മലയാളം

ആറാം ദിവസം – ആനന്ദത്താൽ കുതിച്ചുചാടിയതിന്റെ ഓർമ്മ


വീഡിയോ പതിപ്പ്

മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ ഏറ്റവും അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു? നിന്റെ അഭിവാദനസ്വരം എന്റെ കാതുകളിൽ പതിച്ച നിമിഷം എന്റെ ഉദരത്തിലെ ശിശു ആനന്ദത്താൽ കുതിച്ചുചാടി. കർത്താവ് നിന്നോട് അരുളിച്ചെയ്തവ നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി.” ലൂക്കാ 1:41-45

നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ കുരിശിനുമുമ്പിൽ നിന്നപ്പോൾ, അവിടുത്തെ ഭൗമികജീവിതത്തിലെ ശക്തമായ സ്വാധീനം ചെലുത്തിയ എല്ലാ നിമിഷങ്ങളെയും അനുഭവങ്ങളെയും കുറിച്ച് ധ്യാനിക്കാൻ അമ്മയ്ക്ക് നീണ്ട മൂന്നു മണിക്കൂറുകൾ ഉണ്ടായിരുന്നു. ഒരുപക്ഷേ, വിശുദ്ധ സ്നാപക യോഹന്നാൻ എലിസബത്തിന്റെ ഉദരത്തിൽനിന്ന് യേശുവിനു സാക്ഷ്യം നൽകിയ ആ ആരംഭനാളുകളിലേക്ക് അമ്മയുടെ മനസ്സ് മടങ്ങിപ്പോയിരിക്കാം.

ലോകരക്ഷകന്റെ സാന്നിധ്യം വിശുദ്ധ യോഹന്നാൻ തിരിച്ചറിഞ്ഞു. ബുദ്ധികൊണ്ട് ഈ രഹസ്യം പൂർണമായി മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ലെങ്കിലും, ആത്മാവിൽ അവൻ ആ രഹസ്യം ഗ്രഹിച്ചു. ആനന്ദം അവനെ സ്പർശിച്ചു; അവൻ കുതിച്ചുചാടി. അത് അവൻ മനഃപൂർവം നൽകിയ പ്രതികരണമായിരുന്നില്ല; പരിശുദ്ധാത്മാവിൽനിന്നുള്ള ഒരു പ്രചോദനമായിരുന്നു. ആനന്ദത്തിന്റെ ഈ ദാനം സ്വീകരിച്ച അവൻ ഗർഭപാത്രത്തിനുള്ളിൽനിന്ന് പ്രതികരിച്ചു. എലിസബത്ത് ആ ആനന്ദം അനുഭവിച്ചറിഞ്ഞു; ദൈവമാതാവിനോടും നമ്മോടെല്ലാവരോടും അവൾ അത് പ്രകടിപ്പിച്ചു.

നമ്മുടെ പരിശുദ്ധ അമ്മ ക്രൂശിക്കപ്പെട്ട തന്റെ പുത്രനെ നോക്കിനിൽക്കുമ്പോൾ, അനേകം വർഷങ്ങൾക്കുമുമ്പ് അനുഭവിച്ച ആ നിമിഷത്തിലെ ആനന്ദം അവൾക്കു സമാധാനവും ആശ്വാസവും പകർന്നിട്ടുണ്ടാകാം. പിതാവ് അവളുടെ പുത്രനെ കുരിശിൽ ഉപേക്ഷിച്ചിരുന്നില്ല. അവിടുത്തേക്ക് എങ്ങനെ അങ്ങനെ ചെയ്യാനാകും? ഈ നിമിഷത്തിൽ പിതാവിനും പരിശുദ്ധാത്മാവിനും എങ്ങനെ സന്നിഹിതരാകാതിരിക്കാനാകും? വർഷങ്ങൾക്കുമുമ്പ് വിശുദ്ധ യോഹന്നാനെ ആനന്ദത്താൽ പ്രചോദിപ്പിച്ചത് പരിശുദ്ധാത്മാവായിരുന്നു. ഇപ്പോൾ വീണ്ടും, തന്റെ പുത്രന്റെ മരണത്തെപ്പോലും അതിവർത്തിക്കുന്ന ആനന്ദത്താൽ യേശുവിന്റെ അമ്മയെ പ്രചോദിപ്പിക്കുന്നതും പരിശുദ്ധാത്മാവുതന്നെയായിരുന്നു.

