സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം A)
“ചിലർ ക്ഷണം അവഗണിച്ച്, ഒരാൾ തന്റെ കൃഷിയിടത്തിലേക്കും മറ്റൊരാൾ തന്റെ വ്യാപാരത്തിലേക്കും പോയി. ശേഷിച്ചവർ അവന്റെ ദാസന്മാരെ പിടികൂടി, പീഡിപ്പിച്ച് കൊന്നുകളഞ്ഞു.” മത്തായി 22:5-6
ഈ വചനഭാഗം വിവാഹവിരുന്നിന്റെ ഉപമയിൽനിന്നുള്ളതാണ്. സുവിശേഷത്തോടുള്ള ദുഃഖകരമായ രണ്ടു പ്രതികരണങ്ങൾ ഇത് വെളിപ്പെടുത്തുന്നു. ഒന്നാമതായി, ക്ഷണം അവഗണിക്കുന്നവരുണ്ട്. രണ്ടാമതായി, സുവിശേഷപ്രഘോഷണത്തോട് ശത്രുതയോടെ പ്രതികരിക്കുന്നവരുണ്ട്.
സുവിശേഷപ്രഘോഷണത്തിനായി നിങ്ങൾ സ്വയം സമർപ്പിക്കുകയും ഈ ദൗത്യത്തിനായി നിങ്ങളുടെ ആത്മാവിനെ മുഴുവനായി അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഈ രണ്ടു പ്രതികരണങ്ങളും നിങ്ങൾക്കു നേരിടേണ്ടിവരാൻ ഏറെ സാധ്യതയുണ്ട്. രാജാവ് ദൈവത്തിന്റെ പ്രതീകമാണ്; നാം അവിടുത്തെ സന്ദേശവാഹകരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരാൻ പിതാവ് നമ്മെ അയയ്ക്കുന്നു. നിത്യാനന്ദത്തിലേക്കും സന്തോഷത്തിലേക്കും പ്രവേശിക്കാൻ ആളുകളെ ക്ഷണിക്കാനുള്ള ഭാഗ്യം നമുക്കു ലഭിക്കുന്നു എന്നതിനാൽ ഇതൊരു മഹത്തായ ദൗത്യമാണ്! എന്നാൽ ഈ ക്ഷണത്തിൽ അത്യധികം ആഹ്ലാദിക്കുന്നതിനുപകരം, നാം കണ്ടുമുട്ടുന്ന പലരും നാം അവരോടു പങ്കുവയ്ക്കുന്ന കാര്യങ്ങളിൽ താത്പര്യമില്ലാതെ, ഉദാസീനരായി തങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ മുഴുകും. മറ്റുചിലരാകട്ടെ, പ്രത്യേകിച്ച് സുവിശേഷത്തിലെ വിവിധ ധാർമ്മിക പ്രബോധനങ്ങളുടെ കാര്യത്തിൽ, ശത്രുതയോടെ പ്രതികരിക്കും.
നിസ്സംഗതയിലൂടെയായാലും കൂടുതൽ ശത്രുതാപരമായ നിരാകരണത്തിലൂടെയായാലും, സുവിശേഷത്തെ തള്ളിക്കളയുന്നത് അവിശ്വസനീയമാംവിധം യുക്തിരഹിതമായ ഒരു പ്രവൃത്തിയാണ്. ആത്യന്തികമായി ദൈവത്തിന്റെ വിവാഹവിരുന്നിൽ പങ്കുചേരാനുള്ള ക്ഷണമായ സുവിശേഷസന്ദേശം, ജീവന്റെ പൂർണ്ണത സ്വീകരിക്കാനുള്ള ക്ഷണമാണെന്നതാണ് സത്യം. ദൈവത്തിന്റെ തന്നെ ജീവനിൽ പങ്കുചേരാനുള്ള ക്ഷണമാണത്. എത്ര വലിയൊരു ദാനം! എന്നിട്ടും ദൈവത്തിൽനിന്നുള്ള ഈ ദാനം സ്വീകരിക്കാത്തവരുണ്ട്; കാരണം, എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ ചിന്തയ്ക്കും തിരുഹിതത്തിനും പൂർണ്ണമായി സ്വയം സമർപ്പിക്കുന്നതാണ് അത്. അതിന് എളിമയും സത്യസന്ധതയും മാനസാന്തരവും നിസ്വാർത്ഥമായ ജീവിതവും ആവശ്യമാണ്.
ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. ഒന്നാമതായി, സുവിശേഷത്തോടുള്ള നിങ്ങളുടെ സ്വന്തം പ്രതികരണത്തെക്കുറിച്ച് ചിന്തിക്കുക. ദൈവം നിങ്ങളോടു പറയുന്ന എല്ലാറ്റിനോടും പൂർണ്ണമായ തുറവിയോടും തീക്ഷ്ണതയോടും കൂടിയാണോ നിങ്ങൾ പ്രതികരിക്കുന്നത്? രണ്ടാമതായി, ദൈവത്തിന്റെ സന്ദേശം ലോകത്തിലേക്ക് എത്തിക്കാൻ അവിടുന്ന് നിങ്ങളെ ഏതെല്ലാം വിധത്തിൽ വിളിക്കുന്നു എന്നു ചിന്തിക്കുക. മറ്റുള്ളവരുടെ പ്രതികരണം എന്തുതന്നെയായാലും, വലിയ തീക്ഷ്ണതയോടെ അതു ചെയ്യാൻ സ്വയം സമർപ്പിക്കുക. ഈ രണ്ടു ഉത്തരവാദിത്വങ്ങളും നിങ്ങൾ നിറവേറ്റിയാൽ, മഹാരാജാവിന്റെ വിവാഹവിരുന്നിൽ പങ്കുചേരാനുള്ള അനുഗ്രഹം നിങ്ങൾക്കും മറ്റു പലർക്കും ലഭിക്കും.
കർത്താവേ, എന്റെ ജീവിതം മുഴുവൻ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിൽനിന്നു പുറപ്പെടുന്ന ഓരോ വചനവും സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, എല്ലാ വിധത്തിലും ഞാൻ എപ്പോഴും അങ്ങയോടു തുറവുള്ളവനായിരിക്കട്ടെ. അങ്ങയുടെ കരുണയുടെ ക്ഷണം സഹായം ആവശ്യമുള്ള ലോകത്തിലേക്ക് എത്തിക്കാനായി, അങ്ങയുടെ ഉപകരണമായിത്തീരാനും ഞാൻ ആഗ്രഹിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നല്ല ഉദ്ദേശ്യങ്ങൾക്കപ്പുറം
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം B)
യേശു യാത്ര പുറപ്പെടുമ്പോൾ ഒരുവൻ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: “നല്ല ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” മർക്കോസ് 10:17
ഈ സംഭവത്തിന്റെ തുടക്കം വളരെ നല്ലതായി തോന്നുന്നു. വലിയ സമ്പത്തുള്ള ഒരു യുവാവ് വിശ്വാസത്തിൽ വേരൂന്നിയ ഒരു ചോദ്യവുമായി യേശുവിന്റെ അടുത്തേക്കു വരുന്നു. നിത്യജീവൻ അവകാശമാക്കാൻ താൻ എന്തു ചെയ്യണമെന്ന് യേശുവിനോടു ചോദിക്കുമ്പോൾ, അതിനുള്ള ഉത്തരം യേശുവിന്റെ പക്കലുണ്ടെന്ന് അയാൾ വിശ്വസിച്ചിരിക്കാനാണ് ഏറെ സാധ്യത. തന്റെ ഉത്സാഹത്തിൽ, യേശുവിൽനിന്ന് മാർഗ്ഗനിർദേശം ലഭിക്കാൻ അയാൾ ആഗ്രഹിച്ചു.
