4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
കരുണയുടെ നുറുക്കുകൾക്കായുള്ള യാചന
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായറാഴ്ച (വർഷം A)
അക്കാലത്ത് യേശു ടയർ, സീദോൻ പ്രദേശത്തേക്കു പിൻവാങ്ങി. അപ്പോൾ ആ ദേശത്തുനിന്നുള്ള ഒരു കാനാൻകാരി വന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കരുണ തോന്നണമേ! എന്റെ മകളെ ഒരു പിശാച് പീഡിപ്പിക്കുന്നു.” മത്തായി 15:21–22
ഫരിസേയർ യേശുവിനെ രൂക്ഷമായി വെല്ലുവിളിച്ചതിനുശേഷം, അവിടുന്നും ശിഷ്യന്മാരും വടക്കുപടിഞ്ഞാറു ദിശയിൽ 35 മൈൽ യാത്ര ചെയ്ത്, വിജാതീയരുടെ അധീനതയിലുള്ളതും ഹേറോദേസിന്റെയും യഹൂദനേതാക്കന്മാരുടെയും അധികാരപരിധിക്കു പുറത്തുള്ളതുമായ ഒരു പ്രദേശത്തെത്തി. അത് അവിടുത്തേക്കും ശിഷ്യന്മാർക്കും വിശ്രമിക്കാനുള്ള ഒരു സമയവും ശിഷ്യന്മാരെ കൂടുതൽ നേരിട്ടു പരിശീലിപ്പിക്കാൻ യേശുവിന് ഒരവസരവും ആയിരുന്നിരിക്കാം. ഈ ഏകാന്തവാസത്തിനിടയിലാണ് ഒരു വിജാതീയസ്ത്രീ യേശുവിനോടു സഹായം ചോദിക്കാൻ വന്നത്.
സംഭവം മുന്നോട്ടു നീങ്ങുമ്പോൾ, അവളുടെ പ്രാർത്ഥന നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു നാം കാണുന്നു. ഒന്നാമതായി, യേശു ആരാണെന്ന്—ദാവീദിന്റെ പുത്രനാണെന്ന്—അവൾ ഏറ്റുപറയുന്നു. ഇത് അവളുടെ വിശ്വാസത്തിന്റെ പ്രകടനമാണ്; ഗലീലിയിലെ അനേകരിൽ യേശു കണ്ട വിശ്വാസരാഹിത്യത്തിന് നേർവിപരീതവുമാണ്. രണ്ടാമതായി, അവളുടെ അപേക്ഷ നേരിട്ടും ലളിതമായ ഭാഷയിലുമാണ് പ്രകടിപ്പിക്കുന്നത്: “എന്നോടു കരുണ തോന്നണമേ!” എന്നും “കർത്താവേ, എന്നെ സഹായിക്കണമേ” എന്നും. മൂന്നാമതായി, അവളുടെ പ്രാർത്ഥന സ്ഥിരോത്സാഹത്തോടെയുള്ളതാണ്. ആദ്യം അവളുടെ അപേക്ഷയ്ക്കു മറുപടി പറയാതെ മൗനം പാലിച്ചുകൊണ്ടും പിന്നീട് “മക്കളുടെ ഭക്ഷണമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതു ശരിയല്ല” എന്നു പറഞ്ഞുകൊണ്ടും യേശു അവളുടെ സ്ഥിരോത്സാഹം പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. പരുഷമായി പെരുമാറാനല്ല യേശു ഇങ്ങനെ പറയുന്നതെന്നു വ്യക്തമാണ്; മറിച്ച്, സ്ഥിരോത്സാഹത്തോടെ തന്റെ വിശ്വാസം പ്രകടിപ്പിക്കാൻ അവളെ ക്ഷണിക്കാനാണ്. അവൾ അങ്ങനെതന്നെ ചെയ്യുകയും ചെയ്യുന്നു. ഒടുവിലായി, അവളുടെ പ്രാർത്ഥന ആഴമായ എളിമയുടേതാണ്. അവൾ മറുപടി പറയുന്നു: “ദയവായി, കർത്താവേ, നായ്ക്കൾപോലും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.” യേശുവിന്റെ കരുണയുടെ “നുറുക്കുകൾ”ക്കായി അവൾ യാചിക്കുകയായിരുന്നു; അവിടുത്തെ കരുണ അവൾക്കു സമൃദ്ധമായി ലഭിക്കുകയും ചെയ്തു.
ഒരു നായ തന്റെ യജമാനന്റെ മേശയിൽനിന്നുള്ള നുറുക്കുകൾ ആഗ്രഹിക്കുന്നതുപോലെ, യേശുവിന്റെ കരുണയുടെ നുറുക്കുകൾ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു. പ്രാർത്ഥനയിൽ നമുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്. ചിലപ്പോൾ അഹങ്കാരംമൂലം, ദൈവത്തിന്റെ കരുണയ്ക്കു നമുക്ക് അവകാശമുണ്ടെന്നു നാം ചിന്തിച്ചേക്കാം. ദൈവം നമ്മോടു കടപ്പെട്ടിരിക്കുന്നുവെന്നു നാം കരുതിയേക്കാം. കരുണ നാം അർഹിക്കുന്ന ഒന്നല്ലെന്നു തിരിച്ചറിഞ്ഞാലും, ആ സത്യം നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിയാൻ നാം അനുവദിക്കണം. അതുകൊണ്ടാണ് ഈ സംഭവത്തിന് ഇത്രയേറെ പ്രാധാന്യമുള്ളത്. പ്രാർത്ഥിക്കേണ്ടതിന്റെ ഉത്തമരീതിയും ദൈവത്തെ സമീപിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട എളിമയുള്ള ആന്തരിക മനോഭാവവും ഇതു നമുക്കു കാണിച്ചുതരുന്നു.
മേശയിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾക്കായി യാചിക്കുന്ന ഒരു നായയുടെ ചിത്രം പ്രാർഥനാപൂർവം മനസ്സിൽ ധ്യാനിക്കുക. ബാക്കിവന്ന ഭക്ഷണം കിട്ടുമ്പോൾ നായ അതിയായി സന്തോഷിക്കുന്നു. മറ്റൊരാളുടെ പാത്രത്തിൽ ബാക്കിവന്നത് ഭക്ഷിക്കാൻ നമുക്ക് താത്പര്യമുണ്ടാകില്ല. എന്നാൽ ആ “പാത്രം” ലോകരക്ഷകന്റേതും ആ “ഭക്ഷണം” അവിടുത്തെ കൃപയും കരുണയുമാണെങ്കിൽ, എല്ലാം മാറുന്നു. ഒടുവിൽ, യജമാനൻ നമ്മെയും മേശയിലേക്കു ക്ഷണിക്കുകയും ഏറ്റവും വിശിഷ്ടമായ ആത്മീയഭക്ഷണം നൽകി നമ്മെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, വിനയവതിയായ ഈ സ്ത്രീ മാതൃകയാക്കിത്തന്ന എളിയ മനോഭാവം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം എന്ന വസ്തുതയ്ക്ക് അതുകൊണ്ട് മാറ്റം വരുന്നില്ല.
ഇന്ന് ഈ വിശുദ്ധയായ സ്ത്രീയെക്കുറിച്ച് ധ്യാനിക്കുക. ഒടുവിൽ ഈശോ വിളിച്ചുപറഞ്ഞു: “സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്!” എന്നാൽ വിനയത്തോടും സ്ഥിരോത്സാഹത്തോടുംകൂടി അവൾ തന്റെ വിശ്വാസം പൂർണഹൃദയത്തോടെ പ്രകടിപ്പിച്ചതിനുശേഷം മാത്രമാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്. അവളെ ഉജ്ജ്വലമായ മാതൃകയായി കണ്ടുകൊണ്ട്, നിങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. ദൈവത്തിന്റെ കരുണ നിങ്ങൾ അർഹിക്കുന്നതാണെന്ന മട്ടിൽ, സ്വന്തം നീതിയിൽ അഭിമാനിച്ചുകൊണ്ടാണോ നിങ്ങൾ പ്രാർഥിക്കുന്നത്? ദൈവം നിങ്ങൾക്ക് എന്തെങ്കിലും നൽകാൻ കടപ്പെട്ടിരിക്കുന്നതുപോലെ അവിടുത്തെ കാണാൻ നിങ്ങൾ പ്രവണത കാണിക്കാറുണ്ടോ? നിങ്ങളുടെ ആവശ്യങ്ങൾക്ക് അവിടുന്ന് ഉടൻ ഉത്തരം നൽകാതിരിക്കുമ്പോൾ നിങ്ങൾ ദൈവത്തോടു കോപിക്കാറുണ്ടോ? ഈ സ്ത്രീയെപ്പോലെ സ്വയം എളിമപ്പെടുത്താൻ ശ്രമിക്കുക. ദൈവം നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നതെന്തും യാചിക്കുക. സ്ഥിരോത്സാഹത്തോടും പരമമായ ആശ്രയബോധത്തോടുംകൂടി അങ്ങനെ ചെയ്യുക. നിങ്ങൾ അങ്ങനെ ചെയ്താൽ, നമ്മുടെ കർത്താവ് തന്റെ കരുണയുടെ അവശിഷ്ടങ്ങൾ പകർന്നുതരുക മാത്രമല്ല, നിങ്ങളെ ഉയർത്തിയെടുത്ത് തന്റെ സമൃദ്ധമായ കൃപയുടെ മഹിമയേറിയ വിരുന്നിലേക്കു ക്ഷണിക്കുകയും ചെയ്യും.
പരമകാരുണികനായ ഈശോയേ, അങ്ങയുടെ കരുണയുടെ മേശയിൽനിന്നുള്ള അവശിഷ്ടങ്ങൾ മാത്രം എനിക്കു നൽകണമെന്നു ഞാൻ അങ്ങയോടു യാചിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ അങ്ങയോട് ഇത് യാചിക്കുന്നു. അങ്ങയെ പ്രാപിക്കാൻ എനിക്ക് അർഹതയില്ലെങ്കിലും ഞാൻ അങ്ങയെ അന്വേഷിക്കുന്നു. പ്രിയ കർത്താവേ, എനിക്ക് എന്താണ് ആവശ്യമെന്ന് അങ്ങ് അറിയുന്നുവല്ലോ; ആ ആവശ്യങ്ങൾക്കായി അങ്ങയുടെ കരുണ എന്റെമേൽ ചൊരിയണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ കുർബാനയാൽ രൂപാന്തരം
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായറാഴ്ച (വർഷം B)
ഈശോ ജനക്കൂട്ടത്തോടു പറഞ്ഞു: “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാണ്; ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ മാംസമാണ്.” യോഹന്നാൻ 6:51
ഈശോ ഇങ്ങനെ പറയുന്നത് ആദ്യമായി കേട്ടവർക്ക് അത് കുറച്ചൊക്കെ ഞെട്ടലുണ്ടാക്കിയിരിക്കണം. ഈശോ ഇതു പറഞ്ഞതിനു തൊട്ടുപിന്നാലെ, “യഹൂദർ തമ്മിൽ തർക്കിച്ചുകൊണ്ട്, ‘ഇവനു തന്റെ മാംസം നമുക്കു ഭക്ഷിക്കാൻ നൽകാൻ എങ്ങനെ കഴിയും?’ എന്നു പറഞ്ഞു” എന്ന് നാം വായിക്കുന്നു. അവരുടെ ആശയക്കുഴപ്പത്തെ കൂടുതൽ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഈശോ പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കുള്ളിൽ ജീവനില്ല.” ഈശോ ഇത്ര വ്യക്തമായും അഗാധമായും പഠിപ്പിക്കുന്നതു കേട്ടപ്പോൾ, ആശയക്കുഴപ്പത്തിലായിരുന്നവരുടെ ആശയക്കുഴപ്പം കൂടുതൽ വർധിച്ചിരിക്കണം; വിശ്വസിച്ചിരുന്നവരുടെ വിശ്വാസം കൂടുതൽ ആഴപ്പെട്ടിട്ടുമുണ്ടാകണം.
