മലയാളം

ദുഃഖത്തിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങൾ

തോട്ടത്തിലെ പ്രാണവേദന: ആത്മീയ ശുദ്ധീകരണം സ്വീകരിക്കൽ

മത്തായി 26: 36–56 പ്രാർഥനാപൂർവം വായിക്കുക…

പെസഹാവ്യാഴാഴ്ച രാത്രിയിൽ നിങ്ങൾ യേശുവിനോടൊപ്പമാണെന്ന് സങ്കല്പിക്കുക. അന്ത്യത്താഴം നടന്ന മാളികമുറിയിൽനിന്ന് ഇറങ്ങി, താഴ്‌വരയിലൂടെ ഗെത്‌സെമനി തോട്ടത്തിലേക്കു നടക്കുന്നതായി സങ്കല്പിക്കുക. പ്രാർഥിക്കാനായി യേശു തന്നോടൊപ്പം തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയ അപ്പസ്‌തോലന്മാരിൽ ഒരാളാണ് നിങ്ങളെന്നും സങ്കല്പിക്കുക. ആ അപ്പസ്‌തോലന്മാരെപ്പോലെ, അന്നു രാത്രിയിലെ നമ്മുടെ കർത്താവിന്റെ അത്യന്തം തീക്ഷ്ണമായ പ്രാർഥനയെ അനുകരിക്കാൻ കഴിയാത്തവിധം ദുർബലരാണ് നിങ്ങളെന്നും, പകരം ഉറങ്ങാനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും വിനയത്തോടെ തിരിച്ചറിയുക…

തോട്ടത്തിൽ യേശു നമുക്കു നൽകിയ മാതൃക മനസ്സിലാക്കാൻ, അവിടുന്ന് അറിഞ്ഞിരുന്നത് എന്താണെന്നതിൽനിന്നു നമുക്ക് ആരംഭിക്കാം. അവിടുത്തെ ദൈവിക മനസ്സുമായി പൂർണമായി ഐക്യപ്പെട്ടിരുന്ന അവിടുത്തെ മാനുഷിക മനസ്സ് പാപത്തിന്റെയും തിരസ്കരണത്തിന്റെയും സകല തിന്മകളുടെയും സമ്പൂർണത ഗ്രഹിച്ചു. ഈ അറിവിന്റെ തീവ്രത വിശുദ്ധമായ ദുഃഖത്താൽ അവിടുത്തെ മനുഷ്യാത്മാവിനെ തുളച്ചുകയറി. ഓരോ പാപത്തിന്റെയും ഭാരം, നമ്മുടെ പാപങ്ങൾ ചുമത്തുന്ന ചുമട്, പാപത്തിൽനിന്നു മോചിതരാകാൻ നമുക്കാവശ്യമായ ശുദ്ധീകരണം എന്നിവ അവിടുന്ന് അനുഭവിച്ചറിഞ്ഞു. യേശുവിന്റെ അഗ്രാഹ്യമായ എളിമ, പാപത്തെക്കുറിച്ച് അവിടുന്ന് അനുഭവിച്ച ദുഃഖം നമുക്കും അനുഭവപ്പെടാൻ ഇടയാക്കണം…

ലോകത്തിന്റെ പാപങ്ങളിലേക്കു നോക്കി, അവയുടെ അതിഭീകരതയും പരിണതഫലങ്ങളും ഗ്രഹിച്ചപ്പോൾ, യേശുവിന്റെ തിരുഹൃദയം ദൈവിക സ്നേഹത്താൽ സകല പാപങ്ങളെയും നേരിട്ടു. നിർണായകമായ ഈ നേരിടലിലും സ്നേഹപ്രവൃത്തിയിലും പാപത്തിന് അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു; മനുഷ്യസ്വഭാവം അതുവരെ അജ്ഞാതമായിരുന്ന ഒരു വിശുദ്ധിയുടെ തലത്തിലേക്ക് ഉയർത്തപ്പെട്ടു. തുടർച്ചയായി മൂന്നു പ്രാവശ്യം യേശു നമുക്കു മാതൃകയായി നൽകിയ പരിപൂർണമായ ആ പ്രാർഥനയിലേക്കു പ്രവേശിച്ച് ആ കൃപ സ്വീകരിക്കുക മാത്രമാണ് ഇനി നമുക്കു ശേഷിക്കുന്നത്. നമ്മുടെ കർത്താവിനോടൊപ്പം ഈ പ്രാർഥന വീണ്ടും വീണ്ടും ചൊല്ലിക്കൊണ്ട് സമയം ചെലവഴിക്കുക: “പിതാവേ, എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ…” ആത്മീയമായോ യഥാർഥത്തിൽ സാഷ്ടാംഗം വീണോ പ്രാർഥിച്ചുകൊണ്ട് അങ്ങനെ ചെയ്യുക. ധ്യാനത്തിൽ നമ്മുടെ കർത്താവിനോടൊപ്പം തോട്ടത്തിലേക്കു പ്രവേശിച്ച്, അവിടുത്തെ പ്രാർഥന നിങ്ങളുടേതാകാൻ അനുവദിക്കുക…

