പണത്തെക്കുറിച്ച് ഉത്കണ്ഠപ്പെടരുത്
ആണ്ടുവട്ടക്കാലം എട്ടാം ഞായർ, വർഷം A
നാളെയെക്കുറിച്ച് ആകുലപ്പെടരുത്; നാളെ അതിന്റെ കാര്യം നോക്കിക്കൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി. മത്തായി 6:34
ഈ വാക്കുകൾ നമുക്ക് ഒന്നു ചെവിക്കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ! …നെക്കുറിച്ച് ആകുലപ്പെടരുത്. ആ വാക്യത്തിലെ മൂന്നു കുത്തുകളുടെ സ്ഥാനത്ത് എന്തു ചേർക്കണമെന്ന് നിങ്ങൾതന്നെ തീരുമാനിക്കണം. എന്തിനെക്കുറിച്ചാണ് നിങ്ങൾ ആകുലപ്പെടുന്നത്?
ഇന്നത്തെ സുവിശേഷഭാഗം മുഴുവൻ, നാം ആകുലപ്പെടേണ്ടതില്ലാത്തതും എന്നാൽ ആകുലപ്പെടുന്നതുമായ കാര്യങ്ങളുടെ ഒരു പട്ടികയാണ് നൽകുന്നത്. നമ്മുടെ ഭൗതികക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കാണ് അത് പ്രത്യേകമായി വിരൽചൂണ്ടുന്നത്. പണത്തെക്കുറിച്ചും പണംകൊണ്ട് ലഭിക്കുന്ന സകലതിനെക്കുറിച്ചും നാം ആകുലപ്പെടരുതെന്ന് യേശു വളരെ വ്യക്തമായി പറയുന്നു. ആകാശത്തിലെ പക്ഷികളെയും വയലിലെ പൂക്കളെയുംകാൾ അധികമായി അവിടുന്ന് നമ്മെ കരുതുന്നു; എന്നിട്ടും അവയെ അവിടുന്ന് തികച്ചും നന്നായി പരിപാലിക്കുന്നു. അപ്പോൾ നമ്മെയും അവിടുന്ന് പരിപാലിക്കുകയില്ലേ? തീർച്ചയായും പരിപാലിക്കും.
ദൈവത്തെയും പണത്തെയും ഒരുപോലെ സേവിക്കാൻ നിങ്ങൾക്കാവില്ലെന്ന് ഈ സുവിശേഷഭാഗത്ത് യേശു നേരിട്ട് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇവ രണ്ടും ഒരുപോലെ നിങ്ങളുടെ ആഗ്രഹത്തിന്റെയും അഭിലാഷത്തിന്റെയും കേന്ദ്രമാക്കാൻ നിങ്ങൾക്കാവില്ല.
ജീവിതത്തിൽ പണത്തിന് കേന്ദ്രസ്ഥാനം നൽകുന്നത് ദൈവപരിപാലനത്തിൽ ആശ്രയിക്കുന്നതിൽനിന്ന് നമ്മെ അകറ്റുന്നു. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടത് ഒരുക്കിക്കൊടുക്കുന്ന കാര്യത്തിൽ നാം തീർച്ചയായും അശ്രദ്ധരായി ജീവിക്കരുത്. ജോലി ചെയ്ത് ഉപജീവനം നേടാനും നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടത് ഒരുക്കിക്കൊടുക്കാനും നമുക്കു കടമയുണ്ട്. എന്നാൽ ദൈവഹിതമനുസരിച്ച് ഉത്സാഹത്തോടും ഉത്തരവാദിത്വത്തോടുംകൂടെ പ്രവർത്തിക്കുന്നത് ഒരു കാര്യമാണ്. അമിതമായി ആകുലപ്പെടുകയോ പണത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുകയോ ചെയ്യുന്നത് മറ്റൊരു കാര്യമാണ്.
പണത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്ന് മോചിതരാകാനുള്ള ലളിതമായ ഉത്തരം വിശ്വാസമാണ്. ദൈവം നിങ്ങളെ പരിപാലിക്കുമെന്ന് പൂർണമായി വിശ്വസിക്കുക. പ്രാർഥിക്കുക, അവിടുത്തെ ശ്രവിക്കുക, നിങ്ങൾ എങ്ങനെ ഉപജീവനം നടത്തണമെന്ന കാര്യത്തിൽ അവിടുത്തെ തിരുവിഷ്ടം നിങ്ങൾക്ക് വെളിപ്പെടുത്താൻ അവിടുത്തെ അനുവദിക്കുക. തുടർന്ന്, എന്തു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുന്നതെന്ന് നിങ്ങൾ ശ്രവിച്ചറിയുന്നുവോ, അത് ആത്മവിശ്വാസത്തോടെ ചെയ്യുക. ചിലപ്പോൾ സാമ്പത്തിക ഞെരുക്കം ഉണ്ടായേക്കാം. അത്തരം നിമിഷങ്ങൾ ഉത്കണ്ഠയ്ക്കും ആകുലതയ്ക്കും കാരണമാകാം; അല്ലെങ്കിൽ ദൈവത്തിൽ കൂടുതൽ വിശ്വസിക്കാനും അവിടുത്തേക്ക് കൂടുതൽ സമർപ്പിക്കാനും കാരണമാകാം.
ഭൗതികസമ്പത്തിൽ നിങ്ങളെ ധനികരാക്കുമെന്ന് ദൈവം തീർച്ചയായും വാഗ്ദാനം ചെയ്യുന്നില്ല. അങ്ങനെ സംഭവിക്കാം, സംഭവിക്കാതിരിക്കാം; വാസ്തവത്തിൽ, ദൈവം അതിനു വലിയ പ്രാധാന്യം നൽകുന്നില്ല. ധനികരായാലും ദരിദ്രരായാലും നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുകയും നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ അവിടുത്തെ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നിങ്ങൾക്ക് ധാരാളം സമ്പത്തുണ്ടെങ്കിൽ, അത് ദിവസവും ദൈവത്തിനു സമർപ്പിക്കുന്നുവെന്നും നിങ്ങളുടെ സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് ദിവസവും അവിടുത്തോടു മാർഗനിർദേശം തേടുന്നുവെന്നും ഉറപ്പുവരുത്തുക. നിങ്ങൾക്ക് കുറച്ചേ ഉള്ളൂ എങ്കിൽ, ഭയത്തിനു വഴങ്ങരുത്; കർത്താവ് നിങ്ങളുടെ ആവശ്യങ്ങൾ അറിയുന്നുവെന്നും അവ നിറവേറ്റേണ്ടതെങ്ങനെയെന്ന് നിങ്ങൾക്കു കാണിച്ചുതരുമെന്നും വിശ്വസിക്കുക.
നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ എത്ര പതിവായി ദൈവത്തിനു സമർപ്പിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഈ മേഖലയുടെ പൂർണനിയന്ത്രണം അവിടുത്തെ ഏൽപ്പിക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ, വളരെയേറെ മനോവ്യഥകളിൽനിന്ന് നിങ്ങൾ മോചിതരാകും.
എല്ലാം പരിപാലിക്കുന്ന കർത്താവേ, എന്റെ സാമ്പത്തിക കാര്യങ്ങളും ഭൗതികസമ്പത്തും ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. അവയെ അങ്ങയുടെ കരുതലിനും പരിപാലനയ്ക്കും ഞാൻ സമർപ്പിക്കുന്നു. വ്യർഥമായ ആകുലതയിൽനിന്നും ഉത്കണ്ഠയിൽനിന്നും എന്നെ മോചിപ്പിക്കുകയും എന്റെ ജീവിതത്തിന്റെ കേന്ദ്രത്തിൽ അങ്ങയെ നിലനിർത്താൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൃപയുടെ നവജീവിതം
ആണ്ടുവട്ടക്കാലം എട്ടാം ഞായർ, വർഷം B
“അതുപോലെ, ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിക്കുന്നില്ല. അങ്ങനെ ചെയ്താൽ, വീഞ്ഞ് തോൽക്കുടങ്ങൾ പൊട്ടിക്കും; വീഞ്ഞും തോൽക്കുടങ്ങളും ഒരുപോലെ നശിക്കും. മറിച്ച്, പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിക്കുന്നത്.” മർക്കോസ് 2:22
യേശുവിന്റെ ഈ പ്രബോധനം കേവലം വീഞ്ഞുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഒരു പാഠമല്ലെന്നത് വ്യക്തമാണ്. ക്രിസ്തുവിലുള്ള ഒരു നവജീവിതത്തിലേക്കു നമ്മെ വിളിക്കുന്ന പാഠവും അവിടുത്തെ സുവിശേഷത്തിന്റെ പുതുമ സ്വീകരിക്കാനുള്ള ആഹ്വാനവുമാണിത്. ആദ്യം ഈ ഭാഗത്തിന്റെ കൂടുതൽ അക്ഷരാർഥത്തിലുള്ള വ്യാഖ്യാനം നോക്കാം; തുടർന്ന്, അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാകുന്നുവെന്ന് കാണാം.