കൽപ്പനകൾ പാലിക്കണമെന്ന് യേശു അയാളോടു പറയുന്നു. ചെറുപ്പംമുതൽ അവയെല്ലാം പാലിച്ചിട്ടുണ്ടെന്ന് ആ യുവാവ് മറുപടി നൽകുന്നു. എന്നാൽ പിന്നീട്, അവിടുന്ന് പറയുമെന്ന് ഈ യുവാവ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം യേശു പറയുന്നു: “നിനക്ക് ഒരു കുറവുണ്ട്. പോകുക, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ഹാ, എത്ര വേദനാകരം! ഇത് ആ ധനികനായ യുവാവിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കണം. യേശു പറഞ്ഞതിന്റെ ഫലമായി ഈ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയെന്ന് ഈ ഭാഗം തുടർന്നു പറയുന്നു.
ആ യുവാവ് നല്ല ഉദ്ദേശ്യങ്ങളോടെയാണ് തുടങ്ങിയത്; അത് വ്യക്തമാണ്. എന്നാൽ നല്ല ഉദ്ദേശ്യങ്ങൾ മാത്രം പോരാ. യേശുവിനെ അനുഗമിക്കുന്നതും നിത്യജീവൻ നേടുന്നതും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പൂർണ്ണമായി ഉൾക്കൊള്ളുന്ന, സമൂലമായ ഒരു സമർപ്പണമാണ്. കൽപ്പനകൾ പാലിക്കാമെന്നും എന്നാൽ അതിനപ്പുറം ഒന്നുമില്ലെന്നും യേശുവിനോടു പറഞ്ഞാൽ മാത്രം പോരാ. തീർച്ചയായും, അത് ഒരുപക്ഷേ നമ്മെ ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേക്കാം; എന്നാൽ നാം ആഗ്രഹിക്കേണ്ടത് സ്വർഗ്ഗമാണ്! അപ്പോൾ നാം എങ്ങനെയാണ് സ്വർഗ്ഗം നേടുന്നത്?
പരിപൂർണതയുള്ള ഒരു ജീവിതത്തിലൂടെ മാത്രമേ നാം സ്വർഗം പ്രാപിക്കുകയുള്ളൂ. അതെ, അതു സത്യമാണ്. നമുക്കു സ്വർഗം വേണമെങ്കിൽ, ആത്യന്തികമായി നാം എല്ലാ വിധത്തിലും പരിപൂർണരാകണം. ലൗകികമായ എല്ലാ ആസക്തികളും ഇല്ലാതാകണം; എല്ലാ പാപങ്ങളെയും അതിജീവിക്കണം. നമ്മുടെ നല്ല നിയോഗങ്ങൾ, യേശുവിനെയും അവിടുത്തെ മാത്രവും അന്വേഷിച്ചുകൊണ്ട്, നമ്മുടെതന്നെ സമൂലവും സമ്പൂർണവുമായ ആത്മസമർപ്പണമായി മാറണം.
തനിക്കുള്ളതെല്ലാം വിട്ടുകൊടുക്കാനുള്ള യേശുവിന്റെ ക്ഷണം യഥാർത്ഥത്തിൽ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്നതിനാലാണ് ആ ധനികനായ യുവാവ് ദുഃഖിതനായി മടങ്ങിപ്പോയത്. ക്രിസ്തുവിനെ അനുഗമിക്കാനുള്ള ഈ സമൂലമായ സമർപ്പണത്തിൽ താൻ സന്തോഷം കണ്ടെത്തുമെന്ന് അയാൾ മനസ്സിലാക്കിയില്ല.
നിങ്ങളുടെ ജീവിതത്തിൽ ഈശോ നൽകുന്ന സമൂലമായ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഭാഗവും അവിടുന്ന് ആഗ്രഹിക്കുന്നു. നല്ലവരായിരിക്കാൻ പരിശ്രമിക്കണമെന്ന സദുദ്ദേശ്യം നിങ്ങൾക്കുണ്ടായിരിക്കാം. എന്നാൽ യാതൊരു പരിധിയും വയ്ക്കാതെ, പൂർണമായി ക്രിസ്തുവിനെ അനുഗമിച്ച് അവസാനംവരെ പോകാൻ നിങ്ങൾ തയ്യാറാണോ?
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മുഴുവൻ അസ്തിത്വത്തോടുംകൂടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ അനുഗമിക്കുന്നതിന് എന്നെത്തന്നെ സമൂലമായും സമ്പൂർണമായും അങ്ങേക്കു സമർപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയെ അനുഗമിക്കുന്നതിൽനിന്ന് എന്നെ തടയുന്ന ജീവിതത്തിലെ ഏതൊരു ആസക്തിയും ഉപേക്ഷിക്കാൻ ഞാൻ സന്നദ്ധനും മനസ്സുള്ളവനുമായിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നന്ദിയുള്ള ഹൃദയത്തിന്റെ സൗഖ്യദായകമായ ലേപനം
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ഞായറാഴ്ച (വർഷം C)
“പത്തുപേർ ശുദ്ധരാക്കപ്പെട്ടില്ലേ? മറ്റു ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തിന് നന്ദി പറയാൻ മടങ്ങിവന്നില്ലേ?” ലൂക്കാ 17:17-18
പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയശേഷം, അവരിൽ ഒരുവൻ മാത്രം—ഒരു വിദേശി—നന്ദി പറയാൻ ഈശോയുടെ അടുക്കലേക്ക് മടങ്ങിവന്നപ്പോഴാണ് അവിടുന്ന് ഈ വാക്കുകൾ പറഞ്ഞത്. പത്തുപേരുടെയും ശരീരത്തിലെ കുഷ്ഠരോഗം സുഖപ്പെട്ടു; എന്നാൽ ഒരാൾക്ക് മാത്രമാണ് അതിലും ആഴമേറിയ സൗഖ്യം ലഭിച്ചത്. നന്ദിയുള്ള ഹൃദയത്തോടെ തന്റെ അടുക്കലേക്ക് മടങ്ങിവന്ന ആ കുഷ്ഠരോഗിയോട് ഈശോ പറഞ്ഞു: “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (ലൂക്കാ 17:19).
