മലയാളം

മാർച്ച്—വാർധക്യത്തെക്കുറിച്ചുള്ള ചിന്തകൾ

ഇ-പുസ്തകമായും & പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്!

മാർച്ച് 1

വിശുദ്ധമായ ഒരു വാർധക്യം എങ്ങനെ നയിക്കണം എന്നതിന് നമ്മുടെ പരിശുദ്ധ അമ്മയെ ഞാൻ പലപ്പോഴും മാതൃകയായി കാണാറുണ്ട്. കുരിശിൽനിന്ന് അവളുടെ പുത്രനായ യേശു പറഞ്ഞു: “സ്ത്രീയേ, ഇതാ നിന്റെ മകൻ.” അവിടുന്ന് വിശുദ്ധ യോഹന്നാനെ അവൾക്ക് മകനായി നൽകി. ജീവിതത്തിൽ വീണ്ടും മനസ്സർപ്പിക്കാനും യോഹന്നാനെ സ്വന്തം മകനായി സ്നേഹിക്കാനുമുള്ള ഒരു വിളിയായിരുന്നിരിക്കണം അത് അവൾക്ക്. പ്രായമാകുമ്പോൾ, ഒരുപക്ഷേ പുതിയൊരു സ്ഥലത്ത്, വീണ്ടും സ്നേഹിക്കാനും ജീവിതത്തിൽ വീണ്ടും മനസ്സർപ്പിക്കാനും നാമും പലപ്പോഴും വിളിക്കപ്പെടുന്നു.

മാർച്ച് 2

“വയോധികർ” എന്നത് വളരെ വിശാലമായ ഒരു വിഭാഗമാണെന്ന് നമുക്കെല്ലാം അറിയാം. വളരെ ഊർജസ്വലരും ആരോഗ്യമുള്ളവരും ചില പരിമിതികളുള്ളവരും കിടപ്പിലായവരും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരുമെല്ലാം അതിൽ ഉൾപ്പെടുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നു: “ജീവിതശേഷി കുറഞ്ഞവരും ദുർബലരായവരും പ്രത്യേക ആദരവ് അർഹിക്കുന്നു. രോഗികളെയോ വൈകല്യമുള്ളവരെയോ കഴിയുന്നത്ര സാധാരണമായ ജീവിതം നയിക്കാൻ സഹായിക്കണം” (#2276).

മാർച്ച് 3

അതിനാൽ, നിങ്ങൾ “ഊർജസ്വലരായ വയോധികരുടെ” കൂട്ടത്തിലാണെങ്കിൽ, നിങ്ങളെപ്പോലെ സഞ്ചരിക്കാൻ കഴിയാത്തവരുടെ ജീവിതം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് വിലപ്പെട്ട ഒരവസരമുണ്ട്. അവരെ വിളിക്കൂ. അവരെ സന്ദർശിക്കൂ. ഒരുപക്ഷേ അവർക്ക് പലചരക്കുസാധനങ്ങൾ വാങ്ങിക്കൊടുക്കാമെന്നോ ഡോക്ടറുടെ അടുത്തേക്ക് വാഹനത്തിൽ കൊണ്ടുപോകാമെന്നോ പറയാം. സ്നേഹത്തോടെയുള്ള ഈ സഹായവാഗ്ദാനങ്ങൾ മറ്റേയാൾക്കു മാത്രമല്ല, നിങ്ങൾക്കും ഒരു സമ്മാനമായിരിക്കും!

