മലയാളം

ഒൻപതാം ദിവസം – ലോകം സ്വാഗതം ചെയ്യാത്തവൾ


വീഡിയോ പതിപ്പ്

അവർ അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമായി; അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. സത്രത്തിൽ അവർക്ക് ഇടമില്ലാതിരുന്നതിനാൽ അവൾ അവനെ പിള്ളക്കച്ചകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. ലൂക്കാ 2:6-7

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയം നിറച്ച ആദ്യത്തെ വലിയ ദുഃഖങ്ങളിലൊന്ന് യേശുവിന്റെ ജനനവേളയിലായിരുന്നു. ദൈവമാതാവ് ലോകത്തിന്റെ രക്ഷകനായ തന്റെ പുത്രനു ജന്മം നൽകാനൊരുങ്ങിയ ആ നിമിഷത്തിൽ, അവർക്ക് ഇടം ലഭിച്ചത് മൃഗങ്ങൾ വസിച്ചിരുന്ന ഒരിടത്തു മാത്രമായിരുന്നു എന്നത് ഉൾക്കൊള്ളാൻ പ്രയാസമാണ്. സത്രത്തിലോ മറ്റേതെങ്കിലും ഭവനത്തിലോ അവന് ഇടമുണ്ടായിരുന്നില്ല. അമ്മയ്ക്ക് അത് എത്ര വേദനാജനകമായ അനുഭവമായിരുന്നിരിക്കണം! തന്റെ പുത്രൻ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണെന്ന വിസ്മയകരമായ സത്യം അമ്മ അറിഞ്ഞിരുന്നു. പരിശുദ്ധാത്മാവിന്റെ ആവരണത്താൽ അത്ഭുതകരമായ വിധത്തിലാണ് താൻ അവനെ ഗർഭം ധരിച്ചതെന്നും അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ, അവൻ ജനിക്കേണ്ട സമയമായപ്പോൾ, ആദ്യമായി അവൻ തിരസ്കരിക്കപ്പെട്ടു. അവന്റെ ആദ്യത്തെ കിടക്ക ഒരു പുൽത്തൊട്ടിയായിരുന്നു—മൃഗങ്ങൾക്ക് തീറ്റ നൽകുന്ന തൊട്ടി.

തിരസ്കരണം മറിയത്തിന്റെയും യേശുവിന്റെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. അത് അവന്റെ ജനനത്തിൽ ആരംഭിച്ച് കുരിശിൽ അവസാനിച്ചു. അതിലുടനീളം നമ്മുടെ പരിശുദ്ധ അമ്മ അവനോടൊപ്പമുണ്ടായിരുന്നു. എന്നാൽ ജീവിതത്തിൽ അവർ നേരിട്ട തിരസ്കരണം ഒരിക്കലും അവരുടെ സമാധാനവും സന്തോഷവും കവർന്നെടുത്തില്ല. ലോകത്തിന്റെ തിരസ്കരണത്തെ വ്യക്തമായി മറികടന്ന ഒന്നുണ്ടായിരുന്നു: ഈ അമ്മയും പുത്രനും തമ്മിലുള്ള പരസ്പരസ്നേഹം. അവരെ ഒന്നിപ്പിച്ചിരുന്ന ആ ബന്ധം അനുദിനം ഇരുവർക്കും ആത്മീയാഹാരമായി. പിതാവിന്റെ ഹിതം പൂർണമായി നിറവേറ്റി ജീവിക്കാനാകുംവിധം, ഈ ലോകത്തിലെ തിരസ്കരണത്തിന്റെ വേദനയെ അതിജീവിക്കാൻ അവരുടെ പരസ്പരസ്നേഹം അവരെ പ്രാപ്തരാക്കി.

ജീവിതത്തിൽ നാമും പലപ്പോഴും ലോകത്തിൽനിന്നുള്ള തിരസ്കരണവും തെറ്റിദ്ധാരണയും സ്വീകരണമില്ലായ്മയും അനുഭവിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ കോപിക്കാനും നിരാശയിൽ ആഴാനുംപോലും ശക്തമായ പ്രലോഭനമുണ്ടാകുന്നു. നിങ്ങളുടെ ജീവിതത്തിൽ ദൈവമാതാവിന്റെയും അവളുടെ പുത്രനായ യേശുവിന്റെയും സ്നേഹവും പൂർണമായ ആശ്ലേഷവും നിങ്ങൾക്കുണ്ടെന്ന ഉറപ്പാണ് തിരസ്കരണം സഹിച്ചുനിൽക്കാനുള്ള താക്കോൽ. ഇരുകൈകളും വിരിച്ച് അവർ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു. അവർ ഒരിക്കലും നിങ്ങളെ വിട്ടുപോകുകയില്ല. അവർ ഒരിക്കലും നിങ്ങളെ തിരസ്കരിക്കുകയില്ല.