നന്ദിനിറഞ്ഞ ഹൃദയത്തോടെ മടങ്ങിവന്ന ഈ ഒരു കുഷ്ഠരോഗി മാത്രമാണ് നമ്മുടെ കർത്താവ് ഈ വാക്കുകൾ പറയുന്നതു കേട്ടത്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ദൈവത്തോടുള്ള കൃതജ്ഞത നമ്മുടെ കടമ മാത്രമല്ല, അതു നമ്മുടെ ജീവിതത്തിൽ പ്രകടമായ അനുഗ്രഹങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു എന്ന് ഇതു വെളിപ്പെടുത്തുന്നു. ദൈവം ചെയ്ത എല്ലാറ്റിനും നാം ആത്മാർഥമായി നന്ദി അർപ്പിക്കുമ്പോൾ, അതിലൂടെ ദൈവത്തിലുള്ള വലിയ വിശ്വാസമാണ് നാം പ്രകടമാക്കുന്നത്. നമ്മുടെ അനുഗ്രഹങ്ങളുടെ ഉറവിടമായി നാം അവിടുത്തെയും അവിടുത്തെ നന്മയെയും ചൂണ്ടിക്കാണിക്കുന്നു; ഇതു കാണാനും ഏറ്റുപറയാനും വിശ്വാസം ആവശ്യമാണ്.
നിങ്ങളുടെ ജീവിതത്തിൽ എന്തിനോടുള്ള കൃതജ്ഞതയിലാണ് നിങ്ങൾ വളരേണ്ടത്? സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നു കരുതി, ദൈവത്തിങ്കലേക്കു മടങ്ങിച്ചെന്ന് അവിടുത്തോട് വേണ്ടവിധം നന്ദി പറയാൻ നിങ്ങൾ വിട്ടുപോയത് എന്തിനുവേണ്ടിയാണ്? ജീവിതത്തിലെ എല്ലാം ദാനമാണ് എന്നതാണു സത്യം. എല്ലാംതന്നെ. നിങ്ങൾ സഹിക്കുന്ന ക്ലേശങ്ങൾപോലും അനുഗ്രഹങ്ങളായി മാറ്റപ്പെടാം. വാസ്തവത്തിൽ, ഈ സംഭവത്തിൽ കൃത്യമായി അതുതന്നെയാണു സംഭവിച്ചത്. കുഷ്ഠരോഗത്തിന്റെ ഭയാനകമായ സഹനം ദൈവത്തിൽനിന്നുള്ള ഒരു കൃപയായി മാറ്റപ്പെട്ടു.
ദൈവം നിങ്ങൾക്കുവേണ്ടി ചെയ്ത സകലതിനെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തിൽ കൃപ ചൊരിയുന്ന എണ്ണമറ്റ വഴികളെല്ലാം മനസ്സിലാക്കാൻ കഴിയേണ്ടതിന് പ്രാർഥിക്കുക. അവ തിരിച്ചറിയുമ്പോൾ, ആ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക, അവ എണ്ണിനോക്കുക, അവയ്ക്കായി കൃതജ്ഞതയുള്ളവരായിരിക്കുക. ആ കൃതജ്ഞതയിൽനിന്ന് ദൈവത്തിന് സന്തോഷത്തോടെ നന്ദി അർപ്പിക്കുക. ആ പ്രവൃത്തിയിൽ നിങ്ങളുടെ വിശ്വാസവും നിങ്ങളെ രക്ഷിക്കും.
കർത്താവേ, എന്റെ ജീവിതത്തിലുടനീളം അങ്ങ് എനിക്കു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്കു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങ് എനിക്കു കൃപ നൽകുകയും എന്നെ നയിക്കുകയും സുഖപ്പെടുത്തുകയും ചെയ്ത എല്ലാ വിധങ്ങൾക്കും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എനിക്കുവേണ്ടി ചെയ്തതും തുടർന്നും ചെയ്യുന്നതുമായ എല്ലാം വ്യക്തമായി കാണാൻ എന്നെ സഹായിക്കണമേ. ഈ അനുഗ്രഹങ്ങൾ കാണുമ്പോൾ, വിശ്വാസത്തോടെ ഓരോ ദിവസവും എന്റെ കൃതജ്ഞത പ്രകടിപ്പിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അടയാളങ്ങൾ തേടുമ്പോൾ
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ തിങ്കളാഴ്ച
കൂടുതൽ ആളുകൾ വന്നുകൂടിക്കൊണ്ടിരിക്കെ ഈശോ അവരോട് പറഞ്ഞു: “ഈ തലമുറ ദുഷ്ടമായ ഒരു തലമുറയാണ്; ഇത് ഒരു അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഇതിനു നൽകപ്പെടുകയില്ല.” ലൂക്കാ 11:29
ജീവിതത്തിൽ വ്യക്തമായ മാർഗനിർദേശമോ ദിശാബോധമോ നൽകാനായി ദൈവം സ്വർഗത്തിൽനിന്ന് ഒരു അടയാളം നൽകിയിരുന്നെങ്കിൽ എന്നു നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിക്കാറുണ്ടോ? നിങ്ങൾ ദൈവത്തിൽനിന്നുള്ള അടയാളങ്ങൾ അന്വേഷിക്കുകയും അവയെ ആശ്രയിക്കുകയും ചെയ്യുന്നുണ്ടോ?
ദൈവം തന്റെ ഹിതം വെളിപ്പെടുത്തുന്ന വ്യക്തമായ ഏതെങ്കിലും അടയാളം നമ്മുടെ ജീവിതത്തിൽ നൽകിയാൽ, നാം അതിനെ ഒരു ദാനമായി സ്വീകരിക്കുകയും അതിനായി നന്ദിയുള്ളവരായിരിക്കുകയും വേണം. എന്നാൽ ദൈവത്തിൽനിന്ന് ഒരു അടയാളം ലഭിക്കുന്നതും ദൈവത്തിൽനിന്ന് ഒരു അടയാളം അന്വേഷിക്കുന്നതും വ്യത്യസ്തമാണ്. മുകളിലെ വചനഭാഗത്തിൽ, അടയാളങ്ങൾ അന്വേഷിച്ചുവരുന്നവരെ ഈശോ ശക്തമായി അപലപിക്കുന്നു. എന്തുകൊണ്ടാണിത്? അടയാളങ്ങൾ അന്വേഷിക്കുന്നതിനെതിരെ ഈശോ ശക്തമായി സംസാരിക്കുന്നത് എന്തുകൊണ്ടാണ്? വിശ്വാസമെന്ന ദാനത്തിലൂടെ നാം അവിടുത്തെ അന്വേഷിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.
യോനായുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും നൽകപ്പെടുകയില്ലെന്ന് യേശു പ്രസ്താവിക്കുന്നു. “യോനായുടെ അടയാളം” എന്നത് യേശുവിന്റെ കുരിശുമരണം, മരണം, കല്ലറയിലെ മൂന്നു ദിവസങ്ങൾ, ഉത്ഥാനം എന്നിവയെ സൂചിപ്പിക്കുന്നു. യോനാ മൂന്നു ദിവസം തിമിംഗലത്തിന്റെ ഉദരത്തിലായിരുന്നു. താൻ മൂന്നു ദിവസം കല്ലറയിൽ ആയിരിക്കുമെന്നാണ് യേശു അവരോടു പറഞ്ഞത്.
