹത്തിന്റെയും കരുണയുടെയും അങ്ങയുടെ സൗമ്യമായ ക്ഷണങ്ങളോട് എപ്പോഴും പ്രതികരിച്ചുകൊണ്ട് അങ്ങയുടെ ഹൃദയത്തെ ആനന്ദത്താൽ നിറയ്ക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
നിങ്ങളുടെ ഭാരങ്ങൾ ഇറക്കിവയ്ക്കുക
ആഗമനകാലം രണ്ടാം ആഴ്ചയിലെ ബുധനാഴ്ച
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകാം.” മത്തായി 11:28
ജീവിതത്തിൽ ഏറ്റവും ആനന്ദകരവും ആരോഗ്യപ്രദവുമായ കാര്യങ്ങളിലൊന്നാണ് ഉറക്കം. ആഴമേറിയതും ഉന്മേഷദായകവുമായ ഉറക്കം ലഭിക്കുമ്പോൾ ഇത് പ്രത്യേകിച്ചും സത്യമാണ്. ഗാഢമായി ഉറങ്ങിയ വ്യക്തി ഉണരുമ്പോൾ ഉന്മേഷവും പുതിയൊരു ദിവസത്തെ വരവേൽക്കാനുള്ള സന്നദ്ധതയും അനുഭവിക്കുന്നു. തീർച്ചയായും, ഇതിന്റെ മറിച്ചും സത്യമാണ്. ഉറങ്ങാൻ പ്രയാസമുണ്ടാകുകയും ഉറക്കം അസ്വസ്ഥമാകുകയും ചെയ്യുമ്പോൾ പലവിധ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരും; പ്രത്യേകിച്ച് ആരോഗ്യകരമായ ഉറക്കത്തിന്റെ അഭാവം പതിവാകുമ്പോൾ.
നമ്മുടെ ആത്മീയജീവിതത്തിലും ഇതുതന്നെയാണ് സത്യം. പലർക്കും “ആത്മീയവിശ്രമം” അപരിചിതമായ ഒന്നാണ്. അവർ ഓരോ ആഴ്ചയും ഏതാനും പ്രാർഥനകൾ ചൊല്ലുകയോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയോ ഒരു വിശുദ്ധ മണിക്കൂർ ആചരിക്കുകപോലുമോ ചെയ്തേക്കാം. എന്നാൽ നമ്മിൽ ഓരോരുത്തരും ആഴമേറിയതും നമ്മെ രൂപാന്തരപ്പെടുത്തുന്നതുമായ പ്രാർഥനയിലേക്ക് പ്രവേശിക്കാത്തപക്ഷം, നമുക്കാവശ്യമായ ആന്തരിക ആത്മീയവിശ്രമം അനുഭവിക്കാൻ നമുക്കു കഴിയുകയില്ല.
ഇന്നത്തെ സുവിശേഷത്തിൽ “എന്റെ അടുക്കൽ വരുവിൻ…” എന്ന യേശുവിന്റെ ക്ഷണം, നമ്മുടെ ദൈനംദിനജീവിതത്തിലെ ഭാരങ്ങളിൽനിന്ന് നമ്മെ മോചിപ്പിക്കാൻ അവിടുത്തെ അനുവദിച്ചുകൊണ്ട് ആന്തരികമായി രൂപാന്തരപ്പെടാനുള്ള ക്ഷണമാണ്. പ്രലോഭനങ്ങൾ, ആശയക്കുഴപ്പങ്ങൾ, നിരാശകൾ, കോപം തുടങ്ങിയ ആത്മീയ ക്ലേശങ്ങളും വെല്ലുവിളികളും നാം പലപ്പോഴും ഓരോ ദിവസവും നേരിടുന്നു. ദുഷ്ടന്റെ നുണകളും, വർധിച്ചുവരുന്ന ലൗകികവത്കരണത്തിന്റെ സ്വാധീനത്തിലുള്ള സംസ്കാരത്തിന്റെ ശത്രുതയും, നാം ദിനംപ്രതി സ്വീകരിക്കുന്ന വിവിധ മാധ്യമങ്ങളിലൂടെ നമ്മുടെ ഇന്ദ്രിയങ്ങൾക്കുനേരെയുള്ള ആക്രമണവും പലപ്പോഴും ദിവസേന നമ്മെ വലയ്ക്കുന്നു. ഓരോ ദിവസവും നാം നേരിടുന്ന ഇവയും മറ്റു പല കാര്യങ്ങളും ആത്മീയതലത്തിൽ നമ്മെ ഉള്ളിൽനിന്ന് തളർത്തുന്നു. അതിനാൽ, നമ്മുടെ കർത്താവിൽനിന്നു മാത്രം ലഭിക്കുന്ന ആത്മീയ ഉന്മേഷം നമുക്കാവശ്യമാണ്. ആഴമേറിയതും നവജീവൻ പകരുന്നതുമായ പ്രാർഥനയിൽനിന്നു ലഭിക്കുന്ന ആത്മീയ “ഉറക്കം” നമുക്കാവശ്യമാണ്. എന്നാൽ, നമ്മുടെ മുഴുവൻ അസ്തിത്വത്തോടുംകൂടെ അവിടുത്തെ അടുക്കൽ വരാനുള്ള ക്രിസ്തുവിന്റെ ക്ഷണം സ്വീകരിക്കുകയും, നാം ആയിരിക്കുന്നതെല്ലാം, ഓരോ ദിവസവും നാം നേരിടുന്നതെല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയും ചെയ്താൽ മാത്രമേ അത്തരം പ്രാർഥന സാധ്യമാകൂ.
ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. പ്രത്യേകിച്ച് മാനസികമോ വൈകാരികമോ ആയ ഏതെങ്കിലും തളർച്ചയെക്കുറിച്ച് ധ്യാനിക്കുക. പലപ്പോഴും ഇത്തരം തളർച്ചകൾ യഥാർഥത്തിൽ ആത്മീയ സ്വഭാവമുള്ളവയാണ്; അവയ്ക്ക് ആത്മീയമായ പരിഹാരവും ആവശ്യമാണ്. ആഴമേറിയ പ്രാർഥനയിൽ അവിടുത്തെ അടുക്കൽ വരാനും അവിടുത്തെ സന്നിധിയിൽ വിശ്രമിക്കാനുമുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്, നമ്മുടെ കർത്താവ് നിങ്ങൾക്ക് നൽകുന്ന പരിഹാരം തേടുക. അങ്ങനെ ചെയ്യുന്നത്, നിങ്ങൾ പേറാൻ പാടുപെടുന്ന കനത്ത ഭാരങ്ങൾ നീങ്ങാൻ സഹായിക്കും.
എന്റെ സ്നേഹനാഥാ, അങ്ങയുടെ അടുക്കൽ വന്ന് അങ്ങയുടെ മഹിമയാർന്ന സാന്നിധ്യത്തിൽ വിശ്രമിക്കാനുള്ള ക്ഷണം ഞാൻ സ്വീകരിക്കുന്നു. പ്രിയനാഥാ, കൃപയും കരുണയും നിറഞ്ഞൊഴുകുന്ന അങ്ങയുടെ ഹൃദയത്തിലേക്ക് എന്നെ ആകർഷിക്കണമേ. അങ്ങയിൽ വിശ്രമിക്കാനും ജീവിതത്തിലെ അനേകം ഭാരങ്ങളിൽനിന്ന് മോചിതനാകാനും കഴിയേണ്ടതിന് അങ്ങയുടെ സാന്നിധ്യത്തിലേക്ക് എന്നെ ആകർഷിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആത്മാവിന്റെ ശത്രുക്കളെ ആക്രമിക്കുക
ആഗമനകാലം രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
“സ്നാപകയോഹന്നാന്റെ നാളുകൾ മുതൽ ഇന്നുവരെ സ്വർഗരാജ്യം ബലപ്രയോഗത്തിന് വിധേയമാകുന്നു; ബലപ്രയോഗം നടത്തുന്നവർ അതിനെ ബലമായി പിടിച്ചെടുക്കുന്നു.” മത്തായി 11:12
“ബലപ്രയോഗം നടത്തുന്നവരും” സ്വർഗരാജ്യം “ബലമായി” പിടിച്ചെടുക്കുന്നവരുമായ ആളുകളുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടോ? ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു!