മാർച്ച് 4

എന്റെ മേരി ആന്റി അതിശയകരമായ ഒരു വ്യക്തിയായിരുന്നു. എന്നാൽ, ഏറെ വേദനയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ഒരു ദിവസം അവർ എന്നോടു പറഞ്ഞു: “ഡാൻ, നിനക്കറിയാമോ, എന്നെക്കുറിച്ചുതന്നെ സഹതാപം തോന്നുമ്പോഴൊക്കെ, എന്നെക്കാൾ വളരെ മോശമായ അവസ്ഥയിലുള്ള ഒരാളെ ഞാൻ ഓർക്കും. എന്നിട്ട് ചെന്ന് ആ വ്യക്തിക്കുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്യും.” ഞാൻ ചിന്തിച്ചു: “മേരി ആന്റി, നിങ്ങൾ പറയുന്നതു ശരിയാണ്! നിങ്ങൾ ആ രഹസ്യം കണ്ടെത്തിയിരിക്കുന്നു!” മേരി ആന്റി സന്തോഷം നിറഞ്ഞ വ്യക്തിയായിരുന്നു എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നില്ലല്ലോ.

മാർച്ച് 5

ആരെങ്കിലും സഹായം വാഗ്ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കാൻ കഴിയുന്നത് ചെറിയൊരു കൃപയല്ല. നമുക്കത് ചെയ്യാൻ പ്രയാസമാണ്. അതിന് കുറച്ചൊക്കെ എളിമ ആവശ്യമാണ്. എന്നാൽ, ഒരാൾ ദയയോടെ നൽകുന്ന സഹായവാഗ്ദാനം സ്വീകരിക്കുമ്പോൾ, യഥാർഥത്തിൽ നിങ്ങൾ ആ വ്യക്തിക്ക് ഒരു നന്മ ചെയ്യുകയാണ്. ആ കൊടുക്കൽവാങ്ങലിൽ ഇരുവരും അനുഗ്രഹിക്കപ്പെടുന്നു—കൊടുക്കുന്നയാളും സ്വീകരിക്കുന്നയാളും.

മാർച്ച് 6

കഴിഞ്ഞ ദിവസം ഞാൻ ഗാരേജിലേക്ക് പോയി. എന്നിട്ട് ചിന്തിച്ചു: “ഇപ്പോൾ ഞാൻ എന്തിനാണ് ഇങ്ങോട്ടു വന്നത്?” പിന്നെ എന്റെ മറവിയോർത്ത് ഞാൻ ചെറുതായി ചിരിക്കാനും പൊട്ടിച്ചിരിക്കാനും തുടങ്ങി. അടുത്തിടെ നടന്ന കാര്യങ്ങൾ മറന്നുപോകുന്നത് വാർധക്യത്തിൽ ഏതാണ്ട് എല്ലാവർക്കുമുള്ള ഒരു യാഥാർഥ്യമാണെന്നു തോന്നുന്നു. നമ്മെത്തന്നെ അത്ര ഗൗരവമായെടുക്കാതിരിക്കാനുള്ള നല്ലൊരു അവസരമാണിതെന്ന് ഞാൻ കരുതുന്നു.

മാർച്ച് 7

മൂന്ന് “അതീതഗുണങ്ങളെ”ക്കുറിച്ച്, അഥവാ ദൈവത്തിലേക്കെത്താനുള്ള മൂന്നു വഴികളെക്കുറിച്ച്, ദൈവശാസ്ത്രജ്ഞർ സംസാരിക്കാറുണ്ട്. അവയാണ് സത്യം, സൗന്ദര്യം, നന്മ. നമ്മുടെ വിശ്വാസത്തിലെ അത്ഭുതകരമായ “സത്യങ്ങൾ” ചിലർക്കു പ്രചോദനമാകുന്നു. ചിലർ മറ്റുള്ളവരുടെ (വിശുദ്ധ മദർ തെരേസയെപ്പോലുള്ളവരുടെ) “നന്മ” കാണുന്നു; അതു ദൈവത്തിനായി അവരുടെ ഹൃദയം തുറക്കുന്നു. മറ്റു ചിലർ “സൗന്ദര്യം” കണ്ട് നേരെ ദൈവസ്തുതിയിലേക്കു നയിക്കപ്പെടുന്നു.

