മലയാളം

ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിനാലാം ആഴ്ച

4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble – കൂടാതെ മറ്റിടങ്ങളിലും!

ഉള്ളടക്കപ്പട്ടിക


വിശ്വരാജനായ ക്രിസ്തു

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം (വർഷം A)

“അപ്പോൾ അവൻ തന്റെ ഇടതുവശത്തുള്ളവരോടു പറയും: ‘ശപിക്കപ്പെട്ടവരേ, എന്നിൽനിന്ന് അകന്ന്, പിശാചിനും അവന്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു; നിങ്ങൾ എനിക്കു ഭക്ഷണം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങൾ എനിക്കു കുടിക്കാൻ തന്നില്ല. ഞാൻ അപരിചിതനായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗിയും തടവിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’” മത്തായി 25:41–43

1899 ജൂൺ 11-ന് ലെയോ പതിമൂന്നാമൻ മാർപാപ്പ മനുഷ്യവംശത്തെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് ആഘോഷപൂർവം സമർപ്പിച്ചു. തന്റെ പാപ്പാശുശ്രൂഷയിലെ “മഹത്തായ പ്രവൃത്തി”യായിട്ടാണ് അദ്ദേഹം ആ നിമിഷത്തെ കണക്കാക്കിയത്. ഈ സമർപ്പണം പവിത്രമായ ഈ സത്യത്തിൽ വേരൂന്നിയിരുന്നു: “[ക്രിസ്തുവിന്റെ] സാമ്രാജ്യത്തിൽ ഉൾപ്പെടുന്നത് കത്തോലിക്കാ രാഷ്ട്രങ്ങൾ മാത്രമല്ല, മാമ്മോദീസ സ്വീകരിച്ചവർ മാത്രമല്ല… ക്രൈസ്തവവിശ്വാസത്തിനു പുറത്തുള്ള എല്ലാവരും കൂടിയാണ്; അതിനാൽ യഥാർഥത്തിൽ മനുഷ്യവംശം മുഴുവൻ യേശുക്രിസ്തുവിന്റെ അധികാരത്തിനു വിധേയമാണ്” (വിശുദ്ധ വർഷം, 3).

പ്രവാചകസ്വഭാവമുള്ള ഈ സമർപ്പണത്തിനുശേഷം, അസ്വസ്ഥതകൾ വർധിച്ചുവന്ന ദശാബ്ദങ്ങളാണ് കടന്നുപോയത്. 1920-കളോടെ ലോകം രാഷ്ട്രീയവും സാമൂഹികവുമായ പ്രക്ഷുബ്ധതയിലേക്ക് ആണ്ടുപോയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മതേതരവാദം രാഷ്ട്രങ്ങളിലുടനീളം അതിവേഗം വ്യാപിച്ചു. അതേസമയം, കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ വേരൂന്നുകയും അസംഖ്യം ആത്മാക്കളെ തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും ഉപേക്ഷിക്കാൻപോലും പ്രേരിപ്പിക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടുമുതൽ യൂറോപ്യൻ ജീവിതത്തിന്റെ ഘടനയിൽ ആഴത്തിൽ ഇഴചേർന്നിരുന്ന, വിശ്വാസവും സിവിൽ ഭരണവും തമ്മിലുള്ള ദീർഘകാലബന്ധം ശിഥിലമാകാൻ തുടങ്ങി. രാഷ്ട്രങ്ങളുടെമേലുള്ള ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കപ്പെടാതായി; മനുഷ്യവംശം കൂടുതൽക്കൂടുതൽ തന്നിൽത്തന്നെ ആശ്രയം വയ്ക്കുകയും ചെയ്തു.

ആത്മീയവും സാമൂഹികവുമായ ഈ അധഃപതനത്തോടുള്ള പ്രതികരണമെന്ന നിലയിൽ, ക്രിസ്തുവിന്റെ സാർവത്രിക രാജത്വം ഒരിക്കൽക്കൂടി പ്രഘോഷിക്കേണ്ടതിന്റെ അടിയന്തരാവശ്യം പീയൂസ് പതിനൊന്നാമൻ മാർപാപ്പ തിരിച്ചറിഞ്ഞു. ദൈവത്തിന്റെ അധികാരവും ദൈവികനിയമവും പൊതുജീവിതത്തിൽനിന്ന് ഒഴിവാക്കപ്പെടുമ്പോൾ സമൂഹം ധാർമ്മികമായ ആശയക്കുഴപ്പത്തിലേക്കും നാശത്തിലേക്കും നീങ്ങുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതിനെ ചെറുക്കാൻ, 1925-ൽ അദ്ദേഹം ക്രിസ്തുരാജന്റെ തിരുനാൾ സ്ഥാപിച്ചു. യഥാർഥ രാജാവ് ഒരുവൻ മാത്രമാണെന്നും, അവിടുന്ന് കത്തോലിക്കരുടെയും ക്രൈസ്തവരുടെയും മാത്രം രാജാവല്ല, മറിച്ച് മനുഷ്യവംശം മുഴുവന്റെയും രാജാവും എല്ലാ രാഷ്ട്രങ്ങളുടെയും രാജാവും പ്രപഞ്ചം മുഴുവന്റെയും രാജാവുമാണെന്നും അദ്ദേഹം സഭയെയും ലോകത്തെയും ഓർമിപ്പിച്ചു.

ആരാധനാക്രമവത്സരത്തിന്റെ അവസാന ഞായറാഴ്ച ഈ മഹിമയാർന്ന മഹോത്സവം ആഘോഷിക്കുമ്പോൾ, ക്രിസ്തുവിന്റെ സാർവത്രിക രാജത്വം അനുസ്മരിക്കാനും വീണ്ടും ഉറപ്പിച്ചുപറയാനും നാം ക്ഷണിക്കപ്പെടുന്നു. ലോകമെമ്പാടും അനേകർ ക്രിസ്തുവിനെ അനുഗമിക്കുകയോ അവിടുത്തെ കർത്താവായി അംഗീകരിക്കുകയോ ചെയ്യുന്നില്ല. ചിലർ വ്യാജമതങ്ങളെ പിന്തുടരുന്നു, മതേതര പ്രത്യയശാസ്ത്രങ്ങളെ സ്വീകരിക്കുന്നു, അല്ലെങ്കിൽ ദൈവത്തെയും മതാനുഷ്ഠാനങ്ങളെയും പൂർണമായും നിരാകരിക്കുന്നു.

ഒരാളുടെ വിശ്വാസമോ അവിശ്വാസമോ എന്തായിരുന്നാലും, എല്ലാവരും തങ്ങളുടെ ഭൗമികജീവിതത്തിന്റെ അന്ത്യത്തിൽ പ്രപഞ്ചത്തിന്റെ രാജാവായ യേശുക്രിസ്തുവിന്റെ മുമ്പിൽ നിൽക്കുമെന്നും അവിടുന്നുമാത്രം അവരെ വിധിക്കുമെന്നുമുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം. ഒരാൾ ഏതു വിശ്വാസപ്രമാണം സ്വീകരിച്ചാലും നിരാകരിച്ചാലും, ക്രിസ്തു സാർവത്രിക രാജാവും എല്ലാവരുടെയും ഏക ന്യായാധിപനുമായി നിലകൊള്ളുന്നു. ചിലരോട് അവിടുന്ന് പറയും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിൻ.” മറ്റുള്ളവരോട് അവിടുന്ന് പ്രഖ്യാപിക്കും: “ശപിക്കപ്പെട്ടവരേ, എന്നിൽനിന്ന് അകന്ന്, പിശാചിനും അവന്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” ക്രിസ്തുവിന്റെ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഈ ജീവിതത്തിൽ അവിടുത്തെ നിരാകരിക്കുന്നവർക്ക് മരണവേളയിൽ, “എന്നെ വിധിക്കാൻ അങ്ങേക്ക് അവകാശമില്ല!” എന്നു പറയാനാവില്ല. യേശുവിനു മാത്രമാണ് ആ അവകാശമുള്ളത്. ഓരോ ആത്മാവിന്റെയും ആഴങ്ങളിലേക്കു നോക്കിക്കൊണ്ട്, ദൈവികനീതിയുടെയും കരുണയുടെയും പരിപൂർണമായ ഐക്യത്തിൽ അവിടുന്ന് ആ അവകാശം വിനിയോഗിക്കും.

ക്രിസ്തുവിന്റെ രാജത്വം സാർവത്രികമാണെന്നും അത് അവിടുത്തേക്കു മാത്രമുള്ളതാണെന്നും ഗ്രഹിക്കുന്നത്, ഓരോ ആത്മാവിനെയും അവിടുത്തെ അടുക്കലേക്ക് ആകർഷിക്കാൻ സുവിശേഷവത്കരണം നടത്താനും, ഭരണം ഉൾപ്പെടെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ക്രിസ്തുവിനെ കൊണ്ടുവരാൻ ഉത്സാഹത്തോടെ പ്രവർത്തിക്കാനും നമ്മെ പ്രചോദിപ്പിക്കും. സഭയും രാഷ്ട്രവും വേർതിരിഞ്ഞുനിൽക്കുക എന്നത് സാധാരണ ക്രമമായിരിക്കുന്ന രാജ്യങ്ങളിൽ, സഭാനേതാക്കൾ സിവിൽ അധികാരം പ്രയോഗിക്കുന്നതിൽനിന്ന് ഉചിതമായി വിട്ടുനിൽക്കുന്നുവെങ്കിലും, യേശുക്രിസ്തുവിനെ പൊതുജീവിതത്തിൽനിന്ന് ഒഴിവാക്കണമെന്നല്ല അതിന്റെ അർഥമെന്ന് നാം ഓർക്കണം. മറിച്ച്, കാലത്തിന്റെ അന്ത്യത്തിൽ എല്ലാ മനുഷ്യരോടും തന്റെ ദൈവികതിരുവിഷ്ടത്തിന് അനുസൃതമായി കണക്കു ചോദിക്കുമ്പോൾ അവിടുന്ന് കേന്ദ്രസ്ഥാനത്തായിരിക്കുന്നതുപോലെ, മനുഷ്യരുടെ എല്ലാ ഭരണസംവിധാനങ്ങളുടെയും കേന്ദ്രത്തിൽ അവിടുന്ന് നിലകൊള്ളണം.

വരാനിരിക്കുന്ന ക്രിസ്തുവിന്റെ വിധിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും—നിങ്ങളുടെ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ, ബന്ധങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവയിലെല്ലാം—അവിടുന്ന് യഥാർഥത്തിൽ രാജാവായി വാഴുന്നുണ്ടോ എന്നു ചിന്തിക്കുക. തുടർന്ന്, ഹൃദയങ്ങളിലും ഭവനങ്ങളിലും വിശാലമായ സാംസ്കാരികജീവിതത്തിലും അവിടുത്തെ രാജ്യം സ്ഥാപിതമാകാൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് ആലോചിക്കുക. അങ്ങനെ, അവിടുന്ന് മഹിമയിൽ വരുമ്പോൾ അവിടുത്തെ വലതുവശത്തുള്ളവരുടെ കൂട്ടത്തിൽ നിങ്ങളും കാണപ്പെടട്ടെ.

പ്രപഞ്ചത്തിന്റെ രാജാവായ കർത്താവേ, യേശുക്രിസ്തുവേ, അങ്ങ് സകല സൃഷ്ടികളുടെയും നാഥനും ഓരോ ആത്മാവിന്റെയും ന്യായാധിപനും ലോകത്തിന്റെ ഏക രക്ഷകനുമാണ്. ഞങ്ങളുടെ ജീവിതത്തിന്മേലും ഞങ്ങളുടെ രാഷ്ട്രങ്ങൾക്കുമേലും ഞങ്ങളുടെ ലോകത്തിന്മേലുമുള്ള അങ്ങയുടെ പരമാധികാരം അംഗീകരിച്ചുകൊണ്ട്, വിനീതമായ ആരാധനയോടെ ഞങ്ങൾ ഇന്ന് അങ്ങയുടെ മുമ്പിൽ തലവണങ്ങുന്നു. അങ്ങയുടെ സത്യത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ഹൃദയങ്ങളിൽ വാഴണമേ; ഞങ്ങളുടെ ആഗ്രഹങ്ങളെ ശുദ്ധീകരിക്കുകയും ഞങ്ങളുടെ ജീവിതത്തെ അങ്ങയുടെ അതിവിശുദ്ധമായ തിരുവിഷ്ടത്തിന് അനുരൂപമാക്കുകയും ചെയ്യണമേ. മഹത്തായ ആ അന്തിമവിധിദിനത്തെ പ്രതീക്ഷിച്ചുകൊണ്ട്, ഈ ലോകത്തിലെ ഓരോ ആത്മാവും അങ്ങയെ അറിയാനും ആരാധിക്കാനും ഇടയാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


രാജാവിന്റെ മുമ്പിൽ നിൽക്കുമ്പോൾ

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം (വർഷം ബി)

പീലാത്തോസ് യേശുവിനോടു ചോദിച്ചു: “നീ യഹൂദരുടെ രാജാവാണോ?” യേശു മറുപടി പറഞ്ഞു: “നീ സ്വയം പറയുന്നതാണോ ഇത്, അതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോടു പറഞ്ഞതാണോ?” പീലാത്തോസ് മറുപടി പറഞ്ഞു: “ഞാൻ യഹൂദനല്ലല്ലോ? നിന്റെ സ്വന്തം ജനതയും പ്രധാനപുരോഹിതന്മാരുമാണ് നിന്നെ എനിക്ക് ഏൽപ്പിച്ചുതന്നത്. നീ എന്താണു ചെയ്തത്?” യേശു മറുപടി പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല…” യോഹന്നാൻ 18:33–36

ഭൗമികാധികാരവും സാമ്രാജ്യത്തിന്റെ ശക്തമായ പിൻബലവുമുള്ള യുദയായിലെ റോമൻ ദേശാധിപതിയായിരുന്നു പീലാത്തോസ്. അവന്റെ മുമ്പിൽ നിൽക്കുന്ന മിക്കവരും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയോർത്ത് ഉത്കണ്ഠയോടെ വിറയ്ക്കുമായിരുന്നു. എന്നാൽ, യോഹന്നാന്റെ സുവിശേഷത്തിലെ ഈ രംഗത്തിൽ യഥാർഥത്തിൽ വിചാരണ നേരിടുന്നത് യേശുവല്ല—പീലാത്തോസാണ്. ഭൗമികമായ ഒരു കോടതിയിൽ ക്രിസ്തുവിന്മേൽ അധികാരം പ്രയോഗിക്കുന്നതായി അവൻ കാണപ്പെട്ടെങ്കിലും, യഥാർഥത്തിൽ പീലാത്തോസ് മുഖാമുഖം നിന്നത് സകല മനുഷ്യരുടെയും ന്യായാധിപന്റെ മുമ്പിലായിരുന്നു; എല്ലാ ഭൗമിക ഭരണാധികാരങ്ങൾക്കും അതീതമായ രാജ്യമുള്ള നിത്യരാജാവിന്റെ മുമ്പിലായിരുന്നു.

