മലയാളം

രോഗശാന്തിക്കും പ്രത്യാശയ്ക്കുമായുള്ള പ്രാർത്ഥനകൾ

രോഗശാന്തിക്കും പ്രത്യാശയ്ക്കുമായുള്ള പ്രാർത്ഥനകളും സഹായക വിഭവങ്ങളും

ജീവിതത്തിലെ ഓരോ പ്രതിസന്ധിയും, നമ്മുടെ പ്രിയ രക്ഷകന്റെ കരുണയുള്ള കരങ്ങളിൽ വിശ്രമിക്കാനായി, വിശ്വാസത്തോടും പൂർണ സമർപ്പണത്തോടും കൂടി അവിടുത്തെ പക്കലേക്കു തിരിയാനുള്ള ഒരവസരം കൂടിയാണ്.  ദൈവത്തിന്റെ കരങ്ങളിൽ വിശ്രമിക്കുക എന്നതിനർഥം, ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നാം സുരക്ഷിതരാണ് എന്നാണ്.  നാം നേരിടുന്ന വെല്ലുവിളികൾക്കിടയിലും ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ട് എന്നാണ് അതിനർഥം. ഭയത്തോടെ താഴേക്കു നോക്കുന്നതിനുപകരം നാം സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തുന്നു എന്നും അതിനർഥമുണ്ട്.

ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന പ്രാർത്ഥനകൾ നിങ്ങൾക്കു സഹായകമാകും:

രോഗങ്ങളെ നേരിടാനുള്ള ഒരു പ്രാർത്ഥന

യാചനാ ലുത്തിനിയ

അതി പരിശുദ്ധ കുർബാന ഓൺലൈനിൽ കാണുക

ജപമാലയുടെ അവസാനത്തിൽ ചൊല്ലാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പ്രാർത്ഥനകൾ

കൊറോണവൈറസ് മഹാമാരിക്കാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥന

കൊറോണവൈറസ് മഹാമാരിക്കാലത്ത് ഗ്വാഡലൂപ്പെ മാതാവിനോടുള്ള പ്രാർഥന

രാജ്യങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചത് മെത്രാന്മാർ പുതുക്കും

ഐക്യദാർഢ്യത്തിന്റെ ഒരു പ്രാർഥന

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർഥന

മറ്റ് സഹായവിഭവങ്ങൾ

ജപമാല ചൊല്ലുക

ദൈവകരുണയുടെ ജപമാല

കുരിശിന്റെ വഴി

ഇന്നത്തെ സുവിശേഷവായനകളും വിചിന്തനവും

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കുള്ള ആത്മീയ ദിവ്യകാരുണ്യസ്വീകരണ പ്രാർഥന

മോന്തെ ബെരിക്കോ മാതാവിന്റെ നൊവേന
പ്ലേഗിന്റെ നാളുകളിൽ മാധ്യസ്ഥയും സംരക്ഷകയും

ദൈവകരുണയിൽ ആശ്രയം

ആത്മസമർപ്പണ പ്രാർഥന

സമർപ്പണ പ്രാർത്ഥന

സഹനങ്ങളെ കുരിശിനോടു ചേർക്കൽ

അത്ഭുത പ്രാർത്ഥന

വിഷാദത്തെ നേരിടാൻ സഹായം

ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന

ക്രിസ്തുരാജനോടുള്ള ലുത്തിനിയ

പ്രത്യാശയുടെ മെഴുകുതിരിയായ ക്രിസ്തു

വിശുദ്ധ മിഖായേൽ മുഖ്യദൂതൻ

കാത്തലിക് ഹെൽത്ത് അസോസിയേഷനിൽനിന്നുള്ള പ്രാർഥനകൾ

കൂടുതൽ പ്രാർഥനകൾ

“ഒന്നും നിന്നെ അസ്വസ്ഥമാക്കാതിരിക്കട്ടെ,
ഒന്നും നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ,
എല്ലാം കടന്നുപോകുന്നു,
ദൈവം മാറ്റമില്ലാത്തവനാണ്.

ക്ഷമ എല്ലാം നേടിത്തരുന്നു;
ദൈവമുള്ളവർക്ക് ഒന്നിനും കുറവില്ല:
ദൈവം മാത്രം മതി.”

ആവിലായിലെ വിശുദ്ധ ത്രേസ്യ


സൗഖ്യത്തിനും പ്രത്യാശയ്ക്കുമായുള്ള ഒരു പ്രാർഥന*

പരമകാരുണികനും ത്രിത്വൈകദൈവവുമായ അങ്ങേ പക്കലേക്ക്,
ഞങ്ങളുടെ ബലഹീനതയിൽ ഞങ്ങൾ വരുന്നു.
ഞങ്ങളുടെ ഭയത്തിൽ ഞങ്ങൾ അങ്ങേ പക്കലേക്ക് വരുന്നു.
വിശ്വാസത്തോടെ ഞങ്ങൾ അങ്ങേ പക്കലേക്ക് വരുന്നു.
എന്തെന്നാൽ അങ്ങു മാത്രമാണ് ഞങ്ങളുടെ പ്രത്യാശ.