“പഴയ തോൽക്കുടങ്ങൾ” എന്ന പ്രതീകം പഴയനിയമത്തിലെ മോശയുടെയും പ്രവാചകന്മാരുടെയും നിയമത്തെ സൂചിപ്പിക്കുന്നു. “പുതിയ വീഞ്ഞ്” പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെടുന്ന, ക്രിസ്തുവിലുള്ള കൃപയുടെ നവജീവിതത്തെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ നിയമത്തിന്റെ പഴയതും പരിമിതവുമായ അനുഷ്ഠാനരീതിക്കുള്ളിൽ സുവിശേഷത്തിന്റെ പുതുമയെ ഒതുക്കാൻ നമുക്കു ശ്രമിക്കാനാവില്ലെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. പഴയനിയമത്തിലെ നിയമം തെറ്റായിരുന്നു എന്നല്ല; മറിച്ച്, വരാനിരുന്ന വെളിപാടിന്റെയും സത്യത്തിന്റെയും പൂർണതയ്ക്കുള്ള ഒരുക്കം മാത്രമായിരുന്നു അത് എന്നാണ് അർഥം. അതിനാൽ, പുതിയനിയമ സുവിശേഷത്തിന്റെ സമ്പൂർണ വെളിപാടിനെയും സുവിശേഷം നമ്മെ വിളിക്കുന്ന സകലതിനെയും പരിമിതപ്പെടുത്താനുള്ള ഏതൊരു ശ്രമവും അപര്യാപ്തമാണ്. പഴയ നിയമത്തിന്റെ പരിമിതികൾക്കുള്ളിൽ കൃപയുടെ ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുക സാധ്യമല്ല.
ഈ പ്രബോധനം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ, പഴയ നിയമത്തിന് ഏതെങ്കിലും വിധത്തിൽ വിരുദ്ധമായി ജീവിക്കാനല്ല യേശു നമ്മെ വിളിക്കുന്നതെന്ന് നാം തിരിച്ചറിയും; മറിച്ച്, അതിനെ ഏറെ പൂർണമായി ജീവിക്കാനാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്. യേശുവിന്റെ പ്രബോധനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന സ്നേഹത്തിന്റെ പുതിയ നിയമം വിശുദ്ധിയുടെ ഉന്നതികളിലേക്കു നമ്മെ വിളിക്കുന്നു. നിയമത്തിന്റെ കേവലമായ ബാഹ്യാനുഷ്ഠാനത്തിലൂടെ സാധ്യമാകാത്ത ഒരു തലത്തിലുള്ള ദൈവിക കൂട്ടായ്മയിലേക്കാണ് അത് നമ്മെ വിളിക്കുന്നത്.
പ്രായോഗികമായി പറഞ്ഞാൽ, യേശുക്രിസ്തുവിൽ ജീവിക്കുന്ന ജീവിതം നിരന്തരം നവവും മഹത്വപൂർണവുമായ ജീവിതമാണെന്ന് നാം അറിയണം. സുവിശേഷഭാഗ്യങ്ങൾ കൈവരിക്കാനുള്ള ഒരു വിളിയാണത്. ക്രിസ്തുവിലുള്ള ഈ പുതുജീവിതം സ്വീകരിക്കുക എന്നത് നമുക്കുവേണ്ടി നാം സ്വയം തിരഞ്ഞെടുക്കാവുന്നതിലും അപ്പുറമാണ്. നമ്മുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള സ്നേഹത്തിന്റെ ഒരു തലത്തിൽ ജീവിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണത്തോടുള്ള പ്രതികരണമായിരിക്കണം അത്. “പുതിയ തോൽക്കുടങ്ങൾ” സൂചിപ്പിക്കുന്നത് നമുക്ക് നൽകപ്പെട്ടിരിക്കുന്ന പുതുജീവിതത്തെയാണ്.
ജീവിതവിശുദ്ധിയുടെ നവീനവും മഹിമാപൂർണ്ണവുമായ ഒരു ഉന്നതിയിലേക്ക് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. “ഈ ജീവിതം പൂർണ്ണമായി മനസ്സിലാക്കിയെടുക്കുക” സാധ്യമല്ല. സ്വന്തം ഇച്ഛയും ഉദ്ദേശ്യവുംകൊണ്ട് ഈ ജീവിതം തിരഞ്ഞെടുക്കാനും സാധ്യമല്ല. മറിച്ച്, നമ്മുടെ ദിവ്യനാഥന്റെ ക്ഷണം വിനയത്തോടെ സ്വീകരിക്കുന്നതിലൂടെ മാത്രമേ അത് പ്രാപിക്കാനാകൂ. ഈ നവജീവിതത്തിലേക്കുള്ള അവിടുത്തെ ക്ഷണം സ്വീകരിക്കുക. തുടർന്ന് ശാന്തമായി, നിങ്ങളിലും നിങ്ങളിലൂടെയും അവിടുന്ന് മഹിമാപൂർണ്ണമായ കാര്യങ്ങൾ ചെയ്യുന്നത് നോക്കിക്കാണുക.
സകല വിശുദ്ധിയുടെയും കർത്താവേ, ജീവിക്കാൻ അങ്ങ് എന്നെ വിളിച്ചിരിക്കുന്ന പുതുജീവിതത്തിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. പഴയനിയമത്തിലൂടെ അങ്ങ് വെളിപ്പെടുത്തിയ എല്ലാറ്റിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു; അങ്ങയുടെ പ്രബോധനങ്ങളിൽ ഈ നിയമം പൂർത്തീകരിക്കപ്പെട്ടതിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്നെ ജീവിക്കാൻ ക്ഷണിക്കുന്നതെല്ലാം ഞാൻ സ്വീകരിക്കട്ടെ; ആ സ്വീകരണത്തിലൂടെ, എനിക്കായി അങ്ങ് ഉദ്ദേശിച്ചിരിക്കുന്ന വിശുദ്ധിയുടെ മഹത്വപൂർണമായ ഉയരങ്ങൾ ഞാൻ കണ്ടെത്തട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നല്ല ഫലം പുറപ്പെടുവിക്കുക
ആണ്ടുവട്ടക്കാലത്തിലെ എട്ടാം ഞായർ, വർഷം C
“നല്ല വൃക്ഷം ചീഞ്ഞ ഫലം പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലവും പുറപ്പെടുവിക്കുന്നില്ല.” ലൂക്കാ 6:43
മറുവശത്ത്, നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു എന്നും പറയണം. ഇതായിരിക്കണം നമ്മുടെ ലക്ഷ്യം. “നല്ല വൃക്ഷം ചീഞ്ഞ ഫലം പുറപ്പെടുവിക്കുന്നില്ല” എന്നു പറയുന്നതിലൂടെ, വിശുദ്ധമായ ജീവിതം നയിക്കുന്നതിന്റെ അതിസ്വാഭാവിക ഫലത്തെക്കുറിച്ചാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിൽ വേരൂന്നിയ ഒരു ജീവിതം നാം നയിക്കുമ്പോൾ, അതിന്റെ ഫലമായി നമ്മുടെ ജീവിതത്തിൽനിന്ന് നല്ല ഫലങ്ങൾ ഉളവാകും. നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു ആത്മീയ തത്ത്വമാണിത്.
