നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
വെയിലിന്റെ ചൂടിൽ ഒരു ദിവസം മുഴുവൻ തോട്ടത്തിൽ കഠിനമായി പണിയെടുക്കുന്നതായി സങ്കൽപ്പിക്കുക. അതിനുശേഷം കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കാൾ ഉന്മേഷം പകരുന്ന മറ്റൊന്നില്ല. ആത്മാവിന്റെ കാര്യവും അങ്ങനെതന്നെയാണ്. ലോകമാകുന്ന വയലിൽ—ജോലിസ്ഥലത്തോ കുടുംബത്തിലോ നിങ്ങളുടെ വിശാലമായ സമൂഹത്തിലോ—അധ്വാനിച്ചുകഴിയുമ്പോൾ, പാപംമൂലം നിങ്ങൾ അനിവാര്യമായും മലിനരാകും. ഒരുപക്ഷേ ഗൗരവമുള്ള പാപങ്ങളാലായിരിക്കില്ല; എങ്കിലും ലഘുപാപങ്ങളാലും ആത്മീയ അപൂർണതകളാലുമെങ്കിലും മലിനരാകും. ഈ പാപങ്ങൾ പതിവാകുമ്പോൾ അവ നമ്മെ കൂടുതൽ മലിനരാക്കുന്നു. പാപം മാരകമാണെങ്കിൽ, ആ മാലിന്യം വളരെ വലുതാണ്.
നിങ്ങൾ ശുദ്ധരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ സ്വതന്ത്രരായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. തന്റെ മകനോ മകളോ മാലിന്യത്തിലും ലജ്ജയിലും ആണ്ടുകിടക്കുന്നത് കാണാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. മഹിമയേറിയ അനുരഞ്ജന കൂദാശയുടെ കാരണവും ഇതുതന്നെയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏഴു മുഖ്യപാപങ്ങളെക്കുറിച്ച് ധ്യാനിച്ചതിനുശേഷം, നിങ്ങളുടെ സ്വന്തം പാപങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വ്യക്തമായ അവബോധം ഉണ്ടായിട്ടുണ്ടാകാം. നമ്മുടെ പാപങ്ങൾ സമ്മതിക്കുന്നതിൽ ലജ്ജിക്കാനൊന്നുമില്ല. നമ്മുടെ പാപങ്ങളെ നിഷേധിക്കുകയും മറച്ചുവയ്ക്കുകയും ചെയ്യുമ്പോഴാണ് ലജ്ജയുണ്ടാകുന്നത്. എളിമയുള്ള ആത്മാക്കൾ കരുണയ്ക്കായി ദൈവത്തോടു നിലവിളിക്കുകയും തങ്ങളുടെ പാപങ്ങൾ ഉൾപ്പെടെയുള്ള ബലഹീനതകൾ, പ്രത്യേകിച്ച് പതിവായതോ ഗൗരവമുള്ളതോ ആയ പാപങ്ങൾ, മടികൂടാതെ ഏറ്റുപറയുകയും ചെയ്യുന്നു.
നോമ്പുകാലം ആത്മീയ നവീകരണം തേടുന്ന സമയമാണ്. അനുരഞ്ജന കൂദാശയുടെ ശുദ്ധീകരണശക്തിയെക്കാൾ നമ്മെ നവീകരിക്കാൻ കഴിയുന്ന മറ്റൊന്നുമില്ല. ആ കൂദാശയിൽ ദൈവം നിങ്ങളുടെ ആത്മാവിനെ സ്പർശിക്കുകയും നിങ്ങളെ ഭാരപ്പെടുത്തുന്ന സകലതിൽനിന്നും അതിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവിടുന്ന് സ്വാതന്ത്ര്യവും സമാധാനവും നൽകുകയും വീണ്ടും ആരംഭിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പാപത്തിന്റെ കുറ്റം തുടച്ചുനീക്കുന്നതിനാൽ കുമ്പസാരം യഥാർഥത്തിൽ മാനസാന്തരത്തിന്റെ ആരംഭമാണ്. എന്നാൽ ഒരു ആത്മാവ് പാപത്തിന്റെ “കുറ്റത്തിൽ”നിന്ന് ശുദ്ധീകരിക്കപ്പെട്ടശേഷവും “കാലികശിക്ഷ” അവശേഷിക്കുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ആരംഭം മാത്രമാണ് കുമ്പസാരം എന്നു പറയുന്നത്.