ഞങ്ങളുടെ ലോകത്തിലുള്ള രോഗങ്ങളെ ഞങ്ങൾ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങൾ അങ്ങയിലേക്കു തിരിയുന്നു.

ഡോക്ടർമാർക്ക് ജ്ഞാനം നൽകണമേ.
ശാസ്ത്രജ്ഞർക്ക് വിവേകം നൽകണമേ.
രോഗികളെ പരിചരിക്കുന്നവർക്ക് അനുകമ്പയും ഉദാരതയും നൽകണമേ.
രോഗികളായവർക്ക് സൗഖ്യം നൽകണമേ.
ഏറ്റവുമധികം അപകടസാധ്യതയുള്ളവരെ സംരക്ഷിക്കണമേ.
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകണമേ.
മരിച്ചവരെ അങ്ങയുടെ നിത്യഭവനത്തിലേക്കു സ്വീകരിക്കണമേ.

ഞങ്ങളുടെ സമൂഹങ്ങൾക്ക് സ്ഥിരത നൽകണമേ.
അനുകമ്പയിൽ ഞങ്ങളെ ഒന്നിപ്പിക്കണമേ.
ഞങ്ങളുടെ ഹൃദയങ്ങളിൽനിന്ന് എല്ലാ ഭയവും അകറ്റണമേ.
അങ്ങയുടെ പരിപാലനത്തിലുള്ള ഉറച്ച വിശ്വാസത്താൽ ഞങ്ങളെ നിറയ്ക്കണമേ.

(നിങ്ങളുടെ പ്രത്യേക ആശങ്കകളും പ്രാർഥനകളും ഇപ്പോൾ സമർപ്പിക്കുക)

ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആമ്മേൻ.

നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ചെറിയ ലുത്തിനിയ

സമാധാനത്തിന്റെ രാജ്ഞിയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദുഃഖിതരുടെ ആശ്വാസമായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
രോഗികളുടെ ആരോഗ്യമായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ജ്ഞാനത്തിന്റെ സിംഹാസനമായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആമ്മേൻ.

പകർപ്പവകാശ വിവരങ്ങൾ

രോഗികളുടെ ആരോഗ്യത്തിനായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥന

മറിയമേ,
രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി
അങ്ങ് എന്നും ഞങ്ങളുടെ പാതയിൽ പ്രകാശിക്കുന്നു.
രോഗികളുടെ ആരോഗ്യമായ അങ്ങയോട് ഞങ്ങൾ ഞങ്ങളെത്തന്നെ ഭരമേൽപ്പിക്കുന്നു;
വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് കുരിശിൻചുവട്ടിൽ ഈശോയുടെ വേദനയിൽ അങ്ങ് പങ്കുചേർന്നുവല്ലോ.
റോമൻ ജനതയുടെ രക്ഷയായ അങ്ങ്,
ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നു,
അങ്ങ് അത് നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്;
അങ്ങനെ ഗലീലിയിലെ കാനായിലെന്നപോലെ,
ഈ പരീക്ഷണകാലത്തിനുശേഷം
സന്തോഷത്തിലേക്കും വിരുന്നാഘോഷത്തിലേക്കും ഞങ്ങൾക്ക് മടങ്ങാൻ കഴിയട്ടെ.
ദൈവിക സ്നേഹത്തിന്റെ മാതാവേ, ഞങ്ങളെ സഹായിക്കണമേ,
പിതാവിന്റെ തിരുഹിതത്തോട് അനുരൂപരാകാനും
ഈശോ ഞങ്ങളോട് പറയുന്നതുപോലെ പ്രവർത്തിക്കാനും.
കുരിശിലൂടെ ഞങ്ങളെ
ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്കു നയിക്കുവാൻ
അവിടുന്ന് ഞങ്ങളുടെ സഹനങ്ങൾ സ്വയം ഏറ്റെടുക്കുകയും
ഞങ്ങളുടെ ദുഃഖങ്ങൾ വഹിക്കുകയും ചെയ്തുവല്ലോ. ആമേൻ.

പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. പരീക്ഷണങ്ങളിലായിരിക്കുന്ന ഞങ്ങളുടെ അപേക്ഷകൾ നിരസിക്കരുതേ; മഹത്ത്വപൂർണയും അനുഗൃഹീതയുമായ കന്യകയേ, എല്ലാ അപകടങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ.