നല്ല ജീവിതം നയിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം. നമ്മുടെ ലോകത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നന്മയ്ക്കുതകുന്ന മാറ്റമുണ്ടാക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ നാം ചോദിക്കേണ്ട അടിസ്ഥാനപരമായ ചോദ്യം ഇതാണ്: നാം ഇത് എങ്ങനെ ചെയ്യും? നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ തിരഞ്ഞെടുക്കുക എന്നതിലല്ല ഇതിന്റെ ഉത്തരം പ്രധാനമായും അടങ്ങിയിരിക്കുന്നത്. മറിച്ച്, അതിലും അടിസ്ഥാനപരമായ തലത്തിൽ, ക്രിസ്തുവിൽ വേരൂന്നിയ ഒരു ജീവിതം നയിക്കാൻ നാം തിരഞ്ഞെടുക്കുകയും അങ്ങനെ ഒരു “നല്ല വൃക്ഷമായി” മാറുകയും വേണം.
നല്ല ഫലം പുറപ്പെടുവിക്കാനും ലോകത്തിൽ വിശുദ്ധവും നന്മനിറഞ്ഞതുമായ മാറ്റം വരുത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രാഥമികമായി ഒരു കാര്യം നിങ്ങൾ ചെയ്യേണ്ടതുണ്ട്: വിശുദ്ധരാകാൻ പരിശ്രമിക്കുക. യേശു നൽകുന്ന ഉപമ ഉപയോഗിച്ചുപറഞ്ഞാൽ, മണ്ണിൽ നട്ടിരിക്കുന്ന ഒരു വൃക്ഷമായി നിങ്ങളെത്തന്നെ കാണുക. നിങ്ങളുടെ വേരുകൾ ദൂരത്തേക്കും വിശാലമായും പടരുന്നതായി കാണുക. നിങ്ങൾ പോഷണം സ്വീകരിക്കുകയും സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുകയും ചെയ്യുന്നതായി കാണുക. നിങ്ങൾ വളരുകയും തഴച്ചുവളരുകയും ചെയ്യുന്നതായി കാണുക.
ഇതാണ് കൃപയുടെ ജീവിതം; അതിന്റെ ഫലമായി നല്ല ഫലങ്ങൾ സ്വാഭാവികമായി പുറപ്പെടുന്നു. നിങ്ങളുടെ സ്വന്തം ആരോഗ്യത്തിലും ആത്മീയക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് കൃപയുടെ ജീവിതം സാക്ഷാത്കരിക്കപ്പെടുന്നത്. അടിസ്ഥാന കാര്യങ്ങൾ നന്നായി ചെയ്യുന്നതിലൂടെ നിങ്ങൾ ഈ “നല്ല വൃക്ഷമായി” മാറുന്നു. ഒന്നാമതായി, പ്രാർഥിക്കുക; നന്നായി പ്രാർഥിക്കുക, തീക്ഷ്ണമായി പ്രാർഥിക്കുക. നിങ്ങളുടെ ജീവിതം പ്രാർഥനാകേന്ദ്രിതമായിരിക്കട്ടെ. രണ്ടാമതായി, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പഠിക്കുക. സുവിശേഷങ്ങൾ ശ്രവിക്കുക, സഭയിലൂടെ ദൈവം വെളിപ്പെടുത്തിയതെല്ലാം പഠിക്കുക, വിശുദ്ധരുടെ പ്രബോധനങ്ങൾ വായിക്കുക, വിശുദ്ധരായ മറ്റു വ്യക്തികളിൽനിന്ന് പഠിക്കുക. മൂന്നാമതായി, നല്ലൊരു കൂദാശാജീവിതം നയിക്കുക. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, അനുരഞ്ജന കൂദാശ സ്വീകരിക്കുക, നിങ്ങളുടെ മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം, തിരുപ്പട്ടം തുടങ്ങിയവയുടെ കൃപ മനസ്സിലാക്കുക. കൂദാശകൾ ശക്തമായ വിധങ്ങളിൽ നിങ്ങളെ പോഷിപ്പിക്കുന്നുവെന്ന് അറിയുകയും ആ പോഷണം പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യുക.
ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് സമൃദ്ധമായി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട ദൗത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വിശുദ്ധമായ ഒരു ജീവിതത്തിന്റെ ഫലമായി മാത്രമേ ഈ ദൗത്യം നിറവേറ്റാനാകൂ. നിങ്ങളുടെ വേരുകൾ കൃപയുടെ ജീവിതത്തിൽ ഉറച്ചുനിൽക്കുമ്പോൾ മാത്രമേ ഈ വിശുദ്ധി കൈവരിക്കാനാകൂ. ദൈവം നിങ്ങളുടെ മുമ്പിൽ ഒരുക്കിയിരിക്കുന്ന അനേകം മാർഗങ്ങളിലൂടെ കൃപയുടെ ഈ ജീവിതം സ്വീകരിക്കുക. വിശുദ്ധിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങളുടെ സ്വന്തം ആത്മാവിനു മാത്രമല്ല, നിങ്ങളിലൂടെ ദൈവം സ്പർശിക്കുന്നവരുടെ ആത്മാക്കൾക്കും ആരോഗ്യം പകരുമെന്ന് അറിയുക.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്റെ ജീവിതം അങ്ങേക്കു സമർപ്പിക്കുകയും ചെയ്യുന്നു. അങ്ങയുടെ സമൃദ്ധമായ സ്നേഹത്തിന്റെയും കരുണയുടെയും ഫലഭൂയിഷ്ഠമായ മണ്ണിൽ ഞാൻ നടപ്പെടാൻ ഇടയാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങ് എനിക്കു സമൃദ്ധമായി നൽകിയ കൃപയുടെ ജീവിതത്താൽ പോഷിപ്പിക്കപ്പെടാൻ എന്നെ സഹായിക്കണമേ. ഞാൻ വിശുദ്ധിയിൽ വളരുമ്പോൾ, എന്റെ ജീവിതത്തിൽ ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കണമേ. യേശുവേ, അങ്ങിൽ ഞാൻ ശരണപ്പെടുന്നു.
ശിഷ്യത്വത്തിന്റെ വില
ആണ്ടുവട്ടക്കാലത്തിലെ എട്ടാം ആഴ്ചയിലെ തിങ്കളാഴ്ച
യേശു അവനെ സ്നേഹപൂർവം നോക്കി അവനോടു പറഞ്ഞു: “നിനക്ക് ഒരു കുറവുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ആ വാക്കുകൾ കേട്ട് അവന്റെ മുഖം വാടി; അവൻ ദുഃഖിതനായി മടങ്ങിപ്പോയി. കാരണം, അവന് ധാരാളം സമ്പത്തുണ്ടായിരുന്നു. മർക്കോസ് 10:21-22
ഈ തിരുവചനഭാഗത്തിൽ എടുത്തുപറയേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് യേശുവിന്റെ പ്രതികരണവും രണ്ടാമത്തേത് ധനികനായ യുവാവിന്റെ പ്രതികരണവുമാണ്.
യേശു അവനെ നോക്കി “അവനെ സ്നേഹിച്ചു” എന്ന് അവിടെ പറയുന്നു. ഈ യുവാവിനോട് യേശു ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യത്തിന്റെ മുന്നോടിയാണ് ഈ വാക്കുകൾ എന്നതു ശ്രദ്ധിക്കേണ്ടതാണ്. അവനുള്ളതെല്ലാം ഉപേക്ഷിക്കാനും, അതെല്ലാം മറ്റുള്ളവർക്കു കൊടുക്കാനും, വന്ന് തന്നെ അനുഗമിക്കാനും യേശു അവനെ വിളിക്കുന്നു. സ്നേഹം കൊണ്ടാണ് യേശു അവനെ ഇതിനു ക്ഷണിച്ചത്.
