4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
ദൗത്യം തുടരുന്നു
നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച (വർഷം A)
യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കൂട്ടി, അവരെ മാത്രം ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി. അവിടെ അവരുടെ മുമ്പിൽവച്ച് അവിടുന്ന് രൂപാന്തരപ്പെട്ടു; അവിടുത്തെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു, വസ്ത്രങ്ങൾ വെളിച്ചംപോലെ വെളുത്തതായി. അപ്പോൾ ഇതാ, മോശയും ഏലിയായും അവിടുത്തോടു സംഭാഷണം നടത്തിക്കൊണ്ട് അവർക്കു പ്രത്യക്ഷപ്പെട്ടു. മത്തായി 17:1–3
ദൈവപുത്രൻ ഒരു ഉയർന്ന മലയിൽവച്ച് മോശയോടും ഏലിയായോടും സംസാരിച്ചത് ഇതാദ്യമായിരുന്നില്ല. നാൽപതു പകലും നാൽപതു രാവും കർത്താവിനോടൊപ്പം കഴിയാൻ സീനായ് മലയിലേക്കു (ഹോറെബ് എന്നും അറിയപ്പെടുന്നു) മോശ വിളിക്കപ്പെട്ടത് ഓർക്കുക. ആ സമയത്ത് ദൈവത്തിന്റെ വിരൽ പലകകളിൽ നിയമം ആലേഖനം ചെയ്തു; ജനങ്ങൾക്കു നൽകാനായി ആ പലകകൾ മോശയ്ക്കു നൽകപ്പെട്ടു. ആ സമയത്ത്, മലയുടെ അടിവാരത്തുനിന്ന് ഇസ്രായേൽക്കാർ കൊടുമുടി അഗ്നിയിൽ മൂടിയിരിക്കുന്നതു കണ്ടു. അതുപോലെ, മഹാപ്രവാചകനായ ഏലിയായും കർത്താവിനെ കണ്ടുമുട്ടാൻ അതേ മലയിലേക്കു വിളിക്കപ്പെട്ടു. അദ്ദേഹം ഒരു ഗുഹയിൽ പ്രവേശിച്ചു കാത്തിരുന്നു. തുടർന്ന് ഏലിയാ ശക്തമായി ആഞ്ഞടിക്കുന്ന കാറ്റും ഭൂകമ്പവും അഗ്നിയും അനുഭവിച്ചു. എന്നാൽ അവയിലൊന്നിലും ദൈവം ഉണ്ടായിരുന്നില്ല. പിന്നെ ഏലിയാ ശാന്തവും മൃദുവുമായ ഒരു സ്വരം, ഒരു മന്ത്രണം, കേട്ടു; കർത്താവ് തന്നോടു സംസാരിച്ചപ്പോൾ ആദരവോടെ അദ്ദേഹം മുഖം മറച്ചു.
ഇന്നു നാം ധ്യാനിക്കുന്ന രൂപാന്തരീകരണാനുഭവത്തിൽ, ഇപ്പോൾ മനുഷ്യശരീരം ധരിച്ചിരിക്കുന്ന ദൈവപുത്രൻ തന്റെ മഹത്ത്വം ഒരിക്കൽക്കൂടി പ്രകാശിക്കാൻ അനുവദിച്ചു. അങ്ങനെ ചെയ്യുമ്പോൾ, തന്റെ മൂന്നു ശിഷ്യരുടെ സാന്നിധ്യത്തിൽ അവിടുന്ന് മോശയോടും ഏലിയായോടും സംഭാഷണം നടത്തി. സീനായ് മലയിൽ ദൈവത്തെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ മോശയും ഏലിയായും അനുഭവിച്ചതുപോലെ, ഈ ശിഷ്യരും വിസ്മയാദരത്താൽ നിറഞ്ഞു. പഴയനിയമത്തിലെ ഈ രണ്ടു മഹാവ്യക്തികൾ ഇപ്പോൾ ദൈവത്തിന്റെ ക്രമേണ വെളിപ്പെടുന്ന പദ്ധതിയുടെ സാക്ഷികളായി നിൽക്കുന്നു. തങ്ങളുടെ ജീവിതകാലത്ത് പഠിപ്പിക്കാൻ തങ്ങളെ ഭരമേൽപിച്ച സകലത്തിന്റെയും പൂർത്തീകരണം യേശുവാണെന്ന് അവരുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു.
മലയിൽവച്ചുള്ള മോശയുടെ ദൈവസമാഗമം ഇസ്രായേൽ ജനതയ്ക്കുള്ള നിയമത്തിന് അടിത്തറയിട്ടു. ഈ നിയമം നൂറ്റാണ്ടുകളോളം അവരെ നയിക്കുകയും ഒടുവിൽ യേശുവിൽ പൂർത്തീകരിക്കപ്പെടുകയും ചെയ്തു. കൃപയാലും കരുണയാലും യേശു നിയമത്തെ രൂപാന്തരപ്പെടുത്തി ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. മലയിൽവച്ചുള്ള ഏലിയായുടെ ദൈവസമാഗമം, ജനത്തെ നയിക്കാൻ രാജാക്കന്മാരെ അഭിഷേകം ചെയ്യാനും തന്റെ പിൻഗാമിയായ പ്രവാചകനായി എലീഷായെ അഭിഷേകം ചെയ്യാനും അദ്ദേഹത്തിനു മാർഗനിർദേശം നൽകി. ദൈവം ജനവുമായി ചെയ്ത ഉടമ്പടിയോടുള്ള വിശ്വസ്തതയിലേക്കു മടങ്ങിവരാൻ ആഹ്വാനം ചെയ്തുകൊണ്ട് ഏലിയായും എലീഷായും നിരന്തരം ജനത്തോടു പ്രസംഗിച്ചു.
മോശയിലൂടെ ആരംഭിക്കുകയും ഏലിയായിലൂടെ തുടരുകയും ചെയ്ത തന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ രൂപാന്തരീകരണ മലയിൽവച്ച് യേശു മൂന്നു പുതിയ ശിഷ്യരെ ഒരുക്കി. താൻ സ്ഥാപിക്കാൻ വന്ന കൃപയുടെയും കരുണയുടെയും പുതിയ നിയമം യേശു ഈ ശിഷ്യർക്കു നൽകി. മാനസാന്തരത്തിലേക്കും ഉടമ്പടിയോടുള്ള വിശ്വസ്തതയിലേക്കും ജനങ്ങളെ വിളിക്കാനുള്ള ഏലിയായുടെ പ്രവാചകദൗത്യവും ശിഷ്യരെ ഏൽപിച്ചു.
പുരാതനകാലത്തെ ഈ മഹാദാസന്മാർക്കു നൽകപ്പെട്ട ദൗത്യം തുടർന്നുകൊണ്ടുപോകാൻ ഏൽപ്പിക്കുന്നതിനായി, ഇന്ന് നമ്മുടെ കർത്താവ് തന്റെ വിശ്വസ്തദാസന്മാരെയെല്ലാം തന്നോടൊപ്പം ഒരു ആത്മീയമലയിലേക്കു കയറാൻ വിളിക്കുന്നു. ആ യാത്ര നടത്താൻ നാം സന്നദ്ധരാണെങ്കിൽ, പ്രാർഥനയിലൂടെ ദൈവം നമുക്കോരോരുത്തർക്കും തന്റെ ദിവ്യസാന്നിധ്യം വെളിപ്പെടുത്തും. അങ്ങനെ ചെയ്യുമ്പോൾ, അവിടുന്ന് തന്റെ പുതിയ നിയമം നമ്മെ ഏൽപ്പിക്കുകയും അതു നമ്മുടെ ഹൃദയങ്ങളിൽ ആലേഖനം ചെയ്യുകയും ചെയ്യും. ദൈവസ്നേഹത്തിന്റെ പൂർണത സ്വീകരിക്കാനും മറ്റുള്ളവർക്കു കരുണ പകരാനും അവിടുന്ന് നമ്മോടു കല്പിക്കും. മറ്റുള്ളവരെ ദൈവത്തിലേക്കു തിരികെ വിളിക്കുക എന്ന പ്രവാചകദൗത്യം അവിടുന്ന് നമ്മെ ഏൽപ്പിക്കുകയും തന്റെ പരിപൂർണമായ തിരുഹിതത്തിന് അനുസൃതമായി ആ ദൗത്യം നിറവേറ്റാൻ നമ്മെ ശക്തരാക്കുകയും ചെയ്യും.
രൂപാന്തരീകരണത്തിന്റെ മഹത്വപൂർണമായ ഈ രംഗത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. കാലങ്ങളിലുടനീളമുള്ള ദൈവത്തിന്റെ സമഗ്രപദ്ധതിയെക്കുറിച്ച് ഈ ദൃശ്യം നമ്മെ പഠിപ്പിക്കുന്നു. പ്രാർഥനയുടെയും ആത്മനിയന്ത്രണത്തിന്റെയും സുകൃതത്തിന്റെയും വിശുദ്ധിയുടെയും മലയിലേക്കുള്ള ദുഷ്കരമായ യാത്ര നടത്താൻ യേശു നിങ്ങളെ ക്ഷണിക്കുന്നു എന്ന ചിന്ത പ്രാർഥനാപൂർവം ധ്യാനിക്കുക. അവിടുത്തെ മഹത്വം കാണാൻ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടുന്നതിനായി പ്രാർഥിക്കുക. പണ്ടേ ആരംഭിച്ച ദൈവത്തിന്റെ ദൗത്യം തുടർന്നും നിറവേറ്റാനും, കാലാന്ത്യത്തിൽ അവിടുന്ന് മടങ്ങിവരുമ്പോൾ അതു പൂർത്തിയാകുന്നതുവരെ അതിൽ നിലനിൽക്കാനും ഈ അനുഭവം നിങ്ങളെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്നും പ്രാർഥിക്കുക.