U.S.C.C.B. അധ്യക്ഷൻ ആർച്ച്ബിഷപ് ഹോസെ എച്ച്. ഗോമെസിന്റെ പ്രാർഥന

ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകയേ,
മാലാഖമാരുടെ രാജ്ഞിയും അമേരിക്കകളുടെ മാതാവുമായവളേ.
അങ്ങയുടെ പ്രിയപ്പെട്ട മക്കളായി ഞങ്ങൾ ഇന്ന് അങ്ങയുടെ പക്കൽ അഭയം തേടുന്നു.
കാനായിലെ വിവാഹവിരുന്നിൽ ചെയ്തതുപോലെ,
അങ്ങയുടെ പുത്രനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

സ്നേഹനിധിയായ അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ,
ഞങ്ങളുടെ രാജ്യത്തിനും ലോകത്തിനും,
ഞങ്ങളുടെ എല്ലാ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും,
അങ്ങയുടെ വിശുദ്ധ മാലാഖമാരുടെ സംരക്ഷണം നേടിത്തരണമേ,
ഈ രോഗത്തിന്റെ ഏറ്റവും ഗുരുതരമായ കെടുതികളിൽനിന്ന് ഞങ്ങൾ രക്ഷപ്പെടേണ്ടതിന്.

ഇതിനകം രോഗബാധിതരായവർക്കുവേണ്ടി,
സൗഖ്യത്തിന്റെയും മോചനത്തിന്റെയും കൃപ നേടിത്തരണമേ എന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.
രോഗത്തിന് എളുപ്പം ഇരയാകാവുന്നവരുടെയും ഭയപ്പെടുന്നവരുടെയും നിലവിളികൾ കേൾക്കണമേ,
അവരുടെ കണ്ണുനീർ തുടച്ച്, വിശ്വാസത്തോടെ ആശ്രയിക്കാൻ അവരെ സഹായിക്കണമേ.

കഷ്ടതകളുടെയും പരീക്ഷണങ്ങളുടെയും ഈ കാലത്ത്,
സഭയിലെ ഞങ്ങളെല്ലാവരെയും പരസ്പരം സ്നേഹിക്കാനും ക്ഷമയും ദയയും ഉള്ളവരായിരിക്കാനും പഠിപ്പിക്കണമേ.
ഞങ്ങളുടെ നാട്ടിലേക്കും ഹൃദയങ്ങളിലേക്കും യേശുവിന്റെ സമാധാനം കൊണ്ടുവരാൻ ഞങ്ങളെ സഹായിക്കണമേ.

അങ്ങ് യഥാർഥമായും ഞങ്ങളുടെ കരുണയുള്ള അമ്മയും,
രോഗികളുടെ ആരോഗ്യവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവുമാണെന്ന് അറിഞ്ഞ്,
ഞങ്ങൾ ആത്മവിശ്വാസത്തോടെ അങ്ങയുടെ അടുക്കൽ വരുന്നു.

അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിക്കീഴിൽ ഞങ്ങൾക്ക് അഭയം നൽകണമേ,
അങ്ങയുടെ കരങ്ങളുടെ ആശ്ലേഷത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ,
അങ്ങയുടെ പുത്രനായ യേശുവിന്റെ സ്നേഹം എപ്പോഴും അറിയാൻ ഞങ്ങളെ സഹായിക്കണമേ.

ആമ്മേൻ.


ഓൺലൈനിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള മാർഗങ്ങൾ:

ദൈവകരുണയുടെ ദേശീയ തീർഥാടനകേന്ദ്രം

Relevant Radio വിശുദ്ധ കുർബാന

Catholic TV വിശുദ്ധ കുർബാന

EWTN ദൈനംദിന വിശുദ്ധ കുർബാന

അമലോത്ഭവ മാതാവിന്റെ ദേശീയ തീർഥാടനകേന്ദ്രമായ ബസിലിക്ക

Catholic Faith Network വിശുദ്ധ കുർബാനകൾ


ആത്മീയ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള പ്രാർഥന
വിശുദ്ധ അൽഫോൻസ് ലിഗോരി

എന്റെ യേശുവേ,
അങ്ങ് പരമപരിശുദ്ധ കൂദാശയിൽ സന്നിഹിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ എന്റെ ആത്മാവിൽ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ നിമിഷം കൂദാശയിലൂടെ അങ്ങയെ സ്വീകരിക്കാൻ എനിക്കു കഴിയാത്തതിനാൽ,
ആത്മീയമായെങ്കിലും എന്റെ ഹൃദയത്തിലേക്ക് വരണമേ.

അങ്ങ് ഇതിനകം എന്റെ ഹൃദയത്തിൽ സന്നിഹിതനായിരിക്കുന്നതുപോലെ ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെത്തന്നെ പൂർണമായി അങ്ങയോട് ഐക്യപ്പെടുത്തുകയും ചെയ്യുന്നു.
അങ്ങയിൽനിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.

ആമ്മേൻ.