പാപം ശീലങ്ങൾ രൂപപ്പെടുത്തുന്നുവെന്നും ആ ശീലങ്ങൾ മാറ്റിയില്ലെങ്കിൽ ഒരാൾ വീണ്ടും അതേ പാപങ്ങളിൽ വീഴാൻ സാധ്യതയുണ്ടെന്നും പറയുന്നതിന്റെ മറ്റൊരു രീതിയാണ് കാലികശിക്ഷ എന്നത്. മനസ്സിന്റെയും ഇച്ഛാശക്തിയുടെയും മാനസാന്തരത്തിലൂടെയും ശുദ്ധീകരണത്തിലൂടെയുമാണ് പാപകരമായ ശീലങ്ങൾ മാറുന്നത്. പ്രാർഥന, പുണ്യപൂർണമായ തിരഞ്ഞെടുപ്പുകൾ, കൃപ, പ്രായശ്ചിത്തം എന്നിവയിലൂടെയാണ് ഇതു സാധിക്കുന്നത്. കുമ്പസാരത്തിനുശേഷം പ്രായശ്ചിത്തം നൽകുന്നതിന്റെ ഒരു കാരണം, പാപം ക്ഷമിക്കപ്പെട്ടതിനാൽ ഇനി മുന്നോട്ടുപോയി മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ആ വ്യക്തിയെ ഓർമിപ്പിക്കുക എന്നതാണ്.
“പാപങ്ങൾക്കു കാരണമായുള്ള കാലികശിക്ഷയിൽ”നിന്ന് മോചനം നേടാൻ ആവശ്യമായ എല്ലാ കൃപകളും ലഭ്യമാക്കുന്ന ഒരു ആത്മീയ പ്രവൃത്തിയായ ദണ്ഡവിമോചനം സ്വീകരിക്കാൻ പാരമ്പര്യമായി സഭ അനേകം മാർഗങ്ങൾ നൽകിയിട്ടുണ്ട് (കാണുക കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം #1471). പൂർണമായി മാറാൻ നിങ്ങൾക്ക് ആവശ്യമായ എല്ലാ കൃപകളും ലഭ്യമാണെന്ന് ദൈവം ഉറപ്പുനൽകുന്ന ഒരു മാർഗമാണ് ദണ്ഡവിമോചനം. ആ കൃപ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഈ നോമ്പുകാലത്ത് സമഗ്രമായി കുമ്പസാരിക്കാൻ നിങ്ങൾക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിൽ, പാപത്തിൽനിന്നുള്ള യഥാർഥ സ്വാതന്ത്ര്യത്തിനായി നിങ്ങളുടെ ആത്മാവിലുള്ള ആഗ്രഹം അന്വേഷിച്ചറിയുക. ആ ആഗ്രഹം കണ്ടെത്തുമ്പോൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും ധ്യാനിക്കുക. ആ ആഗ്രഹം നിങ്ങളുടെ ഉള്ളിൽ വളരാനും അനുരഞ്ജന കൂദാശയിൽ ദൈവത്തിന്റെ ക്ഷമ ആഘോഷിക്കാൻ ആവശ്യമായ പ്രചോദനമായി മാറാനും അനുവദിക്കുക. നിങ്ങൾ സമഗ്രമായും ആത്മാർഥമായും കുമ്പസാരിച്ചിട്ടുണ്ടെങ്കിൽ, ആ വിശുദ്ധ പ്രവൃത്തിയുടെ ശുദ്ധീകരണശക്തിയെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾക്കു ലഭിച്ച ദാനത്തിൽ ആനന്ദിക്കുകയും ഇപ്പോഴും അവശേഷിക്കുന്ന ഓരോ ദുശ്ശീലവും തിരുത്താൻ പരിശ്രമിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ സ്വാതന്ത്ര്യം വർധിക്കുകയും നിങ്ങളുടെ സന്തോഷം വലുതായിത്തീരുകയും ചെയ്യും.
ക്ഷമിക്കുന്നവനായ എന്റെ കർത്താവേ, അങ്ങയുടെ തിരുഹൃദയം പരിപൂർണ കരുണ നിറഞ്ഞതാണ്. അങ്ങ് ഞങ്ങളിൽനിന്ന് ഒന്നും പിടിച്ചുവയ്ക്കുന്നില്ല; മറിച്ച്, അങ്ങയുടെ പരിപൂർണ സ്നേഹത്തിന്റെ സമൃദ്ധിയിൽനിന്ന് അങ്ങ് ആയിരിക്കുന്നതെല്ലാം, അങ്ങയ്ക്കുള്ളതെല്ലാം, ഞങ്ങൾക്കു നൽകുന്നു. എന്റെ പാപം അംഗീകരിച്ച് ഏറ്റുപറഞ്ഞുകൊണ്ട് അങ്ങയുടെ മുൻപിൽ എന്നെത്തന്നെ എളിമപ്പെടുത്താൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. അങ്ങനെ ഞാൻ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും കണ്ടെത്തുകയും തുടർന്ന് എല്ലാ ദുശ്ശീലങ്ങളെയും പാപത്തിന്റെ സമീപാവസരങ്ങളെയും അതിജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യട്ടെ. അങ്ങയുടെ സമൃദ്ധമായ കരുണയ്ക്കു നന്ദി! ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: മുപ്പത്തിനാലാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