രൂപാന്തരപ്പെട്ട എന്റെ കർത്താവേ, ഉയർന്ന ഒരു മലയിൽവച്ച് അങ്ങ് പുരാതനകാലത്തെ മഹാനായ നേതാക്കന്മാർക്ക് അങ്ങയുടെ ദിവ്യഹിതം വെളിപ്പെടുത്തി. വിശുദ്ധമായ ഒരു മലയിൽവച്ച് അങ്ങ് ശിഷ്യന്മാരെ അങ്ങയുടെ ദൗത്യവും ഏൽപ്പിച്ചു. അങ്ങ് എനിക്കു നൽകുന്ന ദൗത്യം എന്നെ ഏൽപ്പിക്കേണ്ടതിന്, അങ്ങയോടൊപ്പം പ്രാർഥനയുടെ മലയിലേക്കു യാത്ര ചെയ്യാൻ എനിക്കും ആവശ്യമായ കൃപയും ദൃഢനിശ്ചയവും നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിനെ ആവരണം ചെയ്യുന്ന മഹത്വം
നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം B)
യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട്, അവരെ മാത്രം വേർതിരിച്ച് ഒരു ഉയർന്ന മലയിലേക്കു നയിച്ചു. അവിടുന്ന് അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു. അവിടുത്തെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാനാവാത്തവിധം തിളങ്ങുന്ന വെണ്മയുള്ളവയായി. മർക്കോസ് 9:2–3
രൂപാന്തരീകരണത്തിന്റെ മഹത്വപൂർണമായ ഈ സംഭവത്തിന് വെറും ആറു ദിവസം മുമ്പാണ്, വരാനിരിക്കുന്ന തന്റെ കുരിശുമരണത്തെക്കുറിച്ച് യേശു ആദ്യമായി ശിഷ്യന്മാരോടു സംസാരിച്ചത്. “മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണികളാലും പ്രധാനപുരോഹിതന്മാരാലും നിയമജ്ഞരാലും തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കുകയും വേണം” (മർക്കോസ് 8:31) എന്ന് അവിടുന്ന് അവരെ പഠിപ്പിച്ചു. ഈ പ്രബോധനം സ്വീകരിക്കാൻ പത്രോസിനു പ്രയാസമായിരുന്നു എന്ന് ഓർക്കുക. ഈ പ്രവാചകപ്രബോധനം സ്വീകരിക്കാൻ വിസമ്മതിച്ചതിന് യേശു പത്രോസിനെ ശാസിച്ചു. തുടർന്ന്, “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച്, തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കണം” (മർക്കോസ് 8:34) എന്ന് അവിടുന്ന് വിശദീകരിച്ചു. രൂപാന്തരീകരണത്തിനു സാക്ഷ്യം വഹിക്കുന്നതിനുമുമ്പ്, നമ്മുടെ കർത്താവിന്റെ ഈ പ്രവചനത്തെക്കുറിച്ചു ധ്യാനിക്കാൻ ആ ശിഷ്യന്മാർക്ക് ആറു ദിവസം ലഭിച്ചു.
നിങ്ങളുടെ ജീവിതത്തിൽ, ദൈവം നിങ്ങളോടു പറയാൻ ശ്രമിക്കുന്നതും എന്നാൽ നിങ്ങൾക്കു സ്വീകരിക്കാൻ പ്രയാസമുള്ളതുമായ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളുടെ കുരിശുമെടുത്ത് അവിടുത്തെ അനുഗമിക്കാനുള്ള ദൈവത്തിന്റെ വിളിയുമായി ബന്ധപ്പെട്ടതായിരിക്കും മിക്കവാറും അത്. ജീവിതത്തിലുടനീളം ക്രിസ്തുവിന്റെ കുരിശ് പല രൂപങ്ങളിൽ നമ്മുടെ മുമ്പിലെത്തുന്നു. നമ്മെ വേദനിപ്പിച്ച ഒരാൾക്കു നിർമലമായ കരുണ നൽകുന്നതിനായി നമ്മിലെ കോപാവേശം ഇല്ലാതാകാൻ അനുവദിക്കുമ്പോൾ നാം അത് അനുഭവിച്ചേക്കാം. അല്ലെങ്കിൽ, ധൈര്യവും ശരണവും ആവശ്യമായ ഏതെങ്കിലും സംരംഭം ഏറ്റെടുക്കാൻ വിശ്വാസത്തോടെ മുന്നോട്ടുവരാൻ ദൈവം നിങ്ങളെ വിളിക്കുകയായിരിക്കാം. അതുമല്ലെങ്കിൽ, പ്രിയപ്പെട്ട ഒരാളുടെ വിയോഗം, രോഗം, ജോലി നഷ്ടപ്പെടൽ, അതോ സ്നേഹത്തോടും ശരണത്തോടുംകൂടെ സ്വീകരിക്കാൻ നിങ്ങൾ പാടുപെടുന്ന മറ്റേതെങ്കിലും ബുദ്ധിമുട്ട് എന്നിങ്ങനെ, ജീവിതത്തിൽ സ്വീകരിക്കാൻ പ്രയാസമുള്ള ഒരു കഷ്ടത ഏറ്റെടുക്കാൻ ദൈവം നിങ്ങളെ വിളിക്കുകയായിരിക്കാം. കയ്പും പകയും കോപവും ഭയവും അതുപോലുള്ളവയും പലപ്പോഴും, നാം ഏറ്റെടുക്കാനും നമ്മിൽ ഇല്ലാതാകാൻ അനുവദിക്കാനും വിളിക്കപ്പെടുന്ന ഏറ്റവും പ്രയാസമേറിയ കുരിശുകളാണ്.
ഇത് നിങ്ങളുടെ അനുഭവവുമായി ഒത്തുപോകുന്നുവെങ്കിൽ, രൂപാന്തരീകരണത്തിന്റെ ഈ വിവരണം നിങ്ങൾക്കുള്ളതാണ്. വരാനിരിക്കുന്ന തന്റെ കുരിശിനെക്കുറിച്ചുള്ള വേദനാജനകമായ വാർത്ത ധ്യാനിക്കാൻ ഈ ശിഷ്യന്മാർക്ക് ആറു ദിവസം നൽകിയശേഷം, ഈ വിശുദ്ധസമാഗമത്തിലൂടെ യേശു അവർക്കു പ്രത്യാശയും പ്രചോദനവും നൽകുന്നു. അൽപസമയം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, യേശുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനം സ്വീകരിച്ചുതുടങ്ങാൻ ആ ശിഷ്യന്മാർക്ക് ആവശ്യമായിരുന്നതെല്ലാം അവിടുത്തെ മഹത്വത്തിന്റെ ഈ വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നു. ഒരു വശത്ത്, സംഭവിക്കാൻ പോകുന്നതായി യേശു പറഞ്ഞ കാര്യങ്ങളെ അവർ ഭയപ്പെട്ടു. എന്നാൽ മറുവശത്ത്, അവർ അവിടുത്തെ മഹത്വവും പ്രതാപവും കണ്ടു. ഈ രണ്ട് അനുഭവങ്ങളും ഒരുമിച്ചുചേർന്നപ്പോൾ, ഭാവിയിൽ എന്തു സംഭവിച്ചാലും എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നു വിശ്വസിക്കാൻ ഈ ശിഷ്യന്മാർക്കു പുതിയ പ്രത്യാശയും ശക്തിയും ലഭിച്ചു.
നാം നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതിന് നമ്മുടെ കർത്താവിന്റെ മഹത്ത്വത്തിന്റെ ആശ്വാസദായകമായ വെളിപ്പെടുത്തലും നമുക്ക് ആവശ്യമാണ്. ചിലരുടെ ജീവിതം നല്ലതാണ്, വളരെ നല്ലതാണ്; അവർ സന്തോഷത്തോടെയും അനായാസമായും നമ്മുടെ കർത്താവിനോടൊപ്പം നടക്കുന്നു. എന്നാൽ മറ്റുചിലരുടെ ജീവിതം ദുഷ്കരമായ വഴിത്തിരിവിലെത്തുകയും ആശയക്കുഴപ്പം അവരെ ബാധിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ ജീവിതം നല്ല നിലയിലാണെങ്കിൽ, രൂപാന്തരീകരണത്തിന്റെ മഹത്ത്വം അല്പമായെങ്കിലും ഇപ്പോൾ അനുഭവിക്കുന്നതിൽ സന്തോഷിക്കുക. ദൈവത്തിനു നന്ദി പറയുകയും വിശുദ്ധ പത്രോസിനോടൊപ്പം അവിടുത്തോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്!” എന്നു പറയുകയും ചെയ്യുക. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന സന്തോഷത്തിനും ആശ്വാസത്തിനും അവിടുത്തോടു നന്ദി പറയുക. എന്നാൽ ഇപ്പോൾ നിങ്ങളുടെ ജീവിതം ദുഷ്കരമാണെങ്കിൽ, കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനം ഉൾക്കൊള്ളാൻ ശിഷ്യന്മാർ പാടുപെട്ട ആ ആറു ദിവസങ്ങളെക്കുറിച്ചു ധ്യാനിക്കുക. അവരുടെ ആശയക്കുഴപ്പവും സംശയങ്ങളും ഭയവും ഓർത്തുനോക്കുക. അങ്ങനെ ചെയ്യുമ്പോൾ, മലയിലേക്കു നിങ്ങളുടെ കണ്ണുകളുയർത്തുക. ദൈവത്തിന്റെ മഹത്ത്വം നിങ്ങളെ കാത്തിരിക്കുന്നുവെന്നും എല്ലാ ഭയങ്ങളിൽനിന്നും ഉത്കണ്ഠകളിൽനിന്നും നിങ്ങളെ മോചിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും അറിയുക. പ്രാർഥനയിൽ വേരൂന്നിയ ഉറച്ച വിശ്വാസത്താലാണ് ആ മല കയറുന്നത്. പ്രാർഥനയിലൂടെ നമ്മുടെ കർത്താവിനോടൊപ്പം ആ യാത്ര നടത്തുക.
നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഈ വിശുദ്ധ മലയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടുംകൂടെ നിങ്ങൾ അതു കയറുമ്പോൾ, പ്രത്യാശയും സന്തോഷവും നിങ്ങൾക്കു നൽകപ്പെടുമെന്ന് അറിയുക. ക്രൂരമായ മരണം വരിക്കുക മാത്രമല്ല, നിത്യത മുഴുവൻ മഹത്ത്വത്തിൽ പ്രകാശിക്കുകയും ചെയ്യുന്ന ദൈവത്തിൽ ആശ്രയിക്കാനുള്ള കഴിവിനായി പ്രാർഥിക്കുക. അവിടുത്തിൽ ആശ്രയിക്കുക, അവിടുത്തിലേക്കു തിരിയുക, മുന്നിലുള്ള യാത്രയ്ക്കായി സ്വയം സമർപ്പിക്കുക.
രൂപാന്തരപ്പെട്ട എന്റെ കർത്താവേ, അങ്ങയുടെ കുരിശ് സ്വീകരിക്കാൻ ഈ ശിഷ്യന്മാരെ സഹായിക്കുന്നതിനായി അങ്ങ് അവർക്ക് അങ്ങയുടെ മഹത്ത്വം വെളിപ്പെടുത്തിയല്ലോ. എന്റെ ജീവിതത്തിലും അങ്ങയുടെ കുരിശ് ആശ്ലേഷിക്കാനും, അതിനെ ആശ്ലേഷിക്കുന്നതിലൂടെ കൈവരുന്ന മഹത്ത്വം വ്യക്തമായി കാണാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു; അങ്ങയിൽ കൂടുതൽ ശരണപ്പെടാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
“പൂർണമായി ഉണർന്നവരാകുക”
നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം C)
പത്രോസും കൂട്ടുകാരും ഉറക്കത്തിലാണ്ടിരുന്നു. എന്നാൽ പൂർണമായി ഉണർന്നപ്പോൾ അവർ അവന്റെ മഹത്ത്വവും അവനോടൊപ്പം നിന്നിരുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയാനൊരുങ്ങിയപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്; ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയായ്ക്കും.” എന്നാൽ താൻ എന്താണു പറയുന്നതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. ലൂക്കാ 9:32–33
രൂപാന്തരീകരണത്തിന്റെ മഹത്ത്വപൂർണമായ ഈ സംഭവം ഈ ഞായറാഴ്ച നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ, അതിൽനിന്നു പഠിക്കാൻ നമുക്ക് അനേകം പാഠങ്ങളുണ്ട്. മുകളിലുള്ള ഭാഗം പ്രത്യേകമായ രണ്ടു പാഠങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
ഒന്നാമതായി, യേശു മഹത്ത്വത്തിൽ രൂപാന്തരപ്പെടുകയും മോശയോടും ഏലിയായോടും സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ പത്രോസും കൂട്ടുകാരും ഉറക്കത്തിലാണ്ടിരുന്നു. ഈ വാക്യം പല കാര്യങ്ങളും സൂചിപ്പിക്കാം. പത്രോസ് ദുർബലനായിരുന്നുവെന്നും, നമ്മുടെ കർത്താവിനോടൊപ്പം നടത്താൻ തനിക്കു ക്ഷണം ലഭിച്ച സുപ്രധാന യാത്രയിൽ ശ്രദ്ധിക്കുന്നതിനെക്കാൾ തന്റെ മാനുഷികാവസ്ഥയിലാണ് അവൻ കൂടുതൽ ശ്രദ്ധിച്ചിരുന്നതെന്നും അത് അർഥമാക്കാം. ഒരുതരം ആത്മീയ അലസതയും അതു വെളിപ്പെടുത്താം. ജീവിതയാത്രയിൽ ക്ഷീണിതരാകാനും, നമ്മുടെ കർത്താവിൽ ഏറ്റവും ശ്രദ്ധാലുക്കളായിരിക്കേണ്ട സമയങ്ങളിൽ മയക്കത്തിലേക്കു വഴുതിവീഴാനും എളുപ്പമാണ്. ഉദാഹരണത്തിന്, പ്രാർഥിക്കണമെന്നു നിങ്ങൾക്ക് അറിയാമായിരുന്നിട്ടും അതിനു പകരം മനോരാജ്യത്തിൽ മുഴുകുകയോ ശ്രദ്ധ പതറിപ്പോവുകയോ, അല്ലെങ്കിൽ ചിന്തയൊന്നും ആവശ്യമില്ലാത്ത എന്തെങ്കിലും കാര്യത്തിനായി ആ സമയം ചെലവഴിക്കാൻ തീരുമാനിക്കുകയോ ചെയ്ത ഏതെങ്കിലും അവസരം ഓർത്തുനോക്കുക. അതിനാൽ, ദൈവം നമ്മോടു സംസാരിക്കാൻ ആഗ്രഹിക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ, പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തിൽ നമുക്ക് “മയങ്ങിപ്പോകാൻ” എത്ര എളുപ്പമാണെന്നു പത്രോസും കൂട്ടുകാരും നമ്മെ പഠിപ്പിക്കുന്നു.
ഈ വാക്യത്തിന് മറ്റൊരു വ്യാഖ്യാനം നൽകുന്നത് സഭാപിതാവായ വിശുദ്ധ അംബ്രോസാണ്. പത്രോസും അവന്റെ രണ്ടു കൂട്ടുകാരും ഇങ്ങനെ ഉറങ്ങിപ്പോയത് പ്രധാനമായും “ദൈവിക സ്വഭാവത്തിന്റെ അഗ്രാഹ്യമായ പ്രകാശം” അഭിമുഖീകരിച്ചതിന്റെ ഫലമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. യേശു രൂപാന്തരപ്പെട്ടപ്പോൾ, ആദ്യത്തെ ദർശനം അവർക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനാൽ, ദുർബലമായ നമ്മുടെ അവസ്ഥയിൽ ദൈവത്തിന്റെ മഹത്ത്വം കാണാൻ നാമെല്ലാവരും അശക്തരാണെന്ന വസ്തുതയുടെ പ്രതീകമായി, അവർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദർശനം ആരംഭിച്ചത്. എന്നാൽ പിന്നീട് അവർ “പൂർണമായി ഉണർന്നു.” ദൈവത്തിന്റെ മഹത്ത്വം കാണാനായി കണ്ണുതുറക്കാൻ അവർക്ക് സമയം വേണ്ടിവന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ദൈവം തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തുമ്പോൾ അവിടുത്തെ മഹത്ത്വം കാണണമെങ്കിൽ, നാമെല്ലാവരും ഉണരുകയും പൂർണമായി ഉണർന്നവരാകാൻ പരിശ്രമിക്കുകയും വേണമെന്ന് ഈ പാഠം നമ്മെ പഠിപ്പിക്കുന്നു.
പൂർണമായി ഉണർന്ന്, ദൈവിക സ്വഭാവത്തിന്റെ അഗ്രാഹ്യമായ പ്രഭ ദർശിച്ചപ്പോൾ പത്രോസ് പറഞ്ഞു: “ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്; നമുക്ക് മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം: ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയായ്ക്കും.” തുടർന്ന് സുവിശേഷകൻ പറയുന്നു, പത്രോസിന് “താൻ എന്താണ് പറയുന്നതെന്ന് അറിയില്ലായിരുന്നു.” വീണ്ടും വിശുദ്ധ അംബ്രോസിന്റെ വാക്കുകളിലേക്കു തിരിഞ്ഞാൽ, പത്രോസിന്റെ അനുഭവം പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാരണം, പത്രോസിന് ആത്മാർഥമായ വികാരങ്ങൾ ഉണ്ടായിരുന്നുവെന്നു മാത്രമല്ല, സത്പ്രവൃത്തികൾക്കായി അദ്ദേഹം മുൻകൈ എടുക്കുകയും ചെയ്തു. യേശുവും മോശയും ഏലിയായും തങ്ങളോടൊപ്പം വസിക്കേണ്ടതിനാണ് അദ്ദേഹം മൂന്ന് കൂടാരങ്ങൾ പണിയാൻ ആഗ്രഹിച്ചത്. എന്നാൽ മറ്റൊരു സഭാപിതാവ് ചൂണ്ടിക്കാട്ടുന്നത്, പത്രോസിന് “താൻ എന്താണ് പറയുന്നതെന്ന് അറിയില്ലായിരുന്നു” എന്നാണ്. കാരണം, യേശുവിനും നിയമത്തിനും പ്രവാചകന്മാർക്കും ഒരു വാസസ്ഥലം പണിയുക എന്നത് യഥാർഥത്തിൽ തന്റെ ദൗത്യമാണെന്ന് അപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സഭ പണിതുയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഭാവിയിൽ ഭൂമിയിലെ ദൈവത്തിന്റെ വാസസ്ഥലവും ജീവിതത്തിലുടനീളം നാം ദൈവത്തെ കണ്ടുമുട്ടുന്ന ഇടവും ആകേണ്ടത് ഈ സഭയായിരുന്നു.
അനേകർക്ക് ദൈവത്തിന്റെ മഹത്ത്വം പൂർണമായി അനുഭവിച്ചറിയാൻ കഴിയേണ്ടതിന്, ഭൂമിയിൽ സഭയെ പണിതുയർത്താനുള്ള ഉത്തരവാദിത്വം നിങ്ങളെയും ഏൽപ്പിച്ചിരിക്കുന്നു. ദൈവം തന്നെത്തന്നെ നിങ്ങൾക്കു വെളിപ്പെടുത്തുമ്പോൾ, അവിടുത്തെ മഹത്ത്വത്തെക്കുറിച്ച് പൂർണമായ ഉണർവിലേക്കു വരാൻ നിങ്ങൾ നിരന്തരം പരിശ്രമിക്കുകയും ആ കണ്ടുമുട്ടലിന്റെ ആനന്ദത്തിൽ, ആത്മാർഥമായ ആഗ്രഹത്തോടെയും ബോധപൂർവമായ ഉപവിപ്രവൃത്തികളിലൂടെയും ദൈവത്തിന്റെ സഭയെ പണിതുയർത്താൻ മുന്നോട്ടുപോകുകയും ചെയ്താൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.
