മലയാളം

പ്രലോഭനം

വിശുദ്ധ മണിക്കൂറിന്റെ ക്രമം

പശ്ചാത്തലം: പ്രലോഭനം മൂന്നു തലങ്ങളിൽ ഏതെങ്കിലുമൊന്നിൽ അനുഭവപ്പെടാം: 1) പൂർണമായും ബാഹ്യം: ദുഷ്ടൻ ഒരു നുണ മുന്നോട്ടുവയ്ക്കുമ്പോൾ വ്യക്തി അതിന് ഒട്ടും സമ്മതം നൽകാതിരിക്കുന്ന അവസ്ഥയാണിത്. അങ്ങനെ, പ്രലോഭനം ആ വ്യക്തിക്ക് പൂർണമായും ബാഹ്യമായിത്തന്നെ നിലനിൽക്കുന്നു. 2) ഭാഗികമായി ആന്തരികം: ദുഷ്ടൻ ഒരു നുണ മുന്നോട്ടുവയ്ക്കുമ്പോൾ വ്യക്തി ആ നിർദേശത്തിന് ഭാഗികമായി മനസ്സിൽ ഇടം നൽകുകയും ആ ആശയത്തിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പൂർണമായ സമ്മതം നൽകുന്നില്ലെങ്കിലും, ചെറിയ തോതിലുള്ള സമ്മതം നൽകുന്നതിനാൽ അതിൽ ലഘുവായ പാപം ഉൾപ്പെടുന്നു. 3) പൂർണമായി ആന്തരികമാകുന്നത്: ദുഷ്ടൻ ഒരു നുണ മുന്നോട്ടുവയ്ക്കുമ്പോൾ വ്യക്തി അതിന് പൂർണമായി സമ്മതം നൽകുകയും അങ്ങനെ അത് പൂർണമായും ആന്തരികമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. വ്യക്തമായും, ഈശോ അനുഭവിച്ചത് ഒന്നാമത്തെ തരത്തിലുള്ള പ്രലോഭനമാണ്. ദുഷ്ടൻ മൂന്നു പ്രലോഭനങ്ങൾ മുന്നോട്ടുവച്ചു; ഈശോ അവ മൂന്നും പൂർണമായി നിരസിച്ചു.

ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രലോഭനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളെ പഠിപ്പിക്കാനാണ് ഈശോ ഈ മൂന്നു പ്രലോഭനങ്ങൾ സഹിച്ചത്. ഒട്ടും മടിക്കാതെ ഉടനടി അവയെ നിരസിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത് ചെയ്യുക പ്രയാസമാണ്. പലപ്പോഴും നിങ്ങൾ നേരിടുന്ന പ്രലോഭനങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. നിങ്ങളെ കബളിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും വഴിതെറ്റിക്കാനും ശ്രമിക്കാനുള്ള കൗശലം ദുഷ്ടനുണ്ട്. അവൻ തന്ത്രശാലിയും കുടിലബുദ്ധിയുള്ളവനുമാണ്; തന്റെ നുണയിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കാൻ പൂർണമായി ഉറച്ചവനുമാണ്. എന്നാൽ ദുഷ്ടൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന ഓരോ നിർദേശവും നിരസിക്കപ്പെടണം.

താഴെ നൽകിയിരിക്കുന്ന വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ ഒന്ന് പ്രാർത്ഥനാപൂർവം ഏതാനും തവണ വായിക്കുക. വായിച്ചശേഷം, താഴെയുള്ള ചിന്തകൾ ധ്യാനത്തിനായി ഉപയോഗിക്കുക.

