നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം A)
അനന്തരം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടാൻ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടുന്ന് നാൽപ്പതു രാവും നാൽപ്പതു പകലും ഉപവസിച്ചു; അതിനുശേഷം അവിടുത്തേക്കു വിശന്നു. മത്തായി 4:1–2
പ്രലോഭനം നല്ലതാണോ? പ്രലോഭിപ്പിക്കപ്പെടുന്നത് തീർച്ചയായും പാപമല്ല. അങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കർത്താവുതന്നെ ഒരിക്കലും പ്രലോഭിപ്പിക്കപ്പെടുമായിരുന്നില്ല. എന്നാൽ അവിടുന്ന് പ്രലോഭിപ്പിക്കപ്പെട്ടു. നാമും പ്രലോഭിപ്പിക്കപ്പെടുന്നു. നോമ്പുകാലത്തിലെ ആദ്യത്തെ പൂർണവാരത്തിലേക്കു കടക്കുമ്പോൾ, മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനത്തെക്കുറിച്ചു ധ്യാനിക്കാൻ നമുക്ക് അവസരം ലഭിക്കുന്നു.
പ്രലോഭനം ഒരിക്കലും ദൈവത്തിൽനിന്നു വരുന്നതല്ല. എന്നാൽ നാം പ്രലോഭിപ്പിക്കപ്പെടാൻ ദൈവം അനുവദിക്കുന്നുണ്ട്. നാം വീഴാനല്ല, വിശുദ്ധിയിൽ വളരാനാണ് അവിടുന്ന് അത് അനുവദിക്കുന്നത്. എഴുന്നേറ്റുനിന്ന് ദൈവത്തെയോ പ്രലോഭനത്തെയോ തിരഞ്ഞെടുക്കാൻ പ്രലോഭനം നമ്മെ നിർബന്ധിക്കുന്നു. നാം പരാജയപ്പെടുമ്പോൾ കാരുണ്യവും ക്ഷമയും എപ്പോഴും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, പ്രലോഭനത്തെ അതിജീവിക്കുന്നവരെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്.
യേശു നേരിട്ട പ്രലോഭനം അവിടുത്തെ വിശുദ്ധി വർധിപ്പിച്ചില്ല; എന്നാൽ തന്റെ മനുഷ്യസ്വഭാവത്തിൽ സ്വന്തം പൂർണത വെളിപ്പെടുത്താനുള്ള അവസരം അത് അവിടുത്തേക്കു നൽകി. ആ പൂർണതയാണു നാം തേടുന്നത്; ജീവിതത്തിലെ പ്രലോഭനങ്ങളെ നേരിടുമ്പോൾ നാം അനുകരിക്കാൻ പരിശ്രമിക്കേണ്ടതും അവിടുത്തെ പൂർണതതന്നെയാണ്. ദുഷ്ടന്റെ പ്രലോഭനങ്ങളെ സഹിച്ചുനിൽക്കുന്നതിലൂടെ ലഭിക്കാവുന്ന വ്യക്തമായ അഞ്ച് “അനുഗ്രഹങ്ങൾ” നമുക്കു നോക്കാം. ഇവയെക്കുറിച്ച് ശ്രദ്ധയോടെ, സാവധാനം ധ്യാനിക്കുക:
- ഒന്നാമതായി, ഒരു പ്രലോഭനത്തെ സഹിച്ചുനിന്ന് അതിനെ ജയിക്കുന്നത് നമ്മുടെ ജീവിതത്തിലെ ദൈവശക്തി തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.
- രണ്ടാമതായി, പ്രലോഭനം നമ്മുടെ അഹങ്കാരവും, നാം സ്വയം ആശ്രയിക്കാവുന്നവരും സ്വന്തം പ്രയത്നംകൊണ്ടുമാത്രം വളർന്നവരുമാണെന്ന ചിന്തയിൽനിന്നുളവാകുന്ന സംഘർഷങ്ങളും നീക്കി നമ്മെ വിനയമുള്ളവരാക്കുന്നു.
- മൂന്നാമതായി, പിശാചിനെ പൂർണമായി തള്ളിക്കളയുന്നതിന് വലിയ മൂല്യമുണ്ട്. നമ്മെ തുടർച്ചയായി വഞ്ചിക്കാനുള്ള അവന്റെ ശക്തി ഇത് ഇല്ലാതാക്കുക മാത്രമല്ല, അവൻ ആരാണെന്ന നമ്മുടെ ധാരണ കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങനെ അവനെയും അവന്റെ പ്രവൃത്തികളെയും തുടർന്നും തള്ളിക്കളയാൻ നമുക്കു കഴിയും.
- നാലാമതായി, പ്രലോഭനത്തെ അതിജീവിക്കുന്നത് എല്ലാ പുണ്യങ്ങളിലും നമ്മെ വ്യക്തമായും ഉറപ്പായും ശക്തിപ്പെടുത്തുന്നു.
- അഞ്ചാമതായി, നമ്മുടെ വിശുദ്ധിയെക്കുറിച്ച് പിശാചിന് ആശങ്കയില്ലായിരുന്നെങ്കിൽ അവൻ നമ്മെ പ്രലോഭിപ്പിക്കുമായിരുന്നില്ല. അതിനാൽ, നമ്മുടെ ജീവിതത്തിന്മേലുള്ള പിടി ദുഷ്ടനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമായി നാം പ്രലോഭനത്തെ കാണണം.
പ്രലോഭനത്തെ അതിജീവിക്കുന്നത് ഒരു പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിനോ, ഒരു മത്സരത്തിൽ ജയിക്കുന്നതിനോ, ബുദ്ധിമുട്ടുള്ള ഒരു പദ്ധതി പൂർത്തിയാക്കുന്നതിനോ, വെല്ലുവിളിനിറഞ്ഞ ഒരു കാര്യം സാധിക്കുന്നതിനോ തുല്യമാണ്. പ്രലോഭനത്തെ അതിജീവിക്കുന്നത് നമ്മുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽവരെ നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു തിരിച്ചറിഞ്ഞ്, നമ്മുടെ ജീവിതത്തിൽ അതിനെ അതിജീവിക്കുന്നതിൽ നാം ഏറെ സന്തോഷിക്കണം. അതോടൊപ്പം, ഇതു നാം സ്വന്തം കഴിവുകൊണ്ടല്ല, നമ്മുടെ ജീവിതത്തിലെ ദൈവകൃപയാൽ മാത്രമാണ് സാധിച്ചതെന്നു തിരിച്ചറിഞ്ഞ് വിനയത്തോടെ ആയിരിക്കണം അങ്ങനെ ചെയ്യുന്നത്.
ഇതിന്റെ മറുവശവും സത്യമാണ്. ഒരു പ്രത്യേക പ്രലോഭനത്തിനു നാം വീണ്ടും വീണ്ടും കീഴടങ്ങുമ്പോൾ, നാം നിരുത്സാഹിതരാവുകയും നമുക്കുള്ള അല്പം പുണ്യംപോലും നഷ്ടപ്പെടാൻ ഇടയാവുകയും ചെയ്യുന്നു. ദുഷ്ടനിൽനിന്നുള്ള ഏതൊരു പ്രലോഭനത്തെയും, എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ കഴിയും എന്ന് അറിയുക. ഒന്നും അതിരുകടന്നതല്ല. ഒന്നും അതികഠിനവുമല്ല. കുമ്പസാരത്തിൽ സ്വയം വിനയപ്പെടുത്തുക, വിശ്വസ്തനായ ഒരാളുടെ സഹായം തേടുക, മുട്ടുകുത്തി പ്രാർഥിക്കുക, ദൈവത്തിന്റെ സർവശക്തിയിൽ ആശ്രയിക്കുക. പ്രലോഭനത്തെ അതിജീവിക്കുക സാധ്യമാണെന്നു മാത്രമല്ല, അത് നിങ്ങളുടെ ജീവിതത്തിൽ കൃപയുടെ മഹിമയാർന്നതും രൂപാന്തരപ്പെടുത്തുന്നതുമായ ഒരു അനുഭവംകൂടിയാണ്.
40 ദിവസത്തെ ഉപവാസത്തിനുശേഷം മരുഭൂമിയിൽ പിശാചിനെ നേരിടുന്ന യേശുവിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ മനുഷ്യസ്വഭാവത്തിൽ നാം നമ്മെത്തന്നെ പൂർണമായി അവിടുത്തോടു ചേർത്തുനിർത്തിയാൽ, നീചനായ പിശാച് നമ്മുടെ വഴിയിൽ കൊണ്ടുവരുന്ന എന്തിനെയും ഏതിനെയും അതിജീവിക്കാൻ അവിടുത്തെ ശക്തി നമുക്കും ലഭിക്കുമെന്ന് ഉറപ്പുനൽകാനാണ് അവിടുന്ന് ദുഷ്ടന്റെ എല്ലാ പ്രലോഭനങ്ങളെയും നേരിട്ടത്.