എന്നാൽ നൽകപ്പെടാനിരിക്കുന്ന അടയാളം ഈശോയുടെ മരണവും ഉത്ഥാനവും തന്നെയാണ് എന്നതാണ് പ്രധാന കാര്യം. നമ്മുടെ വിശ്വാസത്തിന്റെ ഈ കേന്ദ്രരഹസ്യമല്ലാതെ മറ്റൊന്നും നാം അന്വേഷിക്കരുത്. ക്രിസ്തുവിന്റെ ജീവിതത്തിലേക്കും മരണത്തിലേക്കും ഉത്ഥാനത്തിലേക്കും പ്രവേശിച്ചുകൊണ്ട് നമ്മുടെ വീണ്ടെടുപ്പിന്റെ മഹാരഹസ്യത്തിലേക്ക് കടന്നുചെല്ലുകയാണെങ്കിൽ, എല്ലാ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും മറ്റും ഉത്തരം കണ്ടെത്താനും അവയെ നേരിടാനും കഴിയും. ഇതല്ലാതെ മറ്റൊരു അടയാളം അന്വേഷിക്കുന്നത് തെറ്റായിരിക്കും; കാരണം, ഈശോയുടെ മരണവും ഉത്ഥാനവും മതിയാകുന്നില്ല എന്നു പറയുന്നതിനു തുല്യമായിരിക്കും അത്.
ദൈവം ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും വലിയ “അടയാളത്തെക്കുറിച്ച്” ഇന്ന് ധ്യാനിക്കുക. ജീവിതത്തിലെ ചോദ്യങ്ങളുമായി നിങ്ങൾ മല്ലിടുന്നതായി തോന്നുന്നുവെങ്കിൽ, നിർണായകമായ ഈ ഒരേയൊരു അടയാളത്തിലേക്ക് കണ്ണുകൾ തിരിക്കുക. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രരഹസ്യത്തിലേക്ക് കണ്ണുകൾ തിരിക്കുക: ക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം. അവിടെയാണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതും എല്ലാ കൃപകളും നൽകപ്പെടുന്നതും. ഇതിലപ്പുറം നമുക്ക് ഒന്നും ആവശ്യമില്ല.
കർത്താവേ, ജീവിതത്തിൽ ഞാൻ അറിയേണ്ടതെല്ലാം അങ്ങയുടെ ജീവിതവും മരണവും ഉത്ഥാനവുമാണ്. അങ്ങയുടെ പരിപൂർണമായ ബലി എനിക്ക് എല്ലാ ഉത്തരങ്ങളും നൽകുകയും എല്ലാ കൃപകളും ചൊരിയുകയും ചെയ്യുന്നു. ഓരോ ദിവസവും എനിക്ക് ആവശ്യമായ അടയാളമായി ഞാൻ എപ്പോഴും അങ്ങയിലേക്കു തിരിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുക
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
കർത്താവ് അവനോടു പറഞ്ഞു: “ഫരിസേയരേ! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറംഭാഗം വൃത്തിയാക്കുന്നുവെങ്കിലും, നിങ്ങളുടെ ഉള്ളിൽ കൊള്ളയും തിന്മയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ!” ലൂക്കാ 11:39-40a
ബാഹ്യമായ പ്രതിച്ഛായയിൽ മുഴുകി തങ്ങളുടെ ആത്മാക്കളുടെ പവിത്രത അവഗണിച്ചതിന് ഈശോ ഫരിസേയരെ നിരന്തരം വിമർശിച്ചിരുന്നു. ഫരിസേയർ ഒന്നിനുപിറകെ ഒന്നായി ഇതേ കെണിയിൽ വീണിരുന്നതായി തോന്നുന്നു. നീതിമാന്മാരായി പുറമേ കാണപ്പെടുന്നതിൽ അമിതമായി ശ്രദ്ധിക്കാൻ അവരുടെ അഹങ്കാരം അവരെ പ്രേരിപ്പിച്ചു. ദുഃഖകരമെന്നു പറയട്ടെ, അവരെ ഉള്ളിൽനിന്ന് വിഴുങ്ങിക്കൊണ്ടിരുന്ന “കൊള്ളയും തിന്മയും” മറയ്ക്കുന്ന ഒരു മുഖംമൂടി മാത്രമായിരുന്നു അവരുടെ ബാഹ്യരൂപം. അതുകൊണ്ടാണ് ഈശോ അവരെ “ഭോഷന്മാർ” എന്നു വിളിക്കുന്നത്.
നമ്മുടെ കർത്താവിന്റെ ഈ നേരിട്ടുള്ള വെല്ലുവിളി വ്യക്തമായും സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. കാരണം, അവർ തങ്ങളുടെ ഉള്ളിലേക്കു നോക്കി ഹൃദയങ്ങളെയും ആത്മാക്കളെയും എല്ലാ തിന്മകളിൽനിന്നും ശുദ്ധീകരിക്കണമെന്ന് അവിടുന്ന് ആഴമായി ആഗ്രഹിച്ചു. ഫരിസേയരുടെ കാര്യത്തിൽ, അവരുടെ തിന്മ നേരിട്ട് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായിരുന്നുവെന്നു തോന്നുന്നു. അവർക്ക് അനുതപിക്കാൻ അവസരം ലഭിക്കാനുള്ള ഏക മാർഗം അതായിരുന്നു.
ചിലപ്പോഴൊക്കെ നമ്മുടെ എല്ലാവരുടെയും കാര്യത്തിൽ ഇതുതന്നെ സത്യമായിരിക്കാം. നമ്മുടെ ആത്മാവിന്റെ വിശുദ്ധിയെക്കാൾ മറ്റുള്ളവരുടെ മുമ്പിലുള്ള നമ്മുടെ പ്രതിച്ഛായയെക്കുറിച്ച് ഏറെ ഉത്കണ്ഠപ്പെടുന്ന പ്രവണതയുമായി നാം ഓരോരുത്തരും മല്ലടിക്കേണ്ടിവരാം. എന്നാൽ ഏതാണ് കൂടുതൽ പ്രധാനം? നമ്മുടെ ഉള്ളിൽ ദൈവം കാണുന്നതാണ് പ്രധാനം. നമ്മുടെ നിയോഗങ്ങളും നമ്മുടെ മനസ്സാക്ഷിയുടെ ആഴങ്ങളിലുള്ളതെല്ലാം ദൈവം കാണുന്നു. നമ്മുടെ പ്രേരണകൾ, സദ്ഗുണങ്ങൾ, പാപങ്ങൾ, ആസക്തികൾ, മറ്റുള്ളവരുടെ കണ്ണുകളിൽനിന്നു മറഞ്ഞിരിക്കുന്നതെല്ലാം അവിടുന്നു കാണുന്നു. യേശു കാണുന്നതു കാണാൻ നാമും ക്ഷണിക്കപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ആത്മാവിനെ നോക്കിക്കാണാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾ നിങ്ങളുടെ ആത്മാവിനെ കാണുന്നുണ്ടോ? ഓരോ ദിവസവും നിങ്ങൾ മനസ്സാക്ഷി പരിശോധിക്കുന്നുണ്ടോ? പ്രാർഥനയുടെയും സത്യസന്ധമായ ആത്മപരിശോധനയുടെയും വേളകളിൽ ഉള്ളിലേക്കു നോക്കി, ദൈവം കാണുന്നതു കണ്ടുകൊണ്ട് നിങ്ങൾ മനസ്സാക്ഷി പരിശോധിക്കണം. തങ്ങളുടെ ആത്മാവിൽ എല്ലാം ഭദ്രമാണെന്നു കരുതി ഫരിസേയർ പതിവായി തങ്ങളെത്തന്നെ വഞ്ചിച്ചിരുന്നിരിക്കാം. ചിലപ്പോഴെങ്കിലും നിങ്ങളും അതുതന്നെ ചെയ്യുന്നുണ്ടെങ്കിൽ, യേശുവിന്റെ ശക്തമായ വാക്കുകളിൽനിന്നു നിങ്ങളും പഠിക്കേണ്ടതുണ്ടാകാം.