തീർച്ചയായും, ഈശോ വിശുദ്ധ കുർബാനയെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. വിശുദ്ധ കുർബാന യഥാർഥമായും അവിടുത്തെ ശരീരവും രക്തവും ആത്മാവും ദൈവത്വവുമാണ്. നമുക്ക് അത് അറിയാം. നാം അതു വിശ്വസിക്കുന്നു. എങ്കിലും, നമ്മുടെ കർത്താവിന്റെ വളരെ വ്യക്തവും നിർണായകവുമായ ഈ പ്രബോധനം ഇടയ്ക്കിടെ വീണ്ടും ധ്യാനിക്കുന്നത് സഹായകരമായ ഒരു ആത്മീയ അഭ്യാസമാണ്. ഏറ്റവും ആഴത്തിലുള്ള തലത്തിൽ, വിശുദ്ധ കുർബാന എന്നും വിശ്വാസത്തിന്റെ അഗാധമായ ഒരു രഹസ്യമായിരിക്കും. നമുക്ക് എങ്ങനെ അവിടുത്തെ മാംസം ഭക്ഷിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും കഴിയും? വിശ്വാസവും വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അടിസ്ഥാനധാരണയും ഇല്ലാത്ത ഒരാൾക്ക് ഈ പ്രബോധനം ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമായി തോന്നും. വാസ്തവത്തിൽ, ഈ പ്രബോധനം ആദ്യം കേട്ടവരിൽ ചിലർ ആശയക്കുഴപ്പത്തിലായി പരസ്പരം തർക്കിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. അതുകൊണ്ട്, ആശയക്കുഴപ്പത്തിലായവരുടെ കൂട്ടത്തിൽ നാം ഉൾപ്പെടാതിരിക്കാൻ, ബുദ്ധി എന്ന ആത്മീയദാനത്തോടെ ഈശോയുടെ വചനങ്ങൾ നാം ശ്രവിക്കണം. ഈശോ വെളിപ്പെടുത്തുന്ന ആഴമേറിയ ആത്മീയസത്യങ്ങളിലേക്കു നമ്മുടെ മനസ്സ് തുറക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണ് ബുദ്ധി. നമ്മുടെ മാനുഷികയുക്തി മാത്രം ഉപയോഗിച്ച് ഈ പ്രബോധനം ശ്രവിക്കാൻ ശ്രമിച്ചാൽ, നമുക്ക് ഒരിക്കലും മനസ്സിലാവുകയില്ല.
വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം പരിഗണിക്കുമ്പോൾ, നിങ്ങൾ എന്താണ് മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും? പ്രത്യേകിച്ച്, വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ മുന്നോട്ടു ചെല്ലുമ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നത് എന്താണെന്നു ചിന്തിക്കുക. ആ നിമിഷത്തിൽ സാധാരണയായി നിങ്ങളുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്? ചിലർ ശ്രദ്ധ പതറിപ്പോയവരായോ താത്പര്യംപോലും ഇല്ലാത്തവരായോ മുന്നോട്ടു വരുന്നു; ദിവ്യകാരുണ്യത്തെക്കാൾ ചുറ്റുമുള്ള മറ്റുള്ളവരിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നത്. മറ്റു ചിലർ പതിവിന്റെ പേരിൽ മാത്രം മുന്നോട്ടു പോകുന്നു; കാരണം, അവർ എന്നും അങ്ങനെയാണു ചെയ്തിട്ടുള്ളത്. ചിലർ വിശുദ്ധ കുർബാനയെ പ്രധാനമായും കാണുന്നത് ദൈവത്തിന്റെ വിരുന്നിൽ നാം പങ്കുചേരുന്നതിന്റെ ഒരു പ്രതീകമായിട്ടാണ്. എന്നാൽ ചിലർ ദൈവത്തിനായുള്ള ആഴമേറിയ ആത്മീയവിശപ്പോടും ദാഹത്തോടുംകൂടി മുന്നോട്ടു വന്ന്, വിശ്വാസത്തോടെ അവിടുത്തെ സ്വീകരിക്കുകയും, അവിടുത്തെ ഭക്ഷിക്കുമ്പോൾ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നു. ഈ വിശുദ്ധദാനം സ്വീകരിക്കുന്നത് തങ്ങളുടെ അന്തരംഗത്തെ രൂപാന്തരപ്പെടുത്തുമെന്നും വിശുദ്ധിയിലേക്കുള്ള പാതയിൽ തങ്ങളെ കൂടുതൽ ഉറപ്പിച്ചു നിർത്തുമെന്നുമുള്ള പ്രത്യാശാനിർഭരമായ പ്രതീക്ഷയാൽ അവർ നിറയുന്നു. ഇവരിൽ ആരോടാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ സാമ്യമുള്ളത്?
നാം വിശ്വസിക്കുമ്പോൾ മാത്രമേ വിശുദ്ധ കുർബാനയിൽ വിശ്വസിക്കാനും പരമമായ വിശ്വാസത്തോടും ഭക്തിയോടുംകൂടി അതു സ്വീകരിക്കാനും കഴിയൂ. എന്നാൽ വിശ്വാസം താനേ ഉണ്ടാകുന്നതല്ല. അതിന് ആദ്യം മനസ്സിലാക്കൽ ആവശ്യമാണ്. ഈശോയുടെ രഹസ്യത്തിലും പ്രബോധനത്തിലും മുഴുകാനും, അതു മനനം ചെയ്യാനും, ധ്യാനിക്കാനും, അതിന്റെ ആഴങ്ങളിലേക്കു കടക്കാനും നമ്മുടെ മനസ്സിനെ അനുവദിക്കുകയും, സൗമ്യമായി സത്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ സ്വരത്തിന് നമ്മെത്തന്നെ തുറന്നുകൊടുക്കുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ഈ രഹസ്യം വിശദീകരിക്കാൻ വാക്കുകൾ മതിയാവില്ല. ദൈവത്തിന്റെ സ്വരത്തിന് സ്വയം തുറന്നുകൊടുക്കുന്ന പ്രാർഥന മാത്രം മതി.
ഓരോ ആഴ്ചയും നിങ്ങൾ ദിവ്യകാരുണ്യസ്വീകരണത്തെ എങ്ങനെ സമീപിക്കുന്നു എന്ന് ഇന്ന് ധ്യാനിക്കുക. കഴിഞ്ഞ ഏതാനും തവണ ഇപ്രകാരം നമ്മുടെ കർത്താവിനെ സ്വീകരിക്കാൻ നിങ്ങൾ മുന്നോട്ടുചെന്ന സന്ദർഭങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കുക. തുടർന്ന്, ആ നിമിഷത്തിന്റെ അർഥം നിങ്ങൾ എത്ര ആഴത്തിൽ മനസ്സിലാക്കുന്നുവെന്ന് ചിന്തിക്കുക. അത് നിങ്ങളിൽ മാറ്റം വരുത്തുന്നുണ്ടോ? ഈശോയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? ദിവ്യകാരുണ്യസ്വീകരണത്തിന്റെ ഫലമായി നിങ്ങളുടെ ഉള്ളിൽ ഉണ്ടാകുന്ന ആത്മീയ ഫലങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അടുത്ത തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ കൂടുതൽ പ്രാർഥനാപൂർവം പങ്കെടുക്കാൻ പ്രതിജ്ഞയെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെ ആഴപ്പെടുത്തുക. ഇല്ലെങ്കിൽ, അല്പം മാറിനിന്ന്, നിങ്ങൾ യഥാർഥത്തിൽ എന്താണ് വിശ്വസിക്കുന്നത്, എന്തിനെക്കുറിച്ചാണ് ആശയക്കുഴപ്പമുള്ളത്, എന്താണ് വിശ്വസിക്കാത്തത് എന്നിവ പരിശോധിക്കാൻ ശ്രമിക്കുക. ജീവിതത്തിൽ നമുക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ദാനം ദിവ്യകാരുണ്യമാണ്. പൂർണഹൃദയത്തോടെ ഇത് വിശ്വസിക്കുക; ദിവ്യകാരുണ്യം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
ദിവ്യകാരുണ്യനാഥനായ എന്റെ കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. ദിവ്യകാരുണ്യസ്വീകരണത്തിലൂടെ അങ്ങയെത്തന്നെ എനിക്കു ദാനമായി നൽകിയതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയ കർത്താവേ, ഈ ദാനത്തെക്കുറിച്ച് എന്നെ തുടർന്നും പഠിപ്പിക്കണമേ. ഏറ്റവും വലിയ വിശ്വാസത്തോടും സ്നേഹത്തോടും പ്രത്യാശയോടുംകൂടി അങ്ങയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും മുന്നോട്ടുവരേണ്ടതിന്, മനസ്സിലാക്കാനുള്ള കഴിവ് നൽകി എന്റെ മനസ്സ് തുറക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആത്മീയ ഐക്യം
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായറാഴ്ച (വർഷം C)
“ഭൂമിയിൽ സമാധാനം സ്ഥാപിക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾ കരുതുന്നുവോ? അല്ല, ഭിന്നത വരുത്താനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമുതൽ ഒരു വീട്ടിലെ അഞ്ചുപേർ ഭിന്നിക്കും; മൂന്നുപേർ രണ്ടുപേർക്കെതിരെയും രണ്ടുപേർ മൂന്നുപേർക്കെതിരെയും തിരിയും; പിതാവ് പുത്രനെതിരെയും പുത്രൻ പിതാവിനെതിരെയും, അമ്മ മകൾക്കെതിരെയും മകൾ അമ്മയ്ക്കെതിരെയും, അമ്മായിയമ്മ മരുമകൾക്കെതിരെയും മരുമകൾ അമ്മായിയമ്മയ്ക്കെതിരെയും ഭിന്നിക്കും.” ലൂക്കാ 12:51–53
“ഭൂമിയിൽ തീ കൊളുത്താനാണ് ഞാൻ വന്നത്; അത് ഇതിനകം ജ്വലിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രയധികം ആഗ്രഹിക്കുന്നു!” എന്നു പറഞ്ഞുകൊണ്ടാണ് ഈശോ ഈ ഭാഗം അവതരിപ്പിക്കുന്നത്. അവിടുന്ന് പറയുന്ന “തീ”, ലോകത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ അർപ്പിച്ചപ്പോൾ കുരിശിൽനിന്ന് അവിടുന്ന് ചൊരിഞ്ഞ, ശുദ്ധീകരിക്കുന്ന കരുണയുടെ അഗ്നിയാണ്. പാപങ്ങളിൽനിന്ന് നമ്മെ മോചിപ്പിക്കാനും, ദൈവത്തിനു തന്നെ നമ്മുടെ ഉള്ളിൽ വന്നു വസിക്കാൻ കഴിയത്തക്കവിധം നമ്മുടെ ആത്മാക്കളെ ശുദ്ധീകരിക്കാനുമാണ് അവിടുത്തെ കരുണ നമുക്കു നൽകപ്പെടുന്നത്. ഇതിനുവേണ്ടിയാണ് നാം നിലനിൽക്കുന്നത്. ദൈവം നമ്മുടെ ഉള്ളിൽ വസിക്കാൻ ആഗ്രഹിക്കുന്നു; നാം അവിടുത്തോട് പൂർണമായ ഐക്യത്തിൽ ആയിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.
