നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
അത്യാഗ്രഹം ആത്മീയസമ്പത്തിനെക്കാൾ ഭൗതികസമ്പത്തിന് പ്രാധാന്യം നൽകുന്നു. കൂടുതൽ ഉണ്ടായിരിക്കുന്നത് നല്ലതും കുറവായിരിക്കുന്നത് മോശവുമാണെന്ന നുണയിൽനിന്നാണ് അത് ആരംഭിക്കുന്നത്. ഭൗതികസമ്പത്ത് നമ്മുടെ ജീവിതസാഫല്യത്തിനോ പൂർണമായ മാനുഷിക സംതൃപ്തിക്കോ ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നതാണ് സത്യം. ഒരാൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുകയും തന്റെയോ കുടുംബത്തിന്റെയോ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, അത് വലിയൊരു ഭാരമായിത്തീരുന്നു. എന്നാൽ കടുത്ത ദാരിദ്ര്യത്തിലും യഥാർഥ സന്തോഷം കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സന്തോഷത്തിന്റെ അളവ് നിർണയിക്കുന്നത് സ്നേഹത്തിന്റെയും മറ്റെല്ലാ സദ്ഗുണങ്ങളുടെയും സാന്നിധ്യം മാത്രമാണ്.
അത്യാഗ്രഹത്തിന് പല രൂപങ്ങളുണ്ട്. പണത്തോടോ ഭൗതികസമ്പത്തിനോടോ ഉള്ള അമിതമായ ആഗ്രഹമാണ് അതിന്റെ ഏറ്റവും സാധാരണമായ രൂപം. ദൈവഹിതം നിറവേറ്റാൻ ഉപയോഗിക്കേണ്ട സമയവും കഴിവുകളും പാഴാക്കുന്നതുപോലുള്ള ഏതൊരു സ്വാർഥപ്രവൃത്തിയിലും അത്യാഗ്രഹം പ്രകടമാകാം.
പ്രാർഥനയിൽ പുരോഗമിക്കുന്നവരിൽ ആത്മീയമായ അത്യാഗ്രഹം—മറ്റ് ആത്മീയ പാപങ്ങളെപ്പോലെതന്നെ—മധുരമായ അനുഭൂതികൾക്കും അനുഭവങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹമാണ്; ചിലപ്പോൾ ആ അനുഭവങ്ങൾ നൽകുന്ന ദൈവത്തെക്കാൾ ആ അനുഭൂതികൾക്ക് അത് പ്രാധാന്യം നൽകുന്നു. മറ്റെല്ലാ ആത്മീയ പാപങ്ങളുടെയും കാര്യത്തിലെന്നപോലെ, ആത്മീയ വരൾച്ചയിലും ത്യാഗത്തിലും സമാധാനത്തോടെ കഴിയുകയും സന്തോഷം കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചില സമയങ്ങളിൽ മധുരമായ അനുഭൂതികൾ നഷ്ടപ്പെടുന്നതിന്റെ “ദാരിദ്ര്യം” മനസ്സോടെ സ്വീകരിക്കണം. ഇത് സന്തോഷമോ സമാധാനമോ നഷ്ടപ്പെടുന്നതിനു തുല്യമല്ല. ദൈവത്തോട് ആഴത്തിൽ ഐക്യപ്പെട്ടിരിക്കുന്നവരിൽ സന്തോഷവും സമാധാനവും എപ്പോഴും നിലനിൽക്കും. എന്നാൽ ഇന്ദ്രിയങ്ങളിൽ അനുഭവപ്പെടുന്ന മധുരമായ അനുഭൂതികൾ കുറഞ്ഞുപോവുകയോ പൂർണമായി നഷ്ടപ്പെടുകയോ ചെയ്തേക്കാം.
അത്യാഗ്രഹത്തിനുള്ള പ്രതിവിധി ഔദാര്യവും ആത്മാവിലുള്ള ദാരിദ്ര്യവുമാണ്. യഥാർഥ ജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു പ്രവൃത്തിയാണ് ഔദാര്യം. ഔദാര്യമുള്ളവരായിരിക്കുക എന്നതിനർഥം, നിങ്ങളുടെ ഭൗതികവും ആത്മീയവുമായ എല്ലാ സമ്പത്തിന്റെയും യഥാർഥ ഉദ്ദേശ്യം നിങ്ങൾ കണ്ടെത്തിയിരിക്കുന്നു എന്നാണ്. ഭൗതികമായ കാര്യങ്ങളിൽ, നിങ്ങൾക്കുള്ളത് ദൈവമഹത്ത്വത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്നു—നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സഭയ്ക്കും ദരിദ്രർക്കും വേണ്ടി. സുഖഭോഗങ്ങളിൽ മുഴുകാത്ത ലളിതമായ ജീവിതം നയിക്കുക എന്നും അതിനർഥമുണ്ട്. ചില ഭൗതികാനുഗ്രഹങ്ങൾ ആരോഗ്യകരമായ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെങ്കിലും, പ്രത്യേകിച്ച് കുടുംബജീവിതത്തിൽ, അവ അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. നിങ്ങളുടെ മനസ്സും കഴിവുകളും സമയവും ദൈവമഹത്ത്വത്തിനും നിങ്ങളുടെയും മറ്റുള്ളവരുടെയും ആത്മീയനന്മയ്ക്കുമായി ഉപയോഗിക്കുന്നതിലാണ് ആത്മീയമായ ഔദാര്യം പ്രകടമാകുന്നത്.
ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്തായി 4:3). എല്ലാ കാര്യങ്ങളിലും പൂർണമായി ദൈവത്തിൽ ആശ്രയിക്കാൻ ഈ സുവിശേഷഭാഗ്യം നമ്മെ വിളിക്കുന്നു. അത്യാഗ്രഹത്തിനുള്ള പ്രതിവിധിയാണിത്. കാരണം, നാം സ്വയംപര്യാപ്തരായിരിക്കണമെന്ന് വിശ്വസിക്കാൻ അത്യാഗ്രഹം നമ്മെ പ്രേരിപ്പിക്കുന്നു; സന്തോഷത്തിലേക്കുള്ള വഴിയെന്നു കരുതി പണവും സമ്പത്തും കുന്നുകൂട്ടുന്നതിലേക്ക് അത് നമ്മെ നയിക്കുന്നു. ആ നുണ ഉപേക്ഷിക്കാനും ദൈവപരിപാലനത്തെ തിരിച്ചറിഞ്ഞ് അതിൽ ആശ്രയിക്കാനും ആത്മാവിലുള്ള ദാരിദ്ര്യം നമ്മെ പ്രാപ്തരാക്കുന്നു. ആത്മാവിൽ ദരിദ്രരായവർ തങ്ങൾക്കുള്ളവ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നു. എന്നാൽ അവർ അതിനപ്പുറം കടന്ന്, തങ്ങൾക്കുള്ള ഭൗതികവും ആത്മീയവുമായ എല്ലാം ദൈവഹിതത്തിന് അനുസൃതമായി മാത്രം ഉപയോഗിക്കേണ്ട ദൈവദാനങ്ങളായി കാണുന്നു.
കുരിശിൽവച്ച് യേശു പരമമായ ഔദാര്യത്തിന്റെ ഒരു പ്രവൃത്തി ചെയ്തു. നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്റെ ജീവൻ നൽകിയെന്നു മാത്രമല്ല, തനിക്ക് ഏറ്റവും വിലപ്പെട്ടതായിരുന്ന സ്വന്തം അമ്മയെയും അവിടുന്ന് നമുക്കെല്ലാവർക്കും നൽകി. തന്റെ അമ്മയോട് അവിടുന്ന് പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” മനുഷ്യകുലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന യോഹന്നാനോട് അവിടുന്ന് പറഞ്ഞു: “ഇതാ, നിന്റെ അമ്മ” (യോഹന്നാൻ 19:26–27). ഈ സമ്പൂർണമായ ഔദാര്യം നാം അനുകരിക്കണം.
നിങ്ങൾ പൂർണമായും ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആസക്തികളിൽനിന്ന് സ്വതന്ത്രരും ആത്മാവിൽ ദരിദ്രരും ആയിത്തീരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ദൈവം നിങ്ങൾക്കു നൽകിയതെല്ലാം നിങ്ങൾ നൽകേണ്ടതാണെന്ന ബോധ്യത്തോടെ പൂർണഹൃദയത്തോടെ ഔദാര്യമുള്ളവരാകുക. അങ്ങനെ ചെയ്യുന്നത് നിങ്ങളിലുള്ള അവിടുത്തെ ആത്മീയദാനങ്ങൾ അത്യധികമായി വർധിക്കാൻ ഇടയാക്കും.
ഏറ്റവും ഉദാരനായ കർത്താവേ, അങ്ങ് എനിക്ക് എല്ലാം നൽകിയിരിക്കുന്നു. എനിക്കു ലഭിച്ചതെല്ലാം അങ്ങയുടെ മഹത്ത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി ഉപയോഗിക്കാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ പൂർണമായും അങ്ങയെ ആശ്രയിച്ചിരിക്കുന്നുവെന്ന സത്യം സ്വീകരിക്കുമ്പോൾ, ഞാൻ യഥാർഥത്തിൽ ഔദാര്യമുള്ളവനാകട്ടെ. അങ്ങയെയും അങ്ങയുടെ പരിപൂർണമായ തിരുഹിതത്തെയും എനിക്കുള്ള ഏറ്റവും വലിയ സമ്പത്തായി ഞാൻ കാണട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: മുപ്പത്തിയൊന്നാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