പ്രായമേറുന്തോറും, “സൗന്ദര്യത്തിലൂടെ” ദൈവത്തിലേക്കെത്തുന്ന ഒരാളായി ഞാൻ കൂടുതൽ കൂടുതൽ മാറുന്നതായി കാണുന്നു. ദൈവസൃഷ്ടിയുടെ സൗന്ദര്യവും ഒരു കുഞ്ഞിന്റെ പുഞ്ചിരിയും സൂര്യാസ്തമയവുമെല്ലാം നമ്മുടെ ദൈവത്തെ സ്തുതിക്കുന്നതിലേക്കും ആരാധിക്കുന്നതിലേക്കും എന്നെ നേരിട്ടു നയിക്കുന്നതുപോലെ തോന്നുന്നു. കൗതുകകരമെന്നു പറയട്ടെ, സങ്കീർത്തനങ്ങളിൽ “സൗന്ദര്യ”ത്തെക്കുറിച്ചുള്ള ധാരാളം ഭാഗങ്ങളുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ടവയിൽ ഒന്ന് സങ്കീർത്തനം 19-ലേതാണ്. അത് ഇങ്ങനെ പ്രഘോഷിക്കുന്നു: “ആകാശങ്ങൾ ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു; ആകാശവിതാനം അവിടുത്തെ കരവേലയെ വിളിച്ചറിയിക്കുന്നു…ഭൂമിയിലെങ്ങും അവയുടെ സ്വരം മുഴങ്ങുന്നു; ലോകത്തിന്റെ അതിർത്തികളോളം അവയുടെ സന്ദേശം എത്തുന്നു.” സൃഷ്ടിയുടെ ദൈവമേ, അങ്ങയെ ഞാൻ സ്തുതിക്കുന്നു!

മാർച്ച് 8

നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ച് വിശുദ്ധഗ്രന്ഥം പലപ്പോഴും സംസാരിക്കുന്നു. നമ്മുടെ മരണനിമിഷത്തിനായി ഒരുങ്ങിയിരിക്കാൻ നമ്മെ സഹായിക്കാനാണ് അതെന്നതിൽ സംശയമില്ല. സങ്കീർത്തനം 90 ഇങ്ങനെ പറയുന്നു: “നമ്മുടെ ജീവിതം ഒഴുകിയകലുന്നു…നമ്മുടെ വർഷങ്ങൾ ഒരു നെടുവീർപ്പുപോലെ അവസാനിക്കുന്നു. നമ്മുടെ ആയുസ്സ് ആകെ എഴുപതു വർഷം; കരുത്തുണ്ടെങ്കിൽ എൺപതു വർഷം…അവ വേഗം കടന്നുപോകുന്നു; നാമും അപ്രത്യക്ഷരാകുന്നു…ഹൃദയജ്ഞാനം നേടാൻ തക്കവണ്ണം ഞങ്ങളുടെ ദിനങ്ങൾ ശരിയായി എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ.” നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചുള്ള അവബോധം നമ്മെയെല്ലാം ഹൃദയജ്ഞാനത്തിലേക്കു നയിക്കുമെന്നു പ്രത്യാശിക്കാം.

മാർച്ച് 9

മരണത്തിനായി ഒരുങ്ങിയിരിക്കുന്നതിനെക്കുറിച്ച് യേശു നൽകുന്ന, നമ്മെ ഏറെ ഗൗരവമായി ചിന്തിപ്പിക്കുന്ന സന്ദേശങ്ങളിലൊന്നാണ് ലൂക്കാ 12:16-21. തന്റെ സമൃദ്ധമായ വിളവ് സംഭരിക്കാൻ കൂടുതൽ കളപ്പുരകൾ പണിയുന്ന ധനികനായ കർഷകന്റെ കഥയാണത്. ദൈവം അവനോടു പറയുന്നു: “ഭോഷാ, ഈ രാത്രിയിൽ നിന്റെ ജീവൻ നിന്നോടു ചോദിക്കപ്പെടും.” തുടർന്ന്, “…ദൈവത്തിനു പ്രധാനമായ കാര്യങ്ങളിൽ സമ്പന്നരാകാൻ” യേശു നമ്മെ വിളിക്കുന്നു. നമ്മുടെ കർത്താവ് നമ്മുടെ ശ്രദ്ധ നിത്യമായ കാര്യങ്ങളിലേക്കും, ആത്യന്തികമായി നമുക്കും പ്രധാനമായവയിലേക്കും തിരിക്കുകയാണ് എന്നതാണ് ഇതിന്റെ സാരം.

