മലയാളം

മുപ്പത്തിരണ്ടാം ദിവസം – “സ്ത്രീയേ, ഇതാ നിന്റെ മകൻ…ഇതാ നിന്റെ അമ്മ”


വീഡിയോ പതിപ്പ്

യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നിന്നിരുന്നു. യേശു തന്റെ അമ്മയെയും താൻ സ്നേഹിച്ച ശിഷ്യൻ അവിടെ നിൽക്കുന്നതും കണ്ടപ്പോൾ അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ നിന്റെ മകൻ.” പിന്നെ അവൻ ശിഷ്യനോടു പറഞ്ഞു: “ഇതാ നിന്റെ അമ്മ.” ആ സമയം മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ സ്വീകരിച്ചു. യോഹന്നാൻ 19:25-27

അന്ത്യശ്വാസം വലിക്കാൻ ഒരുങ്ങവേ മറിയത്തിന്റെ പുത്രൻ പ്രകടിപ്പിച്ച എത്ര മനോഹരമായ സ്നേഹപ്രവൃത്തി! അവിടുത്തെ കരുതൽ തന്നെക്കുറിച്ചായിരുന്നില്ല. സ്വയം സഹതപിച്ചും നിരാശപ്പെട്ടും കഴിയുകയായിരുന്നില്ല അവിടുന്ന്. മറിച്ച്, താൻ സ്നേഹിച്ചവരെക്കുറിച്ചായിരുന്നു അവിടുത്തെ ചിന്ത. ആദ്യം, കുരിശിലെ കള്ളന് പറുദീസ വാഗ്ദാനം ചെയ്തുകൊണ്ട് അവിടുന്ന് അവനെ ചേർത്തുപിടിച്ചു. തുടർന്ന് തന്റെ പ്രിയപ്പെട്ട അമ്മയെ തന്റെ പ്രിയശിഷ്യനായ യോഹന്നാനെ ഏൽപ്പിച്ചു. “സ്ത്രീയേ, ഇതാ നിന്റെ മകൻ.” “ഇതാ നിന്റെ അമ്മ.”

ഈ അമൂല്യ നിമിഷത്തിൽ, ദൈവമാതാവ് തന്റെ പുത്രനായ ഈശോയിൽനിന്ന് കണ്ണുകൾ മാറ്റി, കൃപയിൽ തന്റെ പുതിയ മകനായ യോഹന്നാനെ സ്നേഹത്തോടെ നോക്കി. ഈശോയുടെ പീഡാസഹനത്തിലും മരണത്തിലും ഉടനീളം അവിടുത്തോടു ചേർന്നുനിന്ന ഏക ശിഷ്യനും, കുരിശിനു മുന്നിൽ നിന്ന നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം നിലകൊണ്ടവനുമായ യോഹന്നാൻ തിരിഞ്ഞ്, കൃപയിൽ തന്റെ പുതിയ അമ്മയെ സ്നേഹത്തോടെ നോക്കി.

നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന ഈ പ്രവൃത്തി നമ്മുടെ പരിശുദ്ധ അമ്മയ്ക്കും യോഹന്നാനും വേണ്ടി മാത്രമായിരുന്നില്ല. നമുക്കെല്ലാവർക്കുമുള്ള ഒരു കല്പനകൂടിയായിരുന്നു അത്. ഈ പ്രിയശിഷ്യനിലൂടെ കുരിശിൻ ചുവട്ടിൽ സന്നിഹിതരാകാൻ നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഈശോ കുരിശിൽനിന്ന് നമ്മെയെല്ലാവരെയും നോക്കി പറയുന്നു: “ഇതാ, നിന്റെ അമ്മ.” നമ്മിൽ ഓരോരുത്തരിലും തന്റെ സ്വന്തം പ്രിയപ്പെട്ട കുഞ്ഞിനെ കണ്ടുകൊണ്ട്, സ്നേഹവാത്സല്യങ്ങളോടെ നമ്മിൽ ഓരോരുത്തരിലേക്കും തിരിയാൻ അവിടുന്ന് തന്റെ പ്രിയപ്പെട്ട അമ്മയോട് നിർദേശിക്കുന്നു.

നമ്മുടെ പരിശുദ്ധ അമ്മ പുതിയ ഹവ്വയാണ്; കൃപയുടെ ദൈവിക ക്രമത്തിൽ ജീവിക്കുന്ന എല്ലാവരുടെയും പുതിയ മാതാവാണ്. അവൾ പുതിയ രാജ്യത്തിന്റെയും ദൈവത്തിന്റെ പുതിയ കുടുംബത്തിന്റെയും മാതാവും രാജ്ഞിയുമാണ്. കൃപയുടെ ആ പുതിയ രാജ്യത്തിലെ അംഗങ്ങളാകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ പുതിയ അമ്മയെ സ്നേഹത്തോടെ സ്വീകരിക്കണം.