പീലാത്തോസിന്റെ മുമ്പിൽ നിന്നപ്പോൾ യേശു ആഗ്രഹിച്ചിരുന്നെങ്കിൽ, എല്ലാവരും കാണത്തക്കവിധം തന്റെ ദൈവികമഹത്ത്വം വെളിപ്പെടുത്താനും തന്റെ സംരക്ഷണത്തിനായി അസംഖ്യം പോരാളിമാരായ ദൂതന്മാരെ വിളിച്ചുവരുത്താനും അവിടുത്തേക്കു കഴിയുമായിരുന്നു. എന്നാൽ, ബലപ്രയോഗത്തിന്റേതല്ല, നിത്യവീണ്ടെടുപ്പിന്റേതായ രാജത്വം വെളിപ്പെടുത്തുന്നതിനായി യേശു നിശ്ശബ്ദനായി നിലകൊണ്ട് പീഡകൾക്കും മരണത്തിനും തന്നെത്തന്നെ വിധേയനാക്കി. അവിടുത്തെ രാജ്യം സ്ഥാപിക്കപ്പെടുക അക്രമത്തിലൂടെയല്ല, കുരിശിലൂടെയും ബലിദാനപരമായ സ്നേഹത്തിന്റെ നിർമലതയിലൂടെയും പവിത്രതയിലൂടെയുമായിരുന്നു.

പീലാത്തോസിന്റെ ജീവിതാന്ത്യത്തിൽ അവൻ വീണ്ടും യേശുവിന്റെ മുമ്പിൽ നിന്നു; എന്നാൽ ഇത്തവണ സ്വന്തം വിധിക്കായിട്ടായിരുന്നു അത്. ആ നിമിഷത്തിൽ ക്രിസ്തു താഴ്മയോടെ നിശ്ശബ്ദനായി നിൽക്കുകയായിരുന്നില്ല; മറിച്ച്, മഹത്ത്വത്തിൽ വാണുകൊണ്ട് ദൈവികവും ശാശ്വതവുമായ വിധി പ്രസ്താവിക്കുകയായിരുന്നു. പീലാത്തോസിന്റെ ആത്മാവിന്റെ അന്തിമഗതി നമുക്കറിയില്ല. എന്നാൽ അവനെ വിധിച്ചത് റോമിലെ വ്യാജദേവന്മാരല്ലെന്ന് നമുക്കറിയാം—അപ്പോളോയോ ജൂപ്പിറ്ററോ മറ്റേതെങ്കിലും വിഗ്രഹമോ അല്ല, ഏകസത്യദൈവവും പ്രപഞ്ചരാജാവുമായ യേശുക്രിസ്തുവാണ്.

പീലാത്തോസിന്റെ മരണത്തിന്റെയും തനതുവിധിയുടെയും നിമിഷം സങ്കൽപ്പിക്കുക. അപ്പോഴേക്കും അവൻ മാനസാന്തരപ്പെട്ടിരുന്നില്ലെങ്കിൽ, മഹത്ത്വീകൃതനായ യേശുവിന്റെ മുമ്പിൽ നിൽക്കുമ്പോൾ അവൻ ഞെട്ടിത്തരിച്ചുപോകുമായിരുന്നു. ദൈവപുത്രനെ ശിക്ഷയ്ക്കു വിധിച്ചതിലുള്ള തന്റെ ഭീരുത്വം ആ നിമിഷത്തിൽ പീലാത്തോസ് തിരിച്ചറിയുമായിരുന്നു. ക്രിസ്തുവിന്റെ ഭരണത്തിന് തങ്ങളെത്തന്നെ ഭരമേൽപ്പിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കാനുള്ള മാർഗമായിത്തന്നെ കുരിശുമരണത്തെ മാറ്റാൻ ദൈവത്തിനുള്ള ശക്തി കണ്ട് അവൻ വിസ്മയഭരിതനാകുകയും ചെയ്യുമായിരുന്നു.

തന്റെ തനതുവിധിക്കായി പീലാത്തോസ് പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മുമ്പിൽ നിന്നതുപോലെ, നാമോരോരുത്തരും അവിടുത്തെ മുമ്പിൽ നിൽക്കും. വിധി എന്ന ആശയം കഠിനമോ അന്തസ്സിനെ താഴ്ത്തുന്നതോ ആയി ചിലർക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് ദുഃഖകരമായ ഒരു തെറ്റാണ്. ക്രിസ്തു നിത്യതയോളം രാജാവായി വാഴുമെന്ന് മാത്രമല്ല ഇന്നത്തെ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നത്; മരണവേളയിൽ ഓരോ ആത്മാവിന്റെയും സത്യവും ഏകവുമായ ന്യായാധിപൻ അവിടുന്നാണെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു. ആ ദൈവികയാഥാർഥ്യത്തിൽനിന്ന് നാം ഒരിക്കലും ഒഴിഞ്ഞുമാറരുത്.

യേശുവിന്റെ ന്യായവിധിയെക്കാൾ അവിടുത്തെ ദയ, ആനന്ദം, സൗമ്യത, വിടർത്തിയ കരങ്ങൾ എന്നിവയെക്കുറിച്ചു ധ്യാനിക്കാനാണ് നാം പലപ്പോഴും ഇഷ്ടപ്പെടുന്നത്. നല്ല ഇടയന്റെയും നല്ല സമരിയാക്കാരന്റെയും ധൂർത്തപുത്രനെ കാത്തിരിക്കുന്ന സ്നേഹനിധിയായ പിതാവിന്റെയും രൂപങ്ങൾ നാം ഹൃദയത്തിൽ സൂക്ഷിക്കുന്നു. കുട്ടികളെ ആലിംഗനം ചെയ്യുകയും രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന യേശുവിന്റെ ചിത്രങ്ങൾ നമുക്ക് ആശ്വാസം പകരുന്നു. ഈ ചിത്രങ്ങൾ സത്യവും മനോഹരവുമാണ്. എന്നാൽ നമ്മുടെ കർത്താവിന്റെ ആ വശം മാത്രമേ നാം കാണുന്നുള്ളൂവെങ്കിൽ, അവിടുത്തെ നാം പൂർണമായി അറിയുന്നില്ല. അവിടുത്തെ നീതി അചഞ്ചലവും നിർണായകവുമാണ്. ഗുരുതരപാപത്തിൽ തുടരുന്ന, അനുതാപമില്ലാത്ത ആത്മാവിനെ ശിക്ഷയ്ക്കു വിധിക്കാൻ അവിടുന്ന് മടിക്കുകയില്ല. മാനസാന്തരവും ശുദ്ധീകരണവും പൂർണതപോലും ആവശ്യപ്പെടാൻ അവിടുന്ന് ഒരിക്കലും മടിക്കുന്നില്ല. നാം അഹങ്കാരത്തോടും ധാർഷ്ട്യത്തോടുംകൂടെ പെരുമാറുമ്പോൾ, സത്യത്തോടും വ്യക്തതയോടുംകൂടെ നമ്മെ തന്നിലേക്കു തിരികെ വിളിച്ചുകൊണ്ട് അവിടുന്ന് ഉറപ്പോടെ നമ്മെ എളിമപ്പെടുത്തുന്നു.

യേശുവിനെക്കുറിച്ച് നിങ്ങളുടെ മനസ്സിലുള്ള രൂപത്തെപ്പറ്റി ഇന്ന് ധ്യാനിക്കുക. അവിടുന്ന് ആരാണെന്നതിന്റെ പൂർണചിത്രം നിങ്ങൾ കാണുന്നുണ്ടോ, അതോ കൂടുതൽ ആശ്വാസം നൽകുന്ന രൂപങ്ങൾ മാത്രം കാണാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? നീതിയുടെയും കൃപയുടെയും സിംഹാസനത്തിൽ ഉപവിഷ്ടനായ, അതിമഹത്ത്വപൂർണനായ രാജാധിരാജന്റെ മുമ്പിൽ നിങ്ങൾ നിൽക്കുന്നതായി ധ്യാനിക്കുക. അവിടുത്തെ ദൈവകരുണയിൽ വലിയ പ്രത്യാശ നമ്മിൽ നിറയ്ക്കുന്നതോടൊപ്പം, പാപത്തെക്കുറിച്ചുള്ള വിശുദ്ധമായ ഭയവും ആ ദർശനം നമ്മിൽ ഉണർത്തണം. നിങ്ങളുടെ വിധിദിനത്തെ മുന്നിൽക്കണ്ട് ഇന്ന് രാജാവിന്റെ മുമ്പിൽ നിൽക്കുക. നിങ്ങളുടെ ജീവിതത്തിന്റെ സത്യസന്ധമായ കണക്ക് തയ്യാറാക്കുക, നിങ്ങളുടെ ന്യായാധിപനായ ക്രിസ്തുവിന്റെ സ്വരം ശ്രവിക്കുക, അനുതപിക്കുക—ഇന്നും നാളെയും എല്ലാ ദിവസവും—അങ്ങനെ അന്തിമവിധി വരുമ്പോൾ, അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്ത്വപൂർണമായ ദിവസമാകട്ടെ.

പ്രപഞ്ചരാജാവായ യേശുക്രിസ്തുവേ, എന്റെ സർവസ്വവുംകൊണ്ട് ഞാൻ അങ്ങയെ സ്നേഹിക്കുകയും വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. എല്ലാ രാജാക്കന്മാരുടെയും ഏക രാജാവും എല്ലാ പ്രഭുക്കന്മാരുടെയും കർത്താവും മനുഷ്യകുലത്തിന്റെ രക്ഷകനും അങ്ങാണ്. ആരാധനാക്രമവർഷത്തിന്റെ അവസാന ആഴ്ചയിലേക്കു പ്രവേശിക്കുകയും അങ്ങയെ രാജാവും ന്യായാധിപനുമായി ആഘോഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഈ വേളയിൽ, എന്നെ എളിമപ്പെടുത്തണമേ; അങ്ങയുടെ നീതിയെയും കരുണയെയും കുറിച്ച് എന്നെ ബോധവാനാക്കണമേ; എന്റെ ജീവിതത്തിന്റെ സത്യസന്ധമായ കണക്ക് നൽകാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ. വിധിക്കായി ഞാൻ അങ്ങയുടെ മുമ്പിൽ നിൽക്കുന്ന ആ ദിവസം അളവറ്റ ആനന്ദത്തിന്റെ ദിനമാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


ക്രൂശിതനായ രാജാവിന്റെ രാജ്യം

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം (വർഷം സി)

“ഈശോയേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കണമേ.” അവിടുന്ന് അവനോടു മറുപടി പറഞ്ഞു: “ആമേൻ, ഞാൻ നിന്നോടു പറയുന്നു, ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.” ലൂക്കാ 22:42–43

ആരാധനാക്രമവത്സരത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്, വരാനിരിക്കുന്ന അന്തിമവും മഹത്ത്വപൂർണവുമായ യാഥാർഥ്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഭാവിയിൽ ഒരിക്കൽ, പ്രപഞ്ചരാജാവായ ഈശോമിശിഹാ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഓരോ ആത്മാവിനെയും വിധിക്കാനും, ദൃശ്യവും ശാശ്വതവുമായ തന്റെ രാജ്യം സ്ഥാപിക്കാനും മഹത്ത്വത്തോടും പ്രതാപത്തോടുംകൂടെ വീണ്ടും വരും. കൃപാവസ്ഥയിലുള്ളതും പൂർണമായി ശുദ്ധീകരിക്കപ്പെട്ടതുമായ ഓരോ ആത്മാവും ദൈവമക്കളെന്ന നിലയിൽ ആ രാജ്യത്തിൽ പ്രവേശിച്ച്, മിശിഹായുടെ നിത്യഭരണത്തിൻകീഴിൽ എന്നേക്കും ജീവിക്കും.

നിങ്ങൾ എപ്പോഴെങ്കിലും ആ ദിവസത്തെക്കുറിച്ചു ചിന്തിക്കാറുണ്ടോ? അത് യാഥാർഥ്യത്തിനപ്പുറമുള്ളതായോ വിദൂരമായോ, യാഥാർഥ്യത്തെക്കാൾ ഒരു സിദ്ധാന്തം മാത്രമായോ തോന്നാം. മിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വെറും പ്രതീകങ്ങളോ രൂപകങ്ങളോ മാത്രമാണോ എന്നു ചിലർ സംശയിച്ചേക്കാം.

