മലയാളം

മുപ്പത്തിയൊന്നാം ദിവസം – “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും”


വീഡിയോ പതിപ്പ്

അവിടെ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ യേശുവിനെ ദുഷിച്ചുകൊണ്ട് പറഞ്ഞു: “നീ മിശിഹാ അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” എന്നാൽ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് മറുപടി പറഞ്ഞു: “നീയും അതേ ശിക്ഷാവിധിക്കു കീഴിലായിരിക്കെ നിനക്കു ദൈവത്തെ ഭയമില്ലേ? നാം ശിക്ഷിക്കപ്പെട്ടതു നീതിപൂർവകമാണ്; കാരണം, നമ്മുടെ കുറ്റങ്ങൾക്കു തക്ക ശിക്ഷയാണു നമുക്കു ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ മനുഷ്യൻ ഒരു കുറ്റവും ചെയ്തിട്ടില്ല.” പിന്നെ അവൻ പറഞ്ഞു: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കണമേ.” യേശു അവനോടു മറുപടി പറഞ്ഞു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.” ലൂക്കാ 23:39-43

യേശുവും അവിടുത്തെ വലത്തും ഇടത്തുമായി അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കുറ്റവാളികളും തമ്മിൽ നടന്ന എത്ര ഹൃദയസ്പർശിയായ സംഭാഷണം! നമ്മുടെ പരിശുദ്ധ അമ്മ അവരുടെ സംഭാഷണം കേട്ടുകൊണ്ട് നിശ്ശബ്ദയായി നിന്നു. തന്റെ പുത്രന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെ ഹൃദയം ആനന്ദത്താൽ തുള്ളിച്ചാടി എന്നതിൽ സംശയമില്ല.

ഇത് ഏറെ ഹൃദയസ്പർശിയായ ഒരു രംഗമാണ്. യേശുവിന്റെ വലത്തോ ഇടത്തോ ആയിരിക്കുന്ന നമ്മെയെല്ലാം ഈ രണ്ടു കുറ്റവാളികൾ പ്രതിനിധാനം ചെയ്യുന്നു. നമ്മിൽ ഓരോരുത്തരും സമാനമായ വാക്കുകളിൽ യേശുവോടു സംസാരിക്കുന്നു. നമ്മിൽ ഓരോരുത്തർക്കും ഒന്നുകിൽ നമ്മുടെ കർത്താവിന്റെ മൗനമായിരിക്കും മറുപടിയായി ലഭിക്കുക; അല്ലെങ്കിൽ, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” എന്ന് അവിടുന്ന് പറയുന്നതു കേൾക്കാനാകും.

ഏതു കുറ്റവാളിയാണ് നിങ്ങളെ കൂടുതൽ കൃത്യമായി പ്രതിനിധാനം ചെയ്യുന്നത്? ഒരു കുറ്റവാളി അഹങ്കാരത്തിൽനിന്നു ജനിക്കുന്ന സ്വയനീതിബോധത്താൽ നിറഞ്ഞിരിക്കുന്നു. മറ്റവൻ എളിമയിൽനിന്നു ജനിക്കുന്ന പശ്ചാത്താപത്താൽ നിറഞ്ഞിരിക്കുന്നു. ഇരുവരും കുറ്റക്കാരാണ്; എന്നാൽ ഒരുവനു മാത്രമേ ക്ഷമ ലഭിക്കുന്നുള്ളൂ. ഇരുവരും യേശുവിനെ മിശിഹായായി അംഗീകരിക്കുന്നു; എന്നാൽ ഒരുവൻ മാത്രമേ തന്റെ പാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുള്ളൂ.