ഇന്ന് പത്രോസിനെയും അദ്ദേഹത്തിന്റെ രണ്ടു കൂട്ടാളികളായ യാക്കോബിനെയും യോഹന്നാനെയും കുറിച്ചു വിചിന്തനം ചെയ്യുക. യേശു മഹത്ത്വത്തിൽ രൂപാന്തരപ്പെട്ടപ്പോൾ അവർ ഉറങ്ങിക്കിടക്കുന്നതിനെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുക. അവർ ഉണർന്ന് തങ്ങളുടെ മുമ്പിൽ സംഭവിക്കുന്നത് എന്താണെന്നു തിരിച്ചറിഞ്ഞുതുടങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുക. പത്രോസിന്റെ ആവേശവും വിസ്മയവും അവ അദ്ദേഹത്തിൽ ഉളവാക്കിയ ഫലവും പരിഗണിക്കുക. തുടർന്ന്, തങ്ങളും മറ്റു പലരും ക്രിസ്തുവിനെ കണ്ടുമുട്ടാൻ ഇടയാകേണ്ടതിന്, ദൈവത്തിന്റെ ഭവനമായ സഭയെ പണിതുയർത്താൻ ഈ ശിഷ്യന്മാർ ഒടുവിൽ എങ്ങനെ പുറപ്പെട്ടുവെന്നു ധ്യാനിക്കുക. അവരുടെ കാൽച്ചുവടുകൾ പിന്തുടരാൻ ഈ ശിഷ്യന്മാരുടെ സാക്ഷ്യം നിങ്ങൾക്കു പ്രചോദനമാകണമെന്ന് പ്രാർഥിക്കുക.
രൂപാന്തരപ്പെട്ട എന്റെ കർത്താവേ, അങ്ങയുടെ ദിവ്യമുഖത്തുനിന്നു ശോഭയോടെ പ്രകാശിച്ച മഹത്ത്വം മനുഷ്യന്റെ വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നിരിക്കണം. സ്വർഗത്തിലെ അങ്ങയുടെ യഥാർഥ മഹത്ത്വം ഒരുനാൾ ദർശിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു. അങ്ങയുടെ മഹത്ത്വം കൂടുതൽ പൂർണമായി മനസ്സിലാക്കാനും, ഞാൻ കണ്ടുമുട്ടുന്ന എല്ലാവർക്കും ആ മഹത്ത്വം പകർന്നുനൽകുന്ന ഉപകരണമാകാൻ അക്ഷീണം പ്രവർത്തിക്കാനുമുള്ള ആഗ്രഹം എന്നിൽ നിറയ്ക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
കരുണ സ്വീകരിക്കാനും നൽകാനും ഉള്ളതാണ്
നോമ്പുകാലത്തിലെ രണ്ടാം വാരത്തിലെ തിങ്കളാഴ്ച
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. വിധിക്കാതിരിക്കുവിൻ; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റം വിധിക്കാതിരിക്കുവിൻ; നിങ്ങളും കുറ്റം വിധിക്കപ്പെടുകയില്ല. ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും.” ലൂക്കാ 6:36–37
മുപ്പതു ദിവസത്തെ ധ്യാനത്തിനായുള്ള തന്റെ മാർഗദർശിയിൽ, ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് ധ്യാനത്തിൽ പങ്കെടുക്കുന്നയാളോട് ആദ്യ ആഴ്ച പാപം, വിധി, മരണം, നരകം എന്നിവയെക്കുറിച്ചുള്ള ധ്യാനത്തിൽ ചെലവഴിക്കാൻ നിർദേശിക്കുന്നു. ആദ്യം ഇത് ഒട്ടും പ്രചോദനം നൽകാത്തതായി തോന്നിയേക്കാം. എന്നാൽ ഈ സമീപനത്തിന്റെ ജ്ഞാനം ഇതാണ്: ഒരാഴ്ചത്തെ ഈ ധ്യാനങ്ങൾക്കുശേഷം, ദൈവത്തിന്റെ കരുണയും ക്ഷമയും തങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്ന് ധ്യാനത്തിൽ പങ്കെടുക്കുന്നവർ ആഴത്തിൽ തിരിച്ചറിയുന്നു. തങ്ങളുടെ ആവശ്യം അവർ കൂടുതൽ വ്യക്തമായി കാണുന്നു. സ്വന്തം കുറ്റം തിരിച്ചറിഞ്ഞ് ദൈവത്തിന്റെ കരുണയ്ക്കായി അവിടുത്തെ സമീപിക്കുമ്പോൾ, അവരുടെ ആത്മാവിൽ ആഴമായ എളിമ വളരുന്നു.
എന്നാൽ കരുണ സ്വീകരിക്കാനും നൽകാനും ഉള്ളതാണ്. കരുണ നൽകുമ്പോൾ മാത്രമേ അത് സ്വീകരിക്കാനാകൂ എന്നത് കരുണയുടെ സത്തയുടെതന്നെ ഭാഗമാണ്. മുകളിലെ സുവിശേഷഭാഗത്തിൽ, വിധിക്കുന്നതിനെക്കുറിച്ചും കുറ്റം വിധിക്കുന്നതിനെക്കുറിച്ചും കരുണയെക്കുറിച്ചും ക്ഷമയെക്കുറിച്ചും യേശു നമുക്ക് വളരെ വ്യക്തമായ ഒരു കല്പന നൽകുന്നു. അടിസ്ഥാനപരമായി, നമുക്ക് കരുണയും ക്ഷമയും വേണമെങ്കിൽ, നാം കരുണയും ക്ഷമയും നൽകണം. നാം മറ്റുള്ളവരെ വിധിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്നവരാണെങ്കിൽ, നാമും വിധിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യും. ഈ വാക്കുകൾ വളരെ വ്യക്തമാണ്.
മറ്റുള്ളവരെ വിധിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്ന പ്രവണതയുമായി പലരും മല്ലടിക്കുന്നതിന്റെ ഒരു കാരണം, ഒരുപക്ഷേ സ്വന്തം പാപത്തെക്കുറിച്ചും തങ്ങൾക്കുതന്നെ ക്ഷമ ആവശ്യമാണെന്നതിനെക്കുറിച്ചും യഥാർഥമായ അവബോധം ഇല്ലാത്തതാകാം. പാപത്തെ പലപ്പോഴും ന്യായീകരിക്കുകയും അതിന്റെ ഗൗരവം കുറച്ചുകാണിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഇഗ്നേഷ്യസിന്റെ ഈ പഠനം ഇന്ന് നമുക്ക് ഇത്ര പ്രധാനമായിരിക്കുന്നത്. നമ്മുടെ പാപത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള ബോധം നാം വീണ്ടും ജ്വലിപ്പിക്കേണ്ടതുണ്ട്. കുറ്റബോധവും ലജ്ജയും ഉളവാക്കാൻ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. കരുണയ്ക്കും ക്ഷമയ്ക്കും വേണ്ടിയുള്ള ആഗ്രഹം വളർത്താനാണ്.
ദൈവസന്നിധിയിൽ നിങ്ങളുടെ സ്വന്തം പാപത്തെക്കുറിച്ചുള്ള അവബോധത്തിൽ കൂടുതൽ ആഴപ്പെടാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, അതിന്റെ ഒരു ഫലം മറ്റുള്ളവരെ വിധിക്കുന്നതും കുറ്റം വിധിക്കുന്നതും കുറയ്ക്കാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമാകും എന്നതാണ്. സ്വന്തം പാപം തിരിച്ചറിയുന്ന ഒരാൾ മറ്റു പാപികളോട് കരുണ കാണിക്കാൻ കൂടുതൽ സന്നദ്ധനായിരിക്കും. എന്നാൽ താൻ നീതിമാനാണെന്ന ഭാവവുമായി മല്ലടിക്കുന്ന ഒരാൾ, മറ്റുള്ളവരെ വിധിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്ന പ്രവണതയുമായും തീർച്ചയായും മല്ലടിക്കേണ്ടിവരും.
ഇന്ന് നിങ്ങളുടെ സ്വന്തം പാപത്തെക്കുറിച്ച് ചിന്തിക്കുക. പാപം എത്ര വിരൂപമാണെന്ന് മനസ്സിലാക്കാൻ സമയം ചെലവഴിക്കുകയും അതിനോടുള്ള ആരോഗ്യകരമായ വെറുപ്പിൽ വളരാൻ ശ്രമിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോഴും നമ്മുടെ കർത്താവിന്റെ കരുണയ്ക്കായി യാചിക്കുമ്പോഴും, ദൈവത്തിൽനിന്നു നിങ്ങൾ സ്വീകരിക്കുന്ന അതേ കരുണ മറ്റുള്ളവർക്കു നൽകാൻ നിങ്ങൾക്കു കഴിയണമേയെന്നും പ്രാർഥിക്കുക. സ്വർഗത്തിൽനിന്നു നിങ്ങളുടെ ആത്മാവിലേക്കു കരുണ ഒഴുകിയെത്തുമ്പോൾ, അത് പങ്കുവയ്ക്കപ്പെടുകയും വേണം. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരുമായും ദൈവത്തിന്റെ കരുണ പങ്കുവയ്ക്കുക. അപ്പോൾ നമ്മുടെ കർത്താവിന്റെ ഈ സുവിശേഷപഠനത്തിന്റെ യഥാർഥ മൂല്യവും ശക്തിയും നിങ്ങൾ കണ്ടെത്തും.
