മലയാളം

വിഭൂതിബുധനാഴ്ചയുടെ ആഴ്ച

പ്രാർഥിക്കുക, ഉപവസിക്കുക, ദാനം ചെയ്യുക

വിഭൂതി ബുധൻ (വർഷം A)

“രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും.”  മത്തായി 6:4b

നോമ്പുകാലം ആരംഭിക്കുന്നു. പ്രാർഥിക്കാനും ഉപവസിക്കാനും പരസ്നേഹത്തിൽ വളരാനുമുള്ള 40 ദിവസങ്ങൾ.  തിരക്കുകളിൽനിന്ന് മാറിനിന്ന് നമ്മുടെ ജീവിതത്തെ വീണ്ടും പരിശോധിക്കാനും പാപങ്ങളിൽനിന്നു പിന്തിരിയാനും ദൈവം നമുക്കു നൽകാൻ അതിയായി ആഗ്രഹിക്കുന്ന പുണ്യങ്ങളിൽ വളരാനും ഓരോ വർഷവും നമുക്ക് ഈ സമയം ആവശ്യമാണ്.  നോമ്പുകാലത്തിലെ 40 ദിവസങ്ങൾ ഈശോ മരുഭൂമിയിൽ ചെലവഴിച്ച 40 ദിവസങ്ങളുടെ അനുകരണമായിരിക്കണം.  വാസ്തവത്തിൽ, ഈശോ മരുഭൂമിയിൽ ചെലവഴിച്ച സമയത്തെ “അനുകരിക്കാൻ” മാത്രമല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്; ഈ സമയം അവിടുത്തോടുകൂടിയും അവിടുത്തിലും അവിടുത്തിലൂടെയും ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

കൂടുതൽ ആഴമായ വിശുദ്ധി നേടുന്നതിനായി മരുഭൂമിയിൽ 40 ദിവസം ഉപവാസത്തിലും പ്രാർഥനയിലും ചെലവഴിക്കേണ്ട ആവശ്യം ഈശോയ്ക്ക് വ്യക്തിപരമായി ഉണ്ടായിരുന്നില്ല.  അവിടുന്ന് വിശുദ്ധിതന്നെയാണ്!  അവിടുന്ന് ദൈവത്തിന്റെ പരിശുദ്ധനാണ്.  അവിടുന്ന് പരിപൂർണതയാണ്.  അവിടുന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയാണ്.  അവിടുന്ന് ദൈവമാണ്.  എന്നാൽ, തന്നോടു ചേരാൻ നമ്മെ ക്ഷണിക്കുന്നതിനും, ആ 40 ദിവസങ്ങളിലെ സഹനങ്ങൾ അനുഭവിച്ചപ്പോൾ തന്റെ മനുഷ്യസ്വഭാവത്തിൽ അവിടുന്ന് വെളിപ്പെടുത്തിയ, നമ്മെ രൂപാന്തരപ്പെടുത്തുന്ന ഗുണങ്ങൾ നമുക്കു ലഭിക്കുന്നതിനുമായാണ് ഈശോ ഉപവസിക്കാനും പ്രാർഥിക്കാനും മരുഭൂമിയിലേക്കു പോയത്.  നമ്മുടെ കർത്താവിനോടൊപ്പം മരുഭൂമിയിൽ നിങ്ങളുടെ 40 ദിവസങ്ങൾ ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണോ?

മരുഭൂമിയിലായിരിക്കുമ്പോൾ, ഈശോ തന്റെ മനുഷ്യസ്വഭാവത്തിലുള്ള എല്ലാ പൂർണതകളും വെളിപ്പെടുത്തി.  സ്വർഗസ്ഥനായ പിതാവല്ലാതെ മറ്റാരും ഇതു കണ്ടില്ലെങ്കിലും, മരുഭൂമിയിൽ അവിടുന്ന് ചെലവഴിച്ച സമയം മനുഷ്യവംശത്തിനു സമൃദ്ധമായി ഫലമുളവാക്കി.  അത് നമ്മിൽ ഓരോരുത്തർക്കും സമൃദ്ധമായി ഫലമുളവാക്കി.

നാം പ്രവേശിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന “മരുഭൂമി” നമുക്കു ചുറ്റുമുള്ളവരുടെ കണ്ണുകളിൽനിന്ന് മറഞ്ഞിരിക്കുന്നതും എന്നാൽ സ്വർഗസ്ഥനായ പിതാവിനു കാണാവുന്നതുമാണ്.  പുണ്യത്തിലുള്ള നമ്മുടെ വളർച്ച പൊങ്ങച്ചത്തിനോ സ്വാർഥമായ അംഗീകാരത്തിനോ ലോകത്തിന്റെ പ്രശംസ നേടുന്നതിനോ വേണ്ടിയല്ല എന്ന അർഥത്തിലാണ് അത് “മറഞ്ഞിരിക്കുന്നത്.”  നാം പ്രവേശിക്കേണ്ട ഈ 40 ദിവസത്തെ മരുഭൂമി, കൂടുതൽ ആഴമായ പ്രാർഥനയിലേക്കും ദൈവത്തിന്റേതല്ലാത്ത എല്ലാറ്റിൽനിന്നുമുള്ള അനാസക്തിയിലേക്കും നമ്മെ ആകർഷിച്ച് നമ്മെ രൂപാന്തരപ്പെടുത്തുകയും, അനുദിനം നാം കണ്ടുമുട്ടുന്നവരോടുള്ള സ്നേഹത്താൽ നമ്മെ നിറയ്ക്കുകയും ചെയ്യുന്നതാണ്.

ഈ 40 ദിവസങ്ങളിൽ നാം പ്രാർഥിക്കണം.  കൃത്യമായി പറഞ്ഞാൽ, പ്രാർഥന എന്നാൽ നാം ദൈവവുമായി ആന്തരികതലത്തിൽ ആശയവിനിമയം നടത്തുന്നതാണ്.  വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയോ പ്രാർഥനകൾ ഉറക്കെ ചൊല്ലുകയോ ചെയ്യുന്നതിലൊതുങ്ങുന്നതല്ല അത്.  പ്രാർഥന സർവോപരി ദൈവവുമായുള്ള രഹസ്യവും ആന്തരികവുമായ ആശയവിനിമയമാണ്. നാം സംസാരിക്കുന്നു; എന്നാൽ അതിലുപരി, നാം ശ്രദ്ധിക്കുന്നു, കേൾക്കുന്നു, മനസ്സിലാക്കുന്നു, പ്രതികരിക്കുന്നു.  ഈ നാലു ഗുണങ്ങളും ഇല്ലെങ്കിൽ പ്രാർഥന പ്രാർഥനയല്ല.  അത് “ആശയവിനിമയമല്ല.”  നാം നമ്മോടുതന്നെ സംസാരിക്കുക മാത്രമാണ് അത്.

