
വീഞ്ഞു തീർന്നപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: “അവർക്ക് വീഞ്ഞില്ല.” [അപ്പോൾ] യേശു അവളോടു പറഞ്ഞു: “സ്ത്രീയേ, നിന്റെ ഈ ആശങ്ക എന്നെ എങ്ങനെ ബാധിക്കുന്നു? എന്റെ സമയം ഇനിയും വന്നിട്ടില്ല.” അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: “അവൻ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുവിൻ.” യോഹന്നാൻ 2:3-5
യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിന്റെ അവസരത്തിൽ നമ്മുടെ പരിശുദ്ധ അമ്മ പറഞ്ഞ വാക്കുകളാണിവ: “അവൻ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുവിൻ.” ആഴവും ശക്തിയുമുള്ള ഈ വാക്കുകൾ നമ്മുടെ ആത്മീയജീവിതത്തിന്റെ അടിത്തറയായി എളുപ്പത്തിൽ സ്വീകരിക്കാവുന്നവയാണ്.
കുരിശിൻചുവട്ടിൽവച്ച് നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രനോട് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ, എന്തായിരിക്കും പറഞ്ഞിരിക്കുക? നിരാശയുടെയോ ആശയക്കുഴപ്പത്തിന്റെയോ വേദനയുടെയോ കോപത്തിന്റെയോ വാക്കുകളായിരിക്കുമോ പറഞ്ഞിരിക്കുക? അല്ല, കാനായിലെ വിവാഹവിരുന്നിൽ പറഞ്ഞ അതേ വാക്കുകളായിരിക്കും അമ്മ പറഞ്ഞിരിക്കുക. എന്നാൽ ഇത്തവണ പരിചാരകരോടു പറയുന്നതിനുപകരം തന്റെ പുത്രനോടായിരിക്കും അമ്മ അവ പറഞ്ഞിരിക്കുക. “ഞാൻ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന എന്റെ പ്രിയ മകനേ, സ്വർഗസ്ഥനായ പിതാവ് നിന്നോടു പറയുന്നതെല്ലാം ചെയ്യുക.”
തീർച്ചയായും യേശുവിന് ഈ ഉപദേശം ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും തന്റെ അമ്മയിൽനിന്ന് അത് സ്വീകരിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. പരിപൂർണ്ണമായ സ്നേഹത്തിന്റെ ഈ വാക്കുകൾ അമ്മ തന്നോടു പറയുന്നതു കേൾക്കാൻ അവിടുന്ന് ആഗ്രഹിച്ചു. ഒരിക്കൽ കാനായിൽ ഉച്ചരിക്കപ്പെട്ട ഈ വാക്കുകളെക്കുറിച്ചു ധ്യാനിച്ചുകൊണ്ട്, കുരിശിലെ അവിടുത്തെ പ്രാണവേദനയ്ക്കിടയിൽ പരസ്പരം നോക്കിയപ്പോൾ, നമ്മുടെ പരിശുദ്ധ അമ്മയും അവളുടെ ദിവ്യപുത്രനും അഗാധമായ ഒരു ഐക്യം പങ്കുവെച്ചിട്ടുണ്ടാകും. അവിടുത്തെ മരണം അതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ നന്മയുടെ പൂർത്തീകരണമാണെന്ന് അമ്മയും പുത്രനും അറിഞ്ഞിരുന്നു. സ്വർഗസ്ഥനായ പിതാവിന്റെ തിരുഹിതം പരിപൂർണ്ണമാണെന്ന് ഇരുവരും അറിഞ്ഞിട്ടുണ്ടാകും. ഈ വിശുദ്ധ തിരുഹിതത്തിനായി ഇരുവരും അതിയായി ആഗ്രഹിക്കുകയും യാതൊരു മടിയും കൂടാതെ അതിനെ പുണരുകയും ചെയ്തിട്ടുണ്ടാകും. നിശ്ശബ്ദമായി പരസ്പരം നോക്കിയപ്പോൾ ഈ വാക്കുകൾ ഇരുവരുടെയും ഹൃദയങ്ങളിൽ ഉണ്ടായിരുന്നിരിക്കാം:
“എന്റെ പ്രിയ മകനേ, സ്വർഗസ്ഥനായ നിന്റെ പിതാവ് നിന്നിൽനിന്ന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യുക.”