എന്റെ പ്രിയ കർത്താവേ, വരണ്ടതും ചൂടേറിയതുമായ മരുഭൂമിയിൽ 40 ദിവസം ഉപവാസത്തിലും പ്രാർഥനയിലും ചെലവഴിച്ചശേഷം, ദുഷ്ടനാൽ പ്രലോഭിപ്പിക്കപ്പെടാൻ അങ്ങ് സ്വയം അനുവദിച്ചു. പിശാച് തന്റെ സർവശക്തിയുമുപയോഗിച്ച് അങ്ങയെ ആക്രമിച്ചു; എന്നാൽ അവന്റെ നുണകളും വഞ്ചനകളും തള്ളിക്കളഞ്ഞുകൊണ്ട് അങ്ങ് അനായാസമായും വേഗത്തിലും നിർണായകമായും അവനെ പരാജയപ്പെടുത്തി. ഞാൻ നേരിടുന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാനും ഒന്നും മാറ്റിവയ്ക്കാതെ പൂർണമായി അങ്ങയിൽ ആശ്രയിക്കാനും എനിക്കാവശ്യമായ കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മരുഭൂമിയിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം B)
ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടുകൊണ്ട് അവിടുന്ന് നാല്പതു ദിവസം മരുഭൂമിയിൽ കഴിഞ്ഞു. അവിടുന്ന് വന്യമൃഗങ്ങളോടൊപ്പമായിരുന്നു; ദൂതന്മാർ അവിടുത്തെ ശുശ്രൂഷിച്ചു. മർക്കോസ് 1:12–13
മർക്കോസിന്റെ സുവിശേഷത്തിൽനിന്നുള്ള ഇന്നത്തെ വായന, മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനത്തിന്റെ സംക്ഷിപ്തവിവരണം നമുക്കു നൽകുന്നു. സാത്താനിൽനിന്ന് യേശു നേരിട്ട മൂന്നു പ്രലോഭനങ്ങൾ ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ മത്തായിയും ലൂക്കായും നൽകുന്നുണ്ട്. എന്നാൽ യേശു നാല്പതു ദിവസത്തേക്കു മരുഭൂമിയിലേക്കു നയിക്കപ്പെടുകയും പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തു എന്ന വസ്തുത മാത്രമാണ് മർക്കോസ് പറയുന്നത്.
യേശുവിനെ മരുഭൂമിയിലേക്കു നയിച്ചത് “ആത്മാവ്” ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. യേശു അവിടേക്കു പോയത് സ്വന്തം ഇഷ്ടത്തിനെതിരായിട്ടല്ല; പിതാവിന്റെ തിരുവുളത്തിന് അനുസൃതമായും പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്താലും അവിടുന്ന് സ്വതന്ത്രമനസ്സോടെ അവിടേക്കു പോയി. ഉപവാസത്തിന്റെയും പ്രാർഥനയുടെയും പ്രലോഭനത്തിന്റെയും ഈ കാലയളവിനായി ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചത് എന്തുകൊണ്ടായിരിക്കും?
ഒന്നാമതായി, യോഹന്നാനിൽനിന്ന് ഈശോ മാമ്മോദീസ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രലോഭനകാലം ഉണ്ടായത്. ഈശോയ്ക്ക് ആത്മീയമായി ആ മാമ്മോദീസയുടെ ആവശ്യം ഉണ്ടായിരുന്നില്ലെങ്കിലും, ഈ രണ്ടു സംഭവപരമ്പരകളും നമ്മെ ഏറെ പഠിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കാനും നമ്മുടെ മാമ്മോദീസയ്ക്ക് അനുസൃതമായി ജീവിക്കാനും നാം തീരുമാനിക്കുമ്പോൾ, തിന്മയോടു പോരാടാൻ നമുക്ക് പുതിയ ശക്തി ലഭിക്കുന്നു എന്നതാണ് സത്യം. അതിനുള്ള കൃപ ലഭ്യമാണ്. ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായ നിങ്ങൾക്ക് ദുഷ്ടനെയും പാപത്തെയും പ്രലോഭനത്തെയും ജയിക്കാൻ ആവശ്യമായ എല്ലാ കൃപയും ഉണ്ട്. അതിനാൽ, ഈ സത്യം നമ്മെ പഠിപ്പിക്കാനായി ഈശോ നമുക്കൊരു മാതൃക നൽകി. അവിടുന്ന് മാമ്മോദീസ സ്വീകരിച്ചു; തുടർന്ന് ദുഷ്ടനെ നേരിടാൻ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു. നമുക്കും അവനെയും അവന്റെ ദുഷിച്ച നുണകളെയും ജയിക്കാനാകുമെന്ന് നമ്മോടു പറയാനായിരുന്നു ഇത്.
ഈശോ മരുഭൂമിയിൽ ഈ പ്രലോഭനങ്ങൾ സഹിച്ചുകൊണ്ടിരിക്കുമ്പോൾ, “ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു.” നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. ദൈനംദിന പ്രലോഭനങ്ങളുടെ നടുവിൽ നമ്മുടെ കർത്താവ് നമ്മെ തനിച്ചാക്കുന്നില്ല. മറിച്ച്, നമ്മെ ശുശ്രൂഷിക്കാനും ഈ നീചനായ ശത്രുവിനെ പരാജയപ്പെടുത്താൻ നമ്മെ സഹായിക്കാനും അവിടുന്ന് എപ്പോഴും തന്റെ ദൂതന്മാരെ അയയ്ക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രലോഭനം ഏതാണ്? ഒരുപക്ഷേ, ആവർത്തിച്ചാവർത്തിച്ച് വീണുപോകുന്ന ഒരു പാപശീലവുമായി നിങ്ങൾ പോരാടുന്നുണ്ടാകാം. ഒരുപക്ഷേ, അത് ജഡികമായ ഒരു പ്രലോഭനമോ കോപം, സ്വയം നീതിമാനെന്ന ഭാവം, സത്യസന്ധതയില്ലായ്മ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമായുള്ള പോരാട്ടമോ ആയിരിക്കാം. നിങ്ങളുടെ പ്രലോഭനം എന്തുതന്നെയായാലും, അതിനെ അതിജീവിക്കാൻ ആവശ്യമായതെല്ലാം നിങ്ങൾക്കുണ്ടെന്ന് അറിയുക. കാരണം, മാമ്മോദീസയിലൂടെ നിങ്ങൾക്കു ലഭിച്ച കൃപ സ്ഥൈര്യലേപനത്തിലൂടെ ശക്തിപ്പെടുകയും പരിശുദ്ധ കുർബാനയിലെ നിങ്ങളുടെ പങ്കാളിത്തത്തിലൂടെ പതിവായി പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രലോഭനങ്ങൾ എന്തുതന്നെയായാലും, അവയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളോടൊപ്പവും നിങ്ങളിലും ആ പ്രലോഭനങ്ങളെ നേരിടുന്ന ക്രിസ്തുവിനെ കാണുക. അചഞ്ചലമായ വിശ്വാസത്തോടെ അവിടുന്നിൽ ആശ്രയിക്കുകയേ വേണ്ടൂ; അവിടുത്തെ ശക്തി നിങ്ങൾക്കു നൽകപ്പെടുന്നു എന്ന് അറിയുക.
പ്രലോഭനങ്ങൾ നേരിട്ട എന്റെ കർത്താവേ, സാത്താനാൽത്തന്നെ പ്രലോഭിപ്പിക്കപ്പെടുന്നതിന്റെ അപമാനം സഹിക്കാൻ അങ്ങ് സ്വയം അനുവദിച്ചു. അങ്ങിലൂടെയും അങ്ങയുടെ ശക്തിയാലും ഞങ്ങൾക്കു ഞങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിക്കാനാകുമെന്ന് എന്നെയും അങ്ങയുടെ എല്ലാ മക്കളെയും കാണിക്കാനാണ് അങ്ങ് അങ്ങനെ ചെയ്തത്. പ്രിയ കർത്താവേ, എന്റെ പോരാട്ടങ്ങളുമായി ഓരോ ദിവസവും അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങ് എന്നിൽ വിജയം നേടണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പ്രലോഭനം യാഥാർഥ്യമാണ്, വേദനാജനകവും
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം C)
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ ജോർദാനിൽനിന്നു മടങ്ങി. പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടാൻ ആത്മാവ് അവിടുത്തെ നാല്പതു ദിവസത്തേക്ക് മരുഭൂമിയിലേക്കു നയിച്ചു. ലൂക്കാ 4:1–2a
ഈശോയ്ക്ക് എത്ര വേദനാജനകമായ അനുഭവമായിരുന്നു അത്! ഇതിനെക്കുറിച്ച് ശരിക്കും ചിന്തിച്ചാൽ, മനസ്സിലാക്കാൻ പ്രയാസം തോന്നിയേക്കാം…കുറഞ്ഞത് ആദ്യമെങ്കിലും.
