മലയാളം

ആണ്ടുവട്ടകാലം ഏഴാം വാരം

നീതിയുടെ പരിധികൾക്കപ്പുറം

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, വർഷം A

“ഇപ്രകാരം പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിർക്കരുത്. ആരെങ്കിലും നിന്റെ വലത്തെ കരണത്ത് അടിച്ചാൽ മറ്റേ കരണംകൂടി അവനു കാണിച്ചുകൊടുക്കുക.”  മത്തായി 5:38-39

പഴയനിയമകാലത്ത്, “കണ്ണിനു പകരം കണ്ണ്” എന്ന ആശയം അവതരിപ്പിക്കപ്പെട്ടത് സമൂഹത്തിലെ സമാധാനത്തിന്റെ കാര്യത്തിൽ വലിയൊരു പുരോഗതിയായി കണക്കാക്കപ്പെട്ടു.  കാരണം, ചെയ്ത കുറ്റത്തിന്റെ പരിധിക്കപ്പുറം കടക്കുന്ന പ്രതികാരനടപടികൾ അന്നു വളരെ സാധാരണമായിരുന്നു.  ഉദാഹരണത്തിന്, ഒരു കുടുംബം ഒരു മൃഗത്തെ മോഷ്ടിച്ചാൽ, നഷ്ടം നേരിട്ട കുടുംബം പ്രതികാരമായി മോഷ്ടിച്ച കുടുംബത്തിന്റെ മൃഗക്കൂട്ടത്തെ മുഴുവൻ കൊന്നുകളഞ്ഞേക്കുമായിരുന്നു.  ഇത് ഗോത്രങ്ങൾക്കും സമൂഹങ്ങൾക്കുമിടയിൽ നിരന്തരമായ പോരാട്ടങ്ങൾക്കും അസ്വസ്ഥതയ്ക്കും മാത്രമേ വഴിവെച്ചുള്ളൂ.

അതിനാൽ, ഇസ്രായേലിന്റെ നിയമസംഹിതയിൽ ഈ നിയമം ഉൾപ്പെടുത്തിയപ്പോൾ, അത് ഒരു പരിധിവരെ സമാധാനം കൊണ്ടുവന്നു.  നീതി നടപ്പാക്കാമായിരുന്നു; എന്നാൽ കുറ്റത്തിന് തുല്യമായ നീതി നടപ്പാക്കിക്കഴിഞ്ഞാൽ പ്രതികാരം അവസാനിച്ചതായി കണക്കാക്കണമായിരുന്നു.

എന്നാൽ യേശു വന്ന് ഈ രീതിയെ തികച്ചും പുതിയൊരു തലത്തിലേക്കുയർത്തുന്നു.  “കർശനമായ നീതി” എന്ന ആശയത്തെ അവിടുന്ന് കരുണയും ക്ഷമയുമായി രൂപാന്തരപ്പെടുത്തുന്നു.  “ആരെങ്കിലും നിന്റെ വലത്തെ കരണത്ത് അടിച്ചാൽ മറ്റേ കരണംകൂടി അവനു കാണിച്ചുകൊടുക്കുക” എന്നു പറയുന്നതിലൂടെ, തുല്യമായ നീതിക്കു പകരം ക്ഷമയുടെ പുതിയ ആശയം യേശു അവതരിപ്പിക്കുകയാണ്.

നാം തിരിഞ്ഞ് മറ്റേ കരണം കാണിച്ചുകൊടുക്കണമെന്ന് അക്ഷരാർഥത്തിൽത്തന്നെയാണോ അവിടുന്ന് ഉദ്ദേശിക്കുന്നത്?  അവിടുന്ന് പറഞ്ഞത് അതുതന്നെയായതിനാൽ, ഈ പ്രബോധനത്തെ അതിന്റെ നേരിട്ടുള്ള അർഥത്തിൽ സ്വീകരിക്കുന്നത് യുക്തമാണ്.  എന്നാൽ ഈ ഒരൊറ്റ പ്രവൃത്തിയെക്കുറിച്ചുള്ള ചോദ്യത്തിൽ നാം കുടുങ്ങിപ്പോയാൽ, അതിന്റെ മുഖ്യസന്ദേശം നമുക്കു നഷ്ടമാകും.  കരുണയും ക്ഷമയും നമ്മുടെ ജീവിതത്തെ നയിക്കുന്ന പുതിയ നിയമമായിത്തീരണം എന്നതാണ് യേശു യഥാർഥത്തിൽ വ്യക്തമാക്കാൻ ശ്രമിക്കുന്നത്.

അപ്പോൾ, ആരെങ്കിലും നിങ്ങളുടെ കൈയിൽനിന്ന് മോഷ്ടിച്ചാലോ?  മോഷ്ടിച്ചത് തിരികെ നൽകണമെന്ന് നിങ്ങൾ ആവശ്യപ്പെടണമോ?  അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് നിയമപരമായ അവകാശമുണ്ടാകാമെങ്കിലും, ആ വ്യക്തിയെ സ്നേഹപൂർവം നേരിൽക്കണ്ട് നിങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതായിരിക്കാം അതിലും നല്ലത്.  അതെ, അത് പ്രയാസമായിരിക്കാം; എന്നാൽ യേശു പറയുന്ന കരുണയും ക്ഷമയും അതുതന്നെയാണ്.

കരുണയും ക്ഷമയും ചിലപ്പോൾ നീതിക്കും സാമാന്യബുദ്ധിക്കും വിരുദ്ധമായി തോന്നാം.  എന്നാൽ അങ്ങനെയല്ല.  യഥാർഥ നീതിയുടെ ഏറെ ഉയർന്നൊരു തലത്തിലേക്ക് നമ്മെ വിളിക്കുന്ന ഉന്നതമായൊരു നിയമമാണത്.  പാപിയും കുറ്റവാളിയും ഉൾപ്പെടെ ഓരോ വ്യക്തിയുടെയും പവിത്രതയും അന്തസ്സും തിരിച്ചറിയുമ്പോൾ മാത്രമേ ഈ നിയമം മനസ്സിലാക്കാൻ കഴിയൂ.  കുറ്റകൃത്യങ്ങൾ തുടരാൻ നാം അവരെ അനുവദിക്കരുത്; എന്നാൽ ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ പരമോന്നതമായ നീതിയാണ് നാം നടപ്പാക്കുന്നത്.

വളരെയേറെ വെല്ലുവിളിയുയർത്തുന്ന ഈ ചിന്തയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ദൈവത്തിന്റെ നീതി സർവോപരി അവിടുത്തെ കരുണയിലൂടെയാണ് നിറവേറുന്നത്.  അതു മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും നിങ്ങൾക്കു കഴിഞ്ഞാൽ, നിങ്ങളുടെ ജീവിതത്തിലും നിങ്ങൾ ക്ഷമിക്കുന്നവരുടെ ജീവിതത്തിലും വലിയ കാര്യങ്ങൾ സംഭവിക്കുന്നതു നിങ്ങൾ കാണും.

നീതിയുടെയും കരുണയുടെയും ദൈവമേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ.  ജീവിതത്തിൽ ഞാൻ നേരിടുന്ന അനീതിക്കുള്ള പരിഹാരമായി കരുണ കാണിക്കാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ വാക്കുകൾക്കു ചെവികൊടുക്കാനും, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവരോടു ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” എന്നു പ്രാർഥിച്ചപ്പോൾ അങ്ങ് നൽകിയ പരിപൂർണ മാതൃക പിന്തുടരാനും എനിക്കു കഴിയുമാറാകട്ടെ.  കർത്താവേ, അങ്ങയുടെ സ്നേഹവും ക്ഷമയും അനുകരിക്കാൻ എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സുവിശേഷം പങ്കുവയ്ക്കുന്നതിലെ സർഗാത്മകത

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, വർഷം B

ജനക്കൂട്ടം നിമിത്തം യേശുവിന്റെ അടുത്തെത്താൻ കഴിയാതെ വന്നപ്പോൾ, അവിടുന്ന് ഇരുന്ന സ്ഥലത്തിനു മുകളിലുള്ള മേൽക്കൂര അവർ തുറന്നു. മേൽക്കൂര പൊളിച്ച് തുറപ്പുണ്ടാക്കിയശേഷം, തളർവാതരോഗി കിടന്നിരുന്ന പായ അവർ താഴേക്കിറക്കി.  മർക്കോസ് 2:4

അത് തീർച്ചയായും സർഗാത്മകമായ ഒരു പ്രവൃത്തിയായിരുന്നു!  ഈ ഭാഗത്തുനിന്ന് നമുക്കു ഗ്രഹിക്കാവുന്ന ചില കാര്യങ്ങൾ വളരെ വ്യക്തമാണ്.