ആദ്യത്തെ കുറ്റവാളി പറയുന്നു: “നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” യേശു അപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയാണെന്ന് അവൻ മനസ്സിലാക്കുന്നില്ല. പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുന്നതിലൂടെ അവിടുന്ന് പാപത്തെ നശിപ്പിക്കുകയും, എളിമയോടെ തന്റെ കരുണ തേടുന്ന എല്ലാവർക്കുമായി രക്ഷ നേടിക്കൊടുക്കുകയും ചെയ്യുന്നു. അവിടുത്തെ മരണം പറുദീസയിലേക്കുള്ള പ്രവേശനകവാടമാണ്. ആദ്യത്തെ കുറ്റവാളി ഇതു തിരിച്ചറിയുന്നില്ല. പകരം, കുരിശിലെ മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ യേശുവിനെ വെല്ലുവിളിച്ചുകൊണ്ട്, ഉടനടിയുള്ള ഭൗമികമായ “രക്ഷ”യാണ് അവൻ തേടുന്നത്.

എന്നാൽ മറ്റേ കുറ്റവാളി നമ്മുടെ കർത്താവിന്റെ മഹത്തായ ദൗത്യം തിരിച്ചറിയുന്നു. തന്റെ പാപങ്ങൾ നിമിത്തം തനിക്കു ലഭിക്കുന്ന മരണം നീതിപൂർവകമാണെന്ന് അവൻ അംഗീകരിക്കുന്നു. “നാം ശിക്ഷിക്കപ്പെട്ടതു നീതിപൂർവകമാണ്” എന്ന് അവൻ ഏറ്റുപറയുന്നു. എന്നാൽ ഈ “നല്ല കള്ളൻ” അവിടെ നിർത്തുന്നില്ല. യേശു തന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഓർക്കണമേ എന്ന് അവൻ എളിമയോടെ അപേക്ഷിക്കുന്നു. യേശു ആ അപേക്ഷ സ്വീകരിക്കുകയും, ആസന്നമായ തന്റെ സ്വന്തം മരണത്തിലൂടെ നേടിയെടുക്കുന്ന കൃപ ഈ കുറ്റവാളിക്കു നൽകുകയും അവനു പറുദീസ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

നമ്മുടെ പരിശുദ്ധ അമ്മ ഇതെല്ലാം നോക്കിനിൽക്കുമ്പോൾ, അമ്മയുടെ ഹൃദയം സന്തോഷവും ദുഃഖവുംകൊണ്ടു നിറഞ്ഞു. തന്റെ കുറ്റം എളിമയോടെ അംഗീകരിക്കാതിരുന്ന ആദ്യത്തെ കുറ്റവാളിയെ ഓർത്തായിരുന്നു അമ്മയുടെ ദുഃഖം. തന്റെ പുത്രന്റെ മുമ്പിൽ സ്വയം എളിമപ്പെടുത്തുകയും നിത്യജീവൻ സ്വീകരിക്കുകയും ചെയ്ത മറ്റേ കുറ്റവാളിയെ ഓർത്തായിരുന്നു അമ്മയുടെ സന്തോഷം. തന്റെ പുത്രൻ കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, പറുദീസയുടെ വാഗ്ദാനത്തിനായി അപേക്ഷിക്കുന്നതും തുടർന്ന് അത് അനുവദിക്കപ്പെടുന്നതും മറിയം കണ്ടു. ഈ കുറ്റവാളിയുടെ രക്ഷയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ അമ്മ അനുഭവിച്ച സന്തോഷം, തന്റെ പുത്രനോടു കാട്ടിയ ക്രൂരതയെച്ചൊല്ലി അമ്മ അനുഭവിച്ച ദുഃഖത്തിന് ആശ്വാസമായി.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിനു സന്തോഷം പകരാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. നാമും പാപികളാണെന്ന അർഥത്തിൽ “കുറ്റവാളികളാണ്” എന്ന് എളിമയോടെ സമ്മതിക്കുമ്പോഴാണ് നാം അങ്ങനെ ചെയ്യുന്നത്. നാം അർഹിക്കുന്ന ശിക്ഷ മരണമാണ്. എന്നാൽ ഈ സത്യം എളിമയോടെ സമ്മതിക്കുന്നെങ്കിൽ, നമ്മോടു കരുണ കാണിക്കാനും നമ്മെ പറുദീസയിലേക്കു സ്വീകരിക്കാനും നമ്മുടെ കർത്താവിനോട് യാചിക്കുന്നതിനുള്ള ധൈര്യവും നാം കണ്ടെത്തണം.