മാർച്ച് 10

“ഒടുവിൽ വന്നെത്തുന്ന എന്റെ മരണത്തിലേക്കാണോ ഞാൻ യാത്ര ചെയ്യുന്നത്, അതോ ജീവനിലേക്കാണോ?” എന്നു സ്വയം ചോദിക്കുന്നത് ഫലപ്രദമാണ്. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യസ്ഥാനമായി നാം മനസ്സിൽ ഉറപ്പിക്കുന്നത് എന്താണെന്നത് അത്യന്തം പ്രധാനമാണ്. യേശു അതു ലളിതമായി പറയുന്നു: “എന്നാൽ ആദ്യം [ദൈവത്തിന്റെ] രാജ്യം അന്വേഷിക്കുവിൻ…” (മത്തായി 6:33).

മാർച്ച് 11

ദൈവം നമുക്കു നൽകുന്ന സമയത്തോടൊപ്പം എപ്പോഴും ഒരു ദൗത്യവും ഉണ്ടെന്ന് പല ക്രൈസ്തവ എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നു. ദൈവം നമുക്കു സമയം നൽകുന്നു എന്നതിന്റെ അർഥം നമുക്കു ചിലതു ചെയ്യാനുണ്ട് എന്നാണ്. അതിലും പ്രധാനമായി, നാം ഒരാളായിത്തീരാനുണ്ട്—പ്രകാശം പരത്തുന്ന ദൈവപൈതലായി.

മാർച്ച് 12

പ്രായം കൂടുമ്പോൾ നാം അനുഭവിക്കുന്ന “ഭൂതകാലത്തിന്റെ അടിച്ചമർത്തലിനെ” കുറിച്ച് ആത്മീയ എഴുത്തുകാർ സംസാരിക്കാറുണ്ട്. എന്നാൽ ഒരു ക്രൈസ്തവനെ സംബന്ധിച്ച് ഇത് ഒരിക്കലും സത്യമല്ല. എന്റെ ഭൂതകാലത്തിലെ തെറ്റുകളെല്ലാം ദൈവകരുണയുടെ കൂദാശയിലൂടെ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ എന്റെ പാപങ്ങൾക്കും തെറ്റുകൾക്കും പോലും എനിക്ക് ദൈവത്തിനു നന്ദി പറയാൻ കഴിയും. കാരണം, എന്റെ പാപങ്ങളുടെ പരിണതഫലങ്ങൾപോലും തന്റെ മഹത്ത്വത്തിനും എന്റെ നന്മയ്ക്കുമായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയും. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നമ്മുടെ ഭൂതകാലത്തെ കാണുമ്പോൾ എല്ലാം കൃപയാണ്.

മാർച്ച് 13

വിഭൂതി ബുധനാഴ്ച ചില മാതാപിതാക്കൾ തങ്ങളുടെ കൊച്ചുകുട്ടികളെയും കൈക്കുഞ്ഞുങ്ങളെപ്പോലും നെറ്റിയിൽ ചാരം സ്വീകരിക്കാൻ കൊണ്ടുവരാറുണ്ട്. “മനുഷ്യാ, നീ പൊടിയാണെന്നും പൊടിയിലേക്കു മടങ്ങുമെന്നും ഓർക്കുക” എന്ന വാക്കുകൾ കേൾക്കുന്നത് ഗൗരവത്തോടെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുഭവമാണ്. എങ്കിലും ഈ സുന്ദരമായ കുഞ്ഞുങ്ങളുടെ കാര്യത്തിലും അത് സത്യമാണ്. നമ്മിലാരും ഇവിടെ എന്നേക്കും ജീവിക്കുകയില്ല. ജീവിതത്തിന്റെ ആദ്യനിമിഷം മുതൽ നാം നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്.

