4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
ഉണരുക!
ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം A)
“യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്റെ ആഗമനത്തിലും സംഭവിക്കും. പ്രളയത്തിനു മുമ്പുള്ള ആ ദിവസങ്ങളിൽ, നോഹ പെട്ടകത്തിൽ പ്രവേശിച്ച ദിവസംവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹം കഴിച്ചുകൊടുത്തും കഴിഞ്ഞിരുന്നു. പ്രളയം വന്ന് അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ഒന്നും അറിഞ്ഞില്ല. മനുഷ്യപുത്രന്റെ ആഗമനത്തിലും അങ്ങനെതന്നെയായിരിക്കും.” മത്തായി 24:37–39
നിങ്ങൾ ഉണർന്നിരിക്കുകയാണോ? ആത്മീയമായ അർഥത്തിൽ? ആഗമനകാലം എന്ന ആരാധനാക്രമകാലത്തിലേക്കു പ്രവേശിക്കുമ്പോൾ, ദൈവപുത്രന്റെ ഭാവിയിലെ ആഗമനത്തെക്കുറിച്ച് ധ്യാനിക്കാൻ നമുക്ക് അവസരം ലഭിക്കുന്നു. ഈ വചനഭാഗം തുടരുമ്പോൾ യേശു പറയുന്നു: “അതിനാൽ, ഉണർന്നിരിക്കുവിൻ! നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ.”
“നിങ്ങളുടെ കർത്താവ് വരുന്ന ദിവസം” എന്നതുകൊണ്ട് നാം മൂന്നു കാര്യങ്ങൾ മനസ്സിലാക്കണം. ആഗമനകാലത്തും ക്രിസ്മസിലും നാം ഏറ്റവും വ്യക്തമായി ധ്യാനിക്കുന്നത് ക്രിസ്തുവിന്റെ ആദ്യ ആഗമനത്തെക്കുറിച്ചാണ് എന്നത് വ്യക്തമാണ്. യേശു എന്ന വ്യക്തിയിൽ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും ഒന്നിച്ചിരിക്കുന്നത് തീർച്ചയായും വിസ്മയാദരങ്ങൾ ഉണർത്തുന്നതാണ്. എന്നാൽ അത് വളരെക്കാലം മുമ്പുതന്നെ സംഭവിച്ചുകഴിഞ്ഞു.
അതിനാൽ, ക്രിസ്തുവിന്റെ മറ്റൊരു ആഗമനത്തെക്കുറിച്ചും നാം നിരന്തരം ധ്യാനിക്കണം: അവിടുത്തെ ഇഷ്ടമനുസരിച്ച്, അവിടുത്തെ മഹത്വത്തിനായി, അവിടുത്തെ സേവനത്തിൽ നമ്മുടെ ജീവിതം സ്വതന്ത്രമായി സമർപ്പിക്കാൻ നാം തീരുമാനിച്ചുകഴിഞ്ഞാൽ, നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും കൃപയിലൂടെ അവിടുന്ന് നമ്മിലേക്കു വരുന്നു. കൃപയിലൂടെയുള്ള അവിടുത്തെ നിരന്തരമായ “വരവ്” അന്വേഷിക്കുന്ന ഇത്തരമൊരു ആന്തരിക മനോഭാവത്തോടെ ജീവിക്കുമ്പോൾ, നാം സദാ “ഉണർന്നിരിക്കേണ്ടതുണ്ട്” എന്നു തിരിച്ചറിയും! അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഓരോ ദിവസവും ക്രിസ്തുവിനോട് കൂടുതൽ ഐക്യപ്പെടാനും അവിടുത്തെ സേവനത്തിനും മഹത്വത്തിനുമായി അതേ കൃപയുടെ ഉപകരണമായി ഉപയോഗിക്കപ്പെടാനുമുള്ള എണ്ണമറ്റ അവസരങ്ങൾ നമുക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്. നമ്മുടെ ജീവിതത്തിൽ കൃപയുടെ ഓരോ പ്രചോദനത്തിനും ശ്രദ്ധ നൽകുന്ന ശീലം വളർത്തിയെടുക്കാൻ നാം ഉത്സാഹിക്കുന്നില്ലെങ്കിൽ, ആത്മീയമായി പറഞ്ഞാൽ, നാം നിസ്സംശയമായും “മയങ്ങാൻ” തുടങ്ങുകയും ഉറങ്ങിപ്പോവുകയും ചെയ്യും.
ഓരോ ദിവസവും നമുക്കു ലഭിക്കുന്ന എണ്ണമറ്റ കൃപാദാനങ്ങളോട് നാം എത്രമാത്രം ശ്രദ്ധാലുക്കളാണെന്ന് അറിയാനുള്ള ഒരു നല്ല അളവുകോലാണ്, കാലാന്ത്യത്തിൽ ക്രിസ്തുവിന്റെ അന്തിമവും മഹത്വപൂർണവുമായ വരവിനെ നാം എത്രമാത്രം ശ്രദ്ധയോടെ കാത്തിരിക്കുന്നുവെന്ന് പരിഗണിക്കുന്നത്. ഈശോ വിശദീകരിക്കുന്നതുപോലെ, ഈ അന്തിമവരവ് തങ്ങളുടെ ജീവിതകാലത്ത് ഉണ്ടാവുകപോലുമില്ല എന്നു കരുതി മിക്കവരും അതിനു കാര്യമായ ശ്രദ്ധ നൽകുകയില്ല. എന്നാൽ നിങ്ങൾക്ക് ആ മനോഭാവമാണുള്ളതെങ്കിൽ, അതിന്റെ ഉദ്ദേശ്യം നിങ്ങൾ പൂർണമായും മനസ്സിലാക്കാതെ പോയിരിക്കുന്നു. ഒരുങ്ങിയിരിക്കുക എന്നതാണ് പ്രധാനം—ഇന്നും നാളെയും എപ്പോഴും. ക്രിസ്തുവിന്റെ അന്തിമവരവിനായുള്ള യഥാർഥ ഒരുക്കം, അവിടുത്തെ ആദ്യവരവിനെക്കുറിച്ചു നാം ധ്യാനിക്കുന്ന ഈ ആഗമനകാലത്തിന്റെയും ക്രിസ്തുമസ് കാലത്തിന്റെയും രഹസ്യങ്ങളിലേക്കു പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുക മാത്രമല്ല, കൃപയോടു ദിവസവും ശ്രദ്ധാലുക്കളായിരിക്കുന്ന ഒരു ശീലം വളർത്താനും സഹായിക്കും.
കാലാന്ത്യത്തിൽ ക്രിസ്തുവിന്റെ അന്തിമവരവിനായി നിങ്ങൾ എത്രമാത്രം ഒരുങ്ങിയിരിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക. ക്രിസ്തു ഇന്നു വന്നാൽ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? ഇല്ലെങ്കിൽ, അന്തിമവരവിനായുള്ള ഒരുക്കത്തിന്റെ അഭാവം, പണ്ടു ക്രിസ്തുമസിൽ നടന്ന അവിടുത്തെ ആദ്യവരവ് ആഘോഷിക്കാനും കൃപയിലൂടെയുള്ള അവിടുത്തെ അനുദിന വരവുകളെ സ്വീകരിക്കാനുമുള്ള ഒരുക്കത്തിന്റെ അഭാവംകൂടിയാണെന്നു മനസ്സിലാക്കുക. ഇന്നുതന്നെ ഒരുങ്ങുക. കാത്തിരിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായ മഹത്വപൂർണമായ രീതികളിൽ ദൈവം അനുദിനം നിങ്ങളെ രൂപാന്തരപ്പെടുത്തും.
സദാ സന്നിഹിതനായ എന്റെ കർത്താവേ, രാവും പകലും ഞങ്ങളെ വിളിച്ചും നയിച്ചും ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരാൻ സന്നദ്ധനായും അങ്ങ് ഞങ്ങളുടെ അടുക്കലേക്കു വരുന്നു. അങ്ങയോടു സദാ ശ്രദ്ധാലുവായിരിക്കാനും കൃപയിലൂടെയുള്ള അങ്ങയുടെ അനുദിന വരവിനായി എന്റെ ഹൃദയം എപ്പോഴും പൂർണമായി തുറക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
നഷ്ടപ്പെടുത്തിക്കളയരുത്…
ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം B)
“ഈശോ ശിഷ്യന്മാരോടു പറഞ്ഞു: “ജാഗ്രതയോടെയിരിക്കുവിൻ! ഉണർന്നിരിക്കുവിൻ! ആ സമയം എപ്പോൾ വരുമെന്ന് നിങ്ങൾ അറിയുന്നില്ല.” മർക്കോസ് 13:33
ഏതു സമയത്തെക്കുറിച്ചാണ് നമ്മുടെ കർത്താവ് പരാമർശിക്കുന്നത്? തന്റെ വരവിന്റെ സമയത്തെക്കുറിച്ചാണ് അവിടുന്ന് പരാമർശിക്കുന്നത്. എന്നാൽ, പണ്ട് ഒരിക്കൽ അവിടുന്ന് ശരീരത്തിൽ നമ്മുടെ അടുക്കലേക്കു വന്നുവെങ്കിലും, കാലാന്ത്യത്തിൽ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും ശരീരത്തിൽ മടങ്ങിവരുമെങ്കിലും, രൂപാന്തരപ്പെടുത്തുന്ന കൃപാദാനത്തിലൂടെ രാവും പകലും നമ്മുടെ അടുക്കലേക്കു വരുന്നത് അവിടുന്ന് ഒരിക്കലും അവസാനിപ്പിക്കുന്നില്ല എന്നു നാം മനസ്സിലാക്കണം. ഈ വരവിനോട് നിങ്ങൾ ശ്രദ്ധാലുക്കളാണോ? അതോ, ഓരോ ദിവസവും ദിവസം മുഴുവനും നിങ്ങളുടെമേൽ ചൊരിയാൻ ദൈവം ആഗ്രഹിക്കുന്ന അവിടുത്തെ കൃപയുടെ എണ്ണമറ്റ അനുഗ്രഹങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നുവോ?
