മലയാളം

ആഗമനകാലത്തിലെ “ഓ” പ്രതിഗീതങ്ങൾ

ക്രിസ്മസിനൊരുക്കമായി ഡിസംബർ 17–23 വരെയുള്ള 7 ദിവസങ്ങളിൽ “ഓ പ്രതിഗീതങ്ങൾ” ചൊല്ലി പ്രാർഥിക്കുന്നു. യാമപ്രാർഥന പരിചയമുള്ളവർക്ക് അറിയാവുന്നതുപോലെ, ഓരോ ദിവസവും മറിയത്തിന്റെ സ്തോത്രഗീതത്തോടൊപ്പം ഉപയോഗിക്കുന്ന പ്രതിഗീതങ്ങളാണിവ. ഏശയ്യായുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇവ മിശിഹായ്ക്കു നൽകപ്പെട്ട വിവിധ നാമങ്ങൾ വെളിപ്പെടുത്തുന്നു.

ഓ സപിയെൻസിയ (ജ്ഞാനമേ) ഏശയ്യാ 11:2–3; 28:29
ഓ അദോനായ് (കർത്താവേ) ഏശയ്യാ 11:4–5; 33:22
ഓ റാദിക്സ് ജെസ്സെ (ജെസ്സെയുടെ വേരേ) ഏശയ്യാ 1:1; 11:10
ഓ ക്ലാവിസ് ദാവീദ് (ദാവീദിന്റെ താക്കോലേ) ഏശയ്യാ 9:6; 22:22
ഓ ഓറിയെൻസ് (ഉദയസൂര്യനേ) ഏശയ്യാ 9:1
ഓ റെക്സ് ജെൻതിയും (ജനതകളുടെ രാജാവേ) ഏശയ്യാ 9:5; 2:4
ഓ ഇമ്മാനുവേൽ (ദൈവം നമ്മോടുകൂടെ) ഏശയ്യാ 7:14

ഓരോ പ്രതിഗീതവും ഹ്രസ്വമായതിനാൽ, ക്രിസ്മസിനുള്ള അടുത്ത ആത്മീയ ഒരുക്കമെന്ന നിലയിൽ ഓരോ ദിവസവും അതു വായിക്കാനും മനനം ചെയ്യാനും സമയം കണ്ടെത്തുന്നതും ദിവസം മുഴുവൻ ധ്യാനാത്മകമായി അതു ചൊല്ലി പ്രാർഥിക്കുന്നതും സഹായകരമാണ്.

ഡിസംബർ 17

ശക്തിയോടും സ്നേഹത്തോടുംകൂടെ സൃഷ്ടിയെ നയിക്കുന്ന,
അത്യുന്നതനായ ഞങ്ങളുടെ ദൈവത്തിന്റെ ജ്ഞാനമേ:
അറിവിന്റെ പാത ഞങ്ങളെ പഠിപ്പിക്കാൻ വരണമേ!

+++

ഡിസംബർ 18

ഇസ്രായേൽ ഭവനത്തിന്റെ നായകനേ,
സീനായിൽ മോശയ്ക്കു നിയമം നൽകിയവനേ:
അങ്ങയുടെ മഹാശക്തിയാൽ ഞങ്ങളെ വിടുവിക്കാൻ വരണമേ!

+++

ഡിസംബർ 19

ജെസ്സെയുടെ തണ്ടിന്റെ വേരേ,
ദൈവത്തിനു തന്റെ സകല ജനത്തോടുമുള്ള സ്നേഹത്തിന്റെ അടയാളമേ:
വൈകാതെ ഞങ്ങളെ രക്ഷിക്കാൻ വരണമേ!

+++

ഡിസംബർ 20

ദൈവത്തിന്റെ നിത്യരാജ്യത്തിന്റെ കവാടങ്ങൾ തുറക്കുന്ന,
ദാവീദിന്റെ താക്കോലേ:
വന്ന് അന്ധകാരത്തിലെ തടവുകാരെ സ്വതന്ത്രരാക്കണമേ!

+++

ഡിസംബർ 21

പ്രകാശമാനമായ ഉദയപ്രഭയേ,
നിത്യപ്രകാശത്തിന്റെ തേജസ്സേ, നീതിസൂര്യനേ:
അന്ധകാരത്തിലും മരണത്തിന്റെ
നിഴലിലും വസിക്കുന്നവരുടെമേൽ വന്നു പ്രകാശിക്കണമേ.

+++

ഡിസംബർ 22

സകല ജനതകളുടെയും രാജാവും സഭയുടെ ആധാരശിലയുമായവനേ:
അങ്ങ് പൊടിയിൽനിന്നു രൂപപ്പെടുത്തിയ മനുഷ്യനെ രക്ഷിക്കാൻ വരണമേ!

+++

ഡിസംബർ 23

ഞങ്ങളുടെ രാജാവും നിയമദാതാവുമായ ഇമ്മാനുവേലേ:
ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ രക്ഷിക്കാൻ വരണമേ!

+++


ആഗമനകാലത്തെക്കുറിച്ച് കൂടുതൽ