തൂണിൽ കെട്ടിയുള്ള ചമ്മട്ടിയടി: ശാരീരിക സഹനം ഏറ്റെടുക്കൽ

മർക്കോസ് 15:1–15 പ്രാർഥനാപൂർവം വായിക്കുക…

ശിഷ്യന്മാരോടൊപ്പമുള്ള അന്ത്യത്താഴത്തിനുശേഷം തോട്ടത്തിൽവച്ച് യേശു തന്റെ പീഡാനുഭവത്തിനും മരണത്തിനും പൂർണസമ്മതം നൽകിയിരുന്നു. അവിടുന്ന് തന്റെ മാനുഷിക ഇച്ഛയെ ദൈവിക ഇച്ഛയോട് പൂർണമായി അനുരൂപപ്പെടുത്തി. അറസ്റ്റുചെയ്യപ്പെടുകയും രാത്രിയിൽ തടവിലാക്കപ്പെടുകയും വിചാരണയ്ക്കു വിധേയനാക്കപ്പെടുകയും ചെയ്തശേഷം, “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക!” എന്ന മുറവിളികളെ തുടർന്ന് അവിടുന്ന് മരണത്തിനു വിധിക്കപ്പെട്ടു. പീലാത്തോസ് മനസ്സില്ലാമനസ്സോടെ ആ ആവശ്യത്തിനു വഴങ്ങി, ആ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കൈകഴുകി, കുരിശിലേറ്റുന്നതിനു മുന്നോടിയായി യേശുവിനെ തൂണിൽ കെട്ടി പീഡിപ്പിക്കാൻ ആജ്ഞാപിച്ചു. ആ രംഗം സങ്കല്പിച്ച് പ്രാർഥനാപൂർവം നിങ്ങളെത്തന്നെ അവിടെ കാണുക…

നമ്മുടെ കർത്താവിനെ തൂണിൽ കെട്ടി ചമ്മട്ടിയടിച്ചത് ഭീകരമായിരുന്നു; അതിനെക്കുറിച്ചു ചിന്തിക്കുന്നതുപോലും അത്യന്തം വേദനാജനകമാണ്. ഓരോ ചമ്മട്ടിയടിയും തന്റെ വിമലഹൃദയത്തിൽ അനുഭവിച്ചുകൊണ്ട് അവിടുത്തെ സ്വന്തം അമ്മ അതു നോക്കിനിന്നു. സ്വീഡനിലെ വിശുദ്ധ ബ്രിജിത്തയ്ക്കുണ്ടായ ദർശനത്തിൽ ദൈവമാതാവ് ആ നിമിഷത്തെക്കുറിച്ചു പറഞ്ഞതായി വിശുദ്ധ രേഖപ്പെടുത്തിയ വാക്കുകൾ ധ്യാനിക്കുക: “അപ്പോൾ എന്റെ പുത്രന്റെ സുഹൃത്തുക്കളെല്ലാം അവനെ വിട്ട് ഓടിപ്പോയി. അവന്റെ ശത്രുക്കൾ എല്ലാ ദിക്കുകളിൽനിന്നും ഒരുമിച്ചുകൂടി അവിടെ നിന്നുകൊണ്ട്, എല്ലാ കളങ്കങ്ങളിൽനിന്നും പാപങ്ങളിൽനിന്നും വിമലമായിരുന്ന അവന്റെ ശരീരത്തെ ചമ്മട്ടികൊണ്ട് അടിച്ചു. ഞാൻ സമീപത്തു നിൽക്കുകയായിരുന്നു; ആദ്യത്തെ അടിയേറ്റപ്പോൾത്തന്നെ ഞാൻ മരിച്ചവളെപ്പോലെ നിലംപതിച്ചു…”

എല്ലാത്തിനും അവസാനം വരുത്താനും തന്റെ ഉഗ്രമായ വിധിയുടെ ക്രോധം വർഷിക്കാനും യേശുവിനു കഴിയുമായിരുന്ന അവിടുത്തെ സർവശക്തി ഓർക്കുക. തന്റെ സംരക്ഷണത്തിനായി അവിടുത്തേക്ക് വിളിക്കാമായിരുന്ന യോദ്ധാക്കളായ ദൂതന്മാരുടെ ഗണമായ ശക്തികളുടെമേലുള്ള അവിടുത്തെ അധികാരവും ഓർക്കുക. അങ്ങനെ ചെയ്യുമ്പോൾ, യേശുവിന്റെ തിരുഹൃദയത്തിലേക്കു നോക്കുകയും, ചമ്മട്ടിയടി നിർത്താൻ ശക്തിയുണ്ടായിരുന്നിട്ടും അവിടുന്ന് അതു മനസ്സോടെ സ്വീകരിച്ചതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുക…

