മലയാളം

മരണം

ഇഷ്ടാനുസരണം ചെയ്യാവുന്ന ധ്യാനങ്ങൾ

താഴെക്കൊടുത്തിരിക്കുന്ന മൂന്ന് ധ്യാനങ്ങളും ചെയ്യാൻ നിങ്ങൾക്ക് വിളി അനുഭവപ്പെടുന്നുവെങ്കിൽ, അവയിൽ സ്ഥിരതയോടെ മുന്നേറുക. അവയിലെ ഉള്ളടക്കം ഉൾക്കൊള്ളാൻ പ്രയാസമുള്ളതായിരിക്കാം. എന്നാൽ അത് ആഴത്തിൽ മനസ്സിലാക്കുന്നത് ക്ഷമ, കരുണ, ദൈവവുമായുള്ള ഐക്യം എന്നിവയെക്കുറിച്ചുള്ള പിന്നീടുള്ള ധ്യാനങ്ങൾക്ക് അത്യാവശ്യമായ അടിത്തറ നൽകും. അടിസ്ഥാനപരമായ ഈ ധ്യാനങ്ങൾ ഒഴിവാക്കുന്നത് അടിത്തറയില്ലാതെ ഒരു വീട് പണിയുന്നതുപോലെയാണ്. ഒടുവിൽ ആ വീട് തകർന്നുവീഴും. ആത്മീയജീവിതവും അതുപോലെതന്നെയാണ്. നിങ്ങളുടെ പാപം, മരണം, വിധി, നരകത്തിന്റെ സാധ്യത എന്നിവയെക്കുറിച്ച് ആഴമായ അറിവില്ലാതെ, വീണ്ടെടുപ്പിലേക്കും പുതുജീവിതത്തിലേക്കും മുന്നേറാൻ നിങ്ങൾക്കു കഴിയില്ല.

വിശുദ്ധ മണിക്കൂറിന്റെ ക്രമം

മരണം

ഒരുനാൾ തങ്ങൾ മരിക്കുമെന്ന യാഥാർഥ്യത്തെക്കുറിച്ച് പതിവായി ചിന്തിക്കുന്നവർ ചുരുക്കമാണ്. എന്നാൽ പ്രായമേറുന്തോറും അതിനെക്കുറിച്ച് ചിന്തിക്കാൻ എളുപ്പമാകുന്നു. നമ്മെ എളിമപ്പെടുത്തുന്ന ആ സത്യത്തെക്കുറിച്ച് ചിന്തിക്കാൻ ഒരു നിമിഷം ചെലവഴിക്കുക. (നിശ്ശബ്ദ ധ്യാനം)

ഈ ജീവിതത്തിന്റെ ദൈർഘ്യത്തെ നിത്യതയുമായി താരതമ്യം ചെയ്യുന്നത് ഒരു ആറ്റത്തെ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം മുഴുവനുമായി താരതമ്യം ചെയ്യുന്നതുപോലെയാണ്. എന്നിട്ടും, പലപ്പോഴും ഈ ജീവിതം മാത്രമാണ് (ഈ “ആറ്റം” മാത്രമാണ്) നിങ്ങൾക്കുള്ളത് എന്ന മട്ടിലായിരിക്കാം നിങ്ങൾ ജീവിക്കുന്നത്. എന്നാൽ ദൈവം നിങ്ങൾക്ക് ഒരു നിത്യത മുഴുവനായി നൽകിയിരിക്കുന്നു. ഈ ജീവിതം നിത്യതയ്ക്കുവേണ്ടിയുള്ള ഒരുക്കം മാത്രമാണെന്ന് മനസ്സിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം. നിങ്ങളെ കാത്തിരിക്കുന്ന നിത്യജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജീവിതം അളക്കാനാവാത്തവിധം ഹ്രസ്വമാണ്. നിങ്ങൾ എത്ര നന്നായി ഒരുങ്ങുന്നുണ്ട്?