ചിലപ്പോഴൊക്കെ യേശുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ പ്രയാസമാണ്. മുകളിലെ വചനഭാഗം അത്തരമൊരു സാഹചര്യം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾ വിശ്വാസത്തിന് വിരുദ്ധമായിരിക്കുമ്പോഴും “ധൈര്യസ്ഥൈര്യവും” “നിർഭയത്വവും” പുലർത്തുന്ന ക്രൈസ്തവരാണ് ഇവിടെ പറയുന്ന “ബലപ്രയോഗം നടത്തുന്നവർ” എന്ന് ഈ വചനഭാഗത്തെക്കുറിച്ച് വിശുദ്ധ ഹോസെമരിയ എസ്ക്രിവാ പറയുന്നു (കാണുക ക്രിസ്തു കടന്നുപോകുന്നു, 82). സ്വർഗരാജ്യം “തങ്ങൾക്കെതിരേ പോരാടുന്നവർക്കുള്ളതാണ്” എന്ന് അലക്സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമന്റ് പറയുന്നു (ഏതു ധനവാനാണ് രക്ഷിക്കപ്പെടുക, 21). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വർഗരാജ്യം നേടുന്നതിനായി സ്വന്തം ആത്മാവിന്റെ ശത്രുക്കൾക്കെതിരേ ശക്തമായി പോരാടുന്നവരാണ് സ്വർഗരാജ്യം പിടിച്ചെടുക്കുന്ന ഈ “ബലപ്രയോഗം നടത്തുന്നവർ”.
ആത്മാവിന്റെ ശത്രുക്കൾ ആരൊക്കെയാണ്? പരമ്പരാഗതമായി ലോകം, ജഡം, പിശാച് എന്നിവയെക്കുറിച്ചാണ് നാം പറയുന്നത്. ദൈവരാജ്യത്തിൽ ജീവിക്കാൻ പരിശ്രമിക്കുന്ന ക്രൈസ്തവരുടെ ആത്മാവിനുള്ളിൽ ഈ മൂന്നു ശത്രുക്കളും വലിയ അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. അപ്പോൾ നാം എങ്ങനെയാണ് ദൈവരാജ്യത്തിനുവേണ്ടി പോരാടേണ്ടത്? ബലം പ്രയോഗിച്ച്! “ആക്രമിക്കുന്നവർ” ദൈവരാജ്യം ബലമായി പിടിച്ചെടുക്കുന്നു എന്നാണ് ചില പരിഭാഷകൾ പറയുന്നത്. ക്രൈസ്തവജീവിതം തീർത്തും നിഷ്ക്രിയമായ ഒന്നായിരിക്കാൻ കഴിയില്ല എന്നാണ് ഇതിനർഥം. വെറുതെ പുഞ്ചിരിച്ചുകൊണ്ട് നമുക്ക് സ്വർഗത്തിൽ പ്രവേശിക്കാനാവില്ല. നമ്മുടെ ആത്മാവിന്റെ ശത്രുക്കൾ യാഥാർഥ്യമാണ്; അവർ ആക്രമണോത്സുകരുമാണ്. അതിനാൽ, ക്രിസ്തുവിന്റെ ധൈര്യസ്ഥൈര്യത്തോടും നിർഭയത്വത്തോടുംകൂടെ ഈ ശത്രുക്കളെ നേരിട്ട് എതിർക്കണം എന്ന അർഥത്തിൽ നാമും ആക്രമണോത്സുകരാകണം.
നാം ഇത് എങ്ങനെയാണ് ചെയ്യുക? ഉപവാസത്തിലൂടെയും സ്വയംപരിത്യാഗത്തിലൂടെയും ജഡമെന്ന ശത്രുവിനെ നാം നേരിടുന്നു. ക്രിസ്തുവിന്റെ സത്യത്തിൽ, സുവിശേഷത്തിന്റെ സത്യത്തിൽ, ഉറച്ചുനിന്നുകൊണ്ടും ഈ യുഗത്തിന്റെ “ജ്ഞാനത്തിന്” അനുരൂപരാകാൻ വിസമ്മതിച്ചുകൊണ്ടും നാം ലോകത്തെ നേരിടുന്നു. നമ്മെ വഞ്ചിക്കാനും ആശയക്കുഴപ്പത്തിലാക്കാനും എല്ലാ കാര്യങ്ങളിലും വഴിതെറ്റിക്കാനുമുള്ള പിശാചിന്റെ ദുഷ്ടപദ്ധതികളെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ നാം അവനെയും നേരിടുന്നു. അങ്ങനെ അവനെ ശാസിക്കാനും നമ്മുടെ ജീവിതത്തിലെ അവന്റെ പ്രവർത്തനങ്ങളെ തള്ളിക്കളയാനും നമുക്കു കഴിയും.
