മലയാളം

രണ്ടാം ദിവസം – വിമലഹൃദയത്തിന്റെ ശക്തി

വീഡിയോ പതിപ്പ്

യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലന മറിയവും നിന്നിരുന്നു. യോഹന്നാൻ 19:25

ഇന്നും നാം കുരിശിൻ ചുവട്ടിൽ നിൽക്കുന്ന യേശുവിന്റെ അമ്മയുടെ ഈ അതിപാവനമായ ദൃശ്യത്തിലേക്കു നോക്കുന്നു. അമ്മ “നിൽക്കുകയായിരുന്നു” എന്നാണ് യോഹന്നാന്റെ സുവിശേഷം പറയുന്നതെന്നു ശ്രദ്ധിക്കുക.

പരിശുദ്ധ മറിയം അനുഭവിച്ച മാനുഷിക വികാരങ്ങൾ അത്യന്തം തീവ്രവും ശക്തവുമായിരുന്നുവെന്നതിൽ സംശയമില്ല. കുരിശിൽ തൂങ്ങിക്കിടക്കുന്ന തന്റെ പ്രിയപുത്രനെ നോക്കിനിൽക്കുമ്പോൾ അമ്മയുടെ ഹൃദയം തകർന്നും കുത്തിത്തുളയ്ക്കപ്പെട്ടും ഇരുന്നു. എങ്കിലും, അവനെ നോക്കിക്കൊണ്ട് അമ്മ നിൽക്കുകയായിരുന്നു.

അമ്മ നിന്നു എന്ന വസ്തുത ഏറെ അർഥവത്താണ്. കഠിനമായ വ്യക്തിപരമായ വേദനയ്ക്കിടയിലും അമ്മയ്ക്കുണ്ടായിരുന്ന കരുത്ത് ഈ സുവിശേഷഭാഗം ലളിതവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്നത് അങ്ങനെയാണ്. തന്റെ മുഴുഹൃദയത്തോടുംകൂടെ സ്നേഹിച്ചവനോടു കാട്ടുന്ന അത്തരം ക്രൂരതയ്ക്കു സാക്ഷിയാകുന്നതിനെക്കാൾ ഹൃദയഭേദകമായി മറ്റൊന്നും അമ്മയ്ക്ക് ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും, ഈ അതികഠിനമായ വേദനയ്ക്കിടയിൽ അമ്മ ദുഃഖത്തിനു കീഴടങ്ങുകയോ നിരാശയിൽ വീഴുകയോ ചെയ്തില്ല. ഒരമ്മയുടെ സ്നേഹം അവസാനംവരെ വിശ്വസ്തതയോടെ നിറവേറ്റിക്കൊണ്ട്, അത്യധികം കരുത്തോടെ അമ്മ നിലകൊണ്ടു.

കുരിശിൻ ചുവട്ടിൽ നമ്മുടെ പരിശുദ്ധ അമ്മ പ്രകടിപ്പിച്ച കരുത്തിന്റെ വേരുകൾ, എല്ലാ വിധത്തിലും വിമലമായ ഒരു ഹൃദയത്തിലാണ്. അമ്മയുടെ ഹൃദയം സ്നേഹത്തിൽ വിമലവും, കരുത്തിൽ പരിപൂർണവും, വിശ്വസ്തതയിൽ സമ്പൂർണവും, നിശ്ചയദാർഢ്യത്തിൽ അചഞ്ചലവുമായിരുന്നു; ഭൂമിയിലെ കലുഷിതാവസ്ഥയ്ക്കിടയിലും അണയാത്ത പ്രത്യാശയാൽ അതു നിറഞ്ഞിരുന്നു. ലോകത്തിന്റെ കാഴ്ചപ്പാടിൽ, സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ദുരന്തമാണ് അമ്മയുടെ പുത്രനെ ബാധിച്ചുകൊണ്ടിരുന്നത്. എന്നാൽ സ്വർഗത്തിന്റെ കാഴ്ചപ്പാടിൽ, അതേ നിമിഷം തന്റെ വിമലഹൃദയത്തിന്റെ നിർമ്മലസ്നേഹം വെളിപ്പെടുത്താൻ അമ്മ ക്ഷണിക്കപ്പെടുകയായിരുന്നു.