ഒന്നാമതായി, തളർവാതം ബാധിച്ച് പായയിൽ കിടന്നിരുന്ന ആ മനുഷ്യൻ സ്നേഹിക്കപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്.  യേശുവിന്റെ സന്നിധിയിൽ അയാളെ എത്തിക്കാൻ എത്ര കഷ്ടപ്പെടാനും തയ്യാറാകുന്നത്ര അയാളെ സ്നേഹിച്ചിരുന്ന ഒരു കൂട്ടം ആളുകൾ അയാൾക്കുണ്ടായിരുന്നു—ഒരുപക്ഷേ കുടുംബാംഗങ്ങളും മറ്റുള്ളവരും.  വീണ്ടും പറയട്ടെ, ഇതാണ് സ്നേഹം.

രണ്ടാമതായി, ഈ മനുഷ്യനെ സ്നേഹിച്ചിരുന്നവർ അയാൾക്ക് യേശുവിനെ ആവശ്യമുണ്ടെന്ന് അറിഞ്ഞിരുന്നു.  അയാളെ യേശുവിന്റെ സന്നിധിയിൽ എത്തിക്കുകയാണ് അയാൾക്ക് ആവശ്യമായിരുന്നതെന്ന് വിശ്വാസമെന്ന ദാനത്തിലൂടെ അവർ തിരിച്ചറിഞ്ഞിരുന്നു.  അതുകൊണ്ട് അവർ അതുതന്നെ ചെയ്തു.

മൂന്നാമതായി, അവർ അതു ചെയ്ത രീതി ഏറെ സർഗാത്മകമായിരുന്നു.  അവർ മേൽക്കൂര തുറന്ന് അയാളെ താഴേക്കിറക്കി.  ഇത് അവിടെ വലിയൊരു ബഹളത്തിന് ഇടയാക്കിയിരിക്കാമെങ്കിലും, വീട്ടുടമ മിക്കവാറും അത് അംഗീകരിച്ചിരിക്കില്ലെങ്കിലും, അവരുടെ തീക്ഷ്ണതയും സ്നേഹവും സർഗാത്മകമായ ഈ പരിശ്രമത്തിലേക്ക് അവരെ നയിച്ചു.

സുവിശേഷം പങ്കുവയ്ക്കുന്നതിൽ നമുക്ക് ആവശ്യമായ സ്നേഹവും തീവ്രമായ ഉത്സാഹവും സർഗാത്മകതയും ഇതു നമുക്കു വെളിപ്പെടുത്തുന്നു.  മറ്റുള്ളവരെ യേശുവിന്റെ സന്നിധിയിൽ എത്തിക്കുക എന്നതായിരിക്കണം സുവിശേഷം പങ്കുവയ്ക്കുന്നതിന്റെ ലക്ഷ്യം.  ഇതു നന്നായി ചെയ്യാൻ, ഈ സംഭവത്തിൽ കാണുന്ന അതേ ഗുണങ്ങൾ നമുക്കും ആവശ്യമാണ്.  ആവശ്യത്തിലായിരിക്കുന്നവരോടും വഴിതെറ്റിപ്പോയവരോടും യേശുവിന്റെ സൗഖ്യദായകമായ കരസ്പർശം ആവശ്യമുള്ളവരോടും അചഞ്ചലമായ സ്നേഹം നമുക്കുണ്ടാകണം.  ആ അചഞ്ചലമായ സ്നേഹമില്ലെങ്കിൽ, ആവശ്യമായ പരിശ്രമം നാം തീർച്ചയായും നടത്തുകയില്ല.

ക്രൈസ്തവ സ്നേഹത്തോടെ നാം മറ്റൊരാളെ സ്നേഹിക്കുമ്പോൾ, ആ വ്യക്തിയെ ഈശോയിലേക്കു നയിക്കാൻ നമ്മുടെ സ്നേഹം നമ്മെ പ്രചോദിപ്പിക്കും. അത്ര ലളിതമാണത്.

അവസാനമായി, മറ്റുള്ളവരെ ഈശോയിലേക്കു കൊണ്ടുവരാനുള്ള നമ്മുടെ അചഞ്ചലമായ ആഗ്രഹം, ഈ ദൗത്യം നിർവഹിക്കുന്നതിൽ സൃഷ്ടിപരമായ വഴികൾ കണ്ടെത്താനും നമ്മെ പ്രേരിപ്പിക്കും. സുവിശേഷം അറിയിക്കുക എല്ലായ്‌പോഴും എളുപ്പമല്ല. അത് എങ്ങനെ ചെയ്യണമെന്നതിന് എല്ലായ്‌പോഴും വ്യക്തമായ ഒരു മാർഗം ഉണ്ടായിരിക്കണമെന്നില്ല. അപ്പോൾ, നിങ്ങളുടെ ജീവിതപങ്കാളിയെയോ മകനെയോ മകളെയോ അയൽക്കാരെയോ സുഹൃത്തിനെയോ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാൻ ഏറ്റവും നന്നായി എങ്ങനെ സഹായിക്കാനാകും? പല സാധ്യതകളോടും തുറവുള്ളവരായിരിക്കുക; നിങ്ങളെ പ്രചോദിപ്പിക്കാൻ കർത്താവിനെ അനുവദിക്കുക. അവിടുത്തെ വഴി നിങ്ങൾക്കു കാണിച്ചുതരാൻ അവിടുത്തെ അനുവദിച്ചാൽ മതി; അവിടുത്തെ പക്കൽ എല്ലായ്‌പോഴും തികഞ്ഞ ഒരു മാർഗമുണ്ട്.

ഒരു മനുഷ്യനെ പായയിൽ കിടത്തി ഈശോയുടെ മുമ്പിലേക്ക് ഇറക്കുന്ന ഈ രംഗത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സുവിശേഷം പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ വിളിയിൽ ഇത് നിങ്ങൾക്കൊരു മാതൃകയാണെന്ന് അറിയുക. ഇതിലൂടെ നിങ്ങളോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക; മറ്റുള്ളവരെ അവിടുത്തെ അടുക്കലേക്കു കൊണ്ടുവരാൻ നിങ്ങളെ ഉപയോഗിക്കാനും അവിടുത്തെ അനുവദിക്കുക.

സർവോത്തമമായ സൃഷ്ടിവൈഭവമുള്ള കർത്താവേ, അങ്ങയുടെ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി ഞാൻ എന്നെത്തന്നെ അങ്ങയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ സൗഖ്യദായകമായ സ്പർശം അനുഭവിച്ചറിയാൻ മറ്റുള്ളവരെ അങ്ങയുടെ അടുക്കലേക്കു കൊണ്ടുവരുന്നതിനായി എന്നെ ഉപയോഗിക്കണമേ. വേദനിക്കുന്നവരോടും സഹായം ആവശ്യമുള്ളവരോടുമുള്ള സ്നേഹത്താൽ ഞാൻ നിറയട്ടെ. അങ്ങയുടെ ദൈവിക കരുണയുടെ ഉപകരണമാകാൻ ഏതറ്റംവരെയും പോകുന്നതിന് ആ സ്നേഹം എന്നെ പ്രചോദിപ്പിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


പൂർണമായി ക്ഷമിക്കുക

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, വർഷം സി

“വിധിക്കാതിരിക്കുവിൻ; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റം വിധിക്കാതിരിക്കുവിൻ; നിങ്ങളും കുറ്റം വിധിക്കപ്പെടുകയില്ല. ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും.” ലൂക്കാ 6:37

നിങ്ങൾ മറ്റുള്ളവരെ വിധിക്കാറുണ്ടോ? മറ്റൊരാളെ വിധിക്കുക എളുപ്പമാണ്. ചിലപ്പോൾ ഒരാളെ കണ്ടുമുട്ടിയ ഉടനെതന്നെ അയാളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിധിയിൽ നാം എത്തിച്ചേർന്നേക്കാം. ഒരുപക്ഷേ, ആദ്യ കൂടിക്കാഴ്ചയിൽ നാം പ്രതീക്ഷിക്കുന്നത്ര സൗഹാർദത്തോടെ അയാൾ പെരുമാറുന്നില്ലായിരിക്കാം. അതിന്റെ ഫലമായി നാം ഉടനെ അയാളെക്കുറിച്ച് ഒരു വിധി പുറപ്പെടുവിക്കുന്നു. തീർച്ചയായും, ചിലപ്പോൾ ആ വ്യക്തിയെ കണ്ടുമുട്ടുന്നതിനുമുമ്പുതന്നെ ഇങ്ങനെ സംഭവിക്കാം. അല്ലെങ്കിൽ, ഏറെക്കാലമായി നമുക്കുള്ള ബന്ധങ്ങളിലും ഇങ്ങനെ സംഭവിക്കാം.