ലോകത്തിൽ ശ്രദ്ധ തിരിക്കുന്ന അനേകം കാര്യങ്ങളുണ്ട്. സമ്പത്തിന്റെ വശീകരണവും നമ്മുടെ ആസക്തികളെ തൃപ്തിപ്പെടുത്തുന്നതും ആധുനിക മാധ്യമങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും നിലയ്ക്കാത്ത ശബ്ദകോലാഹലവും നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഇവയും അനുദിനം ശ്രദ്ധ തിരിക്കുന്ന മറ്റു പല കാര്യങ്ങളും നിരന്തരം “ജാഗ്രതയോടെയും” “ഉണർവോടെയും” ഇരിക്കുന്നത് ഏറെ ദുഷ്കരമാക്കുന്നു. കാരണം, നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന സമയം പരിമിതമാണ്. ഒരു പരിധിവരെ “ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ” ചിലർ പഠിച്ചേക്കാമെങ്കിലും, ദൈവസാന്നിധ്യത്തിനും ലോകത്തിലെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾക്കുമിടയിൽ നിരന്തരം ശ്രദ്ധ വിഭജിക്കാൻ ആർക്കും കഴിയില്ല.
ഇന്നത്തെ ലോകവുമായി ഇടപഴകേണ്ടത് ആവശ്യമാണെന്നു ചിലർ വാദിച്ചേക്കാം. നിരന്തരം പ്രാർഥിച്ചുകൊണ്ടും ദൈവത്തെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടും ഇരിക്കാൻ സാധ്യമല്ലല്ലോ. എന്നാൽ ഇങ്ങനെ ചിന്തിക്കാൻ പ്രേരിതരാകുന്നവർ, നാം വിളിക്കപ്പെട്ടിരിക്കുന്ന ശ്രദ്ധയും ജാഗ്രതയും എന്താണെന്നു മനസ്സിലാക്കുന്നില്ല.
ജാഗ്രതയോടെയും ശ്രദ്ധയോടെയും ആയിരിക്കുക എന്നതിന്റെ ലളിതമായ അർഥം, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം ദൈവമാണെന്നും ഓരോ ദിവസവും നാം ചെയ്യുന്ന എല്ലാറ്റിന്റെയും പ്രചോദനവും ലക്ഷ്യവും അവിടുന്നാണെന്നുമാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹവും അവിടുത്തേക്കുള്ള ശുശ്രൂഷയും വിഭജിക്കപ്പെടാനാവില്ല. കുറച്ചു സമയം ലോകത്തിനും മറ്റു സമയങ്ങൾ ദൈവത്തിനുമായി മാറ്റിവയ്ക്കാൻ നമുക്കാവില്ല. പകരം, ഓരോ ദിവസവും ദിവസം മുഴുവനും നാം ചെയ്യുന്ന എല്ലാറ്റിലും, ദൈവമഹത്വവും ദൈവത്തിന്റെ പരിപൂർണമായ തിരുവിഷ്ടത്തിന്റെ പൂർത്തീകരണവും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവും ഏക ലക്ഷ്യവുമായിരിക്കണം. അതിനാൽ, നാം ലോകവുമായി ഇടപഴകുകയോ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുകയോ വീട്ടുജോലികൾ ചെയ്യുകയോ ജോലിസ്ഥലത്ത് അധികസമയം ചെലവഴിക്കുകയോ മറ്റോ ചെയ്യുമ്പോൾ, “കർത്താവേ, അങ്ങയുടെ മഹത്വത്തിനും അങ്ങയുടെ തിരുവിഷ്ടത്തിനനുസൃതവുമായാണോ ഞാൻ ഇതു ചെയ്യുന്നത്?” എന്ന ലളിതമായ ചോദ്യം നിരന്തരം ചിന്തിക്കണം. നമ്മോടുതന്നെ ആ ചോദ്യം ചോദിക്കാൻ നാം ഒരിക്കലും മറന്നുപോകരുത്. നാം ചെയ്യുന്ന എല്ലാറ്റിന്റെയും കേന്ദ്രലക്ഷ്യവും പ്രചോദനവുമായി ദൈവമഹത്വവും അവിടുത്തെ തിരുവിഷ്ടത്തിന്റെ പൂർത്തീകരണവും എപ്പോഴും ഉണ്ടായിരിക്കണം. ഇങ്ങനെ ജീവിക്കാൻ നമുക്കു കഴിഞ്ഞാൽ, എപ്പോഴും എല്ലായിടത്തും ദൈവത്തിന്റെ തിരുവിഷ്ടത്തോടു ശ്രദ്ധാലുക്കളായിരിക്കാനും അതിനായി ജാഗ്രതയോടെ കാത്തിരിക്കാനും കൂടുതൽ കൂടുതൽ എളുപ്പമാകുന്നതായി നാം കണ്ടെത്തും.
നിങ്ങളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ തിരിയുന്നത് എന്തിലേക്കാണെന്ന് ഇന്ന് ചിന്തിക്കുക. ഓരോ ദിവസവും നിങ്ങൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് എന്തിനെക്കുറിച്ചാണ്? എന്തിനോടാണ് നിങ്ങൾ ഏറ്റവും ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരം ദൈവത്തിൽനിന്നും അവിടുത്തെ കൃപയിൽനിന്നും നിരന്തരം ലഭിക്കുന്ന പ്രേരണകൾ എന്നതല്ലെങ്കിൽ, ആ വസ്തുത ശ്രദ്ധിക്കുക. നിങ്ങൾക്കു മാറ്റം വരുത്താനും, നമ്മുടെ കർത്താവ് എല്ലാ കാര്യങ്ങളിലും നിങ്ങളുടെ അനുദിന വഴികാട്ടിയും ശ്രദ്ധാകേന്ദ്രവുമായി മാറേണ്ടതിന് ഓരോ ദിവസവും അവിടുന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ഒരു ശീലം വളർത്തിത്തുടങ്ങാനും കഴിയട്ടെ എന്നു വിനയത്തോടെ പ്രാർഥിക്കുക.
സകല കൃപകളുടെയും കർത്താവേ, എന്നോടു സംസാരിച്ചും എന്നെ വിളിച്ചും എന്നെ നയിക്കാൻ ആഗ്രഹിച്ചും അങ്ങ് രാവും പകലും എന്റെ അടുക്കലേക്കു വരുന്നു. അങ്ങും അങ്ങയുടെ വിശുദ്ധ തിരുവിഷ്ടവുമല്ലാതെ മറ്റൊന്നും എന്നെ ഒരിക്കലും നയിക്കാതിരിക്കേണ്ടതിന്, ഓരോ ദിവസവും എന്റെ മുഴുവൻ ശ്രദ്ധയും അങ്ങയിലേക്കു തിരിക്കാൻ ഞാൻ പഠിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പ്രകൃത്യാതീതമായ സഹജബോധം
ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം C)
“ആഘോഷത്തിമിർപ്പും മദ്യലഹരിയും ദൈനംദിന ജീവിതത്തിലെ ആകുലതകളും മൂലം നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിക്കാതിരിക്കാനും, ആ ദിവസം ഒരു കെണിപോലെ അപ്രതീക്ഷിതമായി നിങ്ങളുടെമേൽ വന്നുവീഴാതിരിക്കാനും സൂക്ഷിക്കുവിൻ. എന്തെന്നാൽ, ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയുംമേൽ ആ ദിവസം വന്നുപതിക്കും. ആസന്നമായിരിക്കുന്ന ദുരിതങ്ങളിൽനിന്ന് രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാനും നിങ്ങൾക്കു ശക്തി ലഭിക്കേണ്ടതിന് സദാ ജാഗരൂകരായിരുന്ന് പ്രാർഥിക്കുവിൻ.” ലൂക്കാ 21:34–36
“ആ ദിവസം.” മുകളിലെ വചനഭാഗത്തിൽ ഈ രണ്ടു വാക്കുകൾ രണ്ടു പ്രാവശ്യം പറയുന്നുണ്ട്. ഏതു ദിവസത്തെയാണ് നമ്മുടെ കർത്താവ് സൂചിപ്പിക്കുന്നത്? വ്യക്തമായും, അവിടുന്ന് പ്രധാനമായും സൂചിപ്പിക്കുന്നത് നമ്മുടെ അന്തിമവിധിയുടെ ദിവസത്തെയാണ്. അപ്രതീക്ഷിതമായ ഒരു നിമിഷത്തിലാണ് അതു വന്നെത്തുന്നതെങ്കിൽ, അതിനായി നാം ഒരുങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവിടുന്ന് നമുക്കു മുന്നറിയിപ്പു നൽകുന്നു. അപ്പോൾ നാം എങ്ങനെയാണ് ഒരുങ്ങേണ്ടത്?