ഇപ്പോൾ സ്വന്തമായുള്ളതിനെക്കാൾ വളരെയേറെ നേടാനാണ് യേശു ഈ യുവാവിനെ ക്ഷണിക്കുന്നത്. അതുകൊണ്ടാണ് പൂർണ്ണമായും സമൂലമായും തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്നതിനുമുമ്പ് യേശു അവനെ സ്നേഹത്തോടെ നോക്കിയത്. എന്നാൽ ഈ സാഹചര്യത്തിൽ, യേശുവിനെ സ്നേഹിക്കുന്നത് വേദനാജനകമാകുമായിരുന്നു. യേശുവിനെ അനുഗമിക്കാൻ അവൻ സകലതും പൂർണ്ണമായി ത്യജിക്കേണ്ടിയിരുന്നു എന്ന അർഥത്തിലാണ് അത് വേദനാജനകമാകുമായിരുന്നത്. അത് പൂർണ്ണവും സമൂലവുമായ ത്യാഗമായിരുന്നു. തികച്ചും മാനുഷികവും ലൗകികവുമായ കാഴ്ചപ്പാടിൽ നിന്നെങ്കിലും നോക്കുമ്പോൾ, അത് പ്രയാസകരമായിരുന്നു. എന്നാൽ ഈ യുവാവിനോടുള്ള യേശുവിന്റെ സ്നേഹം അത്ര പരിപൂർണ്ണമായിരുന്നതിനാൽ, ആ ധനവാന് അതിലേറെ നേടാൻ കഴിയേണ്ടതിന് സകലതും ത്യജിക്കുന്നതിന്റെ വേദന സഹിക്കാൻ അവനെ ക്ഷണിക്കുവാൻ യേശു സന്നദ്ധനായി.
ഇതുതന്നെ ചെയ്യാൻ നാമും ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഭൗതികസമ്പത്തെല്ലാം ഉപേക്ഷിക്കുക എന്ന സവിശേഷവും സമൂലവുമായ രീതിയിൽ യേശുവിനെ അനുഗമിക്കാൻ നാം വിളിക്കപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ അതേ അളവിലുള്ള വിശ്വാസത്തോടും അവിടുത്തെ ദൈവിക തിരുഹിതത്തിനുള്ള സമ്പൂർണ്ണ സമർപ്പണത്തോടുംകൂടെ യേശുവിനെ അനുഗമിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിന് അനിവാര്യമായും ത്യാഗം വേണ്ടിവരും. ഏറ്റവും വലിയ അളവിലുള്ള ത്യാഗം.
ശിഷ്യത്വത്തിലേക്കുള്ള യേശുവിന്റെ വിളിയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നിർണ്ണായകമാണ്. നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനുള്ള ഈ ക്ഷണത്തോട് നാം എങ്ങനെ പ്രതികരിക്കും? ധനികനായ ആ യുവാവ് ആദ്യം ദുഃഖത്തോടെയാണ് പ്രതികരിച്ചത്. യേശു നൽകിയ ക്ഷണം അവൻ സ്വീകരിച്ചില്ല. ഒടുവിൽ അവൻ സമൂലവും പൂർണ്ണവുമായ ഈ രീതിയിൽ യേശുവിനെ അനുഗമിച്ചോ എന്നു നമുക്കറിയില്ല; എന്നാൽ അവന്റെ ആദ്യപ്രതികരണം എന്തായിരുന്നുവെന്ന് നമുക്കറിയാം.
പലപ്പോഴും നമ്മുടെയും ആദ്യപ്രതികരണം ഇതുതന്നെയാണ്. വിശ്വസ്തരായിരിക്കാനും ക്രിസ്തു എന്തുതന്നെ ആവശ്യപ്പെട്ടാലും അവിടുത്തെ അനുഗമിക്കാനും നാം ആഗ്രഹിക്കുന്നു. എന്നാൽ അവിടുത്തെ വിളിക്ക് ഉത്തരം നൽകാനുള്ള വ്യക്തമായ ഒരു ക്ഷണം ലഭിക്കുമ്പോൾ, അത് നമ്മിൽനിന്ന് വളരെയധികം ആവശ്യപ്പെടുന്നു എന്നു കരുതി നാം ദുഃഖത്തോടെ പിന്തിരിയുന്നു.
ഇന്ന് ഈ ധനികനായ യുവാവിനെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കു നോക്കി, യേശു നിങ്ങളോട് ആവശ്യപ്പെടുന്ന എന്തിനും പൂർണമായി “അതെ” എന്നു പറയാൻ നിങ്ങൾ എത്രമാത്രം ഒരുക്കവും സന്നദ്ധതയുമുള്ളവരാണെന്ന് ചിന്തിക്കുക. ത്യാഗസന്നദ്ധതയോടെ “അതെ” എന്നു പറയുന്നതാണ് നിങ്ങൾക്കെടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം. യഥാർഥത്തിൽ, നിങ്ങൾക്കു ജീവിക്കാവുന്ന ഏറ്റവും മഹത്വപൂർണമായ ജീവിതത്തെ മനസ്സോടെ സ്വീകരിക്കലാണത്.
എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, അങ്ങയെ അനുഗമിക്കുന്നത് ചിലപ്പോൾ പ്രയാസകരവും സമൂലമായ മാറ്റം ആവശ്യപ്പെടുന്നതുമായി തോന്നാം. അത് താങ്ങാവുന്നതിലേറെയാണെന്നും തോന്നാം. പ്രത്യേകിച്ച് അത്തരം നിമിഷങ്ങളിൽ, ഈ ലോകത്തിൽ എനിക്കുള്ള അനേകം ആസക്തികളെക്കാൾ അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. യേശുവേ, അങ്ങിൽ ഞാൻ ശരണപ്പെടുന്നു.
എന്തു ത്യജിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്?
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
പത്രോസ് യേശുവിനോടു പറയാൻ തുടങ്ങി: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു.” മർക്കോസ് 10:28
ഏറെ കാര്യങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കാൻ ചിലർ വിളിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ആശ്രമജീവിതത്തിലേക്കോ ക്ലോയിസ്റ്റർ മഠത്തിലെ സന്യാസിനീജീവിതത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. സമൂലമായ ഈ രീതിയിൽ തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണം അന്വേഷിച്ചു കണ്ടെത്തി അതനുസരിച്ചു ജീവിക്കാൻ അവർ ഈ ലോകത്തിലുള്ളതെല്ലാം യഥാർഥത്തിൽ ഉപേക്ഷിക്കുന്നു.
എന്നാൽ, നമുക്കോരോരുത്തർക്കും സവിശേഷമായ രീതിയിൽ ക്രിസ്തുവിനെ അനുഗമിക്കാൻ “എല്ലാം” ഉപേക്ഷിക്കുവാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാം ഉപേക്ഷിക്കുക എന്നതിലൂടെ, ക്രിസ്തുവിന്റെ ദൈവികപദ്ധതിക്കനുസരിച്ച് അവിടുത്തെ സേവിക്കാനായി നമ്മുടെ സ്വന്തം ഇഷ്ടവും ജീവിതത്തിലെ മുൻഗണനകളും പൂർണമായി സമർപ്പിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പല രൂപങ്ങളുണ്ടാകാം. എന്നാൽ ആത്യന്തികമായി അത് എപ്പോഴും എല്ലാം ഉപേക്ഷിക്കാനുള്ള വിളിയാണ്.
“എല്ലാം ഉപേക്ഷിക്കുക” എന്നത് ജീവിതത്തിലെ നമ്മുടെ സ്വാർഥമായ ആദർശങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സദ്വാർത്ത. ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ജീവിതം നമുക്കു സ്വപ്നം കാണാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിനെക്കാൾ വളരെ മികച്ചതാണ് എന്നത് അതിലും വലിയ സദ്വാർത്തയാണ്. അതിനാൽ, നമ്മുടെ സ്വന്തം ഇച്ഛയോടും സ്വന്തം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനോടും “ഇല്ല” എന്നു പറയുമ്പോൾ, യഥാർഥത്തിൽ ദൈവത്തിന്റെ പരിപൂർണ്ണമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന് നാം “അതെ” എന്നു പറയുകയാണ്.
നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും അവിടുത്തെ തിരുഹിതം മാത്രം അന്വേഷിക്കാൻ നാം എന്തുകൊണ്ട് ആഗ്രഹിക്കാതിരിക്കണം? അവിടുത്തെയും അവിടുത്തെ പരിപൂർണ്ണമായ പദ്ധതിയെയും സേവിക്കാൻ നാം എന്തുകൊണ്ട് ആഗ്രഹിക്കാതിരിക്കണം? ഇത് നമ്മുടെ കുടുംബങ്ങളെ സേവിക്കുന്ന രൂപത്തിലാകാം. അവർക്കായി നൽകാൻ നമുക്കു മനസ്സു തോന്നാത്തപ്പോഴും നൽകുന്നതിലാകാം. സേവനത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പ്രവൃത്തികളിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുക എന്നതാകാം അതിന്റെ അർഥം. ചിലർക്ക്, കൂടുതൽ സമൂലമായ രീതിയിൽ അവിടുത്തെ തിരുഹിതം അന്വേഷിക്കാനായി ജീവിതത്തിലെ സാധാരണമായ എല്ലാ ബന്ധങ്ങളോടുമുള്ള ആസക്തി ഉപേക്ഷിക്കുക എന്നതാകാം അതിന്റെ അർഥം. ജീവിതത്തിൽ നിങ്ങൾക്കുള്ള പ്രത്യേക വിളി എന്തുതന്നെയായാലും, ദൈവത്തിന്റെ തിരുഹിതം സ്വീകരിക്കുന്നത് തീർച്ചയായും മൂല്യവത്താണ്.
ക്രിസ്തു നിങ്ങളോട് എന്തുതന്നെ ആവശ്യപ്പെട്ടാലും അവിടുത്തോട് “അതെ” എന്നു പറയാൻ നിങ്ങൾ എത്രമാത്രം ഒരുക്കവും സന്നദ്ധതയുമുള്ളവരാണെന്ന് ഇന്ന് ചിന്തിക്കുക. അവിടുന്ന് ഇനിയും നിങ്ങൾക്കു വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളോടുപോലും “അതെ” എന്നു പറയാൻ നിങ്ങൾ സന്നദ്ധരാണോ? നിങ്ങളുടെ ഭാവിയിൽ എന്തുതന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും അതിനോട് ഇന്ന് “അതെ” എന്നു പറയുക; ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
എനിക്ക് ആശ്രയിക്കാവുന്ന എന്റെ കർത്താവേ, ജീവിതത്തിൽ എന്തു ചെയ്യാനാണ് അങ്ങ് എന്നെ വിളിക്കുന്നതെങ്കിലും, എന്റെ മറുപടി “അതെ” എന്നാണ്. നിസ്വാർഥമായും പൂർണ്ണമായും അങ്ങയുടെ തിരുഹിതത്തെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഔദാര്യത്തോടും സ്നേഹത്തോടുംകൂടെ ആ വിളിയനുസരിച്ചു ജീവിക്കാൻ എന്നെ സഹായിക്കണമേ. യേശുവേ, അങ്ങിൽ ഞാൻ ശരണപ്പെടുന്നു.
യഥാർഥ അധികാരം
ആണ്ടുവട്ടക്കാലം എട്ടാം ആഴ്ചയിലെ ബുധനാഴ്ച
“വിജാതീയരുടെ ഭരണാധികാരികളായി അംഗീകരിക്കപ്പെട്ടവർ അവരുടെമേൽ ആധിപത്യം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ തങ്ങളുടെ അധികാരം അവരെ അനുഭവിപ്പിക്കുന്നുവെന്നും നിങ്ങൾക്കറിയാം. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെ ആയിരിക്കരുത്.” മാർക്കോസ് 10:42-43a
“സമ്പൂർണ്ണ അധികാരം സമ്പൂർണ്ണമായി ദുഷിപ്പിക്കുന്നു!” എന്നു പറയാറുണ്ട്. ഒരാളെ ശക്തിയും അധികാരവും ഏൽപ്പിക്കുമ്പോൾ, അതുമൂലം അഹങ്കരിക്കാനുള്ള വലിയ പ്രലോഭനം ആ വ്യക്തിക്ക് ഉണ്ടാകുന്നു എന്നാണ് ഇതിനർഥം. അധികാരം, പ്രത്യേകിച്ച് മറ്റുള്ളവരുടെ മേലുള്ള അധികാരം, ഉപവിയോടും വിനയത്തോടുംകൂടെ പ്രയോഗിക്കുക പ്രയാസമാണ്. വളരെ പ്രയാസം. “വിജാതീയരുടെ ഭരണാധികാരികൾ അവരുടെമേൽ ആധിപത്യം പുലർത്തുന്നു; അവരുടെ പ്രമുഖർ അവരുടെമേലുള്ള തങ്ങളുടെ അധികാരം അവരെ അനുഭവിപ്പിക്കുന്നു” എന്ന് മുകളിലുള്ള വചനഭാഗം ചൂണ്ടിക്കാട്ടുന്നു. ആരുടെ കൈയിലാണ് അധികാരമെന്ന് മറ്റുള്ളവർ അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പ്രവണത ഭരണാധികാരികളിലും അധികാരസ്ഥാനങ്ങളിലുള്ളവരിലും ഉണ്ടെന്ന് ഇത് അംഗീകരിക്കുന്നു!
എന്നാൽ, തങ്ങൾ ഇതിനു വിപരീതമായി പ്രവർത്തിക്കണമെന്ന് ശിഷ്യന്മാർക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് യേശു ഈ ഉദാഹരണം നൽകുന്നത്. താമസിയാതെ അവർക്ക് വലിയ അധികാരം നൽകപ്പെടുമായിരുന്നു. ലൗകികമായ അർഥത്തിലുള്ള അധികാരമല്ല അത്. അവർ ഭരണനേതൃത്വം ഏറ്റെടുത്ത് അധികാരത്തോടെ രാജ്യം ഭരിക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. മറിച്ച്, അവർക്ക് ലഭിക്കാനിരുന്ന അധികാരം അതിനെക്കാൾ ഏറെ മഹത്തരമായിരുന്നു. നിത്യതയോളം നിലനിൽക്കുന്ന വിധത്തിൽ ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള അധികാരമായിരുന്നു അത്. മനുഷ്യരുടെ ഹൃദയങ്ങൾ പരിവർത്തനപ്പെടുകയും ആ പരിവർത്തനം നിലനിൽക്കുകയും ചെയ്യുന്ന വിധത്തിൽ ദൈവവചനം പ്രചരിപ്പിക്കാനുള്ള ദൗത്യമാണ് അവരെ ഏൽപ്പിച്ചിരുന്നത്. എന്നാൽ, ഇത് ഫലപ്രദമായി ചെയ്യാൻ അവർക്ക് ലൗകിക നേതാക്കളുടെ മാതൃക പിന്തുടരാനാവില്ലായിരുന്നു. മറ്റുള്ളവരെ നിർബന്ധിക്കാനോ അവരുടെമേൽ സുവിശേഷം അടിച്ചേൽപ്പിക്കാനോ അവർക്ക് കഴിയുമായിരുന്നില്ല. പകരം, അവർ വിനയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി സ്നേഹത്തോടെ സേവിക്കണമായിരുന്നു. സുവിശേഷത്തിന് ജീവിതങ്ങളെ ഫലപ്രദമായി മാറ്റിമറിക്കാൻ കഴിയുന്ന ഏക മാർഗം ഇതായിരുന്നു.