ദൈവപുത്രനും മിശിഹായും പ്രപഞ്ചസ്രഷ്ടാവും മഹോന്നതനായ “ഞാൻ ആകുന്നു” എന്നവനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായ ഈശോ മരുഭൂമിയിലാണ്; വന്യമൃഗങ്ങൾക്കിടയിൽ വസിച്ചുകൊണ്ട്, പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ട് നാല്പതു ദിവസം അവിടുന്ന് കഷ്ടത അനുഭവിക്കുന്നു. എന്തിനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്? ഇത് സംഭവിക്കാൻ പിതാവായ ദൈവം എന്തിന് അനുവദിച്ചു? അതിലുപരി, വേദനാജനകമായ ഈ 40 ദിവസങ്ങൾ അനുഭവിക്കാൻ ഈശോയെ മരുഭൂമിയിലേക്ക് അയച്ചത് പരിശുദ്ധാത്മാവുതന്നെയാണെന്ന് പറയുന്നു!
തന്റെ മനുഷ്യജീവിതത്തിൽ ഈശോ സഹിച്ചതും അനുഭവിച്ചതുമായ എല്ലാ കഷ്ടതകളെക്കുറിച്ചും ഒരുപക്ഷേ നാം അപൂർവമായേ ചിന്തിക്കാറുള്ളൂ. തീർച്ചയായും, ചിലപ്പോഴൊക്കെ നാം കുരിശുമരണത്തെക്കുറിച്ചു ചിന്തിക്കാറുണ്ട്. എന്നാൽ അവിടുന്ന് ഉയിർത്തെഴുന്നേറ്റു എന്ന നമ്മുടെ അറിവ് പലപ്പോഴും അതിനെപ്പോലും മറച്ചുകളയുന്നു. ജീവിതത്തിലുടനീളം അവിടുന്ന് അനുഭവിച്ച സഹനങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ എളുപ്പമാണ്. തന്റെ മനുഷ്യസ്വഭാവത്തിൽ അവിടുന്ന് കടന്നുപോയ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയതിന്റെ കാരണവും നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ എളുപ്പമാണ്.
അപ്പോൾ, ഇതിന്റെയെല്ലാം അർഥമെന്താണ്? നമ്മോടെല്ലാവരോടുമുള്ള സ്നേഹമാണ് ഇതിനു പിന്നിൽ. നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന എല്ലാത്തരം ക്ലേശങ്ങളും മാനുഷികസഹനങ്ങളും ഏറ്റെടുക്കാൻ തയ്യാറാകുന്നത്ര ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതാണ് ഇതിന്റെ അർഥം. നമ്മുടെ മുഖത്തേക്കു നേരെ നോക്കി, “അതെ, നീ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്…ശരിക്കും മനസ്സിലാകുന്നുണ്ട്” എന്ന് ദൈവത്തിനു പറയാനാകുന്നു എന്നതാണ് ഇതിന്റെ അർഥം. ഇതാണ് സ്നേഹം. നമ്മുടെ ബലഹീനതകളും വേദനയും അനുഭവിക്കാൻ ദൈവംതന്നെ തയ്യാറാകുന്നത്ര ആഴമുള്ള സ്നേഹം. അങ്ങനെ, നാം ആയിരിക്കുന്ന അവസ്ഥയിൽ നമ്മെ കണ്ടുമുട്ടാനും, നാം എന്തിലൂടെ കടന്നുപോകുകയാണെങ്കിലും അതിന്റെ നടുവിൽ നമ്മെ ആശ്വസിപ്പിക്കാനും, അതിൽനിന്ന് സൗമ്യമായി നമ്മെ ഉയർത്തി നമുക്കായി അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന പുതിയ ജീവിതത്തിലേക്കു നയിക്കാനും അവിടുത്തേക്കു കഴിയും. വീണ്ടും പറയട്ടെ, ഇതാണ് സ്നേഹം!
ആത്മാവ് ഈശോയെ മരുഭൂമിയിലേക്കു “നയിച്ചു” (മത്തായിയുടെയും ലൂക്കായുടെയും വിവരണങ്ങളിൽ); “പുറപ്പെടുവിച്ചു” എന്നുപോലും പറയുന്നു (മർക്കോസിന്റെ വിവരണത്തിൽ). ഈ അനുഭവം ദൈവത്തിന്റെ പദ്ധതിയും തിരുവിഷ്ടവുമായിരുന്നുവെന്ന് നമ്മോടു പറയാനുള്ള ഒരു മാർഗമായിരുന്നു ഇത്. വിചിത്രമായ ഏതോ യാദൃച്ഛികസംഭവംമൂലം ഈശോയുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല അത്. അത് ദൗർഭാഗ്യമോ നിർഭാഗ്യകരവും അർഥശൂന്യവുമായ ഒരു മാനുഷികസഹനമോ ആയിരുന്നില്ല. അല്ല, അത് ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള സഹനമായിരുന്നു. ഒരു ഉദ്ദേശ്യത്തോടെയുള്ള സഹനം. നാം അനുഭവിക്കുന്നതും സ്വീകരിക്കേണ്ടിവരുന്നതുമായ എല്ലാം അനുഭവിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതും ആ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു.
ജീവിതത്തിൽ പ്രലോഭനം യാഥാർഥ്യമാണ്. പാപത്താൽ പതിച്ച നമ്മുടെ മനുഷ്യസ്വഭാവത്തിന്റെ ഫലമാണത്. നമ്മുടെ ബലഹീനതയിൽനിന്നു മാത്രമല്ല, ദുഷ്ടനിൽനിന്നും അത് വരുന്നു. പ്രലോഭനം കനത്ത ഭാരമായിത്തീരുകയും വൈകാരികവും മാനസികവുമായ കടുത്ത വേദന ഉളവാക്കുകയും ചെയ്യാം. പ്രലോഭനത്തിനു വഴങ്ങുമ്പോഴാകട്ടെ, അത് അതിലും ആഴമായ ആത്മീയവേദനയ്ക്കു കാരണമാകുന്നു. മരുഭൂമിയിലെ പ്രലോഭനങ്ങൾക്ക് യേശു ഒരിക്കലും വഴങ്ങിയില്ല; തന്റെ ജീവിതത്തിലെ മറ്റൊരു സമയത്തും അവിടുന്ന് പ്രലോഭനങ്ങൾക്കു വഴങ്ങിയിട്ടില്ല. എങ്കിലും അവിടുന്ന് അവ സഹിക്കുകയും അവയുടെ വേദന അനുഭവിക്കുകയും ചെയ്തു.
ഓരോ ദിവസവും നാം ഏതുതരം പ്രലോഭനം നേരിട്ടാലും, അതിനിടയിൽ അവിടുത്തേക്ക് നമ്മുടെ ശക്തിയും പ്രചോദനവുമാകാൻ കഴിയുമെന്ന് ഇതു നമ്മോടു പറയുന്നു. ചില ദിവസങ്ങളിൽ, നമ്മുടെ പാപങ്ങളുടെ മരുഭൂമിയിലേക്കു തള്ളിവിടപ്പെട്ട ഒരാളുടെ ഏകാന്തതയും ഒറ്റപ്പെടലും നമുക്ക് അനുഭവപ്പെട്ടേക്കാം. ക്രമരഹിതമായ നമ്മുടെ വികാരങ്ങളാകുന്ന വന്യമൃഗങ്ങൾ നമ്മെ കീഴടക്കുന്നതായി നമുക്കു തോന്നിയേക്കാം. ദുഷ്ടൻ തന്റെ ഇഷ്ടംപോലെ നമ്മെ കൈകാര്യം ചെയ്യുന്നതായും തോന്നിയേക്കാം. യേശുവിനും ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട്. തന്റെ മനുഷ്യത്വത്തിൽ ഈ അനുഭവത്തിലൂടെ കടന്നുപോകാൻ അവിടുന്ന് സ്വതന്ത്രമായി തന്നെത്തന്നെ വിട്ടുകൊടുത്തു. പിതാവിന്റെ തിരുഹിതവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമാണ് അവിടുത്തെ ഈ അനുഭവത്തിലേക്കു നയിച്ചത്.
ഈ കാരണങ്ങളാൽ, നിങ്ങളുടെ ഉള്ളിലെ ഈ മരുഭൂമിയിൽ നിങ്ങളെ കണ്ടുമുട്ടാൻ കഴിയുന്നത് യേശുവിനുതന്നെയാണ്. നിങ്ങൾക്കായി കാത്തുകൊണ്ടും നിങ്ങളെ അന്വേഷിച്ചുകൊണ്ടും നിങ്ങളെ വിളിച്ചുകൊണ്ടും അവിടുന്ന് അവിടെയുണ്ട്. നിങ്ങൾ കടന്നുപോകുന്ന ഏതൊരു അനുഭവത്തിന്റെയും നടുവിൽ അവിടുന്നുണ്ട്. മരുഭൂമിയിലെ ഈ പ്രലോഭനത്തെ ജയിച്ച അവിടുന്നുതന്നെയാണ് നിങ്ങളെ സൗമ്യമായി പുറത്തേക്കു നയിക്കുക. നിങ്ങളെ കണ്ടുമുട്ടാനും തിരികെ കൊണ്ടുവരാനുമാണ് അവിടുന്ന് മരുഭൂമിയിലേക്കു പോയത്. ഈ മരുഭൂമിയിൽ ദൈവദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചതുപോലെ, നിങ്ങളെ ശുശ്രൂഷിക്കാനും അവിടുന്ന് ആ ദൂതന്മാരെ അയയ്ക്കുന്നു.
