മലയാളം

ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയെട്ടാം വാരം

4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

ഉള്ളടക്കം

യാഥാർഥ്യവും പുറംമോടിയും

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം A)

യേശു വീണ്ടും പുരോഹിതപ്രമുഖന്മാരോടും ജനപ്രമാണികളോടും ഉപമകളിലൂടെ മറുപടി പറഞ്ഞു: “സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ ഒരു രാജാവിനോടു സദൃശമാണ്. ക്ഷണിക്കപ്പെട്ട അതിഥികളെ വിരുന്നിനു വിളിക്കാൻ അവൻ തന്റെ ദാസന്മാരെ അയച്ചു. എന്നാൽ അവർ വരാൻ വിസമ്മതിച്ചു.” മത്തായി 22:1–3

നിങ്ങൾ വരാൻ വിസമ്മതിക്കുന്നുവോ? പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും ദൈവഹിതം യഥാർഥമായി അനുസരിക്കുന്നവരാണ് തങ്ങളെന്ന് മറ്റുള്ളവർക്ക് തോന്നിച്ചിരുന്നെങ്കിലും, വാസ്തവത്തിൽ ദൈവത്തിന്റെ കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വരാൻ വിസമ്മതിച്ചവരുടെ കൂട്ടത്തിലായിരുന്നു അവർ. അതുകൊണ്ടാണ് യേശു അവരോട് ഈ ഉപമ പറഞ്ഞത്. തങ്ങൾ അല്ലാത്ത ഒന്നായി തങ്ങളെത്തന്നെ അവതരിപ്പിക്കുന്നതിൽ പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും വിദഗ്ധരായിരുന്നു. ജനങ്ങളുടെ ദൃഷ്ടിയിൽ നല്ലവരായി കാണപ്പെടാനും പരസ്യമായ വിമർശനം ഒഴിവാക്കാനും വിശുദ്ധരായ മനുഷ്യരായി തോന്നിക്കാനും അവർക്ക് അറിയാമായിരുന്നു. എന്നാൽ അവർ അത്തരക്കാരായിരുന്നില്ല. ഉള്ളിൽ അവർ കപടനാട്യക്കാരും നുണയന്മാരും കൊലപാതകികളുമായിരുന്നു.

ഈ ഉപമയിൽ മൂന്നു പ്രാവശ്യം ക്ഷണം അയയ്ക്കപ്പെടുന്നു. ആദ്യത്തെ രണ്ടും നേരത്തേ ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് നൽകുന്നത്. ഈ “ക്ഷണിക്കപ്പെട്ട അതിഥികൾ” എന്നത് പ്രത്യേകിച്ച് മോശയിൽനിന്നും പ്രവാചകന്മാരിൽനിന്നും കൈമാറിക്കിട്ടിയ വിശ്വാസത്തിൽ വളർന്ന ഇസ്രായേൽ ജനത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഇന്ന് ക്രൈസ്തവവിശ്വാസത്തിൽ വളർന്നവരെയും അതിൽ നാം കാണണം. ആദ്യത്തെ ക്ഷണത്തിനുശേഷം, ക്ഷണിക്കപ്പെട്ടവർ വരാൻ വിസമ്മതിച്ചു. രണ്ടാമത്തെ ക്ഷണത്തിനുശേഷം, ക്ഷണിക്കപ്പെട്ടവരിൽ ചിലർ നിസ്സംഗതയോടെ പ്രതികരിച്ചപ്പോൾ മറ്റുചിലർ ശത്രുതയോടെയാണ് പ്രതികരിച്ചത്. ഇത്തരം പ്രതികരണങ്ങൾ ഇന്നും സാധാരണമാണ്.

ഇന്ന് യേശു തന്റെ വിവാഹവിരുന്നിൽ പങ്കുചേരാനുള്ള ക്ഷണം അയയ്ക്കുമ്പോൾ, പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചിലർ നമ്മുടെ കർത്താവിനോട് നിസ്സംഗരാണ്. ലൗകികകാര്യങ്ങളിൽ അത്രയേറെ മുഴുകിയിരിക്കുന്നതിനാൽ ദൈവത്തിനായി വളരെ കുറച്ചു സമയവും ശ്രദ്ധയും മാത്രം നൽകുന്നവരാണ് ഇവർ. അനുദിന പ്രാർഥന, വിശുദ്ധ കുർബാനയിൽ പങ്കെടുക്കൽ, തുടർച്ചയായ ഉപവിപ്രവൃത്തികൾ തുടങ്ങിയ വിശ്വാസാനുഷ്ഠാനങ്ങൾ അവർക്ക് പ്രധാനമല്ല. പണം സമ്പാദിക്കുക, ഭൗതികസമ്പത്തുകൾ നേടുക, വിനോദങ്ങളിലും മറ്റു ലൗകികകാര്യങ്ങളിലും മുഴുകുക എന്നിവയിലാണ് അവർ തങ്ങളുടെ സമയവും ഊർജവും ഏറെ ചെലവഴിക്കുന്നത്. മറ്റു ചിലർ, പുരോഹിതപ്രമുഖന്മാരെയും ജനപ്രമാണികളെയുംപോലെ, വിശ്വസ്തരായ അനുയായികളെന്ന വേഷം കെട്ടി അഭിനയിക്കാൻ മിടുക്കരാണ്; എന്നാൽ യഥാർഥത്തിൽ അവർ ദൈവഹിതത്തോട് ശത്രുത പുലർത്തുന്നവരാണ്. തങ്ങൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിൽ മാത്രമാണ് അവർക്ക് താത്പര്യം; തങ്ങളുടെ ആത്മാക്കളുടെ യഥാർഥ അവസ്ഥയിൽ അല്ല. ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ അവർ കോപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. സുവിശേഷത്തിന്റെ സത്യം സ്വീകരിക്കാൻ അവർ മനസ്സ് തുറക്കുന്നില്ല. ജീവിതത്തിൽ തങ്ങൾ സ്വീകരിച്ച ദിശയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന എന്തിനെയും ആരെയും ആക്രമിച്ചുകൊണ്ട് അവർ തങ്ങളെത്തന്നെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു.

മൂന്നാമത്തെ ക്ഷണം എല്ലാ മനുഷ്യർക്കുമായി അയച്ചപ്പോൾ ചിലർ പ്രതികരിച്ചു. യേശുവിന്റെ ക്ഷണത്തോട് നിങ്ങൾ എത്ര പൂർണമായി പ്രതികരിക്കുന്നു? ആ ചോദ്യത്തിന് ശരിയായി ഉത്തരം നൽകണമെങ്കിൽ, നാം ആ ക്ഷണം “വായിക്കുകയും” എന്തിൽ പങ്കുചേരാനാണ് നമ്മെ ക്ഷണിച്ചിരിക്കുന്നതെന്ന് അറിയുകയും വേണം. ദൈവപുത്രന്റെ വിവാഹവിരുന്നിൽ പങ്കുചേരാനുള്ള ക്ഷണമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. എന്നാൽ ആ വിരുന്നിൽ പങ്കെടുക്കാൻ നാം ഉപവിയുടെ വസ്ത്രം ധരിച്ചിരിക്കണം. ത്യാഗപൂർണവും നിസ്വാർഥവും സമ്പൂർണവുമായ സ്നേഹമാണ് ഉപവി. ഈ സ്നേഹം ആരംഭിക്കുന്നത് ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കിക്കൊണ്ടാണ്; അത് പൂർണതയിലെത്തുന്നത് അവിടുത്തെ തിരുഹിതത്തെ നമ്മുടെ ജീവിതത്തിന്റെ ഏക ലക്ഷ്യമാക്കിക്കൊണ്ടുമാണ്. യഥാർഥ ഉപവി നമ്മുടെ ജീവിതത്തിൽനിന്ന് എല്ലാ സ്വാർഥതയും നീക്കിക്കളയും. അതുകൊണ്ടാണ് ചിലർ ആ ക്ഷണത്തോട് ശത്രുത പുലർത്തിയത്. ഉപവിയുടെ ജീവിതത്തിലേക്ക് ദൈവം നമ്മെ ക്ഷണിക്കുമ്പോൾ, നാം മാറേണ്ടതിന്റെ ആവശ്യകതയെ അഭിമുഖീകരിക്കേണ്ടിവരും. ചിലർക്ക് ഇത് വളരെ പ്രയാസമാണ്. അവർ ഒന്നുകിൽ ഉദാസീനതയോടെ പ്രതികരിക്കുന്നു; അല്ലെങ്കിൽ തങ്ങൾ തിരഞ്ഞെടുത്ത പാപജീവിതത്തെ സംരക്ഷിക്കാനായി സ്വയം ന്യായീകരിച്ചുകൊണ്ട് ശത്രുതയോടെ ആഞ്ഞടിക്കുന്നു.

ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാൾ ഉചിതമായ വിവാഹവസ്ത്രം ധരിക്കാത്തതിനാൽ “പുറത്തെ അന്ധകാരത്തിലേക്ക്, അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും” എന്നു പറഞ്ഞ് പുറത്താക്കപ്പെടുന്നതോടെയാണ് ഉപമ അവസാനിക്കുന്നത്. എന്നാൽ ഈ വിവാഹവസ്ത്രം ദൈവത്തോടുള്ള യഥാർഥ ആരാധനയിൽനിന്ന് ഒഴുകുന്ന സത്യമായ ഉപവിയുടെ പ്രതീകമാണ്.

മറ്റുള്ളവരോട് നിങ്ങൾ എത്രമാത്രം ഉപവി പുലർത്തുന്നുവെന്ന് ഇന്ന് ചിന്തിക്കുക; കാരണം, കർത്താവിന്റെ വിരുന്നിൽ പങ്കുചേരാൻ നിങ്ങൾ യോഗ്യരാണോ എന്ന് നിർണയിക്കുന്നത് അതായിരിക്കും. യഥാർഥ ഉപവി എല്ലായ്‌പ്പോഴും മറ്റുള്ളവർക്ക് ഏറ്റവും വലിയ നന്മ ഉദാരമായി നൽകാൻ ശ്രമിക്കുന്നു. ദൈവസ്നേഹത്തിൽ വളരാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ അത് ശ്രമിക്കുന്നു. യഥാർഥ ഉപവി ഒരിക്കലും ഒരാളെ തന്നിലേക്കുതന്നെ ദൃഷ്ടി തിരിക്കാൻ പ്രേരിപ്പിക്കുന്നില്ല. അതിന്റെ ശ്രദ്ധ എപ്പോഴും മറ്റുള്ളവരിലാണ്; അതിന്റെ തിരഞ്ഞെടുപ്പുകൾ നിസ്വാർഥവുമാണ്. നിങ്ങളുടെ ഉപവിയെക്കുറിച്ചോ അതിന്റെ അഭാവത്തെക്കുറിച്ചോ ചിന്തിക്കുമ്പോൾ, യേശുവിൽനിന്നുള്ള ശുദ്ധീകരണത്തിന്റെ ക്ഷണം സ്വീകരിക്കാൻ മനസ്സു തുറക്കുക; ശത്രുതയോടെ പ്രതികരിക്കരുത്. മാറ്റത്തിനായുള്ള അവിടുത്തെ ക്ഷണത്തെ സ്വാഗതം ചെയ്യുക. പൂർണഹൃദയത്തോടെ അവിടുത്തെ ആരാധിക്കുന്നതിലൂടെ മറ്റുള്ളവർക്കായുള്ള ഒരു സ്നേഹസമ്മാനമായി നിങ്ങളെ രൂപാന്തരപ്പെടുത്താൻ അവിടുത്തെ അനുവദിക്കുക.