അവരുടെ സ്നേഹനിർഭരമായ ആശ്ലേഷമെന്ന ഈ ദാനം നിങ്ങളും മറ്റുള്ളവർക്ക് നൽകണം. മറ്റുള്ളവർക്ക് യേശുവിന്റെ അമ്മയാകാനും യേശുതന്നെയാകാനുമാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലിനും താത്പര്യത്തിനും പ്രചോദനമാകേണ്ടത് ഈ തിരുക്കുടുംബത്തിൽനിന്ന് നിങ്ങൾ സ്വീകരിക്കുന്ന സ്നേഹമാണ്.

ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. ഒന്നാമതായി, ദൈവമാതാവും അവളുടെ പുത്രനായ യേശുവും നിങ്ങളെ എപ്പോഴും സ്വീകരിക്കുന്നുവെന്ന് അറിയുക. നിങ്ങൾ എല്ലായ്‌പ്പോഴും ഈ കുടുംബത്തിന്റെ ഭാഗമാണ്. അവരുടെ കുടുംബസ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള നിങ്ങളുടെ കടമയെക്കുറിച്ചും വിചിന്തനം ചെയ്യുക. പ്രത്യേകിച്ച്, ആവശ്യത്തിലായിരിക്കുന്നവരുടെയും ദൈവം നിങ്ങളുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചിരിക്കുന്നവരുടെയും കാര്യത്തിൽ ഇത് പ്രസക്തമാണ്. എല്ലാ വിധത്തിലും മറ്റുള്ളവരെ സ്വീകരിക്കുന്നതിൽ മടികാണിക്കരുത്. കാരണം, മറ്റൊരാളെ സ്വീകരിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയും.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്നെ എപ്പോഴും അമ്മയുടെ കുഞ്ഞായി സ്വീകരിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. അമ്മയുടെ പുത്രനോടു ചേർന്ന് ഞാൻ വിശ്രമിക്കുമ്പോൾ അമ്മയുടെ ഹൃദയം എന്റെ ഭവനമാകട്ടെ. ഈ ജീവിതത്തിൽ ഞാൻ നേരിടുന്ന തിരസ്കരണം ഒരിക്കലും എന്നെ പിന്തിരിപ്പിക്കാതിരിക്കട്ടെ. പകരം, അമ്മയുടെ പുത്രനെ ഈ ലോകത്തിലേക്ക് സ്വീകരിച്ചതുപോലെ എന്നെയും സ്വീകരിക്കുന്നുവെന്നറിഞ്ഞ്, ഞാൻ എപ്പോഴും അമ്മയുടെ സ്നേഹനിർഭരമായ ആശ്ലേഷത്തിലേക്ക് തിരിയട്ടെ.

പ്രിയ അമ്മേ, ഈ ലോകത്തിൽ തിരസ്കരണം നേരിടുന്നവരെ എപ്പോഴും കരുതാൻ എന്നെ സഹായിക്കണമേ. ആവശ്യത്തിലായിരിക്കുന്ന എല്ലാവർക്കും അമ്മയുടെ സ്വാഗതമരുളുന്ന ഹൃദയത്തിന്റെ ഉപകരണമായി ഞാൻ മാറട്ടെ.

പ്രിയപ്പെട്ട കർത്താവേ, ഒരു പുൽത്തൊട്ടിയല്ലാതെ അങ്ങേക്ക് തലചായ്ക്കാൻ മറ്റൊരിടവും ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങയുടെ അമ്മയുടെ സാന്നിധ്യം അങ്ങേക്ക് ആവശ്യമായ സ്വീകരണം മുഴുവനും നൽകി. മറ്റുള്ളവരിൽ അങ്ങ് സ്വയം വെളിപ്പെടുത്തുമ്പോൾ അങ്ങയെ സ്വീകരിക്കാൻ എന്റെ ഇരുകൈകളും തുറക്കുവാൻ എന്നെ സഹായിക്കണമേ. തിരസ്കരിക്കപ്പെട്ടവരെയും ആവശ്യത്തിലായിരിക്കുന്നവരെയും തേടിച്ചെല്ലാൻ എന്നെ സഹായിക്കണമേ. അവർക്കായി ഞാൻ ആ പുൽത്തൊട്ടിയും അങ്ങയുടെ ദിവ്യസ്നേഹത്തിന്റെ അഭയസ്ഥാനവുമായി മാറട്ടെ.

മറിയമാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പത്താം ദിവസം – വ്യാകുലതയുടെ വാൾ

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!