നിങ്ങൾ മറ്റുള്ളവർക്കു കുറ്റം വിധിക്കാറുണ്ടോ? കുറ്റം വിധിക്കൽ രണ്ടു രീതിയിൽ സംഭവിക്കുന്നു. ഒന്നാമതായി, മറ്റൊരാളെക്കുറിച്ച് നാം തെറ്റായ ഒരു വിധിയിൽ എത്തിച്ചേരുകയും അതിന്റെ ഫലമായി അന്യായമായി അയാൾക്കു കുറ്റം വിധിക്കുകയും ചെയ്യുന്നു. രണ്ടാമതായി, ആ വ്യക്തി ഏതെങ്കിലും പാപം ചെയ്ത കുറ്റക്കാരനാണെന്ന് ഒരു സാഹചര്യത്തെ നാം ശരിയായി വിലയിരുത്തിയേക്കാം; എന്നിട്ട് അയാൾക്കു കുറ്റം വിധിക്കാൻ നമുക്ക് അവകാശമുണ്ടെന്ന മട്ടിൽ പെരുമാറുന്നു. അയാൾക്കെതിരെ ശിക്ഷാവിധി പുറപ്പെടുവിക്കാൻ നമുക്ക് അവകാശമുണ്ടെന്നപോലെ നാം പ്രവർത്തിക്കുന്നു.

വിധിക്കുന്നതും കുറ്റം വിധിക്കുന്നതും ക്രൈസ്തവ സദ്ഗുണങ്ങളിൽനിന്ന് ഏറെ അകലെയാണ്. അവ ഒരു വിധത്തിലും ആരോഗ്യകരമോ വിശുദ്ധമോ അല്ല. അതിനാൽ, കരുണയിലൂടെയും ക്ഷമയിലൂടെയുമാണ് അവയെ അതിജീവിക്കേണ്ടത്.

നിങ്ങൾ ക്ഷമിക്കാറുണ്ടോ? മിക്കപ്പോഴും ക്ഷമിക്കുക പ്രയാസമാണ്. മറ്റൊരാളെ വിധിക്കാനും കുറ്റം വിധിക്കാനുമുള്ള നമ്മുടെ പ്രവണതകളെ മനസ്സിൽവച്ചുകൊണ്ടുതന്നെ നാം ക്ഷമ നൽകണം. ഒന്നാമതായി, കുറ്റം വിധിക്കാനുള്ള പ്രവണതയെ ക്ഷമ സുഖപ്പെടുത്തുന്നു. കാരണം, അത് തെറ്റ് അംഗീകരിക്കുകയും, തെറ്റു ചെയ്ത വ്യക്തിയുടെമേൽ ഒരുതരം “ശിക്ഷ” ചുമത്തണമെന്ന് ആവശ്യപ്പെടാതെതന്നെ ആ തെറ്റ് ക്ഷമിക്കുകയും ചെയ്യുന്നു. ക്ഷമിക്കുന്നു എന്നതിനർഥം ചെയ്ത തെറ്റ് സ്വീകാര്യമായിരുന്നു എന്നോ അത് സംഭവിച്ചിട്ടില്ല എന്നോ അല്ല. നേരെമറിച്ച്, ഈ സാഹചര്യത്തിൽ ക്ഷമ പാപത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ വ്യക്തമായി കാണുന്നു. എന്നാൽ, അത് അംഗീകരിച്ചുകഴിഞ്ഞാൽ ആ പാപം ക്ഷമിക്കുന്നു. അടുത്ത ബന്ധങ്ങളിൽ ക്ഷമിക്കുന്ന കാര്യത്തിൽ ഇത് വളരെ പ്രധാനമാണ്. ഒരു മുറിവോ പാപമോ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു നടിക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. എന്നാൽ സംഭവിച്ച പാപം ക്ഷമിക്കുന്നത് എല്ലായ്‌പോഴും ആരോഗ്യകരമാണ്.

വിധിക്കുന്ന കാര്യത്തിലേക്കു വരുമ്പോൾ, ഒരു പാപം ക്ഷമിക്കുന്നതിനുമപ്പുറത്തേക്കു ക്ഷമ കടന്നുചെല്ലുന്നു. മറ്റൊരാളുടെ തെറ്റിനെക്കുറിച്ച് ഒരു വിധിപോലും രൂപപ്പെടുത്താത്ത അവസ്ഥയിലേക്കും ക്ഷമ നമ്മെ നയിക്കണം. നാം വിധിക്കുന്നത് മാറ്റിവയ്ക്കുന്നു. കുരിശിൽവച്ച് ഈശോ പറഞ്ഞ വാക്കുകളിൽ ഇത് വിശേഷാൽ കാണാം: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” തന്നെ മരണത്തിനു വിധിച്ചവരെക്കുറിച്ച് ഒരു വിധിയിൽ എത്തിച്ചേരാൻപോലും അവിടുന്ന് തന്നെത്തന്നെ അനുവദിച്ചില്ല. അവർക്കെതിരെ ഒന്നും അവിടുന്ന് മനസ്സിൽ സൂക്ഷിച്ചില്ല; അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഏറ്റവും നല്ലതുതന്നെ കരുതി. “ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” ഇതിന് അത്യന്തം ആഴമുള്ള സ്നേഹവും കരുണയും ആവശ്യമാണ്.

പൂർണമായി ക്ഷമിക്കാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മറ്റൊരാളുടെ പാപത്തിനു കുറ്റം വിധിക്കുന്നത് ഉപേക്ഷിച്ചുകൊണ്ട് ആരംഭിക്കുക. തുടർന്ന്, വിധിക്കുന്നതുപോലും ഉപേക്ഷിച്ചുകൊണ്ട്, നമ്മുടെ കർത്താവിന്റെ പൂർണമായും കരുണയുള്ള ഹൃദയത്തോട് ഒരു പടികൂടി നിങ്ങളെ അടുപ്പിക്കാൻ അവിടുത്തെ അനുവദിക്കാൻ ശ്രമിക്കുക. ദൈവം വിധികർത്താവായിരിക്കട്ടെ. നിങ്ങളുടെ ഭാഗത്തുനിന്ന് ക്ഷമിക്കാൻ മാത്രം ശ്രമിക്കുക.

അത്യന്തം കരുണയുള്ള കർത്താവേ, എന്നെ ദ്രോഹിച്ച എല്ലാവരോടും എനിക്കു കോപമുള്ള എല്ലാവരോടും ക്ഷമിക്കാൻ എന്നെ സഹായിക്കണമേ. കുറ്റം വിധിക്കുന്നതിന്റെയും വിധിക്കുന്നതിന്റെയും ഭാരങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ; ഈ പ്രവണതകൾക്കു പകരം അങ്ങയുടെ കരുണയുള്ള ഹൃദയം എനിക്കു നൽകണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ പൂർണമായ ക്ഷമയെ ഞാൻ അനുകരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ!

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ തിങ്കളാഴ്ച

“എന്നാൽ അങ്ങേക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങളോടു കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.” ഈശോ അവനോടു പറഞ്ഞു: “‘കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.” അപ്പോൾ ബാലന്റെ പിതാവ് വിളിച്ചുപറഞ്ഞു: “ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ!” മർക്കോസ് 9:22-24

യേശുവിനെക്കുറിച്ച് ആളുകൾ നിയമജ്ഞരുമായി തർക്കിച്ചുകൊണ്ടിരുന്ന, അല്പം സംഘർഷഭരിതമായ ഒരു രംഗത്തിന്റെ മധ്യത്തിലാണ് ഈ തിരുവചനഭാഗം വരുന്നത്. എന്തിനെക്കുറിച്ചാണ് തർക്കിക്കുന്നതെന്ന് യേശു അന്വേഷിച്ചപ്പോൾ, ഒരാൾ മുന്നോട്ടുവന്ന് ജനനംമുതൽ പിശാചുബാധിതനായിരുന്ന തന്റെ മകനെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു. ആ മനുഷ്യൻ തന്റെ അപേക്ഷയോടൊപ്പം ഇതുകൂടി ചേർക്കുന്നു: “അങ്ങേക്കു കഴിയുമെങ്കിൽ!” അയാളുടെ വിശ്വാസക്കുറവിനെ ശാസിച്ചുകൊണ്ടാണ് യേശു പ്രതികരിക്കുന്നതെന്നു തോന്നുന്നു. അവിടുന്ന് പറയുന്നു: “‘അങ്ങേക്കു കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.”