മാർച്ച് 14

നമ്മുടെ ജീവിതത്തിലെ പിരിമുറുക്കത്തിന്റെയും മാനസികസമ്മർദത്തിന്റെയും യാഥാർഥ്യത്തെക്കുറിച്ച് ആത്മീയ എഴുത്തുകാർ സംസാരിക്കാറുണ്ട്. ആ പിരിമുറുക്കം ദൈവത്തിനും നമ്മോടുള്ള അവിടുത്തെ സ്നേഹത്തിനും സമർപ്പിക്കാനാണ് നമുക്കുള്ള വിളി. “പിതാവേ, (പ്രശ്നം എന്തുതന്നെയായാലും) ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു” എന്നു പ്രാർഥിക്കുന്നത് നല്ലതാണ്. സാവധാനത്തിലും ഇടയ്ക്കിടെയും ഈ പ്രാർഥന ആവർത്തിക്കുക; പിരിമുറുക്കം നിങ്ങളിൽനിന്ന് അകലുന്നത് അനുഭവിക്കുക.

മാർച്ച് 15

പ്രായം കൂടുമ്പോൾ നമ്മുടെ ജീവിതത്തെ അനുഗ്രഹങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വൃത്തമായി കാണാൻ കഴിയുന്നത് അർഥവത്താണ്. തുടക്കത്തിൽ ആ വൃത്തം ചെറുതായിരിക്കാം—മാതാപിതാക്കൾ, കുടുംബം, വിശ്വാസത്തിൽ വളർത്തപ്പെടൽ എന്നീ അനുഗ്രഹങ്ങൾ. എന്നാൽ മുന്നോട്ടു പോകുമ്പോൾ അനുഗ്രഹങ്ങളുടെ വൃത്തം വലുതായിക്കൊണ്ടിരിക്കുന്നു! എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദൈവത്തിന് എന്നോടുള്ള സ്നേഹം പതിഞ്ഞുകിടക്കുന്നതായി ഞാൻ കാണുന്നു. “എന്തെന്നാൽ നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം മഹത്തരമാണ്; കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു” (സങ്കീർത്തനം 117, RSVCE).

മാർച്ച് 16

നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരോടു ക്ഷമിക്കുക നമുക്ക് കൂടുതൽ എളുപ്പമാണ്. നമുക്കു ലഭിച്ചത് നാം മറ്റുള്ളവർക്കു പകർന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ദൈവം യഥാർഥത്തിൽ നമ്മോടു ക്ഷമിക്കുന്നുവെന്നു വിശ്വസിക്കാൻ നമുക്ക് വളരെ പ്രയാസമാണ്. മറ്റുള്ളവരോടു ക്ഷമിക്കാൻ നമുക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ, നമ്മോടു ക്ഷമിക്കാൻ ദൈവത്തിനും അതേ ബുദ്ധിമുട്ടുണ്ടാകുമെന്നു നാം കരുതുന്നു. അങ്ങനെയല്ല! നമ്മോടു ക്ഷമിക്കാൻ ദൈവത്തിന് ഒരു ബുദ്ധിമുട്ടുമില്ല. തന്നെ വധിക്കുന്നവരോടുപോലും യേശു കുരിശിൽവെച്ചു ക്ഷമിക്കുന്നു!

മാർച്ച് 17

“നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹന്നാൻ 15:16, RSVCE). അതിനെക്കുറിച്ച് ചിന്തിക്കുക. തന്റെ പ്രിയപ്പെട്ട മകനോ മകളോ ആയിരിക്കാൻ അനാദിമുതലേ ദൈവം നിങ്ങളെ തിരഞ്ഞെടുത്തു. നാം ദൈവത്തെ തിരഞ്ഞെടുക്കുന്നതായി നാം കാണുന്നു; അതു സത്യവുമാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ നാം രണ്ടാമതായിരുന്നുവെന്നും അനാദിമുതലേ ദൈവം നമ്മെ തിരഞ്ഞെടുത്തിരുന്നുവെന്നും തിരിച്ചറിയുന്നത് എത്ര വിസ്മയകരമാണ്!