നിങ്ങളുടെ നിത്യത സ്വർഗത്തിലോ നരകത്തിലോ ആയിരിക്കും. നിങ്ങൾ എന്തു വിശ്വസിക്കുന്നു, എന്തെല്ലാം തിരഞ്ഞെടുപ്പുകൾ നടത്തുന്നു എന്നതിനെ ആശ്രയിച്ച് ഇവയിൽ ഏതും യഥാർഥ സാധ്യതയാണ്. എന്നാൽ നിത്യതയിലേക്കു നോക്കുന്നതിനുമുമ്പ്, നിത്യതയിലേക്കുള്ള പ്രവേശനകവാടമായ മരണത്തിലേക്കു നോക്കുക. ഏതു ദിവസമായിരിക്കും നിങ്ങൾ മരിക്കുക? അത് ഉടനെയായിരിക്കുമോ? അതോ ഇനിയും അനേകം വർഷങ്ങൾ കഴിഞ്ഞായിരിക്കുമോ? മരണത്തെക്കുറിച്ച് ചിന്തിക്കുന്നവർ ചുരുക്കമാണ്; കാരണം, മിക്കവരുടെയും കാഴ്ചപ്പാടിൽ മരണം ഏറെ അകലെയാണ്. എന്നാൽ എപ്പോൾ മരിക്കുമെന്ന് അറിയില്ല എന്നത്, പ്രത്യാശയോടെയുള്ള പ്രതീക്ഷയോടെ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ മതിയായ ഒഴികഴിവല്ല. അത് ഉടനെയാകാം, പിന്നീടാകാം; എന്നാൽ നമുക്കെല്ലാവർക്കും ആ ദിവസം വന്നുചേരും. നിങ്ങളുടെ മരണദിവസത്തെക്കുറിച്ച് ചിന്തിക്കാൻ വീണ്ടും അല്പനേരം നിൽക്കുക. അത് എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക. (നിശ്ശബ്ദ ധ്യാനം)

നിങ്ങൾ മരിക്കുമ്പോൾ നിങ്ങളുടെ നിത്യഭാഗധേയം നിശ്ചയിക്കപ്പെടും. മരണക്കിടക്കയിൽ കിടന്ന്, നിങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുകയും ആസന്നമായ നിത്യതാപ്രവേശനത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നതായി സങ്കൽപ്പിക്കുക. ആ നിമിഷത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ഖേദമുണ്ടാകുമോ? ഉണ്ടെങ്കിൽ, അവ എന്തൊക്കെയായിരിക്കും? അതോ നിങ്ങൾ നടത്തിയ അനേകം തിരഞ്ഞെടുപ്പുകളെയും നിങ്ങൾക്കു ലഭിച്ച കൃപയെയും ഓർത്ത് കൃതജ്ഞത നിറഞ്ഞ് സമാധാനത്തിലായിരിക്കുമോ നിങ്ങൾ? (നിശ്ശബ്ദ ധ്യാനം)

നിങ്ങൾ മരിക്കുമ്പോൾ, കൂടുതൽ പണം സമ്പാദിച്ചിരുന്നെങ്കിൽ, കൂടുതൽ ജനപ്രീതി നേടിയിരുന്നെങ്കിൽ, കൂടുതൽ അംഗീകാരം ലഭിച്ചിരുന്നെങ്കിൽ, കൂടുതൽ വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിക്കുമോ? അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. (നിശ്ശബ്ദ ധ്യാനം)

നിങ്ങൾ മരിക്കുമ്പോൾ, കൂടുതൽ സ്നേഹിക്കാതിരുന്നതിനെക്കുറിച്ച് ഖേദിക്കുമോ? കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാതിരുന്നതിനെക്കുറിച്ച്? ക്ഷമിക്കാതിരുന്നതിനെക്കുറിച്ച്? സ്വന്തം സുഖഭോഗങ്ങളിൽ മുഴുകി ജീവിച്ചതിനെക്കുറിച്ച്? പക സൂക്ഷിച്ചതിനെക്കുറിച്ചും ക്രൂരതയും സത്യസന്ധതയില്ലായ്മയും മറ്റും പുലർത്തിയതിനെക്കുറിച്ചും? (നിശ്ശബ്ദ ധ്യാനം)

