മലയാളം

മുപ്പതാം ദിവസം: കോപമോ ക്ഷമയോ?

നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച

പലർക്കും കോപം അനുദിനം നേരിടേണ്ടിവരുന്ന ഒരു പോരാട്ടമാണ്. നമ്മോട് അനീതി കാണിച്ചിരിക്കുന്നുവെന്നു തോന്നുമ്പോൾ നമ്മുടെ മനസ്സ് എളുപ്പത്തിൽ കോപത്തിന്റെ കെണിയിൽ വീഴാം. അനീതികൾ സംഭവിക്കുന്നുണ്ടെങ്കിലും, ശരിയായ പ്രതികരണം കോപമെന്ന പാപമല്ല; വീണ്ടും വീണ്ടും ക്ഷമിക്കുകയും എല്ലാറ്റിലൂടെയും ക്ഷമയോടെ സഹിച്ചുനിൽക്കുകയുമാണ്. ഇത് പ്രയാസമാണ്. കാരണം, തികച്ചും സ്വാഭാവികമായ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ കോപം ന്യായമാണെന്നു തോന്നും. പരസ്യമായി ഗുരുതരമായ ഒരു അനീതി നടക്കുമ്പോൾ ആളുകൾ രോഷാകുലരാകുന്നു. ആരെങ്കിലും തന്റെ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തുമ്പോൾ, അയാൾ അതിനു കണക്കു പറയണമെന്ന് ആവശ്യപ്പെടുന്നു. മറ്റൊരാൾ നമ്മോട് തെറ്റു ചെയ്യുമ്പോൾ നമുക്കു നീതി വേണമെന്നു തോന്നുന്നു. ഈ പ്രതികരണങ്ങൾ നമുക്കു ന്യായമായി തോന്നുന്നത് അവ നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തിൽനിന്ന് ഉത്ഭവിക്കുന്നതിനാലാണ്. എന്നാൽ അവ ദൈവത്തിന്റെ കരുണയിൽനിന്ന് ഉത്ഭവിക്കുന്നവയല്ല.

യേശു ദേവാലയത്തിലെ മേശകൾ മറിച്ചിട്ടതുപോലുള്ള നീതിയുക്തമായ കോപം, കോപമെന്ന പാപമല്ല. ഒരാളെ അനുതാപത്തിലേക്കു നയിക്കാൻ ലക്ഷ്യമിടുന്ന സ്നേഹപ്രവൃത്തിയാണത്. യേശു ആത്മനിയന്ത്രണം നഷ്ടപ്പെട്ടവനോ വികാരങ്ങളാൽ നയിക്കപ്പെട്ടവനോ ആയിരുന്നില്ല. അവിടുന്ന് പൂർണമായ ആത്മനിയന്ത്രണത്തോടെയാണ് പ്രവർത്തിച്ചത്. ജനങ്ങളുടെതന്നെ നന്മയ്ക്കായി, കൂടുതൽ ആധികാരികമായ ആരാധനയിലേക്ക് അവരെ വിളിക്കാൻ അവിടുന്ന് തീക്ഷ്ണതയോടെ ശ്രമിച്ചു. ദൈവികസ്നേഹത്താൽ നിറഞ്ഞ ഒരു നിർമ്മലാത്മാവിനു മാത്രമേ വിശുദ്ധമായ കോപത്തിന്റെ ഒരു പ്രവൃത്തി ചെയ്യാൻ കഴിയൂ. അങ്ങനെ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രവൃത്തികൾ ദൈവത്തിന്റെ കരുണയിൽനിന്ന് ഉത്ഭവിക്കുന്നവയാണെന്ന് അറിയാം.

ഗെത്‌സെമനി തോട്ടത്തിൽ യേശു അറസ്റ്റുചെയ്യപ്പെട്ടപ്പോൾ, പത്രോസ് ഭയത്താൽ വാൾ ഊരി ഒരു പടയാളിയുടെ ചെവി വെട്ടിമുറിച്ചു; അങ്ങനെ ആ ഭയം അദ്ദേഹത്തെ കോപമെന്ന പാപത്തിലേക്കു നയിച്ചു. എന്നാൽ യേശു നീതിക്കപ്പുറത്തേക്കു കടന്ന്, പടയാളിയുടെ ചെവി സുഖപ്പെടുത്തിയും പത്രോസിനോട് ഇങ്ങനെ പറഞ്ഞും കരുണ കാണിച്ചു: “നിന്റെ വാൾ ഉറയിലിടുക. പിതാവ് എനിക്കു നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?” (യോഹന്നാൻ 18:10). ആത്മാക്കളുടെ രക്ഷയായിരുന്നു യേശുവിന്റെ ദൗത്യം. ഓരോ അനീതിക്കുമെതിരെ സ്വയം പ്രതിരോധിക്കാനും എല്ലാവരെയും കുറ്റംവിധിച്ചുകൊണ്ട് ഉടൻതന്നെ അവരിൽനിന്നു കണക്കു ചോദിക്കാനുമല്ല അവിടുന്ന് അവിടെ ഉണ്ടായിരുന്നത്. കരുണയുടെ കൂടുതൽ വിശാലമായ ചിത്രം അവിടുന്ന് കണ്ടു.