ദൈവത്തോട് നിങ്ങൾ ഐക്യപ്പെടുന്നതിന്റെ മഹനീയമായ ഫലങ്ങളിലൊന്ന്, ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്ന മറ്റുള്ളവരുമായും ഈ ഐക്യം ഒരു ആത്മീയബന്ധം സൃഷ്ടിക്കുന്നു എന്നതാണ്. ദൈവവുമായുള്ള കൂട്ടായ്മയ്ക്കുവേണ്ടി മാത്രമല്ല, പരസ്പരമുള്ള കൂട്ടായ്മയ്ക്കുവേണ്ടിയും നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ ഐക്യത്തിൽ പങ്കുചേരാൻ ദൈവം കുടുംബാംഗങ്ങളെ പ്രത്യേകമായി ക്ഷണിക്കുന്നു. പരസ്പരം പല തലങ്ങളിലുള്ള സൗഹൃദവും ഐക്യവും നമുക്കുണ്ടാകാമെങ്കിലും, ഏറ്റവും ആഴമുള്ള ബന്ധങ്ങൾ ഉണ്ടാകുന്നത് രണ്ട് ആത്മാക്കളും ഓരോന്നായി ദൈവത്തോട് ഐക്യപ്പെടുന്നതിലൂടെയാണ്. ഉദാഹരണത്തിന്, രണ്ടുപേർക്കും ഒരേ കായികസംഘത്തെ ഇഷ്ടമായിരിക്കാം, അല്ലെങ്കിൽ ഒരേ താൽപര്യങ്ങൾ ഉണ്ടായിരിക്കാം; അതിന്റെ ഫലമായി അവർക്കിടയിൽ ഒരു ബന്ധമോ ഒരുതരം സൗഹൃദമോ രൂപപ്പെടാം. ഇത് നല്ലതാണ്. എന്നാൽ ആ സുഹൃത്തുക്കളിൽ ഓരോരുത്തരും ദൈവത്തോടും ആഴത്തിൽ ഐക്യപ്പെട്ടിരിക്കുമ്പോൾ, അവരുടെ ഐക്യം കൂടുതൽ ഉപരിപ്ലവമായ എന്തിൽനിന്നെങ്കിലുമല്ല, ദൈവത്തിൽനിന്നാണ് വരുന്നത്.
ഒരു കുടുംബത്തിലെ ഒന്നോ അതിലധികമോ അംഗങ്ങൾ ദൈവസ്നേഹത്തിന്റെ ശുദ്ധീകരിക്കുന്ന അഗ്നിക്കായി തങ്ങളെത്തന്നെ തുറന്നുകൊടുക്കാതിരിക്കുകയും, അതിനാൽ ദൈവത്തോടുള്ള ഐക്യത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന്, നമ്മെ വെല്ലുവിളിക്കുന്ന മുകളിലെ സുവിശേഷഭാഗം വെളിപ്പെടുത്തുന്നു. അതിന്റെ ഫലം അനൈക്യമാണ്—കുറഞ്ഞപക്ഷം ഏറ്റവും ആഴമേറിയതും യഥാർഥവുമായ തലത്തിലെങ്കിലും. അനൈക്യത്തിനു കാരണം ദൈവമല്ല; പാപമാണ്. ഒരാൾ ദൈവത്തോട് ഐക്യപ്പെട്ടിരിക്കുകയും മറ്റൊരാൾ പാപജീവിതത്തിൽ മുഴുകിയിരിക്കുകയും ചെയ്യുമ്പോൾ, യഥാർഥ ആത്മീയ ഐക്യം സാധ്യമല്ല. തീർച്ചയായും, ഇരുവർക്കും ഇപ്പോഴും ചില പൊതുതാൽപര്യങ്ങൾ ഉണ്ടായിരിക്കാം; അനുദിനം ഉപരിപ്ലവമായി ഒത്തുപോകാനും കഴിഞ്ഞേക്കാം. എന്നാൽ ഒരാളുടെയോ ഇരുവരുടെയുമോ ഹൃദയത്തിൽ ദൈവസാന്നിധ്യമില്ലെങ്കിൽ, യഥാർഥ ആത്മീയ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം ഒരിക്കലും ഉണ്ടാകില്ല.
ഒരു കുടുംബത്തിനുള്ളിൽ ഭിന്നത സ്ഥാപിക്കാനാണ് താൻ വന്നതെന്ന് ഈശോ പറയുമ്പോൾ, എല്ലാവരും ദൈവത്തോട് ഐക്യപ്പെട്ടിട്ടില്ലെങ്കിൽ ആ കുടുംബത്തിനുള്ളിൽ തീർച്ചയായും ഭിന്നത ഉണ്ടാകുമെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് അവിടുന്ന് ചെയ്യുന്നത്. കൂടാതെ, നമ്മുടെ കുടുംബത്തിലെ ആരെങ്കിലും തങ്ങളോടൊപ്പം പാപജീവിതത്തിലേക്ക് നമ്മെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചാൽ, ആ വ്യക്തിയുടെ ക്ഷണം നിരസിക്കണമെന്ന് ഈശോ നമുക്കു മുന്നറിയിപ്പു നൽകുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, ആ നിരസനം പലപ്പോഴും ആ വ്യക്തിയെത്തന്നെ നിരസിക്കുന്നതായി അനുഭവപ്പെടുകയും കൂടുതൽ വലിയ അനൈക്യത്തിനു കാരണമാവുകയും ചെയ്യുന്നു. പാപത്തിലോ ഏതെങ്കിലും തരത്തിലുള്ള അസത്യത്തിലോ യഥാർഥമായി ഐക്യപ്പെടുക സാധ്യമല്ല എന്നതാണ് അടിസ്ഥാന കാര്യം.
നിങ്ങളുടെ ഏറ്റവും ആഴമേറിയ ആത്മീയ അഭിലാഷത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളോടുതന്നെ സത്യസന്ധത പുലർത്തുന്നെങ്കിൽ, നിങ്ങളുടെ ഹൃദയത്തിലെ ഈ ഏറ്റവും ആഴമേറിയ അഭിലാഷം സ്നേഹത്തിനായുള്ള ആഗ്രഹമാണെന്ന് നിങ്ങൾ കണ്ടെത്തും. സ്നേഹം നൽകാനും സ്വീകരിക്കാനുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവസ്നേഹത്തിനായി നമ്മെത്തന്നെ തുറന്നുകൊടുക്കുന്നതിലൂടെയാണ് ഈ ആഗ്രഹം ആദ്യം നിറവേറുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവരിൽനിന്ന് ദൈവസ്നേഹം സ്വീകരിക്കാനും നമുക്കു കഴിയും. ജീവിതത്തിൽ ഇതിനേക്കാൾ പൂർണത നൽകുന്ന മറ്റൊന്നുമില്ല.
പരമകാരുണികനായ കർത്താവേ, എല്ലാ മനുഷ്യരെയും അങ്ങയുടെ സ്നേഹത്തിൽ ഒന്നിപ്പിക്കാനാണ് അങ്ങ് വന്നത്. എന്നാൽ അങ്ങയുടെ സ്നേഹം നിരസിക്കപ്പെടുമ്പോൾ ഞങ്ങൾ ഭിന്നതയിൽ ജീവിക്കുന്നു. എന്റെ അടുക്കൽ വന്ന് എന്നിൽ കൂടുതൽ പൂർണ്ണമായി വസിക്കണമേ. അങ്ങനെ എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യം അങ്ങയോടു മാത്രമല്ല, ഇതേ സ്നേഹം പങ്കിടുന്നവരോടും ആത്മീയ കൂട്ടായ്മ കൈവരുത്തട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
പൂർണ്ണത
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ തിങ്കളാഴ്ച
“നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ഈ വാക്കുകൾ കേട്ടപ്പോൾ ആ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി; കാരണം, അവന് ധാരാളം സമ്പത്തുണ്ടായിരുന്നു. മത്തായി 19:21–22
തന്റെ അടുക്കൽ വന്ന്, “ഗുരോ, നിത്യജീവൻ നേടാൻ ഞാൻ എന്തു നന്മയാണ് ചെയ്യേണ്ടത്?” എന്നു ചോദിച്ച ധനികനായ ഒരു യുവാവുമായി യേശു നടത്തിയ സംഭാഷണത്തിന്റെ സമാപനമാണിത്. കൽപനകൾ പാലിക്കാൻ യേശു അവനോടു പറഞ്ഞു. ചെറുപ്പംമുതൽ താൻ അവ പാലിച്ചിട്ടുണ്ടെന്ന് ആ യുവാവ് പറഞ്ഞു; ഇനി എന്തു ചെയ്യാനാകുമെന്ന് അറിയാൻ അവൻ ആഗ്രഹിച്ചു. അതിനാൽ യേശു അവന്റെ ചോദ്യത്തിന് ഉത്തരം നൽകി. എന്നാൽ ആ ഉത്തരം യുവാവിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
“നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.” നിങ്ങൾ പൂർണ്ണരാകാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ആ ലക്ഷ്യത്തിലെത്താൻ യേശു വളരെ ഉയർന്ന ഒരു മാനദണ്ഡമാണ് വെച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ അനേകം അനുയായികൾ കുഴപ്പമില്ലാത്ത നിലയിൽ കഴിഞ്ഞാൽ മതിയെന്ന മനോഭാവത്തിൽ തൃപ്തരാണെന്നു തോന്നുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൂർണ്ണതയ്ക്കായി പൂർണ്ണഹൃദയത്തോടെ സ്വയം സമർപ്പിച്ച ഒരാളെ കണ്ടെത്തുക അപൂർവമാണെന്നു തോന്നുന്നു. പലർക്കും നല്ല ഉദ്ദേശ്യങ്ങളുണ്ടാകാം. എന്നാൽ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്ന പൂർണ്ണത യഥാർഥത്തിൽ നേടാൻ ആവശ്യമായതെല്ലാം ചെയ്യാൻ പൂർണ്ണമായി സ്വയം സമർപ്പിക്കുന്നവർ ചുരുക്കമാണെന്നു തോന്നുന്നു.
ഈ ധനികനായ യുവാവിനോടുള്ള യേശുവിന്റെ ആദ്യ മറുപടി നിത്യജീവനിലേക്കു പ്രവേശിക്കുന്നതിനുള്ള ആവശ്യകതകളാണ്, അതായത് സ്വർഗം നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയാണ്, വിശദീകരിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. ലളിതമായി പറഞ്ഞാൽ, കൽപനകൾ പാലിച്ചുകൊണ്ട് ഗൗരവമുള്ള പാപത്തിൽനിന്ന് വിട്ടുനിൽക്കുന്നെങ്കിൽ നിങ്ങൾ നിത്യജീവൻ അവകാശമാക്കുമെന്നാണ് യേശു പറഞ്ഞത്. തീർച്ചയായും, നിങ്ങൾക്കു വിശ്വാസത്തിന്റെ ദാനമുണ്ടെന്നും അതിനാൽ രക്ഷയുടെ ദാനം സ്വീകരിക്കാൻ നിങ്ങൾ തുറവുള്ളവരാണെന്നും ഇത് മുൻകൂട്ടി കരുതുന്നു. അപ്പോൾ, ഇതുകൊണ്ടാണോ നിങ്ങൾ തൃപ്തരാകുന്നത്? സ്വർഗത്തിലെത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്യുന്നതിൽ നിങ്ങൾ സംതൃപ്തരാണോ?
പൂർണ്ണത എന്ന ആശയം നമുക്കു പ്രാപിക്കാനാവാത്ത ഒന്നായി തോന്നാം. “ഞാൻ വെറുമൊരു മനുഷ്യനല്ലേ” എന്നു നാം പലപ്പോഴും ചിന്തിച്ചേക്കാം. എന്നാൽ ദൈവത്താൽ വിളിക്കപ്പെട്ട മനുഷ്യരെന്ന നിലയിൽ, കൂടുതൽ വിശുദ്ധി എന്ന പ്രാപ്യമായ ലക്ഷ്യത്തിനായി പരിശ്രമിക്കാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് എപ്പോഴും കുറവുകളുണ്ടാകുമെങ്കിലും, ഒന്നും മാറ്റിവെക്കാതെ, നമുക്കു കഴിയുന്നത്ര വിശുദ്ധരാകാൻ നാം പരിശ്രമിക്കണം.
“പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക” എന്ന് ഈ യുവാവിനു നൽകിയ ക്ഷണം നമ്മുടെ കർത്താവ് എല്ലാവരുടെയും മേൽ ചുമത്തുന്ന ഒരു നിബന്ധനയല്ലെങ്കിലും, അക്ഷരാർഥത്തിൽ അങ്ങനെ ചെയ്യാൻ അവിടുന്ന് ചിലരെ വിളിക്കുന്നുണ്ട്. എന്നാൽ മറ്റെല്ലാവർക്കും ആ ക്ഷണം നിലനിൽക്കുന്നു—അക്ഷരാർഥത്തിലല്ല, ആത്മീയ അർഥത്തിലാണെന്നു മാത്രം. ഹൃദയത്തിൽ ആത്മീയ ദാരിദ്ര്യം പുലർത്താനുള്ള ആത്മീയ വിളിയാണിത്. നമ്മുടെ സ്വത്തുവകകൾ കൈവശം വെച്ചാലും, ഈ ലോകത്തിലെ വസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് ആന്തരികമായി പൂർണ്ണമായും സ്വതന്ത്രരാകാൻ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള സ്നേഹവും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതും മാത്രമായിരിക്കണം നമ്മുടെ ഏക സമ്പത്ത്. ആത്മീയമായ ഈ അനാസക്തിയുടെ ആഴം അർഥമാക്കുന്നത്, ജീവിതത്തിൽ നാം ആഗ്രഹിക്കുന്നതെല്ലാം ദൈവവും അവിടുത്തെ വിശുദ്ധ ഹിതവും മാത്രമാണെന്നാണ്. എല്ലാം അക്ഷരാർഥത്തിൽ ഉപേക്ഷിക്കാൻ അവിടുന്ന് എപ്പോഴെങ്കിലും നമ്മെ വിളിച്ചാൽ, നാം മടികൂടാതെ അങ്ങനെ ചെയ്യും. അത് അതിരുകടന്നതായി തോന്നാമെങ്കിലും, വാസ്തവത്തിൽ നമുക്ക് ഏറ്റവുമധികം നന്മ ചെയ്യുന്നത് അതുതന്നെയാണ്. പൂർണ്ണമായും മനുഷ്യരാകാനും, നാം ആരായിത്തീരാൻ ഉദ്ദേശിക്കപ്പെട്ടുവോ ആ വ്യക്തികളായി പൂർണ്ണമായി മാറാനുമുള്ള ഏക മാർഗം അതാണ്. അതിന്റെ അന്തിമ പ്രതിഫലം സ്വർഗപ്രാപ്തി മാത്രമല്ല, സ്വർഗത്തിലെ അചിന്തനീയമായ മഹത്ത്വവുംകൂടിയാണ്. ഇവിടെ ഭൂമിയിൽ നാം എത്രത്തോളം വിശുദ്ധരാകുന്നുവോ, അത്രത്തോളം വലുതായിരിക്കും സ്വർഗത്തിലെ നമ്മുടെ നിത്യപ്രതിഫലം. എന്നേക്കും നിങ്ങളോടൊപ്പമുണ്ടായിരിക്കുന്ന ആ നിക്ഷേപം സമ്പാദിക്കാൻ നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യാൻ മടിക്കരുത്.
ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന പൂർണ്ണതയിലേക്കുള്ള ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കുഴപ്പമില്ലാത്ത നിലയിൽ കഴിഞ്ഞാൽ മതിയെന്നതുകൊണ്ടുമാത്രം നിങ്ങൾ തൃപ്തരാണോ, അതോ അതിലും വളരെ കൂടുതൽ ആഗ്രഹിക്കുന്നുണ്ടോ എന്ന് തികഞ്ഞ ആത്മാർഥതയോടെ സ്വയം ചോദിക്കുക. സ്വർഗത്തിലെ ഏറ്റവും വലിയ സമ്പത്ത് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾ നിങ്ങൾ സമ്പാദിക്കുന്ന ആത്മീയ നിക്ഷേപങ്ങൾ എന്നേക്കും നിങ്ങളോടൊപ്പമുണ്ടാകുന്ന ഒരു നിത്യതയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? യേശുവിൽനിന്നുള്ള ഈ ഉന്നതമായ വിളി സ്വീകരിക്കാൻ മടിക്കരുത്. ഈ ധനികനായ യുവാവിനോടുള്ള അവിടുത്തെ ക്ഷണം, നിങ്ങളോടുമുള്ള വ്യക്തിപരമായ ക്ഷണമായി നിങ്ങളുടെ ഹൃദയത്തിൽ പ്രതിധ്വനിക്കട്ടെ. അവിടുത്തോട് “അതെ” എന്നു പറയുക; അങ്ങനെ ചെയ്തതിൽ നിങ്ങൾ നിത്യമായി കൃതജ്ഞരായിരിക്കുമെന്ന് അറിയുക.
എന്റെ സ്നേഹനാഥാ, പൂർണ്ണതയ്ക്കായി പരിശ്രമിക്കാൻ അങ്ങ് ധനികനായ യുവാവിനെ ക്ഷണിച്ചു. വിശുദ്ധവും ഉന്നതവുമായ ഈ വിളിയിലേക്ക് എന്നെയും അങ്ങയുടെ എല്ലാ മക്കളെയും അങ്ങ് ക്ഷണിക്കുന്നു. ഈ ലക്ഷ്യത്തിനു തടസ്സമാകുന്ന എല്ലാറ്റിൽനിന്നുമുള്ള മമത വിട്ടൊഴിയാൻ എനിക്കാവശ്യമായ കൃപ നൽകണമേ. അങ്ങനെ അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും എന്റെ ജീവിതത്തിന്റെ കേന്ദ്രവും ഏക ലക്ഷ്യവുമാക്കാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
സൂചിക്കുഴ
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ ചൊവ്വാഴ്ച
വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു: ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” ഇതു കേട്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആശ്ചര്യപ്പെട്ടു ചോദിച്ചു: “അങ്ങനെയെങ്കിൽ ആർക്കു രക്ഷ പ്രാപിക്കാൻ കഴിയും?” യേശു അവരെ നോക്കി പറഞ്ഞു: “മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്.” മത്തായി 19:24–26
ഒരു പാരമ്പര്യമനുസരിച്ച്, “സൂചിക്കുഴ” എന്നത് ജറുസലെമിന്റെ മതിലിലുണ്ടായിരുന്ന ഒരു കവാടത്തെയാണ് സൂചിപ്പിച്ചിരുന്നത്. പകൽസമയത്ത് തുറന്നുകിടന്നിരുന്ന വലിയ കവാടത്തിലൂടെ ഒട്ടകത്തിന് എളുപ്പത്തിൽ കടന്നുപോകാമായിരുന്നു. എന്നാൽ രാത്രിയിൽ ആ വലിയ കവാടം അടച്ചിടുകയും, ആളുകൾക്കു കടന്നുപോകാൻ കവാടത്തിന്റെ നടുവിൽ ഒരു ചെറിയ തുറപ്പുണ്ടായിരിക്കുകയും ചെയ്തു. എന്നാൽ ഒട്ടകത്തിന് ആ ചെറിയ തുറപ്പിലൂടെ കടക്കണമെങ്കിൽ, അത് മുട്ടുകുത്തുകയും അതിന്റെ പുറത്തുള്ള ചുമട് ഇറക്കിവയ്ക്കുകയും തുടർന്ന് ഇഴഞ്ഞുനീങ്ങുകയും വേണമായിരുന്നു. ഈ കഥയെ പരാമർശിച്ചുകൊണ്ട് വിശുദ്ധ അൻസെൽം ഇങ്ങനെ പറയുന്നു: “പാപത്തിന്റെയും സമ്പത്തിന്റെയും ഭാരം ഉപേക്ഷിക്കുന്നതുവരെ, അതായത് അവയെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകാൻ ധനികനു സാധിക്കുകയില്ല” (കാറ്റേന ഔറേയ). അപ്പോൾ ഒരു ഒട്ടകത്തിന് “സൂചിക്കുഴ”യിലൂടെ കടക്കാനും, അതുപോലെ ഒരു ധനികനു സ്വർഗത്തിൽ പ്രവേശിക്കാനും സാധിക്കുമോ? സാധിക്കും. എന്നാൽ മുട്ടുകുത്തി, തങ്ങളെത്തന്നെ താഴ്ത്തി, തങ്ങളുടെ സമ്പത്തിന്റെ “ചുമട്” ഒഴിവാക്കണമെന്ന വ്യവസ്ഥയിൽ മാത്രം.
ഈ ലോകത്തിലെ വസ്തുക്കളാൽ യഥാർഥത്തിൽ സമ്പന്നരായവർക്ക് ഈ സുവിശേഷഭാഗം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് പ്രയാസകരമായിരിക്കാം. നിത്യജീവനിൽ പ്രവേശിക്കാൻ താൻ എന്തു ചെയ്യണമെന്ന് യേശുവിനോടു ചോദിച്ച ധനികനായ യുവാവിനെക്കുറിച്ചാണ് ഈ വാക്കുകൾ പറഞ്ഞത്. “പോയി നിനക്കുള്ളതു വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും” എന്നായിരുന്നു യേശുവിന്റെ മറുപടി. ഇതു കേട്ട് ആ ധനികനായ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി; കാരണം, തന്റെ സമ്പത്തോടുള്ള അവന്റെ മമത വ്യക്തമായിരുന്നു.
എന്നാൽ യേശുവിന്റെ മേൽപ്പറഞ്ഞ വിശദീകരണം, ഇത്രയും ഉന്നതമായ ഈ ആവശ്യം നിറവേറ്റാൻ പാടുപെടുന്ന ഏവർക്കും പ്രത്യാശ നൽകേണ്ടതാണ്. യേശു പറഞ്ഞത് ശിഷ്യന്മാരെ ശരിക്കും അസ്വസ്ഥരാക്കി. അതുകൊണ്ടാണ് യേശു തുടർന്ന് ഇങ്ങനെ പറഞ്ഞത്: “മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്.” ദൈവത്തിന് എല്ലാം സാധ്യമാണ്! ഭൗതികസമ്പത്തിനോടുള്ള അമിതമായ മമതയുമായി മല്ലിടുന്ന ഏവരും ഈ യാഥാർഥ്യം ശ്രദ്ധാപൂർവം ധ്യാനിക്കുകയും വിശ്വസിക്കുകയും വേണം. സമ്പത്തില്ലാത്ത ഒരാൾക്കും സമ്പത്തിനോടു മമതയുണ്ടാകാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ നേടാനുള്ള ആഗ്രഹമാണ് ശുദ്ധീകരിക്കപ്പെടേണ്ട മമത; യഥാർഥത്തിൽ സമ്പത്തു കൈവശമുണ്ടെന്നതല്ല. വാസ്തവത്തിൽ, ധാരാളം സ്വത്തുക്കൾ ഉണ്ടായിരിക്കുമ്പോഴും അവയോട് ഒട്ടും മമതയില്ലാതിരിക്കാൻ സാധിക്കും. ഇതാണ് ആത്മദാരിദ്ര്യത്തിന്റെ സൗന്ദര്യം. എന്നാൽ ഈ സൗഭാഗ്യത്തിൽ നിങ്ങൾ പൂർണത കൈവരിച്ചുവെന്ന് തിടുക്കത്തിൽ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ലോകത്തിലെ വസ്തുക്കളോട് അമിതമായ മമതയുള്ളവരോടുള്ള സ്നേഹത്താലാണ് യേശു മേൽപ്പറഞ്ഞ വാക്കുകൾ പറഞ്ഞത്. അതിനാൽ നിങ്ങൾ അത്തരമൊരാളാണെങ്കിൽ, നിങ്ങളോടുതന്നെ കരുണ കാണിക്കുകയും യേശുവിന്റെ വാക്കുകളും ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ ആന്തരിക പോരാട്ടവും ശ്രദ്ധാപൂർവം പരിഗണിക്കുകയും ചെയ്യുക.
