
“എന്റെ ആത്മാവ് കർത്താവിന്റെ മഹത്വം പ്രഘോഷിക്കുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. എന്തെന്നാൽ, അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചിരിക്കുന്നു; ഇതാ, ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും.” ലൂക്കാ 1:46-48
നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ കുരിശിനു മുന്നിൽ നിന്നപ്പോൾ, അതൊരു “അനുഗൃഹീത” നിമിഷമായിരുന്നുവെന്ന് “സകല തലമുറകളും” പറയുമായിരുന്നോ? തന്റെ സ്തോത്രഗീതത്തിൽ അമ്മ പറയുന്നതുപോലെ, പുത്രന്റെ ക്രൂരവും പൈശാചികവുമായ മരണം കൺമുന്നിൽ കാണാൻ ഇടയായപ്പോഴും അമ്മ ഭാഗ്യവതിയായിരുന്നോ?
കുരിശിൻ ചുവട്ടിലെ അമ്മയുടെ അനുഭവം അതിതീവ്രമായ വേദനയും ദുഃഖവും ത്യാഗവും നിറഞ്ഞതായിരുന്നിരിക്കാമെങ്കിലും, അത് അസാധാരണമായ അനുഗ്രഹത്തിന്റെ നിമിഷംകൂടിയായിരുന്നു. കുരിശിൽ തറയ്ക്കപ്പെട്ട തന്റെ പുത്രനെ സ്നേഹത്തോടെ നോക്കിനിന്ന ആ നിമിഷം അസാധാരണമായ കൃപയുടെ നിമിഷമായിരുന്നു. സഹനത്തിലൂടെ ലോകം വീണ്ടെടുക്കപ്പെട്ട നിമിഷമായിരുന്നു അത്. സ്നേഹത്തിന്റെ ഈ പരിപൂർണ്ണ ബലി സ്വന്തം കണ്ണുകളാൽ കാണാനും സ്വന്തം ഹൃദയത്തിൽ അതിനെക്കുറിച്ചു ധ്യാനിക്കാനും അമ്മ തീരുമാനിച്ചു. ഇത്രയേറെ വേദനയിൽനിന്ന് ഇത്രയേറെ നന്മ പുറപ്പെടുവിക്കാൻ കഴിയുന്ന ദൈവത്തിൽ ആനന്ദിക്കാൻ അമ്മ തീരുമാനിച്ചു.
നമ്മുടെ ജീവിതത്തിൽ പോരാട്ടങ്ങളും സഹനങ്ങളും നേരിടുമ്പോൾ, വേദനയിലും നിരാശയിലും നമ്മിലേക്കുതന്നെ ഒതുങ്ങിക്കൂടാനുള്ള പ്രലോഭനത്തിന് നാം എളുപ്പം വഴങ്ങുന്നു. ജീവിതത്തിൽ നമുക്കു ലഭിച്ച അനുഗ്രഹങ്ങളെ നാം എളുപ്പം വിസ്മരിച്ചുപോകാം. പിതാവ് തന്റെ പുത്രന്റെയും നമ്മുടെ പരിശുദ്ധ അമ്മയുടെയും മേൽ വേദനയും സഹനവും അടിച്ചേൽപ്പിച്ചില്ല; എന്നാൽ കഠിനമായ പീഡനത്തിന്റെ ഈ നിമിഷത്തിലേക്ക് അവർ പ്രവേശിക്കണമെന്നത് അവിടുത്തെ തിരുഹിതമായിരുന്നു. ആ നിമിഷത്തെ രൂപാന്തരപ്പെടുത്താനും എല്ലാ സഹനങ്ങളെയും വീണ്ടെടുക്കാനുമായിട്ടാണ് യേശു അതിലേക്ക് പ്രവേശിച്ചത്. തന്റെ പുത്രനിൽ സജീവമായിരിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിനും ശക്തിക്കും ആദ്യത്തേതും ഏറ്റവും മഹത്തുമായ സാക്ഷിയാകാൻ നമ്മുടെ പരിശുദ്ധ അമ്മ ഈ നിമിഷത്തിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. കുരിശിനെ അഭിമുഖീകരിച്ചു നിൽക്കാൻ ക്ഷണിക്കപ്പെടുമ്പോൾ, നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ആനന്ദിക്കാൻ പിതാവ് നമ്മിൽ ഓരോരുത്തരെയും അനുദിനം ക്ഷണിക്കുന്നു.
