ഉറങ്ങാൻ പോകുന്നതിനുമുമ്പോ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്കു മുമ്പോ കുട്ടികളോടൊപ്പം ചൊല്ലേണ്ട പ്രാർത്ഥന

എന്റെ ഉണ്ണീശോനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഈ ആഗമനകാലത്തിനായി അങ്ങേക്കു നന്ദി പറയുന്നു. എനിക്കുവേണ്ടി അങ്ങ് ചെയ്തതെല്ലാം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സ്നേഹനിധിയായ അമ്മ അങ്ങയെ ഹൃദയത്തിൽ സൂക്ഷിക്കുകയും ഈ ലോകത്തിലേക്കു കൊണ്ടുവരികയും ചെയ്തു. അങ്ങനെതന്നെ ചെയ്യാൻ എന്നെയും സഹായിക്കണമേ.
എന്റെ സ്നേഹനിധിയായ ഈശോയേ, ഈ ആഗമനകാലത്ത് അങ്ങയെ എന്റെ രാജാവും എന്റെ ദൈവവുമായി ഞാൻ തിരഞ്ഞെടുക്കുന്നു. എന്നെ അങ്ങയോടു ചേർത്തുനിർത്തണമേ. ഞാൻ മാറ്റണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്റാൻ കഴിയേണ്ടതിന് എന്റെ പാപങ്ങൾ തിരിച്ചറിയാൻ എന്നെ സഹായിക്കണമേ.
മറിയമാതാവേ, ദൈവം എന്നിൽനിന്ന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ എനിക്കു കഴിയേണ്ടതിന് ഈ ആഗമനകാലത്ത് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ദൈവം അമ്മയോട് ആവശ്യപ്പെട്ട എല്ലാറ്റിനും അമ്മ “ഉവ്വ്” എന്നു പറഞ്ഞു. അങ്ങനെതന്നെ ചെയ്യാൻ എനിക്കും കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കർത്താവായ യേശുവേ, വരണമേ,
കർത്താവായ യേശുവേ, വരണമേ,
വരണമേ, ഈശോനാഥാ, വരണമേ!
ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ആമ്മേൻ.