മലയാളം

മുപ്പത്തിമൂന്നാം ദിവസം – “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?”


വീഡിയോ പതിപ്പ്

ഉച്ചമുതൽ വൈകുന്നേരം മൂന്നുമണിവരെ ദേശം മുഴുവൻ അന്ധകാരം വ്യാപിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ യേശു ഉച്ചസ്വരത്തിൽ, “ഏലി, ഏലി, ലെമാ സബക്താനി?” എന്നു നിലവിളിച്ചു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?” എന്നാണ് അതിന്റെ അർത്ഥം. മത്തായി 27:45-46

യേശുവിന്റെ ഈ വാക്കുകൾ നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തെ ആഴത്തിൽ തുളച്ചുകയറിയിരിക്കണം. അവിടുത്തെ അരികിൽ നിന്നുകൊണ്ട്, സ്നേഹത്തോടെ അവിടുത്തെ നോക്കി, ലോകത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട അവിടുത്തെ മുറിവേറ്റ ശരീരത്തെ ആരാധിച്ചിരുന്ന അമ്മ, അവിടുത്തെ ഉള്ളിന്റെ ആഴങ്ങളിൽനിന്ന് ഉയർന്ന ഈ നിലവിളി കേട്ടു.

“എന്റെ ദൈവമേ, എന്റെ ദൈവമേ…” എന്ന് അവിടുന്ന് തുടങ്ങുന്നു. തന്റെ പുത്രൻ സ്വർഗസ്ഥനായ പിതാവിനോടു സംസാരിക്കുന്നതു കേൾക്കുമ്പോൾ, പിതാവുമായി അവിടുത്തേക്കുള്ള ഉറ്റബന്ധത്തെക്കുറിച്ചുള്ള അറിവിൽ നമ്മുടെ പരിശുദ്ധ അമ്മ വലിയ ആശ്വാസം കണ്ടെത്തിയിരിക്കണം. ഈശോയും പിതാവും ഒന്നാണെന്ന് മറ്റാരെക്കാളും നന്നായി അമ്മയ്ക്ക് അറിയാമായിരുന്നു. തന്റെ പരസ്യശുശ്രൂഷയിൽ അവിടുന്ന് ഇങ്ങനെ സംസാരിക്കുന്നത് അമ്മ പലതവണ കേട്ടിരുന്നു. തന്റെ പുത്രൻ പിതാവിന്റെ പുത്രനാണെന്ന് മാതൃസഹജമായ ഉൾക്കാഴ്ചയിലൂടെയും വിശ്വാസത്തിലൂടെയും അമ്മ അറിഞ്ഞിരുന്നു. ഇപ്പോൾ അമ്മയുടെ കൺമുമ്പിൽ ഈശോ പിതാവിനെ വിളിച്ചപേക്ഷിക്കുകയായിരുന്നു.

എന്നാൽ ഈശോ തുടർന്നു ചോദിച്ചു: “…എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?” തന്റെ പുത്രന്റെ ആന്തരികവേദന തിരിച്ചറിഞ്ഞപ്പോൾത്തന്നെ അമ്മയുടെ ഹൃദയത്തിൽ ആ വാക്കുകൾ തറച്ചുകയറിയിരിക്കണം. ശരീരത്തിലെ ഏതൊരു മുറിവിനും ഉളവാക്കാവുന്നതിനെക്കാൾ എത്രയോ വലിയ വേദന അവിടുന്ന് അനുഭവിക്കുകയാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അവിടുന്ന് ആഴമായ ഒരു ആന്തരിക അന്ധകാരം അനുഭവിക്കുകയാണെന്ന് അമ്മ അറിഞ്ഞിരുന്നു. കുരിശിൽനിന്ന് അവിടുന്ന് ഉരുവിട്ട വാക്കുകൾ അമ്മയുടെ മാതൃഹൃദയത്തിലെ ഓരോ ആശങ്കയും സ്ഥിരീകരിച്ചു.

തന്റെ പുത്രന്റെ ഈ വാക്കുകൾ നമ്മുടെ പരിശുദ്ധ അമ്മ ഹൃദയത്തിൽ വീണ്ടും വീണ്ടും ധ്യാനിച്ചപ്പോൾ, ഈശോയുടെ ആന്തരികവേദനയും ഏകാന്തതയുടെയും പിതാവിനെ ആത്മീയമായി നഷ്ടപ്പെട്ടതിന്റെയും അനുഭവവും ലോകത്തിനുള്ള ഒരു ദാനമാണെന്ന് അമ്മ മനസ്സിലാക്കിയിരിക്കണം. ഈശോ പാപത്തിന്റെതന്നെ അനുഭവത്തിലേക്കു പ്രവേശിക്കുകയാണെന്നു മനസ്സിലാക്കാൻ അമ്മയുടെ പൂർണമായ വിശ്വാസം അമ്മയെ നയിച്ചിരിക്കണം. എല്ലാ വിധത്തിലും പൂർണനും പാപരഹിതനുമായിരുന്നിട്ടും, പാപത്തിന്റെ ഫലമായുണ്ടാകുന്ന മാനുഷികാനുഭവത്തിലേക്ക്—പിതാവിൽനിന്നുള്ള വേർപാടിലേക്ക്—താൻ വലിച്ചിഴയ്ക്കപ്പെടാൻ അവിടുന്ന് അനുവദിക്കുകയായിരുന്നു. ഈശോ ഒരിക്കലും പിതാവിൽനിന്നു വേർപെട്ടിരുന്നില്ലെങ്കിലും, പതിച്ചുപോയ മനുഷ്യകുലത്തെ സ്വർഗത്തിലുള്ള കരുണയുടെ പിതാവിലേക്കു തിരികെ കൊണ്ടുവരാൻ, ഈ വേർപാടിന്റെ മാനുഷികാനുഭവത്തിലേക്ക് അവിടുന്ന് പ്രവേശിച്ചു.

