മലയാളം

പതിമൂന്നാം ദിവസം: സ്വത്വം

നോമ്പുകാലം രണ്ടാം ആഴ്ചയിലെ ബുധനാഴ്ച

മരുഭൂമിയിൽ ചെലവഴിച്ച നാല്പതു ദിവസങ്ങളിൽ, സൂക്ഷ്മമായ പല പ്രലോഭനങ്ങളും സഹിക്കാൻ യേശു സ്വയം അനുവദിച്ചിട്ടുണ്ടാകാം. എന്നാൽ ആ നാല്പതു ദിവസങ്ങളുടെ അവസാനം, നമ്മുടെ കർത്താവിനെ കീഴടക്കാനുള്ള അവസാന ശ്രമവുമായി പിശാച് അവിടുത്തെ സമീപിച്ചു. ദൈവപുത്രനെന്ന യേശുവിന്റെ പവിത്രമായ സ്വത്വത്തെ സൂക്ഷ്മമായി ചോദ്യം ചെയ്തുകൊണ്ടാണ് ആദ്യത്തെ പ്രലോഭനം ആരംഭിക്കുന്നത്. പിശാച് യേശുവിനോടു പറയുന്നു: “നീ ദൈവപുത്രനാണെങ്കിൽ…” “നീ ദൈവപുത്രൻ ആണെങ്കിൽ…” എന്നു പറഞ്ഞുതുടങ്ങുന്നതിലൂടെ, പിശാച് യഥാർഥത്തിൽ യേശുവിന്റെ ദൈവിക സ്വത്വത്തെ ചോദ്യം ചെയ്യുകയാണ്. യേശുവിൽ അഹങ്കാരം ഉണർത്താനുള്ള ഒരു ശ്രമമായിരുന്നു ഇത്. ഇതേ പാപം നിമിത്തമാണ് പിശാച് സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടത്.

തന്റെ പവിത്രമായ സ്വത്വത്തെക്കുറിച്ചുള്ള ഈ ചോദ്യം തന്നെ ബാധിക്കാൻ യേശു അനുവദിച്ചില്ല. എങ്കിലും, നാമെല്ലാവരും നേരിടുന്നതും പലപ്പോഴും ജയിക്കാൻ കഴിയാതെ പോകുന്നതുമായ ഒരു പ്രലോഭനമാണിത്. നാം ആരാണെന്ന കാര്യത്തിൽ ഉറച്ച ബോധ്യത്തോടെ നിലകൊള്ളാൻ പലപ്പോഴും നമുക്കു കഴിയുന്നില്ല. നമ്മുടെ അടിസ്ഥാന സ്വത്വത്തെ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ അംഗീകരിക്കാതിരിക്കുകയോ പരിഹസിക്കുകയോ ചെറുതാക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുമ്പോൾ, സ്വയം ന്യായീകരിക്കുന്നതിലൂടെയോ കോപത്തിലൂടെയോ നിരാശയിലൂടെയോ പോലും അഹങ്കാരത്തിലേക്കു വീഴാൻ നാം പ്രലോഭിതരാകുന്നു. എന്നാൽ, നാം ആരാണെന്ന് നമുക്കറിയാമെങ്കിൽ, ദൈവം നമ്മെ കാണുന്നതുപോലെ മാത്രം നാം നമ്മെത്തന്നെ കാണുന്നുവെങ്കിൽ, മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങളോ വിധികളോ നമ്മെ ബാധിക്കാൻ നാം ഒരിക്കലും അനുവദിക്കുകയില്ല.

നിങ്ങൾ ആരാണ്? നിങ്ങൾ ദൈവത്തിന്റെ മകനോ മകളോ ആണ്. കൃപയുടെയും സത്യത്തിന്റെയും പുതിയ കുടുംബത്തിലേക്ക് പിതാവ് നിങ്ങളെ ദത്തെടുത്തിരിക്കുന്നു. നിങ്ങൾ ഒരു പാപികൂടിയാണെന്നതു സത്യമാണ്—എന്നാൽ, നിങ്ങളുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തിലേക്കു മടങ്ങിയ ഓരോ തവണയും ക്ഷമിക്കപ്പെട്ട പാപിയാണ് നിങ്ങൾ. നിങ്ങളുടെ സ്വത്വം അറിയുന്നതിൽ വലിയ സ്വാതന്ത്ര്യമുണ്ട്.

