മലയാളം

മൂന്നാം ദിവസം: ത്യാഗം

വിഭൂതി ബുധനു ശേഷമുള്ള വെള്ളിയാഴ്ച

ഇന്ന് നാം മാംസാഹാരം വർജിക്കുന്നു. എത്രയോ ചെറിയൊരു ത്യാഗമാണിത്. ഒരു ത്യാഗം മനസ്സില്ലാമനസ്സോടെയും ഖേദത്തോടെയും അർപ്പിക്കാം; അല്ലെങ്കിൽ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അർപ്പിക്കാം. അതിൽനിന്നു ലഭിക്കുന്ന കൃപ പ്രതീക്ഷിച്ചുകൊണ്ട് ഈ ചെറിയ ത്യാഗത്തെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും നാം സ്വീകരിക്കുമ്പോൾ, അർധമനസ്സോടെ അത് ചെയ്യുന്നതിനെക്കാൾ എത്രയോ മടങ്ങ് അധികം കൃപ നമുക്കു ലഭിക്കുന്നു എന്നതാണ് വ്യത്യാസം. മാംസാഹാരം വർജിക്കുക എന്ന ചെറിയ ത്യാഗം, സന്തോഷത്തോടെ നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽനിന്ന് സ്വമനസ്സാലെ അർപ്പിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ അസാധാരണമായ വിധത്തിൽ ഫലദായകമാകാൻ കഴിയും.

ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഐക്യപ്പെട്ട്, മാംസാഹാരം വർജിക്കുന്ന ഇന്നത്തെ ത്യാഗം അർപ്പിക്കുക. യേശു നാല്പതു ദിവസത്തേക്കു മരുഭൂമിയിലേക്കു പോയപ്പോൾ തന്നെത്തന്നെ അർപ്പിച്ച അതേ രീതിയിലാണ് ഈ ത്യാഗവും നമ്മുടെ ജീവിതത്തിലുടനീളം നാം ചെയ്യുന്ന മറ്റെല്ലാ ത്യാഗങ്ങളും അർപ്പിക്കേണ്ടത്. ഈ സംഭവത്തെക്കുറിച്ചുള്ള മർക്കോസിന്റെ ഹ്രസ്വവിവരണത്തിൽ, “ആത്മാവ് അവനെ മരുഭൂമിയിലേക്കു പ്രേരിപ്പിച്ചയച്ചു…” (മർക്കോസ് 1:12) എന്നു പറയുന്നു. മത്തായിയുടെയും ലൂക്കായുടെയും വിവരണങ്ങളിൽ, പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു “നയിച്ചു” എന്നു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാർഥനയും ഉപവാസവും നിറഞ്ഞ ഈ ത്യാഗകാലത്തിലേക്ക് യേശു പ്രവേശിച്ചത് തന്റെ ഇഷ്ടത്തിനു വിരുദ്ധമായി നിർബന്ധിക്കപ്പെട്ടതുകൊണ്ടല്ല. അവിടുന്ന് അതു ചെയ്തത് മനസ്സില്ലാമനസ്സോടെയോ ഖേദത്തോടെയോ അല്ല. മറിച്ച്, ഈ ത്യാഗകാലത്തിലേക്കു തിടുക്കത്തിൽ പ്രവേശിക്കാൻ അവിടുന്ന് പരിശുദ്ധാത്മാവിനാൽ ഉള്ളിൽനിന്ന് പ്രേരിതനായി. അവിടുന്ന് നയിക്കപ്പെടുകയായിരുന്നു, തള്ളിവിടപ്പെടുകയായിരുന്നില്ല; പരിശുദ്ധാത്മാവിനോട് ഐക്യപ്പെട്ട്, ഉത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും അവിടുന്ന് പിതാവിന്റെ തിരുഹിതം അനുസരിച്ചു.