ഇന്ന് നിങ്ങളുടെ ആത്മാവിനെക്കുറിച്ച് ധ്യാനിക്കുക. സത്യത്തിന്റെ വെളിച്ചത്തിൽ അതിലേക്കു നോക്കാനും ദൈവം കാണുന്നതുപോലെ നിങ്ങളുടെ ജീവിതത്തെ കാണാനും ഭയപ്പെടരുത്. യഥാർഥത്തിൽ വിശുദ്ധരാകുന്നതിനുള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പാണിത്. നമ്മുടെ ആത്മാക്കളെ ശുദ്ധീകരിക്കാനുള്ള മാർഗം മാത്രമല്ല ഇത്; നമ്മുടെ ബാഹ്യജീവിതം ദൈവകൃപയുടെ പ്രകാശത്താൽ ഉജ്ജ്വലമായി തിളങ്ങാൻ അനുവദിക്കുന്നതിന് ആവശ്യമായ ചുവടുവയ്പുകൂടിയാണിത്.
വിശുദ്ധിയുടെ നാഥനായ കർത്താവേ, വിശുദ്ധനാകാൻ ഞാൻ ആഗ്രഹിക്കുന്നു. പൂർണമായും ശുദ്ധീകരിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് എന്റെ ആത്മാവിനെ കാണുന്നതുപോലെ അതിനെ കാണാനും, എനിക്ക് ശുദ്ധീകരണം ആവശ്യമുള്ള മേഖലകളിൽ അങ്ങയുടെ കൃപയും കരുണയും എന്നെ ശുദ്ധീകരിക്കാൻ അനുവദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നിങ്ങൾക്കു ദുരിതം!
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ബുധനാഴ്ച
“നിങ്ങൾക്കു ദുരിതം! ആളുകൾ അറിയാതെ ചവിട്ടിനടക്കുന്ന, കാണാനാവാത്ത ശവകുടീരങ്ങൾപോലെയാണ് നിങ്ങൾ.” അപ്പോൾ നിയമപണ്ഡിതന്മാരിൽ ഒരുവൻ അവിടുത്തോടു മറുപടിയായി പറഞ്ഞു: “ഗുരോ, ഇങ്ങനെ പറയുന്നതിലൂടെ അങ്ങ് ഞങ്ങളെയും അപമാനിക്കുകയാണ്.” അവിടുന്ന് പറഞ്ഞു: “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കും ദുരിതം! ചുമക്കാൻ പ്രയാസമുള്ള ഭാരങ്ങൾ നിങ്ങൾ ജനങ്ങളുടെമേൽ കെട്ടിവയ്ക്കുന്നു; എന്നാൽ അവയെ തൊടാൻ നിങ്ങൾ ഒരു വിരൽപോലും അനക്കുന്നില്ല.” ലൂക്കാ 11:44-46
ഈശോയും ഈ നിയമപണ്ഡിതനും തമ്മിലുള്ള സംഭാഷണം എത്ര കൗതുകകരവും അൽപം ആശ്ചര്യജനകവുമാണ്! ഇവിടെ ഈശോ ഫരിസേയരെ കഠിനമായി ശാസിക്കുന്നു. അവിടുത്തെ വാക്കുകൾ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി നിയമപണ്ഡിതന്മാരിൽ ഒരുവൻ ഈശോയെ തിരുത്താൻ ശ്രമിക്കുന്നു. അപ്പോൾ ഈശോ എന്താണ് ചെയ്യുന്നത്? അവിടുന്ന് പിന്മാറുകയോ അയാളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുകയോ ചെയ്യുന്നില്ല; പകരം, തന്റെ കഠിനമായ ശാസന നിയമപണ്ഡിതന്റെ നേരെ തിരിക്കുന്നു. അത് അയാളെ ആശ്ചര്യപ്പെടുത്തിയിരിക്കണം!
യേശു തങ്ങളെ “അപമാനിക്കുകയാണ്” എന്ന് നിയമപണ്ഡിതൻ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. യേശു ഒരു പാപം ചെയ്യുകയാണെന്നും അതിനാൽ ശാസിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള മട്ടിലാണ് അദ്ദേഹം അത് ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ യേശു ഫരിസേയരെയും നിയമപണ്ഡിതനെയും അപമാനിക്കുകയായിരുന്നോ? അതെ, ഒരുപക്ഷേ അങ്ങനെയായിരുന്നിരിക്കാം. അത് യേശുവിന്റെ ഭാഗത്തുനിന്നുള്ള ഒരു പാപമായിരുന്നോ? തീർച്ചയായും അല്ല. യേശു പാപം ചെയ്യുന്നില്ല.
ഇവിടെ നാം അഭിമുഖീകരിക്കുന്ന രഹസ്യം ഇതാണ്: ചിലപ്പോൾ സത്യം ഒരർഥത്തിൽ “അവഹേളനമായി” അനുഭവപ്പെടുന്നു. അത് ഒരാളുടെ അഹങ്കാരത്തിനേറ്റ പ്രഹരമാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരാൾക്ക് അവഹേളിക്കപ്പെട്ടതായി തോന്നുമ്പോൾ, അതിനു കാരണം സ്വന്തം അഹങ്കാരമാണെന്നും മറ്റേയാൾ പറഞ്ഞതോ ചെയ്തതോ അല്ലെന്നും ആദ്യം തിരിച്ചറിയേണ്ടതുണ്ട് എന്നതാണ്. ആരെങ്കിലും അതിരുകടന്ന് പരുഷമായി പെരുമാറിയാൽപ്പോലും, അവഹേളിക്കപ്പെട്ടുവെന്ന തോന്നൽ അഹങ്കാരത്തിന്റെ ഫലമാണ്. ഒരാൾ യഥാർഥത്തിൽ വിനയമുള്ളവനാണെങ്കിൽ, ശാസനയെ പ്രയോജനകരമായ ഒരു തിരുത്തലായി സ്വാഗതം ചെയ്യും. എന്നാൽ, യേശുവിന്റെ ശാസന ഉള്ളിൽ പതിയാനും അതുവഴി പാപത്തിൽനിന്ന് മോചിതനാകാനും ആവശ്യമായ വിനയം ആ നിയമപണ്ഡിതനില്ലെന്നു തോന്നുന്നു എന്നത് ദുഃഖകരമാണ്.