കരുണാമയനായ എന്റെ ഈശോയേ, അങ്ങയുടെ അനന്തമായ കരുണയ്ക്കു ഞാൻ നന്ദി പറയുന്നു. എന്റെ പാപം വ്യക്തമായി കാണാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങയുടെ കരുണ എനിക്ക് എത്രമാത്രം ആവശ്യമാണെന്നും ഞാൻ തിരിച്ചറിയട്ടെ. പ്രിയ കർത്താവേ, ഇങ്ങനെ ചെയ്യുമ്പോൾ, അങ്ങയുടെ കരുണ സ്വീകരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയേണ്ടതിന് എന്റെ ഹൃദയം ആ കരുണയ്ക്കായി തുറന്നിരിക്കണമെന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ ദൈവിക കൃപയുടെ യഥാർഥ ഉപകരണമാക്കി എന്നെ മാറ്റണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
യഥാർഥ മഹത്വം
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
“നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” മത്തായി 23:11–12
യഥാർഥത്തിൽ വലിയവരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ജീവിതങ്ങളിൽ യഥാർഥമായ മാറ്റമുണ്ടാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വലിയവരാകാനുള്ള ഈ ആഗ്രഹം നമ്മുടെ ഉള്ളിന്റെ ആഴത്തിൽ നിക്ഷേപിച്ചിരിക്കുന്നത് നമ്മുടെ കർത്താവാണ്; അത് ഒരിക്കലും ഇല്ലാതാകുകയുമില്ല. നരകത്തിൽ നിത്യമായി കഴിയുന്നവർപോലും ഈ സഹജമായ ആഗ്രഹം മുറുകെപ്പിടിക്കും. അത് ഒരിക്കലും സഫലമാകുകയില്ലാത്തതിനാൽ അവർക്ക് അതു നിത്യവേദനയ്ക്കു കാരണമാകും. ഈ ഗതി നമുക്കു വരാതിരിക്കാൻ ഉറപ്പുവരുത്തുന്നതിനുള്ള പ്രചോദനമായി ചിലപ്പോഴെങ്കിലും ആ യാഥാർഥ്യത്തെക്കുറിച്ചു ധ്യാനിക്കുന്നത് പ്രയോജനകരമാണ്.
ഇന്നത്തെ സുവിശേഷത്തിൽ, മഹത്വത്തിലേക്കുള്ള താക്കോലുകളിൽ ഒന്ന് യേശു നമുക്കു നൽകുന്നു. “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.” ശുശ്രൂഷകനായിരിക്കുക എന്നാൽ നിങ്ങളെക്കാൾ മറ്റുള്ളവർക്കു മുൻഗണന നൽകുക എന്നാണ്. നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുപകരം, അവരുടെ ആവശ്യങ്ങൾക്കു നിങ്ങൾ പ്രാധാന്യം നൽകുന്നു. ഇത് ചെയ്യുക പ്രയാസമാണ്.
ജീവിതത്തിൽ ആദ്യം നമ്മെക്കുറിച്ചുതന്നെ ചിന്തിക്കുക വളരെ എളുപ്പമാണ്. എന്നാൽ പ്രധാന കാര്യം ഇതാണ്: പ്രവൃത്തിയിൽ നമ്മെക്കാൾ മറ്റുള്ളവർക്കു മുൻഗണന നൽകുമ്പോൾ, ഒരർഥത്തിൽ നാം നമ്മെത്തന്നെ “ഒന്നാമത്” വയ്ക്കുകയാണ്. കാരണം, മറ്റുള്ളവർക്കു മുൻഗണന നൽകാനുള്ള തീരുമാനം അവർക്കു നല്ലതാണെന്നു മാത്രമല്ല, നമുക്കും ഏറ്റവും നല്ലതുതന്നെയാണ്. സ്നേഹിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. മറ്റുള്ളവരെ സേവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. നഷ്ടത്തിന്റെ കണക്കുനോക്കാതെ നമ്മെത്തന്നെ മറ്റുള്ളവർക്കായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നമുക്കു നമ്മെത്തന്നെ നഷ്ടമാകുന്നില്ല. മറിച്ച്, നമ്മെത്തന്നെ നൽകുകയും മറ്റുള്ളവർക്കു മുൻഗണന നൽകുകയും ചെയ്യുന്ന പ്രവൃത്തിയിലാണ് നാം യഥാർഥത്തിൽ ആരാണെന്നു കണ്ടെത്തുന്നതും, എന്തായിത്തീരാനാണോ നാം സൃഷ്ടിക്കപ്പെട്ടത് അതായിത്തീരുന്നതും. നാം സ്നേഹംതന്നെയായിത്തീരുന്നു. സ്നേഹിക്കുന്ന വ്യക്തി മഹത്വമുള്ള വ്യക്തിയാണ്… മഹത്വമുള്ള വ്യക്തിയാകട്ടെ, ദൈവം ഉയർത്തുന്ന വ്യക്തിയും.
ഇന്ന് എളിമയുടെ മഹത്തായ രഹസ്യത്തെക്കുറിച്ചും അതിലേക്കുള്ള വിളിയെക്കുറിച്ചും ചിന്തിക്കുക. മറ്റുള്ളവർക്കു മുൻഗണന നൽകാനും അവരുടെ ശുശ്രൂഷകനായി പ്രവർത്തിക്കാനും നിങ്ങൾക്കു പ്രയാസം തോന്നുന്നെങ്കിൽപ്പോലും, അങ്ങനെ ചെയ്യുക. മറ്റെല്ലാവരുടെയും മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്താൻ തീരുമാനിക്കുക. അവരുടെ ആശങ്കകൾക്കു പ്രാധാന്യം നൽകുക. അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക. അവർ പറയുന്നത് കേൾക്കുക. അവരോട് അനുകമ്പ കാണിക്കുക; അത് പരമാവധി ചെയ്യാൻ സന്നദ്ധരും ഒരുക്കമുള്ളവരുമായിരിക്കുക. അങ്ങനെ ചെയ്താൽ, നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ വസിക്കുന്ന മഹത്വത്തിനായുള്ള ആഗ്രഹം നിറവേറും.
എളിമയുള്ള എന്റെ കർത്താവേ, അങ്ങയുടെ എളിമയുടെ സാക്ഷ്യത്തിനു നന്ദി. എല്ലാവർക്കും ഒന്നാം സ്ഥാനം നൽകാൻ അങ്ങ് തിരഞ്ഞെടുത്തു; ഞങ്ങളുടെ പാപങ്ങളുടെ ഫലമായ പീഡയും മരണവും അനുഭവിക്കാൻ സ്വയം വിട്ടുകൊടുക്കുന്നതുവരെ അങ്ങ് അതിനു തയ്യാറായി. പ്രിയ കർത്താവേ, അങ്ങയുടെ പൂർണമായ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അങ്ങേക്ക് എന്നെ ഉപയോഗിക്കാനാകേണ്ടതിന് എളിമയുള്ള ഒരു ഹൃദയം എനിക്കു നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ധൈര്യത്തോടും സ്നേഹത്തോടുംകൂടെ കുരിശിനെ നേരിടുക
നോമ്പുകാലം രണ്ടാം ആഴ്ചയിലെ ബുധനാഴ്ച
യേശു ജറുസലെമിലേക്കു പോകുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെ തനിച്ചു മാറ്റിനിർത്തി, വഴിയിൽവച്ച് അവരോടു പറഞ്ഞു: “ഇതാ, നാം ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രൻ പ്രധാനപുരോഹിതന്മാർക്കും നിയമജ്ഞർക്കും ഏല്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിക്കുകയും പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി വിജാതീയർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും.” മത്തായി 20:17–19
എത്ര ഗൗരവമേറിയ ഒരു സംഭാഷണമായിരുന്നിരിക്കണം അത്! ആദ്യത്തെ വിശുദ്ധവാരത്തിനു തൊട്ടുമുമ്പ് പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ജറുസലെമിലേക്കു യാത്ര ചെയ്യുമ്പോൾ, അവിടെ തന്നെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യേശു തുറന്നും വ്യക്തമായും സംസാരിച്ചു. ശിഷ്യന്മാർ എന്തായിരിക്കും ചിന്തിച്ചതെന്ന് സങ്കല്പിച്ചുനോക്കൂ. പലവിധത്തിലും, അപ്പോൾ അവർക്ക് ഉൾക്കൊള്ളാനാവുന്നതിലുമപ്പുറമായിരുന്നിരിക്കാം അത്. യേശുവിനു പറയാനുണ്ടായിരുന്നതു കേൾക്കാതിരിക്കാനായിരിക്കാം ശിഷ്യന്മാർ പലവിധത്തിലും ആഗ്രഹിച്ചത്. എന്നാൽ, ഈ കഠിനമായ സത്യം അവർ കേൾക്കേണ്ടതുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു; പ്രത്യേകിച്ച്, കുരിശുമരണത്തിന്റെ നിമിഷം അടുത്തുവരുമ്പോൾ.
പലപ്പോഴും സുവിശേഷത്തിന്റെ സമ്പൂർണ സന്ദേശം സ്വീകരിക്കാൻ നമുക്കു പ്രയാസമാണ്. കാരണം, സുവിശേഷത്തിന്റെ സമ്പൂർണ സന്ദേശം എപ്പോഴും പ്രധാനമായും നമ്മെ ചൂണ്ടിക്കാണിക്കുന്നത് കുരിശിലെ ബലിയിലേക്കാണ്. ത്യാഗപൂർണമായ സ്നേഹവും കുരിശിനെ പൂർണമായി ആശ്ലേഷിക്കുന്നതും നാം കാണുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും പൂർണമായി സ്വീകരിക്കുകയും ആത്മവിശ്വാസത്തോടെ പ്രഘോഷിക്കുകയും വേണം. എന്നാൽ ഇത് എങ്ങനെയാണ് ചെയ്യുക? നമ്മുടെ കർത്താവിൽനിന്നുതന്നെ നമുക്ക് ആരംഭിക്കാം.