മൃഗങ്ങൾക്ക് സഹജവാസന എന്ന സ്വാഭാവിക ദാനമുണ്ട്. എങ്ങനെ അതിജീവിക്കണം, എങ്ങനെ പ്രത്യുത്പാദനം നടത്തണം, എങ്ങനെ ആഹാരം ശേഖരിക്കണം, എങ്ങനെ അപകടം ഒഴിവാക്കണം എന്നിവ അവയ്ക്കറിയാം. ദൈവം ഈ അറിവ് അവയുടെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നതുകൊണ്ടാണ് അവയ്ക്ക് ഇതറിയുന്നത്. സഹജവാസന എന്ന ഈ സ്വാഭാവിക ദാനത്താൽ, എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും അവ അറിയുന്നു.
മനുഷ്യരായ നമുക്കും അടിസ്ഥാനപരമായ സ്വാഭാവിക സഹജവാസനകളുണ്ട്. എന്നാൽ മൃഗങ്ങൾ ചെയ്യുന്നതു ചെയ്യാൻ നമ്മെ സഹായിക്കുന്നതിനു മാത്രമേ നമ്മുടെ സ്വാഭാവിക സഹജവാസനകൾ മതിയാവുകയുള്ളൂ. അതിനാൽ, അതിലും ഉന്നതമായ അറിവു നേടാനും, പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ക്രിസ്തുവിന്റെ ആഗമനത്തിനായി ആത്മീയമായി എങ്ങനെ ഉചിതമായി ഒരുങ്ങണമെന്ന് അറിയാനും നമുക്ക് അതിലുപരിയായി എന്തെങ്കിലും ആവശ്യമാണ്.
നമ്മുടെ മാനുഷിക ബുദ്ധിക്ക് ദൈവം തന്നെയും തന്റെ തിരുഹിതത്തെയും വെളിപ്പെടുത്തിത്തരുന്ന ഒരു പ്രത്യേക കൃപയിലൂടെയാണ് നാം ഏറ്റവും ഉചിതമായി ഒരുങ്ങുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, “ആ ദിവസം” വന്നെത്തുന്ന നിമിഷത്തിൽ അതിനായി പൂർണമായി ഒരുങ്ങിയിരിക്കാനുള്ള ഏറ്റവും നല്ല വഴി നമുക്കറിയാനാകും. ഈ കഴിവിനെ വിവരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് അതിനെ “പ്രകൃത്യാതീതമായ സഹജവാസന” എന്നു വിശേഷിപ്പിക്കുന്നതായിരിക്കാം. നമ്മുടെ സ്വാഭാവിക സഹജവാസനകൾ കൃപയ്ക്കായി തുറക്കപ്പെടുകയും, ജീവിതത്തിൽ നാം ദിവസേനയെടുക്കുന്ന തീരുമാനങ്ങൾക്ക് അടിസ്ഥാനമായ അറിവ് നമ്മിൽ സന്നിവേശിപ്പിക്കപ്പെട്ട വിശ്വാസദാനത്തിലൂടെ ദൈവത്തിൽനിന്നു നിരന്തരവും വ്യക്തിപരവുമായ വെളിപ്പെടുത്തലായി നമുക്കു ലഭിക്കുകയും ചെയ്യുമ്പോൾ, എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും നമുക്കു സ്വാഭാവികമായി അറിയാമെന്നു നാം കണ്ടെത്തും. ഒരു ഉപമ പറഞ്ഞാൽ, ശൈത്യകാലത്ത് തെക്കോട്ടു പറക്കണമെന്ന് ഒരു പക്ഷിക്ക് അറിയുന്നതുപോലെ, അല്ലെങ്കിൽ മുട്ടയിടാൻ താൻ ജനിച്ച സ്ഥലത്തേക്കു മടങ്ങണമെന്ന് ഒരു സാൽമൺ മത്സ്യത്തിന് അറിയുന്നതുപോലെ, ദൈവത്തിന്റെ തിരുഹിതം ഏറ്റവും നന്നായി എങ്ങനെ നിറവേറ്റണമെന്ന് നമ്മുടെ ആത്മാവിൽ നാം “അറിയും.” അങ്ങനെ, ആസന്നമായ അവിടുത്തെ പുനരാഗമനത്തിനായി നാം ഏറ്റവും പൂർണമായി ഒരുങ്ങിയിരിക്കും. നാം ചെയ്യുന്ന എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കാനും, ദൈവത്തിന്റെ പരിപൂർണവും മഹത്വപൂർണവുമായ തിരുഹിതത്തിന്റെ നിറവേറ്റലിലേക്കു നമ്മെ നയിക്കാനുമായി ദൈവകൃപ നമ്മുടെ ജീവിതത്തിലേക്കു പ്രവേശിക്കാൻ നാം അനുവദിക്കുന്നതല്ലാതെ മറ്റൊന്നുമല്ല “പ്രകൃത്യാതീതമായ സഹജവാസന.” അങ്ങനെ സംഭവിക്കുമ്പോൾ, വരാനിരിക്കുന്ന എല്ലാറ്റിനുമായി നാം സദാ ഒരുങ്ങിയിരിക്കുന്നുവെന്നും ഒരു കെണിയിലെന്നപോലെ ഒരിക്കലും അപ്രതീക്ഷിതമായി അകപ്പെടുകയില്ലെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കും.
പ്രകൃത്യാതീതമായ ഒരു സഹജവാസനയായി നിങ്ങളുടെ ഉള്ളിൽ സജീവമായിരിക്കുന്ന ദൈവഹിതത്തെക്കുറിച്ചുള്ള അറിവാണോ ഓരോ ദിവസവും നിങ്ങളെ നയിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. ഈ ഭാഷ നിങ്ങൾക്ക് അപരിചിതമായി തോന്നുന്നുവെങ്കിൽ, “എന്തുകൊണ്ട്?” എന്ന ചോദ്യം ധ്യാനിക്കേണ്ട സമയമായിരിക്കാം ഇത്. അവിടുത്തെ തിരുഹിതത്തെക്കുറിച്ചുള്ള പ്രകൃത്യാതീതമായ അറിവിന്റെ നിരന്തര ദാനത്തിലൂടെ ദൈവകൃപ നിങ്ങളെ നയിക്കാത്തത് എന്തുകൊണ്ടാണ്? എന്നാൽ ഈ ഭാഷ നിങ്ങളുടെ ഉള്ളിൽ പ്രതിധ്വനിക്കുന്നുവെങ്കിൽ, ഈ ദാനത്തെക്കുറിച്ചു ചിന്തിക്കാനും, നിങ്ങളുടെ അനുദിന ജീവിതത്തിന്റെ നിയന്ത്രണം ദൈവം യഥാർഥത്തിൽ ഏറ്റെടുത്തിരിക്കുന്ന വിധത്തെപ്രതി നന്ദി പറയാനും സമയം ചെലവഴിക്കുക.
തന്നെത്തന്നെ വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങയുടെ തിരുഹിതം ഞാൻ എപ്പോഴും അറിയാനും, സൗമ്യവും എന്നാൽ സംശയത്തിനിടയില്ലാത്തതുമായ അങ്ങയുടെ കൃപയുടെ പ്രചോദനങ്ങളാൽ മാത്രം നയിക്കപ്പെടാനും ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ മഹത്വപൂർണവും അന്തിമവുമായ ആഗമനം വന്നെത്തുന്ന നിമിഷത്തിനായി ഞാൻ സദാ ഒരുങ്ങിയിരിക്കേണ്ടതിന് എന്നെ നയിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ അധികാരം
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച
“കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; ഒരു വാക്ക് അരുളിച്ചെയ്താൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. എന്തെന്നാൽ, ഞാനും അധികാരത്തിനു വിധേയനായ ഒരു മനുഷ്യനാണ്; എന്റെ കീഴിലും പടയാളികളുണ്ട്. ഞാൻ ഒരുവനോട് ‘പോകുക’ എന്നു പറയുന്നു, അവൻ പോകുന്നു; മറ്റൊരുവനോട് ‘ഇവിടെ വരുക’ എന്നു പറയുന്നു, അവൻ വരുന്നു; എന്റെ അടിമയോട് ‘ഇതു ചെയ്യുക’ എന്നു പറയുന്നു, അവൻ അതു ചെയ്യുന്നു.” മത്തായി 8:8–9
അധികാരം വിനിയോഗിക്കുന്നതിൽ വളരെ പരിചയമുള്ള ഒരാൾ പറഞ്ഞ വാക്കുകളാണിവ. അദ്ദേഹം ഒരു റോമൻ ശതാധിപനാണ്. താൻ തന്നെ “അധികാരത്തിനു വിധേയനായ ഒരു മനുഷ്യനാണ്” എന്നും തന്റെ കീഴിലും പടയാളികളുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനാൽ, ആജ്ഞകൾ അനുസരിക്കുകയും അനുസരിക്കപ്പെടേണ്ട ആജ്ഞകൾ നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം.