ഈ 40 ദിവസങ്ങളിൽ നാം ഉപവസിക്കണം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്, പ്രവർത്തനങ്ങളുടെയും ശബ്ദകോലാഹലങ്ങളുടെയും ആധിക്യത്താൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വീർപ്പുമുട്ടുകയാണ്. ടെലിവിഷൻ, റേഡിയോ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ പലപ്പോഴും നമ്മുടെ കണ്ണുകളെയും കാതുകളെയും വിസ്മയിപ്പിക്കുന്നു. രുചികരമായ ഭക്ഷണങ്ങളും മധുരപലഹാരങ്ങളും മനസ്സിന് ആശ്വാസം പകരുന്ന ഭക്ഷണങ്ങളുംകൊണ്ട് നമ്മുടെ രസമുകുളങ്ങൾ നിരന്തരം തൃപ്തിപ്പെടുന്നു; പലപ്പോഴും അത് അമിതമാകുകയും ചെയ്യുന്നു. ദൈവവുമായുള്ള ഐക്യത്തിൽ ജീവിക്കുന്നതിന്റെ കൂടുതൽ ആഴമുള്ള ആനന്ദങ്ങളിലേക്കു തിരിയാൻ, ലോകസുഖങ്ങളുടെ നിരന്തരമായ കടന്നാക്രമണത്തിൽനിന്ന് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്.

ഈ 40 ദിവസങ്ങളിൽ നാം ദാനം ചെയ്യണം. അത്യാഗ്രഹത്തിന്റെ പിടി എത്രത്തോളമുണ്ടെന്ന് നാം അറിയുകപോലും ചെയ്യാതെ അത് പലപ്പോഴും നമ്മെ കീഴടക്കുന്നു. നമുക്ക് ഇതും അതും വേണം. നാം കൂടുതൽ കൂടുതൽ ഭൗതികവസ്തുക്കൾ ഉപയോഗിച്ചുതീർക്കുന്നു. ലോകത്തിൽനിന്ന് സംതൃപ്തി തേടുന്നതുകൊണ്ടാണ് നാം അങ്ങനെ ചെയ്യുന്നത്. ദൈവത്തിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്ന എല്ലാറ്റിനോടുമുള്ള ആസക്തി നാം ഉപേക്ഷിക്കണം; ഔദാര്യം ഈ അനാസക്തി കൈവരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ്.

പ്രാർഥിക്കുക, ഉപവസിക്കുക, ദാനം ചെയ്യുക എന്നീ ലളിതമായ മൂന്നു വാക്കുകളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഈ തപസ്സുകാലത്ത്, ദൈവം മാത്രം അറിയുന്ന രഹസ്യമായ രീതിയിൽ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ, സാധ്യമാണെന്ന് നിങ്ങൾക്ക് ഇപ്പോൾ സങ്കൽപ്പിക്കാനാകുന്നതിലും വലിയ അത്ഭുതങ്ങൾ കർത്താവ് നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ തുടങ്ങും. പലപ്പോഴും നമ്മെ ബന്ധിക്കുന്ന സ്വാർഥതയിൽനിന്ന് അവിടുന്ന് നിങ്ങളെ സ്വതന്ത്രരാക്കുകയും അവിടുത്തെയും മറ്റുള്ളവരെയും തികച്ചും പുതിയൊരു തലത്തിൽ സ്നേഹിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

തപശ്ചര്യ അനുഷ്ഠിക്കുന്ന എന്റെ കർത്താവേ, ഈ തപസ്സുകാലത്ത് ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ഈ 40 ദിവസങ്ങളുടെ മരുഭൂമിയിലേക്കു പ്രവേശിക്കാൻ ഞാൻ സ്വമനസ്സാലെ തീരുമാനിക്കുന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത അളവിൽ പ്രാർഥിക്കാനും ഉപവസിക്കാനും എന്നെത്തന്നെ ദാനമായി നൽകാനും ഞാൻ തീരുമാനിക്കുന്നു. അങ്ങയാൽ എന്റെ അന്തരംഗം രൂപാന്തരപ്പെടുന്ന ഒരു കാലമായി ഈ തപസ്സുകാലം മാറണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അങ്ങയെയും മറ്റുള്ളവരെയും പൂർണഹൃദയത്തോടെ സ്നേഹിക്കുന്നതിൽനിന്ന് എന്നെ തടയുന്ന എല്ലാറ്റിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


തപസ്സുകാലം—യഥാർഥ പ്രാർഥനയ്ക്കുള്ള സമയം

വിഭൂതി ബുധൻ (വർഷം B)

എന്നാൽ നീ പ്രാർഥിക്കുമ്പോൾ നിന്റെ ഉള്ളറയിൽ പ്രവേശിച്ച് വാതിലടച്ച് രഹസ്യത്തിൽ നിന്റെ പിതാവിനോടു പ്രാർഥിക്കുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും. മത്തായി 6:6

യഥാർഥ പ്രാർഥനയുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന്, അത് നിങ്ങളുടെ ആത്മാവിന്റെ ഉള്ളറയുടെ ആഴത്തിൽ നടക്കുന്നു എന്നതാണ്. നിങ്ങളുടെ അസ്തിത്വത്തിന്റെ ആന്തരിക ആഴങ്ങളിലാണ് നിങ്ങൾ ദൈവത്തെ കണ്ടുമുട്ടുക. നമ്മുടെ സഭയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ആത്മീയ എഴുത്തുകാരിൽ ഒരാളായ ആവിലായിലെ വിശുദ്ധ ത്രേസ്യ, ആത്മാവിനെ ദൈവം വസിക്കുന്ന ഒരു കോട്ടയായി വിവരിക്കുന്നു. അവിടുത്തെ കണ്ടുമുട്ടാനും അവിടുത്തോടു പ്രാർഥിക്കാനും അവിടുത്തോടുള്ള ആത്മബന്ധത്തിൽ കഴിയാനും, നമ്മുടെ ആത്മാവാകുന്ന ഈ കോട്ടയിലെ ഏറ്റവും ആഴമേറിയതും ഉള്ളിലുള്ളതുമായ മുറിയിലേക്കു നാം പ്രവേശിക്കണം. ഏറ്റവും ഉള്ളിലുള്ള ആ വാസസ്ഥലത്താണ് ദൈവത്തിന്റെ മഹിമയും സൗന്ദര്യവും അവയുടെ പൂർണതയിൽ കണ്ടെത്തുന്നത്.