മറ്റൊരാളുടെ തിരുത്തൽ സ്വീകരിക്കാൻ വേണ്ടത്ര വിനയം നിങ്ങൾക്കുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. ആരെങ്കിലും നിങ്ങളുടെ പാപം ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങൾക്ക് നീരസം തോന്നുന്നുണ്ടോ? അതോ അതിനെ പ്രയോജനകരമായ ഒരു തിരുത്തലായി സ്വീകരിക്കുകയും വിശുദ്ധിയിൽ വളരാൻ അത് നിങ്ങളെ സഹായിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നുണ്ടോ?
ഏറ്റവും വിനയാന്വിതനായ കർത്താവേ, എനിക്ക് യഥാർഥമായ എളിമ നൽകണമേ. മറ്റുള്ളവർ എന്നെ തിരുത്തുമ്പോൾ ഒരിക്കലും നീരസം തോന്നാതിരിക്കാൻ എന്നെ സഹായിക്കണമേ. വിശുദ്ധിയിലേക്കുള്ള യാത്രയിൽ എന്നെ സഹായിക്കുന്ന കൃപകളായി മറ്റുള്ളവരുടെ തിരുത്തലുകളെ സ്വീകരിക്കാൻ എനിക്കാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അറിവിന്റെ താക്കോൽ
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വ്യാഴാഴ്ച
“നിയമപണ്ഡിതരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തുമാറ്റിയിരിക്കുന്നു. നിങ്ങൾതന്നെ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ ശ്രമിച്ചവരെ നിങ്ങൾ തടയുകയും ചെയ്തു.” ലൂക്കാ 11:52
ഇന്നത്തെ സുവിശേഷത്തിൽ യേശു ഫരിസേയരെയും നിയമപണ്ഡിതരെയും ശാസിക്കുന്നത് തുടരുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ഭാഗത്ത്, അവർ “അറിവിന്റെ താക്കോൽ എടുത്തുമാറ്റിയിരിക്കുന്നു” എന്നതിനാലും, മറ്റുള്ളവർക്ക് ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന അറിവിൽനിന്ന് അവരെ അകറ്റിനിർത്താൻ മനഃപൂർവം ശ്രമിച്ചതിനാലുമാണ് അവിടുന്ന് അവരെ ശാസിക്കുന്നത്. ഇത് ശക്തമായ ഒരു കുറ്റാരോപണമാണ്; ഫരിസേയരും നിയമപണ്ഡിതരും ദൈവജനത്തിന്റെ വിശ്വാസത്തെ മനഃപൂർവം മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തിരുവചനഭാഗങ്ങളിൽ നാം കണ്ടതുപോലെ, ഇതിന്റെ പേരിൽ യേശു നിയമപണ്ഡിതരെയും ഫരിസേയരെയും കഠിനമായി ശാസിച്ചു. അവിടുത്തെ ശാസന അവർക്കുവേണ്ടി മാത്രമായിരുന്നില്ല, നമുക്കുവേണ്ടിയുമായിരുന്നു. ഇവരെപ്പോലുള്ള വ്യാജപ്രവാചകരെയും, സത്യത്തെക്കാളുപരി തങ്ങളെയും സ്വന്തം സൽപ്പേരിനെയും കുറിച്ച് മാത്രം താത്പര്യപ്പെടുന്ന എല്ലാവരെയും പിന്തുടരരുതെന്ന് നാം അറിയേണ്ടതിനാണ് അത്.
ഈ സുവിശേഷഭാഗം ഈ പാപത്തെ അപലപിക്കുക മാത്രമല്ല ചെയ്യുന്നത്; അതിലുപരിയായി, ആഴമേറിയതും മനോഹരവുമായ ഒരു ആശയം അത് മുന്നോട്ടുവയ്ക്കുന്നു. “അറിവിന്റെ താക്കോൽ” എന്ന ആശയമാണത്. എന്താണ് അറിവിന്റെ താക്കോൽ? വിശ്വാസമാണ് അറിവിന്റെ താക്കോൽ; ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിലൂടെ മാത്രമേ വിശ്വാസം കൈവരൂ. ദൈവം നിങ്ങളോടു സംസാരിക്കാനും തന്റെ ഏറ്റവും ആഴമേറിയതും മനോഹരവുമായ സത്യങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്താനും അനുവദിക്കുക എന്നതാണ് അറിവിലേക്കുള്ള താക്കോൽ. പ്രാർഥനയിലൂടെയും ദൈവവുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും മാത്രമേ ഈ സത്യങ്ങൾ സ്വീകരിക്കാനും വിശ്വസിക്കാനും കഴിയൂ.
ദൈവജീവന്റെ അഗാധരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയവരുടെ ഏറ്റവും നല്ല മാതൃകകൾ വിശുദ്ധരാണ്. പ്രാർഥനയുടെയും വിശ്വാസത്തിന്റെയും ജീവിതത്തിലൂടെ അവർ ദൈവത്തെ ആഴത്തിൽ അറിയാനിടയായി. ഈ മഹാവിശുദ്ധരിൽ പലരും, ദൈവത്തിന്റെ ആന്തരികജീവിതത്തിലെ മറഞ്ഞിരിക്കുന്നതെങ്കിലും വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങളെക്കുറിച്ചുള്ള മനോഹരമായ രചനകളും ശക്തമായ സാക്ഷ്യവും നമുക്കായി ശേഷിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വിശ്വാസജീവിതത്തിലൂടെയും പ്രാർഥനാജീവിതത്തിലൂടെയും “അറിവിന്റെ താക്കോൽ” എടുത്ത് ദൈവത്തിന്റെ രഹസ്യങ്ങൾ തുറന്നിട്ടുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ അനുദിന വ്യക്തിപരമായ പ്രാർഥനയിൽ ദൈവത്തെ അന്വേഷിക്കാനും, അവിടുന്ന് നിങ്ങൾക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം തേടാനും വീണ്ടും സ്വയം സമർപ്പിക്കുക.