മാർച്ച് 18

മനോഹരമായ ഒരു ചൊല്ലുണ്ട്: “ദൈവത്തിന്റെ കൃപയ്ക്കു നമ്മെ താങ്ങിനിർത്താൻ കഴിയാത്തിടത്തേക്ക് ദൈവത്തിന്റെ തിരുഹിതം നമ്മെ നയിക്കുകയില്ല.” നാം അഭിമുഖീകരിക്കുന്ന സാഹചര്യത്തിന് ഒരു കാരണമോ പരിഹാരമോ കണ്ടെത്താൻ നമ്മുടെ മാനുഷികബുദ്ധിക്കു കഴിയാതെ വരുമ്പോൾ പ്രത്യേകിച്ചും, ഇത് പ്രോത്സാഹനമേകുന്ന ഒരു ചിന്തയാണ്.

മാർച്ച് 19

വിശുദ്ധ യൗസേപ്പിതാവ് സൽമരണത്തിന്റെ മധ്യസ്ഥനാണ്. അതിന്റെ കാരണം മനസ്സിലാക്കാൻ എളുപ്പമാണ്. മരണശയ്യയിൽ കിടക്കുന്ന അദ്ദേഹത്തിന്റെ ഒരു വശത്ത് മറിയവും മറുവശത്ത് യേശുവും നിൽക്കുന്നതായി നാം കാണുന്നു. അതിലേറെ നല്ലൊരവസ്ഥ വേറെയുണ്ടോ! സൽമരണത്തിനായി അദ്ദേഹത്തോടു പ്രാർഥിക്കുക.

മാർച്ച് 20

65 വയസ്സോ അതിലധികമോ ഉള്ള പലരും ഇപ്പോൾ കുമ്പസാരിക്കാൻ പോകുന്നില്ലെന്നും ജീവിതത്തിലുടനീളം അപൂർവമായി മാത്രമേ പോയിട്ടുള്ളൂവെന്നും ഇന്നു നാം കാണുന്നു. നിങ്ങളുടെ സ്ഥിതിയും ഇതാണെങ്കിൽ, മടങ്ങിവരാനോ തികച്ചും പുതിയൊരു ആത്മീയശീലം ആരംഭിക്കാനോ ഒരുപക്ഷേ ഇതു നല്ല സമയമായിരിക്കാം. ഒരു വൈദികന്റെ അടുത്തുചെന്ന് ഇങ്ങനെ പറയുക: “അച്ചാ, കുമ്പസാരം എനിക്ക് കൂടുതൽ അർഥവത്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കാമോ?” അദ്ദേഹം നിങ്ങളെ സഹായിക്കും; ആ അത്ഭുതകരമായ കൂദാശയുടെ അർഥം അനുഭവിച്ചറിയാൻ നിങ്ങൾക്കു കഴിയും.

മാർച്ച് 21

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി സ്വീകരിക്കാൻ കഴിയുന്നത് വലിയൊരു കൃപയാണ്. അവിടുത്തെ പദ്ധതിയിൽ ആശ്രയിച്ചുകൊണ്ട്, നമ്മെയും നമ്മുടെ അവസ്ഥയെയും കുറിച്ചുള്ള എതിർപ്പും മനസ്സിലെ കയ്പും നമുക്കു മാറ്റിവയ്ക്കാം. നാം ആരോഗ്യമുള്ളവരോ രോഗികളോ, ശക്തരോ ദുർബലരോ, ശാന്തസ്വഭാവമുള്ളവരോ തീവ്രവികാരമുള്ളവരോ, മിടുക്കുള്ളവരോ അല്ലാത്തവരോ ആയിരുന്നാലും നമുക്കു ദൈവത്തിൽ ആശ്രയിക്കാം. ഏതു സാഹചര്യത്തിലും മനുഷ്യഹൃദയത്തിലെ ശൂന്യത നിറയ്ക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.