യേശു സത്യത്തെ ഭയപ്പെട്ടില്ല. തന്റെ പീഡാനുഭവവും മരണവും ആസന്നമാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. മടികൂടാതെ ഈ സത്യം സ്വീകരിക്കാൻ അവിടുന്ന് സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു. തന്റെ കുരിശിനെ അവിടുന്ന് നിഷേധാത്മകമായി കണ്ടില്ല. ഒഴിവാക്കേണ്ട ഒരു ദുരന്തമായി അതിനെ കണക്കാക്കിയില്ല. തന്നെ പിന്തിരിപ്പിക്കാൻ ഭയത്തെ അനുവദിച്ചതുമില്ല. പകരം, ആസന്നമായ തന്റെ പീഡകളെ യേശു സത്യത്തിന്റെ വെളിച്ചത്തിൽ നോക്കിക്കണ്ടു. താൻ ഉടൻ അർപ്പിക്കാനിരിക്കുന്ന മഹത്വപൂർണമായ സ്നേഹപ്രവൃത്തിയായിട്ടാണ് തന്റെ പീഡാനുഭവത്തെയും മരണത്തെയും അവിടുന്ന് കണ്ടത്. അതുകൊണ്ട്, ഈ പീഡകളെ ആശ്ലേഷിക്കാൻ മാത്രമല്ല, അവയെക്കുറിച്ച് ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി സംസാരിക്കാനും അവിടുന്ന് ഭയപ്പെട്ടില്ല.
നമ്മുടെ ജീവിതത്തിൽ പ്രയാസമേറിയ എന്തെങ്കിലും നേരിടേണ്ടിവരുമ്പോഴെല്ലാം യേശുവിന്റെ ധൈര്യവും സ്നേഹവും അനുകരിക്കാനുള്ള ക്ഷണം നമുക്കു ലഭിക്കുന്നു. അത്തരം അവസരങ്ങളിൽ സാധാരണയായി ഉണ്ടാകുന്ന ചില പ്രലോഭനങ്ങളാണ് ആ പ്രയാസത്തെച്ചൊല്ലി കോപിക്കുക, അതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള വഴികൾ തേടുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, നിരാശയ്ക്കു വഴങ്ങുക തുടങ്ങിയവ. നമ്മെ കാത്തിരിക്കുന്ന കുരിശുകളെ ഒഴിവാക്കാൻ ശ്രമിക്കുന്ന പലതരം പ്രതികരണരീതികൾ അപ്പോൾ നമ്മിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു.
എന്നാൽ, അതിനുപകരം നമ്മുടെ കർത്താവിന്റെ മാതൃക പിന്തുടർന്നാലോ? നമ്മെ കാത്തിരിക്കുന്ന ഓരോ കുരിശിനെയും സ്നേഹത്തോടും ധൈര്യത്തോടും മനസ്സോടെയുള്ള സ്വീകരണത്തോടുംകൂടി നേരിട്ടാലോ? പുറത്തുകടക്കാനുള്ള വഴിക്കു പകരം, ഒരർഥത്തിൽ പറഞ്ഞാൽ, അതിലേക്കു പ്രവേശിക്കാനുള്ള വഴി തേടിയാലോ? അതായത്, യേശു തന്റെ കുരിശിനെ ആശ്ലേഷിച്ചതിനെ അനുകരിച്ച്, മടികൂടാതെ ത്യാഗമനോഭാവത്തോടെ നമ്മുടെ സഹനത്തെ സ്വീകരിക്കാൻ ഒരു വഴി തേടിയാലോ? ജീവിതത്തിലെ ഓരോ കുരിശിനും നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സമൃദ്ധമായ കൃപയുടെ ഉപകരണമായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ, കൃപയുടെയും നിത്യതയുടെയും കാഴ്ചപ്പാടിൽ, കുരിശുകളെ ഒഴിവാക്കുകയോ ശപിക്കുകയോ അല്ല, ആശ്ലേഷിക്കുകയാണ് വേണ്ടത്.
ഇന്ന്, നിങ്ങൾ നേരിടുന്ന ഏതെങ്കിലും പ്രയാസത്തെക്കുറിച്ചു ധ്യാനിക്കുക. യേശു അതിനെ കാണുന്ന അതേ രീതിയിലാണോ നിങ്ങളും കാണുന്നത്? നിങ്ങൾക്കു ലഭിക്കുന്ന ഓരോ കുരിശിനെയും ത്യാഗപൂർണമായ സ്നേഹത്തിനുള്ള അവസരമായി കാണാൻ കഴിയുമോ? അതിൽനിന്ന് നന്മ ഉളവാക്കാൻ ദൈവത്തിനു കഴിയുമെന്ന് അറിഞ്ഞുകൊണ്ട്, പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടി അതിനെ ആശ്ലേഷിക്കാൻ നിങ്ങൾക്കു സാധിക്കുന്നുണ്ടോ? നിങ്ങൾ നേരിടുന്ന പ്രയാസങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് നമ്മുടെ കർത്താവിനെ അനുകരിക്കാൻ ശ്രമിക്കുക. ആ കുരിശുകൾ ഒടുവിൽ നമ്മുടെ കർത്താവിനോടൊപ്പം ഉത്ഥാനത്തിൽ പങ്കുചേരും.
പീഡയനുഭവിക്കുന്ന എന്റെ കർത്താവേ, കുരിശിന്റെ അനീതി അങ്ങ് സ്നേഹത്തോടും ധൈര്യത്തോടുംകൂടെ സ്വമനസ്സാലെ സ്വീകരിച്ചു. പുറമേ കണ്ട ഇടർച്ചയ്ക്കും പീഡകൾക്കും അപ്പുറത്തേക്ക് അങ്ങ് നോക്കുകയും അങ്ങയോടു ചെയ്ത തിന്മയെ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയാക്കി മാറ്റുകയും ചെയ്തു. അങ്ങയുടെ പൂർണമായ സ്നേഹം അനുകരിക്കാനും, അങ്ങേക്കുണ്ടായിരുന്ന ശക്തിയോടും ആത്മവിശ്വാസത്തോടുംകൂടെ അങ്ങനെ ചെയ്യാനും എനിക്കു കൃപ നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ശക്തമായ ഒരു വൈരുധ്യം
നോമ്പുകാലം രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
യേശു ഫരിസേയരോടു പറഞ്ഞു: “ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ഊതവർണത്തിലുള്ള വസ്ത്രങ്ങളും വിശിഷ്ടമായ ചണവസ്ത്രങ്ങളും ധരിക്കുകയും ദിവസവും സമൃദ്ധമായി വിരുന്നുണ്ണുകയും ചെയ്തിരുന്നു. അവന്റെ വാതിൽക്കൽ ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങളാൽ മൂടപ്പെട്ടിരുന്നു. ധനവാന്റെ മേശയിൽനിന്നു വീഴുന്ന ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് വയറുനിറയ്ക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾപോലും വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു.” ലൂക്കാ 16:19–21
ഈ കഥ ഇത്ര ശക്തമായി ഹൃദയത്തെ സ്പർശിക്കുന്നതിന്റെ ഒരു കാരണം ധനവാനും ലാസറും തമ്മിലുള്ള വൈരുധ്യം വ്യക്തമായി വിവരിച്ചിരിക്കുന്നു എന്നതാണ്. ഈ വൈരുധ്യം മുകളിലെ ഭാഗത്തു മാത്രമല്ല, ഇരുവരുടെയും ജീവിതത്തിന്റെ അന്തിമപരിണതിയിലും കാണാം.
ആദ്യത്തെ വൈരുധ്യത്തിൽ, ധനവാന്റെ ജീവിതം കൂടുതൽ അഭിലഷണീയമായി തോന്നുന്നു; കുറഞ്ഞപക്ഷം, പുറമേനിന്നു നോക്കുമ്പോഴെങ്കിലും. അവൻ സമ്പന്നനാണ്; താമസിക്കാൻ വീടുണ്ട്; വിശിഷ്ടവസ്ത്രങ്ങൾ ധരിക്കുന്നു; ദിവസവും സമൃദ്ധമായി ഭക്ഷിക്കുന്നു. നേരെമറിച്ച്, ലാസർ ദരിദ്രനാണ്; വീടില്ല, ഭക്ഷണമില്ല; ശരീരം വ്രണങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു; നായ്ക്കൾ തന്റെ മുറിവുകൾ നക്കുന്നതിന്റെ അപമാനംപോലും സഹിക്കുന്നു. ഇവരിൽ ആരായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുക?
ആ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ്, രണ്ടാമത്തെ വൈരുധ്യം പരിഗണിക്കുക. ഇരുവരും മരിക്കുമ്പോൾ, തികച്ചും വ്യത്യസ്തമായ നിത്യഗതികളാണ് അവരെ കാത്തിരിക്കുന്നത്. ദരിദ്രൻ മരിച്ചപ്പോൾ, അവനെ “ദൈവദൂതന്മാർ കൊണ്ടുപോയി.” ധനവാൻ മരിച്ചപ്പോഴാകട്ടെ, അവൻ പാതാളത്തിലേക്കു പോയി; അവിടെ നിരന്തരമായ പീഡനമുണ്ടായിരുന്നു. അതിനാൽ വീണ്ടും ചോദിക്കട്ടെ: ഇവരിൽ ആരായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുക?
