
തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് എത്തിയപ്പോൾ, അവർ അവനെ അവിടെ ക്രൂശിച്ചു; കുറ്റവാളികളെയും, ഒരുവനെ അവന്റെ വലത്തും മറ്റേവനെ ഇടത്തുമായി ക്രൂശിച്ചു. [അപ്പോൾ യേശു പറഞ്ഞു: “പിതാവേ, ഇവരോട് ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.”] ലൂക്കാ 23:33-34a
നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ കുരിശിനു മുമ്പിൽ നിന്നപ്പോൾ, അനുകമ്പയോടും ഉറച്ച ബോധ്യത്തോടും കരുണയോടുംകൂടി അവിടുന്ന് ഈ വാക്കുകൾ പറയുന്നത് കേട്ടു: “പിതാവേ, ഇവരോട് ക്ഷമിക്കണമേ; തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” തന്റെ ക്രൂരമായ പീഡനത്തിനും മരണത്തിനും ഉത്തരവാദികളായവരെക്കുറിച്ച് പുത്രൻ ഈ വാക്കുകൾ പറയുന്നതു കേട്ടപ്പോൾ മറിയമാതാവ് എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക? ഒരമ്മയെന്ന നിലയിൽ, തന്റെ പുത്രന്റെ ഈ പ്രാർഥനയെക്കുറിച്ച് അമ്മ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക?
നമ്മുടെ ദിവ്യനാഥൻ കുരിശിൽനിന്ന് അരുളിച്ചെയ്ത ഏഴു വചനങ്ങളിൽ ആദ്യത്തേതാണ് ഈ വാക്കുകൾ. പലവിധത്തിലും, ക്രൈസ്തവജീവിതത്തിന്റെ മുഴുവൻ അടിത്തറയായിരിക്കുന്ന പ്രബോധനങ്ങളാണവ. ക്ഷമയെക്കുറിച്ചുള്ള ഈ വാക്കുകൾ ആ അടിത്തറയുടെ അവിഭാജ്യഘടകമാണ്.
തന്റെ പുത്രന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, അവിടുത്തെ ഹൃദയത്തിൽനിന്നുയർന്ന ഈ വികാരങ്ങൾക്ക് നമ്മുടെ പരിശുദ്ധ അമ്മ ഉടൻതന്നെ പ്രതിധ്വനിയായിട്ടുണ്ടാകും. തന്നെ ക്രൂരമായി കുരിശിൽ തറച്ചതിന് ഉത്തരവാദികളായവരോടു കരുണ കാണിക്കണമെന്നു പിതാവിനോടു യാചിച്ചുകൊണ്ട് യേശു നിലവിളിച്ചപ്പോൾ, നമ്മുടെ പരിശുദ്ധ അമ്മയും കാരുണ്യത്തിന്റെയും സ്തുതിയുടെയും ഒരേ ഗീതത്തിലെന്നപോലെ നിലവിളിച്ചിട്ടുണ്ടാകും. കരുണ നിറഞ്ഞ അവരുടെ ഹൃദയങ്ങൾ ഒന്നായിരുന്നു. ശാരീരികമായി പീഡയനുഭവിച്ച പുത്രന്റെയും നിശ്ശബ്ദമായി പീഡയനുഭവിച്ച അമ്മയുടെയും രണ്ടു സ്വരങ്ങളിൽനിന്ന് ക്ഷമയുടെ ഒരേയൊരു അചഞ്ചലഗാനം ഉയർന്നു.
അത്തരമൊരു നിമിഷത്തിൽ യാതൊരു ഉപാധിയുമില്ലാതെ ക്ഷമിക്കുക എന്നത് മനുഷ്യബുദ്ധിക്ക് ഏതാണ്ട് ഗ്രഹിക്കാനാവാത്ത കാര്യമാണ്. പാപത്താൽ പതിച്ച നമ്മുടെ മനുഷ്യസ്വഭാവത്തിന് പെട്ടെന്നു മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമാണത്. പലപ്പോഴും നാം പ്രതികാരവും ലൗകികനീതിയും ആഗ്രഹിക്കുന്നു. മറ്റുള്ളവർ തങ്ങളുടെ തെറ്റുകൾക്ക് ഉത്തരവാദികളായി കണക്കാക്കപ്പെടണമെന്നും വിധിക്കപ്പെടണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാൽ അതു നമ്മുടെ ധർമ്മമല്ല. സ്വർഗസ്ഥനായ പിതാവു മാത്രമാണ് വിധികർത്താവ്. നമുക്കുള്ള കടമ ക്ഷമിക്കുക എന്നതു മാത്രമാണ്. നാം അതു വീണ്ടും വീണ്ടും ചെയ്യുകയും വേണം.