പരിപൂർണ ഉപവിയുടെ കർത്താവേ, സ്വർഗത്തിലെ മഹിമയാർന്ന വിരുന്നിൽ പങ്കുചേരാൻ അങ്ങ് എല്ലാ മനുഷ്യരെയും ക്ഷണിച്ചിരിക്കുന്നു. ഉപവിയുടെ വസ്ത്രം ധരിക്കാനായി, ഞങ്ങളുടെ ജീവിതത്തിൽനിന്ന് എല്ലാ പാപവും സ്വാർഥതയും നീക്കിക്കളയാൻ ഞങ്ങൾ അനുവദിക്കണമെന്നതു മാത്രമാണ് അതിനുള്ള നിബന്ധന. പ്രിയ കർത്താവേ, ഇന്ന് ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിക്കുകയും അങ്ങയുടെ പരിപൂർണ സ്നേഹത്തിന്റെ ശുദ്ധീകരിക്കുന്ന അഗ്നിക്ക് എന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


അത്യന്തം വിസ്മയഭരിതരായി

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം B)

“മക്കളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര പ്രയാസമാണ്! ധനവാനായ ഒരാൾ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യന്തം വിസ്മയഭരിതരായി പരസ്പരം പറഞ്ഞു: “അങ്ങനെയെങ്കിൽ ആർക്കു രക്ഷ പ്രാപിക്കാൻ കഴിയും?” യേശു അവരെ നോക്കി പറഞ്ഞു: “മനുഷ്യർക്ക് അത് അസാധ്യമാണ്, എന്നാൽ ദൈവത്തിന് അങ്ങനെയല്ല. ദൈവത്തിന് എല്ലാം സാധ്യമാണ്.” മർക്കോസ് 10:24–27

ക്രിസ്തീയജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും “അത്യന്തം വിസ്മയഭരിതരായിട്ടുണ്ടോ”? അങ്ങനെ ഉണ്ടായിട്ടുണ്ടെന്നു പ്രത്യാശിക്കുന്നു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ, ഇപ്പോൾ നിങ്ങൾ ആ അവസ്ഥയിലല്ലെന്നും പ്രത്യാശിക്കുന്നു. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനായി നാം കടന്നുപോകേണ്ട നിരവധി ശുദ്ധീകരണങ്ങളിൽ ഒന്നാണ് ഇങ്ങനെ അത്യന്തം വിസ്മയഭരിതരാകുന്നത്.

“സൂചിക്കുഴ” എന്നത് ജറുസലെം നഗരത്തെ ചുറ്റിയുള്ള മതിലിലെ ഒരു കവാടത്തെ സൂചിപ്പിക്കുന്നു. ഇരുട്ടിയശേഷം ആ കവാടം അടയ്ക്കുമായിരുന്നു. അപ്പോൾ അതിന്റെ മധ്യത്തിലുള്ള ഒരു ചെറിയ വാതിലിലൂടെ മാത്രമേ അകത്തു പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരു മനുഷ്യന് കുനിഞ്ഞ് അതിലൂടെ കടക്കാമായിരുന്നു. എന്നാൽ ഒട്ടകത്തിന് നിലത്തു മുട്ടുകുത്തി, അക്ഷരാർഥത്തിൽ ഇഴഞ്ഞുകയറിയാലല്ലാതെ അതിലൂടെ കടക്കാനാവില്ലായിരുന്നു. ഇതിന് ആ ഒട്ടകത്തിന്റെ ഉടമയുടെ വലിയ പരിശ്രമവും വഴികാട്ടലും ആവശ്യമായിരുന്നു; എങ്കിലും അത് സാധ്യമായിരുന്നു.

സ്വർഗത്തിലേക്ക് നമുക്ക് അനായാസം നടന്നുകയറാനാവില്ലെന്ന് ഊന്നിപ്പറയുകയാണ് ഈ കഥയുടെ ഉദ്ദേശ്യം. ഇവിടെ യേശു സംസാരിച്ചത്, പണമുള്ള ഒരാൾക്ക് ആ പണത്തോട് എത്ര എളുപ്പത്തിൽ അമിതമായ ആസക്തി വളരാമെന്നും അതുവഴി സ്വർഗത്തിലെ സമ്പത്ത് നേടുന്നതിൽ അയാൾ പരാജയപ്പെടാമെന്നുമാണ്. യേശു തൊട്ടുമുമ്പ് സംസാരിച്ചുകൊണ്ടിരുന്ന ധനികനായ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി. കാരണം, സ്വർഗത്തിലെ സമ്പത്ത് നേടുന്നതിനായി ഭൗമിക സമ്പത്തിനോടുള്ള ആസക്തി ഉപേക്ഷിക്കാൻ യേശു അവനെ സ്നേഹപൂർവം ക്ഷണിച്ചു. യേശു അവനോടു പറഞ്ഞു: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ഇതു കേട്ട് ആ ധനികനായ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയി.

അത്യാഗ്രഹത്തിനും ഭൗതികസമ്പത്തിനോടുള്ള, ജീവിതത്തെ മുഴുവൻ വിഴുങ്ങുന്ന ആസക്തിക്കും നിങ്ങളുടെ ആത്മാവിനെ നശിപ്പിക്കാൻ കഴിയുമെന്നത് വ്യക്തമാണ്. അതൊരു വസ്തുതയാണ്. അതിനെ മറികടക്കാൻ ഒരു വഴിയുമില്ല. എന്നാൽ ഈ പ്രബോധനം മറ്റെല്ലാ തരത്തിലുള്ള ആസക്തികൾക്കും ബാധകമാണ്. ഏതെങ്കിലും പാപത്തോട് നാം ഗുരുതരമായ അളവിൽ ആസക്തരായിരിക്കുകയും ആ പാപത്തിൽനിന്ന് അകന്നുമാറാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ, നാം സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. അതിനാൽ, പാപത്തിൽനിന്ന് പിന്തിരിയാൻ ദൈവസ്നേഹം നമ്മെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ഒരുപക്ഷേ നരകത്തെക്കുറിച്ചുള്ള ഭയം അതിനു പ്രേരിപ്പിച്ചേക്കാം.

ഈ ധനികനായ യുവാവ് സ്വർഗത്തെക്കാൾ തന്റെ സമ്പത്തിന് മുൻഗണന നൽകുന്നതും, തുടർന്ന് യേശു തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുക വളരെ പ്രയാസമാണെന്ന് വ്യക്തമാക്കുന്നതും കണ്ടപ്പോൾ, ശിഷ്യരുടെ വിസ്മയം അവരെ വ്യക്തിപരമായി വെല്ലുവിളിച്ചിട്ടുണ്ടാകും. എന്നാൽ അത് നല്ലതാണ്. കാരണം, തങ്ങളിലുള്ള വിശുദ്ധമല്ലാത്ത ആസക്തികളെക്കുറിച്ച് അവർക്കും ബോധ്യം വന്നിരുന്നുവെന്നും അവരുടെ ഉള്ളിലെ വിശുദ്ധമായ ഭയത്തിൽനിന്നാണ് ആ വിസ്മയം ഉയർന്നുവന്നതെന്നും അത് വെളിപ്പെടുത്തുന്നു. ആ ധനികനായ യുവാവ് നടന്നകലുന്നതു കണ്ടപ്പോൾ, തങ്ങളും മുറുകെപ്പിടിച്ചിരിക്കുന്നതും തങ്ങളുടെ ജീവിതത്തിൽനിന്ന് നീക്കിക്കളയേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് അവർ ചിന്തിച്ചിട്ടുണ്ടാകും. ഈ സന്ദർഭത്തിൽ “വിസ്മയം” എന്നത് തങ്ങൾ മാറേണ്ടതുണ്ടെന്ന വിശുദ്ധമായ തിരിച്ചറിവാണ്. എന്നാൽ, ഒരു വ്യക്തി യഥാർഥത്തിൽ മാറുകയും ദൈവത്തിൽനിന്ന് അകറ്റിനിർത്തുന്ന ആസക്തികളിൽനിന്ന് സ്വതന്ത്രനാകുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ ആവശ്യങ്ങൾക്കുമുന്നിൽ വിസ്മയിച്ചുനിൽക്കാൻ ഇടയാക്കുന്ന യാതൊരു ആസക്തിയും അയാളിൽ ശേഷിക്കില്ല എന്നതാണ് സദ്വാർത്ത. ശിഷ്യത്വത്തിന്റെ ആവശ്യങ്ങൾ ഉളവാക്കുന്ന വിസ്മയത്തെ അതിജീവിച്ച്, ആ ആവശ്യങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നത് ഒരു ജീവിതരീതിയാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

നമ്മുടെ കർത്താവ് പഠിപ്പിച്ച കാര്യങ്ങളിൽ നിങ്ങൾക്ക് അഭിമുഖീകരിക്കാൻ പ്രയാസമുള്ള എന്തിനെക്കുറിച്ചെങ്കിലും ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ അവഗണിക്കാൻ പ്രവണത കാണിക്കുന്ന ഏതെങ്കിലും കല്പനയുണ്ടോ? സ്വന്തം യുക്തികൾകൊണ്ട് ന്യായീകരിച്ച് ഒഴിവാക്കാൻ ശ്രമിക്കുന്ന ഏതെങ്കിലും പ്രബോധനമുണ്ടോ? അതിരുകടന്നതാണെന്ന് നിങ്ങൾക്കു തോന്നുന്ന ഏതെങ്കിലും ആവശ്യമുണ്ടോ? സൂചിക്കുഴയിലൂടെ പ്രവേശിക്കണമെങ്കിൽ, നിങ്ങൾ പൂർണഹൃദയത്തോടെ പ്രതിബദ്ധരായിരിക്കണം. നിങ്ങളുടെ ജീവിതം പൂർണമായി തനിക്ക് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിൽനിന്ന് യേശു പിന്മാറുകയില്ല. നിങ്ങൾ ഇപ്പോഴും മുറുകെപ്പിടിച്ചിരിക്കുന്ന ആസക്തികളെക്കുറിച്ച് വിചിന്തനം ചെയ്യുക. ഈ ധനികനായ യുവാവിനോടു സംസാരിച്ചതുപോലെ, ആ ആസക്തികളെക്കുറിച്ച് യേശു നിങ്ങളോടു സംസാരിക്കുന്നതായി കാണാൻ ശ്രമിക്കുക. എല്ലാ വിസ്മയത്തെയും അതിജീവിച്ച്, ദൈവഹിതത്തിന് അചഞ്ചലമായി കീഴടങ്ങുന്നത് നിങ്ങളുടെ ജീവിതരീതിയാക്കുക. ദൈവരാജ്യത്തിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കാനുള്ള ഏകമാർഗം ഇതാണ്.

