
യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലന മറിയവും നിന്നിരുന്നു. യോഹന്നാൻ 19:25
ഇത്തരത്തിലുള്ള പീഡനം അനുഭവിക്കുന്ന മിക്കവരുടെയും മനസ്സിൽ ആശയക്കുഴപ്പവും കോപവും നിഷേധഭാവവും നിറഞ്ഞ ചിന്തകൾ ഉയർന്നുവരും. ഇങ്ങനെയുള്ള അനുഭവങ്ങൾ മനസ്സിലാക്കുക വളരെ പ്രയാസമാണ്; യുക്തിരഹിതവും ആശയക്കുഴപ്പം നിറഞ്ഞതുമായ ചിന്തകളിലേക്കുള്ള പ്രലോഭനം ശക്തമായിരിക്കുകയും ചെയ്യും. അപ്പോൾ നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിലൂടെ എന്തൊക്കെയായിരുന്നു കടന്നുപോയിരുന്നത്?
മറിയം അമ്മയ്ക്ക് വിമലഹൃദയം മാത്രമല്ല ഉണ്ടായിരുന്നത്; വിശ്വാസത്തിന്റെ പൂർണതയാൽ തെളിമയാർന്ന ഒരു മനസ്സും ഉണ്ടായിരുന്നു. സ്വർഗത്തിൽ ഇപ്പോഴുള്ള അതേ അറിവും ഗ്രാഹ്യവും അന്ന് വിശ്വാസത്തിൽ അമ്മയ്ക്ക് ഉണ്ടായിരുന്നിരിക്കണമെന്നില്ല. എങ്കിലും, ഈ ഭീകരത പിതാവിന്റെ തിരുഹിതപ്രകാരം അനുവദിക്കപ്പെട്ടതാണെന്ന് തിരിച്ചറിയാൻ പര്യാപ്തമായിരുന്നു അമ്മയുടെ വിശ്വാസം. തന്റെ പുത്രൻ തന്റെ ദൈവിക ദൗത്യം നിറവേറ്റുകയായിരുന്നു എന്ന അത്യഗാധമായ സത്യം അമ്മയുടെ മനസ്സ് ഗ്രഹിച്ചിട്ടുണ്ടാകണം. ഈ ദുരന്തം യഥാർഥത്തിൽ ഒരു ദുരന്തമേ ആയിരുന്നില്ലെന്നും, മറിച്ച്, ലോകം അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയായിരുന്നുവെന്നും അമ്മ അറിഞ്ഞിട്ടുണ്ടാകണം.
ആ നിമിഷത്തിൽ മറിയം അമ്മ അനുഭവിച്ച വേദനയോട് അമ്മയുടെ വിശ്വാസം ഇഴചേർന്നിട്ടുണ്ടാകണം. നിരാശയിലേക്കുള്ള പ്രലോഭനം നേരിട്ടപ്പോൾ അമ്മയുടെ വിശ്വാസം വലിയ ആത്മവിശ്വാസത്തിന്റെ ഉറവിടമായിരുന്നിട്ടുണ്ടാകണം. അമ്മയുടെ വിശ്വാസം എല്ലാ പ്രലോഭനങ്ങളെയും വ്യക്തതയും ഉറച്ച ബോധ്യവുമായി പരിവർത്തനം ചെയ്തിട്ടുണ്ടാകണം. ഒടുവിൽ, ദൈവത്തിന്റെ മനസ്സിൽനിന്ന് തനിക്കു വെളിപ്പെടുത്തപ്പെട്ട സത്യത്താൽ അമ്മ തന്റെ പ്രലോഭനങ്ങളെ ജയിച്ചിട്ടുണ്ടാകണം.