ദൈവം ദൂരെ സ്വർഗത്തിൽ, “അവിടെയെങ്ങോ” ഉള്ള ഒരു ദൈവം മാത്രമല്ല. നമുക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറം നമ്മോടടുത്തും ആത്മബന്ധത്തിലും ആയിരിക്കുന്ന ദൈവമാണ് അവിടുന്ന്. വർഷത്തിലെ മറ്റേതു കാലത്തേക്കാളും, അതിപരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസം കണ്ടെത്തുന്നതിനായി നമ്മുടെ ഉള്ളിലേക്കുള്ള ആ യാത്ര നടത്താൻ നാം പരിശ്രമിക്കേണ്ട സമയമാണ് തപസ്സുകാലം.

ഈ തപസ്സുകാലത്ത് ദൈവം നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ഉപേക്ഷിക്കുക, പതിവിലുമധികമായി ഒരു സത്പ്രവൃത്തി ചെയ്യുക എന്നിങ്ങനെ കൂടുതൽ ഉപരിപ്ലവമായ തീരുമാനങ്ങളോടെ തപസ്സുകാലം ആരംഭിക്കുക എളുപ്പമാണ്. ചിലർ ശരീരത്തിന്റെ ആരോഗ്യക്ഷമത മെച്ചപ്പെടുത്താനുള്ള സമയമായി തപസ്സുകാലത്തെ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നു; മറ്റുചിലർ ആത്മീയ വായനയ്ക്കോ മറ്റു ഭക്താനുഷ്ഠാനങ്ങൾക്കോ കൂടുതൽ സമയം നീക്കിവയ്ക്കാൻ തീരുമാനിക്കുന്നു. ഇതെല്ലാം നല്ലതും പ്രയോജനകരവുമാണ്. എന്നാൽ ഈ തപസ്സുകാലത്ത് നിങ്ങളെക്കുറിച്ചുള്ള നമ്മുടെ കർത്താവിന്റെ ഏറ്റവും ആഴമായ ആഗ്രഹം നിങ്ങൾ പ്രാർഥിക്കണമെന്നതാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

തീർച്ചയായും, പ്രാർഥന എന്നത് പ്രാർഥനകൾ ചൊല്ലുന്നതിനെക്കാൾ ഏറെ വലുതാണ്. അത് ജപമാല ചൊല്ലുന്നതോ വിശുദ്ധ ലിഖിതത്തെക്കുറിച്ചു ധ്യാനിക്കുന്നതോ മനോഹരമായി രചിച്ച പ്രാർഥനകൾ ഉരുവിടുന്നതോ മാത്രമല്ല. ആത്യന്തികമായി, പ്രാർഥന ദൈവവുമായുള്ള ഒരു ബന്ധമാണ്. നിങ്ങളിൽ വസിക്കുന്ന ത്രിയേകദൈവവുമായുള്ള ഒരു കണ്ടുമുട്ടലാണത്. യഥാർഥ പ്രാർഥന നിങ്ങളും നിങ്ങളുടെ പ്രിയതമനും തമ്മിലുള്ള സ്നേഹപ്രവൃത്തിയാണ്. അത് വ്യക്തികൾ തമ്മിലുള്ള പരസ്പരദാനമാണ്: നിങ്ങളുടെ ജീവൻ ദൈവത്തിനും ദൈവത്തിന്റെ ജീവൻ നിങ്ങൾക്കും. നാം ദൈവവുമായി ഒന്നാകുകയും ദൈവം നമ്മോടു ഒന്നാകുകയും ചെയ്യുന്ന ഐക്യത്തിന്റെയും സംസർഗത്തിന്റെയും പ്രവൃത്തിയാണ് പ്രാർഥന.

പ്രാർഥനയ്ക്ക് അനേകം തലങ്ങളുണ്ടെന്ന് മഹാന്മാരായ മിസ്റ്റിക്കുകൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനോഹരമായ ജപമാലപ്രാർഥനപോലുള്ള പ്രാർഥനകൾ ചൊല്ലിക്കൊണ്ടാണ് നാം പലപ്പോഴും ആരംഭിക്കുന്നത്. അവിടെനിന്ന് നാം നമ്മുടെ കർത്താവിന്റെയും അവിടുത്തെ ജീവിതത്തിന്റെയും രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചിന്തിക്കുകയും ആഴത്തിൽ വിചിന്തനം ചെയ്യുകയും ചെയ്യുന്നു. നാം അവിടുത്തെ കൂടുതൽ പൂർണമായി അറിയുന്നു. ക്രമേണ, നാം ദൈവത്തെക്കുറിച്ചു ചിന്തിക്കുക മാത്രമല്ല, അവിടുത്തെ മുഖാമുഖം നോക്കിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തുന്നു.

തപസ്സുകാലമെന്ന ഈ വിശുദ്ധ കാലഘട്ടം ആരംഭിക്കുമ്പോൾ, നിങ്ങളുടെ പ്രാർഥനാജീവിതത്തെക്കുറിച്ചു വിചിന്തനം ചെയ്യുക. ഇവിടെ അവതരിപ്പിച്ച പ്രാർഥനയുടെ ചിത്രങ്ങൾ നിങ്ങളിൽ താത്പര്യമുണർത്തുന്നുവെങ്കിൽ, കൂടുതൽ കണ്ടെത്താൻ ഒരു തീരുമാനമെടുക്കുക. പ്രാർഥനയിൽ ദൈവത്തെ കണ്ടെത്തുന്നതിനായി സ്വയം സമർപ്പിക്കുക. പ്രാർഥനയിലൂടെ ദൈവം നിങ്ങളെ ആകർഷിച്ചുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആഴത്തിന് അതിരോ അവസാനമോ ഇല്ല. യഥാർഥ പ്രാർഥന ഒരിക്കലും വിരസമല്ല. യഥാർഥ പ്രാർഥന കണ്ടെത്തുമ്പോൾ നിങ്ങൾ ദൈവത്തിന്റെ അനന്തമായ രഹസ്യം കണ്ടെത്തുന്നു. ജീവിതത്തിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്ന എന്തിനെക്കാളും മഹിമയേറിയതാണ് ഈ കണ്ടെത്തൽ.