ജീവിതത്തിൽ നമ്മെ ഏറെ വശീകരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന യാഥാർഥ്യങ്ങളിലൊന്നാണ് സമ്പത്തിന്റെയും ആഡംബരത്തിന്റെയും ജീവിതത്തിലെ സുഖസൗകര്യങ്ങളുടെയും ആകർഷണം. ഭൗതികലോകം അതിൽത്തന്നെ തിന്മയല്ലെങ്കിലും, അതിനോടൊപ്പം വലിയ പ്രലോഭനങ്ങളുമുണ്ട്. സമ്പത്തിന്റെ ആകർഷണവും അത് ആത്മാവിൽ ഉളവാക്കുന്ന ഫലവും അവഗണിക്കാനാവില്ലെന്ന് ഈ കഥയിൽനിന്നും ഈ വിഷയത്തെക്കുറിച്ചുള്ള യേശുവിന്റെ മറ്റു പല പ്രബോധനങ്ങളിൽനിന്നും വ്യക്തമാണ്. ഈ ലോകത്തിന്റെ വസ്തുക്കളിൽ സമ്പന്നരായവർ, മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനു പകരം തങ്ങൾക്കുവേണ്ടിത്തന്നെ ജീവിക്കാൻ പലപ്പോഴും പ്രലോഭിതരാകുന്നു. ഈ ലോകം നൽകുന്ന എല്ലാ സുഖസൗകര്യങ്ങളും ഒരാൾക്കുണ്ടാകുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് കരുതലില്ലാതെ അവ ആസ്വദിച്ചുകഴിയുക എളുപ്പമാണ്. ഈ രണ്ടു മനുഷ്യർക്കുമിടയിൽ വാക്കുകളിൽ പറയാതെ സൂചിപ്പിക്കുന്ന വ്യത്യാസം അതുതന്നെയാണ്.
ദരിദ്രനായിരുന്നെങ്കിലും, ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ലാസർ സമ്പന്നനായിരുന്നുവെന്ന് വ്യക്തമാണ്. അദ്ദേഹത്തിനു ലഭിച്ച നിത്യപ്രതിഫലം അതിനു തെളിവാണ്. ഭൗതികമായി ദരിദ്രനായിരുന്നപ്പോഴും അദ്ദേഹം പരസ്നേഹത്തിൽ സമ്പന്നനായിരുന്നുവെന്നു വ്യക്തമാണ്. ഈ ലോകത്തിന്റെ വസ്തുക്കളിൽ സമ്പന്നനായിരുന്ന മനുഷ്യനാകട്ടെ, പരസ്നേഹത്തിൽ ദരിദ്രനായിരുന്നു. അതുകൊണ്ട്, ഇഹലോകജീവൻ നഷ്ടപ്പെട്ടപ്പോൾ, കൂടെ കൊണ്ടുപോകാൻ അയാൾക്ക് ഒന്നുമുണ്ടായിരുന്നില്ല. നിത്യജീവനുവേണ്ടിയുള്ള പുണ്യയോഗ്യതയില്ല. പരസ്നേഹമില്ല. ഒന്നുമില്ല.
ജീവിതത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. പലപ്പോഴും ഭൗതികസമ്പത്തിന്റെയും ലൗകികസ്വത്തുക്കളുടെയും വഞ്ചനകൾ നമ്മുടെ ആഗ്രഹങ്ങളെ കീഴടക്കുന്നു. വാസ്തവത്തിൽ, വളരെ കുറച്ചു മാത്രം ഉള്ളവർക്കുപോലും ഈ അനാരോഗ്യകരമായ ആഗ്രഹങ്ങളിൽ എളുപ്പം മുഴുകിപ്പോകാം. അതിനു പകരം, നിത്യമായവ മാത്രം ആഗ്രഹിക്കാൻ പരിശ്രമിക്കുക. ദൈവസ്നേഹവും പരസ്നേഹവും ആഗ്രഹിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏക ലക്ഷ്യമാക്കുക; അപ്പോൾ നിങ്ങളുടെ ജീവിതം പൂർത്തിയാകുമ്പോൾ നിങ്ങളെയും ദൂതന്മാർ എടുത്തുകൊണ്ടുപോകും.
യഥാർഥ സമ്പത്തിന്റെ നാഥനായ എന്റെ കർത്താവേ, യഥാർഥ സമ്പത്ത് ഭൗതികസമ്പത്തിലൂടെയല്ല, സ്നേഹത്തിലൂടെയാണ് ലഭിക്കുന്നതെന്ന് ഞങ്ങൾക്കു കാണിച്ചുതരാൻ അങ്ങ് ഈ ലോകത്തിൽ ദരിദ്രനായി ജീവിക്കാൻ തിരഞ്ഞെടുത്തു. എന്റെ ദൈവമേ, എന്റെ സർവസ്വവുംകൊണ്ട് അങ്ങയെ സ്നേഹിക്കാനും, അങ്ങ് മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കാനും എന്നെ സഹായിക്കണമേ. ആത്മീയസമ്പത്ത് എന്റെ ജീവിതത്തിലെ ഏക ലക്ഷ്യമാക്കാനുള്ള ജ്ഞാനം എനിക്കുണ്ടാകട്ടെ; അങ്ങനെ ആ സമ്പത്ത് നിത്യത മുഴുവനും ആസ്വദിക്കാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവരാജ്യം പടുത്തുയർത്തൽ
നോമ്പുകാലം രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
“അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി, അതിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്കു നൽകപ്പെടും.” മത്തായി 21:42
ദൈവരാജ്യം എടുത്തുമാറ്റപ്പെടുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? അതോ നല്ല ഫലം പുറപ്പെടുവിക്കാനായി അതു നൽകപ്പെടുന്നവരുടെ കൂട്ടത്തിലോ? ആത്മാർഥമായി ഉത്തരം നൽകേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്.
ആദ്യത്തെ കൂട്ടരായ, ദൈവരാജ്യം എടുത്തുമാറ്റപ്പെടുന്നവരെ ഈ ഉപമയിൽ പ്രതിനിധീകരിക്കുന്നത് മുന്തിരിത്തോട്ടത്തിലെ പാട്ടക്കാരാണ്. അവരുടെ ഏറ്റവും വലിയ പാപങ്ങളിലൊന്ന് അത്യാഗ്രഹമാണെന്നു വ്യക്തമാണ്. അവർ സ്വാർഥരാണ്. തങ്ങൾക്കു സമ്പന്നരാകാനുള്ള ഒരു ഇടമായിട്ടാണ് അവർ മുന്തിരിത്തോട്ടത്തെ കാണുന്നത്; മറ്റുള്ളവരുടെ നന്മയെക്കുറിച്ച് അവർക്ക് കാര്യമായ കരുതലില്ല. ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ ജീവിതത്തിലും ഈ മനോഭാവം സ്വീകരിക്കുക എളുപ്പമാണ്. നമുക്ക് “മുന്നേറാനുള്ള” അവസരങ്ങളുടെ ഒരു പരമ്പരയായി ജീവിതത്തെ കാണുക എളുപ്പമാണ്. മറ്റുള്ളവരുടെ നന്മ ആത്മാർഥമായി അന്വേഷിക്കുന്നതിനു പകരം, നിരന്തരം സ്വന്തം താത്പര്യങ്ങൾ മാത്രം നോക്കുന്ന രീതിയിൽ ജീവിതത്തെ സമീപിക്കുക എളുപ്പമാണ്.
നല്ല ഫലം പുറപ്പെടുവിക്കാനായി ദൈവരാജ്യം നൽകപ്പെടുന്ന രണ്ടാമത്തെ കൂട്ടർ, ജീവിതത്തിന്റെ മുഖ്യലക്ഷ്യം തങ്ങൾക്കുവേണ്ടി സമ്പത്തു വർധിപ്പിക്കുക മാത്രമല്ല, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണെന്ന് മനസ്സിലാക്കുന്നവരാണ്. മറ്റുള്ളവർക്ക് യഥാർഥമായ ഒരു അനുഗ്രഹമായിത്തീരാനുള്ള വഴികൾ നിരന്തരം അന്വേഷിക്കുന്നവരാണിവർ. സ്വാർഥതയും ഔദാര്യവും തമ്മിലുള്ള വ്യത്യാസമാണിത്.
എന്നാൽ നാം മുഖ്യമായും വിളിക്കപ്പെട്ടിരിക്കുന്ന ഔദാര്യം ദൈവരാജ്യം പടുത്തുയർത്തുക എന്നതാണ്. പരസ്നേഹപ്രവൃത്തികളിലൂടെയാണ് ഇതു സാധിക്കുന്നത്. എന്നാൽ ആ പരസ്നേഹത്തിന് പ്രചോദനം സുവിശേഷമായിരിക്കണം; അതിന്റെ ആത്യന്തിക ലക്ഷ്യവും സുവിശേഷമായിരിക്കണം. ആവശ്യത്തിലായിരിക്കുന്നവരെ പരിചരിക്കുന്നതും പഠിപ്പിക്കുന്നതും സേവിക്കുന്നതുമെല്ലാം, ക്രിസ്തു അവയുടെ പ്രചോദനവും ആത്യന്തിക ലക്ഷ്യവുമാകുമ്പോൾ മാത്രമേ നല്ലതാകൂ. നമ്മുടെ ജീവിതത്തിലൂടെ യേശു കൂടുതൽ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും, കൂടുതൽ മനസ്സിലാക്കപ്പെടുകയും അനുഗമിക്കപ്പെടുകയും വേണം. വാസ്തവത്തിൽ, ദാരിദ്ര്യത്തിൽ കഴിയുന്ന അനേകർക്ക് നാം ഭക്ഷണം നൽകുകയോ രോഗികളെ പരിചരിക്കുകയോ ഏകാന്തത അനുഭവിക്കുന്നവരെ സന്ദർശിക്കുകയോ ചെയ്താലും, ആത്യന്തികമായി യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുക എന്നതല്ലാതെ മറ്റു കാരണങ്ങൾക്കുവേണ്ടിയാണ് അതു ചെയ്യുന്നതെങ്കിൽ, നമ്മുടെ പ്രവർത്തനം സ്വർഗരാജ്യം പടുത്തുയർത്തുന്ന നല്ല ഫലം പുറപ്പെടുവിക്കുകയില്ല. അങ്ങനെയെങ്കിൽ, ദൈവസ്നേഹത്തിന്റെ പ്രേഷിതരാകുന്നതിനുപകരം നാം കേവലം മനുഷ്യസ്നേഹികൾ മാത്രമായിരിക്കും.
തന്റെ രാജ്യം പടുത്തുയർത്തുന്നതിനായി സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കാൻ നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകിയ ദൗത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ എങ്ങനെ പ്രവർത്തിക്കാനാണ് ദൈവം പ്രചോദിപ്പിക്കുന്നതെന്ന് പ്രാർഥനാപൂർവം അന്വേഷിക്കുന്നതിലൂടെ മാത്രമേ ഇതു നിറവേറ്റാനാകൂ എന്ന് അറിയുക. നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടിയാകാൻ, അവിടുത്തെ തിരുഹിതം മാത്രം നിറവേറ്റാൻ പരിശ്രമിക്കുക.
എന്റെ മഹത്വപൂർണനായ രാജാവേ, അങ്ങയുടെ രാജ്യം വളരാനും അനേകം ആത്മാക്കൾ അങ്ങയെ തങ്ങളുടെ കർത്താവും ദൈവവുമായി അറിയാനും ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, ആ രാജ്യത്തിന്റെ വളർച്ചയ്ക്കായി എന്നെ ഉപയോഗിക്കണമേ; എന്റെ ജീവിതത്തിലെ എല്ലാ പ്രവൃത്തികളും സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കാൻ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അനുതപിക്കുന്ന പാപിക്ക് ആശ്വാസം
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ശനിയാഴ്ച
“നോക്കൂ, ഇത്രയും വർഷം ഞാൻ അങ്ങയെ സേവിച്ചു; ഒരിക്കൽപ്പോലും അങ്ങയുടെ ആജ്ഞകൾ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്റെ സുഹൃത്തുക്കളോടൊപ്പം വിരുന്നാഘോഷിക്കാൻ അങ്ങ് എനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നില്ല. എന്നാൽ വേശ്യകളോടൊപ്പം അങ്ങയുടെ സ്വത്തെല്ലാം ധൂർത്തടിച്ച അങ്ങയുടെ ഈ മകൻ മടങ്ങിവന്നപ്പോൾ, അവനുവേണ്ടി അങ്ങ് കൊഴുത്ത കാളക്കുട്ടിയെ അറുത്തിരിക്കുന്നു.” ലൂക്കാ 15:22–24
ധൂർത്തപുത്രന്റെ ഉപമയിലെ വിശ്വസ്തനായ മകന്റെ പ്രതികരണമായിരുന്നു ഇത്. തന്റെ അവകാശസ്വത്തെല്ലാം ധൂർത്തടിച്ചശേഷം, അപമാനിതനും ദരിദ്രനുമായി ധൂർത്തപുത്രൻ വീട്ടിലേക്കു മടങ്ങിവരുന്നത് ഓർക്കുക. തന്നെ തിരികെ സ്വീകരിച്ച് ഒരു കൂലിക്കാരനെപ്പോലെ പരിഗണിക്കുമോ എന്നാണ് അവൻ പിതാവിനോടു ചോദിക്കുന്നത്. എന്നാൽ പിതാവ് അവനെ അതിശയിപ്പിച്ചുകൊണ്ട്, അവന്റെ മടങ്ങിവരവ് ആഘോഷിക്കാൻ വലിയൊരു വിരുന്നൊരുക്കുന്നു. പക്ഷേ, വർഷങ്ങളായി പിതാവിനോടൊപ്പം കഴിഞ്ഞിരുന്ന മറ്റേ മകൻ ആ ആഘോഷത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല.
വഴിതെറ്റിപ്പോയ മകൻ തിരിച്ചുവന്നത് ആഘോഷിക്കാൻ പിതാവ് കൊഴുത്ത കാളക്കുട്ടിയെ അറുത്ത് ഇത്ര വലിയ വിരുന്നൊരുക്കിയത് നീതിയായിരുന്നോ? അതേ പിതാവ്, തനിക്കു വിശ്വസ്തനായിരുന്ന മകന് സുഹൃത്തുക്കളോടൊപ്പം വിരുന്നുണ്ണാൻ ഒരു ആട്ടിൻകുട്ടിയെപ്പോലും ഒരിക്കലും നൽകിയില്ലെന്നു തോന്നുന്നത് നീതിയായിരുന്നോ? ഇതു തെറ്റായ ചോദ്യമാണ് എന്നതാണ് ശരിയായ ഉത്തരം.
കാര്യങ്ങൾ എപ്പോഴും “നീതിപൂർവകമായി” നടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ജീവിക്കാൻ നമുക്ക് എളുപ്പമാണ്. മറ്റൊരാൾക്കു നമ്മെക്കാൾ കൂടുതൽ ലഭിക്കുന്നുവെന്നു തോന്നുമ്പോൾ നമുക്ക് കോപവും മനസ്സിൽ കയ്പും തോന്നാം. എന്നാൽ ഇതു നീതിയാണോ അല്ലയോ എന്നു ചോദിക്കുന്നത് ശരിയായ ചോദ്യമല്ല. ദൈവത്തിന്റെ കരുണയുടെ കാര്യത്തിൽ, നീതിപൂർവകമെന്നു കരുതപ്പെടുന്നതിനെക്കാൾ എത്രയോ അപ്പുറമാണ് ദൈവത്തിന്റെ ഔദാര്യവും നന്മയും. ദൈവത്തിന്റെ സമൃദ്ധമായ കരുണയിൽ പങ്കുചേരണമെങ്കിൽ, അവിടുത്തെ അതിരറ്റ കരുണയിൽ ആനന്ദിക്കാൻ നാമും പഠിക്കണം.
ഈ കഥയിൽ, വഴിതെറ്റിപ്പോയ മകനോട് പിതാവ് കാണിച്ച കരുണ തന്നെയായിരുന്നു ആ മകന് ആവശ്യമായിരുന്നത്. കഴിഞ്ഞകാലത്ത് താൻ എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, തന്റെ പിതാവ് തന്നെ സ്നേഹിക്കുന്നുവെന്നും തന്റെ തിരിച്ചുവരവിൽ ആനന്ദിക്കുന്നുവെന്നും അവൻ അറിയേണ്ടതുണ്ടായിരുന്നു. അതിനാൽ, ഈ മകന് സമൃദ്ധമായ കരുണ ആവശ്യമായിരുന്നു; പിതാവിന്റെ സ്നേഹത്തെക്കുറിച്ച് അവന് വീണ്ടും ഉറപ്പുനൽകുക എന്നതും അതിന്റെ ഒരു കാരണമായിരുന്നു. തിരിച്ചുവരാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ബോധ്യപ്പെടാൻ അവന് ഈ അധിക ആശ്വാസം ആവശ്യമായിരുന്നു.
വർഷങ്ങളോളം വിശ്വസ്തനായി കഴിഞ്ഞിരുന്ന മറ്റേ മകനോട് അനീതി കാണിച്ചിരുന്നില്ല. മറിച്ച്, പിതാവിന്റെ ഹൃദയത്തിലുണ്ടായിരുന്ന അതേ സമൃദ്ധമായ കരുണ അവനിൽ ഇല്ലാതിരുന്നതാണ് അവന്റെ അസംതൃപ്തിക്കു കാരണം. അതേ അളവിൽ സഹോദരനെ സ്നേഹിക്കാൻ അവനു കഴിഞ്ഞില്ല. അതുകൊണ്ട്, തനിക്കു ക്ഷമ ലഭിച്ചുവെന്നും തന്നെ തിരികെ സ്വീകരിച്ചുവെന്നും സഹോദരനു മനസ്സിലാകാൻ സഹായിക്കുന്നതിനായി ഈ ആശ്വാസം അവനു നൽകേണ്ടതിന്റെ ആവശ്യകതയും അവനു കാണാനായില്ല. കരുണ നമ്മിൽനിന്ന് ഏറെ ആവശ്യപ്പെടുന്നു; യുക്തിസഹവും നീതിയുക്തവുമായി നമുക്ക് ആദ്യം തോന്നുന്നതിനേക്കാൾ എത്രയോ അപ്പുറത്തേക്കു പോകുകയും ചെയ്യുന്നു. എന്നാൽ കരുണ സമൃദ്ധമായി സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഏറ്റവും ആവശ്യമുള്ളവർക്കു നൽകാൻ നാം സന്നദ്ധരും മനസ്സുള്ളവരുമായിരിക്കണം.
പ്രത്യേകിച്ച് കരുണയും ഔദാര്യവും അർഹിക്കുന്നില്ലെന്നു തോന്നുന്നവരോട്, എത്രമാത്രം കരുണയും ഔദാര്യവും കാണിക്കാൻ നിങ്ങൾ സന്നദ്ധരാണെന്ന് ഇന്ന് ചിന്തിക്കുക. കൃപയിലുള്ള ജീവിതം നീതി പാലിക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്നും, വിസ്മയിപ്പിക്കുന്ന അളവിൽ ഔദാര്യമുള്ളവരാകുന്നതാണ് അതിന്റെ സത്തയെന്നും സ്വയം ഓർമിപ്പിക്കുക. എല്ലാവരോടും ഇത്ര ആഴമായ ഔദാര്യം കാണിക്കാൻ സ്വയം സമർപ്പിക്കുക; ദൈവത്തിന്റെ കരുണയാൽ മറ്റൊരാളുടെ ഹൃദയത്തെ ആശ്വസിപ്പിക്കാനുള്ള വഴികൾ അന്വേഷിക്കുക. അങ്ങനെ ചെയ്താൽ, ആ ഉദാരമായ സ്നേഹം നിങ്ങളുടെ ഹൃദയത്തെയും സമൃദ്ധമായി അനുഗ്രഹിക്കും.
അത്യുദാരനായ എന്റെ കർത്താവേ, എനിക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമാണ് അങ്ങയുടെ അനുകമ്പ. അങ്ങയുടെ കരുണയും നന്മയും ഞങ്ങളിൽ ആർക്കും അർഹിക്കുന്നതിലും എത്രയോ അധികമാണ്. അങ്ങയുടെ നന്മയ്ക്ക് എന്നും നന്ദിയുള്ളവനായിരിക്കാനും, കരുണ ഏറ്റവുമധികം ആവശ്യമുള്ളവരോട് അതേ ആഴത്തിലുള്ള കരുണ കാണിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!
Amazon – Google Play – iTunes – Barnes and Noble