അധികാരം ശരിയായി വിനിയോഗിക്കപ്പെടുമ്പോൾ, സമൂഹത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും നമ്മുടെ വ്യക്തിജീവിതത്തിൽപ്പോലും ക്രമം നിലനിർത്താൻ സഹായിക്കുന്ന ഒരു ദാനമാണത്. തീർച്ചയായും, അധികാരം തെറ്റായ രീതിയിൽ, അടിച്ചമർത്തലിനും പീഡനത്തിനുമായി വിനിയോഗിക്കപ്പെടുമ്പോൾ, അത് ഏറെ നാശം വരുത്തുന്നു. എന്നാൽ അധികാരവിനിയോഗം അതിൽത്തന്നെ വളരെയധികം നന്മ ചെയ്യാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയാണ്.
മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്തിലെ റോമൻ ശതാധിപനോട് യേശുവിനുതന്നെ വലിയ മതിപ്പു തോന്നുന്നു. അവനെക്കുറിച്ച് യേശു പറയുന്നു: “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽ ആരിലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല.” ദൈവപുത്രൻ നിങ്ങളെക്കുറിച്ച് അങ്ങനെ പറയുന്നത് ഒന്നു സങ്കൽപ്പിച്ചുനോക്കൂ! യേശുവിന് അവനോടു മതിപ്പു തോന്നിയതിന്റെ ഒരു കാരണം, യേശു തന്റെ വീട്ടിൽ വരാൻ താൻ യോഗ്യനല്ലെന്ന് ആ ശതാധിപൻ ഏറ്റുപറയുന്നതാണ്. തന്റെ അയോഗ്യത വ്യക്തമായി തിരിച്ചറിയുന്നതിലൂടെ ശതാധിപൻ എളിമ പ്രകടമാക്കുന്നു. എന്നാൽ, ദൂരത്തിരുന്നുകൊണ്ട് തന്റെ ഭൃത്യനെ സുഖപ്പെടുത്താനുള്ള യേശുവിന്റെ അധികാരത്തിൽ ആ മനുഷ്യൻ വ്യക്തവും ഉറച്ചതുമായ വിശ്വാസം പ്രകടിപ്പിക്കുന്നതും യേശുവിന് അവനോടു മതിപ്പു തോന്നാൻ കാരണമാകുന്നു. നമ്മുടെ കർത്താവിന്റെ ഈ അധികാരത്തിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ അവൻ മടിക്കുന്നില്ല.
നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഇക്കാര്യത്തിൽ നമുക്കു കുറവുണ്ട്. ഒരു ബുദ്ധിമുട്ടു നേരിടുമ്പോൾ—ഈ ശതാധിപന്റെ ഭൃത്യൻ അനുഭവിച്ചിരുന്ന രോഗംപോലുള്ള ഒന്ന്—പൂർണ്ണവും അചഞ്ചലവുമായ വിശ്വാസത്തോടെ ദൈവത്തിലേക്കു തിരിയുന്നതിനുപകരം നാം നമ്മിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു. നാം ഉത്കണ്ഠാകുലരും ഭയചകിതരും സംശയാലുക്കളും ആശയക്കുഴപ്പമുള്ളവരും ചിലപ്പോൾ കോപമുള്ളവരും ആയിത്തീരുന്നു. ഇവയിലേതെങ്കിലും നമ്മിൽ ഉണ്ടാകുമ്പോൾ, അതിന്റെ കാരണം നാം നേരിടുന്ന വിഷമകരമായ സാഹചര്യമല്ല; മറിച്ച്, നമ്മുടെ വിശ്വാസക്കുറവും നമ്മുടെ കർത്താവിന്റെ സർവശക്തമായ അധികാരത്തിൽ നമുക്കുള്ള ആശ്രയക്കുറവുമാണ്.
റോമൻ ശതാധിപന്റെ ഭൃത്യന്റെ കാര്യത്തിൽ, യേശു അവന്റെ ശാരീരികരോഗം സുഖപ്പെടുത്തണമെന്നതായിരുന്നു ദൈവത്തിന്റെ തിരുവിഷ്ടം; അതിനാൽ യേശു അങ്ങനെ ചെയ്തു. എന്നാൽ ജീവിതത്തിൽ നാം ദിനംപ്രതി നേരിടുന്ന എണ്ണമറ്റ വെല്ലുവിളികളിൽ ദൈവത്തിന്റെ ഉത്തരങ്ങൾ പലവിധത്തിലായിരിക്കാം. നാം അവിടുത്തെ വിശ്വസിക്കുകയും നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവിടുത്തെ ക്ഷണിക്കുകയും ചെയ്താൽ, താൻ തിരഞ്ഞെടുക്കുന്ന വിധത്തിൽ നമ്മുടെ ജീവിതത്തിൽ തന്റെ സ്നേഹപൂർണ്ണമായ അധികാരം പ്രയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന ഉറച്ച ബോധ്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം; അത് ഒരിക്കലും ഇളകാത്തതായിരിക്കണം.
ക്രിസ്തുവിന്റെ അധികാരത്തിന്റെ പൂർണ്ണതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തേക്കു തന്റെ ശക്തി അതിന്റെ പൂർണ്ണതയിൽ നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും നമ്മുടെ സഭയിലും നമ്മുടെ ലോകത്തിൽപ്പോലും ക്രമം സ്ഥാപിക്കാൻ അവിടുത്തെ അധികാരമാണ് ആവശ്യമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇന്ന് പ്രാർഥനാപൂർവ്വം നിങ്ങളെത്തന്നെ ക്രിസ്തുവിന്റെ അധികാരത്തിനു സമർപ്പിക്കുക. അവിടുത്തേക്കു ചെയ്യാൻ കഴിയുന്നതെല്ലാം കാണുമ്പോൾ വിസ്മയഭരിതരാകാൻ നിങ്ങളെത്തന്നെ അനുവദിക്കുക.
സർവശക്തനായ പിതാവേ, എന്റെ ജീവിതവും അങ്ങയുടെ ശക്തിയും നിയന്ത്രണവും ആവശ്യമായ എന്റെ ജീവിതത്തിലെ ഓരോ സാഹചര്യവും ഞാൻ അങ്ങയെ ഭരമേൽപ്പിക്കുന്നു. എന്റെ ജീവിതത്തിലും എനിക്കു ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലും ക്രമവും ഐക്യവും സ്ഥാപിക്കണമേ. അങ്ങയുടെ എല്ലാ മക്കളും തങ്ങളുടെ സ്നേഹനാഥനായ ദൈവമെന്ന നിലയിൽ അങ്ങയെത്തന്നെ കൂടുതൽ പൂർണ്ണമായി ഭരമേൽപ്പിക്കാൻ പഠിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശ്വാസത്തിന്റെ കണ്ണുകൾ
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ശിഷ്യന്മാർ മാത്രമുള്ളപ്പോൾ അവൻ അവരുടെ നേരെ തിരിഞ്ഞു പറഞ്ഞു: “നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.
എന്തെന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചു, എന്നാൽ കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചു, എന്നാൽ കേട്ടില്ല.” ലൂക്കാ 10:23–24
ശിഷ്യന്മാർ എന്തു കണ്ടതുകൊണ്ടാണ് അവരുടെ കണ്ണുകൾ “ഭാഗ്യമുള്ളവ” ആയത്? നമ്മുടെ കർത്താവിനെ കാണാൻ കഴിഞ്ഞതുകൊണ്ടാണ് അവർ ഭാഗ്യമുള്ളവരായത് എന്നതു വ്യക്തമാണ്. പണ്ടത്തെ പ്രവാചകന്മാരും രാജാക്കന്മാരും വാഗ്ദാനം ചെയ്തവനായിരുന്നു യേശു. ഇപ്പോൾ ശിഷ്യന്മാർക്കു കാണാനായി അവിടുന്ന് മാംസവും അസ്ഥിയുമുള്ളവനായി അവരുടെ മുമ്പിൽ സന്നിഹിതനായിരുന്നു. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് ശിഷ്യന്മാർ കണ്ടതുപോലെ നമ്മുടെ കർത്താവിനെ “കാണാനുള്ള” ഭാഗ്യം നമുക്കില്ലെങ്കിലും, “കാണുന്ന കണ്ണുകളും” കേൾക്കുന്ന കാതുകളും നമുക്കുണ്ടെങ്കിൽ, നമ്മുടെ അനുദിനജീവിതത്തിൽ എണ്ണമറ്റ മറ്റു വിധങ്ങളിൽ അവിടുത്തെ കാണാനുള്ള ഭാഗ്യം നമുക്കുണ്ട്.