അതിനാൽ, നിങ്ങളുടെ “മരുഭൂമി” ഇപ്പോഴത്തെ ജീവിതത്തിലെ നേരിയൊരു അസ്വസ്ഥത മാത്രമായാലും, പൂർണമായ നിരാശയ്ക്കെതിരെയുള്ള പോരാട്ടമായാലും, നിങ്ങളെ കണ്ടുമുട്ടാനും അതിൽനിന്നു പുറത്തുകൊണ്ടുവരാനും യേശു ആഗ്രഹിക്കുന്നു. അവിടുന്ന് മരുഭൂമിയെ എന്നേക്കുമായി ജയിച്ചിരിക്കുന്നു; നിങ്ങളുടെ ജീവിതത്തിലെ ഏതു മരുഭൂമിയെയും ജയിക്കാൻ അവിടുത്തേക്കു കഴിയും.
കർത്താവേ, അങ്ങേക്ക് എന്നോടുള്ള പൂർണമായ സ്നേഹത്തെ ഞാൻ അംഗീകരിക്കുന്നു. എല്ലാ സഹനങ്ങളും ഏറ്റെടുക്കാനും എല്ലാ സഹനങ്ങളും മനസ്സിലാക്കാനും എന്റെ ഉള്ളിലെ വരൾച്ചയിൽനിന്നും വേദനയിൽനിന്നും എന്നെ പുറത്തുകൊണ്ടുവരാനും തക്കവിധം അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആത്മാവിന്റെ മരുഭൂമിയിലേക്കു നയിക്കപ്പെടാൻ അങ്ങയെ അനുവദിക്കാൻ എനിക്കാകട്ടെ; അവിടെ അങ്ങയെ കണ്ടുമുട്ടുമ്പോൾ, കുളിർമയും നവോന്മേഷവും പകരുന്ന ജലാശയങ്ങളിലേക്ക് എന്നെ നയിക്കാൻ അങ്ങയെ ഞാൻ അനുവദിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മറ്റുള്ളവരിൽ ക്രിസ്തുവിനെ ശുശ്രൂഷിക്കുക
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച
“സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്.” മത്തായി 25:40
ആ “ഏറ്റവും എളിയ സഹോദരൻ” ആരാണ്? എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പൊതുപ്രസ്താവന നടത്തുന്നതിനുപകരം, ഏറ്റവും എളിയവനായി കണക്കാക്കപ്പെടുന്ന വ്യക്തിയിലേക്കാണ് യേശു പ്രത്യേകം വിരൽചൂണ്ടുന്നത് എന്നതു ശ്രദ്ധേയമാണ്. “നിങ്ങൾ മറ്റുള്ളവർക്കു ചെയ്യുന്നതെല്ലാം…” എന്ന് എന്തുകൊണ്ട് പറയുന്നില്ല? അങ്ങനെ പറഞ്ഞാൽ നാം ശുശ്രൂഷിക്കുന്ന എല്ലാവരും അതിൽ ഉൾപ്പെടും. എന്നാൽ യേശു ചൂണ്ടിക്കാട്ടിയത് ഏറ്റവും എളിയ സഹോദരനെയാണ്. ഒരുപക്ഷേ, ഏറ്റവും വലിയ പാപി, ഏറ്റവും ബലഹീനൻ, ഏറ്റവും ഗുരുതരമായ രോഗം ബാധിച്ചവൻ, സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവൻ, വിശക്കുന്നവൻ, ഭവനരഹിതൻ, ഈ ജീവിതത്തിൽ വലിയ ആവശ്യങ്ങളുള്ള എല്ലാവരും എന്നിങ്ങനെയാണ് ഇതിനെ പ്രത്യേകമായി മനസ്സിലാക്കേണ്ടത്.
ഈ വാക്കുകളിലെ ഏറ്റവും മനോഹരവും ഹൃദയസ്പർശിയുമായ കാര്യം യേശു തന്നെത്തന്നെ ഒന്നായിക്കാണുന്നു എന്നതാണ്—സഹായം ആവശ്യമുള്ള വ്യക്തിയുമായി, എല്ലാവരിലും “ഏറ്റവും എളിയവനുമായി”. പ്രത്യേക സഹായം ആവശ്യമുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെ നാം യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്. എന്നാൽ അവിടുത്തേക്ക് അങ്ങനെ പറയാൻ കഴിയണമെങ്കിൽ, ഈ മനുഷ്യരുമായി അവിടുന്ന് അത്രമേൽ ആഴത്തിൽ ഐക്യപ്പെട്ടിരിക്കണം. അവരുമായുള്ള അത്തരമൊരു ഉറ്റബന്ധം വെളിപ്പെടുത്തുന്നതിലൂടെ, വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ അനന്തമായ മഹത്ത്വമാണ് യേശു വെളിപ്പെടുത്തുന്നത്.
മനസ്സിലാക്കേണ്ട എത്ര പ്രധാനപ്പെട്ട കാര്യമാണിത്! വാസ്തവത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ നിരന്തരമായ പ്രബോധനങ്ങളിലെ ഒരു കേന്ദ്രവിഷയം ഇതായിരുന്നു. വ്യക്തിയുടെ മഹത്ത്വത്തിലും മൂല്യത്തിലും സദാ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ക്ഷണമായിരിക്കണം ഈ വചനഭാഗത്തിൽനിന്നു നാം സ്വീകരിക്കുന്ന മുഖ്യസന്ദേശം.
ഇന്ന് ഓരോ വ്യക്തിയുടെയും മഹത്ത്വത്തെക്കുറിച്ചു ധ്യാനിക്കുക. പൂർണമായ ആദരവോടെ കാണാൻ നിങ്ങൾക്കു കഴിയാതെ പോകുന്ന ആരെയെങ്കിലും ഓർത്തെടുക്കാൻ ശ്രമിക്കുക. നിങ്ങൾ ആരെയാണ് താഴ്ത്തിക്കാണുകയും അവജ്ഞയോടെ നോക്കുകയും ചെയ്യുന്നത്? നിങ്ങൾ ആരെയാണ് വിധിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത്? മറ്റാരിലുമുപരി, ഈ വ്യക്തിയുടെ ഉള്ളിലാണ് യേശു നിങ്ങൾക്കായി കാത്തിരിക്കുന്നത്. നിങ്ങളെ കണ്ടുമുട്ടാനും ബലഹീനനിലും പാപിയിലും നിങ്ങൾ അവിടുത്തെ സ്നേഹിക്കാനുമായി അവിടുന്ന് കാത്തിരിക്കുന്നു. അവരുടെ മഹത്ത്വത്തെക്കുറിച്ചു ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഈ വിവരണത്തിന് ഏറ്റവും യോജിക്കുന്ന വ്യക്തിയെ തിരിച്ചറിയുക; ആ വ്യക്തിയെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും സ്വയം സമർപ്പിക്കുക. കാരണം, ആ വ്യക്തിയിൽ നിങ്ങൾ നമ്മുടെ കർത്താവിനെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും.
പ്രിയ കർത്താവേ, ബലഹീനരിൽ ഏറ്റവും ബലഹീനരിലും ദരിദ്രരിൽ ഏറ്റവും ദരിദ്രരിലും ഞങ്ങളുടെ ഇടയിലെ പാപിയിലും അങ്ങ് മറഞ്ഞിരിക്കുന്ന രൂപത്തിൽ സന്നിഹിതനാണെന്ന് ഞാൻ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഞാൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും, വിശേഷിച്ച് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവരിൽ, അങ്ങയെ ശ്രദ്ധാപൂർവം അന്വേഷിച്ചു കണ്ടെത്താൻ എന്നെ സഹായിക്കണമേ. അങ്ങയെ കണ്ടെത്തുമ്പോൾ, പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും എനിക്കാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മറ്റുള്ളവരോടു ക്ഷമിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്യുക
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
“നിങ്ങൾ മനുഷ്യരുടെ അതിക്രമങ്ങൾ ക്ഷമിച്ചാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ മനുഷ്യരോടു ക്ഷമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പിതാവും നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല.” മത്തായി 6:14–15
നാം കൈവരിക്കാൻ പരിശ്രമിക്കേണ്ട ഒരു ആദർശം ഈ വചനം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഈ ആദർശത്തിനായി പരിശ്രമിക്കുന്നില്ലെങ്കിൽ ഉണ്ടാകുന്ന പരിണതഫലങ്ങളും ഇത് നമ്മുടെ മുമ്പിൽ വയ്ക്കുന്നു. ക്ഷമിക്കുക, ക്ഷമ സ്വീകരിക്കുക. ഇവ രണ്ടും നാം ആഗ്രഹിക്കുകയും തേടുകയും വേണം.