എന്നാൽ, ഓരോ ഞായറാഴ്ചയും വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്ന സത്യം ഇതാണ്: ഈശോ ശരീരത്തോടെ ഭൂമിയിലേക്കു വീണ്ടും വരും; ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കും; സ്വർഗത്തെയും ഭൂമിയെയും തന്റെ നിത്യരാജ്യത്തിൽ ഒന്നിപ്പിക്കും; അനുതപിക്കാത്ത ഗൗരവപാപികളെ തന്നിൽനിന്നുള്ള നിത്യവേർപാടിനു വിധിക്കും; തന്റെ വിശ്വസ്തരായ മക്കളെ തന്റെ നിത്യമഹത്ത്വത്തിൽ പങ്കുചേരാൻ സ്വീകരിക്കും. ഇത് സങ്കല്പകഥയല്ല; യാഥാർഥ്യമാണ്. ഈ വിശുദ്ധസത്യത്തെക്കുറിച്ചു ധ്യാനിക്കാൻ ഇന്നത്തെ മഹോത്സവം നമ്മെ ക്ഷണിക്കുന്നു.

മഹാരാജാവും നല്ല കള്ളനും തങ്ങളുടെ കുരിശുകളിൽ മരണാസന്നരായി തൂങ്ങിക്കിടക്കുമ്പോൾ, അവിടുന്ന് അവനോടു പറഞ്ഞ ശക്തമായ വാക്കുകളാണ് ഇന്നത്തെ സുവിശേഷം അനുസ്മരിപ്പിക്കുന്നത്. ഒരു കുരിശിൽനിന്ന് രാജാവിലുള്ള വിശ്വാസത്തിന്റെ എളിയ ഏറ്റുപറച്ചിൽ ഉയർന്നു; മറ്റേതിൽനിന്ന് സ്നേഹത്തിന്റെയും കരുണയുടെയും രക്ഷയുടെയും ദൈവികപ്രഖ്യാപനവും.

ആ നിമിഷം നമ്മുടെ കർത്താവിന്റെ സിംഹാസനം സ്വർണംകൊണ്ടുള്ളതായിരുന്നില്ല. രത്നകിരീടമോ ആഘോഷഗാനങ്ങൾ ആലപിക്കുന്ന ഗണങ്ങളോ ഉണ്ടായിരുന്നില്ല. പകരം, രണ്ടു കുറ്റവാളികൾക്കിടയിൽ കുരിശിൽ തറയ്ക്കപ്പെട്ട്, അധികാരികളുടെയും പടയാളികളുടെയും വഴിപോക്കരുടെയും പരിഹാസത്തിനിരയായി, തകർന്ന ഒരു മനുഷ്യനെയാണ് നാം കാണുന്നത്. എന്നിട്ടും, ഒട്ടും പ്രതീക്ഷിക്കാത്ത ആ ഇടത്തുതന്നെയാണ് ദൈവികരാജത്വത്തിന്റെ രഹസ്യം അതിന്റെ പൂർണതയിൽ വെളിപ്പെടുന്നത്.

ഈശോയുടെ ശിരസ്സിനു മുകളിൽ, പരിഹാസത്തോടെ എഴുതിയതെങ്കിലും മഹത്ത്വപൂർണവും പ്രവചനാത്മകവുമായ സത്യം ഉൾക്കൊള്ളുന്ന ഒരു ലിഖിതമുണ്ടായിരുന്നു: “ഇവൻ യഹൂദരുടെ രാജാവാണ്.” തന്റെ മരണത്തിലൂടെ നമ്മെ രക്ഷിക്കാനാണ് അവിടുന്ന് വന്നത് എന്നതിനാൽ അവിടുന്ന് തന്നെത്തന്നെ രക്ഷിച്ചില്ല. ആധിപത്യത്തിലൂടെയും ശക്തിയിലൂടെയുമല്ല, മറിച്ച് സ്വയം സമർപ്പണത്തിലൂടെയും കരുണയിലൂടെയും മരണംവരെയുള്ള സ്നേഹത്തിലൂടെയുമാണ് അവിടുന്ന് ഭരിക്കുന്നത്. കുരിശിൽനിന്നാണ് അവിടുന്ന് തന്റെ രാജ്യത്തിനു തുടക്കം കുറിക്കുന്നത്; കുരിശിലൂടെയാണ് അവിടുന്ന് സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കുന്നത്.

ആ വിശുദ്ധനിമിഷത്തിൽ, അവിടുത്തെ ഇരുവശങ്ങളിലുമുള്ള രണ്ടു കുറ്റവാളികൾ, മിശിഹായുടെ രാജത്വത്തോടു നമുക്കു നൽകാവുന്ന അടിസ്ഥാനപരമായ രണ്ടു പ്രതികരണങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരുവൻ പരിഹാസത്തിൽ പങ്കുചേരുന്നു: “നീ മിശിഹായല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!” രാജത്വമെന്നത് നിയന്ത്രണവും സ്വയം സംരക്ഷണവും ബാഹ്യശക്തിയുമാണെന്ന ലോകത്തിന്റെ തെറ്റിദ്ധാരണയാണ് അവന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. മറ്റേവനാകട്ടെ ആ ദൈവദൂഷണത്തെ ശാസിക്കുകയും, തന്റെ കഠിനവേദനയ്ക്കിടയിലും അരികിൽ പീഡയനുഭവിക്കുന്നവന്റെ നിഷ്കളങ്കതയും രാജമഹിമയും തിരിച്ചറിയുകയും ചെയ്യുന്നു. ആഴമായ വിശ്വാസത്തോടെ അവൻ വിനയപൂർവം അപേക്ഷിക്കുന്നു: “ഈശോയേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കണമേ.”

അനുതപിക്കുന്ന ഓരോ പാപിയുടെയും നിലവിളിയാണിത്; കുരിശിനെ പരാജയമായല്ല, നിത്യമഹത്ത്വത്തിലേക്കുള്ള വഴിയായി കാണാൻ തുടങ്ങുന്ന ഓരോ ആത്മാവിന്റെയും സ്വരമാണിത്. യഥാർഥ രാജാവ് കുരിശിൽനിന്ന്, യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്ന കരുണയുടെ വാക്കുകൾ അരുളിച്ചെയ്യുന്നു: “ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.” ആ നിമിഷം, മരണാസന്നനായ കള്ളൻ ക്രൂശിതനായ രാജാവിന്റെ ബലിയുടെ ശക്തിയാൽ സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെയാളായിത്തീരുന്നു.

ഇത് പ്രത്യാശയുടെ സുവിശേഷമാണ്—പരാജയത്തിന്റെയല്ല, വിജയത്തിന്റെ നിമിഷം. ലോകത്തിന്റെ കാഴ്ചപ്പാടിൽ മിശിഹായുടെ എല്ലാം അവസാനിച്ചിരുന്നു. സ്വർഗത്തിന്റെ കാഴ്ചപ്പാടിൽ അവിടുന്ന് സിംഹാസനാരൂഢനായി. അവിടുത്തെ സിംഹാസനം കുരിശാണ്. അവിടുത്തെ കിരീടം മുള്ളുകളാലുള്ളതാണ്. കരുണയോടെ ഉയർത്തിയ, ആണിയാൽ തുളയ്ക്കപ്പെട്ട കരമാണ് അവിടുത്തെ ചെങ്കോൽ. അവിടുന്ന് നിങ്ങളുടെ രാജാവാണോ? അവിടുത്തെ വിശുദ്ധരാജ്യത്തിലെ അംഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ക്രൂശിതനായ മിശിഹായെ നിങ്ങളുടെ രാജാവായി ഇന്ന് ധ്യാനിക്കുക. ഈ ജീവിതത്തിൽ ശക്തിയും സുഖവും വിജയവും മാത്രമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ രാജാവിന്റെ ബലഹീനതയിലും സഹനത്തിലും കുരിശിന്റെ രഹസ്യത്തിലും അവിടുത്തോടൊപ്പം ചേരാൻ നിങ്ങൾ സന്നദ്ധരാണോ? നല്ല കള്ളനെപ്പോലെ അനുതാപത്തോടെ അവിടുത്തെ സമീപിക്കുക. അവന്റെ പ്രാർഥന നിങ്ങളുടേതാക്കുക: “ഈശോയേ, എന്നെ ഓർക്കണമേ…” ക്രൂശിതനായ നമ്മുടെ രാജാവ് നിത്യമായ കരുണയോടെ നിങ്ങൾക്ക് ഉത്തരം നൽകുമെന്നു വിശ്വസിക്കുക.

പ്രപഞ്ചരാജാവായ ഈശോമിശിഹായേ, അങ്ങ് രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും ലോകരക്ഷകനുമാണെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയിൽ വിശ്വാസം ഏറ്റുപറയുകയും അങ്ങയുടെ ബലിദാനപരമായ സ്നേഹത്തിന്റെ ശക്തിയിൽ ജീവിക്കുകയും ചെയ്യുന്ന എല്ലാവരോടും നല്ല കള്ളനോടുമൊപ്പം അങ്ങയുടെ നിത്യരാജ്യത്തിൽ എനിക്കും പങ്കുണ്ടാകേണ്ടതിന്, ഇന്ന് എന്റെ ജീവിതത്തിൽ അങ്ങയുടെ ഭരണം സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


പുതിയ ദേവാലയത്തിനായി സർവവും സമർപ്പിക്കുക

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം വാരം തിങ്കളാഴ്ച

ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ, ചില ധനികർ ഭണ്ഡാരത്തിൽ തങ്ങളുടെ കാണിക്കകൾ ഇടുന്നതു കണ്ടു; ദരിദ്രയായ ഒരു വിധവ രണ്ടു ചെറിയ നാണയങ്ങൾ ഇടുന്നതും അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അവിടുന്ന് പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ ഇട്ടിരിക്കുന്നു; എന്തെന്നാൽ, മറ്റുള്ളവരെല്ലാം തങ്ങളുടെ സമ്പത്തിന്റെ മിച്ചത്തിൽനിന്നാണ് കാണിക്ക അർപ്പിച്ചത്; ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു.” ലൂക്കാ 21:1–4

ആരാധനാക്രമവത്സരത്തിന്റെ ഈ അവസാന ആഴ്ചയിൽ, യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അവസാന ആഴ്ചയിലേക്കു സഭ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ആ വിശുദ്ധ ദിനങ്ങളിൽ യേശു രാത്രികൾ ഒലിവുമലയിൽ ചെലവഴിക്കുകയും പകൽ ദേവാലയാങ്കണങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു. അവിടുത്തെ ശ്രവിച്ചിരുന്നവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. എന്നാൽ യേശുവിന് അറിയാമായിരുന്നു. അതിനാൽ, ഈ അവസാന ആഴ്ചയിലെ അവിടുത്തെ വാക്കുകൾക്കും പ്രവൃത്തികൾക്കും സവിശേഷമായ ഗൗരവവും അടിയന്തരപ്രാധാന്യവുമുണ്ട്.

ഇന്നത്തെ സുവിശേഷത്തിൽ, ആളുകൾ ദേവാലയഭണ്ഡാരത്തിൽ കാണിക്കയിടുന്നത് യേശു നിശ്ശബ്ദനായി നിരീക്ഷിക്കുന്നു. സമ്പന്നരായ ചിലർ വലിയ തുകകൾ അർപ്പിക്കുന്നു. എന്നാൽ, ദേവാലയത്തിലെ കാണിക്കപ്പെട്ടികളിലൊന്നിൽ രണ്ടു ചെറിയ നാണയങ്ങൾ ഇടുന്ന ഒരു ദരിദ്രവിധവയാണ് അവിടുത്തെ ശ്രദ്ധയും പ്രശംസയും നേടുന്നത്. അവളുടെ കാണിക്ക അളവിൽ ചെറുതായിരുന്നെങ്കിലും മൂല്യത്തിൽ വലുതായിരുന്നു: “അവൾ തന്റെ ദാരിദ്ര്യത്തിൽനിന്ന് ഉപജീവനത്തിനുള്ളതെല്ലാം അർപ്പിച്ചിരിക്കുന്നു.”

അവളുടെ പ്രവൃത്തി ഔദാര്യത്തിന്റെയും ദൈവത്തോടുള്ള സമർപ്പണത്തിന്റെയും അന്തഃസത്ത വെളിപ്പെടുത്തുന്നു. തനിക്കു മിച്ചമുള്ളതല്ല അവൾ നൽകിയത്; തനിക്കുള്ളതെല്ലാം അവൾ നൽകി. തന്റെ സമ്പൂർണ സമർപ്പണത്തിലൂടെ അവൾ ക്രിസ്തുവിന്റെ പരിപൂർണ ബലിയെ മുൻകൂട്ടി സൂചിപ്പിക്കുന്നു. നമ്മുടെ രക്ഷയ്ക്കായി അവിടുന്ന് വൈകാതെ അർപ്പിക്കുക എന്തെങ്കിലുമൊന്നല്ല, എല്ലാമായിരിക്കും.