സമ്പൂർണ സമർപ്പണം ആവശ്യപ്പെടുന്ന കർത്താവേ, ശിഷ്യത്വത്തിലേക്കുള്ള അങ്ങയുടെ ക്ഷണം, പാപകരമായ എല്ലാ ആസക്തികളും അങ്ങേക്കു സമർപ്പിച്ച് ആ പാപങ്ങളിൽനിന്ന് സ്വതന്ത്രനാകാനുള്ള ക്ഷണമാണ്. പ്രിയ കർത്താവേ, അങ്ങ് എന്നിൽനിന്ന് എല്ലാം ചോദിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവരാജ്യത്തിന്റെ സമ്പത്തിൽ പങ്കുചേരാൻ കഴിയേണ്ടതിന്, അങ്ങയുടെ വിശുദ്ധസ്നേഹം ആവശ്യപ്പെടുന്നതെല്ലാം ഞാൻ സ്വീകരിക്കുകയും ഒന്നും പിടിച്ചുവയ്ക്കാതെ ഉദാരമായി പ്രത്യുത്തരിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നമ്മുടെ ആവശ്യങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾക്കായി പ്രാർഥിക്കുക

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം C)

ജറുസലെമിലേക്കുള്ള യാത്ര തുടരവേ, യേശു സമരിയായിലൂടെയും ഗലീലിയിലൂടെയും കടന്നുപോയി. അവൻ ഒരു ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾ, പത്തു കുഷ്ഠരോഗികൾ അവനെ കണ്ടുമുട്ടി. അവർ അവനിൽനിന്ന് അകലെ നിന്നുകൊണ്ട് സ്വരമുയർത്തി പറഞ്ഞു: “യേശുവേ, ഗുരോ! ഞങ്ങളോട് കരുണ തോന്നണമേ!” ലൂക്കാ 17:11–13

ഈ പത്തു കുഷ്ഠരോഗികൾക്കും വളരെ നല്ല രീതിയിലാണ് ഈ കഥ ആരംഭിക്കുന്നത്. അവരിൽ ഒൻപതുപേർക്ക് അത് ദുരന്തത്തിൽ അവസാനിക്കുന്നു. ഒരാൾക്കാകട്ടെ, ആരംഭിച്ചതിനെക്കാൾ ഏറെ നല്ലതും മഹത്വപൂർണവുമായ രീതിയിൽ അത് അവസാനിക്കുന്നു.

ഈ കുഷ്ഠരോഗികൾ നമ്മെയെല്ലാം പ്രതിനിധീകരിക്കുന്നു. അവരുടെ രോഗം എല്ലാ പാപങ്ങളുടെയും പാപത്തിന്റെ അനന്തരഫലങ്ങളുടെയും പ്രതീകമായിരുന്നു. രോഗം ആരംഭിച്ചപ്പോൾത്തന്നെ കുഷ്ഠരോഗികൾ അതിന്റെ ഫലങ്ങൾ അനുഭവിച്ചുതുടങ്ങി. ചർമത്തിന്റെ നിറം മാറുകയും അത് കട്ടിപിടിച്ച് വരണ്ടതാകുകയും വ്രണങ്ങളും തിണർപ്പുകളും പ്രത്യക്ഷപ്പെടുകയും ചെയ്യുമായിരുന്നു. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ, അതു പടരാതിരിക്കാൻ ഓരോ കുഷ്ഠരോഗിയെയും സമൂഹത്തിൽനിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു; മറ്റു കുഷ്ഠരോഗികളുമായി ഇടപഴകാൻ മാത്രമേ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ഒറ്റപ്പെടലിലേക്കും അപമാനത്തിലേക്കും പ്രവേശിച്ച അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സ്വതന്ത്രമായി ഒത്തുചേരാൻ കഴിയാതായി. സമാനമായി, എല്ലാ പാപങ്ങൾക്കും ഇതുപോലുള്ള ഫലങ്ങളുണ്ട്. പാപം വരുത്തുന്ന മുറിവുകൾ വളർന്നുവരുന്നതു നാം തിരിച്ചറിയുമ്പോൾ, അത് നമ്മുടെ ആത്മാവിൽ വേദന ഉളവാക്കുന്നു. പാപം നമ്മുടെ ബന്ധങ്ങളെയും നാം സ്നേഹിക്കുന്നവരുമായി സ്വതന്ത്രമായി ഇടപഴകാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുന്നു.

പാപത്തിനുള്ള ആദ്യത്തെ പ്രതിവിധി ലളിതമാണ്. നാം നിലവിളിക്കുന്നു: “യേശുവേ, ഗുരോ! എന്നോട് കരുണ തോന്നണമേ!” എന്നാൽ അത് ആദ്യപടി മാത്രമാണ്. കുഷ്ഠരോഗികളെ സുഖപ്പെടുത്തിയതിലൂടെ, നമ്മുടെ പാപത്തിന്മേൽ തനിക്ക് അധികാരമുണ്ടെന്ന് യേശു നമുക്കു കാണിച്ചുതരുകയായിരുന്നു. നമുക്കു മാപ്പുനൽകാൻ അവനു കഴിയും; അവന്റെ കരുണ തേടുമ്പോൾ അവൻ നമുക്കു മാപ്പുനൽകുകയും ചെയ്യും. എന്നാൽ, ആ ക്ഷമ നമ്മെ വിശ്വാസത്തിലേക്കും തീക്ഷ്ണതയോടും ദൃഢനിശ്ചയത്തോടുംകൂടി ദൈവഹിതം അനുസരിക്കുന്നതിലേക്കും നയിക്കുന്നില്ലെങ്കിൽ, അത് ദുരന്തത്തിൽ കലാശിക്കും. പാപമോചനം നമുക്ക് സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നു നാം കരുതുന്നെങ്കിൽ, മുമ്പത്തേതിനെക്കാൾ ദയനീയമായ അവസ്ഥയിലായിരിക്കും നാം. തിരികെ വന്ന് ദൈവത്തിനു നന്ദി പറയാതിരുന്ന ഒൻപതു കുഷ്ഠരോഗികൾ, ദൈവത്തിന്റെ കരുണയുള്ള കരം സ്പർശിച്ചിട്ടും തങ്ങളുടെ ജീവിതത്തിൽ മാനസാന്തരം വരുത്താത്തവരെ പ്രതിനിധീകരിക്കുന്നു.

ദൈവം നമ്മെ സ്പർശിക്കുമ്പോൾ നാം അവനു നൽകുന്ന പ്രത്യുത്തരത്തിന്റെ പ്രാധാന്യം ഈ കഥ എടുത്തുകാണിക്കുന്നു. നാം ഉച്ചസ്വരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുകയും അവന്റെ മുമ്പിൽ മുട്ടുകുത്തി നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള നന്ദി പ്രകടിപ്പിക്കുകയും വേണം. ആ ഒരു കുഷ്ഠരോഗി ഇങ്ങനെ ചെയ്യുമ്പോൾ, യേശു അവനോടു പറയുന്നു: “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” നമ്മുടെ കർത്താവിൽനിന്നുള്ള ആ കരുണ അവന്റെ ആത്മാവിനെ സ്പർശിച്ച കരുണയായിരുന്നു. അത് വിശ്വാസമെന്ന ദാനം അവനു പകരുകയും നിത്യമായ കൃപകളാൽ സൗഖ്യം പ്രാപിച്ച് മുന്നോട്ടുപോകാൻ അവനെ പ്രാപ്തനാക്കുകയും ചെയ്തു.

പലപ്പോഴും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാത്രമാണ് നാം പ്രാർഥനയിൽ ദൈവത്തിലേക്കു തിരിയുന്നത്. പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ, നമ്മുടെ കർത്താവിനെ നാം കാര്യമായി ശ്രദ്ധിക്കാറില്ല; ചിലപ്പോൾ തീരെ ശ്രദ്ധിക്കാറേയില്ല. നമ്മുടെ പ്രശ്നങ്ങൾ പരിഹരിച്ചുതന്ന്, പതിവുപോലെ ദൈനംദിനജീവിതം തുടരാൻ നമ്മെ അനുവദിക്കുക എന്നതല്ല നമ്മുടെ ജീവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം. അവിടുത്തെ കരുണ നമ്മിൽ നിരന്തരവും അഗാധവുമായ കൃതജ്ഞത ഉണർത്തണം. ദൈവത്തോടുള്ള കൃതജ്ഞത സത്യത്തെ അംഗീകരിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. നമുക്കുള്ളതെല്ലാം ദൈവത്തോടു കടപ്പെട്ടതാണ്. അവിടുന്നില്ലാതെ നാം ഒന്നുമല്ല. നമ്മുടെ പാപങ്ങളിൽ നാം മരിച്ചവരാണ്. ഒരു കുഷ്ഠരോഗി മാത്രമാണ് ഇത് തിരിച്ചറിഞ്ഞത്. അയാളുടെ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും രക്ഷിച്ച വിശ്വാസമെന്ന ദാനം ലഭിച്ച് അയാൾ അനുഗൃഹീതനായി.

നിങ്ങൾ പ്രാർഥനയിൽ ദൈവത്തിലേക്കു തിരിയുന്നത് എങ്ങനെയെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമായി അവിടുത്തെ അടുക്കൽ വരുന്നത് നല്ലതാണ്. “ഈശോയേ, ഗുരോ! എന്നോടു കരുണ തോന്നണമേ!” എന്ന് നിലവിളിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആത്മാവിന്റെ വൈദ്യനും നിങ്ങൾക്കാവശ്യമായ സൗഖ്യത്തിന്റെ ഉറവിടവുമായി അവിടുത്തെ സമീപിക്കുന്നത് നല്ലതാണ്. എന്നാൽ അതുമാത്രം പോരാ. വാസ്തവത്തിൽ, നിങ്ങളുടെ പ്രാർഥനാജീവിതം അവിടെ അവസാനിക്കുന്നെങ്കിൽ, നിങ്ങൾ അങ്ങേയറ്റം ദയനീയമായ ഒരു അവസ്ഥയിൽ എത്തിച്ചേരും. നിങ്ങളുടെ സ്വാർഥലാഭത്തിനായി നിങ്ങൾ ദൈവത്തെ ഉപയോഗിക്കുകയായിരിക്കും. വിശ്വാസത്തിൽ അടുത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവയ്ക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ എന്നു വിചിന്തനം ചെയ്യുക. എല്ലാം നന്നായിരിക്കുമ്പോഴും നിങ്ങൾ അവിടുത്തെ അടുക്കൽ വരാറുണ്ടോ? നിങ്ങൾക്കുവേണ്ടി അവിടുന്ന് ചെയ്ത എല്ലാറ്റിനുമായി നിങ്ങളുടെ സർവശക്തിയോടുംകൂടെ അവിടുത്തെ സ്തുതിക്കാറുണ്ടോ? ഹൃദയത്തിൽ അഗാധമായ കൃതജ്ഞതയോടെ നിങ്ങൾ അവിടുത്തെ മുമ്പിൽ മുട്ടുകുത്താറുണ്ടോ? നിങ്ങളുടെ പ്രാർഥനയെക്കുറിച്ചു വിചിന്തനം ചെയ്ത് ഈ ഒരു കുഷ്ഠരോഗിയെ അനുകരിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ, നിങ്ങളുടെ വിശ്വാസം നിങ്ങളെയും രക്ഷിക്കും; സാധ്യമായ ഏറ്റവും യഥാർഥമായ അർഥത്തിൽ സൗഖ്യം പ്രാപിച്ച് എഴുന്നേറ്റു മുന്നോട്ടുപോകാൻ നമ്മുടെ കർത്താവ് നിങ്ങളെ ക്ഷണിക്കുകയും ചെയ്യും.