ക്ഷമയുടെ അർഥം ശരിയായി മനസ്സിലാക്കുമ്പോൾ, അത് ആഗ്രഹിക്കാനും നൽകാനും സ്വീകരിക്കാനും വളരെ എളുപ്പമാകുന്നു. ശരിയായി മനസ്സിലാക്കാത്തപ്പോൾ, ക്ഷമ ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാരമേറിയ ഒരു ചുമടായും, അതിനാൽ അഭിലഷണീയമല്ലാത്ത ഒന്നായും തോന്നാം.
മറ്റൊരാളോടു ക്ഷമിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി ഒരുപക്ഷേ, ക്ഷമ നൽകുമ്പോൾ “നീതി” നഷ്ടപ്പെടുന്നതായി തോന്നുന്നതായിരിക്കാം. ക്ഷമ ചോദിക്കാത്ത ഒരാളോടു ക്ഷമിക്കുമ്പോൾ ഇത് പ്രത്യേകിച്ചും അനുഭവപ്പെടുന്നു. മറിച്ച്, ഒരാൾ ക്ഷമ ചോദിക്കുകയും യഥാർഥമായ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ക്ഷമിക്കാനും ചെയ്തതിന് ആ വ്യക്തി “വില കൊടുക്കണം” എന്ന തോന്നൽ ഉപേക്ഷിക്കാനും വളരെ എളുപ്പമാണ്. എന്നാൽ തെറ്റു ചെയ്ത വ്യക്തിക്ക് പശ്ചാത്താപമില്ലെങ്കിൽ, ക്ഷമ നൽകുന്നത് നീതിയുടെ അഭാവമാണെന്ന തോന്നൽ ഉളവാക്കാം. സ്വന്തം ശക്തികൊണ്ടു മാത്രം ഈ വികാരത്തെ അതിജീവിക്കുക പ്രയാസമായിരിക്കാം.
മറ്റൊരാളോടു ക്ഷമിക്കുന്നത് ആ വ്യക്തിയുടെ പാപത്തെ ന്യായീകരിക്കുന്നില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ക്ഷമിക്കുന്നതുകൊണ്ട് ആ പാപം സംഭവിച്ചിട്ടില്ലെന്നോ അതു സംഭവിച്ചതിൽ തെറ്റില്ലെന്നോ അർഥമാകുന്നില്ല. മറിച്ച്, മറ്റൊരാളോടു ക്ഷമിക്കുന്നത് ഇതിനു നേരെ വിപരീതമായ കാര്യമാണ് ചെയ്യുന്നത്. ക്ഷമ യഥാർഥത്തിൽ പാപത്തിലേക്കു വിരൽചൂണ്ടുകയും അതിനെ അംഗീകരിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ക്ഷമിക്കേണ്ട പാപത്തെ തിരിച്ചറിഞ്ഞ് അതു ക്ഷമിക്കുന്നതിലൂടെ, അതിസ്വാഭാവികമായ രീതിയിൽ നീതി നടപ്പാകുന്നു. കരുണയിലൂടെ നീതി പൂർത്തീകരിക്കപ്പെടുന്നു. നൽകപ്പെടുന്ന കരുണ, അതു സ്വീകരിക്കുന്ന വ്യക്തിയെക്കാളും അധികമായി അതു നൽകുന്ന വ്യക്തിയിലാണ് ഫലമുളവാക്കുന്നത്.
മറ്റൊരാളുടെ പാപത്തോടു കരുണ കാണിക്കുന്നതിലൂടെ, ആ പാപത്തിന്റെ ദോഷഫലങ്ങളിൽനിന്നു നാം സ്വതന്ത്രരാകുന്നു. നമ്മുടെ ജീവിതത്തിൽനിന്ന് ഈ മുറിവ് നീക്കുന്നതിനും, നമ്മുടെ സ്വന്തം പ്രയത്നത്താൽ ഒരിക്കലും അർഹത നേടാനാവാത്ത പാപമോചനത്തിലൂടെ അവിടുത്തെ കരുണ കൂടുതൽ അനുഭവിക്കാൻ നമ്മെ സ്വതന്ത്രരാക്കുന്നതിനും ദൈവം ഉപയോഗിക്കുന്ന ഒരു വഴിയാണ് കരുണ.
മറ്റൊരാളോടു ക്ഷമിക്കുന്നത് അനുരഞ്ജനത്തിലേക്കു നയിക്കണമെന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അനുരഞ്ജനം ഇരുവർക്കുമിടയിൽ സാധ്യമാകുന്നത്, തെറ്റു ചെയ്ത വ്യക്തി തന്റെ പാപം വിനയപൂർവം ഏറ്റുപറഞ്ഞശേഷം നൽകപ്പെടുന്ന ക്ഷമ സ്വീകരിക്കുമ്പോൾ മാത്രമാണ്. വിനീതവും ശുദ്ധീകരിക്കുന്നതുമായ ഈ പ്രവൃത്തി തികച്ചും പുതിയൊരു തലത്തിൽ നീതി നിറവേറ്റുകയും ഈ പാപങ്ങൾ കൃപയായി രൂപാന്തരപ്പെടാൻ വഴിയൊരുക്കുകയും ചെയ്യുന്നു. അങ്ങനെ രൂപാന്തരപ്പെട്ടുകഴിഞ്ഞാൽ, അവ ഇരുവർക്കുമിടയിലെ സ്നേഹബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻപോലും ഇടയാക്കും.
നിങ്ങൾ ഏറ്റവും അധികം ക്ഷമിക്കേണ്ട വ്യക്തിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആരാണ് ആ വ്യക്തി? നിങ്ങളെ വേദനിപ്പിക്കുന്ന എന്താണ് ആ വ്യക്തി ചെയ്തത്? ക്ഷമയുടെ കരുണ നൽകാൻ ഭയപ്പെടരുത്; അങ്ങനെ ചെയ്യാൻ മടിക്കരുത്. സ്വന്തം പ്രയത്നംകൊണ്ട് നിങ്ങൾക്ക് ഒരിക്കലും സാധിക്കാത്ത വിധത്തിൽ, നിങ്ങൾ നൽകുന്ന കരുണ ദൈവത്തിന്റെ നീതി നടപ്പാക്കും. ക്ഷമിക്കുന്ന ഈ പ്രവൃത്തി ആ പാപത്തിന്റെ ഭാരത്തിൽനിന്നു നിങ്ങളെ സ്വതന്ത്രരാക്കുകയും നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിന് ഇടം നൽകുകയും ചെയ്യുന്നു.
ക്ഷമിക്കുന്നവനായ എന്റെ കർത്താവേ, അങ്ങയുടെ കരുണ ആവശ്യമുള്ള ഒരു പാപിയാണ് ഞാൻ. എന്റെ പാപങ്ങളെക്കുറിച്ചു യഥാർഥമായ പശ്ചാത്താപമുള്ള ഒരു ഹൃദയം ഉണ്ടായിരിക്കാനും ആ കൃപയ്ക്കായി അങ്ങയിലേക്കു തിരിയാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കരുണ തേടുമ്പോൾ, മറ്റുള്ളവർ എനിക്കെതിരെ ചെയ്ത പാപങ്ങൾ ക്ഷമിക്കാനും എന്നെ സഹായിക്കണമേ. ഞാൻ ക്ഷമിക്കുന്നു. അങ്ങയുടെ വിശുദ്ധമായ ദൈവകരുണയുടെ പ്രകടനമായി, ആ ക്ഷമ എന്റെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലാൻ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
മാനസാന്തരത്തിനുള്ള വിളിയോടു പ്രതികരിക്കുക
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ബുധനാഴ്ച
“വിധിദിവസത്തിൽ നിനിവേയിലെ ജനങ്ങൾ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാൽ, യോനായുടെ പ്രസംഗം കേട്ട് അവർ മാനസാന്തരപ്പെട്ടു; എന്നാൽ ഇവിടെ യോനായെക്കാൾ വലിയതുണ്ട്.” ലൂക്കാ 11:32
ജനങ്ങളെ മാനസാന്തരത്തിലേക്കു വിളിക്കാൻ ഈശോ സ്വീകരിക്കുന്ന ഈ രീതി എത്ര ശ്രദ്ധേയമാണ്! ലളിതമായി പറഞ്ഞാൽ, യോനാ പ്രസംഗിച്ചപ്പോൾ നിനിവേയിലെ ജനങ്ങൾ മാനസാന്തരപ്പെട്ടു. എന്നാൽ ഈശോയുടെ കാലത്തെ ജനങ്ങൾ അങ്ങനെ ചെയ്തില്ല. അതിന്റെ ഫലമായി, കാലത്തിന്റെ അവസാനത്തിൽ ഈശോയെ ശ്രവിക്കാൻ തയ്യാറാകാതിരുന്നവരെ കുറ്റം വിധിക്കാനുള്ള ഉത്തരവാദിത്വം നിനിവേയിലെ ജനങ്ങൾക്കു നൽകപ്പെടും.