ഈ സംഭവം നടക്കുന്ന സമയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കുരിശിൽ യേശു തന്റെ ആത്മസമർപ്പണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഇത് സംഭവിക്കുന്നത്. നമ്മിൽ ഓരോരുത്തരിലും ദൈവം ആഗ്രഹിക്കുന്ന മനോഭാവത്തിന്റെ ശക്തമായ ഒരു ചിത്രം ഈ വിധവയുടെ പ്രവൃത്തിയിലൂടെ അവിടുന്ന് നമുക്കു നൽകുന്നു. നമ്മുടെ സമ്പത്തിന്റെയോ സമയത്തിന്റെയോ കഴിവുകളുടെയോ ഒരു ഭാഗം മാത്രമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. അവിടുന്ന് എല്ലാം ആഗ്രഹിക്കുന്നു. എന്തുകൊണ്ട്? കാരണം, നമുക്കുള്ളതെല്ലാം അവിടുന്നിൽനിന്നുതന്നെ ലഭിച്ചതാണ്; അവയുടെ യഥാർഥ ലക്ഷ്യം അവിടുന്നിൽ പൂർത്തിയാകുകയും ചെയ്യുന്നു.

സമൃദ്ധമായി ഉള്ളവർക്ക് ഈ സത്യം പ്രത്യേകിച്ചും വെല്ലുവിളി ഉയർത്തുന്നു. നമ്മുടെ സ്വത്തുക്കളോടോ നേട്ടങ്ങളോടോ പദവിയോടോ സുഖസൗകര്യങ്ങളോടോ, നമ്മുടെ ബന്ധങ്ങളോടുപോലുമോ വൈകാരികമായി മമത പുലർത്തുമ്പോൾ, അവയെ ദൈവപരിപാലനത്തിന് വിട്ടുകൊടുക്കാൻ നാം പലപ്പോഴും മടിക്കുന്നു. എന്നാൽ, ഇങ്ങനെ മുറുകെപ്പിടിക്കുന്നത് ഒരു ആത്മീയഭാരമായിത്തീരുകയും നമ്മെത്തന്നെ പൂർണമായി സമർപ്പിക്കുന്നതിൽനിന്ന് നമ്മെ തടയുകയും ചെയ്യുന്നു. “തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാത്തവന് എന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല” (ലൂക്കാ 14:33).

അപ്പോൾ, ഈ ജീവിതത്തിൽ നിങ്ങൾ ഏറ്റവുമധികം വിലമതിക്കുന്നത് എന്താണ്: കുടുംബം, സൗഹൃദങ്ങൾ, തൊഴിൽ, സാമ്പത്തികസുരക്ഷ, വീട്, ആരോഗ്യം, അതോ വ്യക്തിപരമായ താൽപര്യങ്ങൾ? ഇവയെല്ലാം—പ്രത്യേകിച്ച് കുടുംബം—യഥാർഥ നന്മകളാകാമെങ്കിലും, സ്വയം ശൂന്യവത്കരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വെളിച്ചത്തിൽ വേണം നാം എപ്പോഴും അവയെ കാണാൻ. അവയോടുള്ള നമ്മുടെ മമതയുടെ അളവുകോൽ കുരിശായിരിക്കണം.

യേശു തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ശിഷ്യന്മാരെയും സ്നേഹിച്ചു. ജീവിതത്തിന്റെയും ഒരുമിച്ചുള്ള ഭക്ഷണവേളകളുടെയും ലളിതമായ ആനന്ദങ്ങളുടെയും സന്തോഷം അവിടുന്ന് അനുഭവിച്ചു എന്നതിൽ സംശയമില്ല. എങ്കിലും, കുരിശിൽ എല്ലാം അർപ്പിക്കണമെന്ന പിതാവിന്റെ തിരുഹിതത്തിൽനിന്ന് അവിടുത്തെ പിന്തിരിപ്പിക്കാൻ കഴിയുന്നത്ര മമത ഭൗമികമായ ഒന്നിനോടും അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. തന്റെ എളിയ പ്രവൃത്തിയിലൂടെ ആ വിധവ അവിടുത്തെ ദൈവിക ഔദാര്യം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായിത്തീരുന്നു.

അവൾ നമുക്കും ഒരു മാതൃകയാണ്. അവളുടെ സമർപ്പണം പുതിയതും നിത്യവുമായ ദേവാലയത്തെ, ക്രിസ്തുവിന്റെ മൗതികശരീരത്തെ, മുൻകൂട്ടി സൂചിപ്പിക്കുന്നു. അവളെപ്പോലെ നാമും നമ്മുടെ ബന്ധങ്ങളും സമയവും സമ്പത്തും സന്തോഷങ്ങളും ദുഃഖങ്ങളും സഹനങ്ങൾപോലും—എല്ലാം—ദൈവത്തിന് അർപ്പിക്കുമ്പോൾ, ആ സമർപ്പണങ്ങൾ ക്രിസ്തുവിന്റെ ശരീരത്തെ താങ്ങിനിർത്തുകയും പടുത്തുയർത്തുകയും ചെയ്യുന്ന ആത്മീയ നിക്ഷേപത്തിന്റെ ഭാഗമായിത്തീരുന്നു. ഇങ്ങനെ, നാം ക്രിസ്തുവിനെ അനുകരിക്കുക മാത്രമല്ല, അവിടുത്തെ വീണ്ടെടുപ്പിൻ പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

നിങ്ങൾ എന്താണ് സമർപ്പിക്കാതെ പിടിച്ചുവച്ചിരിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. വൈകാരികമായോ ആത്മീയമായോ പ്രായോഗികമായോ നിങ്ങൾ എന്തിനെയാണ് മുറുകെപ്പിടിച്ചിരിക്കുന്നത്? അതിലുള്ള പിടിവിട്ട് പിതാവിന്റെ കരങ്ങളിൽ അതിനെ ഏൽപ്പിക്കാനുള്ള കൃപ കർത്താവിനോട് അപേക്ഷിക്കുക. സ്നേഹത്തോടെ അർപ്പിക്കുമ്പോൾ, എത്ര ചെറുതോ വലുതോ ആയാലും ഒരു ദാനവും ഒരിക്കലും നഷ്ടമാകുന്നില്ലെന്ന് വിശ്വസിക്കുക. അത്തരം ഔദാര്യത്തിലൂടെ ദൈവം പുതിയ ദേവാലയമായ തന്റെ സഭയെ പടുത്തുയർത്തുകയും നമ്മുടെ ഹൃദയങ്ങളെ തന്റെ മഹത്ത്വത്തിന്റെ വാസസ്ഥലമാക്കുകയും ചെയ്യുന്നു.

സ്വയം ബലിയായി അർപ്പിച്ച എന്റെ കർത്താവേ, എന്നോടുള്ള സ്നേഹത്താൽ അങ്ങ് എല്ലാം നൽകി. പ്രതിസ്നേഹമായി എല്ലാം നൽകാൻ എന്നെ സഹായിക്കണമേ. എന്റെ സ്വത്തുക്കളും ബന്ധങ്ങളും സമയവും കഴിവുകളും, എന്റെ ഭയങ്ങളും മുറിവുകളുംപോലും സ്വീകരിക്കണമേ. ഒന്നും സമർപ്പിക്കാതെ പിടിച്ചുവയ്ക്കാൻ ഞാൻ ഇടയാകാതിരിക്കട്ടെ. എന്റെ മമതകളെ ശുദ്ധീകരിക്കണമേ; അങ്ങനെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രവൃത്തിയായി എനിക്ക് അവ അങ്ങേയ്ക്ക് അർപ്പിക്കാൻ കഴിയട്ടെ. എന്റെ ജീവിതം അങ്ങയുടെ സന്നിധിയിൽ വിശുദ്ധവും പ്രീതികരവുമായ ഒരു സജീവബലിയായിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നമ്മുടെ അന്തിമ ലക്ഷ്യസ്ഥാനം

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ ചൊവ്വാഴ്ച

ദേവാലയം വിലയേറിയ കല്ലുകളാലും നേർച്ചവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ചിലർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ഇവിടെ കാണുന്ന ഇവയെല്ലാം—കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം തകർക്കപ്പെടുന്ന ദിവസങ്ങൾ വരും.” ലൂക്കാ 21:5–6

അവധിക്കാലയാത്ര എല്ലാവർക്കും ഇഷ്ടമാണ്. എന്നും സന്ദർശിക്കാൻ സ്വപ്നം കണ്ടിരുന്ന ഒരിടത്തേക്ക്, എല്ലാ ചെലവുകളും മറ്റൊരാൾ വഹിക്കുന്ന ഒരു യാത്ര നിങ്ങൾക്കു സമ്മാനമായി ലഭിച്ചെന്നു സങ്കൽപ്പിക്കുക. ഒരേയൊരു ബുദ്ധിമുട്ട്, യാത്ര നിശ്ചയിച്ചിരിക്കുന്നത് ഒരു വർഷം കഴിഞ്ഞാണ് എന്നതാണ്. തുടർന്നുള്ള മാസങ്ങളിൽ, പോകാനിരിക്കുന്ന സ്ഥലത്തെക്കുറിച്ച് നിങ്ങൾ വിശദമായി പഠിക്കുന്നു. അവിടെ ചെയ്യാവുന്ന ഓരോ കാര്യവും പരിശോധിക്കുകയും ഓരോ ദിവസവും ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആവേശം വർധിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ ആ ദിവസം വന്നെത്തുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴാകട്ടെ, അത് നിങ്ങളുടെ എല്ലാ പ്രതീക്ഷകളെയും മറികടക്കുന്നു. അതൊരു യഥാർഥ പറുദീസതന്നെയാണ്.

ലളിതമായ ഈ ഭൗമിക ദൃശ്യം, സ്വർഗത്തെയും പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും വാഗ്ദാനത്തെയും സംബന്ധിച്ച് നമ്മുടെ ഹൃദയങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മനോഭാവം വെളിപ്പെടുത്തുന്നു. ഈ ജീവിതത്തിലെ അടിയന്തര ആവശ്യങ്ങളിൽ മുഴുകി, മുന്നിൽ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് നഷ്ടപ്പെടാൻ എളുപ്പമാണ്. എന്നാൽ ഭൂമിയിലെ നമ്മുടെ ജീവിതം നിത്യതയ്ക്കുള്ള ഒരു ഒരുക്കം മാത്രമാണെന്നതാണ് സത്യം. ആ നിത്യദിനം വന്നെത്തുമ്പോൾ, അത് ഒരാഴ്ചയോ ഒരു ജീവിതകാലമോ മാത്രം നീണ്ടുനിൽക്കുന്നതായിരിക്കില്ല—അതിന് ഒരിക്കലും അവസാനമുണ്ടാകില്ല. ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിന്റെ സങ്കൽപ്പിക്കാനാവാത്ത ആനന്ദത്തോടു താരതമ്യം ചെയ്യുമ്പോൾ, ആ നിമിഷത്തിനുമുമ്പ് നാം അനുഭവിച്ചതെല്ലാം ഒന്നുമല്ലാത്തതുപോലെ തോന്നും. അവിടെ പ്രവേശിക്കാൻ യോഗ്യരായി കാണപ്പെടുന്ന നാം കൂടെ കൊണ്ടുപോകുന്നത്, ജീവിതത്തിൽ നാം പ്രാവർത്തികമാക്കിയ സ്നേഹം മാത്രമാണ്. ആ സ്നേഹം നമുക്ക് നിത്യമഹിമയുടെ നിക്ഷേപമായിത്തീരുന്നു.

ആരാധനാക്രമവത്സരത്തിന്റെ ഈ അവസാന ആഴ്ചയിൽ, അന്തിമവും മഹത്വപൂർണവുമായ ആ ലക്ഷ്യത്തിലേക്ക് കണ്ണുകളുയർത്താൻ സഭ നമ്മെ ക്ഷണിക്കുന്നു. നിത്യതയെക്കുറിച്ച് ധ്യാനിക്കാനും സ്വർഗത്തിനായുള്ള നമ്മുടെ ആഗ്രഹം പുതുക്കാനും അന്തിമലക്ഷ്യം മനസ്സിൽവെച്ച് ജീവിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

നിത്യമായവയിൽ ഹൃദയം ഉറപ്പിച്ച് ജീവിക്കാനുള്ള ഈ ആഹ്വാനത്തെ ഇന്നത്തെ സുവിശേഷഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നു. വിലയേറിയ കല്ലുകളും നേർച്ചവസ്തുക്കളുംകൊണ്ട് അലങ്കരിക്കപ്പെട്ട ദേവാലയത്തിന്റെ പ്രൗഢിയിൽ യേശുവിന്റെ ശിഷ്യന്മാർ വിസ്മയിച്ചപ്പോൾ, കല്ലിന്മേൽ കല്ല് ശേഷിക്കുകയില്ലെന്ന് അവിടുന്ന് അവർക്ക് മുന്നറിയിപ്പു നൽകി. ഇതിലൂടെ, ഭൗമികമായ എല്ലാ മഹത്വത്തിന്റെയും—വിശുദ്ധവും ശാശ്വതവുമെന്നു തോന്നുന്നവയുടെപോലും—നശ്വരതയെക്കുറിച്ചു ചിന്തിക്കാൻ യേശു നമ്മെ വെല്ലുവിളിക്കുന്നു. ദൈവത്തിന്റേതായവയൊഴികെ ഈ ലോകത്തിലുള്ളതെല്ലാം കടന്നുപോകുമെന്ന യാഥാർഥ്യത്തിലേക്ക് അവിടുന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്നു.

ഇത് വിഷാദത്തിന്റെ സന്ദേശമല്ല, വിമോചനത്തിന്റെ സന്ദേശമാണ്. സ്വർഗത്തിലേക്കു യാത്രചെയ്യുന്ന തീർഥാടകരായി നാം ജീവിച്ചാൽ, താൽക്കാലികമായവയോടുള്ള അതിരുകടന്ന ആസക്തികൾ ഉപേക്ഷിക്കാനും പകരം നിലനിൽക്കുന്നവയിൽ—വിശ്വാസത്തിലും പ്രത്യാശയിലും സർവോപരി സ്നേഹത്തിലും—നമ്മുടെ ഹൃദയം അർപ്പിക്കാനും നാം പഠിക്കും. ദേവാലയത്തിന്റെ നാശം ഈ യുഗം കടന്നുപോകുന്നതിനെ മുൻകൂട്ടി സൂചിപ്പിക്കുന്നു. യഥാർഥ ദേവാലയം ക്രിസ്തുതന്നെയാണെന്നും അവിടുന്നിൽ, നമ്മെ കാത്തിരിക്കുന്ന സ്വർഗീയ ജറുസലെമാണെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു.