ആ പിതാവ് ഏറെ നിരാശമായ ഒരു മാനസികാവസ്ഥയിലാണ് യേശുവിന്റെ അടുത്തെത്തിയത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അയാൾ യേശുവിന്റെ അടുത്തെത്തിയത് നല്ലതുതന്നെ. എന്നാൽ, നിരാശയിലായാലും ഇല്ലെങ്കിലും അയാൾ യേശുവിന്റെ അടുത്തെത്തുക എന്നതായിരുന്നു ഏറ്റവും ഉചിതം. നാം പലപ്പോഴും നമ്മുടെ കർത്താവിന്റെ അടുത്തെത്തുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ച് ഇത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.

പലപ്പോഴും ജീവിതം നന്നായി പോകുമ്പോൾ, ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും ക്ഷയിക്കാൻ നാം അനുവദിക്കുന്നു. കാര്യങ്ങൾ നന്നായി നടക്കുമ്പോൾ, ദൈവം ദൈവമാണെന്നും നാം അനുദിനം അവിടുത്തെ സ്നേഹിക്കുകയും ജീവിതത്തിലെ നന്മകളുടെ കാര്യത്തിൽപ്പോലും അവിടുത്തെ ആശ്രയിച്ചുകൊണ്ട് എല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയും വേണമെന്നുമുള്ള കാര്യം മറക്കാൻ എളുപ്പമാണ്. നേരെമറിച്ച്, അപ്രതീക്ഷിതമായി ഒരു ബുദ്ധിമുട്ട് വരുമ്പോൾ, നമ്മുടെ ആവശ്യത്തിൽ നാം പെട്ടെന്നുതന്നെ ദൈവത്തിലേക്കു തിരിയുന്നു. രോഗം വരുമ്പോൾ ഡോക്ടറെ സമീപിക്കുന്നതുപോലെയാണ് നാം അവിടുത്തെ സമീപിക്കുന്നത്. ആരോഗ്യമുള്ളപ്പോൾ ഡോക്ടറുടെ അടുത്തു പോകുന്നത് നാം ഒഴിവാക്കുകയും അത്യാവശ്യം വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നു.

കാര്യങ്ങൾ പെട്ടെന്ന് നമ്മുടെ നിയന്ത്രണത്തിന് അതീതമാകുമ്പോൾ, നമ്മുടെ ആവശ്യത്തിൽ യേശുവിലേക്കു തിരിയുന്നത് നല്ലതാണെങ്കിലും, ജീവിതം നന്നായി പോകുമ്പോഴും അടിയന്തരമായ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കുമ്പോഴും അവിടുത്തെ അടുത്തെത്തുന്നത് അതിലും ഏറെ നല്ലതാണ്. തികഞ്ഞ നിരാശകൊണ്ടുമാത്രമാണ് ഈ മനുഷ്യൻ യേശുവിന്റെ അടുത്തെത്തിയതെന്നും തന്നെ സഹായിക്കാൻ യേശുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുപോലും അയാൾക്ക് ഉറപ്പില്ലായിരുന്നുവെന്നും ഉള്ള വസ്തുതകൾ അയാളുടെ വിശ്വാസക്കുറവ് വെളിപ്പെടുത്തുന്നു. നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഏതെങ്കിലും പ്രതിസന്ധിയുടെ നടുവിലാകുന്നതുവരെ കർത്താവിന്റെ അടുത്തെത്താൻ നാം കാത്തിരിക്കുകയും, അവിടുന്ന് ഇടപെടുമെന്ന് പ്രത്യാശിക്കുമ്പോഴും അതിനുള്ള അവിടുത്തെ കഴിവിനെക്കുറിച്ച് ഉറപ്പില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ഒരുതരം വിശ്വാസക്കുറവാണ് നാം പ്രകടമാക്കുന്നത്.

എന്നാൽ സന്തോഷകരമായ വാർത്ത ഇതാണ്: ഈ മനുഷ്യനുണ്ടായിരുന്ന അല്പവിശ്വാസത്തിലൂടെ യേശു പ്രവർത്തിച്ചു; നമ്മുടെ കാര്യത്തിലും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. അവിടുന്ന് അയാളുടെ മകനെ സുഖപ്പെടുത്തി. അല്പം വിശ്വാസത്തോടെയാണെങ്കിലും നാം അവിടുത്തെ അടുത്തെത്തുമ്പോൾ അവിടുന്ന് നമ്മെയും സുഖപ്പെടുത്തും. എന്നാൽ, നാം പ്രകടമാക്കിയ ആ അല്പവിശ്വാസം പിന്നീട് വളരുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും ഉചിതം. പ്രകടമായ പ്രതിസന്ധിയോ അടിയന്തരമായ ആവശ്യമോ ഇല്ലാത്തപ്പോഴും എല്ലാ ദിവസവും യേശുവിന്റെ അടുത്തെത്താൻ നമ്മെ പ്രേരിപ്പിക്കുന്നവിധം അത് വളരണം. സ്നേഹത്താൽ പ്രേരിതരായി അവിടുത്തെ അടുത്തെത്തുന്നത് ആഴമേറിയതും യഥാർഥവുമായ വിശ്വാസത്തിന്റെ സത്യമായ അടയാളമാണ്.

യേശുവിന്റെ അടുത്തെത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. തീർച്ചയായും, കാര്യങ്ങൾ നന്നായി പോകാത്തപ്പോൾ അവിടുത്തെ അടുത്തെത്തുക. എന്നാൽ, നിങ്ങൾക്കുള്ള ആഴമേറിയതും അചഞ്ചലവുമായ വിശ്വാസത്തിന്റെയും അവിടുത്തോടുള്ള സ്നേഹത്തിന്റെയും ഫലമായി, എല്ലാ കാര്യങ്ങളിലും അവിടുത്തെ സമീപിക്കുന്നത് നിങ്ങളുടെ ദൈനംദിന ശീലമാക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനസത്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. ഇത്തരത്തിലുള്ള വിശ്വാസം നമ്മുടെ കർത്താവിന്റെ ഹൃദയത്തിന് സന്തോഷം പകരുകയും നിങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്യും; അങ്ങനെ, നല്ലൊരു ജീവിതം കൂടുതൽ മെച്ചപ്പെട്ടതായിത്തീരും.

സർവശക്തനായ കർത്താവേ, എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയുടെ അടുത്തെത്തട്ടെ. ജീവിതം നന്നായി പോകുമ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യട്ടെ; ജീവിതം വെല്ലുവിളികൾ നിറഞ്ഞതാകുമ്പോൾ അചഞ്ചലമായ ആശ്രയത്തോടെ ഞാൻ അങ്ങയിൽ ശരണപ്പെടട്ടെ. എന്റെ വിശ്വാസം വർധിപ്പിക്കുകയും എന്റെ ജീവിതത്തിലെ ഓരോ ദിവസവും ആ വിശ്വാസം പ്രകടമാക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നല്ല കുറ്റബോധം, ദോഷകരമായ കുറ്റബോധം

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ ചൊവ്വാഴ്ച

അവർ കഫർണാമിലെത്തി. വീടിനുള്ളിൽ പ്രവേശിച്ചശേഷം അവൻ അവരോടു ചോദിച്ചു: “വഴിയിൽവച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണ് തർക്കിച്ചിരുന്നത്?” എന്നാൽ അവർ മൗനം പാലിച്ചു. കാരണം, തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ചായിരുന്നു വഴിയിൽവച്ച് അവർ പരസ്പരം ചർച്ച ചെയ്തിരുന്നത്. മർക്കോസ് 9:33-34

അപ്പസ്തോലന്മാർ “മൗനം പാലിച്ചു”; കാരണം, പെട്ടെന്നുതന്നെ അവരുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു. തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ച് അവർ വിഡ്ഢിത്തമായ ഒരു തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്തിരുന്നതെന്ന് യേശു ചോദിച്ചപ്പോൾ, അത് സമ്മതിക്കാൻ അവർ ലജ്ജിച്ചു. തങ്ങളുടെ സംസാരം വിഡ്ഢിത്തമായിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. തുടർന്ന് യേശു യഥാർഥ എളിമയെക്കുറിച്ചുള്ള മനോഹരമായ പ്രബോധനം നൽകുന്നു. എന്നാൽ, അപ്പസ്തോലന്മാർ അനുഭവിച്ച കുറ്റബോധത്തിൽനിന്ന് നാം പഠിക്കുന്ന പാഠം എന്താണെന്ന് നമുക്കു നോക്കാം.