ഉള്ളിൽനിന്ന് ആക്രമിക്കുന്ന ആ ശത്രുക്കളോടു പോരാടാൻ മനക്കരുത്തിലും ധീരതയിലും വളരാനുള്ള നിങ്ങളുടെ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ പോരാട്ടത്തിൽ ഭയം പ്രയോജനശൂന്യമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയിലും കരുണയിലുമുള്ള വിശ്വാസമാണ് നമുക്കാവശ്യമായ ഏക ആയുധം. അവിടുന്നിൽ ആശ്രയിക്കുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളിൽനിന്നു കവർന്നെടുക്കാൻ ഈ ശത്രുക്കൾ ശ്രമിക്കുന്ന അനേകം മാർഗങ്ങൾക്കു വഴങ്ങരുത്.
മഹിമയുള്ളവനും വിജയിയുമായ എന്റെ നാഥാ, ലോകത്തിനും എന്റെ ജഡത്തിന്റെ പ്രലോഭനങ്ങൾക്കും പിശാചിനുതന്നെയും എതിരേ ഉറച്ചുനിൽക്കാൻ കഴിയേണ്ടതിന് അങ്ങയുടെ കൃപ ചൊരിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസത്തിന്റെ നല്ല പോരാട്ടം പോരാടാനും അങ്ങയെയും എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ അതിവിശുദ്ധമായ തിരുഹിതത്തെയും അന്വേഷിക്കുന്നതിൽ ഒരിക്കലും പതറാതിരിക്കാനും എനിക്ക് ധൈര്യവും നിർഭയത്വവും മനക്കരുത്തും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നൃത്തവും വിലാപവും
ആഗമനകാലം രണ്ടാം വാരത്തിലെ വെള്ളിയാഴ്ച
യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യപ്പെടുത്തും? ചന്തസ്ഥലങ്ങളിൽ ഇരുന്ന് പരസ്പരം വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് ഇത്: ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, എന്നാൽ നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി, എന്നാൽ നിങ്ങൾ വിലപിച്ചില്ല.’” മത്തായി 11:16–17
“ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി…” എന്നും “ഞങ്ങൾ വിലാപഗാനം പാടി…” എന്നും പറയുമ്പോൾ യേശു എന്താണ് അർഥമാക്കുന്നത്? ഈ “കുഴലൂത്തും” “വിലാപഗാനവും” പുരാതന പ്രവാചകന്മാർ പ്രസംഗിച്ച ദൈവവചനമാണെന്ന് സഭാപിതാക്കന്മാർ വ്യക്തമായി തിരിച്ചറിയുന്നു. വഴിയൊരുക്കാൻ യേശുവിനു മുമ്പ് അനേകർ വന്നു; എന്നാൽ അനേകർ അതു ശ്രവിച്ചില്ല. സ്നാപക യോഹന്നാൻ അവസാനത്തെയും ഏറ്റവും വലിയവനുമായ പ്രവാചകനായിരുന്നു. അദ്ദേഹം ജനങ്ങളെ മാനസാന്തരത്തിലേക്കു വിളിച്ചു, എന്നാൽ ചുരുക്കംപേർ മാത്രമേ ശ്രവിച്ചുള്ളൂ. അങ്ങനെ, ദുഃഖകരമായ ഈ സത്യം യേശു ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ കാലഘട്ടത്തിൽ പഴയനിയമത്തിലെ പ്രവാചകന്മാരെക്കാൾ എത്രയോ അധികം നമുക്കു ലഭിച്ചിട്ടുണ്ട്. വിശുദ്ധരുടെ വിസ്മയകരമായ സാക്ഷ്യവും സഭയുടെ അപ്രമാദിത്വമുള്ള പ്രബോധനവും കൂദാശകളുടെ ദാനവും പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവപുത്രന്റെതന്നെ ജീവിതവും പ്രബോധനവും നമുക്കുണ്ട്. എന്നിട്ടും, ദുഃഖകരമെന്നു പറയട്ടെ, അനേകർ ശ്രവിക്കാൻ വിസമ്മതിക്കുന്നു. സുവിശേഷത്തോടുള്ള പ്രതികരണമായി “നൃത്തം ചെയ്യാനും” “വിലപിക്കാനും” അനേകർ തയ്യാറാകുന്നില്ല.