ദൈവമായ എന്റെ കർത്താവേ, ഈ നോമ്പുകാലത്ത് ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയെ കൂടുതൽ അറിയാൻ കഴിയേണ്ടതിന് എന്നെ അങ്ങയിലേക്ക് അടുപ്പിക്കണമേ. എന്റെ ഉള്ളിന്റെ ആഴങ്ങളിൽ വസിക്കുകയും എന്നെ അങ്ങയിലേക്കു വിളിക്കുകയും ചെയ്യുന്ന അങ്ങയുടെ ദിവ്യസാന്നിധ്യം എനിക്കു വെളിപ്പെടുത്തണമേ. പ്രിയ കർത്താവേ, യഥാർഥ പ്രാർഥനയെന്ന ദാനം കണ്ടെത്തുന്നതിലൂടെ എന്റെ സ്നേഹവും ഭക്തിയും വളർത്തുമ്പോൾ, ഈ നോമ്പുകാലം മഹിമയുള്ളതാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സ്നേഹിക്കാൻ സ്വതന്ത്രരാകുക

വിഭൂതി ബുധനാഴ്ച (വർഷം C)

കർത്താവേ, ഞങ്ങൾ പാപം ചെയ്തുപോയതിനാൽ ഞങ്ങളോടു കരുണ കാണിക്കണമേ.  (സങ്കീർത്തനം 51 കാണുക)

കരുണ. അതാണ് ഇതിന്റെയെല്ലാം സാരം. തപസ്സുകാലം ആരംഭിക്കുമ്പോൾ, കരുണയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടു തുടങ്ങുന്നത് ഏറെ ഉചിതമാണ്.

നോമ്പുകാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും ഒരുതരം ഭയത്തോടെയാണ് നാം അതിനെ കാണുന്നത്. “എനിക്ക് എന്തെങ്കിലും ഉപേക്ഷിക്കേണ്ടിവരും” എന്നു നാം പലപ്പോഴും ചിന്തിക്കുന്നു. എന്നാൽ നമ്മുടെ ചിന്ത അതാണെങ്കിൽ, നോമ്പുകാലത്തിന്റെ യഥാർഥ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നില്ല. ഞാൻ എന്തെങ്കിലും ഉപേക്ഷിക്കണമെന്നു “നിർബന്ധമുണ്ടോ”? ഉണ്ട് എന്നും ഇല്ല എന്നും പറയാം. ദൈവം ഇത് ആഗ്രഹിക്കുന്നുവെന്നും സ്വയംത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഈ അഭ്യാസത്തെക്കുറിച്ച് തന്റെ സഭയിലൂടെ നമ്മോടു പറഞ്ഞിട്ടുണ്ടെന്നും ഉള്ളത് സത്യമാണ്. അതു ശരിതന്നെ. എന്നാൽ ഒരു ഭാരം അടിച്ചേൽപ്പിക്കുന്നതിനെക്കാൾ, കൃപയിലേക്കുള്ള ഒരു ക്ഷണമാണിത്.

എന്തെങ്കിലും ഉപേക്ഷിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യം ദൈവത്തിന്റെ സമൃദ്ധമായ കരുണയിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുക എന്നതാണ്. നമ്മെ ബന്ധിക്കുന്ന എല്ലാറ്റിൽനിന്നും സ്വതന്ത്രരാകുന്നതിനെക്കുറിച്ചാണിത്; നാം അതിയായി തേടുന്ന പുതുജീവൻ അനുഭവിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. എന്തെങ്കിലും ഉപേക്ഷിക്കുക എന്നത് ഒരു ഭക്ഷണമോ പാനീയമോ ഒഴിവാക്കുന്നതുപോലെ ലളിതമായ ഒന്നാകാം. അല്ലെങ്കിൽ, ഒരു പരിധിവരെ സ്വയംത്യാഗം ആവശ്യപ്പെടുന്ന, മനഃപൂർവം ചെയ്യുന്ന ഏതൊരു പ്രവൃത്തിയുമാകാം. എന്നാൽ ഇത് നല്ലതാണ്! എന്തുകൊണ്ട്? കാരണം, ഇത് നമ്മുടെ ആത്മാവിനെയും ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുന്നു. ദൈവത്തോട് പൂർണമായി “അതെ” എന്നു പറയാനുള്ള ദൃഢനിശ്ചയത്തിൽ ഇത് നമ്മെ ബലപ്പെടുത്തുന്നു.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും നമ്മെ നിയന്ത്രിക്കുന്നു. ഇതോ അതോ വേണമെന്നോ, ഇതോ അതോ ചെയ്യണമെന്നോ നമുക്ക് ഒരു പ്രേരണയുണ്ടാകുന്നു; ആ പ്രേരണകളെയോ ആഗ്രഹങ്ങളെയോ നമ്മെ നിയന്ത്രിക്കാൻ നാം പലപ്പോഴും അനുവദിക്കുന്നു. സ്വയംത്യാഗം അഭ്യസിക്കുന്നത്, നമ്മുടെ ക്രമരഹിതമായ പ്രവണതകളുടെ നിയന്ത്രണത്തിലാകാതെ അവയെ നിയന്ത്രിക്കാൻ നമ്മെ ശക്തിപ്പെടുത്തുന്നു. ഇത് ഭക്ഷണപാനീയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മുടെ പുണ്യജീവിതം, പ്രത്യേകിച്ച് പരസ്നേഹം ഉൾപ്പെടെ, ജീവിതത്തിലെ പല കാര്യങ്ങൾക്കും ഇത് ബാധകമാണ്.