നമ്മുടെ സ്വന്തം ജീവിതത്തിൽ സഹനം നമ്മെ ആശയക്കുഴപ്പത്തിലും അനിശ്ചിതത്വത്തിലുമാക്കുന്നു. വിശ്വാസം നഷ്ടപ്പെടുത്താനും സ്വർഗസ്ഥനായ പിതാവിന്റെ പരിപൂർണമായ തിരുഹിതത്തെ സംശയിക്കാനും അത് നമ്മെ പ്രലോഭിപ്പിക്കുന്നു. തന്റെ പുത്രന്റെ സഹനത്തെ അഭിമുഖീകരിച്ചപ്പോൾ, തന്റെ ചിന്തകളെ നയിക്കാൻ സത്യത്തെ അനുവദിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ സാക്ഷ്യത്തിൽനിന്ന് നാം പഠിക്കണം. കാര്യങ്ങൾ ഗ്രഹിക്കാനും ദൈവത്തിന്റെ ജ്ഞാനത്തെ സംശയിക്കാനുള്ള എല്ലാ പ്രലോഭനങ്ങളും ഉപേക്ഷിക്കാനും വേണ്ട സ്വാതന്ത്ര്യം അമ്മയ്ക്ക് നൽകാൻ സത്യത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ.
നമ്മുടെ പരിശുദ്ധ അമ്മയുടെ പരിപൂർണ്ണ വിശ്വാസത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നും പിതാവിന്റെ തിരുഹിതം തന്റെ കൺമുന്നിൽത്തന്നെ നിറവേറുകയാണെന്നുമുള്ള തികച്ചും സുനിശ്ചിതമായ അറിവായിരുന്നു അവളുടെ വിശ്വാസം. ഇത്തരമൊരു ക്രൂരതയുടെ അർത്ഥം മനസ്സിലാക്കുക എന്ന അസാധ്യമായ ദൗത്യത്തിനു മുന്നിൽ ലൗകികജ്ഞാനം നിസ്സഹായമായി നിന്നു. എന്നാൽ ലോകത്തിന്റെ രക്ഷയ്ക്കായി തന്റെ പുത്രന്റെ മരണത്തിന് അവൾ സമ്മതം നൽകിയപ്പോൾ സ്വർഗീയജ്ഞാനം അവളെ നയിച്ചു.
പ്രിയ അമ്മേ, ജീവിതത്തിൽ എത്രയോ തവണ ദൈവത്തിന്റെ വഴികളെ സംശയിക്കാൻ എനിക്കു പ്രലോഭനമുണ്ടാകുന്നു. എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും കുരിശുകൾ എന്നെ ആശയക്കുഴപ്പത്തിലാക്കാം. സഹനവും വേദനയും നിറഞ്ഞ ഈ ലോകത്തിലൂടെ കടന്നുപോകുമ്പോൾ, അമ്മയുടെ പരിപൂർണ്ണ വിശ്വാസം എനിക്കും ലഭിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. ലൗകികജ്ഞാനത്തിൽനിന്നു മാത്രം ഉത്ഭവിക്കുന്ന പ്രലോഭനങ്ങൾ ഒരിക്കലും എന്നെ പിന്തിരിപ്പിക്കാതിരിക്കട്ടെ. പകരം, സ്വർഗീയജ്ഞാനത്തിന്റെ സത്യം എന്റെ മനസ്സിൽ നിറഞ്ഞൊഴുകാനും എന്റെ ജീവിതത്തിനു ദിശ നൽകാനും ഞാൻ ഇടയാക്കട്ടെ.
പ്രിയപ്പെട്ട ഈശോയേ, അങ്ങയുടെ കുരിശിലെ അതികഠിനമായ വേദനയ്ക്ക് സാക്ഷിയാകാൻ അങ്ങ് അങ്ങയുടെ അമലോത്ഭവയായ അമ്മയെ അനുവദിച്ചു. എന്നാൽ അവളുടെ മനസ്സിനു വ്യക്തത ലഭിക്കാൻ സഹായിക്കുന്ന സ്വർഗീയമായ ഉൾക്കാഴ്ചയും അറിവും അങ്ങ് അവൾക്കു നൽകി. ഇതേ അറിവ് എന്റെയും സകല മനുഷ്യരുടെയും മേൽ ചൊരിയണമേ. എല്ലാ കാര്യങ്ങളിലും അങ്ങയെയും അങ്ങയുടെ പരിപൂർണ്ണമായ തിരുഹിതത്തെയും അറിയാൻ ഞങ്ങളെ സഹായിക്കണമേ.
മറിയമാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