സ്വന്തം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കാൻ വിസമ്മതിക്കുന്നതിനുള്ള ശിക്ഷാവിധി യാഥാർഥ്യവും ഗൗരവമുള്ളതുമാണെന്നതാണ് ഇതിൽനിന്നു നാം ആദ്യം മനസ്സിലാക്കേണ്ടത്. തന്റെ പ്രസംഗം ശ്രവിക്കാൻ തയ്യാറാകാത്ത ജനങ്ങളോട് ഈശോ സംസാരിക്കുന്നത് നിത്യശിക്ഷയെക്കുറിച്ചാണ്. ഈശോയുടെ അതിശക്തമായ ഈ പ്രബോധനത്തിന്റെ വെളിച്ചത്തിൽ, പശ്ചാത്തപിക്കാനുള്ള നമ്മുടെ സ്വന്തം സന്നദ്ധതയെ, അല്ലെങ്കിൽ അതിന്റെ അഭാവത്തെ, നാം ആത്മാർഥമായി പരിശോധിക്കണം.
രണ്ടാമതായി, യേശു ശാസിച്ച ജനങ്ങൾ യോനായുടെ കാലത്തെ ജനങ്ങളെക്കാൾ ഏറെ സമൃദ്ധമായി പ്രവാചകസന്ദേശത്താൽ അനുഗൃഹീതരായിരുന്നു എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. തുടക്കത്തിൽ ദൈവത്തിൽനിന്നും തന്റെ ദൗത്യത്തിൽനിന്നും ഒളിച്ചോടിയ ഒരാളായിരുന്നു യോനാ എന്ന് ഓർക്കുക. നിനവെയിലേക്കു പോകാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നില്ല; സ്വന്തം ഇഷ്ടത്തിനെതിരായി ഒരു തിമിംഗലത്തിന്റെ ഉദരത്തിൽ അവിടെയെത്തിക്കപ്പെട്ടതിനുശേഷം മാത്രമാണ് അദ്ദേഹം അവിടേക്കു പോയത്. അതിനുശേഷം യോനാ പൂർണഹൃദയത്തോടെയുള്ള തീക്ഷ്ണതയോടെ പ്രസംഗിച്ചിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. എങ്കിലും, അദ്ദേഹത്തിന്റെ പ്രസംഗം ഫലപ്രദമായിരുന്നു.
ലോകരക്ഷകന്റെ വാക്കുകൾ നേരിട്ടു കേൾക്കാനുള്ള അനുഗ്രഹം യേശുവിന്റെ കാലത്തെ ജനങ്ങൾക്കു ലഭിച്ചു. എന്നാൽ നാമും അനുഗൃഹീതരാണ്! സുവിശേഷങ്ങൾ, സഭയുടെ പ്രബോധനങ്ങൾ, മഹാവിശുദ്ധരുടെ സാക്ഷ്യം, പരിശുദ്ധ പിതാവിന്റെ അജപാലനം, കൂദാശകൾ, അങ്ങനെ എത്രയോ അനുഗ്രഹങ്ങൾ നമുക്കുണ്ട്. സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ സുവിശേഷസന്ദേശം ലഭിക്കാൻ എണ്ണമറ്റ മാർഗങ്ങൾ നമുക്കുണ്ട്. എന്നിട്ടും, ക്രിസ്തുവിന്റെ സന്ദേശത്തിനു ചെവികൊടുക്കുന്നതിൽ നാം എളുപ്പം വീഴ്ച വരുത്താം.
യേശുവിന്റെ വാക്കുകളോടു നിങ്ങൾ എത്ര മനസ്സോടെ പ്രതികരിക്കുന്നു എന്ന് ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് ശക്തമായ രീതികളിൽ നമ്മോടു സംസാരിക്കുന്നു; എന്നിട്ടും പലപ്പോഴും നാം കേൾക്കാൻ തയ്യാറാകുന്നില്ല. കേൾക്കുന്നതിലുള്ള ഈ വീഴ്ച നമ്മുടെ പാപങ്ങളിൽനിന്നു പൂർണമായി അനുതപിച്ചു തിരിയുന്നതിലും വീഴ്ച വരുത്താൻ ഇടയാക്കുന്നു. നിങ്ങളുടെ അവസ്ഥയും ഇതാണെങ്കിൽ, ദുശ്ശാഠ്യത്തോടെ തുടരുന്നവരെ കാത്തിരിക്കുന്ന കഠിനമായ ശിക്ഷാവിധിയുടെ വാക്കുകളെക്കുറിച്ചും ചിന്തിക്കുക. ഈ തിരിച്ചറിവ് നമ്മിൽ വിശുദ്ധമായ ഭയം നിറയ്ക്കുകയും നമ്മുടെ കർത്താവിന്റെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കാൻ നമ്മെ പ്രേരിപ്പിക്കുകയും വേണം.
ലോകരക്ഷകനേ, എണ്ണമറ്റ വഴികളിലൂടെ അങ്ങ് എന്നോടു സംസാരിക്കുന്നുവെന്ന് എനിക്കറിയാം. അങ്ങയുടെ വിശുദ്ധലിഖിതങ്ങളിലൂടെയും അങ്ങയുടെ സഭയിലൂടെയും എന്റെ പ്രാർഥനാജീവിതത്തിലും അങ്ങ് പ്രഘോഷിക്കുന്നു. അങ്ങയുടെ സ്വരം ശ്രദ്ധിക്കാനും അങ്ങ് പറയുന്നതെല്ലാം പൂർണമായ അനുസരണത്തോടും വിധേയത്വത്തോടുംകൂടെ സ്വീകരിക്കാനും എന്നെ സഹായിക്കണമേ. എന്റെ പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്റെ പാപത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ചോദിക്കുവിൻ, എല്ലാ നന്മകളും നിങ്ങൾക്കു ലഭിക്കും
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
“ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, വാതിൽ നിങ്ങൾക്കായി തുറക്കപ്പെടും…”
“അപ്പോൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി നന്മകൾ നൽകും.” മത്തായി 7:7, 11
നാം ചോദിക്കുമ്പോൾ നമുക്കു ലഭിക്കുമെന്നും, അന്വേഷിക്കുമ്പോൾ നാം കണ്ടെത്തുമെന്നും, മുട്ടുമ്പോൾ നിങ്ങൾക്കായി വാതിൽ തുറക്കപ്പെടുമെന്നും യേശു വളരെ വ്യക്തമായി പറയുന്നു. എന്നാൽ നിങ്ങളുടെ അനുഭവം അങ്ങനെയാണോ? ചിലപ്പോൾ നാം ചോദിച്ചുകൊണ്ടേയിരിക്കുകയും കേണപേക്ഷിക്കുകയും ചെയ്തിട്ടും, നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെന്നു തോന്നാം—കുറഞ്ഞപക്ഷം, നാം ആഗ്രഹിക്കുന്ന രീതിയിൽ ഉത്തരം ലഭിക്കുന്നില്ലെന്നു തോന്നാം. അപ്പോൾ, “ചോദിക്കുവിൻ…അന്വേഷിക്കുവിൻ…മുട്ടുവിൻ” എന്നും നിങ്ങൾക്കു ലഭിക്കുമെന്നും യേശു പറയുമ്പോൾ അവിടുന്ന് എന്താണ് അർഥമാക്കുന്നത്?
നമ്മുടെ കർത്താവിന്റെ ഈ ആഹ്വാനം മനസ്സിലാക്കുന്നതിനുള്ള താക്കോൽ ഇതാണ്: മുകളിൽ ഉദ്ധരിച്ച തിരുവചനത്തിൽ പറയുന്നതുപോലെ, നമ്മുടെ പ്രാർഥനയിലൂടെ ദൈവം “നന്മകൾ തന്നോടു ചോദിക്കുന്നവർക്കു നൽകും.” നാം ചോദിക്കുന്നതെന്തും നൽകുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നില്ല; മറിച്ച്, യഥാർഥത്തിൽ നല്ലതും പ്രത്യേകിച്ച് നമ്മുടെ നിത്യരക്ഷയ്ക്കു നന്മ ചെയ്യുന്നതുമായ കാര്യങ്ങളാണ് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്.