തികഞ്ഞ വിദ്വേഷമാണ് യേശുവിന്റെ ശാരീരിക പീഡകൾക്കു കാരണമായത്. ആ വിദ്വേഷത്തെയും അതിന്റെ ഫലമായുണ്ടായ ശാരീരിക വേദനയെയും അവിടുന്ന് ദൈവിക സ്നേഹത്താൽ നേരിട്ടു. ചിലപ്പോൾ നമ്മുടെ ശാരീരിക സഹനത്തിനു മറ്റൊരാൾ കാരണമാകാം; എന്നാൽ പലപ്പോഴും അതു നമ്മുടെതന്നെ ദൗർബല്യത്തിന്റെയോ രോഗത്തിന്റെയോ പ്രായത്തിന്റെയോ ഫലമാണ്. നിങ്ങൾ സഹിക്കുന്ന ഏതെങ്കിലും ശാരീരിക വേദനകൾ ഓർക്കുകയും, യേശുവിന്റെ ചമ്മട്ടിയടിയുടെ വെളിച്ചത്തിൽ പ്രാർഥനാപൂർവം അവയെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുക. നമ്മുടെ കർത്താവ് തന്റെ പീഡകൾ മനസ്സോടെ സ്വീകരിച്ചതുപോലെ നിങ്ങളും നിങ്ങളുടെ സഹനങ്ങളെ സ്വീകരിക്കാനും, അടിയേറ്റു മുറിവേറ്റ അവിടുത്തെ ശരീരത്തോട് അവയെ ഐക്യപ്പെടുത്താനും പരിശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വേദനകളെ വിശുദ്ധമായ ഒരു സമർപ്പണമാക്കിക്കൊണ്ട് പ്രാർഥനയായി രൂപാന്തരപ്പെടുത്തുന്നു…

നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ അത്ഭുതകരമായ ക്ഷമയെയും കരുണയെയും കുറിച്ചു ചിന്തിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്കു നോക്കുക. വിദ്വേഷം നേരിടേണ്ടിവന്നപ്പോൾ അവിടുത്തെ അനന്തമായ സ്നേഹത്തെ അനുകരിക്കുന്നതിൽ നിങ്ങൾ എങ്ങനെയെല്ലാം പരാജയപ്പെട്ടുവെന്നു വിചിന്തനം ചെയ്യുക. ദൈവിക സ്നേഹത്താൽ വിദ്വേഷത്തെ നേരിടാനും, എല്ലാറ്റിനെയും ജയിക്കാൻ ദൈവിക സ്നേഹത്തെ അനുവദിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയുമെന്നു ചിന്തിക്കുക…

മുള്ളുകൊണ്ടുള്ള കിരീടധാരണം: ആത്മീയ സഹനങ്ങൾ സഹിക്കുക

താഴെക്കൊടുത്തിരിക്കുന്ന വിശുദ്ധഗ്രന്ഥഭാഗം പ്രാർഥനാപൂർവം വായിക്കുകയും ആ രംഗം സങ്കല്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. പടയാളികളുടെ പരിഹാസം കേൾക്കുകയും കാണുകയും ചെയ്യുക. നമ്മുടെ കർത്താവ് അപമാനിക്കപ്പെടുന്നതു നോക്കിക്കാണുക. ആ നിമിഷത്തിന്റെ ഭീകരത — വേദന, വിദ്വേഷം, അക്രമം — അനുഭവിച്ചറിയുക:

“അപ്പോൾ ദേശാധിപതിയുടെ പടയാളികൾ യേശുവിനെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി; പടയാളികളുടെ മുഴുവൻ സംഘത്തെയും അവന്റെ മുമ്പിൽ വിളിച്ചുകൂട്ടി. അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അവനെ ഒരു ചെമന്ന മേലങ്കി ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു; അവന്റെ വലതുകൈയിൽ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പിൽ മുട്ടുകുത്തി, ‘യഹൂദന്മാരുടെ രാജാവേ, സ്വസ്തി!’ എന്നു പറഞ്ഞ് അവർ അവനെ പരിഹസിച്ചു. അവർ അവന്റെമേൽ തുപ്പുകയും ഞാങ്ങണയെടുത്ത് അവന്റെ തലയിൽ അടിക്കുകയും ചെയ്തു. അവനെ പരിഹസിച്ചുകഴിഞ്ഞപ്പോൾ അവർ ആ മേലങ്കി അഴിച്ചുമാറ്റി, അവന്റെ സ്വന്തം വസ്ത്രങ്ങൾ ധരിപ്പിച്ച്, അവനെ കുരിശിലേറ്റാൻ കൊണ്ടുപോയി” (മത്തായി 27:27–31, RSV-CE).

ഈ രംഗം പ്രാർഥനാപൂർവം ധ്യാനിക്കുമ്പോൾ, മാരകപാപത്തിന്റെ യാഥാർഥ്യത്തെക്കുറിച്ചുള്ള അവബോധത്തിൽ വളരാൻ ശ്രമിക്കുക. ഇത്തരം ക്രൂരത കാണിക്കാൻ നമുക്കെല്ലാവർക്കും കഴിയും. നിങ്ങളുടെ ജീവിതത്തിലെ മാരകപാപങ്ങൾ ഓർമയിൽ കൊണ്ടുവരിക; അത്തരം പാപങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചറിയാൻ നിങ്ങളെത്തന്നെ അനുവദിക്കുക…