പരമകാരുണികനായ എന്റെ കർത്താവേ, അങ്ങേക്ക് എല്ലാം ചെയ്യാൻ കഴിയും. എന്റെ എല്ലാ മുറിവുകളും സുഖപ്പെടുത്താനും എന്റെ പാപങ്ങൾ ക്ഷമിക്കാനും ഞാൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും അങ്ങേക്കു കഴിയും. എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയോടു നിലവിളിക്കുമ്പോൾ, എന്നെ സുഖപ്പെടുത്തണമേ. അതിനുള്ള മറുപടിയായി, അഗാധമായ കൃതജ്ഞതയോടും സ്തുതിയോടുംകൂടെ ഞാൻ എപ്പോഴും അങ്ങയിലേക്കു തിരികെ വരട്ടെ. അങ്ങനെ അങ്ങയിലുള്ള എന്റെ വിശ്വാസം വളരുകയും അങ്ങയോടുള്ള എന്റെ സ്നേഹം യഥാർഥത്തിൽ തഴച്ചുവളരുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ദൈവത്തിൽനിന്നുള്ള ഒരു അടയാളം

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ തിങ്കളാഴ്ച

“ഈ തലമുറ ദുഷിച്ച തലമുറയാണ്; ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഇതിനു നൽകപ്പെടുകയില്ല. യോനാ നിനെവേ നിവാസികൾക്ക് അടയാളമായതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും.” ലൂക്കാ 11:29–30

ദൈവത്തിൽനിന്നുള്ള അടയാളങ്ങൾ തേടുന്ന അവസ്ഥയിൽ നിങ്ങൾ എപ്പോഴെങ്കിലും എത്തിയിട്ടുണ്ടോ? നാമെല്ലാവരും അനുഭവിക്കുന്ന ഉയർച്ചതാഴ്ചകളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഓരോ കാര്യത്തിലും എന്തു ചെയ്യണമെന്നറിയാൻ ദൈവത്തിൽനിന്നുള്ള അടയാളങ്ങൾ തേടാൻ പലപ്പോഴും നാം എളുപ്പത്തിൽ പ്രേരിതരാകാം. സ്വർഗത്തിൽനിന്നുള്ള അടയാളങ്ങളായ പ്രത്യേക കൃപകളിലൂടെ ദൈവം ചിലപ്പോഴൊക്കെ തീർച്ചയായും നമ്മോടു സംസാരിക്കുന്നുണ്ടെങ്കിലും, നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട അടയാളം ഏതാണെന്ന് മുകളിലുള്ള വചനഭാഗം വ്യക്തമാക്കുന്നു.

ഈ സുവിശേഷഭാഗത്തിൽ നമ്മുടെ കർത്താവ് നൽകുന്ന ലളിതമായ സന്ദേശം ഇതാണ്: ഇതുവരെ നൽകപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ അടയാളത്തിന്റെ അർഥം നാം കണ്ടെത്തുകയും ജീവിതത്തിലെ നമ്മുടെ എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമായി അതിനെ സ്വീകരിക്കുകയും വേണം. യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും നിത്യജീവന്റെ ഉറവിടം മാത്രമല്ല; ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുക്കുമ്പോൾ നമുക്കാവശ്യമായ ഏറ്റവും വ്യക്തമായ അടയാളവും അവയാണ്.

ആഴമേറിയതും മറഞ്ഞിരിക്കുന്നതുമായ ഒരു രഹസ്യം വെളിപ്പെടുത്തുന്ന പ്രവൃത്തിയാണ് അടയാളം. യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും വെളിപ്പെടുത്തുന്ന ഒരു രഹസ്യം ഇതാണ്: അവിടുത്തെ കുരിശിലൂടെ നമുക്കായി നേടിത്തന്ന പുതുജീവനിൽ പങ്കുചേരണമെങ്കിൽ, നാം അവിടുന്ന് നൽകിയ മാതൃക പിന്തുടരണം. അതായത്, മറ്റുള്ളവർ ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പുതുജീവൻ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന്, അവർക്കായി നമ്മുടെ ജീവൻ സമർപ്പിച്ചുകൊണ്ട് നിസ്വാർഥമായ ത്യാഗജീവിതം നയിക്കണം. പ്രായോഗികമായി പറഞ്ഞാൽ, ജീവിതത്തിൽ ഉത്തരങ്ങൾ അന്വേഷിക്കുകയും ചില അവസരങ്ങളിൽ എന്തു ചെയ്യണമെന്നറിയാൻ ദൈവത്തിൽനിന്നുള്ള അടയാളങ്ങൾ തേടുകയും ചെയ്യുന്നുവെങ്കിൽ, ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് നിങ്ങളുടെ ദൃഷ്ടി തിരിക്കുക. അനുദിനം നിങ്ങൾ എടുക്കുന്ന ഓരോ പ്രായോഗിക തീരുമാനത്തിലും അവിടുത്തെ ജീവിതത്തെ കൂടുതൽ പൂർണമായി അനുകരിക്കാൻ കഴിയുന്ന വഴികളെക്കുറിച്ച് ധ്യാനിക്കുക. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തെക്കുറിച്ചു വിവേചിച്ചറിയുമ്പോഴായാലും ചെറിയൊരു പ്രായോഗിക തീരുമാനത്തെക്കുറിച്ചു വിവേചിച്ചറിയുമ്പോഴായാലും ഇതു ശരിയാണ്.

കൂടുതൽ സ്വാർഥമായ രീതിയിൽ നമ്മിലേക്കുതന്നെ നോക്കിക്കൊണ്ട് ഇത്തരമൊരു വിവേചനം നടത്തുന്നത് സാധാരണമാണ്. ഈ ചിന്താരീതിയിൽനിന്നു മാറുക പ്രയാസമാണ്. എന്നാൽ മനുഷ്യപുത്രന്റെ “അടയാളം” നാം സ്വീകരിക്കുന്നുവെങ്കിൽ, ജീവിതത്തിലെ തീരുമാനങ്ങളെ നാം തികച്ചും വ്യത്യസ്തമായ രീതിയിൽ വിവേചിച്ചറിയും. നമ്മുടെ കർത്താവിന്റെ ജീവിതവും മരണവും ഉത്ഥാനവും ജീവിതത്തിലെ വിവേചനത്തിന്റെയും തീരുമാനമെടുക്കലിന്റെയും ഉറവിടമായി സ്വീകരിക്കുമ്പോൾ, അവിടുത്തെ നിസ്വാർഥമായ സ്നേഹത്യാഗത്തെ അനുകരിക്കുന്ന തീരുമാനങ്ങളായിരിക്കും ഒടുവിൽ നാം എടുക്കുക. അതിനാൽ, ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ, ഏതാണ് കൂടുതൽ എളുപ്പമെന്നോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നോ ആയിരിക്കില്ല നിങ്ങൾ ചിന്തിക്കുക; പകരം, ഏതാണ് കൂടുതൽ നിസ്വാർഥവും മറ്റുള്ളവർക്ക് ഏറ്റവും നല്ലതുമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. യേശുവിന്റെ ത്യാഗപൂർണമായ സ്നേഹത്തെ ഏറ്റവും നന്നായി അനുകരിക്കുന്നത് എന്താണ്?

നിങ്ങൾ എടുക്കാൻ ശ്രമിക്കുന്ന ഏതെങ്കിലും തീരുമാനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. തുടർന്ന്, ഈ തീരുമാനത്തിലേക്ക് നിങ്ങൾ എങ്ങനെയാണ് എത്തിച്ചേരാൻ ശ്രമിക്കുന്നതെന്ന് ചിന്തിക്കുക. നിങ്ങളുടെ വിവേചനത്തിന്റെ അടിസ്ഥാനമായി യേശു നമുക്കു നൽകിയ സാക്ഷ്യത്തെ നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? മറ്റുള്ളവർക്കായി നിങ്ങളുടെ ജീവിതം ഒരു ത്യാഗസമ്മാനമായി എങ്ങനെ സമർപ്പിക്കാമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? നമ്മുടെ കർത്താവിന്റെ കുരിശിന്റെ കാഴ്ചപ്പാടിൽനിന്ന് നിങ്ങൾ സ്നേഹത്തെ കാണുകയും, താൻ സ്നേഹിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയുള്ള അവിടുത്തെ മഹത്വപൂർണവും നിസ്വാർഥവുമായ സമർപ്പണത്തെ അനുകരിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടോ? അവിടുത്തെ പ്രവൃത്തികളുടെ സാക്ഷ്യത്തെ ജീവിതത്തിലെ നിങ്ങളുടെ എല്ലാ വിവേചനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനമാക്കിക്കൊണ്ട് നമ്മുടെ കർത്താവിനെ അനുകരിക്കാൻ ശ്രമിക്കുക. അപ്പോൾ, ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടു മുന്നോട്ടുപോകാൻ നിങ്ങൾക്കാവശ്യമായ ഒരേയൊരു യഥാർഥ അടയാളം നിങ്ങൾ കണ്ടെത്തിയിരിക്കും.

പൂർണനായ എന്റെ കർത്താവേ, ജീവിതത്തിൽ അങ്ങ് എടുത്ത ഓരോ തീരുമാനവും സ്നേഹത്തിൽനിന്നു പുറപ്പെട്ടതും പിതാവിന്റെ പരിപൂർണമായ തിരുഹിതത്തിനു യോജിച്ചതുമായിരുന്നു. അങ്ങയുടെ പരിപൂർണമായ മാതൃക അനുകരിച്ചുകൊണ്ട് ജീവിതത്തിലെ ഓരോ തീരുമാനവും എടുക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിച്ച അങ്ങയെ എന്റെ ജീവിതം അനുകരിക്കട്ടെ. ജീവിതത്തിൽ എനിക്കു ദിശ കാണിക്കുന്ന അടയാളമായി അങ്ങയെയും അങ്ങയുടെ മഹത്വപൂർണമായ ത്യാഗജീവിതത്തെയും ഞാൻ തിരഞ്ഞെടുക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ആന്തരിക പരിവർത്തനം

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച

യേശു സംസാരിച്ചുകഴിഞ്ഞപ്പോൾ, ഒരു ഫരിസേയൻ അവനെ തന്റെ വീട്ടിൽ ഭക്ഷണത്തിന് ക്ഷണിച്ചു. അവൻ അകത്തു കടന്ന് ഭക്ഷിക്കാനായി പന്തിയിലിരുന്നു. ഭക്ഷണത്തിനുമുമ്പ് ആചാരപ്രകാരമുള്ള കഴുകൽ അവൻ നടത്തിയില്ലെന്നു കണ്ട് ഫരിസേയൻ അതിശയിച്ചു. കർത്താവ് അവനോടു പറഞ്ഞു: “ഫരിസേയരേ! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഉള്ളിൽ കൊള്ളയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ!”  ലൂക്കാ 11:37–40

യേശു ആരെയെങ്കിലും ഭോഷൻ എന്നു വിളിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്. എന്നാൽ അവിടുന്ന് ചെയ്തത് അതുതന്നെയാണ്. യേശുവിന്റെ തുടർച്ചയായ ഉപദേശങ്ങൾ കേട്ടുകഴിഞ്ഞ ഈ ഫരിസേയൻ, പ്രത്യക്ഷത്തിൽ ദയാപൂർവമായ ഒരു പ്രവൃത്തിയെന്നോണം നമ്മുടെ കർത്താവിനെ തന്റെ വീട്ടിൽ അത്താഴത്തിനു ക്ഷണിച്ചു. എന്നാൽ വചനഭാഗം മുന്നോട്ടു പോകുമ്പോൾ, ഈ ഫരിസേയൻ യേശുവിന്റെ സുഹൃത്തല്ലെന്നു വ്യക്തമാകുന്നു. മറിച്ച്, അയാളുടെ ആതിഥ്യമര്യാദയും ദയയും അയാളുടെ ആത്മാവിനുള്ളിലെ തിന്മ മറയ്ക്കാനുള്ള ഒരു മൂടുപടമാണ്.