യേശു ഭൂമിയിൽ മനുഷ്യശരീരത്തിൽ പ്രത്യക്ഷപ്പെട്ട കാലംമുതൽ എത്രയോ കാര്യങ്ങൾ മാറിയിരിക്കുന്നു. പിന്നീട് അപ്പസ്തോലന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ലോകത്തെ മാറ്റിമറിക്കാനുള്ള ദൗത്യവുമായി അയയ്ക്കപ്പെട്ടു. സഭ സ്ഥാപിക്കപ്പെട്ടു, കൂദാശകൾ ഏർപ്പെടുത്തപ്പെട്ടു, ക്രിസ്തുവിന്റെ പ്രബോധനാധികാരം പ്രയോഗിക്കപ്പെട്ടു, എണ്ണമറ്റ വിശുദ്ധർ തങ്ങളുടെ ജീവിതംകൊണ്ട് സത്യത്തിനു സാക്ഷ്യം നൽകി. കഴിഞ്ഞ 2,000 വർഷങ്ങൾ എണ്ണമറ്റ വിധങ്ങളിൽ ക്രിസ്തു ലോകത്തിനു നിരന്തരം വെളിപ്പെടുത്തപ്പെട്ട വർഷങ്ങളായിരുന്നു.
ഇന്നും ക്രിസ്തു സന്നിഹിതനാണ്; അവിടുന്ന് നമ്മുടെ മുമ്പിൽ നിലകൊള്ളുന്നു. വിശ്വാസത്തിന്റെ കണ്ണുകളും കാതുകളും നമുക്കുണ്ടെങ്കിൽ, ഓരോ ദിവസവും അവിടുത്തെ തിരിച്ചറിയാതെ നാം കടന്നുപോകുകയില്ല. ഇന്ന് അവിടുന്ന് നമ്മോടു സംസാരിക്കുകയും നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന എണ്ണമറ്റ രീതികൾ നാം കാണുകയും മനസ്സിലാക്കുകയും ചെയ്യും. കാണാനും കേൾക്കാനുമുള്ള ഈ ദാനത്തിലേക്കുള്ള ആദ്യപടി നിങ്ങളുടെ ആഗ്രഹമാണ്. നിങ്ങൾ സത്യം ആഗ്രഹിക്കുന്നുണ്ടോ? ക്രിസ്തുവിനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതോ ഏറ്റവും യാഥാർഥ്യമായതും ജീവിതത്തെ ഏറ്റവും ആഴത്തിൽ മാറ്റിമറിക്കുന്നതുമായ കാര്യങ്ങളിൽനിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന ജീവിതത്തിലെ അനേകം ആശയക്കുഴപ്പങ്ങളിൽ നിങ്ങൾ തൃപ്തരാണോ?
ഇന്ന് നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചു ചിന്തിക്കുക. പണ്ടത്തെ പ്രവാചകന്മാരും രാജാക്കന്മാരും മിശിഹായെ കാണാൻ “ആഗ്രഹിച്ചു.” ഇന്ന് നമ്മുടെ സന്നിധിയിൽ ജീവിക്കുന്നവനും നമ്മോടു സംസാരിക്കുകയും നമ്മെ നിരന്തരം വിളിക്കുകയും ചെയ്യുന്നവനുമായ അവിടുത്തെ ലഭിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. നമ്മുടെ കർത്താവിനായുള്ള ആഗ്രഹം നിങ്ങളുടെ ഉള്ളിൽ വളർത്തുക. സത്യമായതും നല്ലതുമായ എല്ലാറ്റിനെയും പൂർണമായി ഉൾക്കൊള്ളാൻ വെമ്പുന്ന ജ്വലിക്കുന്ന അഗ്നിയായി അത് മാറട്ടെ. ദൈവത്തെ ആഗ്രഹിക്കുക. അവിടുത്തെ സത്യം ആഗ്രഹിക്കുക. നിങ്ങളുടെ ജീവിതത്തിൽ വഴികാട്ടുന്ന അവിടുത്തെ കരം ആഗ്രഹിക്കുക; നിങ്ങൾക്കു ഗ്രഹിക്കാൻ കഴിയുന്നതിനപ്പുറം നിങ്ങളെ അനുഗ്രഹിക്കാൻ അവിടുത്തെ അനുവദിക്കുക.
ദൈവമായ എന്റെ കർത്താവേ, അങ്ങ് ഇന്നും ജീവിക്കുന്നുവെന്നും എന്നോടു സംസാരിക്കുകയും എന്നെ വിളിക്കുകയും അങ്ങയുടെ മഹത്വപൂർണ്ണമായ സാന്നിധ്യം എനിക്കു വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഞാൻ അറിയുന്നു. അങ്ങയെ ആഗ്രഹിക്കാനും ആ ആഗ്രഹത്തോടെ പൂർണ്ണഹൃദയത്താൽ അങ്ങയിലേക്കു തിരിയാനും എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സമൃദ്ധിയുടെ അത്ഭുതം!
ആഗമനകാലം ഒന്നാം ആഴ്ചയിലെ ബുധനാഴ്ച
അപ്പോൾ അവിടുന്ന് ഏഴ് അപ്പവും മീനുകളും എടുത്ത്, നന്ദി പറഞ്ഞ്, അപ്പം മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തു; അവർ അതു ജനക്കൂട്ടത്തിനു നൽകി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ അവർ ശേഖരിച്ചു—ഏഴു കുട്ട നിറയെ. മത്തായി 15:36–37
മത്തായി വിവരിക്കുന്ന, അപ്പവും മീനും വർധിപ്പിച്ച രണ്ടാമത്തെ അത്ഭുതം ഈ വാക്യത്തോടെ അവസാനിക്കുന്നു. ഈ അത്ഭുതത്തിൽ, സ്ത്രീകളെയും കുട്ടികളെയും കൂടാതെ 4,000 പുരുഷന്മാർക്കു ഭക്ഷണം നൽകാനായി ഏഴ് അപ്പവും കുറച്ചു മീനും വർധിപ്പിക്കപ്പെട്ടു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായശേഷം ഏഴു കൊട്ട നിറയെ ശേഷിച്ചു.
അവിടെ യഥാർഥത്തിൽ ഉണ്ടായിരുന്നവരിൽ ഈ അത്ഭുതം ചെലുത്തിയ സ്വാധീനത്തെ കുറച്ചുകാണുക എളുപ്പമല്ല. ഭക്ഷണം എവിടെനിന്നു വന്നു എന്നുപോലും പലർക്കും അറിയില്ലായിരുന്നിരിക്കാം. കുട്ടകൾ കൈമാറിപ്പോകുന്നത് അവർ കണ്ടു, തങ്ങൾക്കു വേണ്ടുവോളം എടുത്തു, ബാക്കിയുള്ളത് മറ്റുള്ളവർക്കു കൈമാറി. ഈ അത്ഭുതത്തിൽനിന്നു നമുക്കു പഠിക്കാവുന്ന പ്രധാനപ്പെട്ട പാഠങ്ങൾ പലതുണ്ടെങ്കിലും, അവയിലൊന്നു നമുക്കു പരിചിന്തിക്കാം.
ജനക്കൂട്ടം മൂന്നു ദിവസമായി ഭക്ഷണമില്ലാതെ യേശുവിനോടൊപ്പമായിരുന്നു എന്ന് ഓർക്കുക. അവിടുന്ന് അവരെ പഠിപ്പിക്കുകയും അവരുടെ മുമ്പിൽ രോഗികളെ തുടർച്ചയായി സുഖപ്പെടുത്തുകയും ചെയ്തപ്പോൾ അവർ അവിടുത്തെക്കുറിച്ച് വിസ്മയിച്ചു. വാസ്തവത്തിൽ, അവർ അനുഭവിച്ചിരുന്നിരിക്കേണ്ട കഠിനമായ വിശപ്പിനിടയിലും, അവിടുത്തെ വിട്ടുപോകുന്നതിന്റെ ഒരു സൂചനപോലും കാണിക്കാത്തവിധം അവർ അത്രയധികം വിസ്മയഭരിതരായിരുന്നു. നമ്മുടെ ആന്തരികജീവിതത്തിൽ നാം സ്വന്തമാക്കാൻ ശ്രമിക്കേണ്ടതിന്റെ മനോഹരമായ ഒരു ചിത്രമാണിത്.
ജീവിതത്തിൽ നിങ്ങളെ “വിസ്മയിപ്പിക്കുന്നത്” എന്താണ്? ശ്രദ്ധ നഷ്ടപ്പെടാതെ മണിക്കൂറുകളോളം നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് എന്താണ്? ഈ ആദ്യശിഷ്യന്മാരിൽ അത്തരമൊരു സ്വാധീനം ചെലുത്തിയത് യേശു എന്ന വ്യക്തിയെ തന്നെയുള്ള കണ്ടെത്തലായിരുന്നു. നിങ്ങളുടെ കാര്യമോ? പ്രാർഥനയിലോ വിശുദ്ധഗ്രന്ഥവായനയിലോ മറ്റൊരാളുടെ സാക്ഷ്യത്തിലൂടെയോ യേശുവിനെ കണ്ടെത്തിയ അനുഭവം നിങ്ങളെ അത്രമേൽ ആകർഷിച്ചതിനാൽ അവിടുത്തെ സാന്നിധ്യത്തിൽ നിങ്ങൾ മുഴുകിപ്പോയിട്ടുണ്ടോ? മറ്റൊന്നിനെക്കുറിച്ചും അധികം ചിന്തിക്കാത്തവിധം നമ്മുടെ കർത്താവിൽ നിങ്ങൾ എപ്പോഴെങ്കിലും മുഴുകിയിട്ടുണ്ടോ?