ചമ്മട്ടിയടിയേറ്റ് പരിഹസിക്കപ്പെട്ട നമ്മുടെ യേശുവിനെ നോക്കുമ്പോൾ, അതുകണ്ട് ഇടറുകയോ അവിടുത്തോട് സഹതാപം തോന്നുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. പകരം, അവിടുത്തെ വിസ്മയത്തോടെ നോക്കി ആരാധിക്കുക. താൻ രക്ഷിക്കാൻ വന്നവരായ തന്റെ സൃഷ്ടികൾക്ക് തന്നോട് ഇപ്രകാരം പെരുമാറാൻ അനുവാദം നൽകിയപ്പോൾ അവിടുന്ന് പ്രകടമാക്കിയ പുണ്യത്തെ ഉറ്റുനോക്കുക. ദൈവികസ്നേഹത്താൽ എല്ലാ പാപങ്ങളെയും നശിപ്പിക്കാൻ അവിടുത്തെ പ്രാപ്തനാക്കിയ, അവിടുത്തെ ഹൃദയത്തിൽ നിറഞ്ഞുനിന്ന സ്നേഹത്തിന്റെ അവിശ്വസനീയമായ ആഴം ശ്രദ്ധിക്കുക…

മുറിവേറ്റ നിങ്ങളുടെ സ്വന്തം ആത്മാവിനെയും പരിചിന്തിക്കുക. നിങ്ങളുടെ ഉള്ളിൽ അഹങ്കാരം പൊങ്ങിവരാൻ നിങ്ങൾ എങ്ങനെയാണ് അനുവദിക്കുന്നത്? നിങ്ങളെ അസ്വസ്ഥരാക്കാനും സ്വയംസഹതാപം, കോപം, വിദ്വേഷം, അഹങ്കാരത്തിൽനിന്ന് ഉത്ഭവിക്കുന്ന മറ്റെല്ലാ പാപങ്ങൾ എന്നിവയിലേക്ക് നയിക്കാനും ദുഷ്ടന് നിങ്ങൾ എങ്ങനെയാണ് ഇടം നൽകുന്നത്? അഹങ്കാരമെന്ന പാപത്തിലേക്ക് നോക്കുന്നത് വേദനാജനകമാണ്. ശരീരത്തിനുള്ളിൽ പഴുപ്പുനിറഞ്ഞ ഗുരുതരമായ ഒരു അണുബാധയിലേക്ക് നോക്കുന്നതുപോലെയാണത്. അത് സുഖകരമല്ലെങ്കിലും, അണുബാധ പടരാതെ സുഖപ്പെടേണ്ടതിന് അതിനെ പരിശോധിക്കുകയും ചികിത്സിക്കുകയും വേണം. നിങ്ങളുടെ ആത്മാവിനെ അതിന്റെ യഥാർഥ അവസ്ഥയിൽ കാണാൻ കഴിയേണ്ടതിന് ദൈവികജ്ഞാനത്തിനായി പ്രാർഥിക്കുക. കൃപയുടെ സൗഖ്യദായകമായ ലേപനത്താൽ നിങ്ങൾ ചികിത്സിക്കപ്പെടാൻ അനുവദിക്കുക; അസാധാരണമായ സൗന്ദര്യം പ്രസരിപ്പിക്കാൻ കഴിയേണ്ടതിന് നിങ്ങളുടെ ആത്മാവിനെ വിനീതമാക്കുക…

കുരിശു വഹിക്കൽ: ആത്മത്യാഗപരമായ സ്നേഹത്താൽ പ്രേരിതനായി

അധികാരങ്ങൾ എന്ന ദൂതഗണത്തെ ഭാവനയിൽ കാണുക. ആത്മീയപോരാട്ടമെന്ന ദൗത്യവുമായി അയയ്ക്കപ്പെട്ട യോദ്ധാക്കളായ മാലാഖമാരാണവർ. കുരിശുവഹിക്കുന്ന നമ്മുടെ കർത്താവിനോടു ചേരുമ്പോൾ അവരുടെ ശുശ്രൂഷ നമുക്ക് ആവശ്യമാണ്. സ്വാഭാവിക യുക്തിക്കപ്പുറം അതിസ്വാഭാവികതയിലേക്കു കടക്കുമ്പോൾ, നിരാശപ്പെടാനും സംശയിക്കാനും ത്യാഗം നിരസിക്കാനും നാം പ്രലോഭിതരാകും. ത്യാഗപൂർണമായ സ്നേഹത്തിന്റെ മഹത്വവും സൗന്ദര്യവും ഗ്രഹിക്കാൻ ആത്മാവിൽ പകർന്നുനൽകപ്പെടുന്ന കൃപ ആവശ്യമാണ്. ധ്യാനാത്മകപ്രാർഥനയിലൂടെ ലഭിക്കുന്ന ഈ കൃപയ്ക്കു മാത്രമേ അത്തരം ത്യാഗത്തിന്റെ ജ്ഞാനം നമ്മെ ബോധ്യപ്പെടുത്താൻ കഴിയൂ. നിങ്ങൾ അർപ്പിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന എല്ലാത്തരം ത്യാഗങ്ങളും ഉപേക്ഷിക്കാനുള്ള പ്രലോഭനങ്ങളോട് പോരാടുമ്പോൾ, നിങ്ങളെ സഹായിക്കാനും എല്ലാ പ്രലോഭനങ്ങളെയും ചെറുത്തുതോൽപ്പിക്കാനും നമ്മുടെ കർത്താവിനോടൊപ്പം നിങ്ങളുടെ കുരിശുകൾ വഹിക്കാനും സ്വർഗത്തിലെ അധികാരങ്ങളെന്ന ദൂതഗണത്തെ വിളിച്ചപേക്ഷിക്കുക…

