മലയാളം

പത്താം ദിവസം – വ്യാകുലതയുടെ വാൾ


വീഡിയോ പതിപ്പ്

ശിമയോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: “ഇതാ, ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും എതിർക്കപ്പെടുന്ന ഒരു അടയാളമാകുന്നതിനും ഈ ശിശു നിയോഗിക്കപ്പെട്ടിരിക്കുന്നു. അനേക ഹൃദയങ്ങളിലെ ചിന്തകൾ വെളിപ്പെടേണ്ടതിനാണിത് (നിന്റെ ഹൃദയത്തിലൂടെയും ഒരു വാൾ തുളച്ചുകയറും).” ലൂക്കാ 2:34-35

നമ്മുടെ പരിശുദ്ധ അമ്മ കുരിശിൻചുവട്ടിൽ നിന്നപ്പോൾ, തന്റെ പുത്രനോടൊപ്പം കഴിഞ്ഞ മുപ്പത്തിമൂന്നു വർഷങ്ങളിലെ അനേകം നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകാം. യഹൂദാചാരമനുസരിച്ച് താനും വിശുദ്ധ യൗസേപ്പും ഈശോയെ ദേവാലയത്തിൽ സമർപ്പിച്ച അവസരം അത്തരമൊരു നിമിഷമായിരുന്നു.

തങ്ങളുടെ നവജാതശിശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ, ദേവാലയത്തിൽ പ്രാർഥനയിൽ ദിനങ്ങൾ ചെലവഴിച്ചിരുന്ന വിശുദ്ധനും നീതിമാനുമായ ശിമയോൻ അവരെ സ്വീകരിച്ചു. സ്വന്തം മരണത്തിനുമുമ്പ് ലോകരക്ഷകനെ കാണാൻ തനിക്ക് അനുഗ്രഹം ലഭിക്കുമെന്ന് ദൈവത്തിൽനിന്ന് ശിമയോന് ഒരു വ്യക്തിപരമായ വെളിപാട് ലഭിച്ചിരുന്നു.

നമ്മുടെ പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും ഈശോയെ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ, ഈ ശിശുവാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്ന് ശിമയോൻ ഉടൻ തിരിച്ചറിഞ്ഞു. അദ്ദേഹം ഈശോയെ കൈകളിലെടുത്ത് ഇപ്രകാരം പ്രഘോഷിച്ചു:

“നാഥാ, അങ്ങയുടെ വചനമനുസരിച്ച് ഇപ്പോൾ അങ്ങയുടെ ദാസനെ സമാധാനത്തിൽ വിട്ടയച്ചാലും. എന്തെന്നാൽ, സകല ജനതകളുടെയും മുമ്പിൽ അങ്ങ് ഒരുക്കിയിരിക്കുന്ന അങ്ങയുടെ രക്ഷ എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു; അത് വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന് മഹത്വവുമാണ്.” ലൂക്കാ 2:29-32

തുടർന്ന് അദ്ദേഹം നമ്മുടെ പരിശുദ്ധ അമ്മയുടെ നേരെ തിരിഞ്ഞ് അവളോടു പറഞ്ഞു: “ഒരു വാൾ നിന്നെത്തന്നെ തുളച്ചുകയറും.”

ഏകദേശം മുപ്പത്തിമൂന്നു വർഷങ്ങൾക്കുമുമ്പ് ദേവാലയത്തിൽവച്ച് ശിമയോൻ പ്രവചിച്ച വ്യാകുലതയുടെ വാൾ കാൽവരിയിൽ നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തെ തുളച്ചുകയറി. തന്റെ മകന്റെമേൽ വന്നുഭവിക്കുന്ന ക്രൂരത കണ്ടുകൊണ്ട് കുരിശിൻ ചുവട്ടിൽ നിന്നപ്പോൾ, മുൻകൂട്ടി അറിയിക്കപ്പെട്ട ഈ വാൾ നമ്മുടെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു.

വ്യാകുലതയുടെ ഈ വാൾ ഹൃദയത്തെ ഇത്ര ആഴത്തിൽ തുളച്ചുകയറിയപ്പോൾ അമ്മയ്ക്കു ലഭിച്ചിരിക്കാവുന്ന ഒരാശ്വാസം ഈ പ്രവചനത്തിന്റെ ഓർമയായിരുന്നു. ആ നിമിഷം ശിമയോന്റെ പ്രവചനം വ്യക്തമായി മനസ്സിലേക്കു വന്നിട്ടുണ്ടാകും. തന്റെ പുത്രൻ കുരിശിൽ അർപ്പിക്കുന്ന ബലി അവിടുത്തെ ദൗത്യത്തിന്റെ പൂർത്തീകരണമാണെന്ന് മനസ്സിലാക്കാൻ ശിമയോന്റെ വാക്കുകളുടെ സത്യാവസ്ഥ അമ്മയെ സഹായിച്ചിട്ടുണ്ടാകും. ദൈവഹിതം പൂർത്തിയാകുന്നതു നോക്കിനിൽക്കുമ്പോൾ, ഈ സത്യത്തെക്കുറിച്ചുള്ള അറിവ് അമ്മയുടെ വേദനയ്ക്കു ശമനം നൽകിയിട്ടുണ്ടാകും.