സ്വർഗത്തിൽ നമ്മുടെ നിത്യത ദൈവമഹത്ത്വത്തിന്റെ നിരന്തരമായ ആരാധനയിലും അതിനെക്കുറിച്ചുള്ള “വിസ്മയത്തിലും” ചെലവഴിക്കപ്പെടും. അവിടുത്തോടൊപ്പമായിരിക്കുന്നതിലും അവിടുത്തെക്കുറിച്ചുള്ള ഭയഭക്തിനിറഞ്ഞ വിസ്മയത്തിലും നാം ഒരിക്കലും മടുക്കുകയില്ല. എന്നാൽ ഭൂമിയിൽ, നമ്മുടെ ജീവിതത്തിലും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിലും ദൈവം ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തികൾ നാം പലപ്പോഴും കാണാതെപോകുന്നു. പകരം, പാപം, പാപത്തിന്റെ ഫലങ്ങൾ, മുറിവുകൾ, ഇടർച്ച, ഭിന്നത, വിദ്വേഷം, നിരാശയിലേക്കു നയിക്കുന്ന മറ്റു കാര്യങ്ങൾ എന്നിവയിൽ നാം പലപ്പോഴും മുഴുകിപ്പോകുന്നു.
യേശുവിന്റെ ഈ ആദ്യശിഷ്യന്മാരെക്കുറിച്ച് ഇന്ന് ചിന്തിക്കുക. പ്രത്യേകിച്ച്, ഭക്ഷണമില്ലാതെ മൂന്നു ദിവസം അവിടുത്തോടൊപ്പം കഴിഞ്ഞപ്പോഴുള്ള അവരുടെ വിസ്മയവും ഭയഭക്തിയും ധ്യാനിക്കുക. നമ്മുടെ കർത്താവിന്റെ ഈ ആകർഷണം നിങ്ങളെ അത്രമേൽ പിടിച്ചടക്കുകയും കീഴടക്കുകയും ചെയ്യണം; അങ്ങനെ യേശു നിങ്ങളുടെ ജീവിതത്തിന്റെ ഒരേയൊരു കേന്ദ്രമായിത്തീരണം. അവിടുന്ന് അങ്ങനെയാകുമ്പോൾ, മറ്റെല്ലാം യഥാസ്ഥാനത്താകും; നിങ്ങളുടെ മറ്റു പല ആവശ്യങ്ങളും നമ്മുടെ കർത്താവ് നിറവേറ്റിത്തരുകയും ചെയ്യും.
ദൈവമായ എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങയെക്കുറിച്ചുള്ള വിസ്മയവും ഭയഭക്തിയുംകൊണ്ട് എന്നെ നിറയ്ക്കണമേ. എല്ലാറ്റിനുമുപരിയായും എല്ലാറ്റിലും അങ്ങയെ ആഗ്രഹിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയോടുള്ള എന്റെ സ്നേഹം, ഞാൻ എപ്പോഴും അങ്ങയിൽ ആശ്രയിക്കുന്നത്ര തീക്ഷ്ണമായിത്തീരട്ടെ. പ്രിയ കർത്താവേ, എന്റെ ജീവിതം മുഴുവന്റെയും കേന്ദ്രമായി അങ്ങയെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യഥാർഥ ക്രൈസ്തവർ
ആഗമനകാലം ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
“എന്നോട് ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല; സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ മാത്രമേ പ്രവേശിക്കുകയുള്ളൂ.” മത്തായി 7:21
യേശു ആരെക്കുറിച്ചാണോ സംസാരിക്കുന്നത്, അവരെക്കുറിച്ച് ചിന്തിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഈ ഭൗമികജീവിതത്തിൽനിന്നു കടന്നുപോയശേഷം ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ എത്തി, “കർത്താവേ, കർത്താവേ!” എന്നു നിങ്ങൾ വിളിച്ചപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുക. അവിടുന്ന് പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിക്കുമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുപകരം, ജീവിതത്തിലുടനീളം ദൈവഹിതത്തോട് തുടർച്ചയായും ദുശ്ശാഠ്യത്തോടെയും അനുസരണക്കേടു കാണിച്ചുവെന്ന യാഥാർഥ്യത്തെയാണ് നിങ്ങൾ നേരിടുന്നത്. നിങ്ങൾ ഒരു ക്രൈസ്തവനെപ്പോലെ പെരുമാറിയിരുന്നെങ്കിലും അതു വെറും അഭിനയമായിരുന്നുവെന്ന് പെട്ടെന്നു തിരിച്ചറിയുന്നു. ഇപ്പോൾ, വിധിദിവസത്തിൽ, നിങ്ങൾക്കും മറ്റെല്ലാവർക്കും കാണാനായി സത്യം വെളിപ്പെടുന്നു. തീർത്തും ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണിത്.
ആർക്കാണ് ഇങ്ങനെ സംഭവിക്കുക? തീർച്ചയായും, നമ്മുടെ കർത്താവിനു മാത്രമേ അതറിയൂ. അവിടുന്നാണ് ഏക നീതിമാനായ ന്യായാധിപൻ. ഒരു വ്യക്തിയുടെ ഹൃദയം അറിയുന്നത് അവിടുന്ന് മാത്രമാണ്; വിധി അവിടുത്തേക്കു മാത്രം വിട്ടുകൊടുത്തിരിക്കുന്നു. എന്നാൽ, സ്വർഗത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്ന “എല്ലാവരും” അതിൽ പ്രവേശിക്കുകയില്ലെന്ന് യേശു നമ്മോടു പറഞ്ഞത് നമ്മുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്.
നമ്മുടെ ജീവിതത്തെ നയിക്കേണ്ടത് ദൈവത്തോടുള്ള ആഴമേറിയതും നിർമ്മലവുമായ സ്നേഹമാണ്; ഈ സ്നേഹം, ഈ സ്നേഹം മാത്രമായിരിക്കണം നമ്മുടെ ജീവിതത്തെ നയിക്കുന്നത്. എന്നാൽ ദൈവത്തോടുള്ള നിർമ്മലമായ സ്നേഹം വ്യക്തമായി നിലനിൽക്കുന്നില്ലെങ്കിൽ, അതിനു തൊട്ടടുത്ത ഉത്തമമാർഗം വിശുദ്ധമായ ഒരു ഭയമായിരിക്കാം. യേശു അരുളിച്ചെയ്ത വാക്കുകൾ നമ്മിൽ ഓരോരുത്തരിലും ഈ “വിശുദ്ധമായ ഭയം” ഉണർത്തണം.
“വിശുദ്ധമായ” എന്നു പറയുമ്പോൾ, നമ്മുടെ ജീവിതത്തിൽ യഥാർഥമായ മാറ്റം വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരുതരം ഭയത്തെയാണ് നാം ഉദ്ദേശിക്കുന്നത്. നാം മറ്റുള്ളവരെ കബളിപ്പിച്ചേക്കാം; ഒരുപക്ഷേ നമ്മെത്തന്നെയും കബളിപ്പിച്ചേക്കാം. എന്നാൽ ദൈവത്തെ കബളിപ്പിക്കാൻ നമുക്കാവില്ല. ദൈവം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു. വിധിദിവസത്തിൽ പ്രാധാന്യമുള്ള ഒരേയൊരു ചോദ്യത്തിന്റെ ഉത്തരം അവിടുത്തേക്ക് അറിയാം: “സ്വർഗസ്ഥനായ പിതാവിന്റെ ഹിതം ഞാൻ നിറവേറ്റിയോ?”
നമ്മുടെ ഇപ്പോഴത്തെ എല്ലാ തീരുമാനങ്ങളെയും പ്രവൃത്തികളെയും വിധിദിവസത്തിന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുക എന്നത് ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് ആവർത്തിച്ചു ശുപാർശ ചെയ്തിട്ടുള്ള ഒരു പതിവാണ്. ആ നിമിഷത്തിൽ, ഞാൻ എന്തു ചെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിക്കും? ആ ചോദ്യത്തിനുള്ള ഉത്തരത്തിന് ഇന്നു നാം ജീവിക്കുന്ന രീതിയിൽ നിർണായകമായ പ്രാധാന്യമുണ്ട്.
നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ആ പ്രധാനപ്പെട്ട ചോദ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “സ്വർഗസ്ഥനായ പിതാവിന്റെ ഹിതം ഞാൻ നിറവേറ്റുന്നുണ്ടോ?” ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ നിൽക്കുമ്പോൾ, ഇവിടെയും ഇപ്പോഴും ഞാൻ എന്തു ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കും? മനസ്സിൽ വരുന്നത് എന്തുതന്നെയായാലും, അതിനെക്കുറിച്ചു ചിന്തിക്കാൻ സമയം ചെലവഴിക്കുക. ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതെന്തും ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ആഴപ്പെടുത്താൻ പരിശ്രമിക്കുക. മടിക്കരുത്. കാത്തിരിക്കരുത്. വിധിദിവസം അത്യധികമായ സന്തോഷത്തിന്റെയും മഹിമയുടെയും ദിനംകൂടിയാകേണ്ടതിന് ഇപ്പോൾത്തന്നെ ഒരുങ്ങുക!