ബാഹ്യമായി നോക്കുമ്പോൾ, ഏതു ത്യാഗപ്രവൃത്തിയും ആദ്യം നിഷേധാത്മകമായി തോന്നാം. “ഞാൻ ഇത് നിർബന്ധമായും ചെയ്യണം.” അർപ്പിക്കാൻ നാം ക്ഷണിക്കപ്പെടുന്ന ഏതു ത്യാഗവും തുടക്കത്തിൽ ഒരു ഭാരമായി തോന്നിയേക്കാമെങ്കിലും, ആഴമേറിയ ആത്മീയ യാഥാർഥ്യം നമ്മെ പഠിപ്പിക്കുന്നത് മറിച്ചാണ്. പരിശുദ്ധാത്മാവിന്റെ കൃപാവർഷത്താൽ നാം ജീവിക്കുന്നെങ്കിൽ, ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറും; ചെയ്യാൻ നാം ക്ഷണിക്കപ്പെടുന്ന ത്യാഗങ്ങളെ നാം കാണുന്ന രീതിയും അതിൽ ഉൾപ്പെടുന്നു.

ഇന്ന് മാംസാഹാരം വർജിക്കുക എന്ന ചെറിയ ത്യാഗം അർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളെ “നയിക്കാനും”, ഉള്ളിൽനിന്ന് “പ്രേരിപ്പിക്കാനും” അനുവദിക്കുക. അങ്ങനെ ഇത് ഒരു കടമ മാത്രമല്ല, യേശുവിനോട് ഐക്യപ്പെട്ട് നിങ്ങൾ സ്വയം തിരഞ്ഞെടുക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന, ആഴമേറിയ ആത്മീയ സമർപ്പണവും ആയിത്തീരും. നമ്മുടെ കർത്താവിന്റെ മനുഷ്യജീവിതത്തെ അനുകരിച്ച് നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യമായി ഇതു ദൈവത്തിന് അർപ്പിക്കുക. അവിടുത്തെ അനുകരിക്കുന്നതാണ് എല്ലായ്പ്പോഴും ഏറ്റവും മഹത്വപൂർണമായ പ്രവൃത്തിമാർഗം എന്നറിഞ്ഞ്, നമ്മുടെ കർത്താവിൽ കണ്ണടച്ചുള്ള വിശ്വാസത്തോടെയും ആശ്രയബോധത്തോടെയും അത് അർപ്പിക്കുക. നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട ഒരു നിഷേധാത്മക കാര്യമായി ഇതിനെ കാണരുത്. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനും, ക്രമരഹിതമായ നിങ്ങളുടെ അഭിലാഷങ്ങളെ നിയന്ത്രിക്കാനും, സദ്ഗുണത്തിൽ വളരാനുമുള്ള ചെറുതെങ്കിലും മഹത്വപൂർണമായ ഒരവസരമായി ഇതിനെ കാണുക. 

ത്യാഗമയനായ എന്റെ കർത്താവേ, മരുഭൂമിയിലെ നാല്പതു ദിവസത്തെ ത്യാഗം അങ്ങ് അതീവ ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയും അനുഷ്ഠിച്ചു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ, മനുഷ്യനെന്ന നിലയിലുള്ള ഈ ത്യാഗം സ്വർഗസ്ഥനായ അങ്ങയുടെ പിതാവിന് അർപ്പിക്കുന്നത് അങ്ങയുടെ വലിയ സന്തോഷവും വിശേഷാവകാശവുമായിരുന്നു. അങ്ങയുടെ തിരുഹൃദയത്തിന്റെ സന്നദ്ധതയോടും സന്തോഷത്തോടും ഐക്യപ്പെട്ട്, എന്റെ ജീവിതത്തിലെ ഓരോ ത്യാഗവും അർപ്പിക്കാനുള്ള കൃപ ഇന്നും എല്ലാ ദിവസവും എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇതും കാണുക: മൂന്നാം ധ്യാനം – മരുഭൂമിയിലെ 40 ദിവസങ്ങൾ

ഉള്ളടക്കം

നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