ഈ നല്ല കള്ളന്റെ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കണമേ.” ആദത്തിന്റെ പാപത്താൽ ആദ്യം അടഞ്ഞുപോയ പറുദീസയുടെ കവാടങ്ങൾ തുറക്കാനാണ് നമ്മുടെ കർത്താവു മരിച്ചത്. അമ്മയുടെ പുത്രന്റെ കുരിശിലൂടെ നേടിയ കൃപയ്ക്കു മുമ്പിൽ നിങ്ങൾ സ്വയം എളിമപ്പെടുത്തുമ്പോഴെല്ലാം നമ്മുടെ പരിശുദ്ധ അമ്മയ്ക്കു നിങ്ങൾ നൽകുന്ന സന്തോഷത്തെക്കുറിച്ചും ധ്യാനിക്കുക.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, അമ്മ തന്റെ പുത്രന്റെ മുമ്പിൽ നിൽക്കുകയും, പശ്ചാത്തപിച്ച കള്ളന് അവിടുന്ന് രക്ഷ വാഗ്ദാനം ചെയ്യുന്നതു കേൾക്കുകയും ചെയ്തപ്പോൾ, അമ്മയുടെ ഹൃദയം നിർമ്മലമായ ആനന്ദത്താൽ തുള്ളിച്ചാടി. അമ്മയുടെ പുത്രന്റെ കുരിശിലെ കൃപ എന്റെമേൽ വർഷിക്കപ്പെടുന്നതു കാണുമ്പോൾ, അമ്മയുടെ ഹൃദയത്തിനു സന്തോഷം പകരാൻ എനിക്കും കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.

എന്റെ പ്രിയ അമ്മേ, എല്ലാ പാപികളുടെയും മാനസാന്തരത്തിൽ ഞാനും സന്തോഷിക്കേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. പലപ്പോഴും ഞാൻ മറ്റുള്ളവരെ വിധിക്കുകയും ക്ഷമിക്കാൻ മടിക്കുകയും ചെയ്യുന്നു. എന്റെ ഹൃദയം അമ്മയുടെ നിർമ്മലമായ സ്നേഹം അനുകരിക്കട്ടെ; അമ്മയുടെ പുത്രനിലേക്കു തിരിയുന്ന എല്ലാവരുടെയും മാനസാന്തരത്തിൽ ഞാൻ സന്തോഷം കണ്ടെത്തട്ടെ.

ക്ഷമിക്കുന്ന എന്റെ രക്ഷകനേ, എന്റെ പാപങ്ങൾ നിമിത്തം ഞാൻ നീതിപൂർവം ശിക്ഷിക്കപ്പെട്ടിരിക്കുന്നു; ഞാൻ മരണം അർഹിക്കുകയും ചെയ്യുന്നു. പ്രിയ കർത്താവേ, എന്നോടു ക്ഷമിക്കുകയും എന്നിൽ കരുണയുണ്ടാകുകയും ചെയ്യണമേ. എന്റെ പാപങ്ങളെക്കുറിച്ച് ഞാൻ പശ്ചാത്തപിക്കുന്നു. അങ്ങയുടെ മഹത്വപൂർണ്ണമായ രാജ്യത്തിൽ അങ്ങ് എന്നെ ഓർക്കുന്നതിനുള്ള കൃപ ഞാൻ അങ്ങയോടു യാചിക്കുന്നു.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിരണ്ടാം ദിവസം – “സ്ത്രീയേ, ഇതാ നിന്റെ മകൻ…ഇതാ നിന്റെ അമ്മ”

ഉള്ളടക്കം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!