ഫരിസേയനെ ഭോഷൻ എന്നു വിളിച്ചുകൊണ്ട് യേശു ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ഈ ഫരിസേയൻ കാപട്യം നിറഞ്ഞവനാണ്. അയാളുടെ ബാഹ്യപ്രവൃത്തികൾ സ്നേഹവും വിശ്വാസവും നിറഞ്ഞ ഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്നവയല്ല. പകരം, അവ വെറും പ്രകടനമാണ്. അയാൾ ഒരു വഞ്ചകനാണ്. പല ഫരിസേയരെയുംപോലെ അയാളും, ഭക്ഷണത്തിനു മുമ്പ് അതീവ നിഷ്ഠയോടെ കൈകഴുകുന്നതുപോലുള്ള വിവിധ ബാഹ്യാചാരങ്ങളിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് തന്റെ വിശുദ്ധിയുടെയും ദൈവവുമായുള്ള അടുപ്പത്തിന്റെയും അടയാളമാണെന്ന് അയാൾ വിശ്വസിച്ചു. എന്നാൽ അത് അങ്ങനെയായിരുന്നില്ല. മറ്റുള്ളവരെ വിധിക്കുന്ന മനോഭാവവും സ്വയം നീതിമാനെന്ന ഭാവവും നിറഞ്ഞതായിരുന്നു അയാളുടെ ഹൃദയം. അയാൾ മറ്റുള്ളവരെ നിസ്സാരരായി കാണുകയും തന്നെത്തന്നെ ഉയർത്തുകയും ചെയ്തു. അങ്ങനെ ചെയ്തുകൊണ്ട് അയാൾ മറ്റുള്ളവരെ വഞ്ചിച്ചു; തന്നെത്തന്നെയും വഞ്ചിച്ചു.

ഇതിൽനിന്ന് നാം ഉൾക്കൊള്ളേണ്ട പ്രധാന സന്ദേശം, നമ്മുടെ ഹൃദയത്തിലുള്ള കാര്യങ്ങളിൽ നാം ജാഗ്രതയോടെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ്. നമ്മുടെ ഹൃദയങ്ങൾ, നമ്മുടെ ആന്തരികജീവിതം, ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്താൽ പൂവണിയണം. ഉള്ളിൽ ആത്മാർഥമായ ഒരു പുണ്യജീവിതം വളർത്തിയെടുക്കാൻ നമ്മുടെ എല്ലാ പരിശ്രമങ്ങളും വിനിയോഗിക്കണം. പ്രാർഥനയിലൂടെയും എളിമയിലൂടെയുമാണ് ഇതു സാധിക്കുന്നത്. നാം യഥാർഥത്തിൽ ആരാണെന്ന സത്യം കാണാൻ എളിമ നമ്മുടെ കണ്ണുകൾ തുറക്കും. നമ്മുടെ ഉള്ളിൽ മാറ്റേണ്ടവ എന്തൊക്കെയാണെന്നു കാണുമ്പോൾ, മാറ്റം വരുത്താൻ പ്രാർഥന നമ്മെ ശക്തിപ്പെടുത്തും. നാം യഥാർഥത്തിൽ ആരാണെന്ന സത്യം വ്യക്തമായി കാണുകയും പ്രാർഥനയിലൂടെ ലഭിക്കുന്ന കൃപയിൽ പ്രാർഥനാപൂർവം ആശ്രയിക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർഥ സത്യനിഷ്ഠയും വിശുദ്ധിയുമുള്ള മനുഷ്യരാകാൻ നമുക്കു കഴിയൂ. അപ്പോൾ മാത്രമേ നമ്മുടെ ആന്തരികവിശുദ്ധി നമ്മുടെ പ്രവൃത്തികളിലൂടെ ബാഹ്യമായി പ്രകടമാകുകയുള്ളൂ.

“ഭോഷന്മാരേ!” എന്ന യേശുവിന്റെ ശക്തമായ ഈ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ വാക്കുകളിൽ നീരസം തോന്നരുത്; അവ നമ്മുടെ കർത്താവിന്റെ സ്നേഹവചനങ്ങളാണ്. ഈ ഫരിസേയനെ ഉണർത്താനും അയാളുടെ കാപട്യത്തിൽനിന്ന് പിന്തിരിപ്പിക്കാനുമുള്ള അവിടുത്തെ തീവ്രമായ ശ്രമമാണ് അവ. നിങ്ങളോടും പറഞ്ഞവ എന്നപോലെ ഈ വാക്കുകൾ ശ്രവിക്കുക. യേശുവിന്റെ സ്നേഹപൂർവമായ ഈ ശാസന എളിമയോടെ സ്വീകരിച്ചാൽ നമുക്കെല്ലാവർക്കും അതിൽനിന്ന് പ്രയോജനം നേടാം. നാമെല്ലാവരും എളിമയോടെ നമ്മുടെ ഉള്ളിൽ കൂടുതൽ പൂർണമായി രൂപാന്തരപ്പെടേണ്ടതുണ്ട്. യേശുവിന്റെ വാക്കുകൾ നിങ്ങളോടു സംസാരിക്കാനും നിങ്ങൾ മാറ്റം വരുത്തേണ്ട മേഖലകൾ വെളിപ്പെടുത്തിത്തരാനും അനുവദിക്കുക. ഒരുപക്ഷേ, നിങ്ങളുടെ അഹങ്കാരം ഉള്ളിൽ മറ്റുള്ളവരെ വിധിക്കുന്ന ശീലത്തിലേക്ക് നിങ്ങളെ നയിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾ കുമ്പസാരിക്കേണ്ട പാപങ്ങൾ കാണാൻ കഴിയാത്തവിധം അത് നിങ്ങളെ അന്ധരാക്കിയിട്ടുണ്ടാകാം. നിങ്ങളോടു പറഞ്ഞവ എന്നപോലെ ഈ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞാൽ, യേശുവിന്റെ തീക്ഷ്ണത നിങ്ങളിലേക്കും എത്തും; നിങ്ങളുടെ ആത്മാവിൽ മാറ്റം വരുത്തേണ്ടവ കാണാൻ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും. ഇതിനുനേരെ കണ്ണടയ്ക്കരുത്. തുറന്ന മനസ്സുള്ളവരായിരിക്കുക, എളിമയുള്ളവരായിരിക്കുക, ശ്രവിക്കുക.

തീക്ഷ്ണതയുള്ള എന്റെ കർത്താവേ, പലവിധത്തിൽ അങ്ങ് സ്നേഹത്തിന്റെ വാക്കുകൾ സംസാരിച്ചു. ചിലപ്പോൾ അങ്ങ് സൗമ്യനായിരുന്നു; മറ്റു ചിലപ്പോൾ കർക്കശനുമായിരുന്നു. സ്നേഹത്തോടെയുള്ള അങ്ങയുടെ കർക്കശമായ ശാസനകൾ സ്വീകരിക്കാൻ എനിക്കാവശ്യമായ കൃപയും എളിമയും നൽകണമേ. എന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് ആത്മാർഥമായി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങനെ അങ്ങയുടെ കൃപ എന്റെ ആന്തരികജീവിതത്തെ രൂപാന്തരപ്പെടുത്തി എന്റെ പ്രവൃത്തികളിലേക്കും ഒഴുകിയെത്തട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


മനസ്സാക്ഷിക്കുത്ത്

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ബുധനാഴ്ച

അപ്പോൾ നിയമപണ്ഡിതരിൽ ഒരാൾ അവനോടു മറുപടിയായി പറഞ്ഞു: “ഗുരോ, ഇങ്ങനെ പറയുന്നതിലൂടെ നീ ഞങ്ങളെയും അപമാനിക്കുകയാണ്.” അവൻ പറഞ്ഞു: “നിയമപണ്ഡിതരായ നിങ്ങൾക്കും ദുരിതം! ചുമക്കാൻ പ്രയാസമുള്ള ഭാരങ്ങൾ നിങ്ങൾ മനുഷ്യരുടെമേൽ വച്ചുകൊടുക്കുന്നു; എന്നാൽ അവ തൊടാൻ നിങ്ങൾ സ്വയം ഒരു വിരൽപോലും ഉയർത്തുന്നില്ല.”  ലൂക്കാ 11:45–46

യേശു ഫരിസേയരെ കർശനമായി ശാസിക്കുന്നത് ഈ നിയമപണ്ഡിതൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. കേട്ടപ്പോൾ അയാൾക്കുതന്നെ മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടു; അയാൾ നമ്മുടെ കർത്താവിനെ വെല്ലുവിളിച്ചു. യേശു എന്താണു ചെയ്യുന്നത്? ജനങ്ങളുടെമേൽ കനത്ത ഭാരങ്ങൾ ചുമത്താൻ അയാൾ നിയമം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, യേശു ഉടൻതന്നെ ആ നിയമപണ്ഡിതനെ കർശനമായി ശാസിക്കുന്നു. സ്നേഹപൂർവമായ ഈ ശാസനയിൽനിന്ന് യേശു പിന്മാറിയില്ല. പകരം, തന്റെ ശാസന ഫലം പുറപ്പെടുവിച്ചുകൊണ്ടിരുന്ന ഇടത്തേക്കുതന്നെ അവിടുന്ന് അതിനെ നയിച്ചു: ഈ നിയമപണ്ഡിതന്റെ മനസ്സാക്ഷിയിലേക്ക്.

ഈ നിയമപണ്ഡിതന്റെ അനുഭവം പ്രധാനപ്പെട്ട രണ്ടു പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി, നമ്മുടെ മനസ്സാക്ഷിയിൽ “കുത്ത്” അനുഭവപ്പെടുമ്പോൾ അതിനു ശ്രദ്ധ കൊടുക്കേണ്ടതിന്റെ പ്രാധാന്യം അയാളിൽനിന്ന് നാം പഠിക്കുന്നു. രണ്ടാമതായി, അങ്ങനെ സംഭവിക്കുമ്പോൾ സ്വയം ന്യായീകരിക്കാൻ തുനിയുന്നത് വളരെ എളുപ്പമാണെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

എന്താണ് നിങ്ങളുടെ മനസ്സാക്ഷിയെ കുത്തിനോവിക്കുന്നത്? കഴിഞ്ഞ ഒരു മാസത്തിലേക്കു തിരിഞ്ഞുനോക്കുക; നിങ്ങൾ സ്വയം ന്യായീകരിക്കാൻ തുനിഞ്ഞ ഏതെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുക. ആരെങ്കിലും പറഞ്ഞ എന്തെങ്കിലും നിങ്ങളെ അസ്വസ്ഥരാക്കിയോ? എങ്കിൽ അത് ശ്രദ്ധിക്കുക. ചിലപ്പോൾ നമ്മുടെ സ്വന്തം പാപമല്ലാത്ത കാരണങ്ങളാലും നാം അസ്വസ്ഥരാകാറുണ്ട്. എന്നാൽ പലപ്പോഴും നമ്മെ യഥാർഥത്തിൽ അസ്വസ്ഥരാക്കുന്നത്, നാം പോരാടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും പാപത്തെ നേരിൽ അഭിമുഖീകരിക്കേണ്ടിവരുന്നു എന്നതും അത് സമ്മതിക്കാൻ നമുക്കു മനസ്സില്ല എന്നതുമാണ്.