നിങ്ങൾ മരിക്കുമ്പോൾ, നിത്യതയ്ക്കായി ഒരുങ്ങിക്കൊണ്ട് ഈ ജീവിതം നയിച്ചതിനെ ഓർത്ത് നിങ്ങളുടെ ഹൃദയം കൃതജ്ഞതയാൽ നിറയുമോ? പൂർണഹൃദയത്തോടെ സുകൃതങ്ങൾ തേടിയതിനെ ഓർത്ത്? ജീവിതകാലമുടനീളം എല്ലാ ദിവസവും തീക്ഷ്ണമായി പ്രാർഥിച്ചതിനെ ഓർത്ത്? ഓരോ ദിവസവും ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും അനുകമ്പയും കരുണയും കാണിക്കാനും മറ്റുള്ളവരോട് അങ്ങേയറ്റം ദയയോടും ആദരവോടും പെരുമാറാനും ശ്രമിച്ചതിനെ ഓർത്ത്? സർവശക്തിയോടുംകൂടെ ദൈവഹിതം തേടിയതിനെ ഓർത്തും മറ്റും? മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അങ്ങനെ കൃതജ്ഞതയ്ക്കു കാരണമാകട്ടെ.

മരണം എല്ലാം മാറ്റിമറിക്കുന്നു. അത് നിത്യതയിലേക്കുള്ള പ്രവേശനകവാടമാണ്. എന്നാൽ നിങ്ങളുടെ നിത്യതയ്ക്കുള്ള ഒരുക്കം നടക്കുന്നത് ഇപ്പോഴാണ്. നിങ്ങളുടെ മരണത്തിന്റെ ആ നിമിഷത്തെ മുന്നിൽക്കണ്ട് ജീവിക്കാൻ തീരുമാനിക്കുക. പൂർണഹൃദയത്തോടെ അതിനായി ഒരുങ്ങുക. അങ്ങനെ, മരണത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ, നിങ്ങളെ കാത്തിരിക്കുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ചുള്ള വലിയ ആത്മവിശ്വാസത്തോടും പ്രത്യാശയോടും പ്രതീക്ഷയോടുംകൂടെ നിൽക്കാൻ നിങ്ങൾക്കു കഴിയും. ഇപ്പോൾ നിങ്ങളുടെ വ്യക്തിപരമായ തീരുമാനം എടുക്കുക. (നിശ്ശബ്ദ ധ്യാനം)

അടിസ്ഥാന ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം

  1. സകലത്തിന്റെയും സ്രഷ്ടാവായ ദൈവം
  2. നിങ്ങളുടെ ജീവിതത്തിൽ ആത്മബന്ധത്തോടെ വഴിനടത്തുന്ന ദൈവം
  3. നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരമാന്ത്യവുമായ ദൈവം
  4. മാലാഖമാരുടെ പാപം
  5. ആദത്തിന്റെയും ഹവ്വായുടെയും പാപം
  6. പാപത്തിന്റെ പൊതുവായ ഫലങ്ങൾ
  7. ഏഴ്–ഒൻപത് ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം
  8. വ്യക്തിപരമായ പാപം: ദിവ്യസൂര്യന്റെ പ്രകാശത്തിൽ
  9. എന്റെ ജീവിതത്തിലെ വ്യക്തിപരമായ പാപങ്ങൾ
  10. അപമാനവും വിനയവും
  11. മരണം
  12. വിധി
  13. നരകം

കുറിപ്പുപുസ്തകത്തിലെ അഭ്യാസങ്ങൾ

ഉള്ളടക്കം

പ്രധാന ചിത്രം: സിമോനെ ബറാബീനോ വരച്ച വിശുദ്ധ യൗസേപ്പിന്റെ മരണം