കർത്താവേ, അനുദിന പ്രാർഥനാജീവിതത്തിലൂടെ അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. ആ പ്രാർഥനാജീവിതത്തിൽ, അങ്ങ് ആരാണെന്നും ജീവിതത്തിന്റെ അർഥമെന്തെന്നും പൂർണമായി എനിക്കു വെളിപ്പെടുത്തിക്കൊണ്ട്, അങ്ങയുമായുള്ള ആഴമേറിയ ബന്ധത്തിലേക്ക് എന്നെ അടുപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ കരുതലോടെയുള്ള ശ്രദ്ധ
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
“അഞ്ചു കുരുവികളെ രണ്ടു ചെറിയ നാണയങ്ങൾക്കു വിൽക്കുന്നില്ലേ? എങ്കിലും അവയിൽ ഒന്നുപോലും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിയിഴകൾപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ് നിങ്ങൾ.” ലൂക്കാ 12:6-7
“ഭയപ്പെടേണ്ടാ.” വിശുദ്ധ തിരുവെഴുത്തുകളിൽ ഈ വാക്കുകൾ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സ്വർഗസ്ഥനായ പിതാവ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾപോലും ശ്രദ്ധിക്കുന്നതിനാൽ നാം ഭയപ്പെടേണ്ടതില്ലെന്ന് ഈ ഭാഗത്ത് യേശു പറയുന്നു. ഒന്നും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല. കുരുവികളെ ദൈവം ശ്രദ്ധിക്കുന്നുവെങ്കിൽ, അതിലേറെ അവിടുന്ന് നമ്മെ ശ്രദ്ധിക്കുന്നു. അത് നമുക്ക് ഒരളവിലുള്ള സമാധാനവും ആത്മവിശ്വാസവും നൽകേണ്ടതാണ്.
തീർച്ചയായും, ഇതു വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നതിന്റെ ഒരു കാരണം, ദൈവം ഏറെ അകലെയാണെന്നും നമ്മുടെ ജീവിതം ശ്രദ്ധിക്കുന്നില്ലെന്നും പലപ്പോഴും നമുക്കു തോന്നുന്നു എന്നതാണ്. ഇങ്ങനെയൊരു തോന്നൽ ഉണ്ടാകുമ്പോഴെല്ലാം, അതൊരു തോന്നൽ മാത്രമാണെന്നും യാഥാർഥ്യമല്ലെന്നും ഓർക്കേണ്ടത് പ്രധാനമാണ്. നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ അനന്തമായി അധികം ദൈവം നമ്മുടെ ജീവിതത്തിലെ വിശദാംശങ്ങൾ ശ്രദ്ധിക്കുന്നു എന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ, നാം നമ്മെത്തന്നെ ശ്രദ്ധിക്കുന്നതിനെക്കാൾ എത്രയോ അധികം അവിടുന്ന് നമ്മെ ശ്രദ്ധിക്കുന്നു! അവിടുന്ന് ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുക മാത്രമല്ല, ഓരോ കാര്യത്തെക്കുറിച്ചും ആഴമായ കരുതൽ പുലർത്തുകയും ചെയ്യുന്നു.
അപ്പോൾ, ചിലപ്പോഴൊക്കെ ദൈവം അകലെയാണെന്ന് തോന്നുന്നത് എന്തുകൊണ്ടായിരിക്കാം? ഇതിനു പല കാരണങ്ങളുണ്ടാകാം. എന്നാൽ എല്ലായ്പ്പോഴും ഒരു കാരണമുണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. ഒരുപക്ഷേ, നാം അവിടുത്തെ ശ്രവിക്കാതിരിക്കുകയും വേണ്ടവിധം പ്രാർഥിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അവിടുത്തെ കരുതലും മാർഗനിർദേശവും തിരിച്ചറിയാതെ പോകുന്നതാകാം. ഒരുപക്ഷേ, നമ്മെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഒരു കാര്യത്തിൽ മൗനം പാലിക്കാൻ അവിടുന്ന് തീരുമാനിച്ചിരിക്കാം. ഒരുപക്ഷേ, അവിടുത്തെ മൗനം യഥാർഥത്തിൽ അവിടുത്തെ സാന്നിധ്യത്തിന്റെയും തിരുഹിതത്തിന്റെയും വളരെ വ്യക്തമായ അടയാളമായിരിക്കാം.
ചിലപ്പോൾ നമുക്ക് എന്തുതന്നെ തോന്നിയാലും, മുകളിൽ പറഞ്ഞ വചനഭാഗത്തിന്റെ സത്യത്തെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കണം എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. “അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയുള്ളവരാണ്.” നിങ്ങളുടെ തലയിലെ മുടിയിഴകൾപോലും ദൈവം എണ്ണിയിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഭാഗവും അവിടുത്തെ മുമ്പിൽ പൂർണമായി വെളിപ്പെട്ടിരിക്കുന്നു. ഇത്രയധികം ശ്രദ്ധയോടെ നിങ്ങളെ കരുതുന്ന ഈ ദൈവം പരിപൂർണ സ്നേഹത്തിന്റെയും കരുണയുടെയും ദൈവംകൂടിയാണെന്നും ജീവിതത്തിൽ നിങ്ങൾക്കാവശ്യമായതെല്ലാം അവിടുന്ന് നൽകുമെന്നും അറിഞ്ഞുകൊണ്ട്, ഈ സത്യങ്ങൾ നിങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകാൻ അനുവദിക്കുക.
എല്ലാം അറിയുന്ന കർത്താവേ, അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്നും എന്റെ ജീവിതത്തിലെ ഓരോ വികാരവും ചിന്തയും അനുഭവവും അറിയുന്നുവെന്നും എനിക്കറിയാം. എന്റെ എല്ലാ പ്രശ്നങ്ങളും ആശങ്കകളും അങ്ങ് അറിയുന്നു. അങ്ങയുടെ പരിപൂർണമായ സ്നേഹവും മാർഗനിർദേശവും അറിഞ്ഞുകൊണ്ട്, എല്ലാ കാര്യങ്ങളിലും നിരന്തരം അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പ്രചോദനം മാത്രം പോരാ
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ശനിയാഴ്ച
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും മനുഷ്യപുത്രനും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിൽ ഏറ്റുപറയും. എന്നാൽ മറ്റുള്ളവരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിൽ നിഷേധിക്കപ്പെടും.” ലൂക്കാ 12:8-9
മറ്റുള്ളവരുടെ മുമ്പിൽ ഈശോയെ ഏറ്റുപറയുന്നവരുടെ ഏറ്റവും മഹത്തായ മാതൃകകളിലൊന്നാണ് രക്തസാക്ഷികളുടേത്. ചരിത്രത്തിലുടനീളം, രക്തസാക്ഷികൾ ഓരോരുത്തരും പീഡനത്തിനും മരണത്തിനും മുമ്പിലും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ദൈവത്തോടുള്ള തങ്ങളുടെ സ്നേഹത്തിനു സാക്ഷ്യം നൽകി. അത്തരമൊരു രക്തസാക്ഷിയായിരുന്നു അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്. അറസ്റ്റിലായശേഷം, സിംഹങ്ങൾക്ക് ഇരയായി രക്തസാക്ഷിത്വം വരിക്കാൻ കൊണ്ടുപോകപ്പെടുമ്പോൾ വിശുദ്ധ ഇഗ്നേഷ്യസ് തന്റെ അനുയായികൾക്കെഴുതിയ പ്രസിദ്ധമായ ഒരു കത്തിലെ ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം എഴുതി:
നിങ്ങൾ എന്റെ വഴിയിൽ തടസ്സമായി നിൽക്കാതിരുന്നാൽ മാത്രം മതി, ദൈവത്തിനുവേണ്ടി ഞാൻ സന്തോഷത്തോടെ മരിക്കുമെന്ന് അറിയിക്കാനാണ് എല്ലാ സഭകൾക്കും ഞാൻ എഴുതുന്നത്. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: ഈ അനുചിതമായ സമയത്ത് എന്നോടു ദയ കാണിക്കരുതേ. വന്യമൃഗങ്ങൾക്ക് ഞാൻ ആഹാരമായിത്തീരട്ടെ; എന്തെന്നാൽ അവയാണ് ദൈവത്തിലേക്കുള്ള എന്റെ വഴി. ഞാൻ ദൈവത്തിന്റെ ഗോതമ്പാണ്; ക്രിസ്തുവിന്റെ നിർമ്മലമായ അപ്പമായിത്തീരേണ്ടതിന് അവയുടെ പല്ലുകളാൽ ഞാൻ പൊടിക്കപ്പെടും. ദൈവത്തിനുള്ള ഒരു ബലിവസ്തുവായി എന്നെ മാറ്റാനുള്ള ഉപാധിയായി ആ മൃഗങ്ങൾ തീരേണ്ടതിന് എനിക്കുവേണ്ടി ക്രിസ്തുവിനോടു പ്രാർഥിക്കുവിൻ.