വരാനിരിക്കുന്ന ക്ലേശങ്ങളെക്കുറിച്ചും—യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, വഞ്ചന എന്നിവയെക്കുറിച്ചും—യേശു പഠിപ്പിക്കുന്നു. ആത്മീയമായി ജാഗരൂകരായിരിക്കേണ്ടതിന്റെയും സത്യത്തിൽ വേരൂന്നി നിലനിൽക്കേണ്ടതിന്റെയും ആവശ്യകത ഇത് കൂടുതൽ വ്യക്തമാക്കുന്നു. ഈ അടയാളങ്ങൾ നമ്മെ ഭയപ്പെടുത്താനല്ല, ഉണർത്താനാണ്. ലോകം അതിന്റെ നവീകരണവും രൂപാന്തരവും പ്രതീക്ഷിച്ച് ഞരങ്ങുന്നുവെന്ന് അവ നമ്മെ ഓർമിപ്പിക്കുന്നു (കാണുക. റോമാ 8:22). പുതിയ ജീവൻ പിറക്കുന്നതിനുമുമ്പ് പ്രസവവേദന ഉണ്ടാകുന്നതുപോലെ, ഈ പരീക്ഷണങ്ങളും വരാനിരിക്കുന്ന മഹത്വത്തിനായി നമ്മെ ഒരുക്കുന്നു. ആത്യന്തികമായി, യേശു കേവലം ഒരു മുന്നറിയിപ്പു നൽകുകയല്ല; പിതാവിന്റെ വാഗ്ദാനങ്ങളിൽ പൂർണമായ ആശ്രയം വയ്ക്കാൻ നമ്മെ ക്ഷണിക്കുകയാണ്.

ദിനങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ട് നിങ്ങൾ മുന്നോട്ടുപോകുമ്പോൾ, നിങ്ങളുടെ ശ്രദ്ധ എവിടെയാണ്? ഒടുവിൽ കടന്നുപോകുന്ന ഈ ലോകത്തിലെ കാര്യങ്ങളിൽ നിങ്ങൾ മുഴുകിപ്പോകാറുണ്ടോ? നാം ഈ ലോകത്തിൽ ജീവിക്കുകയും അനുദിനം അതിലെ കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ടെങ്കിലും, ഈ ജീവിതമാണ് അന്തിമലക്ഷ്യം എന്ന മട്ടിൽ ജീവിക്കുന്നതും പരമമായ ലക്ഷ്യത്തിലേക്കുള്ള മാർഗമായി ഇതിനെ കണ്ട് ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നാം ഏർപ്പെടുന്ന ഓരോ പ്രവൃത്തിയും സ്ഥാപിക്കുന്ന ഓരോ ബന്ധവും നിർവഹിക്കുന്ന ഓരോ ജോലിയും അർപ്പിക്കുന്ന ഓരോ പ്രാർഥനയും, ആ നിത്യദിനത്തിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കിക്കൊണ്ട്, സ്വർഗത്തിൽ ദൃഷ്ടിയുറപ്പിച്ചുകൊണ്ടായിരിക്കണം ചെയ്യേണ്ടത്.

നിങ്ങളുടെ ഹൃദയം ഏതു ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. അത് കടന്നുപോകുന്നവയിൽ വേരൂന്നിയിരിക്കുകയാണോ, അതോ നിത്യമായവയിൽ നങ്കൂരമിട്ടിരിക്കുകയാണോ? സ്വർഗത്തിലേക്കു കണ്ണുകളുയർത്താനും ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അന്തിമലക്ഷ്യത്തിനായുള്ള നിങ്ങളുടെ ആഗ്രഹം പുതുക്കാനും സമയം കണ്ടെത്തുക. ഈ ലോകത്തിന്റെ നശ്വരസ്വഭാവം, വരാനിരിക്കുന്ന അനശ്വരമഹത്വത്തിനായുള്ള വാഞ്ഛ നിങ്ങളിൽ ഉണർത്തട്ടെ. ഈ ജീവിതത്തിലൂടെ യാത്രചെയ്യുമ്പോൾ, ഒരിക്കലും നഷ്ടപ്പെടാത്ത സ്നേഹനിക്ഷേപങ്ങൾ സ്വരൂപിച്ചുകൊണ്ട്, ആനന്ദപൂർണമായ പ്രത്യാശയോടെ മുന്നോട്ടുനടക്കുക.

എന്റെ കർത്താവേ, എന്റെ ദൈവമേ, അങ്ങാണ് എന്റെ അന്തിമലക്ഷ്യം. അങ്ങയിൽ ജീവിക്കുകയും സ്വർഗത്തിൽ അങ്ങയുടെതന്നെ ജീവനിൽ പങ്കുചേരുകയും ചെയ്യുക എന്നതായിരിക്കണം ഞാൻ ചെയ്യുന്ന എല്ലാറ്റിന്റെയും അടിത്തറയും എന്റെ ഓരോ ചിന്തയുടെയും വാക്കിന്റെയും പ്രവൃത്തിയുടെയും ലക്ഷ്യവും. ഞാൻ അങ്ങയെ മുഖാമുഖം കാണുകയും അങ്ങയുടെ സൗഭാഗ്യദർശനത്തിന്റെ തേജസ്സ് എന്നേക്കും ദർശിക്കുകയും ചെയ്യുന്ന അതിമഹത്വപൂർണമായ ആ ദിനത്തിനായുള്ള ആനന്ദകരമായ പ്രതീക്ഷകൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


രക്തസാക്ഷിത്വത്തിന്റെ മഹത്വം

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ ബുധനാഴ്ച

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “അവർ നിങ്ങളെ പിടികൂടി പീഡിപ്പിക്കുകയും സിനഗോഗുകളിലും കാരാഗൃഹങ്ങളിലും ഏൽപ്പിക്കുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും മുമ്പിൽ കൊണ്ടുപോകും. അത് നിങ്ങൾ സാക്ഷ്യം നൽകുന്നതിന് ഇടയാക്കും. ഓർക്കുക, നിങ്ങളുടെ പ്രതിവാദം മുൻകൂട്ടി ഒരുക്കേണ്ടതില്ല. എന്തെന്നാൽ, നിങ്ങളുടെ എതിരാളികൾക്കാർക്കും ചെറുത്തുനിൽക്കാനോ ഖണ്ഡിക്കാനോ കഴിയാത്ത വാക്ജ്ഞാനം ഞാൻതന്നെ നിങ്ങൾക്കു നൽകും.” ലൂക്കാ 21:12–15

ലൗകിക സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം യേശു നമുക്കു വാഗ്ദാനം ചെയ്യുന്നില്ല. വാസ്തവത്തിൽ, അതിനു വിപരീതമായതാണ് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്. തന്റെ പരസ്യശുശ്രൂഷയുടെ അവസാനനാളുകളിൽ യേശു അരുളിച്ചെയ്ത ഇന്നത്തെ സുവിശേഷഭാഗം, പീഡനങ്ങൾക്കായി ഒരുങ്ങാൻ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നു. അന്ത്യകാലത്തെക്കുറിച്ചു വിവരിച്ചുകൊണ്ട്, “ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും” എന്നും, “ശക്തമായ ഭൂകമ്പങ്ങളും ക്ഷാമങ്ങളും മഹാമാരികളും… ഭയാനകമായ കാഴ്ചകളും വലിയ അടയാളങ്ങളും” ഉണ്ടാകുമെന്നും യേശു മുന്നറിയിപ്പു നൽകുന്നു (ലൂക്കാ 21:10–11). തന്റെ അനുയായികളുടെ ഹൃദയങ്ങളിൽ ഭയം ഉണർത്താൻ അതു പോരെന്നപോലെ, അവർ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോകപ്പെടുകയും ചെയ്യുമെന്ന് അവിടുന്ന് കൂട്ടിച്ചേർക്കുന്നു. എങ്കിലും നിർണായകമായ ഒരു ഉറപ്പ് അവിടുന്ന് നൽകുന്നു: “ഇതു നിങ്ങൾക്കു സാക്ഷ്യം നൽകാനുള്ള അവസരമായിത്തീരും.”

“സാക്ഷ്യം” എന്നതിന്റെ ഗ്രീക്ക് പദമാണ് മാർട്ടീരിയോൺ. ഇതിൽനിന്നാണ് രക്തസാക്ഷി എന്നർഥമുള്ള ‘മാർട്ടിർ’ എന്ന പദം രൂപപ്പെട്ടത്. പീഡനം വേദനാജനകമാണെങ്കിലും, സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനുള്ള അവസരമായി അതു മാറുന്നുവെന്നാണ് യേശു പഠിപ്പിച്ചത്. ഈ സാക്ഷ്യം ശരിയായ വാക്കുകൾ പറയുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; പ്രവൃത്തിയിലൂടെയും സഹനത്തിലൂടെയും പലപ്പോഴും കഷ്ടതകളിലൂടെയും വിശ്വാസം പൂർണമായി പ്രകടമാക്കുന്നതാണത്. ധീരമായ വിശ്വസ്തതയിലേക്കുള്ള വിളിയാണത്; ലോകം സത്യത്തോടു ശത്രുത പുലർത്തുമ്പോൾ സത്യത്തിൽ ഉറച്ചുനിൽക്കാനുള്ള ആഹ്വാനവും.

തന്റെ അനുയായികൾ കഷ്ടതകളിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന മിഥ്യാധാരണ യേശു നൽകുന്നില്ല. മറിച്ച്, ഒറ്റിക്കൊടുക്കലിനെയും വിദ്വേഷത്തെയും മരണത്തെപ്പോലും കുറിച്ച് അവിടുന്ന് മുന്നറിയിപ്പു നൽകുന്നു. എന്നാൽ ഗൗരവത്തോടെ ചിന്തിപ്പിക്കുന്ന ഈ പ്രവചനത്തിനുള്ളിൽ പ്രകാശമാനമായ ഒരു വാഗ്ദാനമുണ്ട്: “നിങ്ങളുടെ തലയിലെ ഒരു മുടിയിഴപോലും നശിക്കുകയില്ല” (ലൂക്കാ 21:18). ക്രിസ്തുവിനുവേണ്ടി നാം സഹിക്കുന്ന ഒരു കഷ്ടതയും ഒരിക്കലും വ്യർഥമാകുന്നില്ല എന്നാണ് ഇതിനർഥം. ലോകത്തിനു ശരീരത്തെ ഉപദ്രവിക്കാനായേക്കാം; എന്നാൽ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന ആത്മാവിനെ സ്പർശിക്കാൻ അതിനു കഴിയില്ല. വിശ്വസ്തനായ ശിഷ്യനെയോ ശിഷ്യയെയോ അധികാരികളോ പ്രിയപ്പെട്ടവർപോലുമോ തള്ളിക്കളഞ്ഞേക്കാം; എന്നാൽ ദൈവം ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ദൈവപരിപാലന അനുവദിക്കുന്ന ഓരോ പരീക്ഷണവും സാക്ഷ്യം നൽകാനുള്ള കൃപാനിറവുള്ള നിമിഷമായിത്തീരുന്നു—നിത്യതയോളം പ്രതിധ്വനിക്കുന്ന ഒരു വിശുദ്ധ സമർപ്പണം.

സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് ഇതിനു പൂർണമായ മാതൃകയാണ് (cf. അപ്പസ്തോലപ്രവർത്തനങ്ങൾ 6–7). കുറ്റാരോപിതനായി ന്യായാധിപസംഘത്തിന്റെ മുമ്പിലേക്കു വലിച്ചിഴയ്ക്കപ്പെട്ട അദ്ദേഹം യേശുവിനെക്കുറിച്ചുള്ള സത്യം ധീരമായി പ്രഘോഷിച്ചു. ആ സാക്ഷ്യത്തിനുവേണ്ടി അദ്ദേഹത്തിനു ജീവൻ നൽകേണ്ടിവന്നെങ്കിലും, അതു സഭയ്ക്കു വിശ്വാസത്തിന്റെ വിത്തായും സ്വർഗത്തിൽ ഒരിക്കലും മങ്ങാത്ത മഹത്ത്വമായും മാറി.

നമ്മിൽ മിക്കവർക്കും അത്ര നാടകീയമായ രീതിയിൽ രക്തസാക്ഷിത്വം നേരിടേണ്ടിവരില്ല. എങ്കിലും ഓരോ ക്രൈസ്തവനും അനുദിനജീവിതത്തിൽ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്തുവിന്റെ നാമം വഹിക്കുന്നതിന്റെ പേരിൽ വിശ്വാസികൾ ഇന്നും തടവോ മരണമോ അനുഭവിക്കുന്നു. മറ്റു സ്ഥലങ്ങളിൽ പരിഹാസം, സാമൂഹികമായ പുറന്തള്ളൽ, തൊഴിൽരംഗത്തെ സമ്മർദം, കുടുംബത്തിലെ സംഘർഷം എന്നീ രൂപങ്ങളിലാണ് പീഡനം വരുന്നത്. ഈ പരീക്ഷണങ്ങൾ വാർത്തകളിൽ ഇടംപിടിക്കണമെന്നില്ല; എങ്കിലും അവ ഒട്ടും യാഥാർഥ്യമല്ലാതാകുന്നില്ല. സ്നേഹത്തോടും ധൈര്യത്തോടും അചഞ്ചലമായ പ്രത്യാശയോടുംകൂടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളാണ് അവയും.

