വിശുദ്ധഗ്രന്ഥ വായന: യോഹന്നാൻ 20:24–29
പശ്ചാത്തലം: ഉയിർപ്പുഞായറാഴ്ച കർത്താവ് മറ്റു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് അവരോടൊപ്പം ഉണ്ടായിരുന്നില്ല. യേശു ഉയിർത്തെഴുന്നേറ്റുവെന്ന കാര്യത്തിൽ തോമസ് അത്രയധികം സംശയിച്ചിരുന്നതായി തോന്നുന്നില്ല; മറിച്ച്, വിശ്വസിക്കേണ്ടെന്ന് അദ്ദേഹം മനഃപൂർവം തീരുമാനിച്ചതായാണ് തോന്നുന്നത്. യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള ഈ നിഷേധം കേവലം ധാരണയുടെ കുറവ് എന്നതിലുപരി വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായിരുന്നു.
അഹങ്കാരം നിമിത്തം സുവിശേഷം സ്വീകരിക്കാൻ വിസമ്മതിക്കുന്ന എല്ലാവരുടെയും ഒരു മാതൃകയായി തോമസ് നമുക്കു നൽകപ്പെട്ടിരിക്കുന്നു. താൻ സന്നിഹിതനല്ലാതിരുന്നപ്പോൾ മറ്റുള്ളവർക്കു പ്രത്യക്ഷപ്പെടാൻ യേശു തീരുമാനിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ ഒരുപക്ഷേ അദ്ദേഹത്തിന് വിഷമം തോന്നിയിരിക്കാം. ദൈവത്തിന്റെ സത്യങ്ങളെ മനഃപൂർവം സ്വീകരിക്കുന്നതിന് നമ്മുടെ അഹംഭാവം ഒരിക്കലും തടസ്സമാകാൻ അനുവദിക്കരുതെന്ന് തോമസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആദ്യത്തെ വിസമ്മതം നമ്മെ പഠിപ്പിക്കണം.
എട്ടു ദിവസങ്ങൾക്കു ശേഷമാണ് യേശു വീണ്ടും ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടത് എന്നതു ശ്രദ്ധിക്കുക. എട്ടു ദിവസങ്ങൾ! ഈ അനുഭവത്തെക്കുറിച്ച് ഉള്ളിൽ നീറിക്കൊണ്ടിരുന്നിരിക്കാവുന്ന തോമസിന് അത് ഒരു നിത്യതപോലെ തോന്നിയിരിക്കണം. നമ്മുടെ കർത്താവിനെ കണ്ടതിലൂടെ തങ്ങൾക്കു ലഭിച്ച ദാനത്തെക്കുറിച്ച് മറ്റു ശിഷ്യന്മാർ ആനന്ദത്തോടെ തുടർച്ചയായി സംസാരിക്കുന്നത് അദ്ദേഹം കേട്ടിരിക്കണം. എന്നാൽ നമ്മുടെ കർത്താവിനെ താൻ കണ്ടില്ലല്ലോ എന്ന കാര്യത്തിൽ പരിഭവിച്ചിരിക്കാൻ മാത്രമേ തോമസിനു കഴിഞ്ഞുള്ളൂ.
തീർച്ചയായും, ദൈവത്തിന്റെ സമൃദ്ധമായ കരുണയാൽ, യേശു വീണ്ടും ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അതെല്ലാം മാറി; ഇത്തവണ തോമസും സന്നിഹിതനായിരുന്നു. തന്റെ വലിയ കരുണയിൽ, മുറിവുകളിൽ സ്പർശിച്ചുകൊണ്ട് തന്റെ നിഷേധത്തെയും അഹങ്കാരത്തെയും അതിജീവിക്കാനും വിശ്വാസിയാകാനും യേശു തോമസിനെ ക്ഷണിക്കുന്നു. കാണാതെ വിശ്വസിക്കുന്നതാണ് ഏറെ ശ്രേഷ്ഠമെങ്കിലും, യേശു തോമസിന്റെ മുമ്പിൽ സ്വയം താഴ്ത്തുകയും കാണാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിന്റെ ഭാഗത്തുനിന്നുള്ള എത്ര വലിയ എളിമയുടെ പ്രവൃത്തി! അഹങ്കാരവുമായി മല്ലിടുന്നവരോട് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് ഇതു നമുക്കൊരു വലിയ പാഠമാണ്.
തോമസിന്റെ വീഴ്ചയും വീണ്ടെടുപ്പും വിവരിക്കുന്ന ഈ വേദഭാഗം, നമ്മെ രൂപാന്തരപ്പെടുത്താൻ ദൈവം എത്രത്തോളം പോകാൻ സന്നദ്ധനാണ് എന്നതിനെക്കുറിച്ചുള്ള ഒരു പാഠമാണ്. തോമസ് വിളിച്ചുപറയുന്നു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” നാമെല്ലാവരും തോമസിനെപ്പോലെയാണെന്ന് ഏറ്റുപറയുന്നതിനായി, സഭയുടെ ചരിത്രത്തിലുടനീളം അനേകർ ദിവ്യ ഓസ്തിയുടെ കൂദാശാവേളയിൽ പരമ്പരാഗതമായി ഈ വാക്കുകൾ ഉരുവിട്ടുപോന്നിട്ടുണ്ട്.
വിശുദ്ധഗ്രന്ഥത്തിലൂടെയും സഭയിലൂടെയും ദൈവം നമ്മെ പഠിപ്പിക്കുന്നതെല്ലാം വിശ്വസിക്കാൻ അഹങ്കാരം നിമിത്തം നിങ്ങൾ ഏതെങ്കിലും വിധത്തിൽ വിസമ്മതിക്കുന്നുണ്ടോ എന്നു പ്രത്യേകം പരിശോധിക്കാൻ ഈ ധ്യാനം ഉപയോഗിക്കുക. വിശ്വാസമുള്ളവരായിരിക്കുക. നിങ്ങളുടെ അവിശ്വാസം ദൈവത്തിനു സമർപ്പിക്കുക.
വിചിന്തനം: നിങ്ങൾക്കു പരിചിതമായ ധ്യാനത്തിന്റെയും മനനത്തിന്റെയും രീതികൾ ഉപയോഗിച്ച് യോഹന്നാൻ 20:24–29 പ്രാർഥനാപൂർവം വിചിന്തനം ചെയ്യുക.
മുഖ്യചിത്രം: സംശയിക്കുന്ന തോമസ്, ഗ്വെർചീനോ
ഉയിർപ്പുകാല ധ്യാനങ്ങൾക്ക് ഒരു ആമുഖം
- യേശുവിന്റെ ഉത്ഥാനവും ആദ്യ പ്രത്യക്ഷീകരണവും
- രണ്ടാം പ്രത്യക്ഷീകരണം
- മൂന്നാം പ്രത്യക്ഷീകരണം
- നാലാം പ്രത്യക്ഷീകരണം
- അഞ്ചാം പ്രത്യക്ഷീകരണം
- ആറാം പ്രത്യക്ഷീകരണം
- ഏഴാം പ്രത്യക്ഷീകരണം
- എട്ടാം പ്രത്യക്ഷീകരണം
- ഒൻപതാം പ്രത്യക്ഷീകരണം
- മറ്റു പ്രത്യക്ഷീകരണങ്ങൾ
- യേശുവിന്റെ സ്വർഗാരോഹണം
- ദൈവസ്നേഹം പ്രാപിക്കാനുള്ള മനനം