നിങ്ങളുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ഏതെല്ലാം ഭാരങ്ങളോ അനീതികളോ ആണ് നിങ്ങൾ സ്വീകരിക്കുകയും പൂർണമായി ആശ്ലേഷിക്കുകയും ചെയ്യേണ്ടത്? അതു ചെയ്യുന്നതുവരെ നമുക്ക് കൂടുതൽ ആഴത്തിലേക്കു പോകാനാവില്ല. എല്ലാ സഹനങ്ങളും സ്നേഹത്തോടെ പൂർണമായി സ്വീകരിച്ചുകഴിഞ്ഞാൽ, കേവലമായ സ്വീകരണത്തിനപ്പുറത്തേക്കു നിങ്ങളുടെ ദൃഷ്ടി തിരിക്കുക. ഓരോ ത്യാഗവും മനസ്സോടെ ആഗ്രഹിക്കാനുള്ള കൃപയ്ക്കായി യാചിക്കുക. നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കുക; അവർക്കുവേണ്ടി ത്യാഗപൂർവം നിങ്ങളുടെ ജീവിതം സമർപ്പിക്കാനുള്ള അവസരങ്ങൾക്കായി പ്രാർഥിക്കുക. ഇതാണ് ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ള സ്നേഹം. ശിമയോനോടൊപ്പം തന്റെ കുരിശു വഹിക്കാൻ നിങ്ങളെ പ്രാപ്തരാക്കിക്കൊണ്ട്, നമ്മുടെ കർത്താവ് നിങ്ങളുടെ ആത്മാവിലേക്കു പകരാൻ ആഗ്രഹിക്കുന്ന ദൈവികസ്നേഹമാണിത്. ആദ്യം എല്ലാ ത്യാഗങ്ങളോടും “അതെ” എന്നു പറയുക; അതിനുശേഷം നമ്മുടെ കർത്താവ് നിങ്ങളെ ക്ഷണിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുകയും അവയ്ക്കായി ഹൃദയം തുറന്നുവയ്ക്കുകയും ചെയ്യുക…

ഒട്ടും മടിക്കാതെ സ്നേഹത്തോടെ ത്യാഗമർപ്പിക്കുമ്പോൾ, അത് യഥാർഥത്തിൽ ഭാരമുള്ള ഒരു ചുമടല്ലെന്നു നാം കണ്ടെത്തുന്നു. ഈ നിർമലമായ ത്യാഗങ്ങൾ ദൈവികശക്തിയോടും അവ പുറപ്പെടുവിക്കാനിരിക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പ്രത്യാശയോടുംകൂടെ മുന്നേറാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിങ്ങൾ അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ദൈവികപ്രത്യാശയോടെ പ്രാർഥനാപൂർവം ധ്യാനിക്കുക. നമ്മുടെ കർത്താവിനോടൊപ്പം ആ കുരിശ് ഏറ്റെടുക്കാൻ ആ പ്രത്യാശ നിങ്ങളെ ശക്തിപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്യട്ടെ…

ത്യാഗപൂർവം നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ, വഴിയിൽവച്ച് യേശുവിനെ കണ്ടുമുട്ടുന്ന അവിടുത്തെ അമ്മയെയും വെറോനിക്കയെയും കുറിച്ച് ധ്യാനിക്കുക. ത്യാഗപൂർണമായ സ്നേഹമെന്ന ഈ ഉന്നതവിളി ജീവിക്കുന്നവർക്കു ലഭിക്കുന്ന ആത്മീയാശ്വാസങ്ങൾ കേവലമായ ആത്മീയമാധുര്യത്തിനും പ്രചോദനാത്മകമായ വികാരങ്ങൾക്കും അപ്പുറമാണ്. ഈ ആശ്വാസങ്ങൾ ആഴമുള്ളവയും സ്വഭാവത്താൽ ആത്മീയവുമാണ്; നിസ്വാർഥമായ ത്യാഗത്തിനിടയിൽ അവ പ്രത്യാശ ഉളവാക്കുന്നു. യേശുവിന് ആശ്വാസം ആവശ്യമില്ലായിരുന്നെങ്കിലും, തന്റെ അമ്മയുടെ ഹൃദയത്തിലെ അമലമായ സ്നേഹവും വിശുദ്ധ വെറോനിക്കയുടെ ആർദ്രമായ അനുകമ്പയും സ്വീകരിച്ചുകൊണ്ട് അവിടുന്ന് മാതൃകയിലൂടെ കാണിച്ചുതന്നത് നമ്മുടെ ആശ്വാസത്തിന്റെ ആവശ്യകതയാണ്; നമ്മുടെ ത്യാഗപൂർണമായ യാത്രയിൽ നമ്മെ സഹായിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. നിസ്വാർഥവും ത്യാഗപൂർണവുമായ ജീവിതം സ്വീകരിക്കാൻ നിങ്ങൾ പ്രയാസപ്പെടുന്നുവെങ്കിൽ, ഈ വിശുദ്ധ സ്ത്രീകളിലേക്കു തിരിഞ്ഞ്, നിങ്ങൾക്കു സ്ഥിരതയോടെ മുന്നേറാൻ കഴിയേണ്ടതിന് അവരുടെ പ്രാർഥനകളും ദൈവത്തിന്റെ ആത്മീയാശ്വാസവും യാചിക്കുക…

