
യേശു ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ ഏൽപ്പിക്കുന്നു”; ഇതു പറഞ്ഞശേഷം അവിടുന്ന് അന്ത്യശ്വാസം വലിച്ചു. ലൂക്കാ 23:46
നമ്മുടെ കർത്താവിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ഉയർന്ന ഈ പരിപൂർണ്ണ പ്രാർത്ഥന ജീവിതത്തിന്റെതന്നെ അന്തഃസത്തയിലേക്ക് കടന്നുചെല്ലുന്നു. ഇതിൽ എല്ലാം അടങ്ങിയിരിക്കുന്നു. പിതാവിനോടുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെ പ്രാർത്ഥനയാണിത്; തന്നെത്തന്നെ പൂർണ്ണമായി ഏൽപ്പിച്ചുകൊടുക്കുന്നതിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രാർത്ഥന.
നമ്മുടെ പരിശുദ്ധ അമ്മ കുരിശിൻചുവട്ടിൽ നിന്നപ്പോൾ, പരിപൂർണ്ണ സമർപ്പണത്തിന്റെ ഈ പ്രാർത്ഥനയിൽ തന്റെ പുത്രനോടൊപ്പം ചേർന്നു എന്നതിൽ സംശയമില്ല. അമ്മ സ്വന്തം ജീവിതം ഒരിക്കൽക്കൂടി പിതാവിന് സമർപ്പിക്കുക മാത്രമല്ല, തന്റെ പുത്രനെയും സമർപ്പിച്ചിരിക്കണം.
പൂർണമായ ആത്മസമർപ്പണത്തോടെ നമ്മെത്തന്നെ പിതാവിന്റെ കൈകളിൽ ഏൽപ്പിക്കുക എന്നത് നമ്മുടെ അനുദിന ദൗത്യമായിത്തീരണം. ജീവിതത്തിൽ ഇതിനെക്കാൾ പ്രധാനമായി മറ്റൊന്നുമില്ല. വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, കുരിശിൽനിന്ന് താൻ അവസാനമായി ഉച്ചരിക്കുന്ന വാക്കുകളായി ഈ സമർപ്പണപ്രാർഥന പറയാൻ യേശു തിരഞ്ഞെടുത്തു. “എല്ലാം പൂർത്തിയായി” എന്ന് യേശു പറയുന്നതായി വിശുദ്ധ യോഹന്നാന്റെ സുവിശേഷം വെളിപ്പെടുത്തുന്നു. കുരിശിലെ അവസാന നിമിഷങ്ങളിൽ യേശു പിതാവുമായി പൂർണമായ ഐക്യത്തിലായിരുന്നുവെന്ന് നമ്മുടെ കർത്താവിന്റെ ഈ രണ്ടു വാക്യങ്ങളും വ്യക്തമാക്കുന്നു.
അതിനെക്കുറിച്ച് ചിന്തിക്കുക. അപമാനിതനായി, അതികഠിനമായ വേദനയിൽ കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ, ആത്മസമർപ്പണത്തിന്റെ മഹത്തായ ഒരു മാതൃക യേശു നമുക്കു നൽകി. എല്ലാ വിധത്തിലും പരിപൂർണനായ അവിടുന്ന് തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുകയോ സ്വയംസഹതാപത്തിലും കോപത്തിലും ഖേദത്തിലും മുഴുകുകയോ ചെയ്തില്ല. അനേകരിൽനിന്ന് ഏറ്റുവാങ്ങിയ ക്രൂരത, തന്റെ ജീവിതം പിതാവിനും അവിടുത്തെ പരിശുദ്ധ തിരുവുളത്തിനും നിരന്തരം സമർപ്പിക്കുന്നതിൽനിന്ന് യേശുവിനെ പിന്തിരിപ്പിച്ചില്ല. മറിച്ച്, പിതാവുമായുള്ള തന്റെ അവസാനിക്കാത്ത ഐക്യം പ്രഖ്യാപിക്കാൻ, പീഡനമേൽക്കുന്ന ഈ അതിദയനീയമായ അവസ്ഥതന്നെ യേശു തിരഞ്ഞെടുത്തു.
നമ്മുടെ ജീവിതത്തിലും കുരിശുകൾ വന്നുചേരുമ്പോൾ, പലപ്പോഴും പിതാവിലുള്ള വിശ്വാസവും പ്രത്യാശയും നമുക്കു നഷ്ടപ്പെട്ടുതുടങ്ങുന്നു. നമ്മുടെ മുറിവുകളെ നാം സൂക്ഷ്മമായി പരിശോധിക്കുകയും നാം അനുഭവിച്ച അനീതികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനോവേദനയും ദുഃഖവും നമ്മുടെ ദൃഷ്ടി ദൈവത്തിൽനിന്നു തിരിക്കാൻ നാം അനുവദിക്കുന്നു; പകരം, നാം നമ്മെത്തന്നെ നോക്കിയിരിക്കുന്നു.
നമ്മുടെ കർത്താവ് ഉച്ചരിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ പ്രതിധ്വനിക്കുകയും ചെയ്ത ഈ പ്രാർഥന, ഭാഗികമായി നമുക്കോരോരുത്തർക്കുമുള്ള ഒരു പാഠമായിക്കൂടിയാണ് ഉച്ചരിക്കപ്പെട്ടത്. ഒന്നാമതായി, യേശു ആരായിരുന്നു എന്നതിന്റെ പരിപൂർണമായ ആവിഷ്കാരമായിരുന്നതിനാലാണ് അവിടുന്ന് ഈ പ്രാർഥന ചൊല്ലിയത്. രണ്ടാമതായി, നാം അനുകരിക്കേണ്ടതിനുവേണ്ടിയും അവിടുന്ന് ഇത് ഉച്ചരിച്ചു.