ഈ നിയമപണ്ഡിതൻ യേശുവിനെ ശ്രവിക്കുകയും നീരസപ്പെടുന്നതിനുപകരം യേശുവിന്റെ വാക്കുകൾക്ക് നന്ദിയുള്ളവനാകുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു? അയാൾ എളിമയോടെ സ്വന്തം ജീവിതത്തിലേക്കു നോക്കുകയും, ഏതെല്ലാം കാര്യങ്ങളുടെ പേരിലാണോ യേശു ഫരിസേയരെ കുറ്റപ്പെടുത്തിയത് അതേ കാര്യങ്ങളിൽ താനും കുറ്റക്കാരനാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു? അങ്ങനെ ചെയ്തിരുന്നെങ്കിൽ, സ്വന്തം പ്രവൃത്തികളെ ആത്മാർഥമായി പരിശോധിക്കാനും മാറ്റത്തിന്റെ ഒരു പ്രക്രിയ ആരംഭിക്കാനും അയാൾക്കു കഴിയുമായിരുന്നു. എന്നാൽ ഇതു ചെയ്യുക പ്രയാസമാണ്.

അടുത്തിടെ നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തിയ എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. മറ്റൊരാളുടെ സ്നേഹപൂർവമായ ശാസന പോലുള്ള ഏതെങ്കിലും മാർഗത്തിലൂടെ ദൈവം നിങ്ങളുടെ പാപം നിങ്ങൾക്കു കാണിച്ചുതരുമ്പോൾ, അഹങ്കാരത്തെ അതിജീവിക്കാൻ പലപ്പോഴും നിങ്ങൾ ആത്മാർഥമായി പരിശ്രമിക്കേണ്ടിവരുമെന്ന് സത്യസന്ധമായി അംഗീകരിക്കുക. സ്വയം ന്യായീകരിക്കാൻ നിങ്ങൾക്കു തോന്നുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ മാറ്റേണ്ടതായി എന്തോ ഉണ്ടെന്നതിന്റെ സൂചനയായി അതിനെ ഉടൻ തിരിച്ചറിയണം. മനസ്സാക്ഷിക്കുത്ത് ദൈവത്തിന്റെ ദാനമാണ്. അങ്ങനെ സംഭവിക്കുമ്പോൾ മനസ്സു വ്രണപ്പെടുന്നതിനു പകരം സന്തോഷിക്കുക. അപ്പോൾ, നമ്മുടെ കർത്താവ് നിങ്ങൾക്കു കാണിച്ചുതരുന്ന ആ പാപത്തിൽനിന്നുതന്നെ മോചിതരായി ജീവിതവിശുദ്ധിയിൽ വളരാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് നിങ്ങൾ കണ്ടെത്തും.

എന്നെ വെല്ലുവിളിക്കുന്ന എന്റെ കർത്താവേ, പലവിധത്തിൽ അങ്ങ് എന്നോടു നിരന്തരം സംസാരിക്കുന്നു. ചിലപ്പോൾ അങ്ങ് സൗമ്യനാണ്; മറ്റു ചിലപ്പോൾ അങ്ങ് എന്നെ സ്നേഹപൂർവം ശാസിക്കുന്നു. എന്റെ പാപം തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അതു തിരിച്ചറിയുമ്പോൾ, എന്റെ തെറ്റായ പ്രവൃത്തികളെ ന്യായീകരിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കാനോ അങ്ങയുടെ ശാസനയെ തള്ളിക്കളയാനോ ഞാൻ മുതിരാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു. അങ്ങ് എന്നോടു പറയുന്ന എല്ലാറ്റിലും, പ്രത്യേകിച്ച് സ്നേഹത്തോടെയുള്ള അങ്ങയുടെ ശാസനകളിൽ, ആനന്ദിക്കാൻ ഞാൻ പഠിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഗൂഢാലോചനയെ അതിജീവിക്കുക

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വ്യാഴാഴ്ച

യേശു അവിടെനിന്നു പോയപ്പോൾ, നിയമജ്ഞരും ഫരിസേയരും അവനോടു ശത്രുതയോടെ പെരുമാറാനും പല കാര്യങ്ങളെക്കുറിച്ച് അവനെ ചോദ്യംചെയ്യാനും തുടങ്ങി. കാരണം, അവൻ പറയുന്ന എന്തിലെങ്കിലും അവനെ കുടുക്കാൻ അവർ ഗൂഢാലോചന നടത്തുകയായിരുന്നു. ലൂക്കാ 11:53–54

കഴിഞ്ഞ ഏതാനും ദിവസങ്ങളായി, നിയമജ്ഞരെയും ഫരിസേയരെയും നിയമപണ്ഡിതരെയും യേശു “നിങ്ങൾക്കു ദുരിതം” എന്നു ശാസിക്കുന്നതിനെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ വിവരണമാണ് നാം വായിച്ചുകൊണ്ടിരുന്നത്. ഈ മതനേതാക്കൾ മാനസാന്തരപ്പെട്ടില്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം സ്നേഹപൂർവമായ ഈ ശാസനകൾ അവസാനിപ്പിക്കുന്നത്. പകരം, “അവൻ പറയുന്ന എന്തിലെങ്കിലും അവനെ കുടുക്കാൻ” അവർ യേശുവിനെതിരെ ഗൂഢാലോചന നടത്തിത്തുടങ്ങി. ആക്രമിക്കാനുള്ള ആയുധമായി ആളുകൾ ദൈവത്തിന്റെ വിശുദ്ധനിയമത്തെ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്.

സാധാരണയായി നാം വിശുദ്ധലിഖിതങ്ങളിൽനിന്ന് നല്ല രീതിയിലാണ് പ്രചോദനം സ്വീകരിക്കുന്നത്; അതായത്, യേശുവിന്റെ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ചു ധ്യാനിച്ച് അവ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട്. എന്നാൽ, മറ്റുള്ളവർ ചെയ്യുന്ന തിന്മയിൽനിന്നും നമുക്കു പഠിക്കാം; അവരുടെ പാപം ഒഴിവാക്കാൻ അവരുടെ പ്രവൃത്തികൾ നമുക്കു പ്രേരണയാകാൻ അനുവദിക്കുകയും ചെയ്യാം. ഇന്നത്തെ സുവിശേഷത്തിൽ, ഈ മതനേതാക്കൾ നിരന്തരം ഗൂഢാലോചനയിൽ മുഴുകിയിരുന്നതിനെക്കുറിച്ചു ചിന്തിക്കാൻ നാം ക്ഷണിക്കപ്പെടുന്നു; അവരുടെ പാപത്തിൽ നാമും കുറ്റക്കാരാണോ എന്നു പരിശോധിക്കാനാണിത്.

ആദ്യം, യേശുവിന്റെ ശാസനകൾ അവസാനിച്ചപ്പോൾ ഈ മതനേതാക്കൾ അവനോടു “ശത്രുതയോടെ പെരുമാറാൻ തുടങ്ങി” എന്നതു ശ്രദ്ധിക്കുക. സാധാരണയായി മറ്റൊരാളോടു ശത്രുതയോടെ പെരുമാറുമ്പോൾ, നാം ശരിയാണെന്നും അവർ എന്തോ തെറ്റു ചെയ്തുവെന്നുമുള്ള മനോഭാവത്തോടെയാണ് നാം അങ്ങനെ ചെയ്യുന്നത്. അവരുടെ പാപമെന്നു നാം കരുതുന്നതു ചൂണ്ടിക്കാട്ടി നമ്മുടെ ശത്രുതയെ നാം ന്യായീകരിക്കുന്നു. എന്നാൽ, നമ്മുടെ ഭാഗത്തുനിന്നുള്ള ഓരോ ശത്രുതാപരമായ പ്രവൃത്തിയും നാം പാപത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും നമ്മുടെ ഈ പിടിവാശിക്ക് ന്യായീകരണമില്ലെന്നുമുള്ള വ്യക്തമായ സൂചനയാണെന്നു മനസ്സിലാക്കണം.

യേശുവിനെ ചോദ്യംചെയ്തുകൊണ്ടാണ് ഈ മതനേതാക്കൾ അവനോടുള്ള ശത്രുത പ്രകടിപ്പിച്ചതെന്നതും ശ്രദ്ധിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോപത്തോടെ അവർ അവനിൽ എന്തെങ്കിലും കുറ്റം കണ്ടെത്താനായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. മോശയിലൂടെയും പ്രവാചകന്മാരിലൂടെയും കൈമാറിക്കിട്ടിയ ദൈവത്തിന്റെ നിയമംതന്നെ ഉപയോഗിച്ച്, തങ്ങളുടെ വാക്കുകളാൽ അവനെ കബളിപ്പിക്കാനും കുടുക്കാനും അവർ ശ്രമിച്ചു. എന്നാൽ, തങ്ങളുടെ ശത്രുതയെ ന്യായീകരിക്കാനും അഹങ്കാരത്താൽ യേശുവിനെതിരെ വ്യാജാരോപണം ഉന്നയിക്കാനുമായി അവർ ആ നിയമത്തെ വളച്ചൊടിച്ചു.

മറ്റൊരാളുടെ പാപമാണെന്നു നിങ്ങൾ വിധിയെഴുതിയ ഒരു കാര്യത്തെക്കുറിച്ചുള്ള ചിന്തയിൽ ഒരുവിധം മുഴുകിപ്പോയ അവസരങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിക്കുക. ഇങ്ങനെയുള്ള സാഹചര്യത്തിൽ ശത്രുത പരോക്ഷമായും പ്രകടമാകാം; അതായത്, പുറമേ നിങ്ങൾ സൗമ്യമായ മനോഭാവം പ്രകടിപ്പിക്കുമ്പോഴും, ഉള്ളിൽ ആ വ്യക്തിയെ എങ്ങനെ കുറ്റംവിധിക്കാമെന്ന ചിന്തയിൽ മുഴുകിയിരിക്കാം. പലപ്പോഴും ഇങ്ങനെ സംഭവിക്കുമ്പോൾ, നമുക്കു ന്യായമുണ്ടെന്നു തോന്നാം. കാരണം, നീതി നടപ്പാക്കപ്പെടണമെന്നും ആ നീതി നടപ്പാക്കേണ്ടതു നാമാണെന്നും നാം നമ്മെത്തന്നെ ബോധ്യപ്പെടുത്തുന്നു. എന്നാൽ, നമ്മുടെ ജീവിതത്തെ നയിക്കുന്നതു ദൈവമാണെങ്കിൽ, മറ്റൊരാൾക്കെതിരെ നിരന്തരം ഗൂഢാലോചനയിൽ മുഴുകാൻ അവിടുന്ന് നമ്മെ വിളിക്കുകയില്ല. പകരം, ദൈവഹിതം അനുസരിച്ചു ജീവിക്കുമ്പോൾ, കാലതാമസം കൂടാതെയും ശാന്തതയോടും സന്തോഷത്തോടും ദയയോടും സത്യസന്ധതയോടും കൂടി, എല്ലാ കോപത്തിൽനിന്നും പിടിവാശിയിൽനിന്നും സ്വതന്ത്രരായി പ്രവർത്തിക്കാൻ അവിടുന്നു നമ്മെ പ്രചോദിപ്പിക്കുന്നതായി നാം തിരിച്ചറിയും.