എന്നെ രക്ഷിക്കുന്ന ദൈവമേ, എന്റെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയ്ക്കായി ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ തിരുവിഷ്ടത്തിന്റെയും സത്യത്തിന്റെയും വെളിച്ചത്തിൽ എന്റെ ജീവിതത്തെയും എന്റെ എല്ലാ പ്രവൃത്തികളെയും കാണാൻ എന്നെ സഹായിക്കണമേ. സ്നേഹനിധിയായ എന്റെ പിതാവേ, അങ്ങയുടെ പൂർണ്ണമായ തിരുവിഷ്ടത്തോട് സമ്പൂർണ്ണമായി ചേർന്നു ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിധിദിനം അതിമഹത്തായ മഹത്വത്തിന്റെ ദിനമായിത്തീരേണ്ടതിന് എന്റെ ജീവിതം തിരുത്താൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യഥാർഥ മിശിഹാ
ആഗമനകാലം ഒന്നാം വാരത്തിലെ വെള്ളിയാഴ്ച
അപ്പോൾ അവരുടെ കണ്ണുകൾ തുറന്നു. യേശു അവർക്കു കർശനമായ മുന്നറിയിപ്പു നൽകി: “ഇതിനെക്കുറിച്ച് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുവിൻ.” എന്നാൽ അവർ പുറത്തുപോയി ആ നാട്ടിലെങ്ങും അവനെക്കുറിച്ചുള്ള വാർത്ത പ്രചരിപ്പിച്ചു. മത്തായി 9:30–31
ആരാണ് യേശു? യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തേക്കാൾ ഇന്ന് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത് വളരെ എളുപ്പമാണ്. നമുക്കുമുമ്പേ കടന്നുപോയ അസംഖ്യം വിശുദ്ധരുടെ അനുഗ്രഹം ഇന്നു നമുക്കുണ്ട്; പ്രാർഥനാപൂർവവും വിവേകപൂർവവും യേശു ആരാണെന്നതിനെക്കുറിച്ച് അവർ ഏറെ പഠിപ്പിച്ചിട്ടുണ്ട്. അവിടുന്ന് ദൈവമാണെന്നും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയാണെന്നും ലോകരക്ഷകനാണെന്നും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണെന്നും ബലിക്കുള്ള കുഞ്ഞാടാണെന്നും അതിലുമേറെ പലതുമാണെന്നും നമുക്കറിയാം.
യേശു രണ്ടു അന്ധരെ സുഖപ്പെടുത്തിയ അത്ഭുതത്തിന്റെ സമാപനഭാഗത്തുനിന്നുള്ളതാണ് മുകളിലെ സുവിശേഷഭാഗം. സൗഖ്യം ലഭിച്ചതിന്റെ ആഹ്ലാദം അവരെ കീഴടക്കി; വികാരങ്ങൾക്കു മുന്നിൽ അവർ നിയന്ത്രണം വിട്ടുപോയി. അത്ഭുതകരമായ ഈ സൗഖ്യത്തെക്കുറിച്ച് “ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുവിൻ” എന്ന് യേശു അവരോടു നിർദേശിച്ചു. എന്നാൽ അവരുടെ ആവേശം അടക്കാനായില്ല. അവർ മനഃപൂർവം യേശുവിനെ അനുസരിക്കാതിരുന്നതല്ല; മറിച്ച്, യേശു ചെയ്തതിനെക്കുറിച്ച് മറ്റുള്ളവരോടു പറയുകയല്ലാതെ തങ്ങളുടെ ആത്മാർഥമായ കൃതജ്ഞത പ്രകടിപ്പിക്കാൻ മറ്റൊരു വഴി അവർക്കറിയില്ലായിരുന്നു.
തന്നെക്കുറിച്ച് മറ്റുള്ളവരോടു പറയരുതെന്ന് യേശു അവരോടു പറഞ്ഞതിന്റെ ഒരു കാരണം, താൻ ആരാണെന്ന് അവർ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്ന് അവിടുന്ന് അറിഞ്ഞിരുന്നു എന്നതാണ്. തന്നെക്കുറിച്ചുള്ള അവരുടെ സാക്ഷ്യത്തിന് തന്നെ ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയില്ലെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. അവിടുന്ന് ദൈവത്തിന്റെ കുഞ്ഞാടായിരുന്നു. രക്ഷകൻ. മിശിഹാ. ബലിക്കുള്ള കുഞ്ഞാട്. തന്റെ രക്തം ചിന്തി നമ്മെ വീണ്ടെടുക്കാൻ ഈ ലോകത്തിലേക്കു വന്നവനായിരുന്നു അവിടുന്ന്. എന്നാൽ ജനങ്ങളിൽ പലരും ആഗ്രഹിച്ചത് ദേശീയവാദിയായ ഒരു “മിശിഹാ”യെ അല്ലെങ്കിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരാളെ മാത്രമായിരുന്നു. രാഷ്ട്രീയ അടിച്ചമർത്തലിൽനിന്ന് തങ്ങളെ രക്ഷിക്കുകയും തങ്ങളെ മഹത്തായ ഒരു ഭൗമിക ജനതയാക്കുകയും ചെയ്യുന്ന ഒരാളെയാണ് അവർ ആഗ്രഹിച്ചത്. എന്നാൽ അതായിരുന്നില്ല യേശുവിന്റെ ദൗത്യം.
യേശു ആരാണെന്നും നമ്മുടെ ജീവിതത്തിൽ ആരായിരിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും തെറ്റിദ്ധരിക്കുന്ന കെണിയിൽ പലപ്പോഴും നാമും വീഴാം. നമ്മുടെ ദൈനംദിന സംഘർഷങ്ങളിൽനിന്നും അനീതികളിൽനിന്നും താത്കാലിക ബുദ്ധിമുട്ടുകളിൽനിന്നും മാത്രം നമ്മെ രക്ഷിക്കുന്ന ഒരു “ദൈവത്തെ” നാം ആഗ്രഹിച്ചേക്കാം. നമ്മുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്ന ഒരു “ദൈവത്തെ” നാം ആഗ്രഹിച്ചേക്കാം; അല്ലാതെ അവിടുത്തെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ നാം തയ്യാറാകണമെന്നില്ല. നമ്മെ സുഖപ്പെടുത്തുകയും ഭൗമികമായ എല്ലാ ഭാരങ്ങളിൽനിന്നും മോചിപ്പിക്കുകയും ചെയ്യുന്ന ഒരു “ദൈവത്തെയാണ്” നാം ആഗ്രഹിക്കുന്നത്. എന്നാൽ താൻ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുമെന്ന് യേശു തന്റെ ജീവിതത്തിലുടനീളം വ്യക്തമായി പഠിപ്പിച്ചു. നാം ഓരോരുത്തരും സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കണമെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചു. നാം മരിക്കണമെന്നും സഹനത്തെ സ്വീകരിക്കണമെന്നും കരുണ കാണിക്കണമെന്നും മറുകവിൾ കാണിച്ചുകൊടുക്കണമെന്നും ലോകത്തിന് ഒരിക്കലും മനസ്സിലാകാത്തതിൽ നമ്മുടെ മഹത്വം കണ്ടെത്തണമെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചു.
യേശു ആരാണെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വളരെ ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതിനെതിരെ അവിടുന്ന് നിങ്ങളെ താക്കീതു ചെയ്യുമോ എന്ന് ഇന്ന് ചിന്തിക്കുക. യഥാർഥത്തിൽ ദൈവമല്ലാത്ത ഒരു “ദൈവത്തെ” അവതരിപ്പിക്കുന്ന പ്രവണതയുമായി നിങ്ങൾ മല്ലിടുന്നുണ്ടോ? അതോ, നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ ക്രിസ്തുവിനു സാക്ഷ്യം നൽകാൻ കഴിയുന്നത്ര ആഴത്തിൽ അവിടുത്തെ വ്യക്തിതന്നെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? നിങ്ങൾ കുരിശിൽ മാത്രമാണോ അഭിമാനിക്കുന്നത്? ക്രൂശിതനായ ക്രിസ്തുവിനെ നിങ്ങൾ പ്രഘോഷിക്കുകയും എളിമയുടെയും കരുണയുടെയും ത്യാഗത്തിന്റെയും അത്യഗാധമായ ജ്ഞാനം മാത്രം പ്രസംഗിക്കുകയും ചെയ്യുന്നുണ്ടോ? നമ്മെ രക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമുണ്ടാക്കുന്ന എല്ലാ സങ്കല്പങ്ങളും മാറ്റിവെച്ച്, ക്രിസ്തുവിനെ സത്യസന്ധമായി പ്രഘോഷിക്കാൻ വീണ്ടും സ്വയം സമർപ്പിക്കുക.
