
മറിയം ഏകദേശം മൂന്നു മാസം [എലിസബത്തിന്റെ] കൂടെ താമസിച്ചശേഷം സ്വന്തം വീട്ടിലേക്കു മടങ്ങി. ലൂക്കാ 1:56
നമ്മുടെ പരിശുദ്ധ അമ്മയിൽ പൂർണതയിലെത്തിയിരുന്ന മനോഹരമായ ഒരു ഗുണമാണ് വിശ്വസ്തത. തന്റെ പുത്രനോടുള്ള ഈ വിശ്വസ്തത ആദ്യം പ്രകടമായത് എലിസബത്തിനോടുള്ള അമ്മയുടെ വിശ്വസ്തതയിലാണ്.
മറിയമാതാവ് സ്വയം ഗർഭിണിയായിരുന്നിട്ടും, എലിസബത്തിന്റെ ഗർഭകാലത്ത് അവളെ പരിചരിക്കാൻ പോയി. എലിസബത്തിന്റെ ഗർഭകാലത്തിന്റെ അവസാന മാസങ്ങൾ സുഖകരമാക്കാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് അമ്മ തന്റെ സമയത്തിൽ മൂന്നു മാസം അവൾക്കായി സമർപ്പിച്ചു. കേൾക്കാനും മനസ്സിലാക്കാനും ഉപദേശം നൽകാനും ശുശ്രൂഷിക്കാനും, കരുതലുണ്ടെന്ന് ലളിതമായി പ്രകടിപ്പിക്കാനും അമ്മ അവിടെ ഉണ്ടായിരുന്നിരിക്കണം. ആ മൂന്നു മാസങ്ങളിൽ ദൈവമാതാവിന്റെ സാന്നിധ്യം എലിസബത്തിന് വലിയ അനുഗ്രഹമായിരുന്നിരിക്കണം.
വിശ്വസ്തത എന്ന പുണ്യം ഒരു അമ്മയിൽ പ്രത്യേകമാംവിധം ശക്തമാണ്. യേശു കുരിശിൽ മരിച്ചുകൊണ്ടിരുന്നപ്പോൾ, അവിടുത്തെ പ്രിയമാതാവ് കാൽവരിയിലല്ലാതെ മറ്റൊരിടത്തും ഉണ്ടാകുമായിരുന്നില്ല. അമ്മ എലിസബത്തിനോടൊപ്പം മൂന്നു മാസവും കുരിശിൻ ചുവട്ടിൽ ദീർഘമായ മൂന്നു മണിക്കൂറുകളും ചെലവഴിച്ചു. അമ്മയുടെ സമർപ്പണത്തിന്റെ വലിയ ആഴമാണ് ഇതു വെളിപ്പെടുത്തിയത്. സ്നേഹത്തിൽ അചഞ്ചലയായിരുന്ന അമ്മ അവസാനംവരെ വിശ്വസ്തയായിരുന്നു.
മറ്റൊരാളുടെ കഷ്ടതയെ അഭിമുഖീകരിക്കുമ്പോൾ നമ്മിൽ ഓരോരുത്തരിൽനിന്നും ആവശ്യപ്പെടുന്ന ഒരു സദ്ഗുണമാണ് വിശ്വസ്തത. മറ്റുള്ളവർ ആവശ്യത്തിലോ ദുരിതത്തിലോ ദുഃഖത്തിലോ പീഡനത്തിലോ ആയിരിക്കുന്നത് കാണുമ്പോൾ നാം ഒരു തീരുമാനമെടുക്കണം. ഒന്നുകിൽ ബലഹീനതയും സ്വാർഥതയും മൂലം നാം അവരിൽനിന്ന് മുഖം തിരിക്കണം; അല്ലെങ്കിൽ പിന്തുണയും ശക്തിയും പകർന്നുകൊണ്ട്, അവരോടൊപ്പം അവരുടെ കുരിശുകൾ വഹിക്കാൻ നാം അവരിലേക്കു തിരിയണം.
