മലയാളം

പതിനേഴാം ദിവസം – ജറുസലെമിലേക്കുള്ള പ്രവേശനം


വീഡിയോ പതിപ്പ്

വലിയൊരു ജനക്കൂട്ടം തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു; മറ്റുള്ളവർ മരങ്ങളിൽനിന്ന് ചില്ലകൾ വെട്ടി വഴിയിൽ വിതറി. അവനു മുമ്പേ നടന്നവരും പിന്നാലെ വന്നവരും ഇങ്ങനെ ആർത്തുവിളിച്ചുകൊണ്ടിരുന്നു: “ദാവീദിന്റെ പുത്രന് ഓശാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; അത്യുന്നതങ്ങളിൽ ഓശാന.” മത്തായി 21:8-9

ഒരാഴ്ച മുമ്പ് യേശു ജറുസലെമിൽ പ്രവേശിച്ചപ്പോൾ ലഭിച്ച ആ സ്വീകരണം എത്ര അത്ഭുതകരമായിരുന്നു! വലിയ ആനന്ദത്തോടും സ്തുതിഘോഷത്തോടും കൂടിയാണ് അവനെ സ്വീകരിച്ചത്. അവന്റെ മുമ്പിൽ കുരുത്തോലകൾ വിരിച്ചുകൊണ്ട് അവർ “ഓശാന!” എന്ന് ആർത്തുവിളിച്ചു. അവർ അവനെ ഒരു രാജാവായി ആദരിച്ചു.

എന്നാൽ ഇപ്പോൾ, രാജാക്കന്മാരുടെ രാജാവായ തന്റെ പുത്രൻ ലോകത്തിനു തന്റെ കൃപയും കരുണയും പകർന്നുകൊടുക്കാൻ മഹത്വപൂർണമായ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്യുന്നത് നമ്മുടെ പരിശുദ്ധ അമ്മ നോക്കിനിന്നു. ഇത് ഭൗമികമായ രാജത്വമായിരുന്നില്ല. അതിനെക്കാൾ എത്രയോ മഹത്തരമായിരുന്നു അത്. കേവലം ഭൗമികമായ ബലത്തെ അതിശയിക്കുന്ന ആത്മീയശക്തിയും അധികാരവുമുള്ള രാജത്വമായിരുന്നു അത്. കുരിശാകുന്ന സിംഹാസനത്തിൽനിന്ന് രക്ഷ പകർന്നുനൽകുന്ന രാജത്വമായിരുന്നു അത്.

ഓശാന ഞായറും ദുഃഖവെള്ളിയും തമ്മിലുള്ള വൈരുധ്യം അമ്പരപ്പിക്കുന്നതായിരുന്നു. അനേകർ ആശയക്കുഴപ്പത്തിലായി. ജറുസലെമിൽ മഹത്തായ സ്വീകരണം ലഭിച്ച യേശുവിന്റെ ജീവിതം ഏതാനും ദിവസങ്ങൾക്കുള്ളിൽ അതേ നഗരത്തിൽനിന്ന് കുരിശും ചുമന്നുകൊണ്ട് പുറത്തേക്കു പോകേണ്ട ദയനീയാവസ്ഥയിലേക്കു മാറിയതു കണ്ട് അവരുടെ പ്രതീക്ഷകൾ തകർന്നു. എന്നാൽ നമ്മുടെ പരിശുദ്ധ അമ്മയും നമ്മുടെ കർത്താവുതന്നെയും കാര്യങ്ങളെ തികച്ചും വ്യത്യസ്തമായാണ് കണ്ടത്. അവിടുന്ന് തന്റെ സിംഹാസനത്തിലേറിയപ്പോൾ അവരുടെ വേദനയോടൊപ്പം അത്യുന്നതമായ ആനന്ദവും സമാധാനവും നിറഞ്ഞുനിന്നു. യേശു നിത്യത മുഴുവൻ മഹത്വപ്പെടുത്തപ്പെടുമെന്നും “ഓശാന!” എന്ന ആർപ്പുവിളിയുടെ പ്രതിധ്വനികൾ സ്വർഗത്തിൽ എന്നേക്കും മുഴങ്ങുമെന്നും ഇരുവർക്കും അറിയാമായിരുന്നു.