മറിയമാതാവ് ക്രൂശിക്കപ്പെട്ട തന്റെ പുത്രനെ നോക്കിനിൽക്കുമ്പോൾ, സ്വന്തം പുത്രനെയാണ് താൻ നോക്കിക്കാണുന്നത് എന്ന ലളിതമായ വസ്തുതയിൽനിന്നായിരിക്കാം അവളുടെ ആനന്ദം ഉദിച്ചത്. രക്തത്തിന്റെയും ചതവുകളുടെയും മറയ്ക്കുള്ളിൽ അവൾ അവിടുത്തെ ദൈവിക ആത്മാവിനെ കണ്ടു. കുരിശുമരണത്തിന്റെ ഭീകരതയ്ക്കിടയിലും അവിടുത്തെ മനുഷ്യാവതാരത്തിന്റെ ആനന്ദം ഒരിക്കലും മായിച്ചുകളയാനാവുമായിരുന്നില്ല. അവിടുന്ന് ദൈവമായിരുന്നു; അതോടൊപ്പം അവളുടെ പുത്രനും, അവളുടെ മാംസവും രക്തവുമായിരുന്നു. എത്ര വലിയ ആനന്ദം, എത്ര വലിയ അനുഗ്രഹം, എത്ര വലിയ ദാനം!

ജീവിതത്തിൽ എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നുപോയാലും ദൈവം എപ്പോഴും നിങ്ങളോടൊപ്പം സന്നിഹിതനാണ് എന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഏറ്റവും വലിയ സഹനങ്ങളുടെ നടുവിലും ദൈവം സന്നിഹിതനാണ്. അവിടുത്തെ സാന്നിധ്യം ആനന്ദിക്കാൻ തക്ക കാരണമാണ്. ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന എന്തിനെയും ഏതിനെയും ഈ ആനന്ദം അതിശയിക്കുന്നു. നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ദൈവപുത്രന്റെ സഹനത്തെ നോക്കിക്കാണുമ്പോൾ, ദൈവസാന്നിധ്യത്തിന്റെ ആനന്ദം ഇന്ന് നിങ്ങളുടെ ഹൃദയത്തിലേക്കു കടന്നുവരട്ടെ.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ കണ്ണുകൾ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭീകരത കണ്ടു; എങ്കിലും അങ്ങയുടെ ഹൃദയം ആനന്ദത്താൽ കുതിച്ചുചാടി. അങ്ങയുടെ പുത്രനോട് അവർ എന്തുതന്നെ ചെയ്താലും, അവിടുന്ന് അപ്പോഴും ദൈവവും അങ്ങയുടെ പുത്രനും തന്നെയായിരുന്നു എന്ന വിശുദ്ധവും ലളിതവുമായ സത്യത്തിൽനിന്നാണ് അങ്ങ് അനുഭവിച്ച ആനന്ദം ഉദിച്ചത്. അവിടുത്തെ സാന്നിധ്യം എപ്പോഴും പ്രത്യാശയും ആനന്ദവും പകർന്നു; ഒന്നിനും ഒരിക്കലും അത് എടുത്തുകളയാനാവുമായിരുന്നില്ല.

പ്രിയ അമ്മേ, ജീവിതത്തിൽ എന്തെല്ലാം സഹിക്കേണ്ടിവന്നാലും അങ്ങയുടെ പുത്രന്റെ ദൈവിക സാന്നിധ്യത്തിൽ എന്റെ ദൃഷ്ടി ഉറപ്പിച്ചുനിർത്താൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. എപ്പോഴും ആനന്ദിക്കാൻ എന്നെ പ്രാപ്തനാക്കുന്ന സന്തോഷമായി ആ ദൈവിക സാന്നിധ്യം മാറട്ടെ.

എനിക്ക് ഏറ്റവും വിലപ്പെട്ട രക്ഷകനേ, അങ്ങ് എത്രമാത്രം അടിയേറ്റും മുറിവേറ്റും ഇരുന്നാലും, എന്റെ ജീവിതത്തിലെ അങ്ങയുടെ ദൈവിക സാന്നിധ്യത്തിൽ ഞാൻ ആനന്ദിക്കുന്നു. അങ്ങയുടെ മനുഷ്യാവതാരത്തിലും എന്നോടുള്ള ഐക്യത്തിലും ഞാൻ ആനന്ദിക്കുന്നു. ജീവിതത്തിലെ സഹനങ്ങൾ അങ്ങയുടെ സാന്നിധ്യത്തിന്റെ ആനന്ദത്തെ മറച്ചുകളയാൻ ഞാൻ ഒരിക്കലും അനുവദിക്കാതിരിക്കട്ടെ.

പ്രിയ അമ്മേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഏഴാം ദിവസം – കർത്താവിന്റെ എളിയ ദാസൻ

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!