വിശുദ്ധഗ്രന്ഥ വായന: മത്തായി 17:1–13
പശ്ചാത്തലം: മുകളിലെ ഭാഗത്തിനു തൊട്ടുമുമ്പ്, താൻ പീഡകൾ സഹിക്കുകയും മരിക്കുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു. അവിടുന്ന് അവരോട് ഇങ്ങനെയും പറഞ്ഞു: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24b, RSV-CE).
ആറു ദിവസങ്ങൾക്കുശേഷം, ഈ ശിഷ്യന്മാരിൽ മൂന്നുപേരെയും കൂട്ടി യേശു ഉയർന്ന ഒരു മലയിലേക്കു യാത്രയാകുന്നു. അവിടെ, ആ മലയിൽവച്ച്, യേശു തന്റെ മഹത്ത്വത്തിൽ ആരാണെന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു വെളിപാട് ഈ മൂന്നുപേർക്കും ലഭിക്കുന്നു. മോശയും ഏലിയായും അവിടുത്തേക്കു പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാരുടെ മുമ്പിൽ യേശു രൂപാന്തരപ്പെടുകയും അവിടുത്തെ വസ്ത്രങ്ങൾ “പ്രകാശംപോലെ വെളുത്തതാകുകയും” ചെയ്യുന്നു.
മോശയും ഏലിയായും പഴയനിയമത്തിലെ നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർണ്ണതയെ പ്രതിനിധാനം ചെയ്യുന്നു. യേശുവിനെ പുതിയ നിയമമായും പുതിയ പ്രവാചകനായും വെളിപ്പെടുത്തിക്കൊണ്ട് പിതാവിന്റെ സ്വരം മുഴങ്ങുന്നു. യേശുവിന്റെ ജ്ഞാനസ്നാനവേളയിൽ പറഞ്ഞ അതേ വാക്കുകൾതന്നെയാണ് പിതാവ് പറയുന്നത്; “അവനെ ശ്രവിക്കുവിൻ” എന്ന വാക്കുകൾ മാത്രം കൂട്ടിച്ചേർക്കുന്നു. യേശു പുതിയ നിയമവും പ്രവാചകനും മാത്രമല്ല, അരുളിച്ചെയ്യപ്പെടുന്ന വചനവുംകൂടിയാണ്.
യേശു ഉടൻ മരിക്കുമെന്നും തങ്ങളും അവിടുത്തെ കാൽച്ചുവടുകൾ പിന്തുടർന്ന് മരിക്കേണ്ടിവരുമെന്നുമുള്ള ചിന്തയുമായി മിക്കവാറും മല്ലിട്ടുകൊണ്ടിരുന്ന ശിഷ്യന്മാർക്ക് ഈ അനുഭവം ശക്തിയും പ്രത്യാശയും നൽകുന്നു. അവിടുത്തെ ദൈവത്വത്തിന്റെ ഈ ചെറുദർശനം ലഭിച്ചതിലൂടെയും പഴയനിയമത്തിന്റെ പൂർത്തീകരണം അവിടുന്നാണെന്ന് മനസ്സിലാക്കിയതിലൂടെയും, ഭാവിയിൽ അപ്പസ്തോലന്മാരാകാനിരുന്ന ഇവർ തങ്ങൾ വിളിക്കപ്പെട്ട ദൗത്യം ജീവിച്ചുനിറവേറ്റാൻ ശക്തരായി.
വിചിന്തനം: ഇപ്പോൾ പ്രാർഥനാപൂർവം, സാവധാനം മുകളിലെ ഭാഗം വീണ്ടും വായിക്കുക. സഹായകരമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഉപയോഗിക്കാം.
- താൻ പീഡകൾ സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും തങ്ങളും അവിടുത്തെ അനുഗമിക്കേണ്ടിവരുമെന്നും യേശു പറയുന്നതു കേട്ടതിനുശേഷമുള്ള ആ ആറു ദിവസങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ആരംഭിക്കുക. ആറു ദിവസമാണ് അവർ ഇതിനെക്കുറിച്ച് ചിന്തിച്ചത്!
- എന്താണു സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് കാര്യമായ മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു തോന്നുന്ന സാഹചര്യത്തിൽ, ഒരു മലയിലേക്കുള്ള ഈ നിഗൂഢമായ യാത്രയ്ക്കു ലഭിക്കുന്ന ക്ഷണം സങ്കൽപ്പിക്കുക. ഈ മൂന്നുപേരോടൊപ്പം യാത്രചെയ്യുന്നതായി നിങ്ങളെത്തന്നെ കാണുക.
- യേശു നിന്നതും പെട്ടെന്ന് പ്രഭാപൂരിതനായി രൂപാന്തരപ്പെട്ടതുമായ നിമിഷത്തെക്കുറിച്ച് ധ്യാനിക്കുക. നമ്മുടെ കർത്താവ് മോശയോടും ഏലിയായോടും സംസാരിക്കുന്നതു ശ്രദ്ധിക്കുക. പിതാവിന്റെ വ്യക്തവും ഇടിമുഴക്കംപോലുള്ളതുമായ സ്വരം ശ്രവിക്കുക.
- പത്രോസിന്റെ മനസ്സിലേക്കും ഹൃദയത്തിലേക്കും നോക്കുക. അദ്ദേഹം പറഞ്ഞു: “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്…” അദ്ദേഹത്തിന്റെ ആനന്ദവും വിസ്മയവും ഭയഭക്തിയും അനുഭവിച്ചറിയുക.
- ഈ രംഗം മുഴുവനും അവർ മലയിറങ്ങി നടക്കുമ്പോഴുണ്ടായ സംഭാഷണവും മനസ്സിൽ ധ്യാനിച്ചുകൊണ്ട് നിശ്ശബ്ദമായി ഇരിക്കുക. നിശ്ശബ്ദതയിൽ ഇതെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മുടെ കർത്താവിനായി കാത്തിരിക്കുക; അവിടുന്ന് ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളോടു വ്യക്തിപരമായി സംസാരിക്കാൻ അവിടുത്തെ അനുവദിക്കുക.
പ്രധാന ചിത്രം: കാൾ ബ്ലോക്ക് വരച്ച രൂപാന്തരീകരണം
ആണ്ടുവട്ടക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം
- കർത്താവിന്റെ ജ്ഞാനസ്നാനം
- രണ്ടു പതാകകൾ
- മൂന്നു വിഭാഗം മനുഷ്യർ
- പ്രലോഭനം
- അപ്പസ്തോലന്മാരുടെ വിളി
- കാനായിലെ വിവാഹം
- ദേവാലയശുദ്ധീകരണം
- ഗിരിപ്രഭാഷണം
- കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
- വെള്ളത്തിന്മേൽ നടക്കുന്നു
- അപ്പസ്തോലന്മാർ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ടു
- മഗ്ദലനമറിയത്തിന്റെ മാനസാന്തരം
- ക്രിസ്തു അയ്യായിരം പേരെ എങ്ങനെ ഭക്ഷിപ്പിച്ചു
- ക്രിസ്തുവിന്റെ രൂപാന്തരീകരണം
- ലാസറിന്റെ പുനരുത്ഥാനം
- ബഥാനിയായിലെ അത്താഴം
- എളിമയുടെ മൂന്നു വഴികൾ