സ്വർഗസ്ഥനായ പിതാവിനോടുള്ള നിങ്ങളുടെ ആത്മസമർപ്പണം എത്ര ആഴമുള്ളതാണ്? എത്ര തവണ നിങ്ങൾ ഈ പ്രാർഥന ചൊല്ലാറുണ്ട്? നിങ്ങൾ അതു ചൊല്ലുമ്പോൾ, ഈ പ്രാർഥന എത്രത്തോളം പൂർണമായി നിങ്ങളുടെ ജീവിതത്തിൽ പ്രവൃത്തിയായി മാറുന്നു? സമർപ്പിക്കുക എന്നാൽ പ്രവർത്തിക്കുക എന്നതാണ്. അത് ഒരു തീരുമാനത്തിൽ ഒതുങ്ങുന്നില്ല; നമ്മുടെ ഇച്ഛാശക്തിയുടെ നിരന്തരമായ ഒരു പ്രവൃത്തിയാണത്. നമ്മുടെ ആത്മസമർപ്പണം പൂർണവും സമഗ്രവുമാകുന്നതുവരെ അതിനെ ആഴപ്പെടുത്തുന്ന പ്രവൃത്തിയാണത്.
നമ്മുടെ കർത്താവിന്റെ ഈ പരിപൂർണമായ പ്രാർഥനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ ഏൽപ്പിക്കുന്നു.” ഇത് വീണ്ടും വീണ്ടും പ്രാർഥിക്കുക. സാധിക്കുമെങ്കിൽ, നമ്മുടെ കർത്താവിന്റെ മുമ്പിൽ മുട്ടുകുത്തുകയോ സാഷ്ടാംഗം പ്രണമിക്കുകയോ ചെയ്യുക. നമ്മുടെ പരിശുദ്ധ അമ്മ സ്വന്തം ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ഈ പ്രാർഥന എങ്ങനെ ഉച്ചരിച്ചിരിക്കാമെന്നും ധ്യാനിക്കുക. അമ്മ തന്റെ ജീവിതം നിരന്തരം സമർപ്പിക്കുകയും പിതാവിനുള്ള ഈ പരിപൂർണവും അന്തിമവുമായ സമർപ്പണത്തിൽ പുത്രനോടു ചേരുകയും ചെയ്തു. മാതൃസ്നേഹത്തോടെ പുത്രനെ നോക്കിനിൽക്കുമ്പോഴാണ് അമ്മ അങ്ങനെ ചെയ്തത്.
എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ പുത്രന്റെ മുമ്പിൽ നിന്നുകൊണ്ട് അവിടുന്ന് ഈ വിശുദ്ധ വാക്കുകൾ ഉച്ചരിക്കുന്നതു കേട്ടപ്പോൾ, അങ്ങ് അവയെ സ്വന്തമാക്കി. അങ്ങ് സ്വതന്ത്രമായും പൂർണഹൃദയത്തോടെയും അങ്ങയുടെ ദൈവിക പുത്രനെ പിതാവിനു സമർപ്പിച്ചു. അങ്ങയുടെ പുത്രന്റെ ബലിയോടു ചേർന്ന് അങ്ങയുടെ സ്വന്തം ജീവിതവും ഒരിക്കൽക്കൂടി സമർപ്പിച്ചു.
എന്റെ സ്നേഹനിധിയായ അമ്മേ, എന്റെ ജീവിതം സ്വർഗസ്ഥനായ പിതാവിനുള്ള പരിപൂർണമായ ഒരു സമർപ്പണമാക്കാൻ എനിക്കു കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഒന്നും മാറ്റിവയ്ക്കാതെ എല്ലാം സമർപ്പിക്കാൻ അങ്ങയുടെ പ്രാർഥനകളാലും മാതൃകയാലും എന്നെ സഹായിക്കണമേ. പ്രിയ അമ്മേ, അങ്ങയുടെ പുത്രന്റെ സമർപ്പണത്തോടു ചേർത്ത് എന്നെയും പിതാവിനു സമർപ്പിക്കാൻ അങ്ങേക്കു കഴിയേണ്ടതിന് ഞാൻ എല്ലാം അങ്ങേക്കു നൽകുന്നു.
മരണത്തിലേക്കു നീങ്ങുന്ന എന്റെ കർത്താവേ, എന്റെ ജീവിതം അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു. അങ്ങയുടെ പരിപൂർണമായ ബലിയോടു ചേർത്ത് എന്റെ ജീവിതവും പിതാവിനു സമർപ്പിക്കപ്പെടേണ്ടതിന് ഞാൻ എല്ലാം അങ്ങേക്കു സമർപ്പിക്കുന്നു. പ്രിയ കർത്താവേ, എന്നെ ഏറ്റെടുക്കണമേ, എന്നെ സ്വീകരിക്കണമേ; അങ്ങയുടെ തിരുവുളമനുസരിച്ച് എന്നിൽ പ്രവർത്തിക്കണമേ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയേഴാം ദിവസം – ഭൂമി കുലുങ്ങുന്നു
ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!