നാം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾക്കായി തന്റെ ശിഷ്യരെയും നമ്മെയും ഒരുക്കുവാൻ, പ്രതിരോധിക്കാൻ എന്തു പറയണമെന്ന് മുൻകൂട്ടി തയ്യാറാക്കരുതെന്ന് യേശു അവരോടു പറയുന്നു. പൂർണമായ ആശ്രയത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള വിളിയാണിത്. ആ നിമിഷങ്ങളിൽ അവിടുന്നുതന്നെ വാക്കുകൾ നൽകും; അവിടുന്ന് നൽകുന്ന ജ്ഞാനത്തെ ഖണ്ഡിക്കാൻ ആർക്കും കഴിയുകയുമില്ല. എന്നാൽ ഇങ്ങനെ ചെയ്യുക പ്രയാസമാണ്. ഏതെങ്കിലും തരത്തിലുള്ള എതിർപ്പു നേരിടുമ്പോൾ, നാം എന്തു പറയുമെന്നും ചെയ്യുമെന്നും ഉള്ള രംഗങ്ങൾ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് അതേക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിപ്പോകാൻ എളുപ്പമാണ്. ഇതു വലിയൊരു ഭാരമാണ്.

യേശുവിന്റെ വാക്കുകളിൽ വിശ്വസിച്ച് അവ അനുസരിച്ചാൽ, നാം സ്വാതന്ത്ര്യവും ജ്ഞാനവും കണ്ടെത്തും. അവിടുത്തെ പരിപാലനം അത്ര മഹത്തരമാണ്: അവിടുന്നിൽ ആശ്രയിക്കുന്ന ആത്മാക്കൾക്ക് ഏറ്റവും ആവശ്യമുള്ള നിമിഷത്തിൽ എപ്പോഴും സഹായം ലഭിക്കുന്നു; സാധ്യമെന്നു നാം ഒരിക്കലും കരുതാത്ത വിധങ്ങളിൽ അവർ ക്രിസ്തുവിനു സാക്ഷ്യം നൽകുകയും ചെയ്യുന്നു. ഇതു പീഡനത്തിനു മാത്രമല്ല, ക്രിസ്തുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുംകൂടെ നാം സഹിക്കുന്ന ഓരോ പരീക്ഷണത്തിനും ബാധകമാണ്.

നിങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം നൽകാൻ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ എന്ന് ഇന്നു ചിന്തിക്കുക—രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിലായിരിക്കണമെന്നില്ല, മറിച്ച് അയൽക്കാരുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെപോലും മുമ്പിൽ. യേശുവിന്റെ നാമം ഉച്ചരിക്കുകയോ സത്യത്തിനുവേണ്ടി നിലകൊള്ളുകയോ ചെയ്താൽ മറ്റുള്ളവർ എന്തു ചിന്തിക്കും, എന്തു പറയും എന്നു നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ശിഷ്യത്വത്തിന്റെ പാതയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകും. നമ്മുടെ കർത്താവ് നിങ്ങളോടൊപ്പമുണ്ടാകുമെന്നും, തന്റെ ജ്ഞാനം നിങ്ങൾക്കു നൽകുമെന്നും, നിങ്ങൾ അവസാനംവരെ ഉറച്ചുനിന്നാൽ ഒടുവിൽ നിങ്ങളെ നിത്യജീവനിലേക്കു നയിക്കുമെന്നും വിശ്വസിക്കുക.

സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, അങ്ങ് മനസ്സോടെ സഹിച്ച പീഡകൾ അഗാധവും അളവറ്റതുമാണ്; എങ്കിലും പിതാവിന്റെ തിരുഹിതത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് അങ്ങ് അവയെ സ്വീകരിച്ചു. അങ്ങിൽ ജീവിക്കാനും അങ്ങയുടെ ധൈര്യവും ജ്ഞാനവും അനുകരിക്കാനും എനിക്കു കൃപ നൽകണമേ. അങ്ങനെ, ഞാൻ സഹിക്കുന്ന ഓരോ പരീക്ഷണവും എന്റെ ജീവിതം മുഴുവനാലും അങ്ങയ്ക്കു സാക്ഷ്യം നൽകാനുള്ള അവസരമായിത്തീരട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നിങ്ങളുടെ വീണ്ടെടുപ്പ് സമീപിച്ചിരിക്കുന്നു

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ വ്യാഴാഴ്ച

“ലോകത്തിന്മേൽ വരാനിരിക്കുന്നവയെക്കുറിച്ചുള്ള ഭയത്താൽ മനുഷ്യർ മരിക്കും; എന്തെന്നാൽ, ആകാശശക്തികൾ ഇളകും. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത് അവർ കാണും. എന്നാൽ ഈ അടയാളങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്നുനിൽക്കുവിൻ, നിങ്ങളുടെ ശിരസ്സുകൾ ഉയർത്തുവിൻ; എന്തെന്നാൽ, നിങ്ങളുടെ വീണ്ടെടുപ്പ് സമീപിച്ചിരിക്കുന്നു.”  ലൂക്കാ 21:26–28

നമ്മുടെ കർത്താവിന്റെ വ്യക്തവും അസ്വസ്ഥതയുണർത്തുന്നതുമായ ഒരു പ്രവചനമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ജറുസലെമിന്റെ നാശവും അവിടത്തെ നിവാസികളുടെമേൽ വരാനിരിക്കുന്ന ഭയാനകമായ പീഡനങ്ങളും അവിടുന്ന് മുൻകൂട്ടി അറിയിക്കുന്നു. നഗരത്തെ വളയുന്ന സൈന്യങ്ങളെക്കുറിച്ചും സുരക്ഷ തേടി പലായനം ചെയ്യുന്ന ജനങ്ങളെക്കുറിച്ചും വിധിയുടെയും ശിക്ഷയുടെയും ഒരു കാലത്തെക്കുറിച്ചും അവിടുന്ന് സംസാരിക്കുന്നു. എന്നാൽ, യുഗാന്തത്തെക്കുറിച്ചുള്ള ഈ ദർശനത്തിനിടയിൽ, പ്രത്യാശയുടെ ഈ വാക്കുകളിലൂടെ യേശു ശിഷ്യരുടെ ദൃഷ്ടി മുകളിലേക്ക് തിരിക്കുന്നു: “നിവർന്നുനിന്ന് ശിരസ്സുയർത്തുവിൻ; എന്തെന്നാൽ, നിങ്ങളുടെ വിമോചനം അടുത്തിരിക്കുന്നു.”

ഈ പ്രഭാഷണത്തിന്റെ ആദ്യഭാഗം, യഹൂദജനതയ്ക്ക് മഹാവിപത്തായിത്തീർന്ന എ.ഡി. 70-ലെ ജറുസലെമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനമായാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. എങ്കിലും ഈ വാക്കുകൾ ചരിത്രത്തിലെ ആ നിമിഷത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. ലോകത്തിന്റെ വിധിയിലേക്കും ക്രിസ്തുവിന്റെ രണ്ടാം വരവിലേക്കും അവ വിരൽചൂണ്ടുന്നു. ഭൗതികമായ ദുരന്തങ്ങളെക്കുറിച്ച് തന്റെ അനുയായികൾക്ക് മുന്നറിയിപ്പു നൽകുക മാത്രമല്ല യേശു ചെയ്യുന്നത്; കാലത്തിന്റെ അന്ത്യത്തിലും, ജീവിതയാത്ര തുടരുന്ന നമുക്ക് ഇന്നും, തന്റെ മഹത്ത്വത്തിന്റെ അന്തിമമായ വെളിപ്പെടുത്തലിനും ദൈവരാജ്യത്തിന്റെ പൂർത്തീകരണത്തിനുമായി അവിടുന്ന് നമ്മെ ഒരുക്കുകയാണ്.

ഈ വികാരങ്ങൾ തമ്മിലുള്ള വൈരുധ്യം ശ്രദ്ധേയമാണ്: “മനുഷ്യർ ഭയംമൂലം മരിക്കും”, “നിവർന്നുനിന്ന് ശിരസ്സുയർത്തുവിൻ.” ഈ പ്രസ്താവനകൾ പരസ്പരവിരുദ്ധമാകണമെന്നില്ല. ഭയംമൂലം മരിക്കുന്നവർ എന്നത് ലൗകികമായ ഭയത്തിന് അടിപ്പെടുകയും നിരാശയാൽ ഉള്ളിന്റെ ഉള്ളിൽവരെ ഉലഞ്ഞുപോകുകയും ചെയ്യുന്നവരെ സൂചിപ്പിക്കാം. എന്നാൽ അത്തരം ഭയം വിശുദ്ധമായ ഒരു ഭയത്തെയും സൂചിപ്പിക്കാം—ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങൾക്കിടയിലും സ്വർഗത്തിലേക്ക് കണ്ണുകളുയർത്താൻ വിശ്വാസികളെ പ്രാപ്തരാക്കുന്ന ആദരപൂർവമായ ഒരു വിറയൽ.

കാലത്തിന്റെ അന്ത്യത്തിൽ യേശു തീർച്ചയായും പ്രതാപത്തോടും മഹത്ത്വത്തോടുംകൂടെ മടങ്ങിവരുമെങ്കിലും, ഇപ്പോഴും കൃപയിലൂടെ അവിടുന്ന് നിരന്തരം നമ്മിലേക്കു വരുന്നു. അതിനാൽ, ഇത് അന്തിമവിധിയെ മുൻനിർത്തി ധൈര്യത്തോടും ജാഗ്രതയോടും ഇരിക്കാനുള്ള ഒരു പ്രവാചകാഹ്വാനം മാത്രമല്ല; ജീവിതത്തിലെ വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും നേരിടുമ്പോൾ അചഞ്ചലരായി നിലകൊള്ളാനുള്ള അനുദിന ക്ഷണംകൂടിയാണ്.

സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും ഭയവും ആശയക്കുഴപ്പവും നമ്മുടെ ഭൗമികയാത്രയുടെ ഭാഗമാണ്. ദൈവത്തിന്റെ കരുണയാൽ സ്വർഗത്തിലെത്തുന്നതുവരെ അവയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. എന്നാൽ ദൈവഭയം എന്ന ആത്മീയദാനത്തിലൂടെ അവയെ സ്വീകരിക്കുന്നുവെങ്കിൽ, വൈകാരികമായ അനാരോഗ്യത്തിലേക്കു നയിക്കുന്ന വിധത്തിൽ നാം അവയെ ഭയപ്പെടേണ്ടതില്ല.

ഈ വിശുദ്ധഭയം രണ്ടു വിധത്തിൽ നമ്മെ സ്വാധീനിക്കുന്നു. ഒന്നാമതായി, പാപത്തിന്റെ പരിണതഫലങ്ങൾ കാണാനും ദൈവനീതിയെ ഭയന്ന് പാപം ഒഴിവാക്കാനും അത് നമ്മെ പ്രാപ്തരാക്കുന്നു. എന്നാൽ അതിന്റെ ഉന്നതമായ രൂപം സ്നേഹത്തിലൂടെ നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു. യേശുവിന്റെ തിരുഹൃദയത്തിൽ നാം ഉളവാക്കുന്ന ദുഃഖം കാണാൻ അത് നമ്മെ സഹായിക്കുന്നു. ശിക്ഷയെ ഭയന്നല്ല, മറിച്ച് നാം സ്നേഹിക്കുന്നവനെ ഒരിക്കലും മുറിപ്പെടുത്തരുതെന്ന ആഗ്രഹത്താൽ പാപം ഒഴിവാക്കാൻ അവിടുത്തോടുള്ള നമ്മുടെ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. സ്വർഗത്തിൽ കണ്ണുകളുറപ്പിച്ചുകൊണ്ട്, നമ്മുടെ കർത്താവിന്റെ ഹൃദയത്തിന് ആശ്വാസമേകുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ നാം ആഗ്രഹിക്കുന്നു.

ഈ ലോകത്തിന്റെ ദുർബലതയും ദൈവത്തിന്റെ അചഞ്ചലമായ വിശ്വസ്തതയും മനസ്സിലാക്കുമ്പോൾ മാത്രമേ, ക്രിസ്തുവിലുള്ള പ്രത്യാശയോടും വിശ്വാസത്തോടുംകൂടെ എല്ലാം സഹിക്കാനും നമ്മുടെ ജീവിതത്തെ സ്നേഹത്തിന്റെ നിരന്തരമായ ബലിയർപ്പണമാക്കിത്തീർക്കാനും നമുക്ക് ധൈര്യമുണ്ടാകൂ. നാം സർവോപരി സ്വർഗത്തിലെ പൗരന്മാരാണെന്ന കാര്യം മറന്നുപോകുംവിധം കടന്നുപോകുന്ന ഈ ലോകത്തിൽ ഒരിക്കലും വേരുറയ്ക്കരുത്. ഭൗമികവിപത്തുകൾ എത്ര ഭയാനകമായിരുന്നാലും അവ നിരാശയ്ക്കുള്ള കാരണങ്ങളല്ല. ക്രിസ്തുവിൽ ആശ്രയിക്കുന്നവർക്ക്, കൂടുതൽ പൂർണമായി തങ്ങളെത്തന്നെ സമർപ്പിക്കാനും ദൈവത്തിന്റെ പരിപാലനയിൽ കൂടുതൽ ആഴമായി ആശ്രയിക്കാനുമുള്ള അവസരങ്ങളാണ് അവ.