ഇന്ന് ഈ വാക്കുകളെക്കുറിച്ചു ധ്യാനിക്കുക; അമ്മയും പുത്രനും നിങ്ങളോടാണ് ഇവ പറയുന്നതെന്ന് അറിയുക. ജീവിതത്തിൽ നിങ്ങൾ എന്തുതന്നെ നേരിട്ടാലും, സ്നേഹത്തിന്റെയും അനുസരണത്തിന്റെയും മഹിമാപൂർണ്ണമായ ഈ കല്പന സ്വീകരിക്കാൻ നമ്മുടെ പരിശുദ്ധ അമ്മയും അവളുടെ ദിവ്യപുത്രനും നിങ്ങളെ ക്ഷണിക്കുന്നു. എല്ലാ പോരാട്ടങ്ങളിലും, നല്ല കാലങ്ങളിലും പ്രയാസമേറിയ കാലങ്ങളിലും, വേദനയിലും സന്തോഷത്തിലും വിശ്വസ്തരായി നിലകൊള്ളാൻ അവർ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ജീവിതത്തിൽ നിങ്ങൾ എന്തുതന്നെ അനുഭവിച്ചാലും, ഈ വാക്കുകൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും എപ്പോഴും മുഴങ്ങണം: “അവൻ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുവിൻ.” ഈ വിശുദ്ധ വാക്കുകൾ കേൾക്കാനും സ്വീകരിക്കാനും മടിക്കരുത്.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, പരിപൂർണ്ണമായ ജ്ഞാനത്തിന്റെ വാക്കുകൾ അങ്ങ് നൽകുന്നു. സ്വർഗസ്ഥനായ പിതാവിന്റെ പരിപൂർണ്ണമായ തിരുവിഷ്ടം സ്വീകരിക്കാൻ അങ്ങയുടെ പ്രിയ മക്കളെയെല്ലാം അങ്ങ് ക്ഷണിക്കുന്നു. ഈ വാക്കുകൾ എന്നോടു മാത്രമല്ല പറയപ്പെട്ടത്. ആദ്യം അങ്ങയുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ അങ്ങയോടാണ് അവ പറയപ്പെട്ടത്. അങ്ങാകട്ടെ, കണ്ടുമുട്ടിയ എല്ലാവരോടും സ്നേഹത്തിന്റെ ഈ കല്പന അറിയിച്ചു. അങ്ങയുടെ സ്വന്തം ദിവ്യപുത്രനോടും അങ്ങ് നിശ്ശബ്ദമായി ഈ വാക്കുകൾ പറഞ്ഞു.
എന്റെ സ്നേഹനിധിയായ അമ്മേ, അങ്ങ് എന്നോട് ഈ വാക്കുകൾ പറയുന്നതു കേൾക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ ദൈവത്തിന്റെ പരിപൂർണ്ണമായ തിരുവിഷ്ടം സ്വീകരിക്കാനുള്ള ഈ വിളിയോടു പ്രത്യുത്തരിക്കാൻ അങ്ങയുടെ പ്രാർഥനകളുടെ ശക്തിയാൽ എന്നെ സഹായിക്കണമേ.
എനിക്ക് അമൂല്യനായ ഈശോയേ, അങ്ങ് എന്നോടു കല്പിക്കുന്നതെല്ലാം ചെയ്യാൻ ഞാൻ തീരുമാനിക്കുന്നു. യാതൊരു മടിയുമില്ലാതെ അങ്ങയുടെ തിരുവിഷ്ടം ഞാൻ തിരഞ്ഞെടുക്കുന്നു; അങ്ങയുടെ കാൽച്ചുവടുകൾ പിന്തുടരാൻ അങ്ങ് എന്നെ ക്ഷണിക്കുന്നുവെന്ന് ഞാൻ അറിയുന്നു. കുരിശിന്റെ കഷ്ടതകൾ എന്നെ ഒരിക്കലും പിന്തിരിപ്പിക്കാതിരിക്കട്ടെ; മറിച്ച്, അങ്ങയുടെ പരിപൂർണ്ണമായ തിരുവിഷ്ടത്തിന്റെ ശക്തിയാൽ ഞാൻ രൂപാന്തരപ്പെടട്ടെ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പതിനഞ്ചാം ദിവസം – ദൈവവചനം ശ്രവിക്കുകയും പാലിക്കുകയും ചെയ്യുക
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

