നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
നോമ്പുകാലത്തെ വെള്ളിയാഴ്ചകൾ പ്രായശ്ചിത്തത്തിന്റെ ദിവസങ്ങളായിരിക്കണം. എന്തുകൊണ്ട്? എന്താണ് പ്രായശ്ചിത്തം? പ്രായശ്ചിത്തത്തിന്റെ മൂല്യമെന്താണ്? ഒന്നാമതായി, നമ്മുടെ കർത്താവ് ഒരു വെള്ളിയാഴ്ച കുരിശിൽ മരിച്ചതിനാലാണ് വെള്ളിയാഴ്ചകൾ പ്രായശ്ചിത്തദിനങ്ങളാകുന്നത്. ഓരോ വെള്ളിയാഴ്ചയും ആ രക്ഷാകരബലിയുടെ അനുസ്മരണമായി നാം കാണണം. വെള്ളിയാഴ്ചകളിൽ പ്രായശ്ചിത്തം ചെയ്യുന്നതിലൂടെ, യേശു തന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും അനുഷ്ഠിച്ച പ്രായശ്ചിത്തത്തിൽ നാം മനസ്സോടെ പങ്കുചേരുന്നു. അതിനാൽ, യേശുവിന്റെ ഉത്ഥാനത്തിൽ ആനന്ദിച്ചുകൊണ്ട് ഓരോ ഞായറാഴ്ചയും വലിയ ആഘോഷപൂർവം ആചരിക്കേണ്ടതുപോലെ, ഓരോ വെള്ളിയാഴ്ചയും അവിടുത്തെ കുരിശിൽ നാം കൂടുതൽ പൂർണമായി പങ്കുചേരേണ്ട ദിവസമാണ്.
പ്രായശ്ചിത്തം നമുക്കൊരു നിഗൂഢതയായി തോന്നിയേക്കാം. എന്തിനാണ് നാം സുഖങ്ങൾ ത്യജിക്കുന്നത്? ഈ ജീവിതം നൽകുന്ന സകലതും നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നാം ആസ്വദിക്കണമെന്ന് ദൈവം ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ്? യേശു പാപത്തെയും മരണത്തെയും ഇതിനകം നശിപ്പിച്ചുകഴിഞ്ഞല്ലോ. അതിനാൽ, നാം എപ്പോഴും ഉത്ഥാനത്തിന്റെ ആനന്ദത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളൂ എന്ന് ഒരാൾ നിഗമനത്തിലെത്തിയേക്കാം!
ഈ ചിന്താഗതിയിലെ പ്രശ്നം ഇതാണ്: നാം യേശുവിനോടൊപ്പം ഉയിർക്കണമെങ്കിൽ അവിടുത്തോടൊപ്പം മരിക്കണമെന്ന് യേശുതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനുവേണ്ടി നമ്മുടെ ജീവൻ നഷ്ടപ്പെടുത്തുന്നതിലൂടെ മാത്രമേ നമുക്ക് അതിനെ രക്ഷിക്കാനാകൂ. നാം നമ്മുടെ കുരിശെടുത്ത് യേശുവിനെ അനുഗമിക്കണം.
നമ്മുടെ മനുഷ്യപ്രകൃതി ഉത്ഭവപാപത്തിന്റെ അവസ്ഥയിൽ തുടരുന്നതിനാൽ ഈ ജീവിതത്തിൽ പ്രായശ്ചിത്തം ആവശ്യമാണ്. അതിന്റെ ഫലമായി, നമ്മുടെ ആഗ്രഹങ്ങളും ഭോഗേച്ഛകളും വികാരതീവ്രതകളും വൈകാരികാനുഭവങ്ങളും ദൈവഹിതത്തോട് എളുപ്പത്തിൽ പൊരുത്തപ്പെടുന്നില്ല. മനുഷ്യപ്രകൃതിയിലെ ഈ നല്ല സവിശേഷതകൾ ആശയക്കുഴപ്പത്തിനും അമിതമായ സുഖാന്വേഷണത്തിനും പാപത്തിനും വിധേയമാണ്. പാപത്തിലേക്ക് നമ്മെ നയിക്കുന്ന ക്രമരഹിതമായ പ്രവണതകളെ അതിജീവിച്ചുകൊണ്ട്, നമ്മുടെ മനുഷ്യത്വത്തിന്റെ എല്ലാ വശങ്ങളെയും ദൈവഹിതത്തിന് കീഴ്പ്പെടുത്താൻ സഹായിക്കുന്ന ഒരു മാർഗമാണ് പ്രായശ്ചിത്തം. നമ്മുടെ മനുഷ്യത്വത്തിന്റെ എല്ലാ വശങ്ങളും ക്രിസ്തുവിനോടൊപ്പം ഉയിർക്കാനും അവിടുത്തെ മനുഷ്യത്വത്തോട് അനുരൂപപ്പെടാനും നമ്മെ ബന്ധനത്തിൽ നിർത്തുന്ന പാപങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും മോചിതമാകാനും വേണ്ടി, നമ്മുടെ ഉള്ളിലെ ആ ക്രമക്കേടുകൾ ഇല്ലാതാകാൻ പ്രായശ്ചിത്തം സഹായിക്കുന്നു.