നാം യേശുവിനെ അനുകരിക്കുകയും അനീതി സ്വമനസ്സാലെ ഏറ്റെടുക്കുകയും വേണം. നാം അങ്ങനെ ചെയ്യുമ്പോൾ വലിയ ആത്മീയശക്തി പ്രവഹിക്കുന്നു. ആ നിമിഷത്തിൽത്തന്നെ ഒരാളിൽനിന്നു കണക്കു ചോദിക്കുകയും അയാളെ കുറ്റംവിധിക്കുകയും ചെയ്യുന്നതിനെക്കാൾ എത്രയോ വലുതാണ് ആ ആത്മീയശക്തി. അനീതി ക്ഷമയോടെ സഹിക്കുന്നതിൽ കാണുന്ന കരുണയുടെയും ക്ഷമയുടെയും ആത്മീയശക്തിക്ക് മനസ്സുകളെയും ഹൃദയങ്ങളെയും മാറ്റാനും അവയെ ദൈവത്തിലേക്കു തിരിക്കാനും കഴിവുണ്ട്. കുറ്റംവിധിക്കലിന് അതിനു കഴിയില്ല.

ആത്മീയ ഭോജനാസക്തിക്കു സമാനമായി, ത്യാഗം ആവശ്യമായിവരുകയും ആത്മീയ മാധുര്യം കുറയുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ആത്മീയ കോപം ഉയർന്നുവരുന്നത്. ദീർഘകാലമായി ദൈവത്തിന്റെ ആശ്വാസങ്ങൾ അനുഭവിച്ചിട്ടുള്ളവർ, ഒടുവിൽ ആ ആശ്വാസങ്ങൾ മങ്ങിപ്പോകുന്നതായി കണ്ടെത്തും. അങ്ങനെ സംഭവിക്കുമ്പോൾ, ദൈവം അവിടുന്ന് നൽകിയിരുന്ന സുഖാനുഭൂതികൾ പിൻവലിക്കുന്നതിൽ അവർ അസ്വസ്ഥരും നിരാശരുമാകുന്നു. ഉടനടി ലഭിക്കുന്ന ആത്മീയ മാധുര്യത്തെക്കാൾ എത്രയോ വലിയ നിത്യപ്രതിഫലങ്ങൾ ആത്മീയജീവിതത്തിലെ ക്ഷമാപൂർവമായ സഹനം നൽകുമെന്ന് ഈ വിശുദ്ധാത്മാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ചില വിശുദ്ധർ പതിറ്റാണ്ടുകളോളം ആത്മീയ വരൾച്ച സഹിച്ചു. എങ്കിലും അതിലൂടെയെല്ലാം ദൈവഹിതത്തോടുള്ള വിശ്വസ്തതയിൽ അവർ ഉറച്ചുനിന്നു.

കുരിശിൽനിന്ന് യേശു വിളിച്ചുപറഞ്ഞു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” (ലൂക്കാ 23:34). ദൈവപുത്രന് തന്റെ മരണവേളയിൽ തന്നെ വധിച്ചവരോടു ക്ഷമിക്കാനും അവരോടു ക്ഷമിക്കണമെന്നു പിതാവിനോട് അപേക്ഷിക്കാനും കഴിയുമെങ്കിൽ, ആ പ്രവൃത്തി അതേ ആഴത്തിലുള്ള ക്ഷമയിലേക്കു നമ്മെയെല്ലാം വിളിക്കുന്നു. കരുണ സ്വാഭാവികമായ മനുഷ്യജ്ഞാനത്തിനപ്പുറത്തേക്കു കടക്കുന്നു; കുരിശിൽ മാത്രം കണ്ടെത്താനാകുന്ന ആത്മീയജ്ഞാനത്തിന്റെ പുതിയൊരു ആഴം അതിന് ആവശ്യമാണ്.

കുരിശിൽനിന്നുള്ള യേശുവിന്റെ വാക്കുകളെക്കുറിച്ചു ധ്യാനിക്കുക. അവ നിങ്ങളുടെ സ്വന്തം വാക്കുകളാക്കുക. നിങ്ങളുടെ ജീവിതത്തിൽ ആരോടെല്ലാമാണോ നിങ്ങൾ പക വച്ചുപുലർത്തുന്നത്, അവരെക്കുറിച്ചു ചിന്തിക്കുകയും അവരെക്കുറിച്ച് ആ വാക്കുകൾ പ്രാർഥനാപൂർവം പറയുകയും ചെയ്യുക. യേശുവിന്റെ കുരിശിലെ ആത്മീയജ്ഞാനത്തിൽ വിശ്വസിച്ചുകൊണ്ട് വീണ്ടും വീണ്ടും അങ്ങനെ ചെയ്യുക.

ക്ഷമിക്കുന്ന എന്റെ കർത്താവേ, മുറിവേറ്റ അങ്ങയുടെ ഹൃദയത്തിൽനിന്നു കരുണ ചൊരിയപ്പെടണമെന്നു മാത്രം ആഗ്രഹിച്ചുകൊണ്ട്, ആത്മാക്കളുടെ രക്ഷയ്ക്കായി അങ്ങയുടെ ജീവൻ സ്വമനസ്സാലെ അർപ്പിക്കാനാണല്ലോ അങ്ങ് വന്നത്. കോപമെന്ന പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അങ്ങയോടൊപ്പം “പിതാവേ, ഇവരോടു ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല” എന്നു നിരന്തരം പറയാൻ കഴിയേണ്ടതിന് അങ്ങയുടെ ദിവ്യവചനങ്ങൾ എന്റെ അധരങ്ങളിലും ആത്മാവിലും നിക്ഷേപിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇതും കാണുക: മുപ്പതാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ഉള്ളടക്കം

നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