ഇന്നത്തെ സുവിശേഷവായനകളും വിചിന്തനവും

ഐക്യദാർഢ്യത്തിന്റെ പ്രാർഥന**

രോഗങ്ങൾ ബാധിച്ച എല്ലാവർക്കും,
പരിചരണവും സൗഖ്യവും ലഭിക്കാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

പ്രത്യേകിച്ച് രോഗത്തിന് എളുപ്പം ഇരയാകാവുന്നവർക്ക്,
സുരക്ഷയും സംരക്ഷണവും ലഭിക്കാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

ഭയമോ ഉത്കണ്ഠയോ അനുഭവിക്കുന്ന എല്ലാവർക്കും,
മനസ്സിലും ആത്മാവിലും സമാധാനം ലഭിക്കാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

ഭക്ഷണത്തിനുള്ള വക കണ്ടെത്തണമോ പൊതുസുരക്ഷ പാലിക്കണമോ എന്ന ദുഷ്കരമായ തീരുമാനത്തെ അഭിമുഖീകരിക്കുന്ന ദുരിതബാധിത കുടുംബങ്ങൾക്കുവേണ്ടി,
അവരുടെ ദുരവസ്ഥ കണക്കിലെടുക്കുന്ന നയങ്ങൾ ഉണ്ടാകാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

മതിയായ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കുവേണ്ടി,
ഒരു കുടുംബവും സാമ്പത്തിക ബാധ്യതകൾ ഒറ്റയ്ക്ക് നേരിടേണ്ടിവരാതിരിക്കാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

കുടിയേറ്റപദവി മൂലം ചികിത്സ തേടാൻ ഭയപ്പെടുന്നവർക്കുവേണ്ടി,
എല്ലാവരുടെയും ദൈവദത്തമായ അന്തസ്സ് അംഗീകരിക്കപ്പെടാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

ലോകമെമ്പാടുമുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി,
പരസ്പര ഐക്യദാർഢ്യത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നു.

പൊതുഅധികാരികൾക്കും തീരുമാനങ്ങളെടുക്കുന്നവർക്കും,
ജ്ഞാനവും മാർഗനിർദേശവും ലഭിക്കാനായി ഞങ്ങൾ പ്രാർഥിക്കുന്നു.

പിതാവേ, ഈ കാലത്ത് അങ്ങയുടെ സഭ എല്ലാവർക്കും പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിരിക്കട്ടെ.
സമാധാനം നൽകണമേ.
ആശ്വാസം നൽകണമേ.
സൗഖ്യം നൽകണമേ.
കർത്താവേ, ഞങ്ങളോടുകൂടെ ഉണ്ടായിരിക്കണമേ.

ആമ്മേൻ.


വത്തിക്കാനിൽനിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ

കാണുക: vaticannews.va

വത്തിക്കാൻ യൂട്യൂബ് ചാനൽ

ഡൗൺലോഡ് ചെയ്യുക: “കഷ്ടതകളിൽ കരുത്തോടെ”
വത്തിക്കാനിൽനിന്നുള്ള പ്രാർഥനകളും ധ്യാനചിന്തകളും അടങ്ങിയ സൗജന്യ ഇ-പുസ്തകം


മേയ് മാസത്തിൽ ദിവസേനയുള്ള ജപമാലയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രണ്ടു പ്രാർഥനകളും ചൊല്ലാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നു

ഒന്നാം പ്രാർത്ഥന

ഓ മറിയമേ,

രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി
അങ്ങ് ഞങ്ങളുടെ യാത്രയിൽ നിരന്തരം പ്രകാശിക്കുന്നു.
രോഗികളുടെ ആരോഗ്യമേ, ഞങ്ങൾ ഞങ്ങളെത്തന്നെ അങ്ങയെ ഭരമേൽപ്പിക്കുന്നു;
കുരിശിൻ ചുവട്ടിൽ
അങ്ങ് ഈശോയുടെ പീഡാനുഭവത്തോടു ചേർന്നുനിന്നു,
വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

“റോമൻ ജനതയുടെ സംരക്ഷകയേ”,
അങ്ങ് ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്നു,
അങ്ങ് അവ നിറവേറ്റിത്തരുമെന്ന് ഞങ്ങൾക്കറിയാം,
അങ്ങനെ, ഗലീലിയിലെ കാനായിലെന്നപോലെ,
ഈ പരീക്ഷണകാലത്തിനു ശേഷം
സന്തോഷവും ആഘോഷവും മടങ്ങിവരട്ടെ.

ദൈവിക സ്നേഹത്തിന്റെ മാതാവേ, ഞങ്ങളെ സഹായിക്കണമേ,
പിതാവിന്റെ തിരുവിഷ്ടത്തിന് അനുരൂപരാകാനും
ഈശോ ഞങ്ങളോടു പറയുന്നതു ചെയ്യാനും.
എന്തെന്നാൽ, കുരിശിലൂടെ ഞങ്ങളെ
ഉത്ഥാനത്തിന്റെ ആനന്ദത്തിലേക്കു നയിക്കാൻ
അവിടുന്ന് ഞങ്ങളുടെ സഹനങ്ങൾ സ്വയം ഏറ്റെടുക്കുകയും
ഞങ്ങളുടെ ദുഃഖങ്ങളുടെ ഭാരം ചുമക്കുകയും ചെയ്തു.

ആമ്മേൻ.

