
അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് ശിഷ്യന്മാർക്കു നൽകിക്കൊണ്ട് പറഞ്ഞു: “വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്.” പിന്നെ അവൻ പാനപാത്രമെടുത്ത് കൃതജ്ഞതയർപ്പിച്ച് അവർക്കു നൽകിക്കൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ. എന്തെന്നാൽ, ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടാനിരിക്കുന്ന എന്റെ ഉടമ്പടിയുടെ രക്തമാണ്.” മത്തായി 26:26-28
അന്ത്യത്താഴവേളയിൽ, തന്റെ അപ്പസ്തോലന്മാരുടെ സാന്നിധ്യത്തിൽ യേശു പൗരോഹിത്യവും വിശുദ്ധ കുർബാനയും സ്ഥാപിച്ചപ്പോഴാണ് പരമപരിശുദ്ധ കുർബാന ആദ്യമായി അർപ്പിക്കപ്പെട്ടത്. ഈ അനുഷ്ഠാനബലിയുടെ അർപ്പണം കുരിശിൽ അവിടുന്ന് തന്റെ ശരീരം ബലിയർപ്പിച്ചതിൽ പൂർത്തിയായി. അപ്പോൾ അവിടുന്ന് കയ്പുള്ള വീഞ്ഞ് കുടിച്ചശേഷം, “എല്ലാം പൂർത്തിയായി!” എന്ന് ഉദ്ഘോഷിച്ചു. കുരിശിൻചുവട്ടിൽ നിന്നുകൊണ്ട് നമ്മുടെ പരിശുദ്ധ അമ്മ ഈ നിത്യമായ സ്വയംദാനത്തിന് സാക്ഷ്യം വഹിച്ചു. അങ്ങനെ നിൽക്കുമ്പോൾ, ലോകത്തെ വിശുദ്ധീകരിക്കാൻ നിലത്തേക്കു പതിച്ച അവിടുത്തെ തിരുരക്തത്തിന്റെ ഓരോ തുള്ളിയെയും അമ്മ ആരാധിച്ചു.
ഉത്ഥാനത്തിനുശേഷം, വിശുദ്ധ കുർബാനയുടെ വിരുന്നിൽ പങ്കുചേർന്ന ഓരോ വേളയിലും, തന്റെ പുത്രന്റെ ജീവിതത്തിൽ പുതിയതും അഗാധവുമായ രീതിയിൽ പങ്കുചേരാനുള്ള ഭാഗ്യം നമ്മുടെ പരിശുദ്ധ അമ്മയ്ക്കു ലഭിച്ചു. വിശുദ്ധ കുർബാനയ്ക്കായി അപ്പസ്തോലന്മാരോടൊപ്പം ചേർന്നപ്പോൾ, അമ്മ തന്റെ പുത്രന്റെ തിരുരക്തം പാനം ചെയ്യുകയും അവിടുത്തെ തിരുശരീരം ഭക്ഷിക്കുകയും ചെയ്തു.
തന്റെ പുത്രന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ദൃശ്യം അമ്മയുടെ മനസ്സിൽ എന്നേക്കുമായി പതിയുകയും ഹൃദയത്തിൽ മുദ്രിതമാവുകയും ചെയ്തിരുന്നു. എന്നാൽ, ദിവ്യകാരുണ്യസ്വീകരണത്തിലൂടെ അവിടുത്തോടു പങ്കിട്ട ഐക്യം, അവിടുത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അർഥം പൂർണമായി വ്യക്തമാക്കിക്കൊടുത്തു. അവിടുത്തെ ശരീരരക്തങ്ങൾ സ്വീകരിച്ച ഓരോ തവണയും അമ്മ അവിടുത്തെ ആത്മാവും ദൈവത്വവും സ്വീകരിച്ചു. വിശുദ്ധ കുർബാനയാകുന്ന ഈ ദാനത്തിൽ, മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം അമ്മ അവിടുത്തെ സാമീപ്യം അനുഭവിച്ചു. അവിടുത്തോടുള്ള തന്റെ പുതിയതും അഗാധവുമായ ഐക്യത്തിന്റെ ഉറവിടം അവിടുത്തെ കുരിശുമരണമാണെന്ന് അമ്മ അറിഞ്ഞു. സ്നേഹത്തോടെ അകലെനിന്നു നോക്കിക്കാണുന്ന ഒരാൾ മാത്രമായിരുന്നില്ല അവിടുന്ന് ഇനി. തന്റെ ഉദരത്തിൽ മാത്രം വഹിച്ചിരുന്ന ഒരാൾ മാത്രമായിരുന്നില്ല അവിടുന്ന് ഇനി. ഇപ്പോൾ അമ്മ അവിടുത്തെ ഭക്ഷണമായി സ്വീകരിച്ചു; അങ്ങനെ അവിടുന്ന് അമ്മയുടെ സ്വന്തം ഹൃദയത്തിലേക്കും ആത്മാവിലേക്കും ഏറ്റവും ആഴത്തിൽ പ്രവേശിച്ചു.
അമ്മ അവിടുത്തെ നോക്കിനിൽക്കെ, അവിടുന്ന് അന്ത്യശ്വാസം വലിക്കുന്നതു കണ്ടപ്പോൾ, അവിടുത്തോടൊപ്പം കഴിയാമെന്നുള്ള എല്ലാ ഭൗമിക പ്രത്യാശയും അസ്തമിച്ചു. എന്നാൽ, “എല്ലാം പൂർത്തിയായി!” എന്ന് അവിടുന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ആ നിമിഷത്തിൽ, പുത്രനുമായുള്ള അമ്മയുടെ ബന്ധം എന്നേക്കുമായി മാറി. അവിടുത്തെ ജീവൻ പിതാവായ ദൈവത്തിനു തിരികെ സമർപ്പിക്കപ്പെട്ടിരുന്നു. എങ്കിലും വിശുദ്ധ കുർബാനയിൽ അവിടുത്തെ സ്വീകരിച്ച ആദ്യത്തെ ആളുകളിൽ അമ്മയും ഉണ്ടായിരുന്നു.