ഇത് ഒരു ചോദ്യം ഉയർത്തുന്നു: “അങ്ങനെയെങ്കിൽ ഞാൻ എങ്ങനെ പ്രാർഥിക്കണം, എന്തിനുവേണ്ടി പ്രാർഥിക്കണം?” നാം ഉരുവിടുന്ന ഓരോ മാധ്യസ്ഥ്യപ്രാർഥനയും കർത്താവിന്റെ തിരുവിഷ്ടം നിറവേറുന്നതിനുവേണ്ടി മാത്രമായിരിക്കണം—അതിൽ കൂടുതലോ കുറവോ ഒന്നുമല്ല. അവിടുത്തെ പൂർണമായ തിരുവിഷ്ടം മാത്രം.
ഇതിനായി പ്രാർഥിക്കുന്നത്, ആദ്യം വിചാരിക്കുന്നതിനെക്കാൾ പ്രയാസമായിരിക്കാം. പലപ്പോഴും “അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നതിനു പകരം “എന്റെ ഇഷ്ടം നിറവേറട്ടെ” എന്നു പ്രാർഥിക്കാനാണ് നമുക്കു പ്രവണത. എന്നാൽ ദൈവത്തിന്റെ തിരുവിഷ്ടം പൂർണമാണെന്നും അത് എല്ലാ “നന്മകളും” നമുക്കു നൽകുന്നുവെന്നും നമുക്ക് ആഴമായി വിശ്വസിക്കാൻ കഴിയുമെങ്കിൽ, അവിടുത്തെ തിരുവിഷ്ടം അന്വേഷിക്കുന്നതും അതിനായി അപേക്ഷിക്കുന്നതും അവിടുത്തെ ഹൃദയവാതിലിൽ മുട്ടുന്നതും, ദൈവം നൽകാൻ ആഗ്രഹിക്കുന്നതുപോലെ, കൃപയുടെ സമൃദ്ധിക്കു വഴിയൊരുക്കും.
നിങ്ങൾ പ്രാർഥിക്കുന്ന രീതിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന അനേകം കാര്യങ്ങൾക്കു പകരം, ദൈവം നൽകാൻ ആഗ്രഹിക്കുന്ന നന്മകൾ തേടുന്നവിധം നിങ്ങളുടെ പ്രാർഥന മാറ്റാൻ ശ്രമിക്കുക. സ്വന്തം ചിന്തകളോടും സ്വന്തം ഇഷ്ടത്തോടുമുള്ള പിടിവിടുന്നത് തുടക്കത്തിൽ പ്രയാസമായിരിക്കാം. എന്നാൽ ഒടുവിൽ, ദൈവത്തിൽനിന്നുള്ള അനേകം നന്മകളാൽ നിങ്ങൾ അനുഗൃഹീതരാകും.
യഥാർഥ നന്മയുടെ കർത്താവേ, എല്ലാറ്റിലും അങ്ങയുടെ തിരുവിഷ്ടം നിറവേറണമെന്നു ഞാൻ പ്രാർഥിക്കുന്നു. എല്ലാറ്റിനുമുപരിയായി അങ്ങേക്ക് എന്നെത്തന്നെ സമർപ്പിക്കാനും അങ്ങയുടെ പൂർണമായ പദ്ധതിയിൽ വിശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, എന്റെ സ്വന്തം ചിന്തകളും ആഗ്രഹങ്ങളും ഉപേക്ഷിക്കാനും എപ്പോഴും അങ്ങയുടെ തിരുവിഷ്ടം തേടാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കപടതയില്ലാതെ, സത്യസന്ധതയോടെ, ആത്മാർഥതയോടെ ജീവിക്കുക
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
“ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെക്കാൾ മികച്ചതല്ലെങ്കിൽ, നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.” മത്തായി 5:20
സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ ആരാണ് ആഗ്രഹിക്കുന്നത്? തീർച്ചയായും നാമെല്ലാവരും ആഗ്രഹിക്കുന്നു! അതായിരിക്കണം നമ്മുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യത്തോടൊപ്പം, കഴിയുന്നത്ര ആളുകളെ നമ്മോടൊപ്പം കൊണ്ടുപോകാനും നാം പരിശ്രമിക്കണം.
ഇതിനെ ജീവിതത്തിന്റെ പരമലക്ഷ്യമായി കാണുന്നതിൽ പലപ്പോഴും നാം പരാജയപ്പെടുന്നു. ഭൂമിയിൽ നാം ആയിരിക്കുന്നതിന്റെ മുഖ്യകാരണം സ്വർഗമാണെന്ന ബോധ്യത്തോടെ അതിലേക്കു ദൃഷ്ടി പതിപ്പിക്കാൻ നമുക്കു കഴിയാതെ പോകുന്നു. ജീവിതത്തിലെ “ചെറിയ ലക്ഷ്യങ്ങൾ” എന്നു നാം വിളിക്കുന്നവ നൽകുന്ന ദൈനംദിന സംതൃപ്തികളിൽ മുഴുകിപ്പോകാൻ വളരെ എളുപ്പമാണ്. വിനോദം, പണം, വിജയം തുടങ്ങിയവയാണ് ഈ ലക്ഷ്യങ്ങൾ. ചിലപ്പോഴൊക്കെ ഈ ചെറിയ ലക്ഷ്യങ്ങളെ നമ്മുടെ ഏക ലക്ഷ്യങ്ങളാക്കാനും നമുക്കു കഴിയും.
അപ്പോൾ നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ലക്ഷ്യം എന്താണ്? ദിവസം മുഴുവൻ നിങ്ങൾ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നതും എന്താണ് അന്വേഷിക്കുന്നതും? ഓരോ ദിവസത്തെയും നിങ്ങളുടെ പ്രവൃത്തികളെ സത്യസന്ധമായി പരിശോധിച്ചാൽ, നിങ്ങൾ കരുതുന്നതിലുമധികമായി നിസ്സാരവും ക്ഷണികവുമായ ചെറിയ ലക്ഷ്യങ്ങളെയാണ് യഥാർഥത്തിൽ തേടുന്നതെന്ന് അതിശയത്തോടെ തിരിച്ചറിഞ്ഞേക്കാം.
ജീവിതത്തിന്റെ പരമലക്ഷ്യമായ സ്വർഗരാജ്യം എങ്ങനെ പ്രാപിക്കാമെന്നതിനെക്കുറിച്ച് മുകളിലെ വചനഭാഗത്തിൽ യേശു നമുക്കു വ്യക്തമായ ഒരു മാർഗനിർദേശം നൽകുന്നു. അവിടുന്ന് ചൂണ്ടിക്കാണിക്കുന്ന വഴി നീതിനിഷ്ഠയാണ്.
എന്താണ് നീതിനിഷ്ഠ? ലളിതമായി പറഞ്ഞാൽ, ഉള്ളതുപോലെ ആയിരിക്കുക എന്നതാണത്. കാപട്യമില്ലാതെ ജീവിക്കുക. വ്യാജമായി പെരുമാറാതിരിക്കുക. ഏറ്റവുമുപരിയായി, ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ സത്യസന്ധരായിരിക്കുക എന്നതാണത്. തങ്ങൾ വിശുദ്ധരും ദൈവഹിതം നന്നായി അനുസരിക്കുന്നവരുമാണെന്ന് നടിക്കാൻ ഫരിസേയർ ഏറെ പണിപ്പെട്ടു. എന്നാൽ അതിൽ അവർ അത്ര വിജയിച്ചില്ല. അഭിനയത്തിൽ അവർ മിടുക്കരായിരുന്നിരിക്കാം; തങ്ങളെത്തന്നെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനും അവർക്കു കഴിഞ്ഞിരിക്കാം. എന്നാൽ യേശുവിനെ കബളിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. അവരുടെ കപടമായ പുറംമോടിക്കപ്പുറം ഉള്ളിലുള്ളത് കാണാൻ യേശുവിനു കഴിഞ്ഞു. അവരുടെ “നീതിനിഷ്ഠ” തങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള ഒരു പ്രകടനം മാത്രമായിരുന്നുവെന്ന് അവിടുത്തേക്കു കാണാൻ കഴിഞ്ഞു.
ഇന്ന് നിങ്ങളുടെ സ്വന്തം നീതിനിഷ്ഠയെക്കുറിച്ച്—വിശുദ്ധിക്കായി പരിശ്രമിക്കുന്നതിലുള്ള നിങ്ങളുടെ സത്യസന്ധതയെയും ആത്മാർഥതയെയും കുറിച്ച്—ധ്യാനിക്കുക. ഓരോ ദിവസവും സ്വർഗത്തെ നിങ്ങളുടെ പരമലക്ഷ്യമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ ലക്ഷ്യത്തെയും വിശുദ്ധിക്കായുള്ള സത്യസന്ധമായ പരിശ്രമമാക്കാനും നിങ്ങൾ ശ്രമിക്കണം. ജീവിതത്തിലെ എല്ലാ ചെറിയ കാര്യങ്ങളിലും തികഞ്ഞ ആത്മാർഥതയോടും സത്യസന്ധതയോടുംകൂടെ നാം അനുദിനം ക്രിസ്തുവിനെ അന്വേഷിക്കണം. തുടർന്ന്, നമ്മുടെ ഉള്ളിൽ യഥാർഥത്തിൽ എന്താണുള്ളതെന്നു വെളിപ്പെടുത്തിക്കൊണ്ട് ആ ആത്മാർഥത പ്രകാശിക്കാൻ നാം അനുവദിക്കണം. ഏറ്റവും യഥാർഥമായ അർഥത്തിൽ നീതിനിഷ്ഠയുള്ളവരായിരിക്കുക എന്നാൽ ദിവസം മുഴുവൻ ആത്മാർഥമായി ദൈവത്തെ അന്വേഷിക്കുകയും ആ ആത്മാർഥതയെ നമ്മുടെ ജീവിതത്തിന്റെ സ്ഥിരമായ ലക്ഷ്യമാക്കുകയും ചെയ്യുക എന്നതാണ്.
