മലയാളം

ഒന്നാം ദിവസം: നമ്മുടെ കർത്താവിനോടൊപ്പം യാത്ര ചെയ്യുക

വിഭൂതി ബുധനാഴ്ച

വിഭൂതി ബുധനാഴ്ച കടമുള്ള തിരുനാളല്ലെങ്കിലും, നമ്മുടെ സഭയുടെ ആരാധനാക്രമ കലണ്ടറിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന ആഘോഷങ്ങളിലൊന്നാണിത്. ഓരോ വർഷവും ഫലദായകവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ ഒരു നോമ്പുകാലം ആചരിക്കാനുള്ള നമ്മുടെ ഹൃദയാഭിലാഷത്തെയാകാം ഇത് സൂചിപ്പിക്കുന്നത്. ഈശോയുടെ ജ്ഞാനസ്നാനത്തിനു തൊട്ടുപിന്നാലെയും പരസ്യശുശ്രൂഷയുടെ ആരംഭത്തിനു തൊട്ടുമുമ്പുമായി അവിടുന്ന് മരുഭൂമിയിൽ ചെലവഴിച്ച നാല്പതു ദിവസങ്ങളെ ഈ നാല്പതു ദിവസങ്ങൾ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. ഈശോയുടെ ആ നാല്പതു ദിവസങ്ങൾ ഉപവാസത്തിന്റെയും പ്രാർഥനയുടെയും കാലമായിരുന്നു; അതിനുശേഷം ദുഷ്ടന്റെ എല്ലാ പ്രലോഭനങ്ങൾക്കും അവിടുന്ന് തന്നെത്തന്നെ വിധേയനാക്കി. നാം നേരിടുന്ന അതേ പ്രലോഭനങ്ങളാണ് ഇവയും. അതുകൊണ്ടാണ് അതികഠിനമായ വിശപ്പും ഏകാന്തതയും ശാരീരികമായി അനുഭവിച്ചുകൊണ്ടുതന്നെ നമ്മുടെ കർത്താവ് അവയെ നേരിട്ടത്.

നമ്മുടെ നോമ്പുകാല യാത്രകൾ ആരംഭിക്കുമ്പോൾ, എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കുക, ഉപവസിക്കുക, ഇന്നും വെള്ളിയാഴ്ചകളിലും മാംസം വർജിക്കുക, പ്രാർഥനയിൽ കൂടുതൽ സമയം ചെലവഴിക്കുക, ഉപവിപ്രവൃത്തികൾ വർധിപ്പിക്കുക എന്നിവ പതിവാണ്. നമ്മുടെ കർത്താവിനെ അനുകരിച്ചുകൊണ്ട് ഈ നോമ്പുകാല കർത്തവ്യങ്ങൾ കൂടുതൽ തീക്ഷ്ണതയോടെ നിറവേറ്റാൻ കഴിയേണ്ടതിന്, ഈ ധ്യാനചിന്തകൾ നിങ്ങളെ പടിപടിയായി മരുഭൂമിയിൽ അവിടുത്തോടൊപ്പം ആയിരിക്കാൻ നയിക്കും. ആ ദിവസങ്ങളിൽ ഈശോ കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് നിങ്ങൾ ധ്യാനിക്കും; അവിടുന്ന് അനുഭവിച്ച വികാരങ്ങൾ നിങ്ങളും അനുഭവിക്കും; അവിടുത്തെ അനുഭവങ്ങളിൽ പങ്കുചേരും; അവിടുത്തെ പ്രവൃത്തികൾ അനുകരിക്കും; അവിടുത്തോടൊപ്പം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യും; അവിടുന്ന് നേരിടുകയും ജയിക്കുകയും ചെയ്ത പ്രലോഭനങ്ങളെ നിങ്ങളും നേരിടും.