കരുണയുടെ സാരം പരസ്നേഹമാണ്. നാം സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കുക എന്നതാണ് അത്. സ്നേഹം നമ്മെ മുഴുവനായി നിറയ്ക്കാനും നയിക്കാനും അനുവദിക്കുന്ന സ്വാതന്ത്ര്യമാണത്; ഒടുവിൽ, സ്നേഹിക്കുക എന്നതുമാത്രമാകണം നമ്മുടെ ആഗ്രഹം. നമ്മുടെ ജീവിതത്തിൽ ഈ ശീലം വളർത്തിയെടുക്കുക പ്രയാസമായിരിക്കാം. എങ്കിലും, അതാണ് നമ്മുടെ സന്തോഷത്തിന്റെയും ജീവിതസാഫല്യത്തിന്റെയും ഉറവിടം.

പ്രത്യേകിച്ച് കരുണ എന്നത്, ഒരർഥത്തിൽ, മറ്റൊരാൾ അർഹിക്കാത്ത ഒരു സ്നേഹപ്രവൃത്തിയാണ്. സ്നേഹത്തിന്റെ പ്രേരണയാൽ മാത്രം സൗജന്യമായി നൽകപ്പെടുന്ന ഒരു ദാനമാണത്. ദൈവം നമുക്കു നൽകുന്ന സ്നേഹം കൃത്യമായി ഇതുതന്നെയാണ്. ദൈവത്തിന്റെ സ്നേഹം മുഴുവനും കരുണയാണ്. ആ കരുണ സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാമും അതു നൽകണം. അതു നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കരുണ നൽകുന്നതിനായി നമ്മെത്തന്നെ ഉചിതമായി ഒരുക്കേണ്ടതുണ്ട്. നമ്മുടെ ചെറിയ സ്വയംത്യാഗപ്രവൃത്തികളിലൂടെ ഭാഗികമായി ഇതു സാധിക്കുന്നു.

അതിനാൽ ഈ തപസ്സുകാലം മഹത്തരമാക്കുക. എന്നാൽ തപസ്സുകാലത്തിലെ ത്യാഗങ്ങൾ ഭാരമുള്ളവയാണെന്ന ചിന്തയിൽ കുടുങ്ങിപ്പോകരുത്. ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന ജീവിതത്തിലേക്കുള്ള പാതയിലെ അനിവാര്യമായ ഒരു ഘടകമാണ് അവ.

സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, ഈ നോമ്പുകാലം എന്റെ ജീവിതത്തിൽ യഥാർഥത്തിൽ ഫലദായകമാകട്ടെ. അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കുന്നത് എനിക്കു കൃപയും ആനന്ദവുമാകട്ടെ. യേശുവേ, ഞാൻ തീർച്ചയായും അങ്ങയിൽ ശരണപ്പെടുന്നു.


ലോകമോ, നിങ്ങളുടെ ആത്മാവോ?

വിഭൂതി ബുധനാഴ്ചയ്ക്കു ശേഷമുള്ള വ്യാഴാഴ്ച

“ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?” ലൂക്കാ 9:25

ലോട്ടറി ജയിക്കുന്നതായി പലരും സ്വപ്നം കാണാറുണ്ട്. പലപ്പോഴും ദശലക്ഷക്കണക്കിനു ഡോളറുകൾ നേടുന്നതാണ് ആ സ്വപ്നം. ഒറ്റയടിക്ക് നിങ്ങൾ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഡോളറുകളുടെ ഉടമയായാൽ എന്തു ചെയ്യുമെന്ന് സങ്കൽപ്പിച്ചുനോക്കൂ. ഇതേക്കുറിച്ച് നിങ്ങൾ ദിവാസ്വപ്നം കാണാറുണ്ടോ?

ഉണ്ടെങ്കിൽ, മുകളിലെ ചോദ്യം ഒരുപക്ഷേ ചിന്താവിഷയമാക്കാൻ നല്ലതായിരിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറിസമ്മാനം നേടി ഭൂമുഖത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായിത്തീർന്നിട്ടും, നിങ്ങളുടെ ജീവിതത്തിൽ ദൈവകൃപയും വിശ്വാസവും ഇല്ലെങ്കിൽ എന്തു പ്രയോജനം? അതിസമ്പന്നനാകാനും ലോകം മുഴുവൻ നേടാനുമായി നിങ്ങളുടെ വിശ്വാസം കൈമാറാൻ നിങ്ങൾ തയ്യാറാകുമോ? ഒരുപക്ഷേ പലരും അങ്ങനെ ചെയ്തേക്കാം; അല്ലായിരുന്നെങ്കിൽ ഈശോ ഈ ചോദ്യം ചോദിക്കുമായിരുന്നില്ല.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ മുൻഗണനകൾ തെറ്റിപ്പോകുന്നു. നിത്യമായ പൂർണതയെക്കാൾ നാം തേടുന്നത് തൽക്ഷണ സംതൃപ്തിയും സുഖാനുഭൂതിയുമാണ്. നിത്യതയെ മുന്നിൽക്കണ്ടുകൊണ്ട് ജീവിക്കുക എന്നത് പലർക്കും പ്രയാസമാണ്.

ചിലർ പറഞ്ഞേക്കാം: “ഞാൻ രണ്ടും തിരഞ്ഞെടുക്കുന്നു! എനിക്കു ലോകം മുഴുവനും എന്റെ ആത്മാവിന്റെ രക്ഷയും വേണം!” എന്നാൽ രണ്ടും ഒരുമിച്ചു നേടാനാവില്ല എന്ന ധാരണയിലാണ് ഈശോയുടെ ചോദ്യം നിലകൊള്ളുന്നത്. ഏതിന്റെ പിന്നാലെ പോകണമെന്നു നാം തിരഞ്ഞെടുക്കണം. വിശ്വാസജീവിതവും നമ്മുടെ ആത്മാക്കളുടെ രക്ഷയും തിരഞ്ഞെടുക്കുമ്പോൾ, ഈ ലോകത്തിലെ പല കാര്യങ്ങളും നാം വിട്ടുകളയേണ്ടിവരും. ഈ ലോകത്തിൽ ദൈവം നമ്മെ ധാരാളം നൽകി അനുഗ്രഹിച്ചാലും, നമ്മുടെ നിത്യരക്ഷയ്‌ക്കോ മറ്റുള്ളവരുടെ രക്ഷയ്‌ക്കോ ഉപകാരപ്പെടുമെങ്കിൽ അതെല്ലാം “ഉപേക്ഷിക്കാൻ” സന്നദ്ധരും തയ്യാറുമായിരിക്കുന്ന വിധത്തിൽ ജീവിക്കാൻ നാം പരിശ്രമിക്കണം. ഇതു ചെയ്യുക പ്രയാസമാണ്; അതിന് ദൈവത്തോടുള്ള വളരെ ആഴമായ സ്നേഹം ആവശ്യമാണ്. മറ്റെന്തിനെക്കാളും പ്രധാനമാണ് വിശുദ്ധിക്കായുള്ള പരിശ്രമമെന്ന് നമ്മുടെ ഉള്ളിന്റെ ആഴത്തിൽ നമുക്കു ബോധ്യമുണ്ടായിരിക്കണം.