ക്രിസ്തുയേശു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നൽകുന്ന ദാനം നമ്മുടെ പൂർണഹൃദയത്തോടെയുള്ള ആനന്ദത്തിനും നിത്യാരാധനയ്ക്കും കാരണമാകണം എന്ന അർഥത്തിലാണ് നാം “നൃത്തം ചെയ്യേണ്ടത്.” ദൈവപുത്രനെ യഥാർഥമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു! അതോടൊപ്പം, നമ്മുടെ സ്വന്തം ജീവിതത്തിലും നമുക്കു ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തിലുമുള്ള എണ്ണമറ്റ പാപങ്ങളെപ്രതി നാം “വിലപിക്കുകയും” വേണം. പാപം യാഥാർഥ്യമാണ്; അതു വ്യാപകവുമാണ്. വിശുദ്ധമായ ദുഃഖം മാത്രമാണ് അതിനോടുള്ള ഉചിതമായ പ്രതികരണം. രക്ഷ യാഥാർഥ്യമാണ്. നരകം യാഥാർഥ്യമാണ്. ഈ രണ്ടു സത്യങ്ങളും നമ്മിൽനിന്ന് സമ്പൂർണമായ പ്രതികരണം ആവശ്യപ്പെടുന്നു.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ, നിങ്ങളെ സ്വാധീനിക്കാൻ സുവിശേഷത്തെ എത്രത്തോളം പൂർണമായി നിങ്ങൾ അനുവദിച്ചിട്ടുണ്ട്? വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും നമ്മുടെ സഭയിലൂടെയും മുഴങ്ങിയ ദൈവത്തിന്റെ സ്വരത്തിന് നിങ്ങൾ എത്രമാത്രം ശ്രദ്ധ നൽകുന്നു? പ്രാർഥനയിൽ നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ ദൈവം നിങ്ങളോടു സംസാരിക്കുമ്പോൾ അവിടുത്തെ സ്വരം ശ്രവിക്കാൻ നിങ്ങൾ മനസ്സൊരുക്കുന്നുണ്ടോ? നിങ്ങൾ ശ്രവിക്കുന്നുണ്ടോ? പ്രതികരിക്കുന്നുണ്ടോ? അനുഗമിക്കുന്നുണ്ടോ? ക്രിസ്തുവിന്റെയും അവിടുത്തെ ദൗത്യത്തിന്റെയും സേവനത്തിനായി നിങ്ങളുടെ ജീവിതം മുഴുവൻ സമർപ്പിക്കുന്നുണ്ടോ?
ലോകരക്ഷകന്റെ വ്യക്തവും അസന്ദിഗ്ധവും പരിവർത്തനദായകവും ജീവദായകവുമായ വചനങ്ങളെയും സാന്നിധ്യത്തെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് വ്യക്തമായി അരുളിച്ചെയ്ത സകലതിനും അവിടുത്തെ സാന്നിധ്യത്തിനും ജീവിതത്തിൽ നിങ്ങൾ എത്രമാത്രം ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് ചിന്തിക്കുക. ദൈവമഹത്ത്വത്തിനായി “നൃത്തം ചെയ്യുന്നതായും” നിങ്ങളുടെ ജീവിതത്തിലും നമ്മുടെ ലോകത്തിലുമുള്ള വ്യക്തമായ പാപങ്ങളെപ്രതി “വിലപിക്കുന്നതായും” നിങ്ങൾ സ്വയം കണ്ടെത്തുന്നില്ലെങ്കിൽ, ക്രിസ്തുവിനെ സമൂലമായി അനുഗമിക്കാൻ നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക. ആത്യന്തികമായി, യുഗങ്ങളിലുടനീളം ദൈവം അരുളിച്ചെയ്ത സത്യവും അവിടുത്തെ പരിശുദ്ധവും ദൈവികവുമായ സാന്നിധ്യവും മാത്രമാണ് പ്രധാനം.