സ്വന്തം ഭോഗേച്ഛകളെയും ആഗ്രഹങ്ങളെയും വികാരതീവ്രതകളെയും നിയന്ത്രിക്കുന്നതിനായി മരുഭൂമിയിലെ പ്രായശ്ചിത്താവസ്ഥയിലേക്ക് പ്രവേശിക്കേണ്ട ആവശ്യം യേശുവിന് വ്യക്തിപരമായി ഉണ്ടായിരുന്നില്ല. അവിടുത്തെ ആത്മാവ് എല്ലാ വിധത്തിലും പൂർണമായിരുന്നു; അവിടുന്ന് എപ്പോഴും അനുഭവിച്ചതും ആഗ്രഹിച്ചതും തിരഞ്ഞെടുത്തതും നിത്യനന്മകൾ മാത്രമായിരുന്നു. മരുഭൂമിയിലെ പ്രായശ്ചിത്താവസ്ഥ സ്വീകരിക്കാനുള്ള യേശുവിന്റെ തീരുമാനം അവിടുത്തെ ആവശ്യത്തിനായിരുന്നില്ല; നമുക്കുവേണ്ടിയായിരുന്നു. മരുഭൂമിയിൽ പ്രായശ്ചിത്തം ചെയ്തുകൊണ്ടും തന്റെ ഭോഗേച്ഛകളും മാനുഷിക ആഗ്രഹങ്ങളും ത്യജിച്ചുകൊണ്ടും അവിടുന്ന് പ്രായശ്ചിത്തപ്രവൃത്തികൾക്ക് ശക്തി നൽകി. അതുകൊണ്ട്, മരുഭൂമിയിലെ യേശുവിന്റെ പ്രായശ്ചിത്തം അനുകരിക്കാനും അവിടുത്തെ കുരിശ് നമ്മുടേതായി സ്വീകരിക്കാനും നാം തീരുമാനിക്കുമ്പോൾ, പ്രായശ്ചിത്തപ്രവൃത്തികളിൽ ഇപ്പോൾ മറഞ്ഞിരിക്കുന്നതും നാം കണ്ടെത്തി സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നതുമായ ആ ശക്തിയും കൃപയും നമുക്ക് ലഭിക്കുന്നു.
പ്രായശ്ചിത്തത്തോടുള്ള നിങ്ങളുടെ മനോഭാവത്തെയും സമീപനത്തെയും കുറിച്ച് ചിന്തിക്കുക. ഇന്ന് മാംസം വർജിക്കാൻ മാത്രമേ സഭ നിർദേശിക്കുന്നുള്ളൂവെങ്കിലും, ക്രിസ്തുവിനോട് കൂടുതൽ അനുരൂപരാകാൻ നാം ഗൗരവത്തോടെ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ പ്രായശ്ചിത്തം അതിലും ഏറെ മുന്നോട്ടുപോകണം. ഇന്ന് കൂടുതൽ ത്യാഗപൂർവം ജീവിക്കാൻ കഴിയുന്ന വഴികളെക്കുറിച്ച് ചിന്തിക്കുക. അതിനായി വ്യക്തമായ തീരുമാനങ്ങൾ എടുക്കുക. അങ്ങനെ ചെയ്യുമ്പോൾ, മരുഭൂമിയിലെ യേശുവിന്റെ പ്രായശ്ചിത്തജീവിതത്തോട് ചേർത്ത് അവ സ്വർഗസ്ഥനായ പിതാവിന് സമർപ്പിക്കുക. ഈ വിശുദ്ധ പ്രവൃത്തിയിൽ നിങ്ങൾ കണ്ടെത്താനിരിക്കുന്ന കൃപയുടെ അനുഗ്രഹങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുക.
പ്രായശ്ചിത്തം അനുഷ്ഠിച്ച എന്റെ കർത്താവേ, അങ്ങയുടെ മനുഷ്യപ്രകൃതിയിൽ പ്രായശ്ചിത്തം ചെയ്തുകൊണ്ട് അങ്ങ് പ്രായശ്ചിത്തപ്രവൃത്തികളെ അങ്ങയുടെ കൃപയാൽ സമ്പന്നമാക്കി. ആ കൃപയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്താലും, അങ്ങയുടെ കൃപ സ്വീകരിക്കുന്ന മാർഗത്തോടുള്ള ആഗ്രഹത്താലും എന്റെ ഹൃദയം നിറയ്ക്കണമേ. പ്രായശ്ചിത്തജീവിതം നയിക്കാനുള്ള ആഗ്രഹം എനിക്കു നൽകണമേ. സ്നേഹത്തിന്റെ ആ പ്രവൃത്തികളിൽ വസിക്കുന്ന അങ്ങയെ കണ്ടെത്താനും, അതുവഴി ഞാൻ ദിവസേന നേരിടുന്ന ആന്തരിക ക്രമക്കേടുകളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള ശക്തി നേടാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ഇതും കാണുക: ഒൻപതാം ധ്യാനം – കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