ഈ വിഭൂതി ബുധനാഴ്ച, ഈശോ മരുഭൂമിയിൽ ചെലവഴിച്ച സമയത്തിന്റെ ഓരോ വിശദാംശത്തിലും വരുംദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയേണ്ടതിന്, ആദ്യം അതിന്റെ “സമഗ്രചിത്രം” ധ്യാനിക്കാൻ സമയം ചെലവഴിക്കുക. ദൈവപുത്രനായ ഈശോ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്ന അടിസ്ഥാനസത്യത്തെക്കുറിച്ച് ചിന്തിക്കുക. തുടർന്ന്, നിശ്ചിതസമയത്ത്, സ്വമനസ്സാലെ വിശപ്പും ചൂടും ഏകാന്തതയും പോരാട്ടവും പ്രലോഭനവും അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കാൻ അവിടുന്ന് സ്വതന്ത്രമായി തീരുമാനിച്ചു. അവിടുത്തെ നാല്പതു ദിവസങ്ങളുടെ ഫലസമൃദ്ധി പൂർണമായി ഗ്രഹിക്കാൻ ഒരു ജീവിതകാലം മുഴുവനും, അതിനപ്പുറം നിത്യതയിലും സമയം വേണ്ടിവരുമെങ്കിലും, ഈ യാത്രയ്ക്കായി നിങ്ങളെത്തന്നെ സമർപ്പിക്കുക. തുറന്ന മനസ്സുള്ളവരായിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. മരുഭൂമിയിൽ നമ്മുടെ കർത്താവിനോടൊപ്പം സമയം ചെലവഴിക്കാൻ ആവശ്യമായതെന്തും ചെയ്യാൻ തീരുമാനിക്കുക. ഈ യാത്ര എളുപ്പമായിരിക്കില്ലെന്നും ഒരുപക്ഷേ സുഖകരമായിരിക്കില്ലെന്നും അറിയുക. എങ്കിലും ഇത് അനിവാര്യമാണ്; ശരിയായും നന്നായും ജീവിച്ചാൽ ഇത് അസാധാരണമായ വിധത്തിൽ ഫലദായകമാകും. ദൈവം നിങ്ങളെ ഏല്പിച്ച ദൗത്യത്തിനായി ഒരുങ്ങുന്നതിന് മരുഭൂമിയിൽ നമ്മുടെ കർത്താവിനോടൊപ്പം ആയിരിക്കാൻ ലഭിക്കുന്ന ആദ്യത്തെയും ഏകവുമായ അവസരമാണിതെന്നപോലെ ഈ നോമ്പുകാലത്തെ സ്വീകരിക്കുക.

എന്റെ ദിവ്യനാഥാ, പ്രാർഥനയുടെയും ഉപവാസത്തിന്റെയും പ്രലോഭനത്തിന്റെയും ഒരു കാലഘട്ടത്തിനായി മരുഭൂമിയിലേക്കു പ്രവേശിക്കാൻ അങ്ങ് സ്വതന്ത്രമായി തീരുമാനിച്ചുവല്ലോ. അങ്ങയുടെ ജീവിതത്തിലെ ഈ അവസരത്തെ മനസ്സോടെ സ്വീകരിച്ചതിലൂടെ, അങ്ങയോടൊപ്പം യാത്ര ചെയ്യാൻ അങ്ങ് എന്നെയും ക്ഷണിക്കുന്നു. ഈ നോമ്പുകാലം ആരംഭിക്കുമ്പോൾ, മരുഭൂമിയിലേക്ക് അങ്ങയെ അനുഗമിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്യുന്നു. ത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രാർഥനയുടെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകാൻ ഞാൻ തീരുമാനിക്കുന്നു. അങ്ങ് ഗ്രഹിച്ചത് ഗ്രഹിക്കാനും, അങ്ങ് സഹിച്ചത് സഹിക്കാനും, അങ്ങ് നേരിട്ടത് നേരിടാനും, അങ്ങ് ജയിച്ചതെല്ലാം ജയിക്കാനും അങ്ങയുടെ യാത്രയിൽ അങ്ങയെ അനുഗമിക്കാൻ എനിക്കിടയാകട്ടെ. അല്പം മടിയോടെയാണ് ഈ നാല്പതു ദിവസങ്ങളെ ഞാൻ സമീപിക്കുന്നതെങ്കിലും, ഈ നോമ്പുകാലം യഥാർഥത്തിൽ ഫലദായകമാക്കാൻ ആവശ്യമായതെല്ലാം ചെയ്യാനുള്ള ധൈര്യം എനിക്കു നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇതും കാണുക: ഒന്നാം ധ്യാനചിന്ത – കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

ഉള്ളടക്കം

നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