ഇവിടെ നമുക്കു പഠിക്കാൻ അനേകം പാഠങ്ങളുണ്ട്. അവയിൽ പ്രത്യേകം ശ്രദ്ധേയമായ ഒന്ന്, നാം പരസ്പരം, പ്രത്യേകിച്ച് നമുക്ക് ഏറ്റവും അടുപ്പമുള്ളവരുമായി, എങ്ങനെ ഇടപെടുന്നു എന്നതാണ്. ശക്തനും സ്വാർത്ഥനുമായ ഒരു രാജാവ് ചെയ്യുന്നതുപോലെ, നമ്മുടെ രീതിയും ഇഷ്ടവും മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണത പലപ്പോഴും നമുക്കുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നും മറ്റുള്ളവർ എങ്ങനെ പ്രവർത്തിക്കണമെന്ന് നാം നിർദേശിക്കണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാൽ യഥാർത്ഥ അധികാരം വിനിയോഗിക്കുന്ന യഥാർത്ഥ നേതാക്കളാകാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, വിനയത്തോടെ സേവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയണം. അല്ലാത്തപക്ഷം, നാം വാദത്തിൽ “ജയിച്ചേക്കാം”, അല്ലെങ്കിൽ നമ്മുടെ ഇഷ്ടം സാധിച്ചെടുത്തേക്കാം; എന്നാൽ ഹൃദയങ്ങളെയും മനസ്സുകളെയും ആത്മാക്കളെയും നാം മാറ്റുകയില്ല. അവയെ മാറ്റുക എന്നതായിരിക്കണം നമ്മുടെ ജീവിതത്തിലെ നിരന്തരമായ ലക്ഷ്യം!
ക്രിസ്തുവിന്റെ അധികാരം പ്രയോഗിക്കുന്നത് മഹത്വപൂർണ്ണമാണ്; അതിനുവേണ്ടിയാണ് നാമെല്ലാവരും പരിശ്രമിക്കേണ്ടത്. അതിനെക്കുറിച്ച് ചിന്തിക്കുക. ഇവിടെയും ഇപ്പോഴും മേധാവിയായിരിക്കുന്നതിന്റെ ക്ഷണികസുഖത്തിൽ ആനന്ദിക്കുന്നതാണോ നല്ലത്, അതോ നിത്യതയോളം നിലനിൽക്കുന്ന വിധത്തിൽ മറ്റൊരാളുടെ പരിവർത്തനത്തിനു സഹായിക്കാൻ കഴിഞ്ഞുവെന്ന അറിവിൽ സന്തോഷിക്കുന്നതാണോ നല്ലത്? സ്വർഗത്തിൽ ആരായിരുന്നു “അധികാരത്തിൽ” എന്നതിന് പ്രസക്തിയുണ്ടാകില്ല. മറിച്ച്, വിനയത്തിന്റെയും സേവനത്തിന്റെയും അധികാരത്തോടെ നാം പ്രവർത്തിച്ചതിനാൽ ആരുടെയെല്ലാം ജീവിതങ്ങൾ മാറി എന്നതിനായിരിക്കും പ്രസക്തി.
നിയന്ത്രണം കൈയാളാനും മറ്റുള്ളവരുടെമേൽ അധികാരം സ്ഥാപിക്കാനും നിങ്ങൾക്കുണ്ടായേക്കാവുന്ന ഈ പ്രവണതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. തുടർന്ന്, ഈ സുവിശേഷഭാഗം മുന്നോട്ടുവയ്ക്കുന്ന ആദർശത്തെക്കുറിച്ച് ചിന്തിക്കുക. ഒരു ശുശ്രൂഷകനായിരിക്കുന്നതിനുള്ള എളിയ ദാനം നമ്മുടെ കർത്താവ് നിങ്ങൾക്ക് നൽകണമെന്നു പ്രാർഥിക്കുക.
അത്യന്തം വിനയാന്വിതനായ എന്റെ കർത്താവേ, സേവിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. മറ്റുള്ളവരിൽ അങ്ങയെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹമാകുന്ന അങ്ങയുടെ ദിവ്യാധികാരത്തിന്റെ ഉപകരണമായി അങ്ങയ്ക്ക് എന്നെ ഉപയോഗിക്കാൻ കഴിയേണ്ടതിന് ഞാൻ വിനയത്തിനായി പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ബർത്തിമേയൂസിന്റെ നിലവിളി
ആണ്ടുവട്ടക്കാലം എട്ടാം ആഴ്ചയിലെ വ്യാഴാഴ്ച
“ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ.” മിണ്ടാതിരിക്കണമെന്നു പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ.” മാർക്കോസ് 10:47b-48
തന്റെ വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രവൃത്തി, യുഗങ്ങളിലുടനീളം എണ്ണമറ്റ ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമേകുന്ന ഒരു സാക്ഷ്യമായി വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഈ അന്ധയാചകൻ ഒട്ടുംതന്നെ അറിഞ്ഞിരുന്നില്ല. ബർത്തിമേയൂസ് ലളിതമായി തന്റെ ഭാഗം നിർവഹിച്ചു; തുടർന്ന് ദൈവം അവന്റെ വിശ്വാസം സ്വീകരിക്കുകയും അവനെ സുഖപ്പെടുത്തുകയും മഹത്വപൂർണ്ണമായ ഈ സാക്ഷ്യമായി അവനെ ഉപയോഗിക്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ ഓരോ ഘട്ടവും നമ്മുടെ വിശ്വാസജീവിതത്തിനും പ്രാർഥനാജീവിതത്തിനും ഏറെ ഉൾക്കാഴ്ച നൽകുന്നു. ആദ്യം, അന്ധനും ദരിദ്രനും ഭിക്ഷക്കാരനുമായ ബർത്തിമേയൂസിന്റെ അവസ്ഥ നാം കാണുന്നു. അനേകം ആവശ്യങ്ങളുള്ള ഒരു അവസ്ഥയിലാണ് അവൻ. ആ അവസ്ഥയിൽ, ഈശോ അതുവഴി നടന്നുപോകുന്നുവെന്ന് കേൾക്കുമ്പോൾ, അവൻ ആ അവസരം പ്രയോജനപ്പെടുത്തി ഈശോയോട് ഉറക്കെ വിളിച്ചപേക്ഷിക്കുന്നു: “ദാവീദിന്റെ പുത്രനായ ഈശോയേ, എന്നോടു കരുണ തോന്നണമേ.” ഈ പ്രാർഥനയുടെ പേരിൽ ചുറ്റുമുള്ളവർ ബർത്തിമേയൂസിനെ ശാസിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്റെ സമയവും ശ്രദ്ധയും ലഭിക്കാൻ അവൻ അർഹനല്ലെന്ന് അവർ അവനോടു പറയുന്നതുപോലെയാണത്.
ഈ വചനഭാഗത്തിൽനിന്ന് നമുക്കു പഠിക്കാവുന്ന ഒരു പ്രധാന പാഠം സ്ഥിരോത്സാഹത്തിന്റേതാണ്. മറ്റുള്ളവരുടെ ശകാരങ്ങൾ അവഗണിച്ചുകൊണ്ട് ബർത്തിമേയൂസ് കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുന്നു. മറ്റുള്ളവരുടെ നിഷേധാത്മക മനോഭാവവും തെറ്റായ വിധികളും യേശുവിലുള്ള തന്റെ വിശ്വാസത്തിനും ആശ്രയത്തിനും തടസ്സമാകാൻ അവൻ അനുവദിക്കുന്നില്ല. വാസ്തവത്തിൽ, എതിർപ്പ് വർധിച്ചപ്പോൾ അവൻ കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. ജീവിതത്തിലെ കഷ്ടപ്പാടുകളെ എങ്ങനെ നേരിടണമെന്ന് ഈ പാഠം നമ്മെ പഠിപ്പിക്കണം. എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ ഉള്ളിലേക്കു വലിയാനും നിരാശരാകാനും നമുക്കു പലപ്പോഴും പ്രലോഭനമുണ്ടാകാറുണ്ട്. കാര്യങ്ങൾ പ്രയാസകരമാകുമ്പോൾ നാം ചെയ്യേണ്ടത് യേശുവിൽ കൂടുതൽ ആശ്രയിക്കുകയാണ്. നമ്മുടെ ആവശ്യനേരത്ത് അവിടുത്തെ പക്കലേക്കു തിരിയുകയും അവിടുന്ന് നമ്മുടെ പ്രാർഥന കേൾക്കുന്നുവെന്നും കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ആഴമായ ബോധ്യത്തോടെ വിശ്വസിക്കുകയും വേണം.