പരീക്ഷണങ്ങൾ വന്നെത്തുമ്പോഴോ ഭയം നിങ്ങളുടെ സമാധാനത്തിന് ഭീഷണിയാകുമ്പോഴോ ഉണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ലൗകികമായ ഭയത്താൽ നിങ്ങൾ ചുരുങ്ങിപ്പോകുന്നുവോ, അതോ നിങ്ങളുടെ വിമോചനം അടുത്തിരിക്കുന്നുവെന്നറിഞ്ഞ് വിശുദ്ധമായ ആത്മവിശ്വാസത്തോടെ ശിരസ്സുയർത്തുന്നുവോ? ജീവിതത്തിൽ നാം ഓരോരുത്തരും വ്യത്യസ്തമായ പരീക്ഷണങ്ങളെയാണ് നേരിടുന്നത്; എന്നാൽ നാമെല്ലാവരും അവയെ നേരിടുന്നുണ്ട്. നിങ്ങളുടെ പരീക്ഷണങ്ങളെ ഒഴിവാക്കേണ്ട തിന്മകളായാണോ, അതോ കൃപയുടെ അവസരങ്ങളായാണോ നിങ്ങൾ കാണുന്നത്? മനുഷ്യപുത്രന്റെ വരവിൽ കണ്ണുകളുറപ്പിച്ച്, സദാ ജാഗ്രതയുള്ളവരും വിശ്വസ്തരും അവിടുത്തെ വരവിൽ ആനന്ദിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുന്നവരുമായി നിലകൊള്ളാൻ കഴിയേണ്ടതിന്, ദൈവഭയമെന്ന ദാനം നിങ്ങളിൽ കൂടുതൽ ആഴപ്പെടാൻ കർത്താവിനോട് അപേക്ഷിക്കുക.

അത്യന്തം ശക്തനും മഹത്ത്വപൂർണനുമായ കർത്താവേ, ഈ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങൾ അങ്ങ് സഹിച്ചു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ പരീക്ഷണങ്ങളെ നേരിടുമ്പോൾ, പൂർണമായ സ്നേഹത്തോടും ഞങ്ങളെ മനസ്സിലാക്കുന്ന ഹൃദയത്തോടുംകൂടെ അങ്ങ് ഞങ്ങളെ നോക്കുന്നു. എല്ലാ ക്ലേശങ്ങൾക്കിടയിലും എനിക്ക് പ്രത്യാശ നൽകണമേ. ഓരോ പരീക്ഷണത്തെയും ഒരു ഭാരമായിട്ടല്ല, മറിച്ച് ധൈര്യത്തോടും ആത്മവിശ്വാസത്തോടും, അങ്ങ് എപ്പോഴും അരികിലുണ്ടെന്നും അങ്ങയുടെ ഹൃദയത്തോട് എന്നെ കൂടുതൽ കൂടുതൽ അടുപ്പിക്കുന്നുവെന്നുമുള്ള ആശ്രയത്തോടുംകൂടെ അങ്ങയിലേക്ക് ദൃഷ്ടിയുയർത്താനുള്ള അവസരമായി കാണാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ദൈവരാജ്യത്തിന്റെ സാമീപ്യം

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ വെള്ളിയാഴ്ച

യേശു തന്റെ ശിഷ്യരോട് ഒരു ഉപമ പറഞ്ഞു. “അത്തിവൃക്ഷത്തെയും മറ്റെല്ലാ വൃക്ഷങ്ങളെയും നോക്കുവിൻ. അവയുടെ മൊട്ടുകൾ വിരിയുമ്പോൾ, നിങ്ങൾതന്നെ അതു കണ്ട് വേനൽ അടുത്തിരിക്കുന്നുവെന്ന് അറിയുന്നു; അതുപോലെ, ഇവ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ.” ലൂക്കാ 21:29–31

ലൂക്കായുടെ സുവിശേഷത്തിൽ ഈശോ തന്റെ അവസാന പ്രഭാഷണം ഉപസംഹരിക്കുമ്പോൾ, ദൈനംദിന ജീവിതത്തിന്റെ ലാളിത്യത്തെയും നിത്യയാഥാർഥ്യങ്ങളുടെ അഗാധതയെയും ഒരുപോലെ സ്പർശിക്കുന്ന ഒരു ഉപമ പറയുന്നു. പ്രഭാഷണം കേട്ടുകൊണ്ടിരുന്നവർക്ക് അതു പരിചിതമായ ഒരു ദൃശ്യമായിരുന്നു: വേനൽ അടുത്തിരിക്കുന്നതിന്റെ സൂചനയായി തളിരുകൾ വിരിയാൻ തുടങ്ങുന്ന ഒരു അത്തിമരം. ജീവന്റെയും മാറ്റത്തിന്റെയും അടയാളങ്ങളെയും ദൈവം എങ്ങനെ ഇടപെടുന്നു എന്നതിനെയും ശാന്തമായി ശ്രദ്ധിച്ചുകൊണ്ട് വിവേചിച്ചറിയുന്നതിന്റെ ഒരു ചിത്രമാണ് ഈ ഉപമ വരച്ചുകാട്ടുന്നത്.

നമുക്കു ചുറ്റുമുള്ള ലോകത്തിലെ പ്രകൃതിയുടെ അടയാളങ്ങൾ വായിച്ചറിയുന്നതുപോലെ, സാർവത്രിക തലത്തിലും നമ്മുടെ സ്വന്തം ജീവിതത്തിലും രക്ഷാചരിത്രത്തിന്റെ “ഋതുക്കൾ” വായിച്ചറിയാൻ ഈശോ നമ്മെ ക്ഷണിക്കുന്നു. മരങ്ങൾ തളിർക്കുന്നത് ഒരു പുതിയ ഋതുവിന്റെ വരവിനെ സൂചിപ്പിക്കുന്നതുപോലെ, ലോകത്തിലെ സംഭവങ്ങളും മനുഷ്യഹൃദയത്തിലെ ആന്തരിക ചലനങ്ങളും ദൈവത്തിന്റെ പദ്ധതി വെളിപ്പെട്ടുവരുന്നതിനെ സൂചിപ്പിക്കുന്നു. “ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിയുക.” ഇത് അന്ത്യകാലത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമല്ല, നമ്മുടെ കാലം ഉൾപ്പെടെ ചരിത്രത്തിന്റെ ഓരോ നിമിഷത്തിലും ദൈവം നിരന്തരം, നിശ്ശബ്ദമായി സമീപസ്ഥനായിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ്.

തുടർന്ന് ഈശോ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തുന്നു: “ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ എന്റെ വചനങ്ങൾ കടന്നുപോകുകയില്ല.” ഈ ചുരുക്കം വാക്കുകളിലൂടെ സൃഷ്ടിയുടെ ദുർബലതയും ദൈവികസത്യത്തിന്റെ നിത്യതയും തമ്മിലുള്ള വ്യത്യാസം അവിടുന്ന് വ്യക്തമാക്കുന്നു. ഈ ലോകത്തിലെ എല്ലാം—പ്രപഞ്ചം മുഴുവനും—കടന്നുപോകുന്നതാണ്. എന്നാൽ അവിടുത്തെ വചനം കാലത്തിന്റെ അവസാനംവരെയും അതിനപ്പുറവും നിലനിൽക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ അവിടുത്തെ വചനമാണ് നങ്കൂരവും അടിത്തറയും ഇളകാത്ത പാറയും.

മാറ്റം നമ്മെ അസ്വസ്ഥരാക്കിയേക്കാം. ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്ന ഒരു വയോധികൻ സന്തോഷവും അനുഗ്രഹവും നിറഞ്ഞ വർഷങ്ങൾക്കൊപ്പം കഷ്ടപ്പാടും പോരാട്ടവും നിറഞ്ഞ വർഷങ്ങളും കാണുന്നു. ഭാവിയിലേക്കു നോക്കുന്ന യുവജനങ്ങളുടെ കാര്യവും അങ്ങനെതന്നെ. വരാനിരിക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് അവർ ഒരുപക്ഷേ ഭയപ്പെട്ടേക്കാം; എങ്കിലും ഇനിയും കാണാത്ത അനുഗ്രഹങ്ങളെക്കുറിച്ച് പ്രത്യാശയുള്ളവരായിരിക്കുകയും ചെയ്യുന്നു.

മാറ്റത്തിന്റെ സന്തോഷകരവും വേദനാജനകവുമായ വെല്ലുവിളികളെ നേരിടുമ്പോൾ, ദൈവവചനമാകുന്ന പാറപോലെ ഉറച്ച അടിത്തറയിൽ മുറുകെപ്പിടിച്ചുകൊണ്ട് അവയെ നേരിടാനാണ് നാം ക്ഷണിക്കപ്പെടുന്നത്. ഈശോ തന്റെ പരസ്യശുശ്രൂഷയിലുടനീളം പഠിപ്പിച്ചതും വിശുദ്ധഗ്രന്ഥത്തിന്റെ കാനോനിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ കാര്യങ്ങളെല്ലാം ജീവിതത്തിന്റെ എല്ലാ ഋതുക്കളിലും ഉറച്ചുനിൽക്കാൻ ആവശ്യമായ സഹായം നമുക്കു നൽകുന്നു.

ഒരു ഉപമയായി പറഞ്ഞാൽ, വിശുദ്ധഗ്രന്ഥത്തിലെ ഓരോ ഭാഗവും മരത്തിലെ ഒരു മുകുളംപോലെയാണ്. ചിലപ്പോൾ, നാം പാപത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ ആ “മുകുളം” മാനസാന്തരത്തിനുള്ള ഒരു വിളിയായിരിക്കും. മറ്റു ചിലപ്പോൾ, ദുഃഖത്തിലോ പോരാട്ടത്തിലോ ആയിരിക്കുമ്പോൾ അത് ആശ്വാസത്തിന്റെ ഒരു വചനമായി വിരിയും. അടുത്ത “ഋതുവിലേക്കു” കടക്കുന്നതിനായി ഈ ജീവിതത്തിൽ നമുക്ക് ആവശ്യമായതെല്ലാം ദൈവവചനത്തിൽ കണ്ടെത്താനാകും. നമ്മുടെ മനസ്സിന് അറിവു പകരുകയും ഇച്ഛാശക്തിയെ ബലപ്പെടുത്തുകയും ആഗ്രഹങ്ങളെ ക്രമപ്പെടുത്തുകയും സ്വർഗത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ ആന്തരികസമാധാനം നൽകുകയും ചെയ്യുന്ന ജീവിക്കുന്ന വചനമാണത്.

പലപ്പോഴും നാം കടന്നുപോകുന്ന കാര്യങ്ങളിലാണ് ആശ്രയം വയ്ക്കുന്നത്: സമ്പത്ത്, ആരോഗ്യം, മനുഷ്യരുടെ അംഗീകാരം, അല്ലെങ്കിൽ ഭൗമിക സ്ഥാപനങ്ങൾ. അതിനു പകരം, തന്റെ വചനത്തിൽ നമ്മുടെ ജീവിതം നങ്കൂരമിടാൻ ഈശോ നമ്മെ വിളിക്കുന്നു. ആ വചനത്താലാണ് ലോകം സൃഷ്ടിക്കപ്പെട്ടത്; അതേ വചനത്താലാണ് ലോകം വിധിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുക. അതിനാൽ, നാം വിളിക്കപ്പെട്ടിരിക്കുന്ന നിത്യലക്ഷ്യത്തിൽ സുരക്ഷിതമായി എത്തിച്ചേരാൻ, വിശുദ്ധഗ്രന്ഥത്തിലൂടെയും സഭയുടെ സജീവമായ പാരമ്പര്യത്തിലൂടെയും കൈമാറിക്കിട്ടിയ ദൈവവചനത്തിന്റെ വഴികാട്ടലോടെയാണ് നമ്മുടെ ജീവിതത്തിലെ ദിനങ്ങളും വർഷങ്ങളും പിന്നിടേണ്ടത്.

നിങ്ങളുടെ സ്വന്തം ജീവിതത്തിലെ “മുകുളങ്ങളെക്കുറിച്ച്” ഇന്ന് ധ്യാനിക്കുക. ദൈവം സമീപത്തുണ്ടെന്നും നിങ്ങളോടു സംസാരിക്കുകയും നിങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നും കാണിച്ചുതരുന്ന ആ നിശ്ശബ്ദമായ അടയാളങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ അവയെ ശ്രദ്ധിക്കുന്നുണ്ടോ? മാർഗദർശനവും പ്രത്യാശയുമായി നിങ്ങളുടെ ദിനത്തിലേക്ക് കടന്നുവരുന്ന സജീവമായ ഒരു സ്വരമായി നിങ്ങൾ ദൈവവചനത്തെ കാണുന്നുണ്ടോ? ഇന്ന് അവിടുത്തെ വചനത്തിന് നിങ്ങളുടെ ഹൃദയം തുറക്കുക. കൂടുതൽ ആഴമായ ആശ്രയബോധത്തിലേക്കും നിലനിൽക്കുന്ന പ്രത്യാശയിലേക്കും അവിടുത്തെ രാജ്യത്തിന്റെ വരവിനായുള്ള സന്തോഷകരമായ ഒരുക്കത്തിലേക്കും നിങ്ങളെ നയിക്കാൻ അതിനെ അനുവദിക്കുക.