പരിശുദ്ധ ദൈവമാതാവേ,
ഞങ്ങൾ അങ്ങയുടെ സംരക്ഷണത്തിലേക്ക് ഓടിയണയുന്നു;
ഞങ്ങളുടെ ആവശ്യനേരങ്ങളിൽ
ഞങ്ങളുടെ അപേക്ഷകളെ നിരസിക്കരുതേ,
മഹത്വപൂർണയും അനുഗൃഹീതയുമായ കന്യകയേ,
എല്ലാ ആപത്തുകളിൽനിന്നും
ഞങ്ങളെ എപ്പോഴും രക്ഷിക്കണമേ.

രണ്ടാം പ്രാർത്ഥന

“പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ അങ്ങയുടെ സംരക്ഷണത്തിലേക്ക് ഓടിയണയുന്നു”.

ലോകം മുഴുവൻ സഹനത്തിനും ഉത്കണ്ഠയ്ക്കും ഇരയായിരിക്കുന്ന ഈ ദുരന്തപൂർണമായ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ അങ്ങയുടെ പക്കലേക്ക് ഞങ്ങൾ ഓടിയണയുകയും അങ്ങയുടെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, ഈ കൊറോണവൈറസ് മഹാമാരിയുടെ നടുവിൽ അങ്ങയുടെ കരുണാർദ്രമായ കണ്ണുകൾ ഞങ്ങളിലേക്കു തിരിക്കണമേ. പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിതരായി വിലപിക്കുന്നവരെയും, ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്യുന്ന രീതി മൂലം ആഴത്തിൽ വേദനിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. രോഗികളായ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ആശങ്കപ്പെടുകയും രോഗവ്യാപനം തടയുന്നതിനായി അവരുടെ അരികിലായിരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരോടു ചേർന്നിരിക്കണമേ. ഭാവിയുടെ അനിശ്ചിതത്വവും സമ്പദ്‌വ്യവസ്ഥയിലും തൊഴിലിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും മൂലം അസ്വസ്ഥരായിരിക്കുന്നവരെ പ്രത്യാശയാൽ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ വലിയ ദുരിതം അവസാനിക്കാനും പ്രത്യാശയും സമാധാനവും പുതുതായി ഉദിക്കാനും കരുണയുടെ പിതാവായ ദൈവത്തോടു ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. രോഗികളുടെയും ഈ മഹാമാരിക്ക് ഇരയായവരുടെയും കുടുംബങ്ങൾ ആശ്വാസം പ്രാപിക്കാനും അവരുടെ ഹൃദയങ്ങൾ ധൈര്യത്തിനും വിശ്വാസത്തിനുമായി തുറക്കപ്പെടാനും കാനായിൽ ചെയ്തതുപോലെ അങ്ങയുടെ ദിവ്യപുത്രനോട് അപേക്ഷിക്കണമേ.

ഈ അടിയന്തരാവസ്ഥയിൽ മുൻനിരയിൽ പ്രവർത്തിക്കുകയും മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും സംരക്ഷിക്കണമേ. അവരുടെ ധീരമായ പരിശ്രമങ്ങൾക്ക് താങ്ങാകുകയും അവർക്ക് ശക്തിയും ഉദാരമനസ്സും തുടർന്നും നല്ല ആരോഗ്യവും നൽകുകയും ചെയ്യണമേ.

രാവും പകലും രോഗികളെ ശുശ്രൂഷിക്കുന്നവരോടും, അജപാലനപരമായ കരുതലോടെയും സുവിശേഷത്തോടുള്ള വിശ്വസ്തതയോടെയും എല്ലാവരെയും സഹായിക്കാനും താങ്ങാകാനും പരിശ്രമിക്കുന്ന വൈദികരോടും ചേർന്നിരിക്കണമേ.

ഭാഗ്യവതിയായ കന്യകാമറിയമേ, ഈ വൈറസിനെ അതിജീവിക്കാൻ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുവാൻ ശാസ്ത്രഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ മനസ്സുകളെ പ്രകാശിപ്പിക്കണമേ.

രാജ്യനേതാക്കൾക്ക് തുണയാകണമേ; ജ്ഞാനത്തോടും കരുതലോടും ഉദാരതയോടും കൂടി ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാകാത്തവരെ സഹായിക്കാനും, ദീർഘവീക്ഷണവും ഐക്യദാർഢ്യവും പ്രചോദനമാകുന്ന സാമൂഹികവും സാമ്പത്തികവുമായ പരിഹാരങ്ങൾ ആവിഷ്കരിക്കാനും അവർക്കു കഴിയട്ടെ.

പരിശുദ്ധ മറിയമേ, ഞങ്ങളുടെ മനഃസാക്ഷിയെ ഉണർത്തണമേ; ആയുധങ്ങൾ വികസിപ്പിക്കുന്നതിനും ശേഖരിച്ചുവെക്കുന്നതിനും വിനിയോഗിക്കുന്ന വൻതുകകൾ, അതിനു പകരം, ഭാവിയിൽ സമാനമായ ദുരന്തങ്ങൾ ഉണ്ടാകുന്നതു തടയാനുള്ള ഫലപ്രദമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെലവഴിക്കപ്പെടട്ടെ.