യേശുവിന്റെ വ്യക്തവും അസന്ദിഗ്ധവുമായ ഈ പ്രസ്താവനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” നിങ്ങൾ ഇതു വിശ്വസിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇതു സ്വീകരിക്കാൻ കഴിയുമോ? ഈ ഭാഗത്തിലൂടെ യേശു നിങ്ങളോടു സംസാരിക്കുന്നുണ്ടോ? വീണ്ടും ചോദിക്കട്ടെ, ഭൗതികമായി ദരിദ്രനാണെങ്കിലും സമ്പത്തിനായുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാണോ? അങ്ങനെയെങ്കിൽ ഈ ഭാഗം നിങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഈ വചനം പ്രാർഥനാപൂർവം നിങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കാൻ അനുവദിക്കുക; ഇതു വായിക്കുമ്പോൾ നിങ്ങളോടുതന്നെ കഴിയുന്നത്ര സത്യസന്ധരായിരിക്കാൻ ശ്രമിക്കുക. ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളെക്കാൾ സ്വർഗത്തിലെ യഥാർഥ സമ്പത്തു തിരഞ്ഞെടുക്കാൻ മടിക്കരുത്. ഒടുവിൽ, ഈ ഭൂമിയിലെ നിങ്ങളുടെ ഹ്രസ്വമായ ജീവിതകാലത്ത് നിങ്ങൾക്കു സ്വന്തമായുള്ള എന്തിനെക്കാളും അനന്തമായി വിലയേറിയതാണ് ആത്മീയസമ്പത്ത്.
യഥാർത്ഥ സമ്പത്തിന്റെ നാഥാ, ഈ ലോകത്തിൽ ഞങ്ങൾക്കു നേടാനാകുന്ന എന്തിനെക്കാളും അനന്തമായി ശ്രേഷ്ഠമായ ആത്മീയ സമ്പത്തുകൊണ്ട് ഞങ്ങൾ ഓരോരുത്തരും നിറയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. ഭൗതികസമ്പത്തിനോടുള്ള മമതയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അങ്ങനെ ആ ഭാരത്തിൽനിന്ന് സ്വതന്ത്രനായി ജീവിക്കാൻ എനിക്കു കഴിയട്ടെ. അങ്ങയുടെ കൃപയുടെയും കരുണയുടെയും നിക്ഷേപങ്ങളുടെ മൂല്യം തിരിച്ചറിയാനും ഈ യഥാർത്ഥ സമ്പത്തിൽ മാത്രം എന്റെ ജീവിതശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
അസൂയയെ അതിജീവിക്കുക
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ ബുധനാഴ്ച
ഏകദേശം അഞ്ചുമണിക്ക് അവൻ പുറത്തേക്കു ചെന്നപ്പോൾ മറ്റുചിലർ അവിടെ നിൽക്കുന്നതു കണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ ദിവസം മുഴുവൻ ഇവിടെ വെറുതെ നിൽക്കുന്നതെന്തുകൊണ്ട്?” അവർ മറുപടി പറഞ്ഞു: “ആരും ഞങ്ങളെ ജോലിക്കു വിളിച്ചില്ല.” അവൻ അവരോടു പറഞ്ഞു: “നിങ്ങളും എന്റെ മുന്തിരിത്തോട്ടത്തിലേക്കു പോകുവിൻ.” മത്തായി 20:6–7
തോട്ടമുടമ പറഞ്ഞ ഈ വാക്കുകൾ വലിയ ഔദാര്യം നിറഞ്ഞവയാണ്. ഉപമയിൽ വിവരിക്കുന്നതുപോലെ, ഈ തോട്ടമുടമ അതിരാവിലെ തന്റെ മുന്തിരിത്തോട്ടത്തിലേക്ക് തൊഴിലാളികളെ ജോലിക്കെടുത്തു. പിന്നീട് ഒൻപതു മണിക്കും ഉച്ചയ്ക്കും മൂന്നു മണിക്കും ഒടുവിൽ അഞ്ചു മണിക്കും വീണ്ടും തൊഴിലാളികളെ ജോലിക്കെടുത്തു. എന്നാൽ ദിവസത്തിന്റെ അവസാനം, എല്ലാവരും അതിരാവിലെ മുതൽ ജോലി ചെയ്തവരെപ്പോലെ, അവർക്കെല്ലാം ഒരേ ദിവസക്കൂലി നൽകി. ആദ്യം ജോലിക്കെടുക്കപ്പെട്ടവർക്ക് ഇതിൽ നീരസം തോന്നി. ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കും തങ്ങൾക്കു ലഭിച്ച അതേ കൂലി നൽകിയത് അന്യായമാണെന്ന് അവർ കരുതി. എന്നാൽ തോട്ടമുടമ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു: “അവസാനം വന്ന ഇവനും നിനക്കു തന്നതുപോലെ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലോ? എന്റെ സ്വന്തം പണംകൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ എനിക്കു സ്വാതന്ത്ര്യമില്ലേ? ഞാൻ ഉദാരനായതുകൊണ്ട് നിനക്ക് അസൂയയാണോ?” ദൈവം തന്റെ കരുണയിൽ നമ്മുടെ ഗ്രഹണശക്തിക്കപ്പുറം ഉദാരനാണ്. എന്നാൽ പാപപതനത്തിനു വിധേയരായ മനുഷ്യരായ നാം, നമുക്കു ന്യായമായി ലഭിക്കേണ്ട വിഹിതം കിട്ടുന്നുണ്ടോ എന്നു നിരന്തരം പരിശോധിക്കുകയും നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. കൂടുതൽ കൂടുതൽ ആഗ്രഹിക്കാനുള്ള പ്രവണത നമുക്കുണ്ട്. മറ്റുള്ളവർ വിജയിക്കുന്നതോ നമുക്കില്ലാത്ത അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതോ കാണുമ്പോൾ നമുക്ക് എളുപ്പത്തിൽ അസൂയ തോന്നുന്നു. ഉദാഹരണത്തിന്, സാമൂഹികമാധ്യമങ്ങളിൽ ആരെങ്കിലും നമ്മെക്കാൾ ജനപ്രീതിയുള്ളവരാണെങ്കിൽ, കൂടുതൽ നല്ല കാറിൽ സഞ്ചരിക്കുന്നെങ്കിൽ, കൂടുതൽ വലിയ വീടുള്ളവരാണെങ്കിൽ, അല്ലെങ്കിൽ വലിയ ചെലവിൽ അവധിക്കാലയാത്രയ്ക്കു പോകുന്നെങ്കിൽ, അവർക്കുള്ളത് നമുക്കില്ലല്ലോ എന്ന ഒരുതരം ദുഃഖത്തോടെയാണ് പലപ്പോഴും നാം അതു കാണുന്നത്. അതാണ് അസൂയ.
അസൂയയ്ക്കുള്ള പ്രതിവിധി പൂർണഹൃദയത്തോടെയുള്ള ഔദാര്യമാണ്. പണം നൽകുന്നതിലുള്ള ഔദാര്യം മാത്രമല്ല, മറ്റുള്ളവരോടുള്ള സ്നേഹത്തിലും അവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളിൽ സന്തോഷിക്കാനുള്ള നമ്മുടെ കഴിവിലും ഔദാര്യം വേണം. ഉദാഹരണത്തിന്, നിങ്ങൾ എന്നും പോകാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലത്തേക്ക് അടുത്ത മാസം മനോഹരമായ ഒരു അവധിക്കാലയാത്ര പോകുകയാണെന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും? “ഹാ, എനിക്കു കുശുമ്പു തോന്നുന്നു!” എന്നു നിങ്ങൾ തമാശയായി പറഞ്ഞേക്കാം. കുശുമ്പ് പെട്ടെന്ന് അസൂയയായി മാറാം. മറ്റൊരാൾക്കുള്ളതും തനിക്കില്ലാത്തതുമായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരുതരം ദുഃഖമാണ് അസൂയ. മറ്റൊരാളുടെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ആ ദുഃഖം പിന്നീട് കോപമായി മാറാം.
മുന്തിരിത്തോട്ടത്തിൽ ദിവസം മുഴുവൻ ജോലി ചെയ്തിട്ടും ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കു ലഭിച്ച അതേ തുക ലഭിച്ച ഈ തൊഴിലാളികൾക്ക്, പിന്നീടു വന്ന തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ടു പ്രതികരിക്കാമായിരുന്നു. “നിങ്ങളുടെ ഭാഗ്യം! ഞാനും അഞ്ചു മണിക്ക് വന്നിരുന്നെങ്കിൽ!” എന്നു തമാശയായി പറയുകപോലും ചെയ്യാമായിരുന്നു. എന്നാൽ അതിനു പകരം അവർ പിറുപിറുക്കുകയും തോട്ടമുടമയുടെ ഔദാര്യത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അവർ പറഞ്ഞു: “അവസാനം വന്ന ഇവർ ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്തുള്ളൂ. എന്നിട്ടും പകലിന്റെ ഭാരവും ചൂടും സഹിച്ച ഞങ്ങളോട് അങ്ങ് അവരെ തുല്യരാക്കിയല്ലോ.” ഇതും അസൂയതന്നെയാണ്. കാരണം, തോട്ടമുടമയുടെ ഔദാര്യത്തെക്കുറിച്ചുള്ള അവരുടെ ദുഃഖം, മറ്റുള്ളവർക്കു ലഭിച്ച അനുഗ്രഹത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിലേക്ക് അവരെ നയിച്ചു.
ഇത്തരത്തിലുള്ള വിശുദ്ധമല്ലാത്ത ദുഃഖം നിങ്ങളുടെ ഉള്ളിൽ കാണുമ്പോഴെല്ലാം അതു ശ്രദ്ധിക്കുക. മറ്റുള്ളവരോടുള്ള നിസ്വാർഥമായ ഔദാര്യം നിങ്ങൾക്കു കുറവാണെന്നാണ് അത് സൂചിപ്പിക്കുന്നത്. മറ്റൊരാളെ ദൈവം ആത്മീയസമ്പത്തുകൾ നൽകി അനുഗ്രഹിക്കുന്നതു കാണുമ്പോൾ, വിശാലഹൃദയത്തോടെ അതിൽ സന്തോഷിക്കാൻ ശ്രമിക്കുക. ദൈവത്തിന്റെ നന്മയ്ക്കായി അവിടുത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദി പറയുകയും ചെയ്യുക. നിങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചിരിക്കരുത്; താരതമ്യം ചെയ്യാനുള്ള എല്ലാ പ്രലോഭനങ്ങളും തള്ളിക്കളയുക. പലവിധത്തിലും, ഒരു മണിക്കൂർ മാത്രം ജോലി ചെയ്തിട്ടും മുഴുവൻ ദിവസക്കൂലിയും ലഭിച്ചവർ നമ്മിൽ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്നു. കാരണം, രക്ഷയുടെ കൃപ നമുക്ക് ഒരിക്കലും സ്വയം നേടിയെടുക്കാൻ കഴിയില്ല. നിത്യരക്ഷയെന്ന ദാനവും ദൈവം നമുക്കു നൽകുന്ന മറ്റെല്ലാ കൃപകളും സ്വീകരിക്കാൻ നമുക്കു കഴിയുന്നതിന്റെ ഒരേയൊരു കാരണം ദൈവത്തിന്റെ അനന്തമായ ഔദാര്യമാണ്. അതിനാൽ, ദൈവത്തിന്റെ നന്മയിലും ഔദാര്യത്തിലുമായിരിക്കണം നമ്മുടെ ശ്രദ്ധ എപ്പോഴും പതിയേണ്ടത്. ആ ഔദാര്യം നമ്മോടു കാണിക്കപ്പെടുമ്പോഴും മറ്റുള്ളവരോടു കാണിക്കപ്പെടുമ്പോഴും നാം അതിൽ സന്തോഷിക്കണം.