യഥാർഥ നീതിയുടെ നാഥാ, എന്നെ നീതിമാനാക്കണമേ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജീവിതത്തിൽ ഞാൻ തേടുന്ന എല്ലാറ്റിലും ആത്മാർഥതയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെ സ്നേഹിക്കാനും ദിവസത്തിലെ ഓരോ നിമിഷവും അങ്ങയെ സ്നേഹിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പൂർണതയിലേക്കുള്ള വിളി
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ശനിയാഴ്ച
“അതിനാൽ, നിങ്ങളുടെ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ.” മത്തായി 5:48
പൂർണതയാണ് നമ്മുടെ വിളി; അതിൽ കുറഞ്ഞതൊന്നുമല്ല. അതിൽ കുറഞ്ഞ ഒന്നിനെ ലക്ഷ്യമാക്കുന്നതിലുള്ള അപകടം, നിങ്ങൾ അത് യഥാർഥത്തിൽ നേടിപ്പോയേക്കാം എന്നതാണ്. പിന്നെ എന്ത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “തരക്കേടില്ലാത്തവിധം നല്ലവരായിരിക്കുക” എന്നതുകൊണ്ടുമാത്രം നിങ്ങൾ തൃപ്തിപ്പെടുന്നെങ്കിൽ, നിങ്ങൾ യഥാർഥത്തിൽ “തരക്കേടില്ലാത്തവിധം നല്ലവരായി” മാറിയേക്കാം. എന്നാൽ യേശുവിന്റെ അഭിപ്രായത്തിൽ അത്രയും നല്ലവരായാൽ മാത്രം പോരാ. അവിടുന്ന് ആഗ്രഹിക്കുന്നത് പൂർണതയാണ്! ഇതൊരു ഉന്നതമായ വിളിയാണ്.
എന്താണ് പൂർണത? അത് നമുക്കു താങ്ങാനാവാത്തതും ന്യായമായി പ്രതീക്ഷിക്കാവുന്നതിന് ഏറെക്കുറെ അപ്പുറമുള്ളതുമായി തോന്നിയേക്കാം. ആ ചിന്തപോലും നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. എന്നാൽ പൂർണത യഥാർഥത്തിൽ എന്താണെന്ന് മനസ്സിലാക്കിയാൽ, ആ ചിന്ത നമ്മെ ഒട്ടും ഭയപ്പെടുത്തിയെന്നുവരില്ല. വാസ്തവത്തിൽ, അതിനായി ആഴമായി ആഗ്രഹിക്കാനും അതിനെ ജീവിതത്തിലെ നമ്മുടെ പുതിയ ലക്ഷ്യമാക്കാനും നമുക്കു തോന്നിയേക്കാം.
ആദ്യം നോക്കുമ്പോൾ, പൂർവകാലത്തെ മഹാവിശുദ്ധർ മാത്രം ജീവിച്ച ഒന്നായി പൂർണത തോന്നിയേക്കാം. എന്നാൽ ഒരു പുസ്തകത്തിൽ നാം വായിച്ചറിയുന്ന ഓരോ വിശുദ്ധനെയും കൂടാതെ, ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആയിരക്കണക്കിനു വിശുദ്ധരുണ്ട്; ഭാവിയിൽ വിശുദ്ധരാകാനുള്ള മറ്റു പലരും ഇന്നു ജീവിച്ചിരിപ്പുമുണ്ട്. അതൊന്നു സങ്കൽപ്പിച്ചുനോക്കൂ. നാം സ്വർഗത്തിലെത്തുമ്പോൾ, നമുക്കറിയാവുന്ന മഹാവിശുദ്ധരെ കണ്ട് തീർച്ചയായും വിസ്മയഭരിതരാകും. എന്നാൽ സ്വർഗത്തിൽവെച്ച് ആദ്യമായി നാം പരിചയപ്പെടാനിരിക്കുന്ന എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുക. ഈ പുരുഷന്മാരും സ്ത്രീകളും യഥാർഥ സന്തോഷത്തിലേക്കുള്ള വഴിക്കായി പരിശ്രമിക്കുകയും അതു കണ്ടെത്തുകയും ചെയ്തു. തങ്ങൾ പൂർണതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് അവർ കണ്ടെത്തി.
ഓരോ നിമിഷവും ദൈവകൃപയിൽ ജീവിക്കാൻ നാം പരിശ്രമിക്കുന്നു എന്നതാണ് പൂർണതയുടെ അർഥം. അത്രമാത്രം! ദൈവകൃപയിൽ മുഴുകി ഇവിടെ, ഈ നിമിഷത്തിൽ ജീവിക്കുക മാത്രം. നാളെ ഇതുവരെ നമ്മുടെ കൈകളിലില്ല; ഇന്നലെ എന്നേക്കുമായി കടന്നുപോയി. നമ്മുടെ പക്കലുള്ളത് ഇപ്പോഴത്തെ ഈ ഒരൊറ്റ നിമിഷം മാത്രമാണ്. ഈ നിമിഷം പൂർണമായി ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
തീർച്ചയായും, നമുക്കോരോരുത്തർക്കും ഒരു നിമിഷത്തേക്ക് പൂർണത തേടാൻ കഴിയും. ഇവിടെ, ഇപ്പോൾ നമുക്കു ദൈവത്തിനു സ്വയം സമർപ്പിക്കാനും ഈ നിമിഷത്തിൽ അവിടുത്തെ ഹിതം മാത്രം അന്വേഷിക്കാനും കഴിയും. നമുക്കു പ്രാർഥിക്കാം, നിസ്വാർഥമായ ഉപവിസ്നേഹം പ്രകടിപ്പിക്കാം, അസാധാരണമായ കാരുണ്യപ്രവൃത്തി ചെയ്യാം; ഇതുപോലെ പലതും ചെയ്യാം. ഇപ്പോഴത്തെ ഈ നിമിഷത്തിൽ നമുക്കത് ചെയ്യാൻ കഴിയുമെങ്കിൽ, അടുത്ത നിമിഷത്തിലും അതു ചെയ്യുന്നതിൽനിന്ന് നമ്മെ തടയുന്നതെന്താണ്?
കാലം കടന്നുപോകുമ്പോൾ, ഓരോ നിമിഷവും ദൈവകൃപയിൽ ജീവിക്കാനും ഓരോ നിമിഷവും അവിടുത്തെ ഹിതത്തിനു സമർപ്പിക്കാനും നാം എത്രയധികം പരിശ്രമിക്കുന്നുവോ, അത്രയധികം നാം കരുത്തരാകുകയും വിശുദ്ധിയിൽ വളരുകയും ചെയ്യുന്നു. ഓരോ നിമിഷവും ഇങ്ങനെ ജീവിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്ന ശീലങ്ങൾ നാം പതുക്കെ വളർത്തിയെടുക്കുന്നു. കാലക്രമത്തിൽ, നാം രൂപപ്പെടുത്തുന്ന ശീലങ്ങൾ നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും നമ്മെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇന്ന് ഇപ്പോഴത്തെ നിമിഷത്തെക്കുറിച്ച് ധ്യാനിക്കുക. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, ഇപ്പോൾ നിങ്ങളുടെ പക്കലുള്ള ഈ നിമിഷത്തെക്കുറിച്ചുമാത്രം ചിന്തിക്കാൻ ശ്രമിക്കുക. ഈ നിമിഷം വിശുദ്ധിയിൽ ജീവിക്കാൻ പ്രതിജ്ഞയെടുക്കുക; അപ്പോൾ നിങ്ങൾ ഒരു വിശുദ്ധനാകാനുള്ള പാതയിലായിരിക്കും!
യഥാർഥ വിശുദ്ധിയുടെ നാഥാ, വിശുദ്ധനാകാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അങ്ങ് പരിശുദ്ധനായിരിക്കുന്നതുപോലെ വിശുദ്ധനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഓരോ നിമിഷവും അങ്ങേക്കുവേണ്ടിയും അങ്ങയോടുകൂടെയും അങ്ങയിലും ജീവിക്കാൻ എന്നെ സഹായിക്കണമേ. പ്രിയനാഥാ, ഈ നിമിഷം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്
