മലയാളം

മുപ്പത്തിയേഴാം ദിവസം – ഭൂമി കുലുങ്ങുന്നു


വീഡിയോ പതിപ്പ്

അപ്പോൾ ഇതാ, വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, ശവകുടീരങ്ങൾ തുറക്കപ്പെട്ടു; നിദ്രപ്രാപിച്ചിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർപ്പിക്കപ്പെട്ടു. അവന്റെ ഉത്ഥാനത്തിനുശേഷം അവർ ശവകുടീരങ്ങളിൽനിന്ന് പുറത്തുവന്ന് വിശുദ്ധനഗരത്തിൽ പ്രവേശിക്കുകയും പലർക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു. മത്തായി 27:51-53

അത് വിസ്മയാദരങ്ങൾ ഉണർത്തുന്ന ഒരു ദൃശ്യമായിരുന്നിരിക്കണം. യേശു അവസാനശ്വാസം വലിച്ച്, തന്റെ ആത്മാവിനെ സമർപ്പിച്ച്, എല്ലാം പൂർത്തിയായെന്ന് പ്രഖ്യാപിച്ചപ്പോൾ ലോകം നടുങ്ങി. പെട്ടെന്നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ഇതു സംഭവിച്ചപ്പോൾ, കൃപാവസ്ഥയിൽ മരിച്ചിരുന്ന അനേകർ വീണ്ടും ജീവൻ പ്രാപിച്ച് ശരീരരൂപത്തിൽ പലർക്കും പ്രത്യക്ഷപ്പെട്ടു.

നമ്മുടെ പരിശുദ്ധ അമ്മ തന്റെ മരിച്ചുപോയ പുത്രനെ നോക്കിനിന്നപ്പോൾ, അമ്മയുടെ ഉള്ളിന്റെ ഉള്ളും നടുങ്ങിയിരിക്കണം. ഭൂമി കുലുങ്ങുകയും മരിച്ചവർ ജീവൻ പ്രാപിക്കുകയും ചെയ്തപ്പോൾ, തന്റെ പുത്രന്റെ പരിപൂർണ്ണ ബലിയുടെ ഫലം നമ്മുടെ പരിശുദ്ധ അമ്മ ഉടൻതന്നെ തിരിച്ചറിഞ്ഞിരിക്കണം. എല്ലാം യഥാർഥത്തിൽ പൂർത്തിയായിരുന്നു. മരണം നശിപ്പിക്കപ്പെട്ടു. പതിതമായ മനുഷ്യകുലത്തെ പിതാവിൽനിന്ന് വേർതിരിച്ചിരുന്ന തിരശ്ശീല നശിപ്പിക്കപ്പെട്ടു. സ്വർഗവും ഭൂമിയും ഇപ്പോൾ വീണ്ടും ഒന്നായി; കല്ലറകളിൽ വിശ്രമിച്ചിരുന്ന ആ വിശുദ്ധാത്മാക്കൾക്ക് ഉടൻതന്നെ പുതുജീവൻ നൽകപ്പെട്ടു.

ദേവാലയത്തിലെ തിരശ്ശീല കട്ടിയുള്ളതായിരുന്നു. അത് അതിവിശുദ്ധസ്ഥലത്തെ വിശുദ്ധമന്ദിരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വേർതിരിച്ചിരുന്നു. ജനങ്ങളുടെ പാപങ്ങൾക്കായി ദൈവത്തിനു പ്രായശ്ചിത്തബലി അർപ്പിക്കാൻ വർഷത്തിൽ ഒരിക്കൽ മാത്രമേ മഹാപുരോഹിതന് ഈ വിശുദ്ധസ്ഥലത്തു പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അപ്പോൾ എന്തുകൊണ്ടാണ് തിരശ്ശീല കീറിയത്? കാരണം, ലോകം മുഴുവനും ഇപ്പോൾ ഒരു വിശുദ്ധമന്ദിരമായി, ഒരു പുതിയ അതിവിശുദ്ധസ്ഥലമായി മാറിയിരുന്നു. ദേവാലയത്തിൽ അർപ്പിക്കപ്പെട്ടിരുന്ന അനേകം മൃഗബലികൾക്കു പകരമായ ഏകവും പരിപൂർണ്ണവുമായ ബലിക്കുഞ്ഞാടായിരുന്നു യേശു. ഒരു സ്ഥലത്തു മാത്രമായി ഒതുങ്ങിനിന്നിരുന്നത് ഇപ്പോൾ സാർവത്രികമായിത്തീർന്നു. മനുഷ്യൻ ദൈവത്തിന് ആവർത്തിച്ച് അർപ്പിച്ചിരുന്ന മൃഗബലികൾ, മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ ഏകബലിയായി മാറി. അങ്ങനെ ദേവാലയത്തിന്റെ അർഥം അവിടെനിന്നു മാറി ഓരോ കത്തോലിക്കാ ദേവാലയത്തിന്റെയും വിശുദ്ധമന്ദിരത്തിൽ ഇടംകണ്ടെത്തി. അതിവിശുദ്ധസ്ഥലം എല്ലാവർക്കും പൊതുവായിത്തീർന്നതിലൂടെ അതിന്റെ പഴയ നില കാലഹരണപ്പെട്ടു.