അസൂയയിലേക്കു ചായാനുള്ള എന്തെങ്കിലും പ്രവണത നിങ്ങളിലുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾക്കു ലഭിച്ചിട്ടില്ലാത്തതും മറ്റുള്ളവർക്കു ലഭിച്ചിട്ടുള്ളതുമായ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുക. അവയോടുള്ള നിങ്ങളുടെ ആന്തരിക പ്രതികരണം സത്യസന്ധമായി പരിശോധിക്കുക. ആ അനുഗ്രഹങ്ങളിൽ വിശാലഹൃദയത്തോടെ സന്തോഷിക്കാൻ കഴിയുക എന്ന ദാനം ദൈവം നിങ്ങൾക്കു നൽകട്ടെയെന്നു പ്രാർഥിക്കുക. ദൈവം നൽകുന്ന ഓരോ അനുഗ്രഹവും നമ്മുടെ സന്തോഷത്തിനു കാരണമാകണം; ആ അനുഗ്രഹങ്ങൾ നമുക്കാണോ മറ്റുള്ളവർക്കാണോ നൽകപ്പെടുന്നത് എന്നതു പ്രശ്നമല്ല.
അത്യുദാരനായ എന്റെ കർത്താവേ, അങ്ങ് എല്ലാവർക്കും സമൃദ്ധമായി അനുഗ്രഹങ്ങൾ ചൊരിയുന്നു. അങ്ങ് മറ്റുള്ളവരെ അനുഗ്രഹിക്കുന്ന വിധങ്ങൾ കാണുമ്പോൾ, അവർക്കു ലഭിച്ചതിനെല്ലാം ആത്മാർത്ഥമായ കൃതജ്ഞത വളർത്താൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ജനത്തെയെല്ലാം പലവിധത്തിൽ അങ്ങ് അനുഗ്രഹിക്കുന്നതിൽ ഹൃദയപൂർവ്വം സന്തോഷിക്കാൻ എന്നെ സഹായിക്കണമേ. പ്രിയനാഥാ, അസൂയയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അങ്ങനെ ആ ഹീനമായ പാപത്തിന്റെ ഭാരത്താൽ ഞാൻ തളരാതിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
പിതാവിൽനിന്നുള്ള ഒരു ക്ഷണം
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ വ്യാഴാഴ്ച
“സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ ഒരു രാജാവിനോടു സദൃശ്യമാണ്. ക്ഷണിക്കപ്പെട്ട അതിഥികളെ വിരുന്നിനു വിളിക്കാൻ അവൻ തന്റെ ദാസന്മാരെ അയച്ചു. എന്നാൽ അവർ വരാൻ വിസമ്മതിച്ചു.” മത്തായി 22:2–3
ഈ ഉപമയിലെ രാജാവ് പിതാവായ ദൈവമാണ്; വിവാഹമാകട്ടെ ക്രിസ്തുവും സഭയും തമ്മിലുള്ള വിവാഹമാണ്. സഭയിലെ അംഗമാകാനും തന്റെ പുത്രനായ യേശുവുമായുള്ള ദൈവിക ഐക്യത്തിലേക്കു പ്രവേശിക്കാനും അങ്ങനെ പരിശുദ്ധ ത്രിത്വത്തിന്റെ ജീവനിൽ പങ്കുചേരാനും പിതാവ് നമ്മിൽ ഓരോരുത്തരെയും ക്ഷണിക്കുന്നു. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾ “വരാൻ വിസമ്മതിച്ചു” എന്ന് ഉപമയുടെ തുടക്കത്തിൽത്തന്നെ നാം കാണുന്നു. ഉപമ മുന്നോട്ടു പോകുമ്പോൾ, അതിഥികളെ ക്ഷണിക്കാൻ രാജാവ് കൂടുതൽ ശ്രമിച്ചു. എന്നാൽ അവരെല്ലാം രണ്ടു വിധങ്ങളിലൊന്നിലാണ് പ്രതികരിച്ചത്. “ചിലർ ക്ഷണം അവഗണിച്ചു പോയി…” “ശേഷിച്ചവരാകട്ടെ അവന്റെ ദാസന്മാരെ പിടികൂടി, ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു.” ഔദാര്യമുള്ള ആ രാജാവ് പ്രതീക്ഷിച്ച പ്രതികരണം ഇതായിരുന്നില്ല എന്നു വ്യക്തമാണ്.
യേശുവിന്റെ കാലത്തെന്നപോലെ ഇന്നും നമ്മുടെ ലോകത്തിൽ നിലനിൽക്കുന്ന സുവിശേഷനിരാകരണത്തിന്റെ രണ്ടു തലങ്ങളാണ് ഈ രണ്ടു പ്രതികരണങ്ങളിൽ നാം കാണുന്നത്. നിരാകരണത്തിന്റെ ആദ്യത്തെ തലം ഉദാസീനതയാണ്. ഇന്ന് അനേകരും വളരെ തിരക്കിലാണ്. ആത്യന്തികമായി കാര്യമായ പ്രാധാന്യമില്ലാത്ത പല കാര്യങ്ങളിലും നാം എളുപ്പം മുഴുകിപ്പോകുന്നു. പലരും തങ്ങളുടെ സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ടാബ്ലെറ്റുകളിലും ആണ്ടുമുഴുകിയിരിക്കുന്നു. അനേകർ എണ്ണമറ്റ മണിക്കൂറുകൾ ടെലിവിഷൻ കണ്ടു ചെലവഴിക്കുന്നു. മറ്റുചിലർ ജോലിക്ക് അടിമകളായി മാറുന്നു; തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ജോലിക്കായി ചെലവഴിക്കുന്ന അവർ കുടുംബം, പ്രാർഥന, സേവനം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി വളരെ കുറച്ചു സമയം മാത്രമേ നീക്കിവയ്ക്കുന്നുള്ളൂ. തത്ഫലമായി, വിശ്വാസകാര്യങ്ങളോട് ഉദാസീനരാകാനും ദൈവഹിതം അന്വേഷിച്ചു നിറവേറ്റുന്നതിനായി ദിവസവും പ്രാർഥിക്കുന്നതിൽ വീഴ്ച വരുത്താനും വളരെ എളുപ്പമാണ്. ഈ ഉദാസീനത തികച്ചും ഗൗരവമുള്ളതാണ്.
സഭയോടും ധാർമികതയോടും വർധിച്ചുവരുന്ന ശത്രുതയിലൂടെയും നമ്മുടെ ലോകത്തിൽ വിശ്വാസം നിരാകരിക്കപ്പെടുന്നുണ്ട്. സുവിശേഷത്തിനു വിരുദ്ധമായ ഒരു സംസ്കാരത്തെ മതേതരലോകം പലവിധത്തിൽ തുടർന്നും പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവർ ഈ പുതിയ സാംസ്കാരിക പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുകയും അവയെ എതിർക്കുകയും ചെയ്യുമ്പോൾ അവർ കുറ്റപ്പെടുത്തപ്പെടുകയും പലപ്പോഴും മുൻവിധിയുള്ളവരോ മറ്റുള്ളവരെ വിധിക്കുന്നവരോ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ ഉപമയിലെ ക്ഷണിതാക്കൾ “അവന്റെ ദാസന്മാരെ പിടികൂടി, പീഡിപ്പിച്ചു കൊന്നുകളഞ്ഞു” എന്നതിൽ ഇത്തരമൊരു ദുഷ്ടതയാണ് പ്രകടമായത്. സഭയോടും വിശ്വാസത്തോടും ദൈവം നൽകിയ വ്യക്തമായ ധാർമികതത്ത്വങ്ങളോടുമുള്ള ശത്രുത ഓരോ വർഷവും വർധിച്ചുവരുന്നതായി തോന്നുന്നു. സുവിശേഷത്തെ നിരാകരിക്കുന്ന ഈ രീതി, മുകളിൽ പറഞ്ഞ കേവലമായ ഉദാസീനതയെക്കാൾ കൂടുതൽ ദോഷകരമാണ്. ഇന്നത്തെ ഈ ഉപമയിൽ, ഉദാസീനരും ശത്രുത പുലർത്തുന്നവരുമായവരോടുള്ള പ്രതികരണമായി രാജാവ് “തന്റെ സൈന്യത്തെ അയച്ച്, ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ നഗരം ചുട്ടെരിക്കുകയും ചെയ്തു” എന്ന് യേശു പറയുന്നു.
നാം രാജാവാണെന്നും മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അവകാശമുണ്ടെന്നും കരുതി, അവരെ നോക്കി കുറ്റം വിധിക്കുന്ന രീതിയിൽ ഈ ഉപമ വായിക്കരുത്. നമുക്ക് ആ അവകാശമില്ല. ദൈവത്തിനു മാത്രമേ അതുള്ളൂ. പകരം, സ്വന്തം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ ഉപമ വായിക്കാൻ. സുവിശേഷത്തോടു ശത്രുത പുലർത്തുന്നവരിൽ ഒരാളല്ല നിങ്ങൾ എന്നു പ്രത്യാശിക്കാം. എന്നാൽ ഒരുപക്ഷേ നിങ്ങളും മറ്റു പല ക്രൈസ്തവരും നിരാകരണത്തിന്റെ ആദ്യരൂപമായ ഉദാസീനതയുമായി മല്ലിടുന്നുണ്ടാകാം. പലവിധത്തിലും പല തലങ്ങളിലും നമുക്ക് എളുപ്പം ഉദാസീനരാകാൻ കഴിയും. ക്ഷണിക്കപ്പെടുമ്പോൾ വിവാഹവിരുന്നിനു പോകുന്നതിൽ താത്പര്യമെടുക്കുക, അതിൽ ആഴമായി താത്പര്യമെടുക്കുക എന്നതാണ് ഉദാസീനതയുടെ വിപരീതം.
നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്ന വിവാഹവിരുന്നിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ലോകരക്ഷകനുമായി ഒന്നാകുന്നതിന്റെ മഹിമയാർന്ന ആഘോഷത്തിലേക്കാണ് നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യാതൊരു മടിയും കൂടാതെ നിങ്ങളുടെ ജീവിതം അവിടുത്തേക്കു സമർപ്പിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധി, ധാർമികമായ ആർജവം, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തത, മറ്റുള്ളവർക്കുള്ള സേവനം, അതിരുകളില്ലാത്ത ഉപവി എന്നിവയിലേക്കും അതിലേറെ കാര്യങ്ങളിലേക്കും നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പ്രവേശിക്കുക എന്നത് നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിലെ എല്ലാ ദിവസവും ആ ദിവസത്തിന്റെ ഓരോ നിമിഷവും സംഭവിക്കേണ്ട ഒന്നാണ്. ദൈവം നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ മുഴുവൻ അസ്തിത്വത്തോടുംകൂടെ നിങ്ങൾ “അതെ” എന്നു പറയുമോ?