നമ്മുടെ കർത്താവിൽനിന്ന് ഉയരുന്ന ഈ വേദനയുടെ നിലവിളിയെക്കുറിച്ചു ധ്യാനിക്കുമ്പോൾ, അത് നമ്മുടേതായി അനുഭവിക്കാൻ നാമെല്ലാവരും ശ്രമിക്കണം. നമ്മുടെ നിലവിളി, കർത്താവിന്റേതിൽനിന്നു വ്യത്യസ്തമായി, നമ്മുടെ പാപങ്ങളുടെ ഫലമാണ്. പാപം ചെയ്യുമ്പോൾ നാം നമ്മിലേക്കുതന്നെ ചുരുങ്ങുകയും ഏകാന്തതയിലേക്കും നിരാശയിലേക്കും കടക്കുകയും ചെയ്യുന്നു. ഈ ഫലങ്ങളെ നശിപ്പിക്കാനും നമ്മെ സ്വർഗസ്ഥനായ പിതാവിലേക്കു തിരികെ കൊണ്ടുവരാനുമാണ് ഈശോ വന്നത്.

നമ്മുടെ പാപങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കാൻ സന്നദ്ധനായതിലൂടെ കർത്താവ് നമ്മോടെല്ലാവരോടും പ്രകടിപ്പിച്ച അഗാധമായ സ്നേഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഏറ്റവും പരിപൂർണയായ അമ്മയെന്ന നിലയിൽ, നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ വേദനയും ആന്തരികപീഡകളും പങ്കുവച്ചുകൊണ്ട്, ഓരോ ചുവടിലും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. അവിടുന്ന് അനുഭവിച്ചത് അമ്മയും അനുഭവിച്ചു. മറ്റെന്തിനെക്കാളുമുപരി, അമ്മയുടെ സ്നേഹമാണ് സ്വർഗസ്ഥനായ പിതാവിന്റെ ഉറച്ചതും അചഞ്ചലവുമായ സാന്നിധ്യം പ്രകടമാക്കുകയും അതിനെ പ്രതിനിധാനം ചെയ്യുകയും ചെയ്തത്. പീഡയനുഭവിക്കുന്ന തന്റെ പുത്രനെ അമ്മ സ്നേഹത്തോടെ നോക്കിയപ്പോൾ, അമ്മയുടെ ഹൃദയത്തിലൂടെ പിതാവിന്റെ സ്നേഹം വെളിപ്പെട്ടു.

എന്റെ ഏറ്റവും സ്നേഹനിധിയായ അമ്മേ, അങ്ങയുടെ പുത്രന്റെ ആന്തരികവേദനയിൽ പങ്കുചേർന്നപ്പോൾ അങ്ങയുടെ ഹൃദയം വേദനയാൽ തുളയ്ക്കപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടതിന്റെ അവിടുത്തെ നിലവിളി അവിടുത്തെ പരിപൂർണമായ സ്നേഹം പ്രകടമാക്കുന്നതായിരുന്നു. പാപത്തിന്റെതന്നെ ഫലങ്ങളിലേക്ക് അവിടുന്ന് പ്രവേശിക്കുകയാണെന്നും, അത് അനുഭവിക്കാനും വീണ്ടെടുക്കാനും തന്റെ മനുഷ്യസ്വഭാവത്തെ അനുവദിക്കുകയാണെന്നും അവിടുത്തെ വാക്കുകൾ വെളിപ്പെടുത്തി.

പ്രിയ അമ്മേ, ജീവിതയാത്രയിൽ എന്റെ സ്വന്തം പാപത്തിന്റെ ഫലങ്ങൾ അനുഭവിക്കുമ്പോൾ എന്റെ അരികിൽ നിൽക്കണമേ. അങ്ങയുടെ പുത്രൻ പരിപൂർണനായിരുന്നെങ്കിലും ഞാൻ അങ്ങനെയല്ല. എന്റെ പാപം എന്നെ ഏകാന്തതയിലും ദുഃഖത്തിലും ആഴ്ത്തുന്നു. പിതാവ് ഒരിക്കലും എന്നെ വിട്ടുപോകുന്നില്ലെന്നും അവിടുത്തെ കരുണാർദ്രമായ ഹൃദയത്തിലേക്കു തിരിയാൻ എപ്പോഴും എന്നെ ക്ഷണിക്കുന്നുവെന്നും എന്റെ ജീവിതത്തിലെ അങ്ങയുടെ മാതൃസാന്നിധ്യം എന്നെ നിരന്തരം ഓർമിപ്പിക്കട്ടെ.

ഉപേക്ഷിക്കപ്പെട്ട എന്റെ കർത്താവേ, ഒരു മനുഷ്യന് അനുഭവിക്കാവുന്ന ഏറ്റവും വലിയ വേദനയിലേക്ക് അങ്ങ് പ്രവേശിച്ചു. എന്റെ സ്വന്തം പാപത്തിന്റെ ഫലങ്ങൾ അനുഭവിക്കാൻ അങ്ങ് സ്വയം അനുവദിച്ചു. അങ്ങയുടെ കുരിശിലൂടെ എനിക്കായി നേടിത്തന്ന ദത്തുപുത്രത്വത്തിന് ഞാൻ അർഹനാകേണ്ടതിന്, പാപം ചെയ്യുന്ന ഓരോ തവണയും അങ്ങയുടെ പിതാവിലേക്കു തിരിയാനുള്ള കൃപ എനിക്കു നൽകണമേ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിനാലാം ദിവസം – “എനിക്കു ദാഹിക്കുന്നു”

ഉള്ളടക്കം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!