കുരിശുമരണം: ഇന്ദ്രിയങ്ങളുടെ ഇരുണ്ട രാത്രിയുടെ പൂർത്തീകരണം

ഇന്ദ്രിയസുഖങ്ങളെയെല്ലാം സംബന്ധിച്ച ഈ അന്തിമശുദ്ധീകരണം ആരംഭിക്കാൻ ദൈവം നമ്മെ ക്ഷണിക്കുമ്പോൾ, നാം ഒരു തീരുമാനമെടുക്കേണ്ടിവരും. അന്ധകാരത്തിലും വരൾച്ചയിലും ഞാൻ ദൈവത്തെ സ്നേഹിക്കുമോ? അതോ അവിടുത്തെ സാന്നിധ്യം മറഞ്ഞിരിക്കുമ്പോൾ ഞാൻ അവിടുത്തെ ഉപേക്ഷിച്ച്, മുമ്പ് ആസ്വദിച്ചിരുന്ന ആത്മീയവികാരങ്ങളും ഇന്ദ്രിയസുഖങ്ങളും തേടിപ്പോകുമോ? നമ്മുടെ ശരീരം സുഖഭോഗങ്ങളിൽ മുഴുകുന്നതുപോലെ നമ്മുടെ ആത്മാവും അങ്ങനെയാകാം. സുഖകരമായ ആത്മീയവികാരങ്ങളോട് നിങ്ങൾക്കുള്ള ഏതെങ്കിലും ആസക്തികളെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുക. നിങ്ങളുടെ മാനസാന്തരത്തിന്റെ ആരംഭത്തിൽ ആ വികാരങ്ങൾ നിങ്ങളിൽ ഉളവാക്കിയ ദൈവത്തെക്കാൾ അധികമായി നിങ്ങൾ അവയെ സ്നേഹിക്കുന്നുണ്ടോ? അങ്ങനെ ചെയ്യാൻ തോന്നുന്നില്ലെങ്കിലും ദൈവത്തെ സ്നേഹിക്കാനും അവിടുത്തെ തിരുഹിതം നിറവേറ്റാനും നിങ്ങൾ സന്നദ്ധരാണോ?…

ആത്മീയപാപങ്ങളിൽ ഓരോന്നിനെയും, ആത്മാവിൽ പകർന്നുനൽകപ്പെടുന്ന ശുദ്ധീകരണാത്മകമായ ധ്യാനകൃപയാൽ ജയിക്കേണ്ടതുണ്ട്. ശുദ്ധീകരിക്കുമ്പോൾ ഈ കൃപ വേദനയുളവാക്കുന്നു; എന്നാൽ അത് പരിശുദ്ധമായ ഒരു വേദനയാണ്. സുഖകരമായ ആത്മീയവികാരങ്ങളിൽനിന്ന്, നല്ലവനായ ഏകദൈവത്തിലേക്കു തിരിയാൻ അത് നമ്മെ സഹായിക്കുന്നു. ഏഴു മുഖ്യപാപങ്ങൾ അവയുടെ ആത്മീയരൂപങ്ങളിൽ എങ്ങനെ കാണപ്പെടുന്നുവെന്ന് ധ്യാനിക്കുക; അവയിൽനിന്നുള്ള ശുദ്ധീകരണത്തിൽ നിങ്ങളെ സഹായിക്കാൻ കൃപയെ അനുവദിക്കുക…

ആത്മീയ കോപം—ദൈവത്തിന്റെ ആശ്വാസദായകമായ സാന്നിധ്യം അനുഭവപ്പെടാതിരിക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുകയോ ദൈവത്തോട് അക്ഷമ കാണിക്കുകയോ ചെയ്യുന്നുണ്ടോ? ഈ നിശ്ശബ്ദതയിൽ ദൈവത്തെ സ്നേഹിക്കാനും, ആത്മീയ വരൾച്ചയിലും പ്രയാസങ്ങളിലും അവിടുന്ന് അകലെയാണെന്നു തോന്നുമ്പോഴും അവിടുത്തെ സേവിക്കാനും ഞാൻ സന്നദ്ധനാണോ? പോരാട്ടങ്ങളും അനീതിയും നഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നലുകളും നേരിടുമ്പോഴും ക്ഷമിക്കാനും കരുണ കാണിക്കാനും പരസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്താനും ഞാൻ സന്നദ്ധനാണോ? തന്റെ പീഡനങ്ങളുടെ നടുവിൽ “പിതാവേ, ഇവരോടു ക്ഷമിക്കണമേ…” എന്നു നിലവിളിച്ച യേശുവിന്റെ അനന്തമായ കരുണ, നിങ്ങൾ സഹിക്കുന്ന ഓരോ പോരാട്ടത്തിന്റെയും നടുവിൽ നിങ്ങളുടെ നിലവിളിയായിത്തീരട്ടെ…