നിങ്ങളുടെ ജീവിതത്തിൽ വഴിതെറ്റിയ ഈ പ്രവണത ഏതെങ്കിലും വിധത്തിൽ കണ്ടിട്ടുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. മറ്റൊരാളോടുള്ള ശത്രുതയുമായി നിങ്ങൾ മല്ലിട്ട ഒരു സമയം ഓർത്തെടുക്കാൻ കഴിയുമെങ്കിൽ, അത് എന്തു ഫലമാണ് ഉളവാക്കിയതെന്നു നോക്കുക. നിങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവം മഹത്ത്വപ്പെട്ടോ? അതു നിങ്ങളെ സമാധാനത്തിലാണോ അസ്വസ്ഥതയിലാണോ എത്തിച്ചത്? നിങ്ങളുടെ ചിന്ത പൂർണമായും വസ്തുനിഷ്ഠമായിരുന്നോ? ഈ ചോദ്യങ്ങളോടു സത്യസന്ധത പുലർത്തുക. അപ്പോൾ, ഇത്തരത്തിലുള്ള പിടിവാശിനിറഞ്ഞ ചിന്തകളിൽനിന്നു മോചനം നേടാനുള്ള വഴി നിങ്ങൾ കണ്ടെത്തിത്തുടങ്ങും. നിങ്ങൾ സമാധാനത്തിലായിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അനീതിയുണ്ടെങ്കിൽ, നമ്മുടെ കർത്താവ് അതു പരിഹരിക്കുമെന്നു വിശ്വസിക്കുക. നിങ്ങളുടെ ഭാഗത്തുനിന്ന്, ക്ഷമിക്കാനും ഉപവിയോടെ പ്രവർത്തിക്കാനും ദൈവഹിതം സൗമ്യമായി നിങ്ങൾക്കു വെളിപ്പെടുത്തപ്പെടുമ്പോൾ അതിലേക്കു ശ്രദ്ധ തിരിക്കാനും നിങ്ങൾ നിരന്തരം പരിശ്രമിക്കണം.

ക്ഷമയും ദയയുമുള്ള എന്റെ കർത്താവേ, നിർമലമായ സത്യം സ്നേഹത്തോടും വ്യക്തതയോടും ധൈര്യത്തോടുംകൂടെ സംസാരിച്ചതിനാൽ, അങ്ങയുടെ കാലത്തെ മതനേതാക്കളിൽ പലരും അങ്ങയുടെമേൽ വ്യാജമായ കുറ്റങ്ങൾ ആരോപിക്കുകയും അങ്ങയെ കുറ്റംവിധിക്കുകയും ചെയ്തു. മറ്റൊരാളോട് ശത്രുതയോടും കോപത്തോടുംകൂടെ ഞാൻ പെരുമാറുമ്പോൾ, ഈ പാപങ്ങളിൽനിന്നു പിന്തിരിയാൻ എന്നെ സഹായിക്കണമേ. അങ്ങനെ ഞാൻ ഒരിക്കലും കുറ്റംവിധിക്കാതെയും വിധിക്കാതെയും എന്റെ സ്വന്തം ലക്ഷ്യങ്ങൾക്കായി അങ്ങയുടെ ദൈവികനിയമത്തെ വളച്ചൊടിക്കാതെയും ഇരിക്കട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ സമാധാനവും ഉപവിയുംകൊണ്ടു മാത്രം എന്നെ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ആത്മാർഥതയും സത്യനിഷ്ഠയും

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച

“വെളിപ്പെടാത്തതായി മറച്ചുവച്ചതൊന്നുമില്ല; അറിയപ്പെടാത്തതായി രഹസ്യമായതൊന്നുമില്ല. അതിനാൽ, നിങ്ങൾ ഇരുട്ടിൽ പറഞ്ഞതെല്ലാം വെളിച്ചത്തിൽ കേൾക്കപ്പെടും; അടച്ചിട്ട വാതിലുകൾക്കു പിന്നിൽ നിങ്ങൾ മന്ത്രിച്ചതു മേൽക്കൂരകളിൽനിന്നു പ്രഘോഷിക്കപ്പെടും.” ലൂക്കാ 12:2–3

മുകളിൽ ഉദ്ധരിച്ച ഭാഗത്തിനു തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഫരിസേയരുടെ പുളിമാവിനെ—അതായത്, അവരുടെ കാപട്യത്തെ—സൂക്ഷിച്ചുകൊള്ളുവിൻ.” മുൻ അധ്യായത്തിൽ ഈ നേതാക്കളെ ദീർഘമായും വളരെ നേരിട്ടും തുടർച്ചയായി കുറ്റപ്പെടുത്തിയതിനുശേഷമാണ് യേശു ഇതു പറയുന്നത്. അവരുടെ വിനാശകരമായ പ്രവൃത്തികളെ യേശു വളരെ ഗൗരവത്തോടെയാണു കാണുന്നത്. അതിനാൽ, അവരെ നേരിട്ടു ചോദ്യംചെയ്തതിനുശേഷം, കപടഭക്തരായ ഈ നേതാക്കൾമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ അവിടുന്നു തന്റെ ശിഷ്യന്മാരിലേക്കു തിരിയുന്നു.

തനിക്ക് ചില ധാർമ്മിക സദ്ഗുണങ്ങളുണ്ടെന്ന് നടിക്കുന്നവനാണ് കപടനാട്യക്കാരൻ. എന്നാൽ വാസ്തവത്തിൽ അവൻ സ്വയം വഞ്ചിക്കുകയും മറ്റുള്ളവരെ വഞ്ചിക്കാൻ ശ്രമിക്കുകയും മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് എല്ലാ സത്യവും ഒടുവിൽ വെളിച്ചത്തുവരുമെന്ന കാര്യം യേശു തന്റെ ശിഷ്യന്മാരെ അറിയിച്ച് അവരെ സഹായിക്കുന്നത്. അങ്ങനെ, ഓരോ സൽപ്രവൃത്തിയുടെയും നന്മ ഒടുവിൽ എല്ലാവർക്കും വ്യക്തമാകും; എത്ര മറഞ്ഞിരുന്നാലും എല്ലാ ദുഷ്ടലക്ഷ്യങ്ങളും ഒടുവിൽ വെളിച്ചത്തുവരും.

ഈ വചനഭാഗം കേൾക്കുമ്പോൾ, കാപട്യമെന്ന പാപത്തിൽ വീണുപോയെന്ന് തങ്ങൾ കരുതുന്ന മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനായിരിക്കും പലർക്കും ആദ്യം പ്രലോഭനമുണ്ടാകുക. എന്നാൽ ഈ സത്യങ്ങൾ സ്വന്തം ജീവിതത്തോട് ചേർത്തു ധ്യാനിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും. എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കണം എന്ന ലളിതമായ സന്ദേശമാണ് യേശു പ്രസംഗിക്കുന്നത്. നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കണം. ദൈവം നമ്മെ കാണുന്നതുപോലെ മാത്രം നമ്മെത്തന്നെ കണ്ടുകൊണ്ട്, നമ്മുടെ ആന്തരികജീവിതത്തെക്കുറിച്ച് പൂർണ്ണമായ അവബോധമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സത്യസന്ധതയുടെയും സത്യനിഷ്ഠയുടെയും ഈ പ്രവൃത്തി നിത്യജീവിതത്തിനായി നമ്മെത്തന്നെ ഒരുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്. നാം യഥാർഥത്തിൽ അല്ലാത്ത ഒന്നാണെന്ന് പുറമേ നടിച്ചുകൊണ്ട് ജീവിതം കഴിച്ചുകൂട്ടുകയും, മാറ്റം വരുത്താൻ കഴിയാത്തവിധം വൈകിപ്പോയ അന്തിമവിധിയുടെ വേളയിൽ മാത്രം സത്യം മുഴുവനും വെളിപ്പെടുകയും ചെയ്താൽ അത് എത്ര ദുഃഖകരമായിരിക്കും!

നമ്മോടുതന്നെ സത്യസന്ധരായിരിക്കുക പ്രയാസമായേക്കാം. നല്ലവരാകാനും വിശുദ്ധരാകാനും മറ്റുള്ളവർ നമ്മെ അങ്ങനെ കരുതാനും നാം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ, നമുക്ക് ലജ്ജയും അപമാനവും ഉളവാക്കിയേക്കാവുന്ന മറ്റു പല കാര്യങ്ങളും മറച്ചുവച്ചുകൊണ്ട്, നമ്മുടെ ഏറ്റവും നല്ല രൂപം മാത്രം മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നത് വളരെ സാധാരണമാണ്. നാം ഉള്ളിൽ പോരാടുന്ന ഓരോ പാപത്തെക്കുറിച്ചും എല്ലാവരോടും പറയാൻ നമുക്ക് ധാർമ്മികമായ ബാധ്യതയില്ലെങ്കിലും, ദൈവകൃപയോടെ നാംതന്നെ അവയെ നേരിടുക എന്നത് ധാർമ്മികമായി അനിവാര്യമാണ്.

ഇതിനുള്ള ഒരു പ്രായോഗിക മാർഗം മുകളിൽ കൊടുത്തിരിക്കുന്ന തിരുവചനഭാഗം ധ്യാനിക്കുക എന്നതാണ്. നമ്മുടെ ഹൃദയത്തിലും മനസ്സിലും ഉള്ളതെല്ലാം ഏതെങ്കിലും സമയത്ത്, ഏതെങ്കിലും വിധത്തിൽ വെളിച്ചത്തുവരുമെന്ന് യേശു വ്യക്തമാക്കുന്നു. ചിലർക്ക് മാറ്റം വരുത്താനുള്ള അവസരമായി, ദൈവകൃപയാൽ ഈ ജീവിതത്തിൽത്തന്നെ ഇതു സംഭവിക്കും. മറ്റുചിലരുടെ കാര്യത്തിൽ, ഈ രഹസ്യങ്ങൾ അവരുടെ അന്തിമവിധിയിൽ മാത്രമേ വെളിച്ചത്തുവരുകയുള്ളൂ. എന്നാൽ, നാം എന്താണോ അതെല്ലാം, നാം ചിന്തിക്കുന്നതെല്ലാം, രഹസ്യമായി ചെയ്യുന്നതെല്ലാം വെളിച്ചത്തുവരും എന്നതാണ് സത്യം. അത് ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഭയപ്പെടുത്തുന്നെങ്കിൽ, അതു നല്ലതാണ്. നമ്മുടെ ഉള്ളിലേക്കു നോക്കാനും മറ്റുള്ളവരിൽനിന്ന് മറച്ചുവയ്ക്കുന്ന എല്ലാ കാര്യങ്ങളെയും നേരിടാനും നമ്മെ പ്രേരിപ്പിക്കുന്നതിന് ചിലപ്പോൾ വിശുദ്ധമായ ഒരു ഭയം ആവശ്യമാണ്.

യഥാർഥ സുതാര്യതയും സത്യനിഷ്ഠയുമുള്ള ഒരു ജീവിതത്തിനായി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം എല്ലാവർക്കും കാണാൻ കഴിയുന്നതുപോലെ ഓരോ ദിവസവും ജീവിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. ഒടുവിൽ വെളിച്ചത്തുവരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സമാധാനത്തോടെ ഇരിക്കാൻ നിങ്ങൾ ഏതെങ്കിലും വിധത്തിൽ മാറേണ്ടതുണ്ടെങ്കിൽ, ആ മാറ്റം വരുത്താൻ ഇവിടെയും ഇപ്പോഴും ഉത്സാഹത്തോടെ പരിശ്രമിക്കുക. ഫരിസേയർ കഠിനമായി ശാസിക്കപ്പെട്ടത് അവരുടെ കാപട്യത്തിന്റെ പേരിലാണ്; അതിന്റെ വിപരീതമാണ് സത്യസന്ധതയും ആത്മാർഥതയും. മനോഹരമായ ഈ സദ്ഗുണങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. എല്ലാം “അറിയപ്പെടുകയും” “പുരമുകളിൽനിന്ന് പ്രഘോഷിക്കപ്പെടുകയും” ചെയ്യുന്ന മഹത്വപൂർണ്ണമായ ആ വിധിദിനത്തിനുള്ള ഒരുക്കമായി, ഇവിടെയും ഇപ്പോഴും യഥാർഥ സത്യനിഷ്ഠയോടെ ജീവിക്കാൻ കഴിയേണ്ടതിന്, ഈ സദ്ഗുണങ്ങൾ നിങ്ങൾക്ക് ദാനമായി നൽകണമേ എന്ന് കർത്താവിനോടു പ്രാർഥിക്കുക.