പ്രിയപ്പെട്ട അമ്മേ, ഞങ്ങളെല്ലാവരും ഒരേ വലിയ കുടുംബത്തിലെ അംഗങ്ങളാണെന്നു മനസ്സിലാക്കാനും ഞങ്ങളെ ഒന്നിപ്പിക്കുന്ന ബന്ധം തിരിച്ചറിയാനും ഞങ്ങളെ സഹായിക്കണമേ. അങ്ങനെ സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മനോഭാവത്തോടെ, ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും എണ്ണമറ്റ സാഹചര്യങ്ങളിൽ ആശ്വാസമേകാൻ ഞങ്ങൾക്കു കഴിയുമാറാകട്ടെ. വിശ്വാസത്തിൽ ശക്തരും സേവനത്തിൽ സ്ഥിരോത്സാഹമുള്ളവരും പ്രാർഥനയിൽ സ്ഥിരതയുള്ളവരുമായി ഞങ്ങളെ മാറ്റണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലായിരിക്കുന്ന അങ്ങയുടെ എല്ലാ മക്കളെയും ആശ്ലേഷിക്കണമേ. ജീവിതം വീണ്ടും ശാന്തമായി അതിന്റെ സാധാരണ ഗതിയിലേക്കു മടങ്ങേണ്ടതിന്, ദൈവം തന്റെ സർവശക്തമായ കരം നീട്ടി ഈ ഭയാനകമായ മഹാമാരിയിൽനിന്ന് ഞങ്ങളെ മോചിപ്പിക്കാനായി പ്രാർഥിക്കണമേ.

ഞങ്ങളുടെ യാത്രയിൽ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി പ്രകാശിക്കുന്ന അങ്ങയിൽ ഞങ്ങളെത്തന്നെ ഭരമേൽപ്പിക്കുന്നു. കരുണയും സ്നേഹവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ. ആമ്മേൻ.


യാചനാലുത്തിനിയ

കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

ഈ വിശുദ്ധ കൂദാശയിൽ യഥാർഥമായി സന്നിഹിതനായിരിക്കുന്ന സത്യദൈവവും സത്യമനുഷ്യനുമായവനേ.
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുകൂടെയുള്ള ദൈവവും വിശ്വസ്തനും കരുണാസമ്പന്നനുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
സൃഷ്ടിയുടെയും ചരിത്രത്തിന്റെയും രാജാവും കർത്താവുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
പാപത്തെയും മരണത്തെയും ജയിച്ചവനേ
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു
മനുഷ്യകുലത്തിന്റെ സ്നേഹിതനും ഉത്ഥിതനും പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ജീവിക്കുന്നവനുമായവനേ.
     കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു

ഞങ്ങളുടെ രക്ഷയ്ക്കായി സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന പിതാവിന്റെ ഏകജാതനായ പുത്രനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
ഞങ്ങളുടെ ദുരിതത്തിലേക്കു കുനിഞ്ഞിറങ്ങുന്ന സ്വർഗീയ വൈദ്യനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
വധിക്കപ്പെട്ടവനും തിന്മയിൽനിന്ന് ഞങ്ങളെ വീണ്ടെടുക്കാൻ അങ്ങയെത്തന്നെ സമർപ്പിക്കുന്നവനുമായ കുഞ്ഞാടേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
അങ്ങ് സ്നേഹിക്കുന്ന അജഗണത്തിനുവേണ്ടി സ്വന്തം ജീവൻ നൽകുന്ന നല്ല ഇടയനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു
ഞങ്ങൾക്ക് നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പവും അമർത്യതയുടെ ഔഷധവുമായവനേ
     കർത്താവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു

കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ

സാത്താന്റെ ശക്തിയിൽനിന്നും ലോകത്തിന്റെ പ്രലോഭനങ്ങളിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
അങ്ങയെക്കൂടാതെ എന്തും ചെയ്യാൻ കഴിയുമെന്ന അഹങ്കാരത്തിൽനിന്നും അമിതവിശ്വാസത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
ഭയത്തിന്റെയും ഉത്കണ്ഠയുടെയും വഞ്ചനകളിൽനിന്ന്
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
അവിശ്വാസത്തിൽനിന്നും നിരാശയിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ
ഹൃദയകാഠിന്യത്തിൽനിന്നും സ്നേഹിക്കാനുള്ള കഴിവില്ലായ്മയിൽനിന്നും
     കർത്താവേ, ഞങ്ങളെ മോചിപ്പിക്കണമേ

കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ

മനുഷ്യകുലത്തെ പീഡിപ്പിക്കുന്ന സകല തിന്മകളിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വിശപ്പിൽനിന്നും ക്ഷാമത്തിൽനിന്നും സ്വാർഥതയിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും ഞങ്ങളുടെ സഹോദരീസഹോദരന്മാരോടുള്ള ഭയത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വിനാശകരമായ ഉന്മാദത്തിൽനിന്നും നിഷ്ഠുരമായ താൽപ്പര്യങ്ങളിൽനിന്നും അക്രമത്തിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ
വഞ്ചിക്കപ്പെടുന്നതിൽനിന്നും വ്യാജവിവരങ്ങളിൽനിന്നും മനസ്സാക്ഷികളെ കൃത്രിമമായി സ്വാധീനിക്കുന്നതിൽനിന്നും
     കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ

കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ

മരുഭൂമിയിലൂടെ കടന്നുപോകുന്ന അങ്ങയുടെ സഭയെ സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
ഭയവും വ്യഥയും മൂലം പരിഭ്രാന്തരായിരിക്കുന്ന മനുഷ്യകുലത്തെ സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
ഏകാന്തതയാൽ ഞെരുങ്ങുന്ന രോഗികളെയും മരണാസന്നരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാൽ തളർന്നിരിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപരിചരണ പ്രവർത്തകരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ
തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ഭാരം വഹിക്കുന്ന രാഷ്ട്രീയപ്രവർത്തകരെയും തീരുമാനമെടുക്കുന്നവരെയും സംരക്ഷിക്കണമേ
     കർത്താവേ, ഞങ്ങളെ ആശ്വസിപ്പിക്കണമേ

കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ

പരീക്ഷണത്തിന്റെ വേളയിലും ആശയക്കുഴപ്പത്തിൽനിന്നും
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
പ്രലോഭനത്തിലും ഞങ്ങളുടെ ദുർബലതയിലും
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
തിന്മയ്ക്കും പാപത്തിനും എതിരായ പോരാട്ടത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
യഥാർഥ നന്മയ്ക്കും യഥാർഥ സന്തോഷത്തിനുമായുള്ള അന്വേഷണത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ
അങ്ങയിലും അങ്ങയുടെ സൗഹൃദത്തിലും നിലനിൽക്കാനുള്ള തീരുമാനത്തിൽ
     കർത്താവേ, അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കു നൽകണമേ

കർത്താവേ, പ്രത്യാശയ്ക്കായി ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ

പാപം ഞങ്ങളെ ഞെരുക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
വിദ്വേഷം ഞങ്ങളുടെ ഹൃദയങ്ങളെ അടയ്ക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
ദുഃഖം ഞങ്ങളെ തേടിയെത്തുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
നിസ്സംഗത ഞങ്ങളെ വേദനിപ്പിക്കുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ
മരണം ഞങ്ങളെ തളർത്തുമ്പോൾ
     കർത്താവേ, പ്രത്യാശയിലേക്ക് ഞങ്ങളെ തുറക്കണമേ

കോവിഡ്-19 പകർച്ചവ്യാധിക്കാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഒരു പ്രാർഥനാശുശ്രൂഷയിൽ ഈ മനോഹരമായ പ്രാർഥന ഉപയോഗിച്ചിരുന്നു. ഇത് ലഭ്യമാക്കിയിരിക്കുന്നത്:

https://www.vaticannews.va/en/pope/news/2020-03/litany-supplication-urbi-et-orbi-pope-francis.html


വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ ചൊല്ലിയ പ്രാർഥനയാണ് താഴെ കൊടുത്തിരിക്കുന്നത്

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർഥന

കാത്തുരക്ഷിക്കണമേ, പരിശുദ്ധ സംരക്ഷകനേ, ഞങ്ങളുടെ ഈ രാജ്യത്തെ.

പ്രകാശം നൽകണമേ പൊതുനന്മയുടെ ഉത്തരവാദിത്വം വഹിക്കുന്നവർക്ക്; തങ്ങളുടെ ഉത്തരവാദിത്വത്തിൽ ഏല്പിക്കപ്പെട്ടവരെ അങ്ങയെപ്പോലെ പരിപാലിക്കാൻ അവർ അറിയേണ്ടതിനുതന്നെ.

നൽകണമേ തങ്ങളുടെ സഹോദരീസഹോദരന്മാരുടെ ആരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും ഉതകുന്ന മാർഗങ്ങൾ തേടുന്നവർക്ക് അറിവും വിവേകവും.

താങ്ങിനിർത്തണമേ സ്വന്തം സുരക്ഷപോലും ത്യജിച്ച് സഹായം ആവശ്യമുള്ളവർക്കായി സ്വയം സമർപ്പിക്കുന്നവരെ: രോഗികളെ സുഖപ്പെടുത്തുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന സന്നദ്ധസേവകരെയും നഴ്‌സുമാരെയും ഡോക്ടർമാരെയും.

ആശീർവദിക്കണമേ, വിശുദ്ധ യൗസേപ്പിതാവേ, തിരുസഭയെ: അവളുടെ ശുശ്രൂഷകരിൽ തുടങ്ങി, അവളെ അങ്ങയുടെ പ്രകാശത്തിന്റെയും നന്മയുടെയും അടയാളവും ഉപകരണവുമാക്കണമേ.