യേശുവിന്റെ ഈ ആഴമേറിയ ചോദ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് ഈ ചോദ്യം നിങ്ങളോടാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ എങ്ങനെയാണ് മറുപടി നൽകുന്നത്? ദൈവത്തെയും അവിടുത്തെ സമൃദ്ധമായ കരുണയെയും നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ മടിക്കരുത്. നിങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആഗ്രഹവും ലക്ഷ്യവും ഗൗരവമായി പരിശോധിക്കാൻ വർഷത്തിലെ ഏറ്റവും നല്ല അവസരങ്ങളിലൊന്നാണ് നോമ്പുകാലം. മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ തിരഞ്ഞെടുക്കുക; അങ്ങനെ ചെയ്തതിൽ നിങ്ങൾ നിത്യം നന്ദിയുള്ളവരായിരിക്കും.

നിത്യനായ എന്റെ കർത്താവേ, ഈ നോമ്പുകാലത്തിലേക്കു നാം പ്രവേശിക്കുമ്പോൾ, എന്റെ മുൻഗണനകൾ പരിശോധിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. എന്റെ ജീവിതത്തെ നയിക്കുന്ന ഏറ്റവും അടിസ്ഥാനപരവും കേന്ദ്രസ്ഥാനത്തുള്ളതുമായ പ്രേരണ എന്താണെന്ന് സത്യസന്ധമായി വിവേചിച്ചറിയാൻ എന്നെ സഹായിക്കണമേ. മറ്റെല്ലാറ്റിനുമുപരി അങ്ങയെ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ എന്റെ ജീവിതത്തിലെ എല്ലാം അങ്ങയുടെ വിശുദ്ധഹിതത്തിന് അനുസൃതമായി ക്രമപ്പെടാൻ അങ്ങ് സഹായിക്കുമല്ലോ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഉപവാസത്തിനും മാംസവർജനത്തിനുമുള്ള ഒരു ദിനം

വിഭൂതി ബുധനു ശേഷമുള്ള വെള്ളിയാഴ്ച

“മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും.”  മത്തായി 9:15

നോമ്പുകാലത്തിലെ വെള്ളിയാഴ്ചകൾ… അവയ്ക്കായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? നോമ്പുകാലത്തിലെ ഓരോ വെള്ളിയാഴ്ചയും മാംസവർജനത്തിന്റെ ദിനമാണ്. അതിനാൽ, നമ്മുടെ സഭ മുഴുവനോടും ഐക്യപ്പെട്ട് ഈ ചെറിയ ത്യാഗം ഇന്ന് തീർച്ചയായും ഏറ്റെടുക്കുക. സഭ മുഴുവനും ഒന്നായി ത്യാഗമർപ്പിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്!

നോമ്പുകാലത്തെ വെള്ളിയാഴ്ചകൾ (വാസ്തവത്തിൽ, വർഷം മുഴുവനുമുള്ള വെള്ളിയാഴ്ചകളും) ഏതെങ്കിലും തരത്തിലുള്ള പ്രായശ്ചിത്തം ചെയ്യാൻ സഭ നമ്മോട് ആവശ്യപ്പെടുന്ന ദിവസങ്ങളാണ്. നിങ്ങൾ മാംസം ഇഷ്ടപ്പെടാത്തവരും മത്സ്യം ഇഷ്ടപ്പെടുന്നവരുമല്ലെങ്കിൽ, മാംസവർജനം തീർച്ചയായും ആ ഗണത്തിൽപ്പെടുന്നു. നോമ്പുകാലത്തെ വെള്ളിയാഴ്ചകളെക്കുറിച്ച് മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അവ ത്യാഗത്തിന്റെ ദിവസങ്ങളായിരിക്കണം എന്നതാണ്. ഒരു വെള്ളിയാഴ്ചയാണ് യേശു പരമമായ ബലി അർപ്പിക്കുകയും നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി അതികഠിനമായ വേദന സഹിക്കുകയും ചെയ്തത്. നമ്മുടെ സ്വന്തം ത്യാഗം അർപ്പിക്കാനും ആ ത്യാഗത്തെ ക്രിസ്തുവിന്റെ ബലിയോട് ആത്മീയമായി ഒന്നിപ്പിക്കാൻ പരിശ്രമിക്കാനും നാം മടിക്കരുത്. നാം എന്തിനാണ് അങ്ങനെ ചെയ്യുന്നത്?

ആ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ കാതൽ, പാപത്തിൽനിന്നുള്ള വീണ്ടെടുപ്പിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണയാണ്. ഇതിനെക്കുറിച്ച് നമ്മുടെ കത്തോലിക്കാസഭ നൽകുന്ന അതുല്യവും ആഴമേറിയതുമായ പ്രബോധനം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. യേശു ലോകത്തിന്റെ ഏക രക്ഷകനാണെന്ന വിശ്വാസം കത്തോലിക്കരായ നാം ലോകമെമ്പാടുമുള്ള മറ്റു ക്രൈസ്തവരുമായി പങ്കിടുന്നു. അവിടുത്തെ കുരിശിലൂടെ നേടിയ വീണ്ടെടുപ്പുവഴി മാത്രമാണ് സ്വർഗത്തിലേക്കുള്ള വഴി തുറക്കുന്നത്. ഒരർഥത്തിൽ, നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ മരണമെന്ന “വില നൽകി.” നമ്മുടെ ശിക്ഷ അവിടുന്ന് ഏറ്റെടുത്തു.

