വിശുദ്ധഗ്രന്ഥ വായന: യോഹന്നാൻ 11:1–44
പശ്ചാത്തലം: യേശു അറസ്റ്റിലാവുകയും വധിക്കപ്പെടുകയും ചെയ്യുന്നതിന് അല്പം മുമ്പാണ് അത്യന്തം ശക്തവും വളരെ വിശദമായി വിവരിക്കപ്പെട്ടതുമായ ഈ അത്ഭുതം നടക്കുന്നത്. വാസ്തവത്തിൽ, ഈ അവസാന ദിവസങ്ങളിൽ നിയമജ്ഞരുടെയും ഫരിസേയരുടെയും അസൂയ വളരെയധികം വർധിപ്പിക്കുന്നത് ഈ അത്ഭുതമാണ്.
യേശുവിന് മർത്താ, മറിയം, ലാസർ എന്നിവരുമായി വളരെ അടുത്ത ബന്ധമുണ്ട്; അവിടുന്ന് അവരെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട്. ഫരിസേയനായ ശിമയോന്റെ വീട്ടിൽ യേശു അത്താഴത്തിനിരുന്നപ്പോൾ, 300 ദിവസത്തെ കൂലിക്കു തുല്യമായ വിലയുള്ള സുഗന്ധതൈലം അവിടുത്തെ ശിരസ്സിൽ പൂശിയത് മറിയമായിരുന്നു. മർത്താ ഭക്ഷണം ഒരുക്കിക്കൊണ്ടിരുന്നപ്പോൾ യേശുവിന്റെ പാദത്തിങ്കൽ ഇരുന്നതും ഈ മറിയംതന്നെയാണ്.
ഈ രണ്ടു സഹോദരിമാരും യേശുവിനെ അറിയിച്ചത് ലാസർ രോഗിയാണെന്നായിരുന്നു. യേശു ഏതാനും മൈൽ മാത്രം അകലെയായിരുന്നെങ്കിലും, രണ്ടു ദിവസത്തേക്ക് അവിടുന്ന് ആ വീട്ടിലേക്കു പോയില്ല. ലാസർ മരിക്കുമെന്നും താൻ അവനെ ഉയിർപ്പിക്കുമെന്നും അവിടുത്തേക്ക് പൂർണമായി അറിയാമായിരുന്നു.
യേശു അവിടെ എത്തിയപ്പോഴേക്കും, ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. യേശുവിനെ സ്വീകരിക്കാൻ മർത്താ വന്നു; അവിടുത്തെ ശക്തിയിലുള്ള തന്റെ വിശ്വാസം അവൾ പ്രകടിപ്പിച്ചു. മർത്താ വിളിച്ചതിനുശേഷമാണ് മറിയം യേശുവിന്റെ അടുത്തെത്തിയത്. അവളുമായും മറ്റുള്ളവരുമായുമുള്ള കൂടിക്കാഴ്ചയിൽ യേശു കണ്ണീർ പൊഴിക്കുന്നു. സുവിശേഷത്തിലെ മറ്റു വിവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിവരണം ദൈർഘ്യമേറിയതും വികാരനിർഭരവുമാണ്.
വിചിന്തനം: ഈ വിവരണം പ്രാർഥനാപൂർവം വായിക്കുക. ആഗ്രഹിക്കുന്നുവെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ മാർഗദർശനമായി ഉപയോഗിക്കുക.
- 1–4 വാക്യങ്ങൾ വായിക്കുക. ഈ രോഗം “ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ്” എന്നു പറയുന്ന ഭാഗം പ്രത്യേകം പരിചിന്തിക്കുക. യേശു ഇങ്ങനെ പറയുന്നതു കേട്ടുകൊണ്ട് നിങ്ങൾ അവിടെ നിൽക്കുന്നതായി സങ്കല്പിക്കുക. ഇതു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നുപോകുന്നത്?