കൂടെ നടക്കണമേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളോടൊപ്പം: അങ്ങയുടെ പ്രാർഥനാപൂർണമായ നിശ്ശബ്ദതയാൽ മാതാപിതാക്കളും മക്കളും തമ്മിൽ, പ്രത്യേകിച്ച് ഏറ്റവും ഇളയവരുമായി, ഐക്യം വളർത്തണമേ.

കാത്തുപരിപാലിക്കണമേ വയോധികരെ ഏകാന്തതയിൽനിന്ന്: ഉപേക്ഷിക്കപ്പെടുന്നതിനാലും നിരുത്സാഹത്താലും ആരും നിരാശയിൽ കഴിയാൻ ഇടയാകരുതേ.

ആശ്വസിപ്പിക്കണമേ ഏറ്റവും ദുർബലരായവരെ; പതറുന്നവർക്ക് ധൈര്യം നൽകണമേ; ദരിദ്രർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ.

കന്യകാമാതാവിനോടൊപ്പം, എല്ലാ വിധത്തിലുമുള്ള മഹാമാരികളിൽനിന്ന് ലോകത്തെ മോചിപ്പിക്കാൻ കർത്താവിനോട് യാചിക്കണമേ.

ആമ്മേൻ.

vaticannews.va


മറ്റ് സഹായവിഭവങ്ങൾ

പ്രത്യേക ദണ്ഡവിമോചനം അനുവദിച്ചു…

ഏറ്റവും പുതിയ കത്തോലിക്കാ വാർത്തകൾ

Formed: ഓൺലൈനിൽ സൗജന്യമായി പരീക്ഷിച്ചുനോക്കാം
മികച്ച കത്തോലിക്കാ സിനിമകളും മാധ്യമവിഭവങ്ങളും

ഡോ. സ്കോട്ട് ഹാൻ: സമ്പർക്കവിലക്കുകാലത്തെ വിഭവകേന്ദ്രം
സൗജന്യ പഠനവീഡിയോകളും & സഹായവിഭവങ്ങളും

Magnificat: ഇംഗ്ലീഷ് | സ്പാനിഷ്
വിശുദ്ധ കുർബാനയിലെ വായനകൾ ഓൺലൈനിൽ സൗജന്യമായി വായിക്കാനുള്ള സൗകര്യം

The Word Among Us: ഇംഗ്ലീഷ്| സ്പാനിഷ്
വിശുദ്ധ കുർബാനയിലെ വായനകളും ധ്യാനവും

അനുദിന ധ്യാനചിന്തകൾ

ഇമെയിലിലൂടെ പ്രതിദിന ധ്യാനചിന്തകൾ

My Catholic Life! മൊബൈൽ ആപ്പ്


“ഒന്നും നിന്നെ അസ്വസ്ഥമാക്കാതിരിക്കട്ടെ,
ഒന്നും നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ,
എല്ലാം കടന്നുപോകുന്നു,
ദൈവം മാറ്റമില്ലാത്തവനാണ്.

ക്ഷമ എല്ലാം നേടിത്തരുന്നു;
ദൈവമുള്ളവർക്ക് ഒന്നിനും കുറവില്ല:
ദൈവം മാത്രം മതി.”

ആവിലായിലെ വിശുദ്ധ ത്രേസ്യ


* “കൊറോണവൈറസ് മഹാമാരിയെ നേരിടാനുള്ള പ്രാർഥന.” രചനയുടെ കടപ്പാട്:  ഈ മൗലിക പ്രാർഥന രചിച്ചത് My Catholic Life! Inc. പകർപ്പവകാശം © 2020. യാതൊരു നിയന്ത്രണവുമില്ലാതെ പൂർണമായോ ഭാഗികമായോ പുനഃപ്രസിദ്ധീകരിക്കാം. രചനയുടെ കടപ്പാട് രേഖപ്പെടുത്തേണ്ടതില്ല.
** “കോവിഡ്-19: ഐക്യദാർഢ്യത്തിന്റെ പ്രാർഥന,” രചനയുടെ കടപ്പാട്: പകർപ്പവകാശം © 2020, യുണൈറ്റഡ് സ്റ്റേറ്റ്സ് കത്തോലിക്കാ മെത്രാൻ സമിതി. എല്ലാ അവകാശങ്ങളും സംരക്ഷിതം. ലാഭേച്ഛയില്ലാത്ത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഈ പാഠം മാറ്റങ്ങളൊന്നും വരുത്താതെ പൂർണമായോ ഭാഗികമായോ പുനഃപ്രസിദ്ധീകരിക്കാം; എന്നാൽ അത്തരം പുനഃപ്രസിദ്ധീകരണങ്ങൾ വിൽക്കാൻ പാടില്ല, ഈ അറിയിപ്പ് അവയിൽ ഉൾപ്പെടുത്തുകയും വേണം.