പാഠം: ദൈവം പ്രപഞ്ചത്തെയും ആത്മീയലോകത്തെയും സൃഷ്ടിച്ചത് ഒരേയൊരു ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ടാണ്. സകലവും അവിടുന്നാൽ, അവിടുത്തേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു. ഉള്ള സകലത്തിന്റെയും ഉറവിടം മാത്രമല്ല അവിടുന്ന്; അവയുടെ അന്തിമലക്ഷ്യവും അവിടുന്നുതന്നെയാണ്. അതായത്, ഒരേയൊരു ഉദ്ദേശ്യത്തോടെയാണ് സ്രഷ്ടാവ് നിങ്ങളെ രൂപപ്പെടുത്തിയത്: അവിടുത്തിലേക്കു തിരിയാനും അവിടുത്തെ സ്നേഹിക്കാനും പൂർണ്ണമായ ഐക്യത്തിലും പൊരുത്തത്തിലും എന്നേക്കും അവിടുത്തോടുകൂടെ ആയിരിക്കാനും. ദൈവസ്നേഹത്തിനായാണ് നിങ്ങൾ രൂപപ്പെടുത്തപ്പെട്ടത്; ജീവിതത്തിൽ മറ്റൊരു ലക്ഷ്യത്തിലൂടെയും നിങ്ങൾ ഒരിക്കലും സന്തോഷം കണ്ടെത്തുകയില്ല. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ പൂർണ്ണമായ തിരുവിഷ്ടം പൂർണ്ണഹൃദയത്തോടെ അനുസരിക്കാൻ ശ്രമിക്കുകയും അതുവഴി ദൈവത്തിന് സാധ്യമായ ഏറ്റവും വലിയ മഹത്ത്വം നൽകുകയും ചെയ്യുമ്പോഴാണ് നിങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നത്.
ജീവിതത്തിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? തീർച്ചയായും, ജോലി നേടുക, കുടുംബം വളർത്തുക, ദൈവം വെളിപ്പെടുത്തിത്തരുന്ന മുറയ്ക്ക് നിങ്ങളുടെ ദൈവവിളി സ്വീകരിക്കുക എന്നിങ്ങനെ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായ അനേകം താൽക്കാലിക ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ട്. എന്നാൽ ജീവിതത്തിലെ ഓരോ ലക്ഷ്യത്തിനും ഒരേയൊരു പരമമായ ലക്ഷ്യം ഉണ്ടായിരിക്കണം: ദൈവത്തിന് ഏറ്റവും വലിയ മഹത്ത്വം നൽകുന്നതിനായി അവിടുത്തെ തിരുവിഷ്ടം നിറവേറ്റുക. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പരമമായ തിരുവിഷ്ടം എന്താണ്? ഇപ്പോഴും എന്നേക്കും അവിടുത്തോടുള്ള പൂർണ്ണമായ ഐക്യം. സ്വർഗത്തിനായാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്; അവിടുത്തോടുള്ള നിങ്ങളുടെ ഐക്യത്തിലൂടെ സ്വർഗം ഇപ്പോൾത്തന്നെ ആരംഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
ചിലപ്പോൾ ദൈനംദിന ലക്ഷ്യങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും ജീവിതത്തിലെ പ്രായോഗിക കാര്യങ്ങൾക്കും അപ്പുറത്തേക്കു നോക്കുക പ്രയാസമായേക്കാം. ജീവിതത്തെ സമഗ്രമായി കാണാനും എല്ലാം സ്വർഗമെന്ന നിത്യലക്ഷ്യത്തിലേക്കു നയിക്കുന്നതായി കാണാനും പ്രയാസമായേക്കാം.
വിചിന്തനം: നിങ്ങളുടെ ജീവിതത്തിന്റെ ഒരേയൊരു ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കുക. ദൈവതിരുവിഷ്ടം അന്വേഷിക്കുകയും തിരഞ്ഞെടുക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതാണ് നിങ്ങളുടെ ജീവിതത്തിന്റെ ഒരേയൊരു ഉദ്ദേശ്യമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിന് മറ്റേതെങ്കിലും ലക്ഷ്യമോ ഉദ്ദേശ്യമോ ഉണ്ടായിരിക്കുന്നത്, നിങ്ങൾ ആരാണെന്നതിന്റെയും ആരായിരിക്കാനാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെയും നിഷേധമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവിടുത്തെ തിരുവിഷ്ടം കൂടുതൽ പൂർണ്ണമായി നിറവേറ്റിക്കൊണ്ട് ദൈവത്തിന് സാധ്യമായ ഏറ്റവും വലിയ മഹത്ത്വം നൽകാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? (നിശ്ശബ്ദ വിചിന്തനം)
ഇപ്പോൾ പ്രാർത്ഥനാപൂർവ്വം ഹൃദയത്തിന്റെ ആഴത്തിൽ ഒരു ദൃഢനിശ്ചയം എടുക്കുക. നിശ്ശബ്ദമായി ഇരിക്കുമ്പോൾ, ദൈവം നിങ്ങളെ സൃഷ്ടിച്ചതിന്റെ പരമമായ ഈ ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ജീവിതത്തിലെ വിവിധ അഭിലാഷങ്ങളെ നോക്കിക്കാണുക. നിങ്ങളുടെ ചില ലക്ഷ്യങ്ങളുടെ അന്തിമലക്ഷ്യം ദൈവവുമായുള്ള ഐക്യവും ദൈവത്തിന്റെ മഹത്ത്വവും അല്ലെന്നു നിങ്ങൾ കാണുന്നുവെങ്കിൽ, അത് മനസ്സിൽവച്ച് നിശ്ശബ്ദമായി ഇരിക്കുക. നിങ്ങളുടെ സ്രഷ്ടാവും വഴികാട്ടിയും ജീവിതത്തിന്റെ നാഥനുമായ ദൈവത്തിന് നിങ്ങളുടെ സ്വന്തം ഇഷ്ടം സമർപ്പിക്കാൻ ശ്രമിക്കുക. (നിശ്ശബ്ദ വിചിന്തനം)
അടിസ്ഥാന ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം
- സകലത്തിന്റെയും സ്രഷ്ടാവായ ദൈവം
- നിങ്ങളുടെ ജീവിതത്തിൽ ആത്മബന്ധത്തോടെ വഴിനടത്തുന്ന ദൈവം
- നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരമാന്ത്യവുമായ ദൈവം
- മാലാഖമാരുടെ പാപം
- ആദത്തിന്റെയും ഹവ്വായുടെയും പാപം
- പാപത്തിന്റെ പൊതുവായ ഫലങ്ങൾ
- ഏഴ്–ഒൻപത് ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം
- വ്യക്തിപരമായ പാപം: ദിവ്യസൂര്യന്റെ പ്രകാശത്തിൽ
- എന്റെ ജീവിതത്തിലെ വ്യക്തിപരമായ പാപങ്ങൾ
- അപമാനവും വിനയവും
- മരണം
- വിധി
- നരകം
കുറിപ്പുപുസ്തകത്തിലെ അഭ്യാസങ്ങൾ