നമ്മുടെ പരിശുദ്ധ അമ്മയുടെ വിശ്വസ്തതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ജീവിതത്തിലുടനീളം അവൾ വിശ്വസ്തയായ സുഹൃത്തും ബന്ധുവും ഭാര്യയും അമ്മയുമായിരുന്നു. ഭാരം എത്ര ചെറുതായാലും എത്ര വലുതായാലും തന്റെ കടമ നിറവേറ്റുന്നതിൽ അവൾ ഒരിക്കലും പതറിയില്ല. മറ്റൊരാളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്ന വഴികളെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ അതിനു സന്നദ്ധരാണോ? ഒട്ടും മടിക്കാതെ മറ്റൊരാളുടെ സഹായത്തിനെത്താൻ നിങ്ങൾ തയ്യാറാണോ? അനുകമ്പ നിറഞ്ഞ ഹൃദയത്തോടെ അവരുടെ മുറിവുകൾ മനസ്സിലാക്കാൻ നിങ്ങൾ സന്നദ്ധരാണോ? നമ്മുടെ പരിശുദ്ധ അമ്മയുടെ ഈ വിശുദ്ധ സദ്ഗുണം സ്വീകരിച്ച് ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കുക. ആവശ്യത്തിലിരിക്കുന്നവരുടെ അടുക്കലേക്കു ചെല്ലാനും, സ്നേഹിക്കാനായി നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നവരുടെ കുരിശുകൾക്കരികിൽ നിലകൊള്ളാനും തീരുമാനിക്കുക.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, ആ മൂന്നു മാസക്കാലം എലിസബത്തിനോട് അങ്ങ് പുലർത്തിയ വിശ്വസ്തത കരുതലിന്റെയും താത്പര്യത്തിന്റെയും സേവനത്തിന്റെയും മനോഹരമായ മാതൃകയായി. അങ്ങയുടെ മാതൃക പിന്തുടരാനും ആവശ്യത്തിലിരിക്കുന്നവരെ സ്നേഹിക്കാൻ എനിക്കു ലഭിച്ച അവസരങ്ങൾ ഓരോ ദിവസവും കണ്ടെത്താനും എന്നെ സഹായിക്കണമേ. ചെറുതും വലുതുമായ രീതികളിൽ സേവനം ചെയ്യാൻ ഞാൻ സന്നദ്ധനാകട്ടെ; സ്നേഹിക്കാനുള്ള എന്റെ വിളിയിൽ ഞാൻ ഒരിക്കലും പതറാതിരിക്കട്ടെ.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ പുത്രന്റെ കുരിശിനു മുമ്പിൽ പൂർണ വിശ്വസ്തതയോടെ നിലകൊണ്ടപ്പോൾ അങ്ങ് അന്ത്യംവരെ വിശ്വസ്തയായിരുന്നു. വേദനയിൽ കഴിയുന്ന അങ്ങയുടെ പ്രിയപുത്രനെ നോക്കി നിൽക്കാൻ അങ്ങേക്കു ശക്തി നൽകിയത് അങ്ങയുടെ മാതൃഹൃദയമായിരുന്നു. എന്റെ കുരിശുകളിൽനിന്നോ മറ്റുള്ളവർ വഹിക്കുന്ന കുരിശുകളിൽനിന്നോ ഞാൻ ഒരിക്കലും മുഖം തിരിക്കാതിരിക്കട്ടെ. എന്റെ സംരക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും വിശ്വസ്തമായ സ്നേഹത്തിന്റെ ഉജ്ജ്വല മാതൃകയാകാൻ എനിക്കും കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ.
എന്റെ അമൂല്യനാഥാ, പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടെ ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ വ്യഥയിലും വേദനയിലും അങ്ങയെ നോക്കിയിരിക്കാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. മറ്റുള്ളവരിലും അവരുടെ സഹനങ്ങളിലും അങ്ങയെ കാണാനും എന്നെ സഹായിക്കണമേ. ആവശ്യത്തിലിരിക്കുന്നവർക്ക് ശക്തിയുടെ തൂണാകാൻ കഴിയേണ്ടതിന് അങ്ങയുടെ പ്രിയ അമ്മയുടെ വിശ്വസ്തത അനുകരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ നാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ സർവസ്വവുംകൊണ്ട് അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒൻപതാം ദിവസം – ലോകം സ്വാഗതം ചെയ്യാത്തവൾ
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