പരിപൂർണ്ണമായി സ്നേഹിച്ച ഒരു ഹൃദയത്തിനു മാത്രമേ ഇത്ര ശക്തമായിരിക്കാൻ കഴിയൂ. പ്രത്യേകിച്ച്, അവളുടെ ഹൃദയത്തിൽ സജീവമായിരുന്നിരിക്കാവുന്ന പ്രത്യാശ വിസ്മയാവഹവും മഹിമയാർന്നതുമായിരുന്നു. ഇത്രയധികം വേദനയുടെ നടുവിൽ ഒരാൾക്ക് എങ്ങനെയാണ് ഇത്തരമൊരു പ്രത്യാശയും ശക്തിയും ഉണ്ടാകുക? അതിന് ഒരേയൊരു വഴിയേയുള്ളൂ: സ്നേഹത്തിന്റെ വഴി. നമ്മുടെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ നിർമ്മലവും വിശുദ്ധവുമായ സ്നേഹം പരിപൂർണ്ണമായിരുന്നു.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിന്റെ ശക്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. തന്റെ പുത്രനോട് അമ്മയ്ക്കുണ്ടായിരുന്ന സ്നേഹത്തിലേക്ക് നോക്കുക; നിർമ്മലവും വിശുദ്ധവുമായ ഈ സ്നേഹത്തിന്റെ വിസ്മയത്തിലേക്ക് ആകർഷിക്കപ്പെടാൻ സ്വയം അനുവദിക്കുക. നിങ്ങളുടെ ജീവിതത്തിലെ വേദന തീവ്രവും താങ്ങാനാവാത്തതുമായി അനുഭവപ്പെടുമ്പോൾ, ഈ അമ്മയുടെ ഹൃദയത്തിലെ സ്നേഹം ഓർക്കുക. ജീവിതത്തിലെ കുരിശുകളെയും ക്ലേശങ്ങളെയും നേരിടാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, അമ്മയുടെ ഹൃദയം നിങ്ങളുടെ ഹൃദയത്തിന് പ്രചോദനമാകാനും അമ്മയുടെ ശക്തി നിങ്ങളുടെ ശക്തിയായിത്തീരാനും പ്രാർഥിക്കുക.

എന്റെ ഏറ്റവും സ്നേഹനിധിയായ അമ്മേ, അങ്ങയുടെ ഹൃദയത്തിന്റെ നിർമ്മലതയിലേക്കും ശക്തിയിലേക്കും എന്നെ ആകർഷിക്കണമേ. അങ്ങയുടെ പുത്രൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ, അവനെ നോക്കിക്കൊണ്ട് അങ്ങ് കുരിശിൻ ചുവട്ടിൽ നിന്നു. പരിപൂർണ്ണ സ്നേഹം നിറഞ്ഞ അങ്ങയുടെ ഹൃദയത്തിലേക്ക് എന്നെ ക്ഷണിക്കണമേ; അങ്ങനെ അങ്ങയിൽനിന്ന് എനിക്ക് പ്രചോദനവും അങ്ങയുടെ മഹിമയാർന്ന സാക്ഷ്യത്തിൽനിന്ന് ശക്തിയും ലഭിക്കട്ടെ.

എന്റെ പ്രിയ അമ്മേ, കുരിശിൻ ചുവട്ടിൽ നിന്നപ്പോൾ അങ്ങ് എല്ലാ മനുഷ്യർക്കും മാതൃകയായി. കുരിശിൻ ചുവടിനെക്കാൾ ശ്രേഷ്ഠമായ മറ്റൊരു ഇടമില്ല. ഭയത്തിലോ വേദനയിലോ നിരാശയിലോ ഒളിച്ചുകൊണ്ട് ഒരിക്കലും കുരിശിൽനിന്ന് പിന്തിരിയാതിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ബലഹീനതയിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അങ്ങയുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ശക്തി എനിക്ക് അനുകരിക്കാൻ കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ.

എന്റെ പ്രിയപ്പെട്ട കർത്താവേ, കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ അങ്ങയുടെ ഹൃദയത്തിലെ സ്നേഹം അങ്ങയുടെ അമ്മയുടെ ഹൃദയവുമായി ഒന്നാകാൻ അങ്ങ് അനുവദിച്ചു. പരസ്പരം പങ്കുവയ്ക്കുന്ന ഈ സ്നേഹത്തിലേക്ക് എന്നെ ക്ഷണിക്കണമേ; അങ്ങനെ അങ്ങയുടെ വേദനയിലും സഹനത്തിലും ഞാനും അങ്ങയോട് ഒന്നാകട്ടെ. പ്രിയ കർത്താവേ, എന്റെ ദൃഷ്ടി ഒരിക്കലും അങ്ങയിൽനിന്ന് മാറാതിരിക്കട്ടെ.

മറിയമാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മൂന്നാം ദിവസം – ദൈവമാതാവിന്റെ ചിന്തകൾ

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!