എന്നെ ക്ഷണിക്കുന്ന എന്റെ കർത്താവേ, ആത്മീയ വിവാഹത്തിലൂടെ അങ്ങയോട് ഒന്നാകാൻ അങ്ങ് നൽകിയ ക്ഷണം എല്ലാ മനുഷ്യരും പൂർണ്ണമായി സ്വീകരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. മഹിമയേറിയ വിവാഹവിരുന്നിലേക്കും നിത്യാനന്ദത്തിലേക്കും അങ്ങ് ഞങ്ങളെ വിളിക്കുന്നു. അങ്ങയുടെ ക്ഷണത്തോട് ഞാൻ ഒരിക്കലും ഉദാസീനത കാണിക്കാതിരിക്കട്ടെ; പൂർണ്ണഹൃദയത്തോടെ എപ്പോഴും അതിനോടു പ്രതികരിക്കട്ടെ. പ്രിയനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
വിഷമകരമായ സാഹചര്യങ്ങളിൽ സ്നേഹിക്കുക
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ വെള്ളിയാഴ്ച
“നിന്റെ ദൈവമായ കർത്താവിനെ നിന്റെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം. ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപന. രണ്ടാമത്തേത് ഇതിനോടു സമാനമാണ്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” മത്തായി 22:37–39
മുകളിൽ നൽകിയിരിക്കുന്ന ഈ വചനഭാഗം നമുക്ക് ഏറെ പരിചിതമാണ്. യേശുവിനെ പരീക്ഷിക്കാൻ വന്ന ഫരിസേയർക്ക് അവിടുന്ന് നൽകിയ മറുപടിയാണിത്. ഇതിനുമുമ്പ് ഒരു കൂട്ടം സദുക്കായർ യേശുവിനെ കുടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. അതിനാൽ ഇപ്പോൾ നമ്മുടെ കർത്താവിനെ കുടുക്കാൻ തങ്ങളാലാവുംവിധം ശ്രമിച്ചത് ഫരിസേയരായിരുന്നു. തീർച്ചയായും, യേശുവിന്റെ മറുപടി പൂർണമായിരുന്നു. ഈ മറുപടി അവസാനിപ്പിച്ചശേഷം, ഫരിസേയർക്ക് ഉത്തരം നൽകാനാവാത്ത ചില ചോദ്യങ്ങൾ അവരോടു ചോദിച്ചുകൊണ്ട് യേശു തിരിച്ചും അതേ രീതിയിൽ പ്രതികരിച്ചു. അപ്പോൾ അവിടുത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവർ ധൈര്യപ്പെട്ടില്ല.
ചിലപ്പോഴൊക്കെ വിശ്വാസകാര്യങ്ങളിൽ മറ്റൊരാൾ നമ്മെ വെല്ലുവിളിക്കുന്നത് നമുക്ക് സഹായകമാകുന്നു; കാരണം, നാം യഥാർഥത്തിൽ എന്താണ് വിശ്വസിക്കുന്നതെന്നു വ്യക്തമാക്കാൻ അത് അവസരമൊരുക്കുന്നു. യേശുവിന് സ്വന്തം കാര്യത്തിൽ വ്യക്തത ആവശ്യമില്ലായിരുന്നെങ്കിലും, ഫരിസേയരെയും ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന തന്റെ അനുയായികളെയും സഹായിക്കുന്നതിനായി, കുതന്ത്രങ്ങളെ അഭിമുഖീകരിച്ചപ്പോഴും അവിടുന്ന് ഈ വ്യക്തത നൽകി.
വിശ്വാസകാര്യങ്ങളെക്കുറിച്ച് മറ്റൊരാൾ എപ്പോഴെങ്കിലും നിങ്ങളെ വെല്ലുവിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രതികരണം എന്തായിരുന്നു? പരിശുദ്ധാത്മാവ് നൽകിയ പ്രചോദനത്തോടും വ്യക്തതയോടുംകൂടെ പ്രതികരിക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? അതോ ആശയക്കുഴപ്പത്തിലായി, മറുപടി പറയാൻ കഴിയാതെ നിങ്ങൾ അവിടെനിന്നു പോയോ? മറ്റൊരാൾ നമ്മുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് ഒന്നുകിൽ നമ്മിൽ ആശയക്കുഴപ്പമുണ്ടാക്കും, അല്ലെങ്കിൽ നമുക്കു കൂടുതൽ ആഴമായ ഗ്രാഹ്യം നൽകും.
ഈ ചോദ്യത്തിന് ഇപ്രകാരം ഉത്തരം നൽകിക്കൊണ്ട്, പത്തു കൽപനകളിലൂടെ മോശ നൽകിയ നിയമം മുഴുവനും യേശു പുതിയതും സംക്ഷിപ്തവുമായ രീതിയിൽ അവതരിപ്പിച്ചു. പത്തു കൽപനകളിലെ ആദ്യത്തെ മൂന്നെണ്ണം ദൈവസ്നേഹത്തെയും അവസാനത്തെ ഏഴെണ്ണം അയൽക്കാരനോടുള്ള സ്നേഹത്തെയും സംബന്ധിച്ചുള്ളവയാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന് യേശു നൽകുന്ന രണ്ടാമത്തെ കൽപന ഒന്നാമത്തെ കൽപനയുടെ ഫലമാണ്. നിങ്ങൾ എങ്ങനെയാണ് “നിങ്ങളെത്തന്നെ സ്നേഹിക്കുന്നത്?” യേശു നൽകിയ ഒന്നാമത്തെ കൽപന നിറവേറ്റിക്കൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക.” എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുമ്പോൾ, അയൽക്കാരനെ സ്നേഹിക്കുക എന്നതിന്റെ അർഥം ഇതാണ്: ദൈവം ആ വ്യക്തിയെ സ്നേഹിക്കുന്ന രീതിക്കനുസൃതമായി, ആ വ്യക്തിയിൽ വസിക്കുന്ന ദൈവത്തെ നിങ്ങൾ സ്നേഹിക്കുന്നു.
ദൈവസ്നേഹത്തിനു വിരുദ്ധമായ രീതിയിലും നമുക്ക് അയൽക്കാരനെ “സ്നേഹിക്കാൻ” സാധിക്കുമെന്ന കാര്യം ശ്രദ്ധിക്കുന്നതും സഹായകരമാണ്. ഉദാഹരണത്തിന്, അയൽക്കാരനോടുള്ള നമ്മുടെ സ്നേഹം ദൈവസ്നേഹത്തിനു വിരുദ്ധമായ രീതിയിലാണ് പ്രകടമാകുന്നതെങ്കിൽ, അത് യഥാർഥ സ്നേഹമല്ല. നിങ്ങളുടെ അയൽക്കാരൻ ഗുരുതരമായി അധാർമികമായ ഒരു ജീവിതരീതി തിരഞ്ഞെടുത്തുവെന്നു കരുതുക. ദൈവത്തിന്റെ സ്നേഹത്തോടെ നിങ്ങൾ ആ വ്യക്തിയെ എങ്ങനെ സ്നേഹിക്കും? “നിങ്ങളുടെ അധാർമിക ജീവിതത്തിൽ ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു” എന്ന് നിങ്ങൾ പറയുകയില്ല. അങ്ങനെ ചെയ്യുന്നത് ദൈവസ്നേഹമല്ല; ആ വ്യക്തിയുടെ നിത്യാത്മാവിനെക്കുറിച്ച് കരുതുന്നതിനെക്കാൾ, ആ വ്യക്തി നിങ്ങളോട് തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്നതിനു കൂടുതൽ പ്രാധാന്യം നൽകുന്ന സ്വാർഥമായ ഒരു സ്നേഹരൂപമാണത്. വസ്തുനിഷ്ഠമായി അധാർമികമായ ഒരു വഴിയിലൂടെ വ്യതിചലിച്ചുപോയ ഒരാളെ സ്നേഹിക്കേണ്ട ശരിയായ രീതി, നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ ആ വ്യക്തി നടത്തുന്ന തിരഞ്ഞെടുപ്പുകളെ പിന്തുണയ്ക്കുന്നില്ലെന്നും അറിയിക്കുക എന്നതാണ്. ഇതിനോട് ആ വ്യക്തി പ്രതികൂലമായി പ്രതികരിച്ചേക്കാമെങ്കിലും, ആ വ്യക്തിയുമായി വെറുതെ നല്ല ബന്ധത്തിൽ കഴിഞ്ഞുപോകാനുള്ള ഏതൊരു ആഗ്രഹത്തെയുംകാൾ ആ വ്യക്തിയുടെ നിത്യരക്ഷയെക്കുറിച്ചുള്ള കരുതലിനായിരിക്കണം മുൻഗണന.
അയൽക്കാരനോടുള്ള സ്നേഹം ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതാകാം; പ്രത്യേകിച്ച്, ആ “അയൽക്കാരൻ” ദൈവത്തിൽനിന്ന് അകന്നുപോയ ഒരു കുടുംബാംഗമാകുമ്പോൾ. എന്നാൽ അങ്ങനെയുള്ള അവസരങ്ങളിൽ, സദുക്കായരും ഫരിസേയരും യേശുവിനെ നിരന്തരം കുടുക്കാൻ ശ്രമിച്ചതെങ്ങനെയെന്ന് ഓർക്കുക. അവിടുന്ന് എപ്പോഴും സ്നേഹത്തിന്റെ തികവാർന്ന മറുപടി നൽകി; വഴിതെറ്റിയ അവരുടെ സംഭാഷണം ആശയക്കുഴപ്പം അവശേഷിപ്പിക്കാൻ ഒരിക്കലും അനുവദിച്ചില്ല. അതുപോലെ, മറ്റൊരാളെ സ്നേഹിക്കാൻ പ്രയാസമാകുമ്പോൾ നാമും ദൈവത്തിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും ആശ്രയിക്കണം. അത്തരം സാഹചര്യങ്ങളിൽ, ആ വ്യക്തി താൻ സ്നേഹിക്കപ്പെടുന്നുവെന്ന് അറിയാനും നമ്മുടെ സ്നേഹം ദൈവത്തിന്റെ നിർമ്മലമായ സ്നേഹത്തിൽനിന്ന് വ്യതിചലിക്കാതിരിക്കാനും, നമ്മുടെ ഓരോ സംഭാഷണത്തെയും ദൈവം നയിക്കണം.
എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കാനും, ദൈവത്തോടുള്ള അതേ സ്നേഹത്തോടെ അയൽക്കാരനെ സ്നേഹിക്കാനും നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ശ്രേഷ്ഠമായ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആരെയെങ്കിലും സ്നേഹിക്കുക പ്രയാസമാണെന്നു തോന്നുന്നുവെങ്കിൽ, ദൈവസ്നേഹത്തിൽ മാത്രം ആ വ്യക്തിയോടു വിശ്വസ്തത പുലർത്താൻ ആവശ്യമായ ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുക. നിങ്ങളുടെ സ്നേഹം വെല്ലുവിളിക്കപ്പെടുന്നതായി തോന്നുന്നുവെങ്കിൽ, നിങ്ങളെ നയിക്കാനും ഏറ്റവും ആവശ്യമായ സമയത്ത് വേണ്ട വാക്കുകൾ നൽകാനും നമ്മുടെ കർത്താവിൽ ആശ്രയിക്കുക.
എന്റെ സ്നേഹനാഥാ, അങ്ങ് എല്ലാ മനുഷ്യരെയും പരിപൂർണ്ണമായ സ്നേഹത്തോടെ സ്നേഹിക്കുന്നു. പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങയെ സ്നേഹിക്കാൻ അങ്ങ് ഞങ്ങളെയെല്ലാം വിളിക്കുന്നു. മറ്റുള്ളവരോട് അങ്ങയ്ക്കുള്ള സ്നേഹത്താൽ അവരെ സ്നേഹിക്കാനും അങ്ങ് ഞങ്ങളെ വിളിക്കുന്നു. അങ്ങയോടും എല്ലാ മനുഷ്യരോടും, പ്രത്യേകിച്ച് സ്നേഹിക്കാൻ ഏറ്റവും പ്രയാസമുള്ളവരോടുമുള്ള സ്നേഹത്താൽ എന്റെ ഹൃദയം നിറയ്ക്കണമേ. പ്രിയനാഥാ, അങ്ങയിൽ മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കണമെന്ന് അറിയാനുള്ള ജ്ഞാനം എനിക്കു നൽകണമേ. അങ്ങനെ അവർ തങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ പരിപൂർണ്ണ സ്നേഹം അനുഭവിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു!