ഈശോ കൃത്യമായി അതുതന്നെയാണ് ചെയ്യുന്നത്. അവിടുന്ന് ബർത്തിമേയൂസിന്റെ നിലവിളി കേൾക്കുന്നു, അവനോട് പ്രതികരിക്കുന്നു, അവനു പറയാനുള്ളത് ശ്രദ്ധിക്കുന്നു, അവനെ സുഖപ്പെടുത്തുന്നു. ഈശോ ബർത്തിമേയൂസിന്റെ നിലവിളി കേട്ട് അവനെ വിളിച്ചുകഴിഞ്ഞപ്പോൾ, അതുവരെ ആ ഭിക്ഷക്കാരനെ ശാസിച്ചുകൊണ്ടിരുന്നവരെല്ലാം പെട്ടെന്ന് അവനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി എന്നതും ശ്രദ്ധേയമാണ്. ഈശോ അവനെ സ്വീകരിച്ചതിന്റെ ഫലമായിരുന്നു ഇത്; അതോടൊപ്പം ബർത്തിമേയൂസിന്റെ വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലവുമായിരുന്നു.
അന്ധനായ ഈ യാചകന്റെ എളിയ പ്രാർഥനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുകയും അത് നിങ്ങളുടെ സ്വന്തം പ്രാർഥനയാക്കുകയും ചെയ്യുക. അത് വീണ്ടും വീണ്ടും പ്രാർഥിക്കുകയും അവൻ ഏതു വിശ്വാസത്തോടെയാണ് പ്രാർഥിച്ചതെന്നു കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. യേശു നിങ്ങളുടെ പ്രാർഥന കേൾക്കുകയും നിങ്ങളെ തന്റെ അടുക്കലേക്കു വിളിക്കുകയും നിങ്ങൾക്കാവശ്യമായ സൗഖ്യം നൽകുകയും ചെയ്യും.
ദാവീദിന്റെ പുത്രനായ ഈശോയേ, എന്നോടു കരുണ തോന്നണമേ. ദാവീദിന്റെ പുത്രനായ ഈശോയേ, എന്നോടു കരുണ തോന്നണമേ. ദാവീദിന്റെ പുത്രനായ ഈശോയേ, എന്നോടു കരുണ തോന്നണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ക്ഷമ നമ്മുടെ പ്രാർഥനയെ പരിപോഷിപ്പിക്കുന്നു
ആണ്ടുവട്ടക്കാലം എട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
“നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അവരോടു ക്ഷമിക്കുവിൻ; അപ്പോൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ അതിക്രമങ്ങൾ നിങ്ങളോടു ക്ഷമിക്കും.” മർക്കോസ് 11:25
പ്രാർഥന പലർക്കും പ്രയാസമുള്ള കാര്യമാണ്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലേക്കു നാം എത്തുമ്പോൾ, അവിടുത്തോട് കൂടുതൽ അടുത്തുവരാനും എങ്ങനെ പ്രാർഥിക്കണമെന്ന് അറിയാനും നാം ആഗ്രഹിക്കുന്നു. എന്നാൽ പലപ്പോഴും ഇത് ഒരു പോരാട്ടമായിത്തീരാം; നല്ല തീരുമാനങ്ങളുടെ തീക്ഷ്ണത മങ്ങിത്തുടങ്ങുമ്പോൾ പലരും പ്രാർഥന ഉപേക്ഷിച്ചേക്കാം.
പ്രാർഥനയെക്കുറിച്ച് പലതും പറയാനാകുമെങ്കിലും, മുകളിൽ നൽകിയിരിക്കുന്ന തിരുവചനഭാഗം നല്ലൊരു പ്രാർഥനാജീവിതത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് എടുത്തുകാട്ടുന്നു. ക്ഷമയുടെ അഭാവമാണ് ഈശോ പറയുന്ന ആ തടസ്സം.
പ്രാർഥനയിൽ ക്രിസ്തുവിന്റെ അടുക്കൽ വരുമ്പോൾ, അവിടുന്ന് സംസാരിക്കുന്നതു കേൾക്കണമെങ്കിൽ ആദ്യം നമ്മുടെ ഹൃദയം ശുദ്ധീകരിക്കേണ്ടതുണ്ട്. മറ്റൊരാളോടുള്ള വിരോധം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് നാം അവിടുത്തെ അടുക്കൽ വരുന്നതെങ്കിൽ, ആദ്യം പരിഹരിക്കേണ്ട തടസ്സമാണത്. വാസ്തവത്തിൽ, ആ വിരോധം മുറുകെപ്പിടിച്ചുകൊണ്ട് നാം പ്രാർഥിക്കാൻ ശ്രമിച്ചാൽ, നമ്മുടെ പ്രാർഥന അധികം ഫലപ്രദമാകാൻ സാധ്യതയില്ല.
മുകളിൽ ഉദ്ധരിച്ച തിരുവചനഭാഗത്തിനു തൊട്ടുമുമ്പാണ് യേശു ദേവാലയം ശുദ്ധീകരിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത്. കച്ചവടക്കാർ തങ്ങളുടെ അത്യാഗ്രഹത്താൽ ദേവാലയത്തെ അശുദ്ധമാക്കിയിരുന്നതിനാൽ അവിടുന്ന് മേശകൾ മറിച്ചിടുകയും അവരെ പുറത്താക്കുകയും ചെയ്തു. ഈ സംഭവം നമ്മുടെ സ്വന്തം ആത്മാക്കളെക്കുറിച്ചുകൂടിയുള്ള ഒരു വിവരണമായി നാം കാണണം. നമ്മുടെ ആത്മാക്കൾ ദൈവത്തിന്റെ ആലയങ്ങളാണ്; നമ്മുടെ ആത്മാവിൽ പാപമുണ്ടാകാൻ യേശു ആഗ്രഹിക്കുന്നില്ല. വാസ്തവത്തിൽ, അതിനെ അതീവ തീക്ഷ്ണതയോടും വലിയ ഉത്സാഹത്തോടുംകൂടെ വേരോടെ പിഴുതെറിയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഇതു ചെയ്യാൻ അവിടുത്തെ അനുവദിക്കുകയും നമ്മുടെ ആത്മാക്കളെ പാപത്തിൽനിന്ന്, പ്രത്യേകിച്ച് ക്ഷമിക്കാതിരിക്കുന്ന പാപത്തിൽനിന്ന്, ശുദ്ധീകരിക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ആത്മാക്കൾ പ്രാർഥനയുടെയും ആരാധനയുടെയും ഇടങ്ങളായിത്തീരും.
പ്രാർഥനയിൽ വളരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എല്ലാ പാപങ്ങളിൽനിന്നും നിങ്ങളുടെ ഹൃദയം ശുദ്ധീകരിച്ചുകൊണ്ട് ആരംഭിക്കുക. ഇതിനുള്ള ഏറ്റവും നല്ല മാർഗം കുമ്പസാരമാണ്. കോപത്തിന്റെയോ ക്ഷമിക്കാതിരിക്കുന്നതിന്റെയോ പാപം നിങ്ങളിലുണ്ടോ എന്നു പരിശോധിച്ചുകൊണ്ട് തുടങ്ങുക. ക്ഷമിക്കാൻ തീരുമാനിക്കുകയും കോപം വിട്ടുകളയുകയും ചെയ്യുന്നതിലൂടെ, ഈ ദുർഗുണം നിങ്ങളുടെ ആത്മാവിൽനിന്നു പുറത്താക്കാൻ നിങ്ങൾ യേശുവിനെ അനുവദിക്കുകയാണ്. അതിന്റെ ഫലമായി, നിങ്ങളുടെ ഹൃദയത്തെ തന്റെ വാസസ്ഥലമാക്കാൻ ക്രിസ്തുവിനെ ക്ഷണിക്കുന്നതിന് നിങ്ങൾ കൂടുതൽ സജ്ജരാകും. അങ്ങനെ ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ പ്രാർഥനാജീവിതം വളരെയേറെ വളരും.