കുറ്റബോധം ഒരു മോശം കാര്യമാണോ? കുറ്റബോധം തോന്നുന്നത് അഭിലഷണീയമല്ലാത്ത ഒന്നാണോ? അമിതമായി അടിച്ചമർത്തുന്ന ധാർമികപ്രബോധനങ്ങളുടെ ഫലമാണോ “കത്തോലിക്കാ കുറ്റബോധം”? ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ നമ്മുടെ ലോകത്തിൽ മിക്ക തരത്തിലുള്ള കുറ്റബോധവും സാവധാനം ഇല്ലാതാകുന്നതായും, അനേകർ “കുറ്റബോധമില്ലാത്ത” മനസ്സാക്ഷിയോടെ ദൈവനിയമം ലംഘിക്കുന്നതിൽ കൂടുതൽ പിടിവാശിയുള്ളവരാകുന്നതായും തോന്നുന്നു. എന്നാൽ, കുറ്റബോധം പലപ്പോഴും ഒരു നല്ല കാര്യമാണെന്നതാണ് സത്യം! നിങ്ങളുടെ ധാർമികമായ വീഴ്ചയെക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവിന്റെ ഫലമായാണ് നിങ്ങൾക്കു കുറ്റബോധം തോന്നുന്നതെങ്കിൽ, അത് നല്ലതാണ്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ മനസ്സാക്ഷി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ അടയാളമാണ് കുറ്റബോധം.

തീർച്ചയായും, അതിരുകടന്ന പാപശങ്കയുള്ളവരും, അല്പം മാത്രം കുറ്റബോധം തോന്നേണ്ട സാഹചര്യങ്ങളിൽ അമിതമായ കുറ്റബോധം അനുഭവിക്കുന്നവരുമുണ്ട്. അല്ലെങ്കിൽ, തങ്ങൾ ചെയ്ത ഒരു പാപത്തിന്റെ ഫലമായിട്ടല്ല, ആശയക്കുഴപ്പത്തിലായ മനസ്സാക്ഷിയുടെ ഫലമായിട്ടാണ് അവർക്ക് കുറ്റബോധം തോന്നുന്നത്. ഇത് ആരോഗ്യകരമല്ല; ഇതിനു പരിഹാരം കാണേണ്ടതുണ്ട്. എന്നാൽ, നമ്മുടെ കാലഘട്ടത്തിൽ ആരോഗ്യകരമായ കുറ്റബോധത്തിന്റെ അഭാവമാണ് പലപ്പോഴും കൂടുതൽ സാധാരണമായ പ്രശ്നം.

തെറ്റായ എന്തെങ്കിലും ചെയ്തുവെന്ന് വ്യക്തമായിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ കുറ്റബോധം അനുഭവപ്പെടുന്നത് നല്ലതും ആരോഗ്യകരവുമാണെന്നതായിരിക്കാം, യേശുവും അവിടുത്തെ അപ്പസ്തോലന്മാരും തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽനിന്ന് നാം പഠിക്കേണ്ട പാഠം. നമ്മുടെ വഴികൾ തിരുത്താനുള്ള ഒരു ക്ഷണമായി ഈ കുറ്റബോധത്തെ കണ്ട് അതിനു ശ്രദ്ധ നൽകുന്നതും നല്ലതും ആരോഗ്യകരവുമാണ്.

അപ്പസ്തോലന്മാരെ സൗമ്യമായി ശാസിച്ചശേഷം, യേശു യഥാർഥ മഹത്ത്വത്തിന്റെ അർഥം സൗമ്യമായി അവരെ പഠിപ്പിച്ചു. നമ്മുടെ പാപങ്ങളെക്കുറിച്ച് നാം എളിമയോടെ കുറ്റബോധം അനുഭവിക്കുമ്പോൾ അവിടുന്ന് നമ്മോടും ഇതേ സമീപനമായിരിക്കും സ്വീകരിക്കുക.

നിങ്ങളുടെ മനസ്സാക്ഷി എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ചിലപ്പോഴെങ്കിലും അതിരുകടന്ന പാപശങ്ക അതിനെ അലട്ടുന്നുണ്ടോ? അതോ, പാപത്തെ പാപമായി തിരിച്ചറിയാതെ പോകുന്ന മറുവശത്തെ അതിരിലേക്ക് ചാഞ്ഞ്, അത് മനസ്സാക്ഷിക്കുത്തില്ലാത്തതായിത്തീർന്നിട്ടുണ്ടോ? അല്ലെങ്കിൽ, നിങ്ങൾ വഴിതെറ്റുമ്പോൾ നിങ്ങളെ നയിക്കാൻ ആവശ്യമായ അളവിൽ ഉചിതമായ കുറ്റബോധം അനുഭവിക്കുന്ന, സമതുലിതവും നല്ലതും ആരോഗ്യകരവുമായ ഒരു മനസ്സാക്ഷി ലഭിക്കാൻ നിങ്ങൾ അനുഗൃഹീതരായിട്ടുണ്ടോ? സദ്ഗുണപൂർണമായ മനസ്സാക്ഷിയുടെ ഈ മധ്യമാർഗം തേടുക; ഓരോ ദിവസവും നിങ്ങളുടെ വഴികാട്ടിയാകാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക.

എനിക്കു വെളിപ്പെടുത്തിത്തരുന്ന എന്റെ കർത്താവേ, എന്റെ മനസ്സാക്ഷിയെ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയെ കണ്ടുമുട്ടാനും അങ്ങയുടെ സ്വരം കേൾക്കാനും ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധ ഇടമാണ്, ഒരു വിശുദ്ധ സങ്കേതമാണ് എന്റെ മനസ്സാക്ഷിയെന്ന് ഞാൻ അറിയുന്നു. ഓരോ ദിവസവും അങ്ങയാൽ നയിക്കപ്പെടേണ്ടതിന്, എന്റെ മനസ്സാക്ഷി അങ്ങയുടെ സുവിശേഷത്തിന്റെ സമ്പൂർണ സത്യത്തോട് എപ്പോഴും തുറവുള്ളതായിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


മറ്റുള്ളവരുടെ സൽപ്രവൃത്തികളിൽ ആനന്ദിക്കുക

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ ബുധനാഴ്ച

യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തിൽ ഒരാൾ പിശാചുക്കളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളെ അനുഗമിക്കാത്തതിനാൽ ഞങ്ങൾ അയാളെ തടയാൻ ശ്രമിച്ചു.” യേശു മറുപടി പറഞ്ഞു: “അയാളെ തടയരുത്. എന്റെ നാമത്തിൽ അത്ഭുതകൃത്യം ചെയ്യുന്ന ആർക്കും അതേ സമയം എന്നെക്കുറിച്ച് ദൂഷണം പറയാൻ കഴിയുകയില്ല.” മർക്കോസ് 9:38-39

അസൂയയെക്കുറിച്ച്, അല്ലെങ്കിൽ ‘തങ്ങൾക്കു മാത്രമെന്ന മനോഭാവം’ എന്നു നമുക്കു വിളിക്കാവുന്ന ഒന്നിനെക്കുറിച്ച്, ഈ വചനഭാഗം നമുക്കൊരു പാഠം നൽകുന്നു. തങ്ങൾക്കു പരിചയമില്ലാത്ത ഒരാൾ യേശുവിന്റെ നാമത്തിൽ ഒരു പിശാചിനെ പുറത്താക്കുന്ന വളരെ നല്ല പ്രവൃത്തി ചെയ്യുന്നതിന് യോഹന്നാനും മറ്റു അപ്പസ്തോലന്മാരും സാക്ഷികളാകുന്നു. സങ്കല്പിച്ചുനോക്കുമ്പോൾ അൽപം വിചിത്രമായ ഒരു രംഗമാണിത്. യോഹന്നാൻ ഈ സൽപ്രവൃത്തി കാണുകയും, അത് നിർത്താൻ ആ വ്യക്തിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്നു. തുടർന്ന്, യേശു ഇടപെടുമെന്ന പ്രതീക്ഷയോടെ അയാളെക്കുറിച്ച് പരാതി പറയാൻ അവിടുത്തെ അടുത്തേക്കു പോകുന്നു. എന്നാൽ യേശു നേരെ വിപരീതമായാണ് ചെയ്യുന്നത്.