- ഈ കുടുംബവുമായി യേശുവിനുണ്ടായിരുന്ന ഉറ്റസൗഹൃദത്തെക്കുറിച്ചും ധ്യാനിക്കുക. അവിടുന്ന് ഉയിർപ്പിച്ചത് ഏതോ അപരിചിതനെയല്ല, ഉറ്റസുഹൃത്തിനെയാണ്.
- എല്ലാവരും അനുഭവിച്ച വികാരങ്ങളെക്കുറിച്ച് ധ്യാനിക്കുക: ലാസറിന്റെ രോഗം വഷളാകുന്നതും ഒടുവിൽ അവൻ മരിച്ച് കല്ലറയിൽ അടക്കപ്പെടുന്നതും അവർ കണ്ടു. അവൻ നാലു ദിവസം അവിടെ കിടന്നു. യേശുവിനെ കാത്തിരിക്കുമ്പോൾ, അവിടുന്ന് വന്നെത്തണമെന്ന അവരുടെ ആഗ്രഹം വർധിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് ചിന്തിക്കുക.
- 20–27 വാക്യങ്ങൾ മർത്തായുമായുള്ള യേശുവിന്റെ സംഭാഷണം അവതരിപ്പിക്കുന്നു. ആ വാക്കുകളും മർത്തായുടെ വിശ്വാസവും അവിടത്തെ വികാരങ്ങളും പരിചിന്തിച്ചുകൊണ്ട്, ആ സംഭാഷണവേളയിൽ നിങ്ങളും സന്നിഹിതരായിരിക്കുന്നതായി കാണാൻ ശ്രമിക്കുക.
- 28–36 വാക്യങ്ങളിൽ മറിയവുമായുള്ള യേശുവിന്റെ സംഭാഷണവും ഇതേ രീതിയിൽ ധ്യാനിക്കുക.
- 38–44 വാക്യങ്ങൾ അവതരിപ്പിക്കുന്നത് ലാസർ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതാണ്. പ്രാർഥനാപൂർവം അതു വായിക്കുമ്പോൾ നിങ്ങളും അവിടെ സന്നിഹിതരായിരിക്കുന്നതായി സങ്കല്പിക്കുക. യേശുവിന്റെ ദൈവിക അധികാരം പ്രത്യേകം ശ്രദ്ധിക്കുക.
യേശുവിന്റെ അവസാന വാക്കുകൾ ധ്യാനിക്കാൻ മതിയായ സമയം ചെലവഴിക്കുക: “ലാസറേ, പുറത്തു വരുക.” അതുപോലെ, “അവന്റെ കെട്ടുകൾ അഴിക്കുക; അവൻ പോകട്ടെ.” ആത്മീയമായ അർഥത്തിൽ ഈ വാക്കുകൾ നിങ്ങളോടും പറയുന്നതായി കേൾക്കുക.
പ്രധാന ചിത്രം: ജൊവാന്നി ദി പാവോളോ – ലാസറിന്റെ ഉയിർത്തെഴുന്നേൽപ്പ്
ആണ്ടുവട്ടക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം
- കർത്താവിന്റെ ജ്ഞാനസ്നാനം
- രണ്ടു പതാകകൾ
- മൂന്നു വിഭാഗം മനുഷ്യർ
- പ്രലോഭനം
- അപ്പസ്തോലന്മാരുടെ വിളി
- കാനായിലെ വിവാഹം
- ദേവാലയശുദ്ധീകരണം
- ഗിരിപ്രഭാഷണം
- കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
- വെള്ളത്തിന്മേൽ നടക്കുന്നു
- അപ്പസ്തോലന്മാർ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ടു
- മഗ്ദലനമറിയത്തിന്റെ മാനസാന്തരം
- ക്രിസ്തു അയ്യായിരം പേരെ എങ്ങനെ ഭക്ഷിപ്പിച്ചു
- ക്രിസ്തുവിന്റെ രൂപാന്തരീകരണം
- ലാസറിന്റെ പുനരുത്ഥാനം
- ബഥാനിയായിലെ അത്താഴം
- എളിമയുടെ മൂന്നു വഴികൾ