എന്നാൽ, ഇതോടൊപ്പം ഈ അമൂല്യമായ ദാനം സ്വീകരിക്കുന്നതിൽ നമുക്കുള്ള പങ്കും ഉത്തരവാദിത്വവും നാം മനസ്സിലാക്കണം. “ശരി, ഞാൻ വില നൽകി; ഇനി നിങ്ങൾ എല്ലാ ബാധ്യതകളിൽനിന്നും പൂർണമായി ഒഴിവായിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ദൈവം നൽകുന്ന ഒരു ദാനം മാത്രമല്ല അത്. അല്ല, ഇതുപോലെയാണ് അവിടുന്ന് പറയുന്നതെന്ന് നാം വിശ്വസിക്കുന്നു: “എന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും ഞാൻ രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നു. ഇപ്പോൾ എന്നോടൊപ്പം ആ വാതിലിലൂടെ പ്രവേശിക്കാനും നിങ്ങളുടെ സഹനങ്ങളെ എന്റേതിനോട് ഐക്യപ്പെടുത്താനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു; അങ്ങനെ നിങ്ങളുടേതിനോട് ഐക്യപ്പെട്ട എന്റെ സഹനങ്ങൾ നിങ്ങളെ രക്ഷയിലേക്കും പാപത്തിൽനിന്നുള്ള മോചനത്തിലേക്കും നയിക്കും.” അതിനാൽ, ഒരർഥത്തിൽ നാം “ബാധ്യതകളിൽനിന്ന് ഒഴിവായിട്ടില്ല;” മറിച്ച്, നമ്മുടെ ജീവിതവും സഹനങ്ങളും പാപങ്ങളും ക്രിസ്തുവിന്റെ കുരിശിനോട് ഐക്യപ്പെടുത്തുന്നതിലൂടെ സ്വാതന്ത്ര്യത്തിലേക്കും രക്ഷയിലേക്കുമുള്ള ഒരു വഴി ഇപ്പോൾ നമുക്കുണ്ട്. രക്ഷയ്ക്കായി ഒരു വില നൽകേണ്ടിവന്നുവെന്നും, ആ വില യേശുവിന്റെ മരണം മാത്രമല്ല, അവിടുത്തെ സഹനത്തിലും മരണത്തിലും നാം മനസ്സോടെ പങ്കുചേരുന്നതുകൂടിയാണെന്നും കത്തോലിക്കരായ നാം മനസ്സിലാക്കുന്നു. ഇങ്ങനെയാണ് അവിടുത്തെ ബലി നമ്മുടെ ഓരോ പാപത്തെയും രൂപാന്തരപ്പെടുത്തുന്നത്.

യേശുവിന്റെ ബലിയോട് സ്വമനസ്സാലും സ്വാതന്ത്ര്യത്തോടെയും നമ്മെത്തന്നെ ഒന്നിപ്പിക്കാൻ നമുക്കു പ്രത്യേക ക്ഷണം ലഭിക്കുന്ന ദിവസങ്ങളാണ് നോമ്പുകാലത്തെ വെള്ളിയാഴ്ചകൾ. അവിടുത്തെ ബലിക്ക് അവിടുന്ന് വലിയ നിസ്വാർഥതയും സ്വയംത്യാഗവും പുലർത്തേണ്ടിവന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉപവാസത്തിന്റെയും വർജനത്തിന്റെയും മറ്റു സ്വയംത്യാഗങ്ങളുടെയും ചെറിയ പ്രവൃത്തികൾ നിങ്ങളുടെ ഇച്ഛയെ ക്രിസ്തുവിന്റെ ഇച്ഛയോട് കൂടുതൽ അനുരൂപമാകാൻ ഒരുക്കുന്നു. അങ്ങനെ രക്ഷയുടെ കൃപ സ്വീകരിച്ചുകൊണ്ട് അവിടുത്തോട് കൂടുതൽ പൂർണമായി ഒന്നുചേരാൻ നിങ്ങൾക്കു കഴിയും.

ഈ നോമ്പുകാലത്ത്—പ്രത്യേകിച്ച് നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ—നിങ്ങൾ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്ന ചെറിയ ത്യാഗങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇന്ന് ത്യാഗമനോഭാവത്തോടെ ജീവിക്കാൻ തീരുമാനിക്കുക. ലോകരക്ഷകനുമായി കൂടുതൽ ആഴത്തിലുള്ള ഐക്യത്തിലേക്കു പ്രവേശിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണെന്ന് നിങ്ങൾ കണ്ടെത്തും.

പരമമായ ആത്മത്യാഗം ചെയ്ത കർത്താവേ, അങ്ങയുടെ പീഡാനുഭവത്തിലും മരണത്തിലും അങ്ങയോടൊന്നാകാൻ ഈ ദിവസം ഞാൻ തീരുമാനിക്കുന്നു. എന്റെ സഹനവും എന്റെ പാപവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എന്റെ പാപം ക്ഷമിക്കണമേ. എന്റെ സഹനം, പ്രത്യേകിച്ച് എന്റെ പാപത്തിന്റെ ഫലമായുണ്ടാകുന്ന സഹനം, അങ്ങയുടെ സ്വന്തം സഹനത്താൽ രൂപാന്തരപ്പെടാൻ അനുവദിക്കണമേ. അങ്ങനെ അങ്ങയുടെ ഉത്ഥാനത്തിന്റെ ആനന്ദത്തിൽ എനിക്കും പങ്കുചേരാനാകട്ടെ. ഞാൻ അങ്ങേക്കു സമർപ്പിക്കുന്ന ചെറിയ ത്യാഗങ്ങളും ആത്മപരിത്യാഗപ്രവൃത്തികളും അങ്ങയുമായുള്ള എന്റെ ഐക്യം കൂടുതൽ ആഴപ്പെടാനുള്ള ഉറവിടമാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ദിവ്യവൈദ്യന് രോഗികളെ “ആവശ്യമുണ്ട്”

വിഭൂതി ബുധനു ശേഷമുള്ള ശനിയാഴ്ച

“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം.  നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു വിളിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.”  ലൂക്കാ 5:31–32

രോഗികളില്ലെങ്കിൽ ഒരു ഡോക്ടർ എന്തു ചെയ്യും?  ആർക്കും രോഗമില്ലെങ്കിലോ?  പാവം ഡോക്ടർക്ക് ജോലിയില്ലാതാകും.  അതിനാൽ, ഒരർഥത്തിൽ, ഒരു ഡോക്ടർക്ക് ആവശ്യമുള്ളത് രോഗികളെയാണെന്ന് പറയുന്നത് ന്യായമാണ്; തന്റെ ദൗത്യം നിറവേറ്റാൻ അദ്ദേഹത്തിന് അവരെ വേണം.