ചില വിധങ്ങളിൽ, സ്വന്തം സഹോദരനെയോ സഹോദരിയെയോ കുറിച്ച് പരാതി പറയുന്ന ഒരു കുട്ടിയുടെ കഥയോടു സമാനമാണിത്. മാതാവോ പിതാവോ അനുവദിച്ച ഒരു കാര്യം ഒരു കുട്ടി ചെയ്യുന്നു എന്നും, മറ്റൊരു സഹോദരനോ സഹോദരിക്കോ അതിൽ അസൂയ തോന്നുന്നു എന്നും കരുതുക. അതിന്റെ ഫലമായി, അസൂയയുള്ള ആ കുട്ടി നിസ്സാരമായ ഒരു കാരണം പറഞ്ഞ് പരാതി നൽകുന്നു.

ഞാൻ ചെയ്യുമ്പോൾ മാത്രമേ ഒരു കാര്യം നല്ലതാകൂ എന്നു ചിന്തിക്കുന്ന പ്രവണതയായി ‘തങ്ങൾക്കു മാത്രമെന്ന മനോഭാവത്തെ’ നിർവചിക്കാം. മറ്റൊരാളുടെ സൽപ്രവൃത്തികളിൽ ആനന്ദിക്കാനും അവയെ പിന്തുണയ്ക്കാനും നമുക്കു പ്രയാസമുണ്ടാക്കുന്ന ഒരുതരം ആത്മീയ അത്യാഗ്രഹമാണിത്. അപകടകരമാണെങ്കിലും, അനേകർ നേരിടുന്ന വളരെ സാധാരണമായ ഒരു പോരാട്ടമാണിത്.

എല്ലായിടത്തും എല്ലാവരിലും ദൈവത്തിന്റെ പ്രവൃത്തികൾ അന്വേഷിക്കുക എന്നതാണ് നമ്മുടെ ക്രൈസ്തവജീവിതത്തിലെ ആദർശം. ദൈവരാജ്യം പടുത്തുയർത്തപ്പെടണമെന്ന് നാം അത്ര ആഴത്തിൽ ആഗ്രഹിക്കണം; അത്തരം പ്രവർത്തനങ്ങൾക്ക് സാക്ഷികളാകുമ്പോഴെല്ലാം നാം അത്യധികം ആനന്ദിക്കണം. മറിച്ച്, മറ്റൊരാൾ ചെയ്യുന്ന നന്മയെച്ചൊല്ലി നമുക്ക് അയാളോട് അസൂയ തോന്നുകയോ, അയാൾ ചെയ്യുന്ന കാര്യങ്ങളിൽ കുറ്റം കണ്ടെത്താൻ നാം ശ്രമിക്കുകയോ ചെയ്യുന്നുവെങ്കിൽ, ഈ പ്രവണതയെക്കുറിച്ച് നാം ബോധവാന്മാരാകുകയും അത് അയാളുടെ പാപമല്ല, നമ്മുടെ പാപമാണെന്ന് ഏറ്റുപറയുകയും വേണം.

മറ്റുള്ളവരുടെ നന്മയോടുള്ള നിങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആ നന്മയിൽ ആനന്ദിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? അതോ അത് നിങ്ങളിൽ ഒരുതരം അസൂയയോ ഈർഷ്യയോ ഉളവാക്കുന്നുണ്ടോ? രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ, ഈ പ്രലോഭനങ്ങളിൽനിന്നു സ്വതന്ത്രരാകുക എന്ന ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുക. നമ്മുടെ ദിവ്യനായ കർത്താവ്, അവിടുത്തെ സൽപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നു. അതേ ആഗ്രഹം നിങ്ങളിലും ഉണ്ടാകാൻ നിങ്ങൾ പരിശ്രമിക്കണം.

എന്നെ സ്വതന്ത്രനാക്കുന്ന എന്റെ കർത്താവേ, മറ്റുള്ളവരോട് എനിക്ക് അസൂയ തോന്നുമ്പോൾ, പ്രത്യേകിച്ച് അവരുടെ സൽപ്രവൃത്തികളെച്ചൊല്ലി എനിക്ക് അസൂയ തോന്നുമ്പോൾ, അതിനെ എന്റെ പാപമായി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. പകരം, നമ്മുടെ ലോകത്തിൽ അങ്ങ് പ്രവർത്തിക്കുന്ന അനേകം അത്ഭുതകരമായ വഴികൾ കണ്ടെത്താൻ എന്നെ സഹായിക്കണമേ; മറ്റുള്ളവരിലൂടെ അങ്ങ് ചെയ്യുന്ന എല്ലാറ്റിലും ആനന്ദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


അഗ്നിയാൽ ഉപ്പിടപ്പെടുക

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ വ്യാഴാഴ്ച

“എല്ലാവരും അഗ്നിയാൽ ഉപ്പിടപ്പെടും. ഉപ്പ് നല്ലതാണ്; എന്നാൽ ഉപ്പിന് ഉവരസമില്ലാതായാൽ, എന്തുകൊണ്ടാണ് നിങ്ങൾ അതിന്റെ രുചി വീണ്ടെടുക്കുക? നിങ്ങളിൽത്തന്നെ ഉപ്പ് സൂക്ഷിക്കുക; അപ്പോൾ നിങ്ങൾക്ക് പരസ്പരം സമാധാനം ഉണ്ടായിരിക്കും.” മർക്കോസ് 9:49-50

“അഗ്നിയാൽ ഉപ്പിടപ്പെടാൻ” നിങ്ങൾ തയ്യാറാണോ? ഈ “ഉപ്പിടലിലൂടെ” എല്ലാവരും കടന്നുപോകുമെന്ന് യേശു വ്യക്തമാക്കുന്നു. അപ്പോൾ, യഥാർഥത്തിൽ ഇതിന്റെ അർഥമെന്താണ്?

ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ അതിന്റെ രുചി തെളിഞ്ഞുവരുന്നു. അത് ഭക്ഷണത്തെ മറ്റൊന്നാക്കി മാറ്റുകയല്ല ചെയ്യുന്നത്; മറിച്ച്, അതിലുള്ളതിനെ മെച്ചപ്പെടുത്തുകയും രുചി വർധിപ്പിക്കുകയും ചെയ്യുന്നു.

ഉപ്പിന് ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ അത് ഉപയോഗിക്കുന്നു; ഭക്ഷണത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും അത് സഹായിക്കുന്നു. രുചി പകരുന്നതും കേടുകൂടാതെ സൂക്ഷിക്കുന്നതുമായ ഈ രണ്ട് പ്രതീകങ്ങളും നാം പരിചിന്തിക്കേണ്ടതാണ്.

“അഗ്നിയാൽ ഉപ്പിടപ്പെടുക” എന്നതിന്റെ അർത്ഥം ദൈവം നമ്മെ ശുദ്ധീകരിക്കുന്നു എന്നതാണ്. അഗ്നി ശുദ്ധീകരിക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്യുന്നു. പാത്രങ്ങൾ അണുവിമുക്തമാക്കാൻ ചൂട് ഉപയോഗിക്കുന്നു; സ്വർണം ശുദ്ധീകരിക്കാൻ അഗ്നി ഉപയോഗിക്കുന്നു. വിലയേറിയ ലോഹങ്ങളെ രൂപങ്ങളായോ ആഭരണങ്ങളായോ വാർത്തെടുക്കാനും അഗ്നി ഉപയോഗിക്കുന്നു.

നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദൈവത്തിന്റെ അഗ്നിയാൽ നാം എല്ലാ വിധത്തിലും ശുദ്ധീകരിക്കപ്പെടണം. പാപം നീക്കപ്പെടണം. ദൈവത്തിന്റെ ദിവ്യമായ സാദൃശ്യത്തിലേക്ക് നമ്മെ രൂപപ്പെടുത്താൻ കഴിയേണ്ടതിന്, അവിടുത്തെ അഗ്നിയാൽ നാം രൂപപ്പെടുത്താൻ വഴങ്ങുന്നവരാകണം.