ഭൗമികമായ ഒരു സുഖത്തിനും ഈ ലോകത്തിലെ ഒരു രാജ്യത്തിനും എനിക്ക് യാതൊരു പ്രയോജനവും ചെയ്യാനാവില്ല. ഭൂമിയുടെ അതിവിദൂര അതിരുകൾവരെ അധികാരം നേടുന്നതിനെക്കാൾ ക്രിസ്തു ഈശോയിൽ മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമുക്കു പകരം മരിച്ചവൻ മാത്രമാണ് എന്റെ അന്വേഷണത്തിന്റെ ലക്ഷ്യം. നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റവൻ മാത്രമാണ് എന്റെ അഭിലാഷം.
ഈ പ്രസ്താവന പ്രചോദനദായകവും ശക്തവുമാണ്. എന്നാൽ ഇതു വായിക്കുമ്പോൾ എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോകാവുന്ന ഒരു പ്രധാന ഉൾക്കാഴ്ചയുണ്ട്. ഇതു വായിക്കാനും അദ്ദേഹത്തിന്റെ ധൈര്യത്തിൽ വിസ്മയിക്കാനും അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാനും അദ്ദേഹത്തിന്റെ സാക്ഷ്യത്തിൽ വിശ്വസിക്കാനുമൊക്കെ നമുക്ക് എളുപ്പമാണ്; എന്നാൽ അതേ വിശ്വാസവും ധൈര്യവും സ്വന്തമാക്കുന്നതിലേക്ക് ഒരു ചുവടുപോലും നാം അടുത്തേക്കു വയ്ക്കാതിരിക്കാം എന്നതാണ് ആ ഉൾക്കാഴ്ച. മഹാന്മാരായ വിശുദ്ധരെക്കുറിച്ചു സംസാരിക്കാനും അവരിൽനിന്നു പ്രചോദനം ഉൾക്കൊള്ളാനും എളുപ്പമാണ്. എന്നാൽ യഥാർഥത്തിൽ അവരെ അനുകരിക്കുക വളരെ പ്രയാസമാണ്.
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കുക. മറ്റുള്ളവരുടെ മുമ്പിൽ യേശുവിനെ നിങ്ങളുടെ കർത്താവും ദൈവവുമായി നിങ്ങൾ സ്വതന്ത്രമായും പരസ്യമായും പൂർണമായും ഏറ്റുപറയുന്നുണ്ടോ? മറ്റുള്ളവരുടെമേൽ തന്റെ വിശ്വാസം അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള ഒരു ക്രൈസ്തവനായി നിങ്ങൾ നടക്കേണ്ടതില്ല. എന്നാൽ നിങ്ങളുടെ വിശ്വാസവും ദൈവത്തോടുള്ള സ്നേഹവും സ്വാഭാവികമായും സ്വതന്ത്രമായും സുതാര്യമായും പൂർണമായും പ്രകാശിക്കാൻ നിങ്ങൾ അനുവദിക്കണം—പ്രത്യേകിച്ച് അത് അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കുമ്പോൾ. ഇതു ചെയ്യാൻ നിങ്ങൾ മടിക്കുന്നുണ്ടോ? മിക്കവാറും നിങ്ങൾ മടിക്കുന്നുണ്ടാകും. മിക്കവാറും എല്ലാ ക്രൈസ്തവരും അങ്ങനെതന്നെയായിരിക്കും. അതുകൊണ്ടാണ് വിശുദ്ധ ഇഗ്നേഷ്യസും മറ്റു രക്തസാക്ഷികളും നമുക്കു മഹത്തായ മാതൃകകളാകുന്നത്. എന്നാൽ അവർ മാതൃകകളായി മാത്രം അവശേഷിക്കുന്നുവെങ്കിൽ, അവരുടെ മാതൃക മാത്രം മതിയാകില്ല. അവരുടെ സാക്ഷ്യം നാം ജീവിതത്തിൽ പകർത്തുകയും, ജീവിക്കാൻ ദൈവം നമ്മെ വിളിക്കുന്ന സാക്ഷ്യജീവിതത്തിൽ അടുത്ത വിശുദ്ധ ഇഗ്നേഷ്യസായി മാറുകയും വേണം.
രക്തസാക്ഷികളിൽനിന്ന് പ്രചോദനം നേടുക മാത്രമാണോ നിങ്ങൾ ചെയ്യുന്നത്, അതോ യഥാർഥത്തിൽ അവരെ അനുകരിക്കുന്നുണ്ടോ എന്ന് ഇന്ന് ധ്യാനിക്കുക. ആദ്യത്തേതാണ് ശരിയെങ്കിൽ, പ്രചോദനദായകമായ അവരുടെ സാക്ഷ്യം നിങ്ങളുടെ ജീവിതത്തിൽ ശക്തമായ ഒരു മാറ്റം ഉളവാക്കാൻ പ്രാർഥിക്കുക.
കർത്താവേ, മഹാന്മാരായ വിശുദ്ധരുടെ, പ്രത്യേകിച്ച് രക്തസാക്ഷികളുടെ സാക്ഷ്യത്തിന് അങ്ങേക്കു നന്ദി. അവരിൽ ഓരോരുത്തരെയും അനുകരിച്ച് വിശുദ്ധമായ വിശ്വാസജീവിതം നയിക്കാൻ അവരുടെ സാക്ഷ്യം എന്നെ പ്രാപ്തനാക്കട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു; ഇന്ന് ലോകത്തിനു മുമ്പിൽ, മറ്റെല്ലാറ്റിനുമുപരിയായി അങ്ങയെ ഞാൻ ഏറ്റുപറയുന്നു. ധൈര്യത്തോടെ ഈ സാക്ഷ്യജീവിതം നയിക്കാൻ എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്