എളിമ…മഹത്ത്വത്തിലേക്കുള്ള വഴി
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ ശനിയാഴ്ച
“നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” മത്തായി 23:11–12
നിങ്ങൾക്കായി ഏറ്റവും അഭിലഷണീയമായ ഒരു ഭാവി ആസൂത്രണം ചെയ്യുകയാണെങ്കിൽ, അത് എങ്ങനെയായിരിക്കും? പണമോ മറ്റു വിഭവങ്ങളോ നിങ്ങൾക്ക് ഒരു പരിമിതിയും സൃഷ്ടിക്കുന്നില്ലെന്നു സങ്കൽപിക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും ആഗ്രഹിക്കുന്നിടത്തെല്ലാം പോകാനും ഇഷ്ടമുള്ള ഏതൊരു വിനോദത്തിലും ആനന്ദിക്കാനും കഴിയുന്നുവെന്നു സങ്കൽപിക്കുക. നിങ്ങൾക്കുണ്ടാകാവുന്ന ഏറ്റവും മഹത്തായ അനുഭവം സങ്കൽപിക്കുക. അത് എന്തായിരിക്കും? സങ്കൽപിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ സുഖങ്ങളിൽ മുഴുകുന്നതിനെക്കുറിച്ചായിരിക്കും മിക്കവരും ഉടനെ ചിന്തിക്കുക. ഏറ്റവും ആഡംബരപൂർണമായ താമസസൗകര്യങ്ങളും ഏറ്റവും മികച്ച ഭക്ഷണവും ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാധ്യമായത്ര വിശ്രമവും ആനന്ദവും നിറഞ്ഞ സമയവും ഉൾക്കൊള്ളുന്ന ഒരു ജീവിതം. എന്നാൽ അതുതന്നെയായിരിക്കുമോ യഥാർഥത്തിൽ “നിങ്ങൾക്ക് ഏറ്റവും അഭിലഷണീയമായ ഭാവി?”
മുകളിലുള്ള സുവിശേഷഭാഗം വളരെ വ്യക്തമാണ്. സേവകനായിരിക്കുന്നതിലാണ് മഹത്ത്വം കണ്ടെത്തുന്നത്. എളിമയിലൂടെ മാത്രമേ ഉയർച്ച അനുഭവിക്കാനാകൂ. സുഖഭോഗങ്ങളും വിനോദങ്ങളും ആഡംബരവും മറ്റും നിറഞ്ഞതാണോ ഏറ്റവും അഭിലഷണീയമായ ജീവിതരീതി? തീർച്ചയായും അല്ല. ഏറ്റവും അഭിലഷണീയമായ ജീവിതം, ഏറ്റവും മഹത്തായ ജീവിതം, ഏറ്റവും ഉന്നതമായ ജീവിതം എന്നത് സാധ്യമായത്ര എളിമയോടെ മറ്റുള്ളവരെ സേവിക്കുന്ന ജീവിതമാണ്. അടിസ്ഥാനപരമായി ഈ ഭാഗത്തിൽ യേശു നമ്മോടു പറയുന്നത് അതാണ്. നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ?
“ഏറ്റവും വലിയവൻ” എന്നും “ആയിരിക്കണം” എന്നും യേശു ഒരേ വാക്യത്തിൽ പറയുന്നതു ശ്രദ്ധിക്കുക. ഈ രണ്ടു പ്രയോഗങ്ങളും തികച്ചും അസന്ദിഗ്ധമാണ്. “ഏറ്റവും വലിയവനെക്കാൾ” വലിയവനായി ആരുമില്ല; ആ മഹത്ത്വത്തിലേക്കുള്ള വഴിയാകട്ടെ, ഒരു അപവാദവുമില്ലാതെ, ഏറ്റവും വലിയവൻ മറ്റെല്ലാവരുടെയും സേവകനായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. പല വിധത്തിലും, മഹത്ത്വത്തെക്കുറിച്ചുള്ള മനുഷ്യരുടെ മിക്ക സങ്കൽപങ്ങൾക്കും വിരുദ്ധമാണ് ഈ സത്യം. മിക്കപ്പോഴും ഒരാൾ “വലിയവനായി” കണക്കാക്കപ്പെടുന്നുവെങ്കിൽ, മറ്റുള്ളവർ അയാളെ സേവിക്കുകയും മിക്കവർക്കും ലഭിക്കാത്ത ബഹുമാനവും ആദരവും നൽകി അയാളോട് പെരുമാറുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വളരെ പ്രാധാന്യമുള്ള ഒരാളെ നിങ്ങൾ അത്താഴത്തിനായി വീട്ടിലേക്കു ക്ഷണിച്ചാൽ, മിക്കവാറും നിങ്ങൾതന്നെ ആ വ്യക്തിക്ക് ഭക്ഷണം വിളമ്പിക്കൊടുക്കും. തീർച്ചയായും, ഈ സന്ദർഭത്തിൽ സേവനം എന്നത് ഭക്ഷണമേശയിൽ പരിചരിക്കുന്നതിലും ഭക്ഷണം നൽകുന്നതിലും എത്രയോ അധികമാണ്. മറ്റുള്ളവരെ സേവിക്കാനും സ്നേഹം പ്രകടിപ്പിക്കാനുമുള്ള അനുഗ്രഹീതമായ ഒരു വഴിയാണ് അതെങ്കിലും, സേവനത്തെക്കുറിച്ചുള്ള യേശുവിന്റെ സങ്കൽപം അതിനും ഏറെ അപ്പുറത്തേക്കു പോകുന്നു. യഥാർഥത്തിൽ വലിയവനായ ഒരാളെപ്പോലെ നാം എങ്ങനെയാണ് സേവിക്കുന്നത്? പ്രത്യേകിച്ച് നമ്മെത്തന്നെ താഴ്ത്തിക്കൊണ്ടാണ് നാം അങ്ങനെ ചെയ്യുന്നത്. മറ്റൊരാൾക്കു നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും മഹത്തായ സേവനരൂപമാണ് എളിമ.
ജീവിച്ചിരുന്നവരിൽ ഏറ്റവും എളിമയുള്ള വ്യക്തി യേശുവായിരുന്നു എന്നതിൽ സംശയമില്ല. അവിടുത്തെ അമ്മ മാത്രമാണ് ഈ വിശുദ്ധ പുണ്യത്തിൽ പൂർണ്ണമായി പങ്കുചേർന്നത്. സ്വാർത്ഥമായ എല്ലാ പ്രവണതകളിൽനിന്നും പുറത്തുകടന്ന്, അപരന്റെ നന്മയ്ക്കായി തന്റെ സ്നേഹം വിനിയോഗിക്കാൻ എളിമ ഒരാളെ പ്രാപ്തനാക്കുന്നു. തന്റെ പ്രിയ മാതാവിന്റെ ഉദരത്തിൽ മനുഷ്യാവതാരം ചെയ്തുകൊണ്ടാണ് യേശു ആദ്യം ഇതു ചെയ്തത്. ദൈവത്തിന്റെ നിത്യപുത്രൻ മനുഷ്യനായത് ഏതെങ്കിലും വിധത്തിൽ സ്വാർത്ഥമായ നേട്ടം തനിക്കുണ്ടാകുമെന്നതുകൊണ്ടല്ല. നമ്മെ സ്നേഹിച്ചതുകൊണ്ടും തന്റെ മനുഷ്യാവതാരം നമുക്കു നന്മ വരുത്തുമെന്നതുകൊണ്ടുമാണ് അവിടുന്ന് അങ്ങനെ ചെയ്തത്. മറ്റുള്ളവർ തന്നെ പരിഹസിക്കാനും അവഹേളിക്കാനും ഒടുവിൽ വധിക്കാനും ദൈവപുത്രൻ അനുവദിച്ചത് അതുവഴി തനിക്ക് ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാകുമെന്നതുകൊണ്ടല്ല. നമുക്ക് അവിടുത്തോടൊപ്പം ഉയിർത്തെഴുന്നേൽക്കാൻ കഴിയേണ്ടതിന്, മരണത്തിലേക്കു പ്രവേശിച്ച് അതിനെ നശിപ്പിക്കാനാണ് അവിടുന്ന് അങ്ങനെ ചെയ്തത്. നമുക്കുവേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. സുവിശേഷങ്ങളിലെ ഓരോ ഭാഗവും പരിശോധിച്ചാൽ, യേശു ചെയ്തതെല്ലാം മറ്റുള്ളവർക്കുവേണ്ടിയായിരുന്നുവെന്നും ഒന്നും സ്വാർത്ഥമായ ആഗ്രഹത്താൽ ചെയ്തതല്ലെന്നും നമുക്കു കാണാം. നമ്മുടെ കർത്താവ് അനുദിനം അർപ്പിച്ച ഈ ആത്മദാനപരമായ സേവനം, അവിടുന്ന് ജീവിച്ച അതുല്യമായ എളിമയുടെ ഫലമായിരുന്നു. മറ്റുള്ളവരുടെ അനശ്വരമായ ആത്മാക്കൾക്ക് രക്ഷയും രൂപാന്തരവും കൈവരുത്താൻ, അവരോടുള്ള സ്നേഹത്താലും എളിമയോടെയുമാണ് യേശു എല്ലാം ചെയ്തത്.
നമ്മുടെ ജീവിതത്തിൽ അടിസ്ഥാനപരമായ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ഞാൻ എനിക്കുവേണ്ടിയാണോ ജീവിക്കാൻ പോകുന്നത്? അതോ മറ്റുള്ളവർക്കുവേണ്ടിയോ? പൂർണ്ണമായും മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവർ വളരെ കുറവാണെന്നു തോന്നുന്നു. നമ്മിൽനിന്നു കണ്ണുകൾ മാറ്റി മറ്റുള്ളവരുടെ നന്മയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക പ്രയാസമാണ്. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതുതന്നെയാണ് നമ്മുടെ സ്വന്തം മഹത്വത്തിലേക്കും അന്തിമമായ ഉയർച്ചയിലേക്കുമുള്ള വഴിയെന്നു തിരിച്ചറിഞ്ഞാൽ, അത് ഏറെ എളുപ്പമാകും. മറ്റുള്ളവരെ സേവിക്കുന്നതാണ് നിങ്ങളെ മഹത്വമുള്ളവരാക്കുന്നത്; പ്രത്യേകിച്ച്, ദൈവത്തോട് കൂടുതൽ അടുക്കാൻ അവരെ സഹായിക്കുന്നതിനായി നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്തുകൊണ്ടുള്ള ആത്മീയസേവനം. മറ്റൊന്നിനും നിങ്ങളെ അങ്ങനെ ആക്കാൻ കഴിയില്ല. ഇതു വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക.
യഥാർത്ഥ മഹത്വമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പ്രത്യേകിച്ച്, അങ്ങനെയൊരു ജീവിതം നിങ്ങൾക്ക് എങ്ങനെ നയിക്കാമെന്നു ചിന്തിക്കുക. മറ്റുള്ളവരെ കൂടുതൽ പൂർണ്ണമായി സേവിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അവരുടെ വിശുദ്ധിയെ നിങ്ങളുടെ പ്രഥമ ലക്ഷ്യമാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ മറ്റുള്ളവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? സ്വയം എളിമപ്പെട്ട്, നിങ്ങളിൽനിന്നു കണ്ണുകൾ മാറ്റി മറ്റുള്ളവരിലേക്കു തിരിക്കുക. അങ്ങനെ ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതത്തിലും നിങ്ങളുടെ സ്വന്തം ജീവിതത്തിലും നിത്യതയോളം നിലനിൽക്കുന്ന മാറ്റമുണ്ടാക്കും.
അത്യുന്നതനായ എന്റെ കർത്താവേ, മറ്റെല്ലാവരെക്കാളും അത്യുന്നതനാണ് അങ്ങ്. അങ്ങ് മഹത്ത്വം തന്നെയാണ്. പ്രിയനാഥാ, അങ്ങ് നയിച്ച ജീവിതം അങ്ങേയറ്റം എളിമയുള്ളതായിരുന്നു. എന്നാൽ ഈ എളിമയിലാണ് അങ്ങ് ലോകത്തിന്റെ രക്ഷ നിറവേറ്റിയത്. മറ്റുള്ളവരെ സേവിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാക്കിക്കൊണ്ട് അങ്ങയുടെ മഹത്ത്വം അനുകരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടൊപ്പം മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
Amazon – Google Play – iTunes – Barnes and Noble