ആത്മീയ അസൂയ—മറ്റുള്ളവർ ആത്മീയജീവിതത്തിൽ പുരോഗമിക്കുകയും അവരുടെ ജീവിതത്തിൽ കൃപ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഞാൻ സന്തോഷിക്കുന്നുണ്ടോ? എനിക്ക് അസൂയ തോന്നുന്നുണ്ടോ? അവരുടെ ആത്മീയദാനങ്ങൾ എന്നെ ദുഃഖിപ്പിക്കുന്നുണ്ടോ? മറ്റുള്ളവരിലുള്ള ദൈവത്തിന്റെ നന്മയിൽ സന്തോഷിക്കാൻ പരിശ്രമിക്കുക. മറ്റുള്ളവർ പ്രശംസിക്കപ്പെടുമ്പോൾ ഒരിക്കലും നിങ്ങളിലേക്കുതന്നെ ഒതുങ്ങാതെ, അവരുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന ദൈവകൃപയെ അംഗീകരിക്കുന്നതിൽ പങ്കുചേരുക. മാനസാന്തരപ്പെട്ട കള്ളനോടുള്ള യേശുവിന്റെ സ്നേഹം, ദൈവത്തിലേക്കു തിരിയുന്ന ഓരോരുത്തരോടുമുള്ള നിങ്ങളുടെ മനോഭാവമായിത്തീരട്ടെ; ആ വ്യക്തി എത്ര അയോഗ്യനായി കാണപ്പെട്ടാലും…

ആത്മീയ അത്യാഗ്രഹം—നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹനിർഭരമായ സാന്നിധ്യം അനുഭവിക്കുകയും അപ്പസ്തോലിക പ്രവർത്തനങ്ങളിൽ വലിയ ആനന്ദം കണ്ടെത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ദൈവത്തോടുള്ളതിനെക്കാൾ കൂടുതൽ അടുപ്പം ആ സുഖകരമായ അനുഭവങ്ങളോടു വളരാൻ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അത്തരം ആത്മീയ അനുഭവങ്ങൾ നഷ്ടപ്പെടുമ്പോഴും സമാധാനത്തോടെ ആയിരിക്കുക. ദൈവത്തെപ്രതി മാത്രം അവിടുത്തെ സേവിക്കാൻ പരിശ്രമിക്കുക. ആത്മീയ മാധുര്യം അനുഭവപ്പെടുന്നില്ലെങ്കിലും, നിങ്ങൾ ആയിരിക്കുന്നതും നിങ്ങൾക്കുള്ളതുമെല്ലാം അവിടുത്തെ സേവനത്തിനും മഹത്ത്വത്തിനുമായി ഉദാരമായി സമർപ്പിക്കുക. തന്റെ ദാരിദ്ര്യത്തിന്റെയും വേദനയുടെയും നടുവിൽ, തനിക്കുണ്ടായിരുന്ന അവസാനത്തേതും ഏറ്റവും വിലപ്പെട്ടതുമായ സമ്പത്ത്—സ്വന്തം പ്രിയപ്പെട്ട അമ്മയെ—നമുക്കെല്ലാവർക്കും നൽകിയ നമ്മുടെ കർത്താവിന്റെ അനന്തമായ ഔദാര്യം, നിങ്ങൾ സഹിക്കുന്ന ഓരോ കുരിശിന്റെയും നടുവിൽ ദൈവത്തിനും മറ്റുള്ളവർക്കും എല്ലാം നൽകാൻ നിങ്ങളെ പ്രചോദിപ്പിക്കട്ടെ. നിങ്ങൾ മല്ലിടുന്ന ഏതൊരു ആത്മീയ അത്യാഗ്രഹത്തെയും ആ ഔദാര്യം സുഖപ്പെടുത്തും…

ആത്മീയ അലസത—നമ്മുടെ കർത്താവിനോടൊപ്പം യാത്രചെയ്ത്, പാപത്തെ കൂടുതൽ പൂർണമായി വേരോടെ പിഴുതെറിഞ്ഞ്, ദൈവഹിതം നിറവേറ്റാൻ പരിശ്രമിക്കുമ്പോൾ ആന്തരിക കുരിശുകൾ അനിവാര്യമാണ്. ആ കുരിശുകളും ആന്തരിക പരീക്ഷണങ്ങളും ഒഴിവാക്കേണ്ടവയാണെന്ന് ആദ്യം നമുക്കു തോന്നിയേക്കാം. അവ തുടരുമ്പോൾ, നിരുത്സാഹത്തിനും തീക്ഷ്ണതക്കുറവിനും വഴങ്ങാൻ നാം പ്രലോഭിതരായേക്കാം. ആന്തരിക പരീക്ഷണങ്ങൾ ഏതെല്ലാം വിധത്തിൽ നിങ്ങളെ പിന്മാറാനോ നിരുത്സാഹപ്പെടാനോ പ്രലോഭിപ്പിക്കുന്നുവെന്ന് ധ്യാനിക്കുക. ഓരോ ആന്തരിക പരീക്ഷണത്തിന്റെയും അഗ്നിക്കു നടുവിലും ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും തീരുമാനിച്ചുകൊണ്ട്, ആത്മീയ തീക്ഷ്ണതയോടെ ആ വികാരങ്ങളെ നേരിടുക. ക്രിസ്തുവിന്റെ ആത്മീയ ദാഹം നിങ്ങളുടെ ആത്മാവിൽ നിറയാൻ അനുവദിക്കുക. അങ്ങനെ, എന്തുതന്നെ അനുഭവപ്പെട്ടാലും, ദൈവഹിതം നിറവേറ്റാനും ആത്മാക്കളുടെ രക്ഷയിൽ സഹായിക്കാനും നിങ്ങൾ പ്രേരിതരാകും…

