
ധന്യ പോളിൻ മാരി ജാരിക്കോയുടെ പ്രാർഥന
എന്റെ പ്രത്യാശ യേശുവിലാണ്; എന്റെ ഏക നിധി കുരിശാണ്…ഞാൻ എല്ലായ്പ്പോഴും കർത്താവിനെ വാഴ്ത്തും; അവിടുത്തെ സ്തുതി സദാ എന്റെ നാവിലുണ്ടായിരിക്കും. എന്റെ ദൈവത്തിന്റെ തിരുഹിതത്തെ ഞാൻ ആരാധിക്കുന്നു.
പ്രിയപ്പെട്ടതും സ്നേഹാർഹവുമായ ദൈവതിരുഹിതമേ, എന്റെ എല്ലാ ഭൗതിക സമ്പത്തുകളും സൽപ്പേരും ബഹുമാനവും ആരോഗ്യവും ജീവനും നീ എന്നിൽനിന്ന് എടുത്തുകളഞ്ഞാലും എനിക്കെന്ത്? നീ എന്നെ അപമാനങ്ങളുടെ ആഴത്തിലേക്ക് ഇറക്കിയാലും എനിക്കെന്ത്? നിന്റെ സ്വർഗീയ സ്നേഹത്തിന്റെ മറഞ്ഞിരിക്കുന്ന അഗ്നി ഞാൻ കണ്ടെത്തുന്നുവെങ്കിൽ, ഇതൊക്കെ എനിക്കെന്ത്? നിനക്കുവേണ്ടിയും എന്റെ സഹജീവികൾക്കുവേണ്ടിയും മരിക്കാൻ കഴിഞ്ഞാൽ ഞാൻ എത്ര സന്തുഷ്ടയായിരിക്കും.
പുരോഹിതനും ബലിവസ്തുവുമായ യേശുവേ, എന്റെ ജീവിതബലിയും ഞാൻ വഹിക്കുന്ന കുരിശും എനിക്കുവേണ്ടി ചിന്തിയ അങ്ങയുടെ രക്തത്തോടു ഞാൻ ചേർത്തുവയ്ക്കുന്നു. അങ്ങയുടെ തിരുമുറിവുകളിൽ ഞാൻ അഭയം തേടുന്നു; എല്ലാ ശക്തിയും അങ്ങയിൽനിന്നു ഞാൻ പ്രതീക്ഷിക്കുന്നു. കർത്താവേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു. അങ്ങയുടെ കൂടുതൽ മഹത്ത്വത്തിനായി എല്ലാം ചെയ്യണമെന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അന്തിമ നിമിഷം വന്നെത്തുമ്പോൾ ഞാൻ ആശ്രയിക്കുന്നത് എന്റെ സ്വന്തം ശക്തിയിലല്ല, അങ്ങയുടെ ശക്തിയിലാണ്. അങ്ങയുടെ കരുണയിൽ ഞാൻ എന്റെ പ്രത്യാശ അർപ്പിച്ചിരിക്കുന്നു. മരിക്കുമ്പോഴും ഞാൻ കടപ്പെട്ടിരുന്നേക്കാവുന്ന എല്ലാവരെയും അങ്ങേക്കു ഞാൻ ഭരമേൽപ്പിക്കുന്നു. അവർക്കുവേണ്ടി എന്റെ ജീവനും രക്തവും നൽകിയശേഷം, എന്റെ മരണാനന്തരം എന്റെ സുഹൃത്തുക്കൾ എന്റെ കടങ്ങൾ വീട്ടണമേ എന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു.
ആമ്മേൻ.
