കുറിപ്പ്: ഈ ധ്യാനംകൊണ്ടുമാത്രം വിശുദ്ധ മണിക്കൂർ മുഴുവൻ ചെലവഴിക്കാനാകും. വിശുദ്ധ ഇഗ്നേഷ്യസിന്റെ സവിശേഷമായ ഒരു ധ്യാനമാണിത്. യേശുവിന്റെ ബാല്യത്തെയും മറഞ്ഞ ജീവിതത്തെയും കുറിച്ചുള്ള ധ്യാനങ്ങളുടെ അവസാനത്തിൽ, “മൂന്നു വിഭാഗം മനുഷ്യർ” എന്ന അടുത്ത വിചിന്തനത്തോടൊപ്പം അദ്ദേഹം ഇത് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ രണ്ടു വിചിന്തനങ്ങൾക്കുശേഷം നിങ്ങൾ യേശുവിന്റെ പരസ്യശുശ്രൂഷയെക്കുറിച്ച് ധ്യാനിക്കാൻ തുടങ്ങും.
ലൂസിഫറിന്റെ പതാക: ആദ്യം, നിങ്ങളുടെ ഭാവനയിൽ ദുഷ്ടന്റെ ഭീകരവും ഭയാനകവുമായ രാജ്യം കാണാൻ ശ്രമിക്കുക. വിശാലമായി പരന്നുകിടക്കുന്ന ബാബിലോണിന്റെ സമതലമാണ് (നരകം) ആ സ്ഥലമെന്ന് സങ്കൽപ്പിക്കുക. ഭയപ്പെടുത്താനും തന്റെ അധികാരം അടിച്ചേൽപ്പിക്കാനുമായി സാത്താൻ അഹങ്കാരത്തോടെ അഗ്നിയും പുകയും നിറഞ്ഞ ഒരു ഉയർന്ന സിംഹാസനത്തിൽ ഇരിക്കുന്നു. പ്രതീകാത്മകമായ ദൃശ്യങ്ങൾ ഉപയോഗിച്ച് ചിന്തിക്കുമ്പോൾ, ഈ സ്ഥലം എങ്ങനെ കാണപ്പെടുന്നു? അവിടത്തെ ശബ്ദങ്ങളും ഗന്ധവും അനുഭവവും എങ്ങനെയായിരിക്കും? (നിശ്ശബ്ദ വിചിന്തനം)
ദുഷ്ടൻ തന്റെ അനേകം പിശാചുക്കളെ സിംഹാസനത്തിനരികിലേക്കു വിളിച്ചുകൂട്ടുന്നതും ലോകമെങ്ങും, ഓരോ വ്യക്തിയുടെയും ഓരോ സ്ഥലത്തിന്റെയും അടുത്തേക്ക് അവരെ അയയ്ക്കുന്നതും സങ്കൽപ്പിക്കുക. മരണവും നാശവും വിതയ്ക്കാനുള്ള ദൗത്യവുമായി പുറപ്പെടുന്ന ഈ പൈശാചിക ജീവികളുടെ വൻസൈന്യത്തെ സങ്കൽപ്പിക്കുക. (ഹ്രസ്വമായ നിശ്ശബ്ദ വിചിന്തനം)
എന്താണ് അവരുടെ ദൗത്യം? ദൈവജനത്തിനായി കെണികൾ ഒരുക്കുകയും അവരെ അവരുടെ പാപങ്ങളിൽ തടവിലാക്കുകയും ചെയ്യുക. ഈ പൈശാചിക ആത്മാക്കൾ നന്നായി സംഘടിതരും മനുഷ്യവംശത്തെ വഞ്ചിക്കാൻ പൂർണമായി പ്രതിജ്ഞാബദ്ധരുമാണ്. അവർ പദ്ധതികളിടുകയും ഗൂഢാലോചന നടത്തുകയും ഒരുക്കങ്ങൾ നടത്തുകയും തന്ത്രങ്ങൾ മെനയുകയും തങ്ങളുടെ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. തുടക്കത്തിൽ മൂന്നു വിധത്തിൽ ദൈവജനത്തെ പ്രലോഭിപ്പിക്കാൻ സാത്താൻ തന്റെ പിശാചുക്കൾക്ക് നിർദേശം നൽകുന്നുവെന്ന് വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നു:
ആദ്യം അവരുടെ ഹൃദയത്തിൽ സമ്പത്തിനോടുള്ള മോഹം ഉളവാക്കുക.
പൊങ്ങച്ചവും ബഹുമതികളും ലൗകിക അംഗീകാരവും തേടാൻ പ്രേരിപ്പിക്കുക.
അവരുടെ അഹങ്കാരം പെരുപ്പിക്കുക.
നിങ്ങളുടെ ജീവിതത്തിലെ ഈ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് അല്പനേരം ചിന്തിക്കുക. ഈ നുണകളെ നിങ്ങൾ വിശ്വസിച്ചുപോയിട്ടുണ്ടോ? (നിശ്ശബ്ദ വിചിന്തനം)
സമ്പത്തിനോടുള്ള സ്നേഹത്തിലേക്കും പൊങ്ങച്ചത്തിലേക്കും സ്വയം കേന്ദ്രീകൃതമായ അഹങ്കാരത്തിലേക്കും ദുഷ്ടൻ ഒരാളെ വശീകരിച്ചുകഴിഞ്ഞാൽ, മറ്റെല്ലാത്തരം ദുഷിച്ച വഞ്ചനകളിലേക്കും വലിച്ചിഴയ്ക്കപ്പെടാൻ അയാൾ വഴങ്ങുന്ന അവസ്ഥയിലാകും. തുടക്കത്തിലുള്ള ഈ മൂന്നു പ്രലോഭനങ്ങളിൽനിന്നാണ് മറ്റെല്ലാ തിന്മകളും ഒഴുകിവരുന്നത്. നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഈ പോരാട്ടങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുക.
ക്രിസ്തുവിന്റെ പതാക: ദുഷ്ടനിൽനിന്നു വ്യത്യസ്തമായി, ജറുസലെമിനടുത്തുള്ള എളിയതും താഴ്ന്നതുമായ ഒരു സമതലത്തിലാണ് ക്രിസ്തുവിനെ കാണുന്നത്. ജനക്കൂട്ടങ്ങൾക്കു നടുവിൽ അവിടുന്ന് നിൽക്കുന്നു. മനോഹരവും സമാധാനപൂർണവുമായ സ്ഥലമാണത്. വിശ്വസ്തരായ അനുയായികളുടെ ഒരു സമൂഹം അവിടുത്തെ ചുറ്റിനിൽക്കുന്ന ആ രംഗം സങ്കൽപ്പിക്കുക. (നിശ്ശബ്ദ വിചിന്തനം)
തന്റെ ദൈവിക ദൗത്യത്തിൽ പങ്കുചേരാനായി യേശു ഓരോരുത്തരെയായി തിരഞ്ഞെടുക്കുന്നു. സൗമ്യതയോടും ആന്തരിക ശക്തിയോടും അധികാരത്തോടുംകൂടെ അവിടുന്ന് അവരെ തന്റെ അടുക്കലേക്കു വിളിക്കുന്നു. തുടർന്ന് അവരെ ഒരു ദൗത്യത്തിനായി അയയ്ക്കുന്നു. അവരിൽ ഓരോരുത്തരും ക്രിസ്തുവിന്റെ വിളി തിരിച്ചറിഞ്ഞിരിക്കുന്നു; അവിടുത്തെ കൃപയുടെ ആന്തരിക സമ്പത്ത് കണ്ടെത്തിയിരിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളോടെ, അവിടുത്തെ കരുണയും സത്യവും സന്തോഷത്തോടെ പ്രചരിപ്പിക്കാൻ അവർ ഉത്സാഹത്തോടെ പുറപ്പെടുന്നു. മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാനായി അവർ ഭൂമിയുടെ എല്ലാ കോണുകളിലേക്കും പോകുന്നു.
അവരെ അയയ്ക്കുമ്പോൾ, അവരെ പഠിപ്പിക്കാനും ഒരുക്കാനും യേശു ധാരാളം സമയം ചെലവഴിക്കുന്നു. ഹൃദയത്തിന്റെ ആഴത്തിൽനിന്നുള്ള തന്റെ ഏറ്റവും ശക്തമായ പ്രബോധനങ്ങൾ അവിടുന്ന് നൽകുന്നു; ഉപമകളിലൂടെ പഠിപ്പിക്കുകയും അവരുടെ ഹൃദയങ്ങളെയും മനസ്സുകളെയും സ്വന്തമാക്കുകയും ചെയ്യുന്നു. തുടർന്ന് പുറപ്പെട്ടുപോയി പ്രസംഗിക്കാൻ അവിടുന്ന് അവരോടു നിർദേശിക്കുന്നു. അവിടുത്തെ സന്ദേശത്തിന്റെ ലാളിത്യത്തിലേക്കും ശക്തിയിലേക്കും ജനങ്ങളെ ആകർഷിച്ച് അവരെ അടുപ്പിക്കണം. അവർ പ്രസംഗിക്കേണ്ടതും നേരിടേണ്ടതും ഇവയാണ്. ആ രംഗത്തെയും താഴെക്കൊടുത്തിരിക്കുന്ന ഓരോ സന്ദേശത്തെയും കുറിച്ച് ചിന്തിക്കുക:
- അവർ ദാരിദ്ര്യത്തെക്കുറിച്ചു പ്രസംഗിക്കണം—ആന്തരികമായ ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചും, ക്രിസ്തുവിനുവേണ്ടി എല്ലാം ഉപേക്ഷിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ചുപോലും.
- ചിലർ അവരെ നിരസിക്കുന്നെങ്കിൽ, അവർ സന്തോഷിക്കണം; ആളുകൾ അവരെയും അവരുടെ സന്ദേശത്തെയും അവജ്ഞയോടെ കണ്ടാലും അവർ ധൈര്യം കൈവിടരുത്.
- അവർ വിനയമുള്ളവരായിരിക്കുകയും ഏതു അപമാനവും സ്നേഹത്തോടെ സ്വീകരിക്കുകയും വേണം.
ഇപ്രകാരം അയയ്ക്കപ്പെടുന്നതിലൂടെ, ദുഷ്ടന്റെ നുണകളെ ചെറുത്തുനിൽക്കാൻ അവർ സജ്ജരാകുന്നു. ധനത്തോടുള്ള സ്നേഹത്തെ ചെറുക്കാൻ അവർ ദാരിദ്ര്യം പ്രസംഗിക്കുന്നു; ലൗകിക പദവിക്കായുള്ള ആഗ്രഹത്തെ ചെറുക്കാൻ അവർ തിരസ്കരണം സഹിക്കുന്നു; തങ്ങൾ നീതിമാന്മാരാണെന്ന അഹങ്കാരത്തിന്റെ തിന്മയെ ചെറുക്കാൻ അവർ വിനയം പ്രസംഗിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നു.
വിചിന്തനം: ഏതു സന്ദേശമാണ് നിങ്ങളെ കൂടുതൽ ആകർഷിക്കുന്നത്? ഏതു രാജ്യത്തിന്റെ ഭാഗമാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത് ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. കാരണം, സത്യസന്ധമായി പരിശോധിച്ചാൽ, രാജാവായ ക്രിസ്തുവിന്റെ സന്ദേശത്തെക്കാൾ ദുഷ്ടന്റെയും അവന്റെ പിശാചുക്കളുടെയും സന്ദേശമാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് പലരും കണ്ടെത്തും. യേശു ദാരിദ്ര്യവും തിരസ്കരണവും വിനയവും പ്രസംഗിക്കുന്നു. സാത്താൻ സമ്പത്തും ബഹുമതികളും അഹങ്കാരവും പ്രസംഗിക്കുന്നു. ശക്തമായ ഈ വൈരുധ്യത്തെക്കുറിച്ച് ശാന്തമായി ചിന്തിക്കുക. ഏതാണ് നിങ്ങളെ കൂടുതൽ ആകർഷിക്കുന്നതെന്ന് സത്യസന്ധമായി വിലയിരുത്തുക. ക്രിസ്തുവിനുവേണ്ടി ദാരിദ്ര്യവും തിരസ്കരണവും അപമാനംപോലും സ്വീകരിക്കുന്നതിലെ സമ്പന്നതയ്ക്ക് നിങ്ങളെത്തന്നെ സമർപ്പിക്കുക.