ഈശോയെക്കുറിച്ചും ഇതുതന്നെ പറയാം.  അവിടുന്ന് ലോകരക്ഷകനാണ്.  എന്നാൽ പാപികൾ ആരുമില്ലായിരുന്നെങ്കിലോ?  അപ്പോൾ ഈശോയുടെ മരണം വ്യർഥമാകുമായിരുന്നു; അവിടുത്തെ കരുണ ആവശ്യവുമാകുമായിരുന്നില്ല.  അതിനാൽ, ഒരർഥത്തിൽ, ലോകരക്ഷകനായ ഈശോയ്ക്ക് ആവശ്യമുള്ളത് പാപികളെയാണെന്ന് നമുക്കു നിഗമനം ചെയ്യാം.  തന്നിൽനിന്ന് അകന്നുപോയവരെയും ദൈവികനിയമം ലംഘിച്ചവരെയും സ്വന്തം മഹത്ത്വത്തിനു വിരുദ്ധമായി പ്രവർത്തിച്ചവരെയും മറ്റുള്ളവരുടെ മഹത്ത്വത്തെ ഹനിച്ചവരെയും സ്വാർഥമായും പാപകരമായും പ്രവർത്തിച്ചവരെയും അവിടുത്തേക്ക് ആവശ്യമുണ്ട്.  ഈശോയ്ക്ക് പാപികളെ ആവശ്യമുണ്ട്.  എന്തുകൊണ്ട്?  കാരണം, ഈശോ രക്ഷകനാണ്; രക്ഷകൻ രക്ഷിക്കേണ്ടതുണ്ട്.  രക്ഷിക്കാൻ, രക്ഷിക്കപ്പെടേണ്ടവരെ ഒരു രക്ഷകന് ആവശ്യമുണ്ട്!

ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാരണം, അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ പാപത്തിന്റെ മാലിന്യവുമായി ഈശോയുടെ അടുക്കലേക്കു വരുന്നത് അവിടുത്തെ ഹൃദയത്തിന് വലിയ ആനന്ദം നൽകുന്നുവെന്ന് നാം പെട്ടെന്നു തിരിച്ചറിയും.  അത് അവിടുത്തേക്ക് ആനന്ദം നൽകുന്നു; കാരണം, ഏക രക്ഷകനായി തന്റെ കരുണ ചൊരിഞ്ഞുകൊണ്ട്, പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ അവിടുത്തേക്ക് കഴിയുന്നു.

ഈശോ തന്റെ ദൗത്യം നിറവേറ്റാൻ അനുവദിക്കുക!  നിങ്ങൾക്കു കരുണ നൽകാൻ അവിടുത്തെ അനുവദിക്കുക!  നിങ്ങൾക്കു കരുണ ആവശ്യമാണെന്ന് സമ്മതിച്ചുകൊണ്ടാണ് നിങ്ങൾ ഇതു ചെയ്യുന്നത്.  കരുണയ്ക്ക് അർഹതയില്ലാത്തവരും നിത്യശിക്ഷയ്ക്കുമാത്രം അർഹരുമായ നിങ്ങൾ, നിസ്സഹായവും പാപപങ്കിലവുമായ അവസ്ഥയിൽ അവിടുത്തെ സമീപിച്ചുകൊണ്ടാണ് ഇതു ചെയ്യുന്നത്.  ഇങ്ങനെ ഈശോയുടെ അടുത്തേക്കു വരുമ്പോൾ, പിതാവ് അവിടുത്തെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുന്നു.  കരുണ നിറഞ്ഞുതുളുമ്പുന്ന തന്റെ ഹൃദയം മൂർത്തമായ രീതിയിൽ വെളിപ്പെടുത്താൻ അത് അവിടുത്തെ അനുവദിക്കുന്നു.  തന്റെ ദൗത്യം നിറവേറ്റാൻ ഈശോയ്ക്ക് നിങ്ങളെ “ആവശ്യമുണ്ട്.”  ഈ സമ്മാനം അവിടുത്തേക്കു നൽകുക; നിങ്ങളുടെ കരുണാമയനായ രക്ഷകനാകാൻ അവിടുത്തെ അനുവദിക്കുക.

ഇന്ന്, ദൈവത്തിന്റെ കരുണയെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടിൽ ധ്യാനിക്കുക.  തന്റെ സൗഖ്യദായക ദൗത്യം നിറവേറ്റാൻ ആഗ്രഹിക്കുന്ന ദിവ്യവൈദ്യനായ ഈശോയുടെ കാഴ്ചപ്പാടിൽ അതിനെ നോക്കിക്കാണുക.  തന്റെ ദൗത്യം നിറവേറ്റാൻ അവിടുത്തേക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന് തിരിച്ചറിയുക.  നിങ്ങൾ നിങ്ങളുടെ പാപം ഏറ്റുപറയുകയും അവിടുത്തെ സൗഖ്യദാനത്തിനു ഹൃദയം തുറക്കുകയും ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.  അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ ഈ കാലഘട്ടത്തിൽ കരുണയുടെ കവാടങ്ങളിലൂടെ കരുണ സമൃദ്ധമായി ഒഴുകാൻ നിങ്ങൾ വഴിയൊരുക്കുന്നു.

പ്രിയ രക്ഷകനും ദിവ്യവൈദ്യനുമായ കർത്താവേ, രക്ഷിക്കാനും സൗഖ്യമാക്കാനും വന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണ വെളിപ്പെടുത്താനുള്ള അങ്ങയുടെ തീവ്രമായ ആഗ്രഹത്തിന് ഞാൻ നന്ദി പറയുന്നു.  അങ്ങയുടെ സൗഖ്യദായകമായ സ്പർശത്തിനു ഹൃദയം തുറക്കാൻ എന്നെ വിനയാന്വിതനാക്കണമേ. രക്ഷയുടെ ഈ ദാനത്തിലൂടെ അങ്ങയുടെ ദൈവിക കരുണ വെളിപ്പെടുത്താൻ ഞാൻ അങ്ങേക്ക് ഇടം നൽകട്ടെ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തപസ്സുകാലത്തിലെ ഒന്നാം ആഴ്ച

ഉള്ളടക്കം


പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്