സത്യങ്ങൾ വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങ് എല്ലാം കാണുന്നു. എന്റെ ഹൃദയത്തെ അങ്ങ് പൂർണമായി അറിയുന്നു. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാനും, അങ്ങ് എന്നെ അറിയുന്നതുപോലെ എന്റെ ഹൃദയാന്തരംഗത്തെ അറിയാനും എനിക്കു കൃപ നൽകണമേ. ഞാൻ ആരാണെന്നതിനെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ സത്യങ്ങൾ എനിക്കു കാണാനായി വെളിച്ചത്തുവരുമ്പോൾ, ആത്മാർഥമായി മാറാനുള്ള കൃപയും എനിക്കുണ്ടാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ എന്റെ പ്രവൃത്തികളാൽ അങ്ങയെ യഥാർഥത്തിൽ മഹത്വപ്പെടുത്താനും എല്ലാവർക്കും യഥാർഥ പ്രചോദനത്തിന്റെ ഉറവിടമാകാനും എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


വിധിക്കു മുന്നിലും സമാധാനം

സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ശനിയാഴ്ച

അവർ നിങ്ങളെ സിനഗോഗുകളുടെയും ഭരണാധികാരികളുടെയും അധികാരികളുടെയും മുമ്പിൽ കൊണ്ടുചെല്ലുമ്പോൾ, എങ്ങനെ അല്ലെങ്കിൽ എന്തു പറഞ്ഞ് സ്വയം പ്രതിവാദിക്കണമെന്നോ എന്തു സംസാരിക്കണമെന്നോ ഓർത്ത് ഉത്കണ്ഠപ്പെടേണ്ടാ. എന്താണു പറയേണ്ടതെന്ന് പരിശുദ്ധാത്മാവ് ആ സമയത്ത് നിങ്ങളെ പഠിപ്പിക്കും.” ലൂക്കാ 12:11–12

യേശു ഈ സുവിശേഷഭാഗം തന്റെ സ്വന്തം ജീവിതത്തിൽ പരിപൂർണ്ണമായി ജീവിച്ചു. അവിടുന്ന് അറസ്റ്റുചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും അന്യായമായി കുറ്റം വിധിക്കപ്പെടുകയും ചെയ്തു; മഹാപുരോഹിതനും ഹേറോദേസും പൊന്തിയോസ് പീലാത്തോസും അവിടുത്തെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലുകൾക്കിടയിൽ ചിലപ്പോൾ അവിടുന്ന് സംസാരിച്ചു; മറ്റു ചിലപ്പോൾ മൗനം പാലിച്ചു. ഈ ചോദ്യം ചെയ്യലുകൾക്കുള്ള ഒരുക്കമായി, എന്തു പറയണം, എന്തു പറയരുത് എന്നു തീരുമാനിക്കാൻ യേശു ഓരോ ഭരണാധികാരിയെയും കുറിച്ച് മുൻകൂട്ടി പഠിച്ചില്ല. അവിടുന്ന് ഒരു പ്രതിവാദം തയ്യാറാക്കിയില്ല. പകരം, തന്റെ മനുഷ്യസ്വഭാവത്തിൽ ഓരോ നിമിഷവും നയിക്കപ്പെടുന്നതിനായി പരിശുദ്ധാത്മാവുമായും പിതാവുമായുമുള്ള തന്റെ പരിപൂർണ്ണമായ ഐക്യത്തിൽ ആശ്രയിച്ചു.

നിങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ നിങ്ങൾ അറസ്റ്റുചെയ്യപ്പെടാനും ക്രൈസ്തവനായിരിക്കുന്നതിന്റെ പേരിൽ ഭരണാധികാരികൾ നിങ്ങളെ വിചാരണ ചെയ്യാനും സാധ്യത കുറവായിരിക്കാം. എങ്കിലും, മറുപടി നൽകുക നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്ന തരത്തിലുള്ള മറ്റു പല ചോദ്യം ചെയ്യലുകളും കുറ്റവിധികളും ചില അവസരങ്ങളിൽ നിങ്ങൾക്ക് അനുഭവിക്കേണ്ടിവന്നേക്കാം. മറ്റൊരാൾ നിങ്ങളെ കുറ്റം വിധിക്കുമ്പോൾ, കോപത്തോടെ തിരിച്ചാക്രമിച്ച് സ്വയം പ്രതിരോധിക്കാൻ നിങ്ങൾക്ക് പ്രലോഭനമുണ്ടാകാനുള്ള സാധ്യതയുമേറെയാണ്.

ഈ സുവിശേഷഭാഗം വ്യക്തമായി മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോൾ, മറ്റുള്ളവർ നിങ്ങളെ വിധിക്കുന്ന ഏതൊരു അനുഭവത്തിലും അത് നിങ്ങൾക്ക് ശാന്തിയും ആശ്വാസവും നൽകേണ്ടതാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പറയുന്നു: “അവിവേകപൂർവമായ വിധി ഒഴിവാക്കാൻ, ഓരോരുത്തരും തങ്ങളുടെ അയൽക്കാരന്റെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും കഴിയുന്നിടത്തോളം അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രദ്ധിക്കണം” (# 2478). നിങ്ങൾതന്നെ ഇങ്ങനെ ചെയ്യാൻ എപ്പോഴും പരിശ്രമിക്കേണ്ടതുണ്ടെങ്കിലും, മറ്റുള്ളവർ നിങ്ങളോട് ഇത്രയും കരുതലോടെയും സത്യസന്ധതയോടെയും പെരുമാറാത്ത സന്ദർഭങ്ങൾ മിക്കവാറും ഉണ്ടാകും. അതിനാൽ, മറ്റൊരാൾ നിങ്ങളെ വിധിക്കുമ്പോൾ, അവർ പറയുന്നതിൽ സത്യമുണ്ടെങ്കിൽപ്പോലും, സ്വയം ന്യായീകരിച്ചുകൊണ്ടോ കോപത്തോടെയോ പ്രതികരിക്കാതിരിക്കേണ്ടത് പ്രധാനമാണ്; അങ്ങനെ പ്രതികരിക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അസന്ദിഗ്ധമായി നയിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് അതിന് അപവാദമുള്ളത്. പരിശുദ്ധാത്മാവിന്റെ ഓരോ പ്രേരണയും പിന്തുടരാൻ നിങ്ങൾ വിനയത്തോടെയും നിരന്തരമായും ശ്രമിക്കുമ്പോൾ, അവിടുന്ന് എപ്പോഴും നിങ്ങളെ നയിക്കുമെന്ന് വിശ്വസിക്കണം എന്നതാണ് യേശു നൽകുന്ന മുഖ്യസന്ദേശം. നിങ്ങളുടെ മനസ്സാക്ഷിയിൽ മുഴങ്ങുന്ന ദൈവസ്വരത്തിന് ശ്രദ്ധ കൊടുക്കുന്ന ഉറച്ച ശീലം നിങ്ങൾ വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.

അവിവേകപൂർവമായ വിധി, പരദൂഷണം, അപവാദം തുടങ്ങിയവ നേരിടുന്നത് വേദനാജനകമായതിനാൽ, എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനെ മാത്രം ആശ്രയിക്കാൻ പഠിച്ചുകൊണ്ട് നിങ്ങളുടെ പ്രതിരോധത്തിനായി മുൻകൂട്ടി ഒരുങ്ങണം. അങ്ങനെ ചെയ്യാൻ യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു! അതിനാൽ, ദൈവഹിതം നിറവേറ്റാനും അവിടുത്തെ സ്വരം കേൾക്കാനും ഉദാരമനസ്സോടെ പ്രതികരിക്കാനും നിങ്ങൾ ദിവസേന വിനയത്തോടെ ശ്രമിക്കുന്നുവെങ്കിൽ, സമയമാകുമ്പോൾ ഇത്തരം വിധികൾ നേരിടാൻ നിങ്ങൾ ഒരുങ്ങിയിരിക്കുമെന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് നിങ്ങളോട് സംസാരിക്കുകയും നിങ്ങൾക്ക് പ്രചോദനവും ആശ്വാസവും നൽകുകയും ദൈവഹിതത്തിന് അനുസൃതമായി പ്രതികരിക്കാൻ ആവശ്യമായ എല്ലാ കൃപകളും നൽകുകയും ചെയ്യും. ഇതിൽ സംശയിക്കരുത്. നമ്മുടെ കർത്താവിന്റെ ഈ വാക്കുകളിലും ഈ വാഗ്ദാനത്തിലും വിശ്വാസവും ആശ്രയവും ഉണ്ടായിരിക്കട്ടെ.

മറ്റൊരാൾ നിങ്ങളെ വിധിച്ചപ്പോൾ മുൻകാലങ്ങളിൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഇന്ന് ചിന്തിക്കുക. ഇങ്ങനെ സംഭവിച്ച ചില പ്രത്യേക നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. സമാനമായ വിധികളോടെയാണോ നിങ്ങൾ പ്രതികരിച്ചത്? നിങ്ങൾ കോപത്താൽ നിറഞ്ഞോ? നിങ്ങൾക്കേറ്റ മുറിവിനെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചിരുന്നോ? ഹൃദയസമാധാനം നഷ്ടപ്പെട്ടോ? ഈ പ്രലോഭനങ്ങളിൽ നിങ്ങൾ വീണുപോയിട്ടുണ്ടെങ്കിൽ, യേശു ഇന്ന് പറയുന്നത് വിശ്വസിക്കാൻ വിശ്വാസത്തോടെ പ്രതിജ്ഞാബദ്ധരാകുക. അവിടുന്നിൽ ആശ്രയിക്കുക. ഭാവിയിൽ അത്തരം പ്രയാസകരമായ നിമിഷങ്ങളിൽ അവിടുന്ന് നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുക. പരിശുദ്ധാത്മാവ് നയിക്കുന്നതുപോലെ മാത്രം പ്രതികരിക്കാനുള്ള കൃപ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് പ്രാർഥിക്കുക.

നിഷ്കളങ്കനായ എന്റെ കർത്താവേ, അങ്ങ് വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും അന്യായമായി കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും, ഇവയിലെല്ലാം അങ്ങ് എപ്പോഴും സ്നേഹിക്കുകയും പൂർണതയോടെ സത്യം സംസാരിക്കുകയും ചെയ്ത നിഷ്കളങ്കനായ കുഞ്ഞാടായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ വിധിക്കപ്പെടുമ്പോൾ, പരിശുദ്ധാത്മാവ് എന്നോടുകൂടെ ഉണ്ടായിരിക്കുമെന്നും എനിക്കു പ്രചോദനം നൽകുകയും അങ്ങയുടെ പരിപൂർണമായ തിരുഹിതമനുസരിച്ച് എന്നെ നയിക്കുകയും ചെയ്യുമെന്നുമുള്ള അങ്ങയുടെ വാഗ്ദാനത്തിൽ ആശ്രയിക്കാനും ഹൃദയസമാധാനത്താൽ നിറയാനും എനിക്കു കൃപ നൽകണമേ. പരിശുദ്ധാത്മാവേ, ഇപ്പോഴും എപ്പോഴും ഞാൻ എന്നെത്തന്നെ അങ്ങേക്കു പൂർണമായി സമർപ്പിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം


4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble