കുറിപ്പ്: നിങ്ങളുടെ പ്രാർത്ഥന തിരുവചനത്തിൽത്തന്നെ കൂടുതൽ കേന്ദ്രീകൃതമാകാൻ സഹായിക്കുന്നതിനായി, ഇനി മുതൽ ധ്യാനങ്ങളുടെ ആരംഭത്തിൽത്തന്നെ തിരുവചനം നൽകും. തിരുവചനവായന മാത്രം നിങ്ങളെ പ്രാർത്ഥനാപൂർവമായ ധ്യാനത്തിലേക്കു നയിക്കാൻ പര്യാപ്തമാണെങ്കിൽ, തുടർന്നു നൽകുന്ന പശ്ചാത്തലവിവരങ്ങളോ ചിന്താവിഷയങ്ങളോ ഉപയോഗിക്കേണ്ടതില്ല. എന്നാൽ, ഈ അധിക മാർഗനിർദേശം പ്രയോജനപ്പെടുന്നവർക്കായി പശ്ചാത്തലവിവരങ്ങളും ചിന്താവിഷയങ്ങളും തുടർന്നും നൽകുന്നതാണ്.
തിരുവചനവായന: യോഹന്നാൻ 2:1–12
പശ്ചാത്തലം: മുകളിൽ നൽകിയിരിക്കുന്ന തിരുവചനം ഒരു തവണയെങ്കിലും വായിച്ചതിനുശേഷം, കാനായിലെ വിവാഹവിരുന്നിനെക്കുറിച്ച് സംക്ഷിപ്തവും എന്നാൽ വിശദവുമായ പ്രബോധനം നൽകുന്ന താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക:
- “…യേശുവും ക്ഷണിക്കപ്പെട്ടിരുന്നു…” എന്നത്, അവിടുത്തെ അമ്മ അവിടെ ഉണ്ടായിരുന്നതിനാലാണ് അവിടുന്നും ക്ഷണിക്കപ്പെട്ടത് എന്നു സൂചിപ്പിക്കുന്നു.
- യോഹന്നാന്റെ സുവിശേഷത്തിൽ “യേശുവിന്റെ അമ്മ” എന്ന പരാമർശം രണ്ടു തവണ മാത്രമേ വരുന്നുള്ളൂ: ഈ ഭാഗത്തും കുരിശിൻചുവട്ടിലും (യോഹന്നാൻ 19:25-27). ഇങ്ങനെ യോഹന്നാൻ ഈ രണ്ടു രംഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. ഈ രണ്ടു രംഗങ്ങളിലും മറിയം അമ്മയെന്ന ദൗത്യം സവിശേഷമായ വിധത്തിൽ നിറവേറ്റുന്നു.
- “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞുകൊണ്ട് മറിയം ആ വിഷമസ്ഥിതി യേശുവിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. അതായിരുന്നു അമ്മയുടെ മധ്യസ്ഥത. നാണക്കേടുണ്ടാക്കുന്ന ഈ ചെറിയ സാഹചര്യം അമ്മ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു.
- ഒരു അത്ഭുതം പ്രവർത്തിക്കാൻ യേശു ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, തന്റെ അമ്മയുടെ മധ്യസ്ഥതയ്ക്ക് അവിടുന്ന് ഉദാരമായി പ്രത്യുത്തരം നൽകുന്നു.
- യേശു തന്റെ അമ്മയെ “സ്ത്രീയേ” എന്നു വിളിക്കുന്നു; ഇത് ആദരവിന്റെ അടയാളമാണ്. കുരിശിൽനിന്നും യേശു ഇതേ വാക്ക് ഉപയോഗിക്കുന്നു (യോഹന്നാൻ 19:26).
- യേശു തന്റെ “സമയം” എന്നതിനെക്കുറിച്ചു സംസാരിക്കുന്നു; അത് അവിടുത്തെ പീഡാനുഭവത്തെയും മരണത്തെയും സൂചിപ്പിക്കുന്നു. അങ്ങനെ ഈ ആദ്യത്തെ അത്ഭുതംപോലും ആ “സമയ”ത്തിലേക്കു വിരൽചൂണ്ടുന്നു.
- “അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുവിൻ.” യേശുവിന്റെ അമ്മ പറഞ്ഞ ഈ വാക്കുകൾ ഒരാൾക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഉപദേശമാണ്; ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇത് പ്രാവർത്തികമാക്കണം.
- ഈ അത്ഭുതത്തിലൂടെ ഏറ്റവും മേന്മയേറിയ വീഞ്ഞ് 180 ഗാലനോളം ലഭിച്ചു. എത്ര വലിയ സമൃദ്ധി!
- “…നീ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചുവല്ലോ.” ഇത് ജീവിതത്തിന്റെതന്നെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇവിടെ ഭൂമിയിലായിരിക്കുമ്പോൾ, “മേന്മ കുറഞ്ഞ വീഞ്ഞിന്റെ” ഒരു “രുചി” മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ. എന്നാൽ സ്വർഗത്തിൽ വിളമ്പാനായി ദൈവം ഏറ്റവും നല്ല “വീഞ്ഞ്” ഒരുക്കിയിട്ടുണ്ട്. അങ്ങനെ ഈ അത്ഭുതം വരാനിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രവചനമാണ്.
വിചിന്തനം: തിരുവചനത്തിലെ ഈ വിവരണം ഒരിക്കൽക്കൂടി വായിക്കുക; തുടർന്ന് താഴെപ്പറയുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് നിങ്ങളുടെ ധ്യാനം ആരംഭിക്കുക:
- വിവാഹവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നു എന്ന സന്ദേശം യേശുവിനു ലഭിക്കുന്നത് ഭാവനയിൽ കാണുക.
- തന്റെ പുതിയ ശിഷ്യന്മാരോടൊപ്പം അവിടുന്ന് വിരുന്നിലേക്കു നടന്നുപോകുന്നത് ഭാവനയിൽ കാണുക (നിരവധി മൈലുകൾ കാൽനടയായുള്ള യാത്ര). അവരുടെ സംഭാഷണം ഭാവനയിൽ കാണുക.
- യേശു അതുവരെ അത്ഭുതങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല; അതിനാൽ അവിടുന്ന് അപ്പോഴും പരക്കെ അറിയപ്പെട്ടിരുന്നില്ല. എങ്കിലും ജനങ്ങൾക്ക് അവിടുത്തെക്കുറിച്ച് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു.
- അവിടുത്തെ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം ഭാവനയിൽ കാണുക. അവർ തമ്മിലുള്ള സ്നേഹം ഭാവനയിൽ കാണുക.
- ഇപ്പോൾ യോഹന്നാൻ 2:1–12 ഒരിക്കൽക്കൂടി സാവധാനം വായിക്കുക; ആ രംഗം വിശദമായി അനുഭവിച്ചറിയാൻ ഇടയ്ക്കിടെ നിർത്തുക. നിങ്ങളുടെ ധ്യാനത്തെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുക.
മുഖ്യചിത്രം: ഫ്രാൻസ് ഫ്രാങ്കൻ ദി യംഗർ, കാനായിലെ വിവാഹവിരുന്ന്
ആണ്ടുവട്ടക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം
- കർത്താവിന്റെ ജ്ഞാനസ്നാനം
- രണ്ടു പതാകകൾ
- മൂന്നു വിഭാഗം മനുഷ്യർ
- പ്രലോഭനം
- അപ്പസ്തോലന്മാരുടെ വിളി
- കാനായിലെ വിവാഹം
- ദേവാലയശുദ്ധീകരണം
- ഗിരിപ്രഭാഷണം
- കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
- വെള്ളത്തിന്മേൽ നടക്കുന്നു
- അപ്പസ്തോലന്മാർ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ടു
- മഗ്ദലനമറിയത്തിന്റെ മാനസാന്തരം
- ക്രിസ്തു അയ്യായിരം പേരെ എങ്ങനെ ഭക്ഷിപ്പിച്ചു
- ക്രിസ്തുവിന്റെ രൂപാന്തരീകരണം
- ലാസറിന്റെ പുനരുത്ഥാനം
- ബഥാനിയായിലെ അത്താഴം
- എളിമയുടെ മൂന്നു വഴികൾ