എന്നാൽ ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? സ്വാർത്ഥവും ദൈവഹിതത്തിന് വിരുദ്ധവുമായ എല്ലാ ജഡികാഭിലാഷങ്ങളിൽനിന്നും ആസക്തികളിൽനിന്നും നാം ശുദ്ധീകരിക്കപ്പെടുന്നതാണ് ഒരു വഴി. ഇത് വേദനാജനകമായിരിക്കാം; അതുകൊണ്ടാണ് അഗ്നിയുടെ പ്രതീകം ഉപയോഗിക്കുന്നത്. ആത്മാവിന്റെ കൂടുതൽ ആഴമായ തലത്തിൽ നാം ശുദ്ധീകരിക്കപ്പെടുന്നതാണ് മറ്റൊരു വഴി. ഭാരമേറിയ ഏതെങ്കിലും കുരിശ് വഹിക്കാൻ നമുക്ക് നൽകപ്പെടുകയും നാം അത് ക്ഷമയോടെയും സ്വീകാര്യതയോടെയും വഹിക്കുകയും ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാം. നമ്മുടെ ഇച്ഛാശക്തി വെല്ലുവിളിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ സ്വന്തം ഇഷ്ടം ദൈവത്തിന് സമർപ്പിക്കാനും അവിടുത്തെ ഹിതം തിരഞ്ഞെടുക്കാനും നമുക്ക് അവസരം ലഭിക്കുന്നു. എന്നാൽ നാം അനുഭവിക്കുന്ന ഏതൊരു സഹനത്തെയും പൂർണമായി സ്വീകരിക്കുക എന്നത് പലപ്പോഴും അവിടുത്തെ ഹിതത്തിൽ ഉൾപ്പെടുന്നു. അങ്ങനെയാകുമ്പോൾ, നമ്മുടെ ഇച്ഛാശക്തിയുടെ ഏറ്റവും ആഴമായ തലത്തിൽ നമ്മെ ശുദ്ധീകരിക്കാൻ സഹനത്തിന് കഴിയും; അങ്ങനെ സഹനം നമുക്ക് രക്ഷാകരമായിത്തീരുന്നു.

നിങ്ങളുടെ ജീവിതത്തിൽ ദൈവം നടത്തുന്ന ശുദ്ധീകരണപ്രവർത്തനത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. പ്രത്യേകിച്ച്, നിങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും സഹനത്തിന്റെ വേദന അനുഭവിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ സഹനത്തെ പൂർണമായി സ്വീകരിക്കുന്നത്, നിങ്ങളെ യഥാർത്ഥത്തിൽ വിശുദ്ധരും നിർമലരുമാക്കുന്നതിനായി നിങ്ങളുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന ശുദ്ധീകരണത്തിന് വഴിയൊരുക്കിയേക്കാമെന്ന് മനസ്സിലാക്കുക.

എന്നെ ശുദ്ധീകരിക്കുന്ന എന്റെ കർത്താവേ, എന്റെ ആത്മാവിനെ എല്ലാ പാപങ്ങളിൽനിന്നും ശുദ്ധീകരിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയോടുള്ള എന്റെ സ്നേഹത്തിന് തടസ്സമാകുന്ന എല്ലാ ജഡികബന്ധനങ്ങളിൽനിന്നും മോചിതനാകാൻ ആദ്യം എന്നെ സഹായിക്കണമേ. എന്റെ സ്വന്തം ഇഷ്ടത്തിൽനിന്ന് സ്വതന്ത്രനാകാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ സഹനങ്ങളും കുരിശും യഥാർത്ഥ കൃപയായി മാറട്ടെ; അവയിലൂടെ അങ്ങ് എന്നെ സ്വതന്ത്രനാക്കുകയും ക്ഷമയിലും എല്ലാ പുണ്യങ്ങളിലും കരുത്തോടെ വളരാൻ സഹായിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, എന്നെത്തന്നെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സത്യം തേടുക

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ വെള്ളിയാഴ്ച

ഫരിസേയർ ഈശോയെ സമീപിച്ച്, “ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?” എന്നു ചോദിച്ചു. അവർ അവിടുത്തെ പരീക്ഷിക്കുകയായിരുന്നു. മാർക്കോസ് 10:2

ഫരിസേയർ ഈശോയെ കുടുക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇത് ദുഃഖകരമായ ഒരു വസ്തുതയാണെങ്കിലും, സത്യം അന്വേഷിക്കുന്നതിനെക്കുറിച്ച് ഇത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.

ജീവിതത്തിൽ നാം പരിശ്രമിച്ച് കൈവരിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്ന് സത്യം അന്വേഷിക്കുക എന്നതാണ്. സത്യം അറിയാൻ നാം ശ്രമിക്കണം; തുടർന്ന്, നമ്മെ സ്വതന്ത്രരാക്കാൻ ആ സത്യത്തെ അനുവദിക്കുകയും വേണം. ഒരർത്ഥത്തിൽ ഫരിസേയരും സത്യം അന്വേഷിക്കുകയായിരുന്നു. മോശയുടെ നിയമത്തെക്കുറിച്ചും ആ നിയമത്തിന് ഈശോ നൽകുന്ന വ്യാഖ്യാനത്തെക്കുറിച്ചും അവർ അവിടുത്തോട് ഒരു ചോദ്യം ചോദിച്ചു. അത്തരമൊരു ചോദ്യം ചോദിക്കുന്നതും ഈശോയിൽനിന്ന് ഉത്തരം തേടുന്നതും നല്ലതാണെങ്കിലും, നാം തിരിച്ചറിയേണ്ട സൂക്ഷ്മമായ ഒരു വ്യത്യാസമുണ്ട്.

ആ വ്യത്യാസം ചോദ്യം ചോദിക്കുന്നയാളുടെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ഫരിസേയർ ഈശോയോട് ചോദ്യം ചോദിച്ചത് സത്യം അന്വേഷിച്ചതുകൊണ്ടായിരുന്നില്ല; മറിച്ച്, അവിടുത്തെ കബളിപ്പിക്കാനും തങ്ങളുടെ ലക്ഷ്യത്തിനായി അവിടുത്തെ വാക്കുകളെ ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. ഈശോയെ കുറ്റം വിധിക്കാനായി അവിടുത്തെ കുടുക്കാൻ സഹായിക്കുന്ന എന്തെങ്കിലും കണ്ടെത്താനാണ് അവർ ശ്രമിച്ചത്. ഈശോയോട് ചോദ്യം ചോദിക്കുന്നതിനുള്ള ഏറെ മെച്ചപ്പെട്ട മാർഗം, രണ്ടു കാരണങ്ങളാൽ അവിടുത്തെ സമീപിക്കുക എന്നതാണ്.

ഒന്നാമതായി, എല്ലാ സത്യത്തിന്റെയും ഉറവിടം അവിടുന്നാണെന്ന് വിനയപൂർവം വിശ്വസിക്കുന്നതിനാൽ നാം ചോദ്യങ്ങളുമായി അവിടുത്തെ സമീപിക്കണം. ഇതിന് വിനയം ആവശ്യമാണ്; കാരണം, ഈശോയ്ക്ക് നമ്മെക്കാൾ നന്നായി അറിയാമെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. അവിടുത്തെ പക്കൽ ഉത്തരമുണ്ട്—നമ്മുടെ പക്കലുള്ളതിനെക്കാൾ മെച്ചപ്പെട്ട ഉത്തരം.

രണ്ടാമതായി, ഈശോയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ നമ്മുടെ പ്രേരണ എന്താണെന്ന് നാം പരിശോധിക്കണം. അറിയാനുള്ള ആഗ്രഹം എന്ന ഒരേയൊരു കാര്യം മാത്രമായിരിക്കട്ടെ നമ്മുടെ പ്രേരണ. അവിടുന്നാണ് സത്യത്തിന്റെ ഉറവിടമെന്ന് നാം വിശ്വസിക്കാൻ ഇടയായിരിക്കുന്നു; അതിനാൽ, കാര്യങ്ങൾ മനസ്സിലാക്കാൻ നാം അവിടുത്തിലേക്ക് തിരിയുന്നു. അങ്ങനെ, അവിടുത്തെ പക്കൽ ഉത്തരങ്ങളുണ്ടെന്ന് നാം വിനയപൂർവം വിശ്വസിക്കുക മാത്രമല്ല, അവ അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. അന്വേഷിക്കാൻ താത്പര്യമുള്ളതും തുറവിയുള്ളതുമായ ഇത്തരമൊരു ഹൃദയം, അവിടുന്ന് നമ്മോടു പറയുന്നതെല്ലാം സ്വീകരിക്കാൻ നമ്മെ ഒരുക്കുന്നു—മൃദുവായ മഴയെ വലിച്ചെടുക്കാൻ ഒരുങ്ങിനിൽക്കുന്ന വരണ്ട നിലംപോലെ.