മുകളിൽ ഉദ്ധരിച്ച തിരുവചനഭാഗം, നമ്മുടെ പരിശുദ്ധ അമ്മ യേശുവിനെ ഗർഭത്തിൽ വഹിച്ചുകൊണ്ട് എലിസബത്തിനെ സന്ദർശിക്കാൻ പോയപ്പോൾ പറഞ്ഞ വാക്കുകളാണ് അനുസ്മരിപ്പിക്കുന്നതെങ്കിലും, അവ അമ്മയുടെ അധരങ്ങളിൽ നിരന്തരം ഉണ്ടായിരുന്ന വാക്കുകളായിരിക്കണം. അമ്മ കർത്താവിന്റെ മഹത്ത്വം പ്രഘോഷിക്കുകയും തന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുകയും ജീവിതത്തിലെ എണ്ണമറ്റ അനുഗ്രഹങ്ങൾ വീണ്ടും വീണ്ടും ആസ്വദിക്കുകയും ചെയ്തിരിക്കുമായിരുന്നു. എലിസബത്തിനെ സന്ദർശിച്ച വേളയിലും കുരിശുമരണത്തിന്റെ വേളയിലും അമ്മ അങ്ങനെ ചെയ്തിരിക്കുമായിരുന്നു.
നമ്മുടെ പരിശുദ്ധ അമ്മയുടെ വാക്കുകളെയും ഹൃദയത്തെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇന്നത്തെ നിങ്ങളുടെ സ്വന്തം പ്രാർഥനയിൽ ഈ വാക്കുകൾ ഉരുവിടുക. ജീവിതത്തിൽ നിങ്ങൾ കടന്നുപോകുന്ന ഏതൊരു സാഹചര്യത്തിലും അവ പറയുക. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അനുദിന ഉറവിടമായി ഈ വാക്കുകൾ മാറട്ടെ. കർത്താവിന്റെ മഹത്ത്വം പ്രഘോഷിക്കുക, നിങ്ങളുടെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുക; ജീവിതത്തിൽ എന്തുതന്നെ അനുഭവിച്ചാലും, ഓരോ ദിവസവും ദൈവത്തിന്റെ അനുഗ്രഹങ്ങൾ സമൃദ്ധമാണെന്ന് അറിയുക. ജീവിതം ആശ്വാസം പകരുമ്പോൾ, അതിലെ അനുഗ്രഹം കാണുക. ജീവിതം വേദനാജനകമാകുമ്പോഴും, അതിലെ അനുഗ്രഹം കാണുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്ക് പ്രചോദനമാകാൻ ദൈവമാതാവിന്റെ സാക്ഷ്യത്തെ അനുവദിക്കുക.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, എലിസബത്തിനെ സന്ദർശിച്ചപ്പോൾ ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിച്ചുകൊണ്ട് അമ്മ പറഞ്ഞ വാക്കുകൾ മനുഷ്യാവതാരത്തിന്റെ മഹത്തായ ആനന്ദത്തിൽനിന്ന് ഒഴുകിവരുന്നവയാണ്. അമ്മയുടെ ഈ ആനന്ദം ദൂരവ്യാപകമാണ്; പിന്നീട് സ്വന്തം കുഞ്ഞ് ക്രൂരമായ മരണം വരിക്കുന്നത് കണ്ടുനിന്നപ്പോൾ അത് അമ്മയെ ശക്തിയാൽ നിറച്ചു. അത്യഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ, ഗർഭകാലത്തെ ആനന്ദം അമ്മയെ ഒരിക്കൽക്കൂടി സ്പർശിച്ചു.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ ജീവിതത്തിലും അമ്മയുടെ സ്തുതിഗീതം അനുകരിക്കാൻ എന്നെ സഹായിക്കണമേ. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ കാണാൻ എന്നെ സഹായിക്കണമേ. അമ്മയുടെ പ്രിയപുത്രന്റെ ബലിയുടെ മഹിമ കാണാൻ, അമ്മയുടെ സ്നേഹനിറഞ്ഞ നോട്ടത്തിലേക്ക് എന്നെയും ചേർത്തുനിർത്തണമേ.
എന്റെ പ്രിയപ്പെട്ട കർത്താവായ യേശുവേ, അങ്ങാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം. അങ്ങുതന്നെയാണ് എല്ലാ അനുഗ്രഹങ്ങളും! നന്മയായതെല്ലാം അങ്ങയിൽനിന്നു വരുന്നു. ഓരോ ദിവസവും എന്റെ ദൃഷ്ടി അങ്ങയിൽ ഉറപ്പിക്കാനും അങ്ങയുടെ സ്നേഹബലിയുടെ ശക്തിയെക്കുറിച്ച് പൂർണബോധ്യമുള്ളവനാകാനും എന്നെ സഹായിക്കണമേ. ഈ ദാനത്തിൽ ഞാൻ ആനന്ദിക്കുകയും അങ്ങയുടെ മഹത്ത്വം എപ്പോഴും പ്രഘോഷിക്കുകയും ചെയ്യുമാറാകട്ടെ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
എട്ടാം ദിവസം – എല്ലാ കാര്യങ്ങളിലും വിശ്വസ്തത
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