മാർച്ച് 22

വെളിപാട് 3:20-ൽ ഈ മനോഹരമായ വചനമുണ്ട്: “ഇതാ, ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു.” യേശു വാതിൽക്കൽ നിന്നു മുട്ടുന്ന ആ ചിത്രം നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും; വാതിലിനു പിടിയില്ലെന്ന കാര്യവും ശ്രദ്ധിച്ചിട്ടുണ്ടാകും. വാതിൽ അകത്തുനിന്നു മാത്രമേ തുറക്കാനാകൂ. ദൈനംദിന പ്രാർഥനയിലൂടെയും ഇടയ്ക്കിടെയുള്ള കുമ്പസാരത്തിലൂടെയും വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയും, ദിവസം മുഴുവൻ യേശുക്രിസ്തു നമ്മോടൊപ്പമുണ്ടെന്ന അവിടുത്തെ സാന്നിധ്യം മനസ്സിലാക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടും നാം യേശുക്രിസ്തുവിനായി “അകത്തുനിന്ന്” വാതിൽ തുറക്കുന്നു.

മാർച്ച് 23

എന്തുകൊണ്ടോ, ദൈവം നമ്മെ യഥാർഥമായി സ്നേഹിക്കുന്നുവെന്ന് ഉൾക്കൊള്ളാൻ മനുഷ്യരായ നമുക്കു പ്രയാസമാണ്. ഒരുപക്ഷേ, നമുക്കു ലഭിക്കുന്ന നിബന്ധനകളോടുകൂടിയ മാനുഷികസ്നേഹത്തിന്റെ സ്വഭാവം ദൈവത്തിന്റെ സ്നേഹത്തിനും നാം ചാർത്തിക്കൊടുക്കുന്നതാകാം. എന്നാൽ അങ്ങനെയല്ല അവിടുന്നു നമ്മെ സ്നേഹിക്കുന്നത്. യേശു നമ്മോടു പറയുന്നു: “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുന്നു” (യോഹന്നാൻ 15:9, RSVCE). യേശുവിന്റെ വാക്കു വിശ്വസിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കുക. “ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളോടുള്ള അങ്ങയുടെ സ്നേഹം തളരാത്തതാണ്.” (സങ്കീർത്തനം 86 കാണുക.)

മാർച്ച് 24

യേശു കുരിശിൽവച്ച് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞപ്പോൾ കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെടുകയായിരുന്നില്ലെന്ന് വിശുദ്ധ മദർ തെരേസ പലപ്പോഴും പറയുമായിരുന്നു. മറിച്ച്, നമ്മുടെ സ്നേഹത്തിനായി താൻ ദാഹിക്കുന്നുവെന്നും നമ്മോടുള്ള തന്റെ മഹത്തായ സ്നേഹത്തിനു നാം സ്നേഹം തിരികെ നൽകണമെന്നുമാണ് അവിടുന്ന് നമ്മോടു പറഞ്ഞത്. ഒന്നു ചിന്തിച്ചുനോക്കൂ: നമ്മുടെ കർത്താവിനെ സ്നേഹിക്കുമ്പോൾ നാം അവിടുത്തെ ദാഹം ശമിപ്പിക്കുകയാണ്!

മാർച്ച് 25

ദിവ്യകാരുണ്യാരാധനയ്ക്കുള്ള അവസരങ്ങൾ നമുക്കു കൂടുതൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നത് സന്തോഷകരമാണ്. ഒന്നു ശ്രമിച്ചുനോക്കൂ. ദിവ്യകാരുണ്യസാന്നിധ്യത്തിൽ ദൈവത്തിനായി ഒരു മണിക്കൂർ നീക്കിവയ്ക്കൂ. നിങ്ങൾക്കു പ്രാർഥിക്കുകയോ വിശുദ്ധ ഗ്രന്ഥം വായിക്കുകയോ ചെയ്യാം. എന്നാൽ എല്ലാറ്റിലുമുപരി, നമ്മുടെ കർത്താവിനെ നിശ്ശബ്ദമായി ആരാധിച്ചുകൊണ്ട് ഇരിക്കുക. ഒരു മണിക്കൂറിനു ശേഷം നിങ്ങളുടെ ഹൃദയത്തിലുള്ള സമാധാനം കണ്ട് നിങ്ങൾ വിസ്മയിക്കും—അതു നിങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്.