നമ്മുടെ പരിശുദ്ധ അമ്മയ്ക്കു തന്റെ പുത്രനുമായുണ്ടായിരുന്ന ആഴമേറിയ ബന്ധത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വിശുദ്ധ കുർബാനയിൽ അവിടുത്തെ തന്റെ ശരീരത്തിലും ആത്മാവിലും സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ, യേശുവുമായുള്ള അമ്മയുടെ കൂട്ടായ്മ സ്നേഹത്തിന്റെ പുതിയതും കൂടുതൽ അഗാധവുമായ ഒരു തലത്തിലെത്തി. യേശുവുമായുള്ള കൂട്ടായ്മയുടെ ഇതേ ആഴത്തിലേക്ക് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബാനയാകുന്ന ദാനത്തിൽ പങ്കുചേരുമ്പോൾ അവിടുത്തോട് ഒന്നാകാൻ നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഈ കൂദാശയിലെ നമ്മുടെ കർത്താവിന്റെ സാന്നിധ്യത്തിൽ നിങ്ങൾ എത്ര ആഴത്തിൽ വിശ്വസിക്കുന്നുവെന്ന് ധ്യാനിക്കുക. ഈ ദാനത്തിന്റെ കൃപകൾക്കായി നിങ്ങൾ നിങ്ങളെത്തന്നെ എത്ര പൂർണമായി തുറന്നുകൊടുക്കുന്നുവെന്ന് ധ്യാനിക്കുക. അവിടുത്തെ ശരീരരക്തങ്ങളും ആത്മാവും ദൈവത്വവും നിങ്ങൾ സ്വീകരിക്കുമ്പോൾ, നമ്മുടെ കർത്താവ് നിങ്ങളെ പൂർണമായി തന്നിൽ ലയിപ്പിക്കുന്നതിന് നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക. അവിടുത്തോടൊപ്പം ജീവിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഈ ഐക്യം, കുരിശെന്ന അവിടുത്തെ മഹത്തായ ദാനം മൂലമാണെന്ന് അറിയുക.
എന്റെ സ്നേഹമയിയായ അമ്മേ, അമ്മ തന്റെ പുത്രനെ നോക്കിനിന്നപ്പോൾ അവിടുന്ന് അന്ത്യശ്വാസം വലിക്കുന്നതു കണ്ടു. അവിടുന്ന് മരിക്കുന്നതും ലോകത്തിന്റെ രക്ഷയ്ക്കായി തന്റെ ജീവൻ അർപ്പിക്കുന്നതും അമ്മ കണ്ടു. എന്നാൽ അതിലുമേറെ കാര്യങ്ങളും അമ്മ കണ്ടു. അവിടുത്തെ ബലി പൂർത്തിയാകുന്നതു കണ്ടപ്പോൾ, അത് ഒരു പുതിയ തുടക്കമായി മാറുന്നതും അമ്മ കണ്ടു. പരമപരിശുദ്ധ കുർബാനയുടെ ആരംഭത്തിന് അമ്മ സാക്ഷിയായി; ജീവിതത്തിന്റെ ശേഷിച്ച കാലമത്രയും അതിൽ പങ്കുചേരാനുള്ള ഭാഗ്യവും അമ്മയ്ക്കു ലഭിച്ചു.
എന്റെ പ്രിയ അമ്മേ, അമ്മയുടെ പുത്രന്റെ ശരീരരക്തങ്ങൾ വിശ്വസ്തതയോടെ സ്വീകരിക്കുന്നതിൽ പങ്കുചേരാനുള്ള കൃപ എനിക്കു ലഭിക്കാനായി പ്രാർഥിക്കണമേ. അമ്മയെപ്പോലെ ഞാനും അങ്ങേയറ്റത്തെ വിശ്വാസത്തോടെ അവിടുത്തെ സ്വീകരിക്കുകയും അവിടുത്തെ രക്ഷാകരബലി എന്റെ ആത്മാവിന്റെ ഓരോ അംശത്തെയും പൂർണമായി ഗ്രസിക്കാൻ അനുവദിക്കുകയും ചെയ്യുമാറാകട്ടെ.
എന്റെ പ്രിയ കർത്താവേ, ഞങ്ങളുടെ ഇടയിൽ അങ്ങയുടെ നിരന്തരസാന്നിധ്യത്തിന്റെ ദാനമായി അങ്ങ് ഞങ്ങൾക്കു വിശുദ്ധ കുർബാന നൽകി. അമൂല്യമായ ഈ ദാനത്തിലൂടെ, അങ്ങയുമായി അഗാധമായ കൂട്ടായ്മയിലേക്കു പ്രവേശിക്കാൻ അങ്ങ് എന്നെ ക്ഷണിക്കുന്നു. അങ്ങയുടെ കുരിശിലേക്കു നോക്കി, അങ്ങയുടെ രക്തം ചൊരിയപ്പെടുന്നതു ഞാൻ കാണുമ്പോൾ, അങ്ങയുടെ ദൈവികസാന്നിധ്യം ഒരു സ്പോഞ്ചുപോലെ ആഗിരണം ചെയ്യാൻ എന്റെ ആത്മാവിനെ തുറക്കുന്നതിന് എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുമ്പോൾ, അങ്ങ് എന്നോടു ഒന്നാകണമേ.
മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അടുത്തത്: പത്തൊൻപതാം ദിവസം – തോട്ടത്തിലെ പ്രാണവേദന
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