എല്ലാവർക്കും കാണാവുന്നവിധം കാൽവരിമലയിൽ യേശുവിന്റെ ബലി അർപ്പിക്കപ്പെട്ടതിനും വലിയ അർഥമുണ്ട്. വധിക്കപ്പെടുന്ന വ്യക്തി പൊതുസമൂഹത്തിനു വരുത്തിയെന്നു കരുതപ്പെട്ട ദോഷം പരിഹരിക്കാനായിരുന്നു പരസ്യമായ വധശിക്ഷകൾ നടപ്പാക്കിയിരുന്നത്. എന്നാൽ ക്രിസ്തുവിന്റെ വധശിക്ഷ, പുതിയ അതിവിശുദ്ധസ്ഥലം കണ്ടെത്താനുള്ള ക്ഷണമായി എല്ലാവർക്കും മാറി. വിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള അനുമതി ഇനി മഹാപുരോഹിതനു മാത്രമായിരുന്നില്ല. പകരം, കളങ്കമില്ലാത്ത കുഞ്ഞാടിന്റെ ബലിയെ സമീപിക്കാൻ എല്ലാവരും ക്ഷണിക്കപ്പെട്ടു. അതിലുപരി, ദൈവത്തിന്റെ കുഞ്ഞാടിന്റെ ജീവിതത്തോടു നമ്മുടെ ജീവിതങ്ങളെ ഒന്നിപ്പിക്കുന്നതിനായി അതിവിശുദ്ധസ്ഥലത്തേക്കു നാം ക്ഷണിക്കപ്പെടുന്നു.

നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ കുരിശിനു മുന്നിൽ നിന്ന് അവിടുന്ന് മരിക്കുന്നതു കണ്ടപ്പോൾ, തന്റെ മുഴുവൻ അസ്തിത്വത്തെയും ബലിക്കുഞ്ഞാടിനോടു പൂർണ്ണമായി ഒന്നിപ്പിച്ച ആദ്യ വ്യക്തി അമ്മയായിരുന്നിരിക്കണം. തന്റെ പുത്രനെ ആരാധിക്കാനായി, പുത്രനോടൊപ്പം പുതിയ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള അവിടുത്തെ ക്ഷണം അമ്മ സ്വീകരിച്ചിരിക്കണം. നിത്യനായ മഹാപുരോഹിതനായ തന്റെ പുത്രൻ അമ്മയെ അവിടുത്തെ കുരിശിനോടു ചേർത്ത് പിതാവിന് അർപ്പിക്കാൻ അമ്മ അനുവദിച്ചിരിക്കണം.

പുതിയ അതിവിശുദ്ധസ്ഥലം നിങ്ങൾക്കു ചുറ്റുമെങ്ങുമുണ്ടെന്ന മഹിമയേറിയ സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതം പിതാവിന് അർപ്പിക്കാനായി ദൈവത്തിന്റെ കുഞ്ഞാടിന്റെ കുരിശിലേക്കു കയറാൻ ദിവസവും നിങ്ങൾ ക്ഷണിക്കപ്പെടുന്നു. അത്രയും പരിപൂർണ്ണമായ ഒരർപ്പണം പിതാവായ ദൈവം സന്തോഷത്തോടെ സ്വീകരിക്കും. എല്ലാ വിശുദ്ധാത്മാക്കളെയുംപോലെ, നിങ്ങളുടെ പാപത്തിന്റെ കല്ലറയിൽനിന്ന് എഴുന്നേറ്റ് പ്രവൃത്തിയിലും വാക്കിലും ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കാൻ നിങ്ങളും ക്ഷണിക്കപ്പെടുന്നു. മഹിമയേറിയ ഈ ദൃശ്യത്തെക്കുറിച്ച് ധ്യാനിക്കുകയും പുതിയ അതിവിശുദ്ധസ്ഥലത്തേക്കു നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നതിൽ ആനന്ദിക്കുകയും ചെയ്യുക.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, തിരശ്ശീലയ്ക്കു പിന്നിലേക്കു കടന്ന് അമ്മയുടെ പുത്രന്റെ ബലിയിൽ പങ്കുചേർന്ന ആദ്യ വ്യക്തി അമ്മയായിരുന്നു. മഹാപുരോഹിതനെന്ന നിലയിൽ അവിടുന്ന് എല്ലാ പാപങ്ങൾക്കും പരിപൂർണ്ണമായ പ്രായശ്ചിത്തം ചെയ്തു. പാപരഹിതയായിരുന്നിട്ടും, അമ്മ തന്റെ പുത്രനോടൊപ്പം സ്വന്തം ജീവിതം പിതാവിന് അർപ്പിച്ചു.

എന്റെ സ്നേഹനിധിയായ അമ്മേ, അമ്മയുടെ പുത്രന്റെ ബലിയോട് എനിക്ക് ഒന്നാകാൻ കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. എന്റെ പാപത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേക്കു കടക്കാനും, അമ്മയുടെ ദിവ്യപുത്രനും ശ്രേഷ്ഠ മഹാപുരോഹിതനുമായ അവിടുന്ന് എന്നെ സ്വർഗസ്ഥനായ പിതാവിന് അർപ്പിക്കാൻ അനുവദിക്കാനും എനിക്കു കഴിയേണ്ടതിന് പ്രാർഥിക്കണമേ.

എന്റെ മഹിമയേറിയ മഹാപുരോഹിതനും ബലിക്കുഞ്ഞാടുമായ അങ്ങയുടെ ജീവന്റെ ബലിയർപ്പണം നോക്കിക്കാണാൻ എന്നെ ക്ഷണിച്ചതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയോടൊപ്പം പിതാവിന് അർപ്പിക്കപ്പെടുന്ന ഒരു സ്നേഹബലിയായി ഞാൻ മാറേണ്ടതിന്, അങ്ങയുടെ മഹിമയേറിയ ബലിയിലേക്ക് എന്നെ ക്ഷണിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയെട്ടാം ദിവസം – പടയാളിയുടെ കുന്തം

ഉള്ളടക്കം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!