പിതാവിന്റെ നിത്യവചനമേ, ഒരിക്കലും തകർന്നുപോകാത്ത പാറയും മങ്ങിപ്പോകാത്ത പ്രകാശവും കടന്നുപോകാത്ത സത്യവും അങ്ങാണ്. എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ വായിച്ചറിയാനും വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അങ്ങയുടെ വചനത്തിൽ സദാ മുറുകെപ്പിടിക്കാനും എന്നെ സഹായിക്കണമേ. മാറ്റങ്ങൾ വരുമ്പോഴും എനിക്കു ചുറ്റുമുള്ള ലോകം മാറിമറിയുമ്പോഴും അങ്ങ് എന്റെ അടിത്തറയും സമാധാനവുമായിരിക്കണമേ. കടന്നുപോകുന്നവയിൽ ഒരിക്കലും ഞാൻ പ്രത്യാശ വയ്ക്കാതെ, സദാ അങ്ങയിൽ നങ്കൂരമിട്ടു നിലകൊള്ളട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഉണർന്നിരിക്കുക, ഒരുങ്ങിയിരിക്കുക

ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ ശനിയാഴ്ച

ഈശോ ശിഷ്യന്മാരോടു പറഞ്ഞു: “അമിതമായ ആഘോഷങ്ങളും മദ്യലഹരിയും ദൈനംദിന ജീവിതത്തിലെ ആകുലതകളും നിമിത്തം നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിക്കാതിരിക്കാനും ആ ദിവസം ഒരു കെണിപോലെ അപ്രതീക്ഷിതമായി നിങ്ങളുടെമേൽ വന്നുപെടാതിരിക്കാനും സൂക്ഷിക്കുവിൻ. എന്തെന്നാൽ, ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെമേലും ആ ദിവസം വന്നുപതിക്കും. ആസന്നമായിരിക്കുന്ന പീഡനങ്ങളിൽനിന്നു രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാനും നിങ്ങൾക്കു ശക്തിയുണ്ടാകേണ്ടതിന് എല്ലായ്പ്പോഴും ജാഗരൂകരായിരുന്ന് പ്രാർഥിക്കുവിൻ.” ലൂക്കാ 21:34–36

ആരാധനാക്രമവർഷം അവസാനത്തോടടുക്കുമ്പോൾ, ഈശോ തന്റെ പീഡാനുഭവത്തിനു മുമ്പുള്ള അവസാന പരസ്യപ്രഭാഷണം അടിയന്തരമായ ഒരു അഭ്യർഥനയോടെ ഉപസംഹരിക്കുന്നു: ആത്മീയമായി ഉണർന്നിരിക്കുക. കുരിശിനു മുമ്പുള്ള അവിടുത്തെ അവസാന പ്രഭാഷണമാണിത്. ഇതിനുശേഷം അവിടുന്ന് പ്രസംഗിക്കുക വാക്കുകളാലല്ല, സ്വന്തം രക്തം ചൊരിഞ്ഞുകൊണ്ടായിരിക്കും.

ആകാശത്തിലെ അടയാളങ്ങൾ, പീഡനം, കഷ്ടതകൾ, തന്റെ മഹത്വപൂർണമായ തിരിച്ചുവരവ് എന്നിവയെക്കുറിച്ചു സംസാരിച്ചശേഷം യേശു ഇപ്പോൾ ഹൃദയത്തിന്റെ അവസ്ഥയിലേക്കു ശ്രദ്ധ തിരിക്കുന്നു: “നിങ്ങളുടെ ഹൃദയങ്ങൾ മയങ്ങിപ്പോകാതിരിക്കാൻ സൂക്ഷിക്കുവിൻ.” ശ്രദ്ധ പതറൽ, സുഖഭോഗം, ഭയം, പതിവുജീവിതം എന്നിവയാൽ സംവേദനക്ഷമത നഷ്ടപ്പെട്ട ഹൃദയമാണ് മയങ്ങുന്ന ഹൃദയം. അത് സ്വയംതൃപ്തിയിലേക്കും ആത്മീയജീവിതത്തിൽനിന്നുള്ള അകൽച്ചയിലേക്കും വഴുതിവീഴുന്നു.

രണ്ടു അപകടങ്ങളെക്കുറിച്ച് അവിടുന്ന് മുന്നറിയിപ്പു നൽകുന്നു: “അഴിഞ്ഞാട്ടവും മദ്യലഹരിയും,” “അനുദിനജീവിതത്തിലെ ഉത്കണ്ഠകളും.” ആദ്യത്തേത് പാപകരമായ അതിരുകടന്ന ആസ്വാദനത്തിലും രണ്ടാമത്തേത് ജീവിതഭാരങ്ങളിലും വേരൂന്നിയിരിക്കുന്നതിനാൽ, ഒറ്റനോട്ടത്തിൽ ഇവ പരസ്പരവിരുദ്ധങ്ങളായി തോന്നാം. എന്നാൽ രണ്ടും ഒരേ ഫലത്തിലേക്കാണു നയിക്കുന്നത്: ശ്രദ്ധ പതറി, ആത്മീയമായി മയങ്ങിക്കിടക്കുന്ന ആത്മാവ്. സുഖഭോഗം മൂലമായാലും ഉത്കണ്ഠ മൂലമായാലും, നിത്യതയിലുള്ള നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുകയും കടന്നുപോകുന്ന ഈ ലോകമാണ് നമ്മുടെ അന്തിമഭവനം എന്ന മട്ടിൽ നാം ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

“ആ ദിവസം ഒരു കെണിപോലെ അപ്രതീക്ഷിതമായി നിങ്ങളെ പിടികൂടും” എന്ന് യേശു മുന്നറിയിപ്പു നൽകുന്നു. കാലത്തിന്റെ അന്ത്യത്തെക്കുറിച്ചായാലും നമ്മുടെ വ്യക്തിഗത വിധിയെക്കുറിച്ചായാലും അവിടുന്ന് ഉദ്ദേശിക്കുന്നത് വ്യക്തമാണ്: ആ നിമിഷം പെട്ടെന്നു വന്നെത്തും; അതിൽനിന്നു രക്ഷപ്പെടാനാവില്ല. നമ്മെ ഭയപ്പെടുത്താനല്ല അവിടുന്ന് ഇതു പറയുന്നത്, മറിച്ച് നമ്മെ ഉണർത്താനാണ്—അവിടുന്ന് വരുമ്പോൾ ആത്മവിശ്വാസത്തോടെ അവിടുത്തെ മുമ്പിൽ നിൽക്കാൻ കഴിയേണ്ടതിന്, ഓരോ ദിവസവും ഒരുങ്ങി ജീവിക്കാൻ നമ്മെ വിളിക്കാനാണ്.

ആരാധനാക്രമവത്സരത്തിന്റെ അവസാനദിനമായ ഇന്നു തന്നെയും ഒരു ആത്മീയ അടയാളമാണ്—ഉണരാനും ജാഗ്രത പുതുക്കാനും നമ്മുടെ യഥാർത്ഥ ഭവനമായ സ്വർഗത്തിലേക്കു ദൃഷ്ടി ഉയർത്താനുമുള്ള ഒരു വിളി. സഭാവത്സരത്തിന്റെ ചക്രം ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു: ജനനത്തിന്റെയും നവീകരണത്തിന്റെയും, പഠനത്തിന്റെയും ധ്യാനത്തിന്റെയും, ത്യാഗത്തിന്റെയും സേവനത്തിന്റെയും, മരണത്തിന്റെയും ഉത്ഥാനത്തിന്റെയും കാലങ്ങൾ.

ജാഗ്രത എന്നത് നിഷ്ക്രിയമായ കാത്തിരിപ്പല്ല. നിരന്തരമായ മാനസാന്തരം, അനുദിനപ്രാർഥന, പാപത്തിൽനിന്നുള്ള അകൽച്ച, കൂദാശാജീവിതത്തിലെ വിശ്വസ്തമായ പങ്കാളിത്തം എന്നിവയിലൂടെ വളർത്തിയെടുക്കുന്ന, ആത്മാവിന്റെ സജീവമായ ദൈനംദിന മനോഭാവമാണത്. യഥാർത്ഥ പ്രാർഥന ആവശ്യങ്ങൾ ചോദിക്കുക മാത്രമല്ല, ദൈവവുമായി നിരന്തരമായ ഐക്യത്തിൽ നിലനിൽക്കുക കൂടിയാണ്. അങ്ങനെ അവിടുത്തെ കൃപ പരീക്ഷണങ്ങളിൽ നമ്മെ താങ്ങിനിർത്തുകയും പരിശുദ്ധാത്മാവിന്റെ ഓരോ പ്രേരണയും ശ്രദ്ധിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

അന്ത്യത്തിനായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? മരണത്തെക്കുറിച്ചു ചിന്തിക്കാൻ പലരും മടിക്കുന്നു. എന്നാൽ പ്രായമേറുമ്പോൾ അത്തരം ചിന്തകൾ പലപ്പോഴും കൂടുതൽ സ്വാഭാവികമായി കടന്നുവരുന്നു. എങ്കിലും ജീവിതത്തിന്റെ ആദ്യനാളുകൾമുതൽ നമ്മുടെ അന്ത്യം മുന്നിൽക്കണ്ടു ജീവിക്കുന്നതാണ് ഏറ്റവും ഉചിതം. വിശുദ്ധ പൗലോസിന്റെ വാക്കുകൾ പരിചിന്തിക്കുക: “എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്… ഈ ജീവിതം വിട്ട് ക്രിസ്തുവിനോടുകൂടെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; അതാണല്ലോ ഏറെ ശ്രേഷ്ഠം. എങ്കിലും നിങ്ങളുടെ നന്മയ്ക്കായി ഞാൻ ശരീരത്തിൽ തുടരുന്നത് കൂടുതൽ ആവശ്യമാണ്” (ഫിലിപ്പിയർ 1:21–24).

എത്ര മനോഹരവും വിശുദ്ധവുമായ കാഴ്ചപ്പാട്! നാം ക്രിസ്തുവിൽ ജീവിക്കുകയും കൃപയിൽ ജാഗ്രതയോടെ നിലനിൽക്കുകയും ചെയ്യുമ്പോൾ, “മരണം നേട്ടമാണ്” എന്നറിഞ്ഞുകൊണ്ട്, സ്വർഗഭവനത്തിലേക്കു വിളിക്കപ്പെടുന്ന ദിവസത്തിനായി നാം ആഗ്രഹിക്കാൻ തുടങ്ങും. ഉപവിയോ കടമയോ കൂടുതൽ കാലം ഇവിടെ തുടരാൻ നമ്മെ വിളിക്കുന്നെങ്കിൽ, ദൈവഹിതത്തിനു സന്തോഷത്തോടെ കീഴടങ്ങിക്കൊണ്ട് നാം അത് സ്വീകരിക്കുന്നു. ജാഗ്രതയുള്ള ഹൃദയത്തിനു മാത്രമേ പൗലോസിന്റെ വാക്കുകൾ സമാധാനത്തോടും സന്തോഷത്തോടുംകൂടെ ഏറ്റുപറയാൻ കഴിയൂ.

നിങ്ങളുടെ ഹൃദയത്തിന്റെ മനോഭാവത്തെക്കുറിച്ച് ഇന്നു വിചിന്തനം ചെയ്യുക. നിങ്ങൾ ആത്മീയമായി ഉണർന്നിരിക്കുന്നുവോ? അതോ ശ്രദ്ധ പതറൽ, ഉത്കണ്ഠ, ലൗകിക നേട്ടങ്ങൾക്കായുള്ള പരിശ്രമം എന്നിവമൂലം നിങ്ങളുടെ ഹൃദയം മയങ്ങിപ്പോയിരിക്കുന്നുവോ? നിങ്ങൾ പ്രാർഥനയിൽ ഉറച്ചുനിൽക്കുകയും പാപത്തിനെതിരെ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ടോ? ഇന്നത്തെ സുവിശേഷം നിങ്ങളെ ഉണർവിലേക്കു നയിക്കട്ടെ. നിങ്ങളുടെ അവബോധം കൂടുതൽ തെളിമയുള്ളതാക്കാനും പ്രത്യാശയിൽ നിങ്ങളുടെ ഹൃദയം ഉയർത്താനും, ഈ ജീവിതത്തിലായാലും വരാനിരിക്കുന്ന ജീവിതത്തിലായാലും ക്രിസ്തുവിനെ കണ്ടുമുട്ടാൻ ഒരുങ്ങി ഓരോ ദിവസവും ജീവിക്കാൻ നിങ്ങളെ സഹായിക്കാനും പരിശുദ്ധാത്മാവിനോടു പ്രാർഥിക്കുക.

എന്റെ മഹത്വപൂർണനായ രാജാവേ, അങ്ങ് ഇപ്പോഴും സ്വർഗത്തിൽ വാഴുന്നു. ആകാശത്തെയും ഭൂമിയെയും നവീകരിച്ച്, കൃപയുടെയും സത്യത്തിന്റെയും അങ്ങയുടെ നിത്യരാജ്യം സ്ഥാപിക്കാൻ ഒരുനാൾ അങ്ങ് മടങ്ങിവരും. അങ്ങയെ മുഖാമുഖം കാണുന്ന ദിവസത്തിനായി ഞാൻ എന്നും പ്രത്യാശയോടെ കാത്തിരിക്കട്ടെ. കർത്താവേ, കൃപയാൽ അങ്ങ് എന്റെ അടുക്കലേക്കു വരുന്ന ഓരോ വിധവും തിരിച്ചറിയാനും അങ്ങയുടെ രണ്ടാം വരവിന്റെ ദിവസത്തിനായി പൂർണമായി ഒരുങ്ങിയിരിക്കാനും എന്നെ എന്നും ജാഗ്രതയോടെ കാത്തുപരിപാലിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു!

ഉള്ളടക്കം


എല്ലാ 4 വാല്യങ്ങളും മൃദുപുറംചട്ടയുള്ള പുസ്തകങ്ങളായും & ഇ-പുസ്തക രൂപത്തിലും ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble – കൂടാതെ മറ്റിടങ്ങളിലും!