മഹിമയുള്ള എന്റെ കർത്താവായ യേശുവേ, എന്റെ ജീവിതത്തിലും എനിക്കു ചുറ്റുമുള്ള ലോകത്തിലും അങ്ങയുടെ ദിവ്യസാന്നിധ്യം ഞാൻ അംഗീകരിക്കുന്നു. ഓരോ ദിവസവും അങ്ങ് എന്നോടു സംസാരിക്കുകയും എന്റെ അടുക്കൽ വരികയും ചെയ്യുന്ന എണ്ണമറ്റ വഴികളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെയും അങ്ങയുടെ വിശുദ്ധ വചനത്തെയും ഞാൻ കണ്ടെത്തുമ്പോൾ എന്നെ ആനന്ദത്താൽ നിറയ്ക്കണമേ. എന്റെ പാപവും ലോകത്തിന്റെ പാപങ്ങളും കാണുമ്പോൾ എനിക്ക് യഥാർഥമായ അനുതാപം നൽകണമേ. അങ്ങനെ എന്റെ സ്വന്തം പാപത്തിനെതിരേ പോരാടാനും അങ്ങയുടെ സ്നേഹവും കരുണയും ഏറ്റവുമധികം ആവശ്യമുള്ളവർക്ക് അവ എത്തിച്ചുകൊടുക്കാനും ഞാൻ അക്ഷീണം പ്രവർത്തിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവവചനത്തെ സമീപിക്കുമ്പോൾ
ആഗമനകാലത്തിലെ രണ്ടാം വാരത്തിലെ ശനിയാഴ്ച
“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ ഇതിനകം വന്നുകഴിഞ്ഞു. അവർ അവനെ തിരിച്ചറിഞ്ഞില്ല; മറിച്ച്, തങ്ങൾക്കു തോന്നിയതെല്ലാം അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരുടെ കൈകളാൽ പീഡകൾ സഹിക്കേണ്ടിവരും.” അവൻ തങ്ങളോടു സംസാരിച്ചത് സ്നാപകയോഹന്നാനെക്കുറിച്ചാണെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി. മത്തായി 17:12–13
പഴയനിയമത്തിലെ പ്രവാചകന്മാരിൽ അവസാനത്തെയാൾ മലാക്കിയായിരുന്നു. ക്രിസ്തുവിന്റെ ആഗമനത്തിന് ഏകദേശം 400 വർഷം മുമ്പ് അദ്ദേഹം തന്റെ ശുശ്രൂഷ പൂർത്തിയാക്കി. മിശിഹായ്ക്കു മുമ്പിൽ വഴിയൊരുക്കാൻ ഒരു “ദൂതൻ” അവിടുത്തേക്കു മുമ്പായി വരുമെന്ന് മലാക്കി പ്രവചിച്ചു. കർത്താവിന്റെ ദിവസത്തിനു മുമ്പ് “ഏലിയാ പ്രവാചകൻ” വരുമെന്നും മലാക്കി തുടർന്നു പറയുന്നു (മലാക്കി 3:1–24 കാണുക).
യേശുവിന്റെ കാലത്തെ ജനങ്ങളിൽ പലരും ഈ പ്രവചനം മനസ്സിലാക്കിയിരുന്നില്ല; അവർക്ക് ഇതിനെക്കുറിച്ച് അറിവുപോലും ഉണ്ടായിരുന്നില്ല. അതിനാൽ, “ഏലിയാ” വന്നിട്ടില്ലാത്തതിനാൽ യേശു വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായല്ലെന്നു വ്യക്തമാണെന്ന് വാദിച്ചുകൊണ്ട് നിയമജ്ഞർ ഈ പ്രവചനം ഉപയോഗിച്ച് അനേകം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി.
പുതിയ ഏലിയാ ആകേണ്ടിയിരുന്ന ആ “ദൂതൻ” സ്നാപക യോഹന്നാനായി ഇതിനകം വന്നുകഴിഞ്ഞുവെന്ന് യേശു ശിഷ്യന്മാർക്ക് വ്യക്തമാക്കി. അങ്ങനെ ഇതു വിശദീകരിച്ചുകൊണ്ട്, വിശുദ്ധ ലിഖിതങ്ങൾ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിൽ നിയമജ്ഞർക്ക് തെറ്റുപറ്റിയെന്നും അവരുടെ തെറ്റുകൾ നിമിത്തം അവർ ജനങ്ങളെ സജീവമായി വഴിതെറ്റിക്കുകയായിരുന്നെന്നും യേശു വ്യക്തമാക്കി.