യേശുവിന്റെ ഭൂമിയിലെ മരണം സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിച്ചു. സ്ഥലകാലങ്ങൾക്കെല്ലാം അതീതമായി, പിതാവായ ദൈവത്തെ ഭൂമിയിലുള്ള അവിടുത്തെ എല്ലാ മക്കളോടും ബന്ധിപ്പിക്കുന്ന ശാശ്വതമായ പാലമായി അവിടുത്തെ കുരിശ് മാറി. യേശുവിന്റെ മരണം വേദനാജനകമായിരുന്നെങ്കിലും, തന്റെ പുത്രനെ നിശ്ശബ്ദമായി ആരാധിച്ചുകൊണ്ട് നിരന്തരം ഉള്ളിൽനിന്നു നിലവിളിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ വ്യാകുലഹൃദയം അവിടുത്തേക്ക് ഏറെ ആശ്വാസം പകർന്നിരിക്കണം. അവിടുത്തെ നോക്കിക്കൊണ്ടിരുന്നപ്പോൾ അമ്മയുടെ വിമലഹൃദയം നിരന്തരം പ്രഘോഷിച്ചു: “എന്റെ പുത്രാ, അങ്ങ് സകലത്തിന്റെയും രാജാവാണ്. പ്രിയപുത്രാ, അങ്ങേക്ക് ഓശാന! എന്റെ കർത്താവേ, എന്റെ പുത്രാ, എന്റെ രാജാവേ, അങ്ങേക്ക് ഓശാന! ഉന്നതങ്ങളിൽ ഓശാന!”

മഹത്വപൂർണമായ ഈ സ്തുതിഗീതത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. “ഉന്നതങ്ങളിൽ ഓശാന!” നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ക്രൂശിതരൂപത്തിലേക്കു നോക്കിക്കൊണ്ട് ഈ ഗീതം ഉരുവിടുക. ക്രൂശിതരൂപത്തെ കൃപയുടെ സിംഹാസനമായി കാണുക. യേശുവിനെ രാജാക്കന്മാരുടെ രാജാവായി കാണുക. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി നോക്കുക; രക്തവും മുറിവുകളും തീർക്കുന്ന തിരശ്ശീലയ്ക്കപ്പുറത്തേക്കു ദൃഷ്ടി പായിക്കുക. രാജാവിനെ കാണുകയും അവിടുത്തേക്ക് നിത്യമായ മഹത്വം അർപ്പിക്കുകയും ചെയ്യുക.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, പുത്രനിലേക്കുള്ള അമ്മയുടെ സ്നേഹനോട്ടം അവിടുന്ന് അനുഭവിച്ച ഭൗമികമായ സഹനങ്ങൾക്കപ്പുറം ആ പവിത്രനിമിഷത്തിന്റെ മഹത്വം കണ്ടു. അവിടുത്തെ ബലി യഥാർഥത്തിൽ എന്തായിരുന്നുവെന്ന് അമ്മ കണ്ടറിഞ്ഞു. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ കരുണയുടെ പ്രവൃത്തിയായിരുന്നു അത്.

എന്റെ പ്രിയ അമ്മേ, അമ്മയുടെ പ്രിയപുത്രനെ അമ്മ അതീവ സ്നേഹത്തോടെ നോക്കിയതുപോലെ, ആ നോട്ടത്തിൽ പങ്കുചേരാൻ എന്നെയും ക്ഷണിക്കണമേ. ഞാൻ സഹിക്കുന്ന ഓരോ കുരിശിലും കുരിശിന്റെ മഹത്വം കാണാൻ എന്നെ സഹായിക്കണമേ. എല്ലാ സഹനങ്ങളും അമ്മയുടെ പുത്രന്റെ കുരിശിനോട് ചേർത്തുവയ്ക്കാനും, അമ്മയോടൊപ്പം “ഓശാന! ഉന്നതങ്ങളിൽ ഓശാന!” എന്ന് നിരന്തരം ആർത്തുവിളിക്കാനും എന്നെ സഹായിക്കണമേ.

സഹിക്കുന്ന എന്റെ കർത്താവേ, അങ്ങ് സകലത്തിന്റെയും മഹാരാജാവാണ്. അങ്ങയുടെ കുരിശിലൂടെ നേടിയ സമൃദ്ധമായ കൃപ എനിക്കും ലോകം മുഴുവനുംമേൽ ചൊരിയണമേ. അങ്ങയെ നോക്കുമ്പോൾ എന്റെ ഹൃദയം പ്രത്യാശയും വിശ്വാസവുംകൊണ്ട് നിറയ്ക്കണമേ. ഇപ്പോഴും നിത്യത മുഴുവനും അങ്ങയുടെ സിംഹാസനത്തോട് എന്നെ ചേർത്തുനിർത്തണമേ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനെട്ടാം ദിവസം – “ഇത് എന്റെ ശരീരമാണ്…ഇത് എന്റെ രക്തമാണ്”

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!