മാർച്ച് 26

ഇതാ ഒരു നിർദേശം: നിങ്ങളുടെ ഉള്ളിലേക്കു വരാനും നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ദൈവത്തോട് അപേക്ഷിക്കുക. അവിടുന്ന് അങ്ങനെ ചെയ്യും.

മാർച്ച് 27

വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെയുള്ള സമയം പ്രാർഥിക്കാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയങ്ങളിലൊന്നാണ്. ക്രിസ്തുവിന്റെ ശരീരവും രക്തവും യഥാർഥത്തിൽ നിങ്ങളുടെ ശരീരത്തിന്റെയും രക്തത്തിന്റെയും ഉള്ളിലാണ്! നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള, ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാനിയോഗങ്ങൾ എന്തൊക്കെയാണ്? അവ നമ്മുടെ കർത്താവിന്റെ മുമ്പിൽ സമർപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.

മാർച്ച് 28

ഫിലിപ്പിയർ 3:14-ൽ വിശുദ്ധ പൗലോസ് പറയുന്നു: “ക്രിസ്തുയേശുവിൽ ദൈവം ഉന്നതത്തിലേക്കു വിളിക്കുന്നതിന്റെ സമ്മാനമാകുന്ന ലക്ഷ്യത്തിലേക്ക് ഞാൻ എന്റെ പ്രയാണം തുടരുന്നു.” നമ്മുടെ ജീവിതങ്ങളും അങ്ങനെയാകട്ടെ.

മാർച്ച് 29

മഡോണ ഹൗസിലെ കാതറിൻ ഡോഹെർട്ടി ഇങ്ങനെ പറയുമായിരുന്നു: “എന്റെ ജീവിതം രണ്ടു വിശുദ്ധ കുർബാനകൾക്കിടയിലാണ് ചെലവഴിയുന്നത്.” ഞാൻ അവസാനം പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കു ശേഷവും അടുത്ത വിശുദ്ധ കുർബാനയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു കാലമായി നമ്മുടെ ജീവിതത്തെ കാണുന്നത് എത്ര മനോഹരമാണ്, അല്ലേ? ദിവ്യകാരുണ്യകേന്ദ്രിതമായ ഒരു ജീവിതം നയിക്കുന്നതിനുള്ള നല്ലൊരു അളവുകോലാണത്.

 

മാർച്ച് 30

പശ്ചാത്താപവും നിരുത്സാഹവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. പാപത്തെക്കുറിച്ചുള്ള പശ്ചാത്താപം നമ്മെ പ്രവർത്തനത്തിലേക്കു നയിക്കുന്നു: “കർത്താവേ, അങ്ങയുടെ സഹായത്താൽ ഞാൻ ഇനി അങ്ങനെ ചെയ്യുകയില്ല.” നിരുത്സാഹം നമ്മെ പ്രത്യാശ നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നു; അത് ദൈവത്തിൽനിന്നുള്ളതാകാൻ കഴിയില്ല.

മാർച്ച് 31

സ്വയം അത്ര ഗൗരവമായി കാണാതിരിക്കാൻ പ്രായമാകുന്നത് നമുക്കു നൽകുന്ന അനേകം അവസരങ്ങൾ അതിശയകരമല്ലേ? അതൊരു നല്ല കാര്യമാണെന്നതിൽ സംശയമില്ല.


ഉള്ളടക്കം

ഏപ്രിൽ


Amazon-ൽ ഇ-പുസ്തകമായോ പേപ്പർബാക്ക് പതിപ്പായോ ലഭ്യമാണ്!