നാം ദൈവവചനത്തെ വിനയത്തോടെ സമീപിക്കണമെന്നതാണ് ഇതു നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം. തങ്ങൾക്കില്ലാത്ത ഒരുതരം അസാധാരണ ജ്ഞാനം തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കാൻ നിയമജ്ഞരുടെ അഹങ്കാരം അവരെ പ്രേരിപ്പിച്ചു. അങ്ങനെ, ദൈവജനത്തിന്റെ ആത്മീയാധ്യാപകരെന്ന നിലയിൽ അവർ തങ്ങളുടെ ദൗത്യം ശരിയായി നിർവഹിച്ചില്ല.
പഴയനിയമത്തിലെ പ്രവചനങ്ങൾ മാത്രമല്ല, യേശുവിന്റെതന്നെ വാക്കുകളും ശരിയായി മനസ്സിലാക്കണമെങ്കിൽ ദൈവവചനത്തിനു മുമ്പിലുള്ള വിനയം അനിവാര്യമാണ്. ദൈവവചനത്തിനു മുമ്പിൽ വിനയമില്ലെങ്കിൽ, നമ്മുടെ കർത്താവ് അരുളിച്ചെയ്ത മനോഹരവും വിശുദ്ധവുമായ വാക്കുകൾ നാമെല്ലാവരും എളുപ്പത്തിൽ തെറ്റായി വ്യാഖ്യാനിച്ചേക്കാം.
വിശുദ്ധ ലിഖിതങ്ങളിലെ സകലവും അഗാധവും ആഴമേറിയതും സത്യവുമാണ്. ഈ വിശുദ്ധ ദൈവവചനത്തിലൂടെ നാം ദൈവത്തെത്തന്നെ കണ്ടുമുട്ടുന്നു. എന്നാൽ അഹങ്കാരം നമ്മിൽ കടന്നുകൂടാൻ അനുവദിച്ചാൽ, നാം നിയമജ്ഞരെ അനുകരിക്കുകയും ദൈവവചനത്തെ തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം. അതിന്റെ ഫലം ദൈവത്തെക്കുറിച്ചുള്ള വികലമായ ഒരു ധാരണയായിരിക്കും; അത് നമ്മുടെ സ്നേഹനാഥനുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിന് തടസ്സമായിത്തീരും. എന്നാൽ ദൈവം നമുക്കു വെളിപ്പെടുത്തിയിരിക്കുന്ന സകലത്തിനും മുമ്പിൽ എപ്പോഴും വിനയത്തോടെ നിലകൊള്ളാൻ നമുക്കു കഴിഞ്ഞാൽ, നമ്മുടെ ഹൃദയങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്ന അത്യഗാധവും അതിമനോഹരവുമായ സത്യങ്ങൾ സ്വീകരിക്കാൻ നമുക്കു കൂടുതൽ എളുപ്പമാകും.
ദൈവവചനത്തെക്കുറിച്ച് നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നമ്മുടെ കർത്താവ് നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി നിങ്ങളുടെ ഹൃദയം കൂടുതൽ പൂർണമായി, വിനയത്തോടെ തുറക്കാൻ ശ്രമിക്കുക. തുറന്ന മനസ്സോടും ഹൃദയത്തോടുംകൂടെ ശ്രവിക്കുക. വിശ്വാസമെന്ന നിർമ്മലമായ ദാനം നിങ്ങളുടെ വഴികാട്ടിയാകാൻ അനുവദിക്കുക; അങ്ങനെ നമ്മുടെ വിശ്വാസത്തിലെ അത്യഗാധമായ സത്യങ്ങളിലേക്ക് നിങ്ങൾ നയിക്കപ്പെടും.
രഹസ്യമയനും മനോഹരനുമായ എന്റെ നാഥാ, എഴുതപ്പെട്ട അങ്ങയുടെ വചനത്തിലൂടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും അഗാധവുമായ രഹസ്യങ്ങൾ അങ്ങ് ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങയെ കൂടുതൽ പൂർണമായി അറിയാൻ കഴിയേണ്ടതിന് ഞാൻ എപ്പോഴും വിനയത്തോടും തുറന്ന മനസ്സോടുംകൂടെ അങ്ങയുടെ വചനത്തെ സമീപിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
(ഉടൻ വരുന്നു!)
Amazon – Google Play – iTunes – Barnes and Noble