ആത്മീയ അമിതഭോഗാസക്തി—ദൈവത്തിന്റെ മാധുര്യം രുചിക്കുകയും പ്രാർഥനയിലും സൽപ്രവൃത്തികളിലും ആത്മീയ ആനന്ദം അനുഭവിക്കുകയും ചെയ്തവർക്ക്, ആ സുഖകരമായ അനുഭവങ്ങളിൽ മുഴുകാൻ എപ്പോഴും പ്രലോഭനമുണ്ടാകുന്നു. ദൈവം നമുക്കു നൽകുന്നതെല്ലാം നന്ദിയോടെ സ്വീകരിക്കേണ്ടതുണ്ടെങ്കിലും, ആത്മീയ അമിതഭോഗാസക്തിയിലേക്കു നയിക്കുന്ന വിധത്തിൽ ആത്മീയ കാര്യങ്ങളിൽ സുഖം തേടി മുഴുകുന്നത് നാം ഒഴിവാക്കണം. ദൈവത്തെക്കാൾ അധികമായി ദൈവത്തിൽനിന്നുള്ള ആശ്വാസങ്ങൾ നിങ്ങൾ തേടിയിട്ടുണ്ടോ? നിങ്ങൾ ദൈവത്തെയാണോ സ്നേഹിക്കുന്നത്, അതോ ദൈവം നിങ്ങൾക്കു നൽകിയ അനുഭവങ്ങളെയാണോ? “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?” എന്നു കുരിശിൽ നിലവിളിച്ചപ്പോൾ താൻ അനുഭവിക്കാൻ അനുവദിച്ച ആന്തരിക വരൾച്ചയെ നമ്മുടെ കർത്താവിനോടൊപ്പം സ്വീകരിക്കുക. ആ പ്രാർഥനാനിർഭരമായ നിലവിളിയെ അനുഗമിച്ചുകൊണ്ട്, നിങ്ങൾക്ക് എന്തുതന്നെ അനുഭവപ്പെട്ടാലും ദൈവത്തിൽ മാത്രം പ്രത്യാശയർപ്പിക്കുക…

ആത്മീയ കാമാസക്തി—കാമാസക്തി ലൈംഗിക അഭിലാഷങ്ങളുടെ ക്രമക്കേടായിരിക്കുന്നതുപോലെ, ആത്മീയ കാമാസക്തി ആത്മീയ അഭിലാഷങ്ങളുടെ ക്രമക്കേടാണ്. മറ്റു ആത്മീയ പാപങ്ങളിലെന്നപോലെ, ദൈവവുമായുള്ള ആത്മബന്ധം ക്രമരഹിതമായി, ഇന്ദ്രിയസുഖം തേടുന്ന രീതിയിൽപ്പോലും, കൊതിക്കാൻ നാം പ്രലോഭിതരാകുന്നു. നിങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട്, നിങ്ങളുടെ ഉള്ളിലെ ഓരോ ആത്മീയ അഭിലാഷത്തെയും ക്രമപ്പെടുത്താൻ നമ്മുടെ കർത്താവിനോടൊപ്പം പരിശ്രമിക്കുക. യേശുവിനോടൊപ്പം പ്രാർഥിക്കുക: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” ദൈവത്തിനുള്ള നിസ്വാർഥമായ ഒരു ദാനമായിത്തീരാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്; സ്വീകരിക്കാൻ ശ്രമിക്കുന്നതിനുപകരം നിങ്ങളെത്തന്നെ അവിടുത്തേക്കു നൽകുക…

ആത്മീയ അഹങ്കാരം—എളിമയുടെ ആഴങ്ങളിൽ നടക്കാൻ നിങ്ങൾ സന്നദ്ധരാണോ? എല്ലാ ഭയവും എല്ലാ സ്വാർഥമോഹങ്ങളും സ്വയം പുകഴ്ത്തലുകളുമെല്ലാം നീക്കി, രക്ഷ ആവശ്യമുള്ള ഒരു പാപിയായി നിങ്ങളെത്തന്നെ കാണാൻ നിങ്ങൾക്കു കഴിയുമോ? ദൈവത്തിന്റെ ശുദ്ധീകരിക്കുന്ന കൃപ നിങ്ങളെ ശുദ്ധരാക്കാൻ അനുവദിക്കുമ്പോൾ, നമ്മുടെ കർത്താവിനോടൊപ്പം “എല്ലാം പൂർത്തിയായി” എന്നു പറയാൻ കഴിയുന്ന നിമിഷത്തിനായി ആഗ്രഹിക്കുക. ദൈവം, ദൈവം മാത്രം, നിങ്ങളുടെ സ്നേഹത്തിന്റെ ലക്ഷ്യമാകേണ്ടതിന്, അന്തിമമായ ഓരോ ശുദ്ധീകരണവും പാപത്തിൽനിന്നുള്ള മോചനവും കാണുക…


അടുത്തത്: മഹിമയുടെ രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങൾ

ഉള്ളടക്കം

കടലാസ് പുറംചട്ടയുള്ള പതിപ്പ് – Kindle ഇ-പുസ്തകം – Google Play – Apple Books – മറ്റു രൂപങ്ങളിലും!