വിശുദ്ധഗ്രന്ഥ വായന: മത്തായി 4:1–11 (അല്ലെങ്കിൽ ലൂക്കാ 4:1–13)

വിചിന്തനം: പ്രലോഭിക്കപ്പെടാനായി ആത്മാവ് ഈശോയെ മരുഭൂമിയിലേക്ക് “നയിച്ചു.” പരിശുദ്ധാത്മാവ് അവിടുത്തെ നയിച്ചതെങ്ങനെയെന്ന്, അല്ലെങ്കിൽ മറ്റു പരിഭാഷകൾ പറയുന്നതുപോലെ അവിടുത്തെ “നിർബന്ധിച്ചു കൊണ്ടുപോയത്” എങ്ങനെയെന്ന് ചിന്തിക്കാൻ സമയം ചെലവഴിക്കുക. മനുഷ്യർ നേരിടുന്ന പ്രലോഭനങ്ങളെ അഭിമുഖീകരിക്കുക എന്നത് പിതാവിന്റെ തിരുവിഷ്ടത്തിന്റെ ഭാഗമായിരുന്നു. എന്തുകൊണ്ട്? (നിശ്ശബ്ദ ധ്യാനം)

ആദ്യത്തെ പ്രലോഭനം ശാരീരികമായിരുന്നു. ഈശോയ്ക്കു വിശക്കുന്നുണ്ടായിരുന്നു; ദുഷ്ടന് അത് അറിയാമായിരുന്നു. അതിനാൽ, കല്ലുകളെ അപ്പമാക്കി മാറ്റാൻ തന്റെ ദൈവികശക്തി ഉപയോഗിക്കുന്നതിന് ഈശോയെ പ്രലോഭിപ്പിക്കാനായി അവൻ സ്വാഭാവികമായ ഒരു കാര്യത്തെ (വിശപ്പിനെ) ഉപയോഗിച്ചു. എന്തുകൊണ്ടാണ് ഈശോ ഇത് നിരസിക്കുന്നത്? ഒരു കാരണം, ഉപവസിക്കാനായി ഈശോയെ മരുഭൂമിയിലേക്ക് നയിച്ചത് പരിശുദ്ധാത്മാവായിരുന്നു എന്നതാണ്. പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നതിനെക്കാൾ പ്രാധാന്യമുള്ളതായിരുന്നില്ല ശാരീരികമായ വിശപ്പ്. മാത്രമല്ല, കേവലം ഭക്ഷണമല്ല, പിതാവിന്റെ തിരുവിഷ്ടമാണ് തൃപ്തി നൽകുന്നതെന്ന് ഈശോ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മഹത്തായ ഒരു രഹസ്യമുണ്ട്. (നിശ്ശബ്ദ ധ്യാനം)

രണ്ടാമത്തെ പ്രലോഭനം ദുഷ്ടൻ ഉദ്ധരിക്കുന്ന ഒരു വിശുദ്ധഗ്രന്ഥവാക്യത്തിന്റെ രൂപത്തിലാണ് വരുന്നത്. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ തിരുവിഷ്ടം പിന്തുടരാൻ ശ്രമിക്കുകയും ചെയ്യുന്നവരെ ആശയക്കുഴപ്പത്തിലാക്കാനും വഴിതെറ്റിക്കാനും ഉപയോഗിക്കുന്ന ഒരു പതിവുതന്ത്രമാണിത്. എന്നാൽ ദുഷ്ടൻ സത്യത്തിൽ നുണകൾ കലർത്തിക്കൊണ്ട് വിശുദ്ധഗ്രന്ഥം ദുരുപയോഗം ചെയ്യുന്നു. സത്യത്തെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ ദുഷ്ടൻ ഏതെങ്കിലും “സത്യം” നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ വഴികൾ ഈ നിമിഷം ദൈവം നിങ്ങൾക്കു കാണിച്ചുതരണമേയെന്ന് നിശ്ശബ്ദമായി പ്രാർത്ഥിക്കുക. (നിശ്ശബ്ദ ധ്യാനം)