നമ്മുടെ മഹത്ത്വത്തിനും സ്വത്വത്തിനും നേരെയുള്ള വെല്ലുവിളികൾ പലപ്പോഴും പ്രലോഭനങ്ങളുടെ രൂപത്തിലാണ് വരുന്നത്. ഉദാഹരണത്തിന്, “നിനക്ക് ഒരു വിലയുമില്ല… നിനക്ക് ഒന്നും ശരിയായി ചെയ്യാനാവില്ല… ആരും നിന്നെ ഇഷ്ടപ്പെടുന്നില്ല… നിന്റെ പാപത്തെ നീ ഒരിക്കലും ജയിക്കുകയില്ല… ദൈവത്തിന് നിന്നെക്കുറിച്ച് വലിയ നിരാശയാണ്” തുടങ്ങിയവ. ഈ നുണകളാൽ പ്രലോഭിതരാകുമ്പോൾ, നാം ആരാണെന്നും നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം പരിപൂർണമാണോ എന്നും ചോദ്യം ചെയ്തുകൊണ്ട് നിരാശയ്ക്കും ആത്മസംശയത്തിനും വഴങ്ങാൻ നമുക്കിടയുണ്ട്. നിരാശയും ആത്മസംശയവും അഹങ്കാരത്തിന്റെ സൂക്ഷ്മരൂപങ്ങളാണ്. യഥാർഥ ആത്മജ്ഞാനം നേടുന്നതിനും ദൈവമക്കളെന്ന നമ്മുടെ സ്വത്വം സ്വീകരിക്കുന്നതിനുമുള്ള താക്കോൽ എളിമയാണ്. സത്യത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ ആരാണെന്നതിനെക്കുറിച്ചുള്ള ആഴമായ അറിവല്ലാതെ മറ്റൊന്നുമല്ല എളിമ. താൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു; ഒരു സംശയവും ഉണർത്താൻ ദുഷ്ടനെ അവിടുന്ന് അനുവദിച്ചില്ല. നാമും അങ്ങനെതന്നെ ചെയ്യാൻ പരിശ്രമിക്കണം.

തന്റെ സ്വത്വത്തെ സാത്താൻ ചോദ്യം ചെയ്യുന്നതു സഹിച്ച യേശുവിന്റെ മനസ്സിനെക്കുറിച്ചു ധ്യാനിക്കുക. താൻ ആരാണെന്ന് യേശു ഒരിക്കലും മറന്നില്ല. അതുതന്നെയായിരിക്കണം നമ്മുടെയും ലക്ഷ്യം. നിങ്ങൾ ദൈവത്തിന്റെ അമൂല്യവും പ്രിയപ്പെട്ടതുമായ മകനോ മകളോ ആണ്. നിങ്ങൾക്കു കൃപയും കരുണയും നൽകപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു ദൈവത്തിന്റെ കരുണ അത്യന്തം ആവശ്യമാണ്. നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിക്കുന്ന ഓരോ തവണയും നിങ്ങൾക്കു ക്ഷമ ലഭിക്കുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നു; ദുഷ്ടന്റെ ഒരു നുണയ്ക്കും അതിനെ ഒരിക്കലും മാറ്റാനാവില്ല. ഇന്ന് എളിമയെന്ന പുണ്യം തേടുക. കാരണം, നമ്മെക്കുറിച്ചുള്ള അനേകം നുണകളെ തുളച്ചുകടന്ന്, നാം യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ, ദൈവം നമ്മെ കാണുന്നതുപോലെ, നമ്മെത്തന്നെ കാണാൻ സഹായിക്കുന്ന പുണ്യമാണ് എളിമ. നമ്മുടെ കർത്താവിന്റെ എളിമ പരിപൂർണമായിരുന്നു; അവിടുത്തെ കൂടുതൽ പൂർണമായി അനുകരിക്കാൻ നമുക്കു പരിശ്രമിക്കാം.

എളിമയുള്ള എന്റെ കർത്താവേ, അങ്ങ് ആരാണെന്ന് അങ്ങേക്ക് അറിയാമായിരുന്നു; ദുഷ്ടന്റെ സൂക്ഷ്മമായ നുണകൾ അങ്ങയെ ബാധിക്കാൻ അങ്ങ് ഒരിക്കലും അനുവദിച്ചില്ല. അങ്ങയുടെ മകനോ മകളോ എന്ന നിലയിൽ ഞാൻ ആരാണെന്ന് ഓർത്തിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് എന്നെ കാണുന്നതുപോലെ മാത്രം എന്നെത്തന്നെ കാണാനും, അങ്ങ് എന്നെ സ്നേഹിക്കുന്നതുപോലെ എന്നെത്തന്നെ സ്നേഹിക്കാനും എനിക്കു കഴിയുമാറാകട്ടെ. എല്ലാ നുണകളിൽനിന്നും സ്വയം സഹതപിക്കുന്നതിൽനിന്നും സംശയത്തിൽനിന്നും നിരാശയിൽനിന്നും എന്നെ മോചിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇതും കാണുക: പതിമൂന്നാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

ഉള്ളടക്കം

നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