ആരാണ് നിങ്ങളെ വേദനിപ്പിച്ചത്? ആരോടാണ് നിങ്ങൾ പക വച്ചുപുലർത്തുന്നത്? ആർക്കാണ് നിങ്ങൾ ക്ഷമ നൽകാതിരുന്നത്? മറ്റൊരാളോടു ക്ഷമിക്കുന്നത് അയാളുടെ പാപത്തെ ന്യായീകരിക്കുന്നില്ല. നേരെമറിച്ച്, ക്ഷമിക്കുന്ന പ്രവൃത്തി, മുമ്പു നടന്ന പാപം കരുണ ആവശ്യമുള്ള ഒരു പ്രവൃത്തിയാണെന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. കരുണ യാചിക്കപ്പെടാതിരിക്കുമ്പോഴും, അതിന് അർഹതയില്ലാതിരിക്കുമ്പോഴും പോലും ക്ഷമ കരുണ നൽകുന്നു. ദൈവം നമുക്കു നൽകിയ അതിരുകളില്ലാത്ത കാരുണ്യത്തെപ്രതി, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും യാതൊരു ഉപാധിയുമില്ലാതെ നാം കരുണ നൽകണം. കാരുണ്യം ഉയരത്തിൽനിന്നു താഴേക്കാണ് ഒഴുകുന്നത്.
തന്റെ പുത്രനോടു കാട്ടുന്ന അതിക്രൂരമായ പെരുമാറ്റം സ്വന്തം കണ്ണുകളാൽ കാണുന്ന ദൈവമാതാവിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കുരിശിൻചുവട്ടിൽ നിൽക്കുന്ന അമ്മയെക്കുറിച്ചു ധ്യാനിക്കുമ്പോൾ, യേശു ഉരുവിടുന്ന ശക്തമായ ആ വാക്കുകൾക്കു കാതോർക്കുക: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; എന്തെന്നാൽ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ആ വാക്കുകൾ ശ്രവിക്കുക; തന്റെ പുത്രനോടുചേർന്ന് യാതൊരു ഉപാധിയുമില്ലാതെ അമ്മയും അവ ഉരുവിട്ടുവെന്ന് അറിയുക. അവരുടെ പ്രാർഥനയിൽ പങ്കുചേരുകയും നിങ്ങൾ ക്ഷമിക്കേണ്ടവർക്കായി അതു സമർപ്പിക്കുകയും ചെയ്യുക.
കാരുണ്യത്തിന്റെ മാതാവേ, എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, അമ്മയുടെ പുത്രൻ ഉരുവിട്ട അതിവിസ്മയകരമായ ഈ വാക്കുകൾ അമ്മ സ്നേഹത്തോടെ ശ്രവിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; എന്തെന്നാൽ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.” ഈ വാക്കുകൾ അമ്മയുടെ ഹൃദയത്തെ തുളച്ചുകയറിയ കാരുണ്യത്തിന്റെ ഒരു അമ്പുപോലെയായിരുന്നു. അമ്മയുടെ പുത്രനെതിരെ പാപം ചെയ്ത എല്ലാവർക്കും കരുണ ലഭിക്കണമെന്നുള്ള സ്വന്തം പ്രാർഥനയിലൂടെ അമ്മ ഈ വാക്കുകളോടു പ്രതികരിച്ചു.
എന്റെ പ്രിയപ്പെട്ട അമ്മേ, ക്ഷമയുടെ ഈ പ്രാർഥന എന്റെ സ്വന്തം ജീവിതത്തിൽ അനുകരിക്കാൻ കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. എനിക്കെതിരെ പാപം ചെയ്ത എല്ലാവർക്കും ഈ കരുണ നൽകാൻ ഞാൻ മടിക്കാതിരിക്കേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ.
എന്റെ കാരുണ്യവാനായ കർത്താവേ, അങ്ങേക്കെതിരെ ഗുരുതരമായി പാപം ചെയ്തവരോടു ക്ഷമിക്കാൻ അങ്ങ് മടിച്ചില്ല. സങ്കൽപ്പിക്കാനാവാത്ത ക്രൂരതയോടെ അവർ അങ്ങയോടു പെരുമാറി; എന്നിട്ടും പരിപൂർണ കാരുണ്യത്തോടെ അങ്ങ് അവരോടു ക്ഷമിച്ചു. പ്രിയ കർത്താവേ, എനിക്കെതിരെ പാപം ചെയ്തവരോടു ക്ഷമിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. കോപത്തിന്റെയും വിദ്വേഷത്തിന്റെയും സ്ഥാനത്ത് സ്നേഹവും കാരുണ്യവും നിറയ്ക്കണമേ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയൊന്നാം ദിവസം – “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും”
ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!