ജീവിതത്തിലെ നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പതിവായി നമ്മുടെ കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുന്നുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രേരണ പരിശോധിക്കുക. സത്യംതന്നെയായ അവിടുന്നെന്ന ഉറവിടത്തിൽനിന്ന് നിർമലമായ സത്യം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വിനയമുള്ള ഒരു ഹൃദയം സ്വന്തമാക്കാൻ പരിശ്രമിക്കുക.

സത്യവാനായ എന്റെ കർത്താവേ, എല്ലാ സത്യത്തിന്റെയും ഉറവിടമായ അങ്ങയിലേക്ക് ഞാൻ തിരിയുന്നു. അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കുകയും അങ്ങയുടെ ജ്ഞാനത്താൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങ് ജീവിതത്തെ കാണുന്നതുപോലെ അതിനെ മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ; ആ ധാരണയിൽ അങ്ങയുടെ പരിശുദ്ധ ഹിതം സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ആരോഗ്യകരമായ മാനുഷിക സ്നേഹത്തിന്റെ ആവശ്യകത

സാധാരണകാലത്തിലെ ഏഴാം ആഴ്ചയിലെ ശനിയാഴ്ച

“കുട്ടികളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, ദൈവരാജ്യം ഇവരെപ്പോലുള്ളവരുടേതാണ്. ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഒരു കുട്ടിയെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.” പിന്നെ അവൻ കുട്ടികളെ ആശ്ലേഷിച്ച്, അവരുടെമേൽ കൈകൾ വച്ച് അവരെ അനുഗ്രഹിച്ചു. മർക്കോസ് 10:14-16

നാം ദൈവരാജ്യം എങ്ങനെ സ്വീകരിക്കണമെന്ന് വിശദീകരിക്കാൻ യേശു കുട്ടികളുടെ ഉദാഹരണം ഉപയോഗിച്ചു. ഒരു കുട്ടി സ്വീകരിക്കുന്നതുപോലെ നാം അതു സ്വീകരിക്കണം. സംശയദൃഷ്ടിയോടെയോ സന്ദേഹത്തോടെയോ അല്ല, മറിച്ച് തുറന്ന മനസ്സോടും സന്തോഷത്തോടും ലാളിത്യത്തോടും കൂടെ. എന്നാൽ മുകളിലെ ഈ ഭാഗം സൂക്ഷ്മമായ മറ്റൊരു സത്യവും വെളിപ്പെടുത്തുന്നു. മറ്റുള്ളവരോടു നമുക്കുണ്ടായിരിക്കേണ്ട സ്വാഭാവികവും ആരോഗ്യകരവുമായ സ്നേഹവാത്സല്യമാണ് അതു വെളിപ്പെടുത്തുന്നത്.

ഇന്നു നാം ജീവിക്കുന്ന ലോകം ദുർവൃത്തിയിലേക്കും വഴിതെറ്റിയ മാനുഷിക മോഹങ്ങളിലേക്കും കൂടുതൽ കൂടുതൽ ചായുന്നു. കാമമോഹങ്ങൾ നമ്മുടെ സംസ്കാരത്തെ എത്രമാത്രം കീഴടക്കുന്നു എന്നു പറഞ്ഞാൽ, മറ്റൊരാളെ മോഹത്തിന്റെ ഒരു വസ്തുവായി കാണുന്നത് ഏതാണ്ട് സാധാരണമായിത്തന്നെ തോന്നുന്നു. പരസ്യങ്ങളിലും ഹോളിവുഡിലുമാണ് ഇത് ഏറ്റവും വ്യക്തമായി കാണുന്നത്. ലൈംഗിക പാപങ്ങൾ വ്യാപകമാണ്. പലരെയും അവ അത്രയധികം ബാധിക്കുന്നു; അവയിൽനിന്നു മോചിതരാകാൻ കഴിയാതെ അവർ അവയുടെ ബന്ധനത്തിൽ കഴിയുന്നു.

ഇതിന്റെ ദുഃഖകരമായ ഒരു ഫലം, ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യം നഷ്ടപ്പെടുന്നതായി കാണുന്നു എന്നതാണ്. ലൈംഗികതയ്ക്ക് അമിതപ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിൽ, നാം അറിഞ്ഞോ അറിയാതെയോ എല്ലാറ്റിനെയും ആ കാഴ്ചപ്പാടിലൂടെ കാണാൻ എളുപ്പത്തിൽ തുടങ്ങാം. തൽഫലമായി, ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെടുന്നു.

ഈ സുവിശേഷഭാഗത്തിൽ യേശു പറയുന്നു: “കുട്ടികളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ.” തുടർന്ന് ഇങ്ങനെ പറയുന്നു: “പിന്നെ അവൻ കുട്ടികളെ ആശ്ലേഷിച്ച്, അവരുടെമേൽ കൈകൾ വച്ച് അവരെ അനുഗ്രഹിച്ചു.” ഈ കുട്ടികളോടും നമ്മോടെല്ലാവരോടും യേശുവിനുണ്ടായിരുന്ന വിശുദ്ധവും സ്വാഭാവികവും ആരോഗ്യകരവുമായ സ്നേഹവാത്സല്യം ഈ വചനഭാഗങ്ങൾ നമുക്കു വെളിപ്പെടുത്തുന്നു. എന്നാൽ കുട്ടികൾ മാത്രമല്ല അവന്റെ അടുക്കൽ വന്നത്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയും അവന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ചു; അന്ത്യത്താഴവേളയിൽ അപ്പസ്തോലനായ യോഹന്നാനും അവനോടു ചാരിക്കിടന്നു.

സ്വാർഥമായ ഉദ്ദേശ്യങ്ങളില്ലാതെയും, തീർച്ചയായും ക്രമരഹിതമായ ലൈംഗികാഭിലാഷങ്ങളില്ലാതെയും മറ്റുള്ളവർക്കു നൽകാൻ കഴിയുന്നവിധം മാനുഷിക സ്നേഹവാത്സല്യം ശുദ്ധീകരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും വേണം. യേശു ചെയ്തതുപോലെ ഇങ്ങനെ ചെയ്യാൻ കഴിയുമ്പോൾ, മാതാപിതാക്കൾ കുഞ്ഞിനെ ആശ്ലേഷിക്കുന്നതും, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ആശ്ലേഷിക്കുന്നതും, ദമ്പതികൾ പരസ്പരം ആശ്ലേഷിക്കുന്നതുമെല്ലാം ക്രിസ്തുവിന്റെ ഹൃദയത്തിലുള്ള സ്നേഹത്തിന്റെ വിശുദ്ധവും സ്വാഭാവികവുമായ പ്രകടനമായി മാറുന്നു.

ആരോഗ്യകരമായ മാനുഷിക സ്നേഹവാത്സല്യത്തിന്റെ നന്മയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. എന്നാൽ, സ്വാഭാവികമായ ഈ സ്നേഹവിനിമയത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്ര അശുദ്ധി നമ്മുടെ സംസ്കാരത്തിൽ നിറഞ്ഞിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ചും ചിന്തിക്കുക. ഹൃദയത്തിന്റെ വിശുദ്ധമായ നിർമ്മലത എന്ന ദാനം തുടർന്നും ലഭിക്കാനായി പ്രാർഥിക്കുക. അങ്ങനെ, നിങ്ങളുടെ ഹൃദയത്തിലൂടെയും സ്നേഹവാത്സല്യത്തിലൂടെയും നമ്മുടെ കർത്താവ് അനേകരെ തന്നിലേക്കു ക്ഷണിക്കട്ടെ.

അത്യന്തം നിർമ്മലനായ കർത്താവേ, ഹൃദയനിർമ്മലതയുള്ളവനാകാൻ എന്നെ സഹായിക്കണമേ. എന്റെ എല്ലാ സ്നേഹഭാവങ്ങളിലൂടെയും അങ്ങ് പ്രകാശിക്കേണ്ടതിന്, അവയെ ശുദ്ധീകരിക്കാൻ അങ്ങയെ അനുവദിക്കുവാൻ എന്നെ സഹായിക്കണമേ. നാം ജീവിക്കുന്ന സംസ്കാരത്തിലെ സ്വാർഥതയിലേക്കു നയിക്കുന്ന പ്രലോഭനങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കുകയും, പകരം അങ്ങയുടെ സ്നേഹം നിസ്വാർഥമായി പ്രകടിപ്പിക്കാൻ എനിക്കു കൃപ നൽകുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലം എട്ടാം വാരം

ഉള്ളടക്കം


പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്