നമ്മുടെ ജീവിതത്തിലും വ്യാകുലതയുടെ പലവിധ വാളുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈശോയെ അനുഗമിക്കുന്നെങ്കിൽ നാമും നമ്മുടെ കുരിശുകൾ ഏറ്റെടുക്കേണ്ടിവരുമെന്ന് നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അവിടുന്ന് കുടിച്ച അതേ “പാനപാത്രത്തിൽനിന്ന്” നാമും കുടിക്കുമെന്നും, അവിടുന്ന് സഹിച്ചതുപോലെ പരിഹാസം സഹിക്കുമെന്നും, ത്യാഗപൂർവം നമ്മുടെ ജീവിതം പൂർണമായി സമർപ്പിക്കാൻ നാം വിളിക്കപ്പെടുമെന്നും നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ നമ്മുടെ വിളിയെക്കുറിച്ചുള്ള സത്യം അറിയുന്നത്, നമ്മുടെ വ്യക്തിപരമായ ദൗത്യത്തിലെ ത്യാഗത്തിന്റെ വശങ്ങൾ യാഥാർഥ്യമാകുമ്പോൾ സമാധാനത്തോടെ നിലകൊള്ളാൻ നമ്മെ സഹായിക്കുന്നു.

കാൽവരിയിലെ ഈ രംഗത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആദ്യം, തന്റെ പുത്രന്റെ കുരിശിനു മുമ്പിൽ നിന്നപ്പോൾ നമ്മുടെ പരിശുദ്ധ അമ്മ സഹിച്ച, അതീവ വേദനാജനകമായ വ്യാകുലതയുടെ വാളിനെക്കുറിച്ച് ചിന്തിക്കുക. രണ്ടാമതായി, ശിമയോൻ പ്രവാചകന്റെ വാക്കുകൾ ഓർത്തപ്പോൾ അമ്മയ്ക്കു ലഭിച്ചിരിക്കാവുന്ന ആശ്വാസത്തെക്കുറിച്ച് ധ്യാനിക്കുക. ആ വാക്കുകളെക്കുറിച്ചുള്ള ധ്യാനം അമ്മയെ ശക്തിപ്പെടുത്തുകയും തന്റെ പുത്രന്റെ മരണത്തെ ദൈവഹിതത്തിന്റെ പൂർത്തീകരണമായി കാണാൻ പ്രാപ്തയാക്കുകയും ചെയ്തു. അതുപോലെ, ത്യാഗപൂർണമായ സ്നേഹത്തിനായുള്ള നിങ്ങളുടെ ദൗത്യത്തിന്റെ സത്യം അറിയുന്നത് ജീവിതത്തിലെ വാളുകൾ സഹിക്കുമ്പോൾ നിങ്ങളെ സഹായിക്കും.

പ്രിയ അമ്മേ, കുരിശിലെ അങ്ങയുടെ ദിവ്യപുത്രന്റെ മുമ്പിൽ അങ്ങ് നിന്നപ്പോൾ, ശിമയോൻ പ്രവചിച്ച വ്യാകുലതയുടെ വാൾ അങ്ങയുടെ വിമലഹൃദയത്തെ തുളച്ചുകയറി. അങ്ങയുടെ ഹൃദയത്തിലെ വേദന ഇന്ന് കാണാൻ എന്നെ സഹായിക്കണമേ. സ്നേഹത്തിന്റെ ഈ മുറിവിലേക്കു നോക്കുമ്പോൾ, അങ്ങയുടെ ഹൃദയം അതിനെ സ്വീകരിച്ചതും കാണാൻ എന്നെ സഹായിക്കണമേ.

പ്രിയ അമ്മേ, ശിമയോന്റെ വാക്കുകൾ കേൾക്കാനും എന്റെ സ്വന്തം ജീവിതത്തിലേക്ക് അവയെ സ്വീകരിക്കാനും എനിക്കു കഴിയുമാറാകണമേ. ഈ ജീവിതത്തിൽ അങ്ങയുടെയും അങ്ങയുടെ ദിവ്യപുത്രന്റെയും അതേ വിധിയാണ് എനിക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒരു ജീവിതമാണ് എനിക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ത്യാഗത്തെ ദൈവഹിതത്തിന്റെ പൂർത്തീകരണമായി കാണുമ്പോൾ എനിക്കു പ്രത്യാശയും ലഭിക്കുന്നു.

പ്രിയ കർത്താവേ, ജീവിതത്തിലെ എല്ലാ സഹനങ്ങളും അങ്ങയോടു ചേർത്തുവയ്ക്കാൻ എന്നെ സഹായിക്കണമേ. എനിക്കു നൽകപ്പെടുന്ന കുരിശുകൾ പ്രത്യാശയോടും സ്നേഹത്തോടും സന്തോഷത്തോടുംകൂടി സ്വീകരിക്കാൻ എനിക്കു കഴിയുമാറാകണമേ. അങ്ങയുടെ തിരുഹിതം നിറവേറ്റുന്നതിൽനിന്ന് ഞാൻ ഒരിക്കലും പിന്മാറാതിരിക്കട്ടെ. പ്രിയ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ലോകത്തിനുവേണ്ടിയുള്ള അങ്ങയുടെ പൂർണമായ ആത്മദാനത്തെ അനുകരിക്കാൻ എനിക്കു കഴിയണമേയെന്നു ഞാൻ പ്രാർഥിക്കുന്നു.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനൊന്നാം ദിവസം – പ്രവാസജീവിതം

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!