സത്യസ്വരൂപനും എന്നെ രക്ഷിക്കുന്നവനുമായ എന്റെ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങയ്ക്കു സമർപ്പിക്കുന്നു. അങ്ങ് യഥാർഥത്തിൽ ആരാണോ, അങ്ങനെതന്നെ അങ്ങയെ അറിയാനും സ്നേഹിക്കാനും എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങയെ കാണാൻ എനിക്കാവശ്യമായ കണ്ണുകളും അങ്ങയെ അറിയാനും സ്നേഹിക്കാനും ആവശ്യമായ മനസ്സും ഹൃദയവും എനിക്കു നൽകണമേ. അങ്ങ് ആരാണെന്നതിനെക്കുറിച്ച് എന്നിലുള്ള തെറ്റായ ഏതൊരു ധാരണയും നീക്കണമേ; പകരം, എന്റെ കർത്താവേ, അങ്ങയെക്കുറിച്ചുള്ള യഥാർഥ അറിവ് എന്നിൽ നിറയ്ക്കണമേ. അങ്ങയെ അറിഞ്ഞുവരുമ്പോൾ, അങ്ങയുടെ മഹത്വം എല്ലാവരോടും പ്രഘോഷിക്കാൻ അങ്ങ് എന്നെ ഉപയോഗിക്കേണ്ടതിന് ഞാൻ എന്നെത്തന്നെ അങ്ങയ്ക്കു സമർപ്പിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ക്രിസ്തു ഏല്പിച്ച ദൗത്യവുമായി
ആഗമനകാലം ഒന്നാം വാരത്തിലെ ശനിയാഴ്ച
“വിളവു സമൃദ്ധമാണ്, എന്നാൽ വേലക്കാർ കുറവാണ്; അതിനാൽ തന്റെ വിളവെടുപ്പിന് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് അപേക്ഷിക്കുവിൻ.” മത്തായി 9:37–38
ദൈവം നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? നിങ്ങളുടെ ദൗത്യം എന്താണ്? തീക്ഷ്ണതയുള്ള ചില ക്രൈസ്തവർ ജനപ്രീതിയുള്ള സുവിശേഷപ്രഘോഷകരാകാൻ സ്വപ്നം കണ്ടേക്കാം. എല്ലാവരുടെയും പ്രശംസ നേടുന്ന വീരോചിതമായ ഉപവിപ്രവൃത്തികൾ ചെയ്യാൻ ചിലർ സ്വപ്നം കണ്ടേക്കാം. മറ്റു ചിലർ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ചേർന്ന് വളരെ ശാന്തവും മറഞ്ഞിരിക്കുന്നതുമായ ഒരു വിശ്വാസജീവിതം നയിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ നിങ്ങളിൽനിന്നുതന്നെ ദൈവം എന്താണ് ആഗ്രഹിക്കുന്നത്?
മുകളിലെ വചനഭാഗത്തിൽ, “തന്റെ വിളവെടുപ്പിന് വേലക്കാരെ” ലഭിക്കാൻ പ്രാർഥിക്കണമെന്ന് യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ കർത്താവ് പറയുന്ന ആ “വേലക്കാരിൽ” നിങ്ങളും ഉൾപ്പെടുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഈ ദൗത്യം വൈദികർ, സന്ന്യസ്തർ, മുഴുവൻ സമയവും സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന അല്മായർ തുടങ്ങിയ മറ്റുള്ളവർക്കുള്ളതാണെന്ന് കരുതാൻ എളുപ്പമാണ്. തങ്ങൾക്ക് കാര്യമായി ഒന്നും നൽകാനില്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ പലർക്കും എളുപ്പമാണ്. എന്നാൽ സത്യത്തിൽനിന്ന് ഇതിലേറെ അകന്ന ഒരു ധാരണയുണ്ടാകില്ല.
അസാധാരണമാംവിധം മഹത്വപൂർണമായ രീതികളിൽ നിങ്ങളെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതെ, “അസാധാരണമാംവിധം മഹത്വപൂർണമായ” രീതികളിൽ! തീർച്ചയായും, അടുത്തതായി ഏറ്റവും ജനപ്രീതിയാർജിക്കുന്ന YouTube സുവിശേഷപ്രഘോഷകനായി നിങ്ങൾ മാറുമെന്നോ വിശുദ്ധ മദർ തെരേസയെപ്പോലെ പൊതുശ്രദ്ധയിൽ വരുമെന്നോ അതിനർഥമില്ല. എന്നാൽ ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്ന പ്രവൃത്തി, പണ്ടുകാലത്തെ ഏറ്റവും വലിയ വിശുദ്ധരോ ഇന്ന് ജീവിച്ചിരിക്കുന്ന അത്തരത്തിലുള്ള വിശുദ്ധരോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയുംപോലെതന്നെ യാഥാർഥ്യവും പ്രാധാന്യവുമുള്ളതാണ്.
ജീവിതവിശുദ്ധി പ്രാർഥനയിൽ മാത്രമല്ല, പ്രവൃത്തിയിലും കണ്ടെത്താനാകും. ഓരോ ദിവസവും പ്രാർഥിക്കുകയും ക്രിസ്തുവിനോട് കൂടുതൽ അടുക്കുകയും ചെയ്യുമ്പോൾ, ഇന്നത്തെ സുവിശേഷം തുടർന്നു പറയുന്നതുപോലെ, “രോഗികളെ സുഖപ്പെടുത്തുവിൻ, മരിച്ചവരെ ഉയിർപ്പിക്കുവിൻ, കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ, പിശാചുക്കളെ പുറത്താക്കുവിൻ” (മത്തായി 10:8) എന്ന് അവിടുന്ന് നിങ്ങളെ ഉദ്ബോധിപ്പിക്കും. എന്നാൽ നിങ്ങളുടെ സ്വന്തം ദൈവവിളിക്കുള്ളിൽ നിങ്ങൾക്കു മാത്രമുള്ള സവിശേഷമായ രീതിയിൽ ഇതു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുക. നിങ്ങളുടെ ദൈനംദിന കർത്തവ്യം അവഗണിക്കരുത്. അപ്പോൾ, ദിവസവും നിങ്ങൾ കണ്ടുമുട്ടുന്നവരിൽ രോഗികളും മരിച്ചവരും കുഷ്ഠരോഗികളും പിശാചുബാധിതരും ആരൊക്കെയാണ്? മിക്കവാറും, ഒരളവിലല്ലെങ്കിൽ മറ്റൊരളവിൽ, അവർ നിങ്ങൾക്കു ചുറ്റുമുണ്ട്. ഉദാഹരണത്തിന്, “കുഷ്ഠരോഗികൾ” ആയവരെ പരിഗണിക്കുക. സമൂഹം “തള്ളിക്കളഞ്ഞവർ” ആണിവർ. നമ്മുടെ ലോകം പരുഷവും ക്രൂരവുമാകാം; ചിലർക്ക് വഴിതെറ്റിയവരും ഏകാകികളുമാണെന്നു തോന്നിയേക്കാം. നിങ്ങൾക്കറിയാവുന്ന ആരാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടേക്കാവുന്നത്? അൽപ്പം പ്രോത്സാഹനവും മനസ്സിലാക്കലും അനുകമ്പയും ആവശ്യമുള്ളത് ആർക്കാണ്? മറ്റാർക്കും നൽകാത്ത ഒരു ദൈനംദിന കർത്തവ്യം ദൈവം നിങ്ങൾക്കു നൽകിയിട്ടുണ്ട്; അതുകൊണ്ടുതന്നെ, നിങ്ങളുടെ സ്നേഹം ആവശ്യമുള്ള ചിലരുണ്ട്. അവരെ അന്വേഷിക്കുക, അവരുടെ അടുത്തേക്കു ചെല്ലുക, ക്രിസ്തുവിനെ അവർക്കു പകർന്നുനൽകുക, അവർക്കു താങ്ങായി കൂടെയുണ്ടാകുക.
മറ്റൊരാൾക്ക് ക്രിസ്തുവായിത്തീരാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അസാധാരണമാംവിധം മഹത്വപൂർണമായ ഈ വിളിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. സ്നേഹത്തിന്റെ ഈ കടമ സ്വീകരിക്കുക. ക്രിസ്തുവിന്റെ വേലക്കാരനാകാൻ വിളിക്കപ്പെട്ട ഒരാളായി സ്വയം കാണുക. നിങ്ങളുടെ ജീവിതത്തിൽ ഈ ദൗത്യം ഏതു വിധത്തിൽ നിറവേറ്റേണ്ടിവന്നാലും, അത് പൂർണമായും മഹത്വപൂർണമായും നിറവേറ്റാൻ സ്വയം സമർപ്പിക്കുക.
എന്റെ പ്രിയ കർത്താവേ, അങ്ങയുടെ ദൈവിക ദൗത്യത്തിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. അങ്ങയെയും എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ തിരുഹിതത്തെയും ഞാൻ തിരഞ്ഞെടുക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ സ്നേഹവും കരുണയും ഏറ്റവുമധികം ആവശ്യമുള്ളവരുടെ അടുക്കലേക്ക് എന്നെ അയയ്ക്കണമേ. എന്റെ കരുതലിൽ ഏൽപ്പിക്കപ്പെട്ടവർ തങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ മഹത്വപൂർണവും രക്ഷാകരവുമായ കൃപ അനുഭവിക്കേണ്ടതിന്, ആ സ്നേഹവും കരുണയും അവരിലേക്ക് എങ്ങനെ എത്തിക്കാമെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
Amazon – Google Play – iTunes – Barnes and Noble