കർത്താവേ, ദയവായി എന്നോടു ക്ഷമിക്കണമേ. എന്റെ പാപം ഞാൻ തിരിച്ചറിയുന്നു; അതിൽ ഞാൻ ഖേദിക്കുന്നു. എനിക്കെതിരേ പാപം ചെയ്തവരോടും ഞാൻ ക്ഷമിക്കുന്നു. എന്നിലുള്ള ഏതൊരു കോപവും വിട്ടുകളയാനും അതിന്റെ സ്ഥാനത്ത് അങ്ങയുടെ സ്നേഹം നിറയാൻ അനുവദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അധികാരത്തിനും മറ്റുള്ളവരുടെ പ്രശംസയ്ക്കുമുള്ള ആഗ്രഹം
ആണ്ടുവട്ടക്കാലം എട്ടാം ആഴ്ചയിലെ ശനിയാഴ്ച
“എന്ത് അധികാരത്താലാണ് നീ ഇവ ചെയ്യുന്നത്? അല്ലെങ്കിൽ ഇവ ചെയ്യാനുള്ള ഈ അധികാരം നിനക്ക് ആരാണ് നൽകിയത്?” മർക്കോസ് 11:28
പഠിപ്പിക്കാനായി യേശു ദേവാലയപരിസരത്തേക്കു പ്രവേശിച്ചപ്പോൾ നിയമജ്ഞരും ഫരിസേയരും അവിടുത്തോടു ചോദിച്ച ചോദ്യമായിരുന്നു ഇത്. തന്റെ പ്രസംഗത്തിലൂടെയും താൻ പ്രവർത്തിച്ച അനേകം അത്ഭുതങ്ങളിലൂടെയും യേശു തന്റെ അധികാരം പ്രയോഗിച്ചുകൊണ്ടിരുന്നു. അവിടുന്ന് തന്റെ ദൈവിക അധികാരം ഇങ്ങനെ പ്രയോഗിച്ചത് അക്കാലത്തെ മതനേതാക്കളുടെ ഹൃദയങ്ങളിൽ വലിയ അസൂയയും ഈർഷ്യയും ഉളവാക്കി. അതുകൊണ്ട് ഈ തന്ത്രപൂർവമായ ചോദ്യംകൊണ്ട് അവിടുത്തെ കുടുക്കാൻ അവർ മുന്നോട്ടുവന്നു.
ആദ്യം ചൂണ്ടിക്കാണിക്കേണ്ട കാര്യം ഇതാണ്: ഉത്തരം അറിയാൻ ആഗ്രഹിച്ചതുകൊണ്ടല്ല ഈ മതനേതാക്കൾ ഈ ചോദ്യം ചോദിച്ചതെന്ന് വ്യക്തമാണ്. യേശുവിൽ കുറ്റം കണ്ടെത്താൻ ശ്രമിച്ചതുകൊണ്ടാണ് അവർ അത് ചോദിച്ചത്. എന്നാൽ യേശു അവരെക്കാൾ വിവേകത്തോടെ പ്രവർത്തിച്ചു.
തന്നെ കുടുക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യമെന്ന് ഈശോ അറിഞ്ഞിരുന്നതിനാൽ, അവിടുന്നും പകരം അവർക്കായി ഒരുതരം കെണി ഒരുക്കി. അവിടുന്ന് അവരോട് ഒരു ചോദ്യം ചോദിക്കുകയും അതിന് ഉത്തരം നൽകിയാൽ അവരുടെ ചോദ്യത്തിന് താനും ഉത്തരം നൽകാമെന്ന് പറയുകയും ചെയ്തു. സ്നാപകയോഹന്നാൻ ഏത് അധികാരത്താലാണ് സ്നാനം നൽകിയതെന്ന് അവിടുന്ന് അവരോടു ചോദിച്ചു. തുടർന്ന് മതനേതാക്കൾ ഈ ചോദ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോയി. ശരിയായ ഉത്തരം കണ്ടെത്താനല്ല അവർ ആ ചോദ്യം ചർച്ച ചെയ്തതെന്ന് അവരുടെ സംഭാഷണത്തിൽനിന്നു വ്യക്തമാണ്. മറിച്ച്, രാഷ്ട്രീയമായി ഏറ്റവും പ്രയോജനകരമായ ഉത്തരം ഏതായിരിക്കുമെന്നാണ് അവർ ചർച്ച ചെയ്തത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ ചോദ്യവുമായി ബന്ധപ്പെട്ട സത്യം എന്താണെന്നതിൽ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല; ഉത്തരത്തിന്റെ ഫലം എന്തായിരിക്കുമെന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തങ്ങളുടെ പദ്ധതികൾക്കും സ്വന്തം അധികാരത്തിനും പ്രയോജനപ്പെടുന്ന ഒരു ഫലമാണ് അവർ ആഗ്രഹിച്ചത്.
എത്ര അപകടകരമായ വഴിയാണിത്! തീർച്ചയായും, രാഷ്ട്രീയപ്രവർത്തകർക്കെതിരെ പലപ്പോഴും ഉന്നയിക്കപ്പെടുന്ന ഒരു ആരോപണമാണിത്. എല്ലാ രാഷ്ട്രീയപ്രവർത്തകരും ഈ കെണിയിൽ വീഴുന്നില്ലെങ്കിലും, ചിലർ അതിൽ വീഴാറുണ്ട്. ജനങ്ങളുടെ മുമ്പിൽ അധികാരവും ബഹുമാനവും നേടണമെന്ന ആഗ്രഹം നമ്മെ അടക്കിഭരിക്കുമ്പോൾ, ഏറ്റവും ജനപ്രീതി നേടിത്തരുമെന്നും നമ്മെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കുമെന്നും നാം കരുതുന്ന കാര്യങ്ങൾ പറയാനോ ചെയ്യാനോ പലപ്പോഴും നമുക്ക് പ്രലോഭനമുണ്ടാകും. എന്നാൽ ഒരു ക്രൈസ്തവൻ, പ്രത്യേകിച്ച് ഒരു മതനേതാവ്, ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്.
വ്യക്തവും സംശയത്തിനിടനൽകാത്തതുമായ സത്യമായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. മറ്റുള്ളവരുടെ കണ്ണിൽ നല്ലവരായി കാണപ്പെടാനുള്ള ആഗ്രഹം ഉപേക്ഷിക്കാൻ നാം കഠിനമായി പരിശ്രമിക്കണം. നല്ലവരായി കാണപ്പെടുന്നത് സന്തോഷകരമാണെങ്കിലും, ആത്യന്തികമായി പ്രാധാന്യമുള്ളത് ദൈവത്തിന്റെ അഭിപ്രായത്തിനു മാത്രമാണ്. അവിടുത്തെ “അഭിപ്രായം” വെറുമൊരു അഭിപ്രായമല്ല; അത് സത്യമാണ്.
നിങ്ങളെക്കുറിച്ച് തെറ്റായൊരു ചിത്രം അവതരിപ്പിക്കാൻവേണ്ടി ചിലപ്പോഴെങ്കിലും വഞ്ചനാപരമായി പെരുമാറാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് നിങ്ങൾ അമിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രയോജനം നേടാൻ മാത്രമാണോ നിങ്ങൾ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്? അതോ നിങ്ങൾ സത്യസന്ധതയിലും ആത്മാർഥതയിലും ഉറച്ചുനിൽക്കുന്നവരാണോ? സത്യസന്ധമായ പാത തിരഞ്ഞെടുക്കുക; അപ്പോൾ നമ്മുടെ കർത്താവ് തന്റെ സ്നേഹത്തിന്റെ വിശുദ്ധവും ദൈവികവുമായ അധികാരത്തിൽ നിങ്ങൾക്കും പങ്കുനൽകും.
സകല സത്യത്തിന്റെയും കർത്താവേ, നിയമജ്ഞരും ഫരിസേയരും കാട്ടിയ മാതൃക വഞ്ചനയുടെ വഴികളിൽനിന്നു പിന്തിരിയാനും അനുദിനം സത്യം സ്വീകരിക്കാനും എന്നെ സഹായിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ സത്യത്തിലേക്ക് കൂടുതൽ പൂർണമായി പ്രവേശിക്കുമ്പോൾ, അങ്ങയുടെ വിശുദ്ധ സ്നേഹത്തിന്റെ അധികാരത്തിലും എനിക്കു പങ്കുചേരാൻ കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്