ദുഷ്ടൻ നിരാശനാകാൻ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ അടയാളമാണ് മൂന്നാമത്തെ പ്രലോഭനം. തന്റെ തന്ത്രപരമായ നുണകൾ തന്നെ ബാധിക്കാൻ ഈശോ അനുവദിക്കില്ലെന്ന് അവൻ കാണുന്നു; അതിനാൽ ദുഷ്ടൻ വളരെ ധിക്കാരത്തോടെ മുന്നോട്ടുവരുന്നു. ലോകത്തിനു നൽകാനാകുന്നതെല്ലാം അവൻ ഈശോയ്ക്കു വാഗ്ദാനം ചെയ്യുന്നു. “ലോകത്തിലെ എല്ലാ രാജ്യങ്ങളും” അവൻ ഈശോയ്ക്കു വാഗ്ദാനം ചെയ്യുന്നു. എന്നാൽ അതിനു നൽകേണ്ട വില അസംബന്ധമാണ്: “…സാഷ്ടാംഗം വീണ് എന്നെ ആരാധിക്കുക.” ഈശോ അവസാനമായി അവനെ ശാസിക്കുന്നു: “സാത്താനേ, ദൂരെപ്പോകുക!” എല്ലാം വിട്ടുകൊടുക്കുന്നതിനു പകരമായി നിങ്ങൾക്ക് എല്ലാം വാഗ്ദാനം ചെയ്യുന്നതായി തോന്നുന്ന ഏതെങ്കിലും പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ അവയെക്കുറിച്ചു ചിന്തിക്കുക. ദൈവം ഈ വാഗ്ദാനം നൽകുമ്പോൾ, അത് പൂർണമായി സ്വീകരിക്കണം. മറ്റൊരാൾ ഈ “വാഗ്ദാനം” നൽകുമ്പോൾ, അത് ഏറ്റവും നീചമായ പ്രലോഭനങ്ങളിൽ ഒന്നാണ്; അതിനെ പൂർണമായി നിരസിക്കണം. വാസ്തവത്തിൽ, പ്രലോഭനത്തെ മാത്രമല്ല, പ്രലോഭകനെയും നിരസിക്കണം. (നിശ്ശബ്ദ ധ്യാനം)

ഈശോയെ ശുശ്രൂഷിക്കാൻ ദൈവദൂതന്മാർ വന്നു. അതുപോലെ, ദുഷ്ടന്റെ നുണകളെയും ദുഷ്ടനെത്തന്നെയും നിങ്ങൾ പൂർണമായി നിരസിക്കുമ്പോൾ, ശുശ്രൂഷിക്കുന്ന ആത്മാക്കളിൽനിന്നുള്ള ഈ ആശ്വാസം നിങ്ങൾക്കും ലഭിക്കും.

മുഖ്യചിത്രം: ഈശോ സാത്താനെ പരാജയപ്പെടുത്തുന്നു, ഫോട്ടോ: ലോറൻസ്, OP

ആണ്ടുവട്ടക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം

  1. കർത്താവിന്റെ ജ്ഞാനസ്നാനം
  2. രണ്ടു പതാകകൾ
  3. മൂന്നു വിഭാഗം മനുഷ്യർ
  4. പ്രലോഭനം
  5. അപ്പസ്തോലന്മാരുടെ വിളി
  6. കാനായിലെ വിവാഹം
  7. ദേവാലയശുദ്ധീകരണം
  8. ഗിരിപ്രഭാഷണം
  9. കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
  10. വെള്ളത്തിന്മേൽ നടക്കുന്നു
  11. അപ്പസ്തോലന്മാർ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ടു
  12. മഗ്ദലനമറിയത്തിന്റെ മാനസാന്തരം
  13. ക്രിസ്തു അയ്യായിരം പേരെ എങ്ങനെ ഭക്ഷിപ്പിച്ചു
  14. ക്രിസ്തുവിന്റെ രൂപാന്തരീകരണം
  15. ലാസറിന്റെ പുനരുത്ഥാനം
  16. ബഥാനിയായിലെ അത്താഴം
  17. എളിമയുടെ മൂന്നു വഴികൾ

ഉള്ളടക്കം