യോഹന്നാൻ നമ്മുടെ പരിശുദ്ധ അമ്മയെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു; അവൻ അവളെ സ്നേഹിക്കുകയും അവളുടെ സ്നേഹം അനുഭവിക്കുകയും ചെയ്തു. മറിയമാതാവിന്റെ മാതൃപരിപാലനം ജീവിതാവസാനംവരെ ദൈവഹിതം സ്വീകരിക്കാൻ യോഹന്നാനെ പ്രാപ്തനാക്കി. നാമും നമ്മുടെ പരിശുദ്ധ അമ്മയെ ഹൃദയഭവനത്തിൽ സ്വീകരിക്കുകയും സ്വന്തം അമ്മയായി ചേർത്തുപിടിക്കുകയും വേണം. അപ്പോൾ അവൾ നമ്മെ ചേർത്തുപിടിക്കുകയും തന്റെ ദിവ്യപുത്രനിലേക്കു നയിക്കുകയും ചെയ്യും.

ഈശോയുടെ ഈ മനോഹരമായ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളോടു പറയുന്ന വാക്കുകളായി അവ ശ്രവിക്കുക. “ഇതാ നിന്റെ അമ്മ” എന്ന് ഈശോ നിങ്ങളോടു പറയുന്നതു കേൾക്കുക. ദൈവമാതാവും സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയത്തെ നോക്കുക. അവളിലേക്കു തിരിയുക, അവളെ സ്നേഹിക്കുക, അവളുടെ മാതൃസഹജമായ മാർഗനിർദേശവും പരിപാലനവും സ്വീകരിക്കുക. നിങ്ങളെ ചേർത്തുപിടിക്കാനും തന്റെ ഹൃദയത്തിലേക്കു സ്വാഗതം ചെയ്യാനും അവളെ അനുവദിക്കുക.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും രാജ്ഞിയുമായ മറിയമേ, അങ്ങയുടെ പുത്രന്റെ കുരിശിനു മുന്നിൽ നിന്നപ്പോൾ, അങ്ങയുടെ കണ്ണുകൾ പുത്രനിൽനിന്നു മാറ്റിയ ഒരേയൊരു കാര്യം, കൃപയിൽ അങ്ങയുടെ പുതിയ കുഞ്ഞിനെ നോക്കാനുള്ള ഈശോയുടെ ക്ഷണമായിരുന്നു. പ്രിയ അമ്മേ, ഞാനാണ് ആ കുഞ്ഞ്; എന്റെമേൽ ചൊരിയുന്ന സ്നേഹനോട്ടത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു.

എന്റെ പ്രിയ അമ്മേ, കൃപയുടെ ക്രമത്തിൽ എന്റെ ആത്മീയമാതാവായിരിക്കേണ്ടതിന് അങ്ങയെ എന്റെ ഹൃദയഭവനത്തിലേക്കു ഞാൻ സ്വീകരിക്കുന്നു. എന്റെ രാജ്ഞിയായി അങ്ങയെ ഞാൻ സ്വീകരിക്കുകയും അങ്ങയുടെ മാതൃപരിപാലനവും മാർഗനിർദേശവും തേടുകയും ചെയ്യുന്നു. പ്രിയ അമ്മേ, അങ്ങയുടെ ദിവ്യപുത്രനിലേക്ക് എന്നെ അടുപ്പിക്കണമേ; ജീവിതത്തിൽ മറ്റെല്ലാറ്റിലുമുപരി ഞാൻ അവിടുത്തെ തേടുന്നതിനായി എനിക്കുവേണ്ടി പ്രാർഥിക്കണമേ.

എന്റെ സ്നേഹനാഥനായ ഈശോയെ, അങ്ങ് കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ, ആത്മാക്കളുടെ രക്ഷയായിരുന്നു അങ്ങയുടെ ഏറ്റവും ആഴമായ ആഗ്രഹം. കുരിശിൽനിന്ന്, എളിയ പാപിയായ എന്നെ അങ്ങ് നോക്കുകയും അങ്ങയുടെ സ്വന്തം അമ്മയെ എന്നെ ഏല്പിക്കുകയും ചെയ്യുന്നു. അളന്നറിയാനാവാത്ത ഈ ദാനത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു; പ്രപഞ്ചരാജ്ഞിയും എല്ലാവരുടെയും മാതാവുമായവളുടെ മാതൃപരിപാലനം ഞാൻ സ്വീകരിക്കുന്നു.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിമൂന്നാം ദിവസം – “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?”

ഉള്ളടക്കം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!