നിങ്ങളുടെ സ്വന്തം ജീവിതവും ആഗ്രഹങ്ങളും തിരഞ്ഞെടുപ്പുകളും പ്രവൃത്തികളും പരിശോധിക്കുമ്പോൾ, താഴെക്കൊടുത്തിരിക്കുന്ന വൈരുധ്യത്തെക്കുറിച്ചു ചിന്തിക്കാൻ ഗണ്യമായ സമയം ചെലവഴിക്കുക.
ഈ വൈരുധ്യം പരിശോധിക്കാം:
സാത്താന്റെ രാജ്യം
ഭൗമിക സമ്പത്ത്
ലൗകിക ബഹുമതികൾ
അഹങ്കാരം
തുടർന്നുവരുന്ന മറ്റെല്ലാ ദുർഗുണങ്ങളും
+++
ക്രിസ്തുവിന്റെ രാജ്യം
കൃപയുടെ സമ്പത്ത്
പുണ്യത്തിന്റെ മറഞ്ഞിരിക്കുന്ന മഹത്വം
വിനയം
തുടർന്നുവരുന്ന മറ്റെല്ലാ പുണ്യങ്ങളും
ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും തിരഞ്ഞെടുക്കുന്നതിന് സമൂലമായ സമർപ്പണം ആവശ്യമാണ്. അവിടുത്തെ രാജ്യത്തിന്റെ ഫലങ്ങൾ സാത്താന്റെ രാജ്യത്തിന്റെ ഫലങ്ങളെക്കാൾ ഏറെ ശ്രേഷ്ഠമാണെന്ന് അറിയാനും വിശ്വസിക്കാനും ആഴമായ വിശ്വാസം വേണം. ബൗദ്ധികതലത്തിൽ ഇത് വിശ്വസിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കാം. എന്നാൽ സാത്താന്റെ രാജ്യത്തിനു പകരം ക്രിസ്തുവിന്റെ രാജ്യം സ്വന്തം ഇച്ഛാശക്തിയോടെയും, ആത്യന്തികമായി ആത്മാവിലെ എല്ലാ വികാരങ്ങളോടെയും തിരഞ്ഞെടുക്കുന്നതിന് ആഴമുള്ളതും ഉറച്ചതും ദുഷ്ടന്റെ പ്രലോഭനങ്ങൾക്ക് ഇളക്കാനാവാത്തതുമായ വിശ്വാസം ആവശ്യമാണ്. വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയ പ്രബോധനത്തിൽ ഈ ധ്യാനത്തിന് കേന്ദ്രസ്ഥാനമുണ്ട്; അതിനായി ധാരാളം സമയം നീക്കിവയ്ക്കണം. പ്രയാസമാണെങ്കിലും, ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും ഇപ്പോൾത്തന്നെ തിരഞ്ഞെടുത്തുതുടങ്ങുക. കാലക്രമേണ ഈ തിരഞ്ഞെടുപ്പ് നിങ്ങളുടെ പ്രവൃത്തികളിലും ആഗ്രഹങ്ങളിൽപ്പോലും പ്രതിഫലിക്കാൻ ഇടയാകണമെന്നു പ്രാർഥിക്കുക.
മുഖ്യചിത്രം: ഫെലിക്സ് ജോസഫ് ബാരിയാസ് – പിശാച് ക്രിസ്തുവിനെ പ്രലോഭിപ്പിക്കുന്നത്
ആണ്ടുവട്ടക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം
- കർത്താവിന്റെ ജ്ഞാനസ്നാനം
- രണ്ടു പതാകകൾ
- മൂന്നു വിഭാഗം മനുഷ്യർ
- പ്രലോഭനം
- അപ്പസ്തോലന്മാരുടെ വിളി
- കാനായിലെ വിവാഹം
- ദേവാലയശുദ്ധീകരണം
- ഗിരിപ്രഭാഷണം
- കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
- വെള്ളത്തിന്മേൽ നടക്കുന്നു
- അപ്പസ്തോലന്മാർ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ടു
- മഗ്ദലനമറിയത്തിന്റെ മാനസാന്തരം
- ക്രിസ്തു അയ്യായിരം പേരെ എങ്ങനെ ഭക്ഷിപ്പിച്ചു
- ക്രിസ്തുവിന്റെ രൂപാന്തരീകരണം
- ലാസറിന്റെ പുനരുത്ഥാനം
- ബഥാനിയായിലെ അത്താഴം
- എളിമയുടെ മൂന്നു വഴികൾ
